close
Sayahna Sayahna
Search

ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ ഛായാചിത്രം


‌← ഇ.സന്തോഷ് കുമാർ

ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ ഛായാചിത്രം
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ ഛായാചിത്രം

കാലം കുറേക്കഴിഞ്ഞു ‘അമ്മുവിന്റെ ആട്ടിന്‍കുട്ടി’ എന്ന സിനിമയിലെ അമ്മു വളര്‍ന്നുവലുതായിരിക്കുന്നു. ആ ആട്ടിന്‍കുട്ടി പിന്നെ മുഴുത്ത ഒരു തള്ളയാടായി. അസംഖ്യം കുട്ടികളെ പ്രസവിച്ചു. കുറച്ചുനാള്‍ മുമ്പ് ഒരസുഖം പിടിപെട്ട് അതു മരിച്ചപ്പോഴും അമ്മു പഴയ സിനിമയിലെ കുട്ടിയെപ്പോലെത്തന്നെ തേങ്ങിക്കരഞ്ഞു. ഇന്നിപ്പോള്‍, ഈ താഴ്‌വാരം നിറയ്ക്കാവുന്ന ഒരു വലിയ ആട്ടിന്‍പറ്റം തന്നെയുണ്ട് അവള്‍ക്ക്. പോക്കുവെയില്‍ താഴ്ന്നുമേയുന്ന മലഞ്ചെരിവില്‍ ഒരു പഞ്ഞിപ്പറ്റം പോലെ ആട്ടിന്‍ക്കൂട്ടം ഒത്തുചേര്‍ന്നു നടന്നു. ഈ പാര്‍പ്പിടത്തിനു വെളിയില്‍, വരകളുള്ള മുഷിയന്‍ ചാരുകസേരയില്‍ കിടന്നു നോക്കുമ്പോള്‍ കാണാം.- അതാ, അവള്‍ വരുന്നുണ്ട്. ശിക്ഷിക്കാന്‍ ഒരു തവണപോലും ഉപയോഗിക്കാത്ത നീണ്ടമേച്ചില്‍ക്കോലുമായി. വെയില്‍സ്പര്‍ശമേറ്റ ആ മുടിയിഴകള്‍ സ്വര്‍ണ്ണം പോലെ തിളങ്ങി.

-ഞാനോ?

‘പൈതല്‍ ആന്റ് പൈതല്‍’ പലവ്യഞ്ജന മൊത്ത വ്യാപാരശാലയില്‍ കണക്കപ്പിള്ളയായിരുന്ന ജീവിതം മിക്കവാറും ഞാനുറയൂരിക്കളഞ്ഞിരിക്കുന്നു. ഇത്രയും ഒറ്റപ്പെട്ടൊരു സ്ഥലത്ത് അമ്മുവിനോടൊപ്പം പാര്‍പ്പുള്ളതുപോലെ എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നുണ്ട്. വലിയൊരു കഥയെഴുതണം എന്നു നിശ്ചയിച്ചിരുന്നു, ഇവിടെ വരുമ്പോള്‍, അതിനു പറ്റിയ ഒരിടത്തേക്ക് വിധികൊണ്ടുവന്നാക്കി എന്നാണ് ധരിച്ചത്. ഏകാന്തം, ശാന്തം നിശ്ശബ്ദം. കുന്നിൻചെരുവിലെ മഴ, മഞ്ഞ്, സ്വപ്നത്തിലുള്ള വെയില്‍, കാറ്റ്… ഒരു വലിയ കവിത തന്നെയെഴുതിപ്പോയാലും വിസ്മയിക്കാനില്ല. പക്ഷേ, അക്ഷരങ്ങളെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ്. വലിയ സ്നേഹം തോന്നുന്ന സമയത്ത് ഒരു ലഡു നീട്ടിക്കൊണ്ട് പൈതല്‍ നായര്‍ രണ്ടാമന്‍ പറയുന്നത് ഓര്‍മ്മവരുന്നു. “ജീവിതം കയ്പാണ്.” ലഡു തിന്നുമ്പോള്‍ പക്ഷേ, മധുരിച്ചു. അതിന്റെ വരണ്ട മധുരം. രസഗൊളയുടെ നനഞ്ഞ മധുരം. ഒന്നും വേണ്ടായിരുന്നു എന്നു തോന്നും. പൈതല്‍ നായരുടെ പലഹാരങ്ങളിലെ വ്യാജ മധുരം രുചിക്കുമ്പോഴും ജീവിതം കാഞ്ഞിരം കണക്ക് കയ്ച്ചു. ആ കയ്പിലൂടെയാണ് അക്ഷരങ്ങൾ ഛര്‍ദ്ദിക്കപ്പെട്ടതും. പൈതല്‍നായര്‍ ഒന്നാമന്‍, രണ്ടാമന്റെ പിതാവ്, പ്രമേഹരോഗിയായിരുന്നു. രഹസ്യമായി മധുരംകഴിച്ച് അയാള്‍ മരിച്ചു. രണ്ടാമനും മരിക്കും. മധുരം ചെറിയ വിഷമല്ല.

എന്നാല്‍, അമ്മുവിന്റെ പിഞ്ഞാണങ്ങളിലെ രുചിയൂറുന്ന ഭക്ഷണവും ഏതൊരു കാര്യത്തിലുമുള്ള അവളുടെ ശ്രദ്ധയുമൊക്കെയായപ്പോള്‍ കഥയുടെ രോഗാണുക്കളായ വാക്കുകള്‍ എന്നിലേക്ക് വരാന്‍ വിസമ്മതിച്ചു. പേടിപറ്റിയപോലെ എല്ലുകളെ പറ്റിച്ചേര്‍ന്നു നിന്നിരുന്ന എന്റെ ശരീരത്തിലെ തോല്‍ക്കുപ്പായം ചീര്‍ത്തു. കൈകളില്‍ നീലപ്പാമ്പുകളായി തടിച്ചു നിന്നിരുന്ന ഞരമ്പുകള്‍ തൊലികള്‍ക്കു താഴേക്ക് മാളം തേടിപ്പോയി. എന്റെ കവിളുകള്‍ കുഴിത്തടങ്ങളില്‍ നിന്നും കരകയറി.(ഇപ്പോള്‍ ആഴങ്ങളിലേക്കു പോകാതെയും അവള്‍ക്കെന്നെ ചുംബിക്കാം). പണിയെടുക്കാനൊന്നും പോയില്ലെങ്കിലും അമ്മുവിന്റെ അധ്വാനത്തെ ഞാന്‍ മനസ്സാ വന്ദിച്ചു. (അതങ്ങനെയായിരുന്നു എപ്പോഴും, നല്ല മനുഷ്യര്‍ പണിയെടുത്തു പിഴച്ചു. മടിയന്മാര്‍ അവരെ കഥയെഴുതിത്തോല്‍പ്പിക്കുകയും). ആകെക്കൂടി, നല്ലൊരു ചെളിക്കുണ്ടില്‍ വന്നുപറ്റിയ ഒരു പന്നിയുടേതുപോലെ എന്റെ മനസ്സ് തിമിര്‍ത്തുനടന്നു.

ഒരു ചെറിയ അലോസരം മാത്രം-എഴുത്തില്ലെന്നത് അമ്മു മനസ്സിലാക്കരുത്. എഴുതാനായി എന്തെല്ലാം സഹായങ്ങളാണ് അവള്‍ ചെയ്യുന്നത്! തണല്‍ മറവുകളിലേക്ക് ചാരുകസേരയൊതുക്കി, കടലാസും മഷിയുമൊരുക്കി, പഴഞ്ചന്‍ പുസ്തകങ്ങള്‍ക്കു ചട്ടയിട്ട്… കഥയെഴുതുന്നതിനെക്കുറിച്ച് അവള്‍ക്കെന്തറിയാന്‍! സത്യത്തില്‍, പൈതല്‍ നായരുടെ കണക്കെഴുതുന്നതുപോലെ എന്തോ വലിയ ഗൂഢപ്രവര്‍ത്തിയാണിതെന്ന് അവള്‍ തെറ്റിദ്ധരിച്ചുകാണണം. അതുകൊണ്ട്, എന്റെ മനസ്സിന്റെ പായലുകളില്‍ ഇളക്കം തട്ടാനുതകുന്ന ഒന്നും പറയാതെ, നിത്യജീവിതത്തിന്റെ അവിരാമമായ തിരക്കുകളില്‍ അവള്‍ മുഴുകിക്കഴിഞ്ഞു. ഞാനാകട്ടെ, ഒരു മടിയന്‍ കുഴിയാനയായി അവിടെത്തന്നെ തപസ്സിരുന്നു. പേനയില്‍ മഷി, ഹൃദയം പോലെ വറ്റി. ഞാന്‍ വായിക്കുകയാണെന്നു നടിച്ചു. പക്ഷേ, മുന്‍താളുകള്‍ നഷ്ടമായ പഴയ ഗ്രന്ഥങ്ങളിലെ ചിത്രലിപികള്‍, എന്നെ ഒരു മന്ദബുദ്ധിയെ നിരീക്ഷിക്കുന്ന കൗതുകത്തോടെ നോക്കിനിന്നു. കടലാസു കണ്ടാല്‍, എനിക്കു ഭയമാകുന്നുണ്ട്. ദൈവമേ, ഞാന്‍ ഖേദം പറഞ്ഞു. കഴിഞ്ഞകാലത്ത് നിന്നെ നിന്ദിച്ചെഴുതിയ വരികള്‍ക്കു മാപ്പ്. അത് കയ്പിന്റെ സൃഷ്ടിയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥിച്ചും സേവകൂടിയും ദൈവത്തെ പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ദൈവം പ്രതിരോധത്തിലൂന്നിക്കളിച്ചു. കപടജീവിതങ്ങളെയും മായാരൂപങ്ങളെയും ഭാവനയില്‍ നിര്‍മിക്കുന്ന എല്ലാവരോടും ദൈവത്തിനു പകയായിരുന്നു. ശിക്ഷയായി, പോറലിന്റെ വേദനപോലുമില്ലാതെ ദൈവം എന്നെ പരിപാലിച്ചുപോന്നു- കുഷ്ഠസമാനമായ ആ അവസ്ഥ എഴുത്തുകാരനു താങ്ങാവുന്നതിലുമധികമായിരുന്നു. ദൈവം ഒറ്റക്കണ്ണനാണെന്നു കവിതയെഴുതിയ ഒരു സുഹൃത്തിനെ ഞാന്‍ അഭിനന്ദിച്ച കാര്യം അങ്ങേര്‍ എന്നും ഓര്‍ക്കും. അസമത്വം ഒറ്റക്കണ്ണന്റെ സൃഷ്ടിയാണെന്നായിരുന്നു കവിതയിലെ ധ്വനി.

“എഴുതിയോ?” അമ്മു എന്നും ചോദിക്കും എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതിയാവും. മറ്റെന്തു വിശേഷമാണുള്ളത്? “എഴുതുന്നു” എങ്ങും തൊടാതെ ഞാനൊഴിഞ്ഞുമാറി. പൈതല്‍നായരുടെ ഒരു കള്ളക്കണക്ക് എന്നില്‍ വന്നു തികട്ടി. രസഗൊളയുടെ നനവ്. അയാളുടെ കൂറ്റന്‍ ലെഡ്ജറുകള്‍ എനിക്കോര്‍മ്മവന്നു.

അമ്മു ആട്ടിന്‍പറ്റത്തെ മുറ്റത്ത് നിരനിരയാക്കി നിര്‍ത്തി കൂട്ടിലേക്കു തെളിച്ചു. ഒറ്റയൊറ്റയായി ആടുകള്‍ ഇല്ലിപ്പടികള്‍ കയറി കൂട്ടിലേക്കു ചെല്ലും. പ്രായംചെന്ന ആടുകള്‍ എഴുത്തുകാരനെ അവഗണിച്ചു: അവറ്റ എത്ര ജീവിതം കണ്ടു! ചില കുഞ്ഞാടുകള്‍ മാത്രം ചാരുകസേരയോടു ചേര്‍ന്നു നിന്നു. അമ്മു അവയെ നിര്‍ദയം ശാസിച്ചു. അനുസരണയോടെ അവയും ഇല്ലിപ്പടികള്‍ കയറിത്തുടങ്ങി. കടന്നുപോന്ന താഴ്വാരത്തിലെ പച്ചപ്പൂകള്‍ ഓര്‍ത്തുകൊണ്ട് ചില കിഴവന്‍ ആടുകള്‍ ഗൃഹാതുരത്വത്തോടെ കരയാന്‍ തുടങ്ങി. അമ്മു കൂട് അടച്ചുകഴിഞ്ഞു. പിന്നെ പഴുത്ത പ്ലാവിലകള്‍ ചവച്ചുകൊണ്ട് ആടുകള്‍ വരാനിരിക്കുന്ന രാത്രിയെ ഓര്‍ത്തു. ആടുകള്‍ വരാനിരിക്കുന്ന രാത്രിയെ ഓര്‍ത്തു. ആടുകള്‍ ഭാവിയെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. ഭാഷയേക്കുറിച്ചില്ല.

ആടുകളെ മാത്രമല്ല, പശുക്കളെയും അതു വളര്‍ത്തിയിരുന്നു. ആടുകളെ മേച്ചുവന്നിട്ടും വിശ്രമിക്കാതെ പുല്ലരിഞ്ഞുകൊണ്ടുവരാനായി അമ്മു പോകും. എനിക്കു പാല്‍ തരുമ്പോള്‍, ഈ കടലാസുകളിലേക്ക് അവള്‍ ഒളികണ്ണിട്ടോ? അവയിപ്പോഴും കന്യകത്താളുകള്‍ തന്നെ. വിവസ്ത്ര നാക്കപ്പെട്ടതുപോലെ ഞാന്‍ ചൂളിപ്പോയി. അറിയാതെ, കടലാസുകള്‍ ഞാന്‍ കൈപ്പത്തിവെച്ചു മറച്ചു..എനിക്കു നാണമായി. വിരലുകളില്‍ എഴുത്തിന്റെ ഓര്‍മകൾ തഴമ്പു പറ്റിക്കിടന്നിരുന്നു. പാല്‍ തണുത്ത് ഈച്ചകളുടെ ശ്മശാനമായി മാറി.

രാത്രിയില്‍, പുകപിടിച്ചു മങ്ങിയ ചില്ലുകളുള്ള റാന്തലിന്റെ തിരിനീട്ടി അമ്മു ഞങ്ങള്‍ക്കിടയില്‍ നിന്നും ദുരൂഹത മായ്ക്കാന്‍ പണിപ്പെട്ടു. പണ്ട്, ഇവിടെ വരുന്ന സമയത്ത് ഈ മിന്നാമിനുങ്ങന്‍ വെളിച്ചം നഗരത്തഴക്കമുള്ള എന്റെ കണ്ണുകള്‍ക്കു പാകമായിരുന്നില്ല. അക്കാലത്തെല്ലാം പഴയയൊരു ജന്മത്തിലെ നിഴലായേ അമ്മുവുണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ ഇത്തിരി വെളിച്ചത്തില്‍ കാണാവുന്നതേയുള്ളൂ ഈ ലോകമെന്നു മനസ്സിലായി. കുന്നിന്‍ ചെരിവിലെ പാര്‍പ്പില്‍, ഗതകാല ശോഭകള്‍ മങ്ങിപ്പോയി. തിരക്കു നിറഞ്ഞ തീവണ്ടിയുടെ കിതപ്പുകള്‍ നേര്‍ത്തു. കണക്കപ്പിള്ളയുടെ ചില രാത്രികളില്‍ തലയണയായിരുന്ന ഭീമന്‍ പുസ്തകങ്ങളുടെ ശുക്ലഗന്ധം മറന്നു. പ്രാചീനമായ ഒരു കഥ പോലെ ഭൂതകാലം പനിപിടിച്ച ഒരോര്‍മ്മ മാത്രമായി. രാത്രിയില്‍ ക്ഷുദ്രക്രിയപോലെ ചെയ്തിരുന്ന വായനയും എഴുത്തും അറ്റുവീണു. മധുരങ്ങളിലേക്ക് പൊഴിഞ്ഞുവീണ എഴുത്തുകാരെത്രയാണ്?

ഇപ്പോള്‍ ഒന്നുമില്ല. അമ്മുവിനോടൊപ്പം താമസം തുടങ്ങിയ കാലത്ത് ഞാനെഴുതാന്‍ തീരുമാനിച്ചിരുന്ന ആ വലിയ കഥയുടെ ആശയത്തിനുമേല്‍ മറവിയുടെ മാറാലവലയുണ്ട്. എല്ലാം അവ്യക്തമായിരിക്കുന്നു. പൈതല്‍ നായര്‍ ഇടക്കെല്ലാം എന്റെ നിദ്രയെ സന്ദര്‍ശിച്ചു. അത്രമാത്രം. ഒളിച്ചുപോരുമ്പോഴും, ഒരു കണക്കപ്പിള്ള എന്ന പദവിയിൽ എനിക്കഭിമാനമുണ്ടായിരുന്നു പൊയ്ക്കാലുകള്‍ വച്ച് കുറേദൂരം ഞാനും നടന്നിട്ടുണ്ട്. വ്യാജസ്തുതിയെങ്കിലും, അത് കേള്‍ക്കാന്‍ കാതോര്‍ത്തിട്ടുണ്ട്.

കാഴ്ചവട്ടവും ചെറുതായി. ദൃശ്യത്തില്‍, ഇറങ്ങുന്ന മലഞ്ച്വെരിവും അവിടവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ചില കുടിലുകളും മാത്രമായി. ഉണങ്ങിയ ചുള്ളികളൊടിച്ച് അമ്മു ഒരു കെട്ടാക്കിക്കൊണ്ടുവരും. അല്ലെങ്കില്‍ മരങ്ങളുടെ പ്രാപ്യമായ ശിഖരങ്ങള്‍ കൊത്തിയിടും. അവളുടെ എണ്ണമയം നഷ്ടമായ മുടിയിഴകള്‍ മലങ്കാറ്റില്‍ പാറിക്കളിക്കുമായിരുന്നു. കാട്ടുവഴികളിലൂടെ നടന്ന് അവളുടെ കാല്‍പാദങ്ങള്‍ വീണ്ടുകീറി. രാത്രിയില്‍, ഞങ്ങള്‍ മഴയുടെ തോരാത്ത ഒച്ചകള്‍ക്കൊപ്പം ചേര്‍ന്നുകിടക്കുമ്പോള്‍ മുഷിഞ്ഞ റാന്തല്‍വെളിച്ചം അണച്ചുകളയാന്‍ ഞാനെപ്പോഴും നിര്‍ബന്ധിച്ചു. വീണ്ടുകീറിയ കാല്‍വെള്ളകള്‍, അല്ലെങ്കില്‍, എന്നെ മടുപ്പിക്കുമായിരുന്നു. അവള്‍ക്കു കുഴിനഖങ്ങളുണ്ട്. പക്ഷേ, അമ്മു ഇതൊന്നും ശ്രദ്ധിച്ചില്ല. കല്ലുകളും മുള്ളുകളും നിറഞ്ഞ ചവിട്ടുവഴികളിലൂടെ ആ വരണ്ടുകീറിയ കാലുകളുമായി അവള്‍ പിന്നെയും നടന്നു. അങ്ങനെയായിരുന്നു അമ്മു.

“എന്താണ് ആലോചന?” അവള്‍ സ്നേഹത്തോടെ ചോദിച്ചു. താഴ്വാരത്തിലെ അപൂര്‍വം പൂക്കളെ നോക്കിക്കിടക്കുകയായിരുന്നു ഞാന്‍. പൂക്കള്‍ കണ്ടിട്ടും എനിക്കൊന്നും തോന്നുന്നില്ല. പൂക്കള്‍ മാത്രമല്ല, മഴ വെയില്‍, മഞ്ഞ് ഒന്നും എന്നെ ബാധിക്കാതെയിരിക്കുന്നു. “കാല്പനികത മരിച്ചു.” ഞാന്‍ പരിഹാസപൂര്‍വം പറഞ്ഞു. പിന്നെ സ്വയം നുള്ളി നൊക്കി: എനിക്ക് വേദനിക്കുന്നുമില്ലല്ലോ.

അപ്പോള്‍ ഓര്‍മ്മപെടുത്തല്‍പോലെ ഒരു ആടിന്റെ കരച്ചില്‍ കേട്ടു. “എന്താ ആലോചിക്കുന്നത്?’ അമ്മു ആവര്‍ത്തിച്ചു. “ഏയ് വെറുതേ,” ഞാന്‍ വഴുതിമാറി. “നിങ്ങള്‍ എന്തുകൊണ്ടാണ് എന്റെ ആടുകളെപ്പറ്റി എഴുതാത്തത്?” ആടുകളുടെ കരച്ചില്‍ വീണ്ടുംകേട്ടു. “ആടുകള്‍”, ഞാന്‍ തലയുയര്‍ത്തി അവളെ നോക്കി. എന്തൊരു വിഷയം! ആടുകള്‍…” “അതല്ലെങ്കില്‍ പശുക്കള്‍, പൂച്ചകള്‍, എന്റെ കോഴികളെങ്കിലും.” താഴ്വാരത്തിലെ പൂക്കള്‍ അമ്മുവിന്റെ കണ്ണുകളിലേക്ക് മാറിവിടര്‍ന്നു. ഞാന്‍ പതറി-“അവയെക്കുറിച്ചെഴുതാന്‍.?” “എന്തെങ്കിലും,” അമ്മു തുടുത്തു. “ഒരു കഥയെങ്കിലും..” “ആവാം.” ഞാന്‍ കോട്ടുവായിട്ടുകൊണ്ടു സമ്മതിച്ചു. “എന്തൊരു മഴ അല്ലേ?”

“അതേ.” അമ്മു പറഞ്ഞു “ആടുകള്‍ ശരിക്കും നനഞ്ഞു. അവറ്റ വിറയ്ക്കുന്നു.പശുക്കളാണെങ്കില്‍ പട്ടിണി.പുല്ലരിഞ്ഞിട്ടില്ല.”

“അവയെ മേയാന്‍ വിട്ടുകൂടെ?” ഞാന്‍ നിര്‍ദ്ദേശിച്ചു.

“മഴക്കാലത്തോ? കുന്നുകയറുമ്പോള്‍ അവ തെന്നിവീണാലോ..?”

അവള്‍ പേടിച്ചു. “കുറച്ചു വൈക്കോലുമുണ്ട്, ഭാഗ്യത്തിന്.”

“ഇത്തവണ മഴ നേരത്തെയാണ്,” ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. വിഷയത്തിലേക്കുതന്നെ തോണിയടുപ്പിച്ചുകൊണ്ട്, അമ്മു ചാറ്റല്‍ മഴയിലൂടെ പിറകുവശത്തേക്കുപോയി. കൂട്ടില്‍ ആടുകള്‍ കരയുന്നു. അമ്മുവിന്റെ കാല്‍പാദങ്ങള്‍ നഗ്നമായിരുന്നു. അതിന്മേല്‍ വരണ്ട രേഖകളുടെ കുഞ്ഞുഭൂപടം.

അവള്‍ ജോലിയില്‍ മുഴുകിയിരിക്കെ, ഞാന്‍ മഴയുടെ ചിലമ്പിച്ച ഒച്ചയ്ക്കു കാതോര്‍ത്തു കിടന്നു. എന്തുകൊണ്ടു പാടില്ല? അമ്മുവിന്റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് ഒരു കഥ? അമ്മുതന്നെയും സിനിമയിലെ ഒരു കഥാപാത്രമായിരുന്ന നിലക്ക് അവളെ ചുറ്റിപ്പറ്റി ഇനിയും ഒരു കഥയ്ക്കുള്ള ശേഷിപ്പുണ്ട്. മൃഗങ്ങളെങ്കില്‍ അങ്ങനെ. പക്ഷേ എഴുത്തിന്റെ ബലിഷ്ഠമായ കൂട്ടിലേക്ക് പറന്നുപോകാനാകാത്തവിധം തളര്‍ന്ന ചിറകുകളുമായി ഒരു രാത്രി കൂടി കടന്നുപോയി.

എങ്കിലും മൃഗങ്ങള്‍ തെളിയിക്കപ്പെടാത്ത അക്ഷരപ്പറ്റംപൊലെ മുന്നില്‍ നിരന്നു. പ്രായം കൂടിയ ആടുകളുടെ കഴുത്തിലെ നീണ്ട പൂടകള്‍ ചാമരംകണക്ക് ഇളകുന്നത്. വില്ലുവളച്ച ദേഹവുമായി പുലിയാകേണ്ടിയിരുന്ന പൂച്ചകള്‍ അടുക്കളത്തിണ്ണയില്‍ നില്‍ക്കുന്നത്. കാഴ്ചവട്ടം മാത്രം കഷ്ടിച്ചു പറന്ന് കുരവയിടുന്ന കോഴികള്‍ പരുന്തുകളെ നോക്കിനില്‍ക്കുന്നത്… എല്ലാം. എന്തൊരു ലോകം! എഴുത്തുമേശക്കു മുകളില്‍ കുഞ്ഞു തൂവലുകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട ഒരു മുട്ട. അതിനു ചൂടുണ്ടായിരുന്നു. “അട വയ്ക്കണം” അടക്കാനാവാത്ത സന്തോഷത്തോടെ അമ്മു പറഞ്ഞു. “ഞാനിരിക്കാം അമ്മു. എളുപ്പം വിരിയും.” വലിയൊരു തമാശ പറയുന്ന മട്ടില്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.

ആഴ്ചയില്‍ ഒരു ദിവസം എങ്ങനെയൊക്കെയോ സമയം കണ്ടെത്തി അവള്‍ മലയടിവാരത്തിലെ ചന്തയിലേക്കുപോകും. അവള്‍ക്കു കൂട്ടുപോകുന്നത് ഒരു ഒറ്റക്കണ്ണന്‍ നായയായിരുന്നു. എന്റെ കവിസുഹൃത്തിന്റെ അഭിപ്രായം ഞാനോര്‍ത്തു. ഞാനാകട്ടെ, മൃഗലോകത്തിലെ കുരുന്നു ശബ്ദങ്ങള്‍ പോലും കേള്‍ക്കാവുന്ന വിധം കാതുകള്‍ കൂര്‍പ്പിച്ചു.സത്യത്തില്‍, പൂച്ചകള്‍ക്ക് മനുഷ്യശബ്ദത്തില്‍-ഒരു പക്ഷേ അതിനേക്കാള്‍ ഭംഗിയായി-കരയാനാവുമെന്ന് ഞാനറിഞ്ഞു. അയവിറക്കാവുന്നത് ഓര്‍മകളാണെങ്കില്‍, ആടുകളേക്കാള്‍ സമൃദ്ധമായ ഭൂതകാലം ആര്‍ക്കുമില്ല. പക്ഷികള്‍, തുമ്പികള്‍, ഇഴജീവികള്‍ എല്ലാവരും ഈ താഴ്വാരത്തിലെ സന്ധ്യകളെ പ്രകാശമാനമാക്കിത്തുടങ്ങി.

ഞാന്‍ പോയകാലത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. പൈതല്‍ നായരുടെ രണ്ടുതരം കണക്കുകള്‍ പോലെത്തന്നെയായിരുന്നു എന്റെ ജീവിതവും. ഇളകുന്ന മരക്കോണി കയറി അങ്ങാടിയുടെ ഏറ്റവും വെളിച്ചം കുറഞ്ഞ ഒരു പ്രദേശത്ത് പലവ്യഞ്ജന മൊത്തവ്യാപാരത്തിന്റെ കണക്കുകളെഴുതുന്ന, തുപ്പല്‍ത്തുള്ളികള്‍ക്കൊപ്പം അയാളുടെ ഉച്ചാരണ വികലമായ തെറി കേട്ടിരിക്കുന്ന ഒരു നല്ല കണക്കപ്പിള്ള: അസ്സല്‍. അതെടുത്ത് എനിക്കു നികുതിവകുപ്പിനെ കാണിക്കാം. മറ്റൊന്ന്, നരകം പോലെ കുടുസ്സായ വാസസ്ഥലത്തിരുന്ന് മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കുമെതിരായി കഥകളെഴുതിക്കൊണ്ടിരുന്ന രണ്ടാം ജീവിതം. ആ മറൂള അറ്റുപോകുന്നില്ല. അതെല്ലാം നികുതിവകുപ്പില്‍നിന്നും മാത്രമല്ല, സകല മനുഷ്യരില്‍നിന്നും മറച്ചുവെക്കപ്പെട്ടു. ഗോപ്യമായ ഒരാഹ്ലാദത്തോടെയായിരുന്നു എന്റെ പരിഹാസം. ആളുകളെ പുച്ഛിക്കാന്‍ മാത്രം നിലപാടു തറകളുള്ള ഏതോ വിശിഷ്ടജന്മമാണ് എന്റേതെന്ന് ഞാന്‍ കരുതിക്കാണണം. ഒരു തൂലികാ നാമത്തിനു പിറകില്‍ നിന്നുകൊണ്ട് ചില പത്രമാസികകളില്‍ അവയടിച്ചുവന്നു. അതിനു പിന്നിലെ നീചമായ ഗൂഢാലോചന എന്റേതായിരുന്നുവെന്ന് ഭാഗ്യവശാല്‍ ആര്‍ക്കും പിടികിട്ടിയില്ല. ഒന്നാമതായി, പൈതല്‍നായര്‍ രണ്ടാമന്‍ - തന്റെ വന്ദ്യപിതാവിനെപ്പോലെത്തന്നെ - ഒരു നിരക്ഷരനായിരുന്നു. പിന്നെ അടയ്ക്കയും കുരുമുളകും പല മാറ്റ് ശര്‍ക്കരകളുമൊക്കെ കൂനയാക്കിവെച്ച്, ഒറ്റ നോട്ടത്തില്‍ ചെറിയൊരു വ്യാപാര സ്ഥാപനം മാത്രമെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമായിരുന്ന, ആ പാതാളവിപണന കേന്ദ്രത്തിലിരുന്ന് ഞാന്‍ നല്ലതും കെട്ടതുമായ കണക്കുകള്‍ ശുഷ്കാന്തിയോടെ എഴുതിയിരുന്നു. മാസാവസാനം പൈതല്‍ നായര്‍ തുപ്പല്‍ തൊട്ടെണ്ണിയ കുറച്ചു നോട്ടുകള്‍. എനിക്കുതരും. അപൂര്‍വസമയങ്ങളില്‍ രസഗൊളയും ലഡുവും നീട്ടും. ആ ജീവിതം പല തട്ടുകളില്‍ ആവര്‍ത്തിച്ചു. അയാള്‍ക്കു പോലുമറിയാത്ത കണക്കിലെ കസര്‍ത്തുകള്‍ കൊണ്ട് ഞാന്‍ എത്രയെളുപ്പമാണ് നല്ലവനായത്!

അമ്മുവിനെ കണ്ടെത്തുന്നതുവരെ. അന്തിക്കൂട്ടെന്ന ഒഴിവുപറഞ്ഞ് അവള്‍ക്കൊപ്പം ഈ താ‌ഴ്‌വാരത്തിലേയ്ക്ക് വരുന്നതുവരെ.

* * *

രാത്രിയിലെ മഴ ഭയങ്കരമായിരുന്നു. അതിന്റെ തിണര്‍ത്ത ഞരമ്പുകള്‍ തൊടിയിലാകെ പടര്‍ന്നു. എനിക്കു തണുക്കുന്നു..ഞാന്‍ അമ്മുവിനെ പുണര്‍ന്നു കിടന്നു കൊണ്ടു പറഞ്ഞു. മുഷിഞ്ഞ റാന്തല്‍ എപ്പോഴോ അണച്ചിരുന്നു. എന്നാലും അമ്മു ഉറങ്ങിയില്ല. ഇടയ്ക്ക്, പുറത്ത് ഭൂമിയാകെ വിറകൊള്ളിക്കുന്ന ഒരു ഇടിയൊച്ചയുണ്ടായി. മിന്നലിന്റെ ശോഭ വാതില്‍പ്പഴുതിലൂടെ വന്ന് മുറിയില്‍ ക്ഷണനേരത്തേക്ക് പകലിന്റെ ഛായ വരുത്തി. ഞാന്‍ ചൂടുതേടി അവളോട് കൂടുതല്‍ ചേര്‍ന്നു. പക്ഷേ, എന്തോ കാതോര്‍ക്കുന്നതുപൊലെ അവള്‍ എഴുന്നേറ്റു.

“എന്തെങ്കിലും കേട്ടോ?” അവള്‍ ചോദിച്ചു.

“ഇടിവെട്ടിയതാവും?” ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു.

“അല്ല ഒരു കരച്ചില്‍,”

“കരച്ചിലോ? ഈ രാത്രി ആരാണ് കരയുന്നത്?”

“ചിന്നു.”

“ചിന്നുവോ? അതാരാണ്?” എനിക്കു തണുക്കുന്നുണ്ട്.

രാത്രിയുടെ സൂചിത്തണുപ്പിലേക്ക് ഒരു മിന്നല്‍ പ്രഹരംകൂടി. അടരുകളായി അടന്നുപോകുന്ന ശബ്ദങ്ങള്‍.

അമ്മു റാന്തല്‍ തെളിയിച്ചു. അവള്‍ ഇറങ്ങിയപ്പോള്‍ കയറ്റുകട്ടില്‍ ഞരങ്ങി. ഉലഞ്ഞ മുടി കെട്ടിവെക്കുന്ന വളുടെ നിഴല്‍ ചുമരില്‍ പടര്‍ന്നു മഴ തകര്‍ക്കുന്നുണ്ട്. എന്തൊരു തണുപ്പ്! ഞാന്‍ തലവഴി പുതപ്പുമൂടി സ്വയം ചുരുങ്ങി. പിന്നെ എപ്പോഴാണ് അവള്‍ തിരിച്ചുവന്നതെന്ന് ഞാനറിഞ്ഞില്ല.

മഴവിട്ടുപോയ കുറച്ചുസമയത്തേക്ക്. പിറ്റേന്ന്, അമ്മു ആടുകളുമായി മലഞ്ചെരിവിലേക്കുപോയി. “അതു പെറ്റിട്ടില്ല. “അമ്മു അറിയിച്ചു. “ഞാനുടനെ വരാം.” ഞാന്‍ കൂട്ടിനുള്ളിലേക്കു പാളിനോക്കി പ്ലാവിലക്കെട്ടുകള്‍ തൂങ്ങിനില്‍ക്കുന്ന അഴികള്‍. തള്ളയാട് കിടക്കുകയാണ്. കൂട്ടിനു താഴെ നാട്ടുമരുന്നിന്റെ ഗുളികകളെ ഓര്‍മിപ്പിക്കും വിധം ആട്ടിന്‍കാട്ടം.

ഞാന്‍ വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള കഥ വീണ്ടും ഓര്‍ത്തു. ഒരു പക്ഷേ, കഥയെഴുതാനായേക്കുമോ? മഴ മാറിയ താഴ്വരത്തില്‍ വെയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. ഒരു തുടക്കത്തിനായി ഞാന്‍ പലവുരു ശ്രമിച്ചു. ഇല്ല. ഒന്നും ശരിയാകുന്നില്ല. ആശയങ്ങള്‍ ഏതോ ഗര്‍ഭത്തില്‍നിന്നും മൂളുന്നതുമാത്രം. വല്ലാത്തൊരു അരക്ഷിതബോധം എന്നെ വിഴുങ്ങി. എല്ലാം ഒരു തോന്നലായിരിക്കാം. കഥകള്‍ പോലും തോന്നലുകള്‍ മാത്രമാണെന്ന ആശ്വാസവുമായി ഞാനിരുന്നു. എങ്കിലും ഈ പത്മവ്യൂഹം ആരു ഭേദിക്കും?

താഴ്വാരത്തില്‍ ആടുകളെ മനുഷ്യരുടെ കരച്ചില്‍ കേട്ടു. ആവര്‍ത്തിച്ചു കരയുന്നുണ്ട്. ഏതു വിഷാദത്തിന്റെ ആലാപനമാണെന്നോര്‍ത്തുകൊണ്ട് ഉണരുമ്പോള്‍, പുറത്തെ കൂട്ടില്‍നിന്നും നേര്‍ത്ത ശബ്ദങ്ങള്‍. ഞാന്‍ മെല്ലെ പുറത്തിറങ്ങി. കാല്‍പെരുമാറ്റം കേട്ടിടാവണം, അമ്മു ഉറക്കെ പറഞ്ഞു.

“ദാ, ഇങ്ങോട്ടു വരണ്ട.”

“ഊം?” “ആടു പെറുന്നു…”

“അതിനെന്താ?” “ഛേ!പെറുന്നതു കാണരുത്.” പിന്നെ അവള്‍ പൂച്ചകളെ ഓടിച്ചു കൊണ്ട് ഉറക്കെപ്പറഞ്ഞു. ‘പോ പോ.കള്ളപ്പുച്ചകള്‍’ തട്ടുകളില്‍നിന്നും ചാടിയിറങ്ങുന്ന പൂച്ചകള്‍. നിലത്തുവന്നുനിന്ന് അവ സങ്കടത്തോടെ കരഞ്ഞു: അതേ, മനുഷ്യരുടെ കരച്ചില്‍. ആര് ആരെയാണ് അനുകരിക്കുന്നത്? മനുഷ്യര്‍ പൂച്ചകളെയാവുമോ? അതെന്തുമാവട്ടെ. ഞാന്‍ പാളിനോക്കി. അമ്മു പുറം തിരിഞ്ഞുനില്‍പാണ്. അവളും ആ പ്രസവം കാണുന്നില്ല. പാതി മാത്രം പുറത്തുവന്ന ആട്ടില്‍കുട്ടിയെ ഞാന്‍ ഒന്നു കണ്ടു. അതിന്റെ ഉടലില്‍ പറ്റിനിന്ന വഴുവഴുപ്പന്‍ ദ്രവം..

“മൂന്നുകുട്ടികള്‍,” “കുറെക്കഴിഞ്ഞ് അമ്മു ആഹ്ലാദത്തോടെ അറിയിച്ചു.

“മൂന്നു കുട്ടികള്‍”, ഞാന്‍ വെറുതെ ആവര്‍ത്തിച്ചു. പിന്നെ അമ്മു മലയടിവാരത്തേക്കിറങ്ങി. ആടുകളെ തിരിച്ചുകൊണ്ടുവരണം. മഴയ്ക്കിടയില്‍ ദു:ഖഛായയുള്ള വെയില്‍ ബാക്കി നിന്നിരുന്നു. മടങ്ങിയെത്തുന്ന പക്ഷികളുടെ കൂട്ടം സന്ധ്യയെ കൂട്ടി വന്നു.

അന്നു രാത്രി ഞാന്‍ എന്തുകൊണ്ടോ പൈതല്‍നായരെ സ്വപ്നം കണ്ടു. ഭീമന്‍ ലെഡ്ജറുകള്‍ക്കു മുകളില്‍ കയറിയിരുന്ന് അയാള്‍ പൂച്ചയുടെ ശബ്ദത്തില്‍ കരയുന്നു. ആ വിലാപത്തില്‍ ഒരു ഭജനത്തിന്റെ കയറ്റിറക്കങ്ങളുണ്ട്.

തണുപ്പുള്ള കൈകള്‍കൊണ്ട് അമ്മു എന്നെ ചുറ്റിപ്പിടിച്ചു. കൈകളില്‍ നനവുള്ളതുപോലെ. ഞാന്‍ മൂക്കുവിടര്‍ത്തി മണം പിടിക്കാന്‍ ശ്രമിച്ചു. അതേ, ഈറ്റില്ലത്തിന്റെ ഗന്ധം. ഈറ്റില്ലത്തിന്റെ നനവ്. രസഗൊളയുടെ നനഞ്ഞ മധുരം. ആ കൈകളില്‍ വഴുവഴുത്ത ഒരു ദ്രവം പറ്റിനില്‍ക്കുന്നതായി എനിക്കു തോന്നി.

ഞാന്‍ അവളുടെ കൈകള്‍ വേര്‍പെടുത്തിക്കോണ്ട് തിരിഞ്ഞുകിടന്നു. രാത്രിയില്‍, പിന്നെ ഞങ്ങളുറങ്ങിയില്ല. ഏതോ ഒരു നിലവിളി എവിടെ നിന്നോ പുറപ്പെടാനുണ്ടെന്നു തോന്നി.

പേനയുടെ പുരുഷസ്പര്‍ശമേല്ക്കാത്ത കന്യകത്താളുകള്‍-ഞാന്‍ സ്വയം ശപിച്ചു. അമ്മുവിനോടു പറയണം. കുറച്ചുനാളത്തേക്ക് ഞാനൊന്നു പോവുകയാണ്.

“അപ്പോള്‍ ഞാനോ?” പറഞ്ഞപ്പോള്‍ അമ്മു ചോദിച്ചു.

“കുറച്ചുനാളല്ലേ,” ഞാന്‍ സമാധാനിപ്പിച്ചു. “നിനക്കാണെങ്കില്‍ എത്ര കൂട്ടാണിവിടെ?”

ശരിയാണ്. അവളോര്‍ക്കുന്നുണ്ടാവുമോ? അവളുട്രെ ആടുകളും പൂച്ചകളും പശുക്കളും പ്രസവിക്കുന്നു. അവള്‍ നട്ട വിത്തുകള്‍ മുളയ്ക്കുന്നു. ശാഖകളും ഇലകളും വള്ളികളുമായി വളരുന്നു. കായ്ക്കുന്നു. അമ്മുവിന്റെ കലണ്ടറുകളായി മാറിവരുന്ന ഋതുക്കള്‍.

അവളുടെ പൂച്ചകള്‍ എലികളെ പിടിക്കുമായിരുന്നു. ആടുകളും പശുക്കളും പാല്‍ ചുരത്തി. അവയുടെ വിസര്‍ജ്യങ്ങള്‍ പോലും താഴ്വാരത്തിലെ പൂക്കള്‍ക്കു നിറങ്ങള്‍ വരുത്തി. രാത്രികളെ കൂവി വെളുപ്പിക്കുന്ന പൂവന്‍കോഴികള്‍..കാവല്‍ നില്‍ക്കുന്ന വെയില്‍ഭംഗികള്‍. ഞാന്‍ സ്വയം ചോദിച്ചു.”നീയെന്തു ചെയ്യുന്നു?”

ഒടുവിൽ താഴ്‌വാരത്തിന്റെ ദൃശ്യത്തിൽനിന്നും മഴ മാഞ്ഞുപോയ ഒരു ദിവസം അമ്മുവിന്റെ കാഴ്ച തീരുന്നിടത്തുനിന്നും വണ്ടി കയറി ഞാന്‍ പട്ടണത്തിലേക്കു തിരിച്ചു.

അങ്ങാടിയിലെ നാനാതരം ഗന്ധങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ വഴികള്‍ പിന്നിട്ട്, പുകപിടിച്ച ഭക്ഷണശാലകളും, അഴുക്കുകൂനകളും പിന്നിട്ട് പലവ്യഞ്ജനങ്ങളുടെ മിശ്രഗന്ധം പുലരുന്ന ‘പൈതല്‍ ആന്റ് പൈതല്‍’ വ്യാപാരനിലയത്തിലേക്ക് ഞാന്‍ കയറിച്ചെന്നു. പുകപിടിച്ചു മ്ലാനമായ അതേ ചുമരുകള്‍. അതേ ഭയന്ന വെളിച്ചം. പഞ്ഞിക്കിടക്കയില്‍ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു പൈതല്‍ രണ്ടാമന്‍. ഞാന്‍ തൊഴുതു.

“നീയൊരു കൊഴുത്ത കാളയായല്ലോടാ” എന്നെ ഉഴിഞ്ഞുനോക്കിക്കൊണ്ട് പൈതല്‍നായര്‍ വിസ്മയം കൊണ്ടു. ഞാന്‍ ദു:ഖമഭിനയിച്ചു.

“നീയിപ്പോള്‍ എവിടെയാണ്? നിനക്കേതോ ഒരു പെണ്ണിന്റെ കോളുകിട്ടിയെന്നു കേട്ടല്ലോ. പെണ്ണൊത്തു വന്നപ്പോ ഈ പാവത്തെ നീ മറന്നു.” അയാള്‍ ശൃംഗാരത്തോടെ ചിരിച്ചു. സ്വപ്നത്തിലെ പൂച്ചകളുടേതുപോലുള്ള ശബ്ദം. ഇയാള്‍ക്ക് ഒരു മാര്‍ജാരജന്മമായിരിക്കണം. പണ്ട്.

ഞാന്‍ ഒന്നു പറഞ്ഞില്ല. അയാള്‍ എന്തൊക്കെയോ കേട്ടിരിക്കുന്നു-

“പിന്നെ, നീയെന്തോ എഴുതുമെന്നോ വരയ്ക്കുമെന്നോ ഒക്കെ കേള്‍ക്കുന്നു”

ഒരു കാക്കയുടെ നോട്ടമാണ് അയാളുടേത്.

“ആട്ടെ, നീയെന്താ എഴുതുക? ങേ?”

ഞാന്‍ മൗനം തുടര്‍ന്നു.

“നിനക്കൊരു ബോര്‍ഡെഴുതിക്കൂടേ? നമ്മുടെ കടയുടെ മുന്നില്‍ വയ്ക്കാന്‍” പൈതല്‍ നായര്‍ ഭവ്യതയോടെ വീണ്ടും ചോദിച്ചു. “സത്യത്തില്‍ എന്താണ് നീയെഴുതുന്നത്?”

“കണക്കുകള്‍” ഞാന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.

“കണക്കോ?”

“അതേ, കണക്കുകള്‍..”

“ശരി” അയാള്‍ സംശയത്തോടെ എന്നെ നോക്കിയതിനുശേഷം ലെഡ്ജറുകള്‍ ചൂണ്ടി. “തുടങ്ങിക്കോ. കുറെ ബാക്കി കാണും.” പിന്നെ തന്റെ നീണ്ട കുപ്പായത്തിന്റെ കീശയില്‍ നിന്നും തപ്പിയെടുത്ത കുറച്ചു തുണ്ടുകടലാസുകള്‍ നീട്ടി: “അസല്‍”.

ഞാന്‍ പൂജാപ്രസാദമെന്നോണം അവ കൈനീട്ടി വാങ്ങി.

ക്ഷേത്രഗണിതത്തിലേതുപോലുള്ള കള്ളികളൂടെ ഏറെ നാള്‍ക്കുശേഷം എന്റെ പേന തെന്നിനീങ്ങി. സംഖ്യകള്‍ തുലാമഴയായി പെയ്തു. ശൂന്യമായി കിടന്ന കൂടുകളിലേക്ക് അക്കങ്ങള്‍ ചേക്കേറിത്തുടങ്ങി. ഉച്ചവെയില്‍ മാത്രം മരയഴിയിലൂടെ അതിന്റെ ഒറ്റക്കണ്ണന്‍ നോട്ടം തുടര്‍ന്നു. അത് ദൈവത്തിന്റെ നിരീക്ഷണമാണെന്ന് എനിക്കുറപ്പായിരുന്നു.

ഗണിതത്തിന്റെ വഴികള്‍ പഴയതുപോലെത്തന്നെയായിരുന്നു. അതിന്റെ സങ്കലനം, പടികള്‍ കയറിപ്പോകുന്ന ഗുണനം, അവരോഹണത്തിന്റെ താഴ്ചകള്‍…

അപ്പോള്‍ കഴിഞ്ഞ ജന്മത്തിന്റെ ഏതോ പടവുകളില്‍ വച്ച് ശീത നിദ്രയിലേക്ക് പോയ ഒരു തുമ്പി അതിന്റെ കുഞ്ഞു ചിറകുകള്‍ചലിപ്പിച്ച് പതുക്കെപ്പതുക്കെ എന്റെയുള്ളില്‍ പറക്കാനാരംഭിച്ചു. പല സ്ഥായിയിലുള്ള ഒരു സംഗീതം ആരംഭിക്കുകയാണ്. അതിന്റെ ചിറകുകളില്‍ സ്വപ്നത്തിന്റെ നിറങ്ങള്‍. ദളങ്ങളുടെ വിന്യാസത്തിലും നിറങ്ങളിലും സംഗീത വിതാനങ്ങളിലും ഒളിച്ചുപാര്‍ക്കുന്ന സംഖ്യകളുടെ ശ്രേണീ ബന്ധത്തെ മനസ്സുതേടിക്കൊണ്ടിരുന്നു.

പിന്നെ പഴയ വാസസ്ഥലത്തിരുന്ന് ഒരു കണക്കുപുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത താളുകളിലേക്ക് ഞാന്‍ ആ തുമ്പിയുടെ ചിറകൊച്ചകളുടെ പകര്‍പ്പെടുക്കാന്‍ ശ്രമിച്ചു. ഉപേക്ഷിച്ചുപോയ വാക്കുകള്‍ ദേശാടനത്തിനുശേഷം മടങ്ങിവരുമെന്നു തോന്നിച്ചു. പേനയുടെ ചിറകടിയൊച്ചകള്‍ ധ്വനിഭരമായ സംഗീതമായി.

ആ നേര്‍ത്ത സംഗീതത്തിലൂടെ ഞാന്‍ അമ്മുവിനെയും ശോകഭംഗിയാര്‍ന്ന ആ താഴ്വാരത്തെയും വളര്‍ത്തുമൃഗങ്ങളെയും ഓര്‍മ്മിച്ചു. ആ ചെടികളും മൃഗങ്ങളും കിളികളും പൂക്കളും:

-അവയുടെ നിറങ്ങള്‍, ഗന്ധങ്ങള്‍, സ്പര്‍ശങ്ങള്‍..എല്ലാം.