close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ


സ്വകാര്യക്കുറിപ്പുകൾ
Swakaryakurippukal.jpeg
ഗ്രന്ഥകർത്താവ് ജോർജ്
മൂലകൃതി സ്വകാര്യക്കുറിപ്പുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നിയോഗം ബുക്സ്
വര്‍ഷം
1998
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 100
ISBN 81-87262-01-X

ധ്യാനിക്കുക, കിടിലം കൊള്ളുക

ഈ പുസ്തകത്തിലെ രചനകള്‍ ശ്രീ ജോര്‍ജിന്റെ സ്വകാര്യ കവിതകളാണ്. വളരെ വിനീതനായി ജോര്‍ജ് ഈ സൃഷ്ടികളെ സ്വകാര്യക്കുറിപ്പുകള്‍ എന്നു വിളിക്കുന്നു. ഈ സ്വകാര്യക്കുറിപ്പുകളില്‍ ഉന്മാദത്തിന്റെ ഒരുപാട് സന്ദേഹങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഭ്രാന്തും ഇന്ദ്രജാലവും വെളിപാടും പ്രാര്‍ത്ഥനയും ഇവിടെ ഒന്നാകുകയാണ്. യുക്തിയെ പൂര്‍ണമായും നിരാകരിക്കുന്ന വെളിപാടുകളാണ് ജോര്‍ജിന്റെ കുറിപ്പുകള്‍. കിടിലം കൊള്ളുക, ധ്യാനിക്കുക എന്ന് ഈ കുറിപ്പുകള്‍ നിങ്ങളോട് പറയുന്നു. ദാലിയുടെ ചിത്രസംസ്കാരം ഇവിടെ കാവ്യ സംസ്കാരമായി മാറുകയാണ്.

ഞാന്‍ നോക്കിനില്‍ക്കെ
കണ്ണാടിയൊരു കറുത്ത കാട്ടുപോത്തായ്
വളഞ്ഞ കൊമ്പുകുലുക്കി നൃത്തം വച്ചു

ദൈവത്തിന്റെ അസ്ഥികളെ ഞാന്‍ പട്ടം പറപ്പിക്കുന്നു

ചുവരിലെ ക്ളോക്കിന്റെ സൂചികള്‍
എന്റെ നെഞ്ചില്‍ തറഞ്ഞിരിക്കുന്നു

ഒഴിഞ്ഞ ഊണുമേശപ്പുറത്ത് ഒരു വലിയ പല്ലി
പല്ലിയുടെ വായില്‍ പിടയുന്ന കുരുന്നു കൈകള്‍

തീര്‍ച്ചയായും സര്‍റിയലിസ്റ്റ് ചിത്രങ്ങളുടെ സ്വഭാവം ഇവിടെ കാവ്യാനുഭവങ്ങളായി മാറുകയാണ്. കവിത വിഭ്രമാത്മകതയുടെ നിറയൊഴിക്കലായി പരിണമിക്കുന്നു. യുക്തിയുടെ നിയന്ത്രണമില്ലാത്ത ആകസ്മികത ജനിക്കുന്നു. ഉപബോധത്തിന്റെ സൌന്ദര്യാത്മകമായ ഇച്ഛകളില്‍നിന്നാണ് ഈ സ്വകാര്യക്കുറിപ്പുകള്‍ ജനിക്കുന്നത്. ജോര്‍ജിന്റെ ഭാവന സൃഷ്ടിക്കുന്ന ഈ മായാഭ്രമങ്ങള്‍ സാധാരണ ജീവിതത്തിന്റെ അനുഭവങ്ങളില്‍ ഇന്ദ്രിയാനുഭൂതിയുടെ യുക്തിരഹിതമായ യാഥാര്‍ത്ഥ്യമുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തനിക്കു യുക്തികൊണ്ട് വിശകലനം ചെയ്യാന്‍ കഴിയാതിരുന്ന അനുഭവങ്ങള്‍ക്ക് ജോര്‍ജ് രഹസ്യമായി മോചനം നല്‍കിയപ്പോഴായിരിക്കണം ഈ സ്വകാര്യക്കുറിപ്പുകള്‍ ജനിക്കുന്നത്.

അബോധത്തെ സൃഷ്ടിയുടെ തലങ്ങളിലേക്ക് ഉയര്‍ത്തുന്ന ഈ കവിതകളിലൂടെ ജോര്‍ജ് എന്താണ് ചെയ്യുന്നത്? ഈ കവി പ്രപഞ്ചസത്തയെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു. ജനാലയിലൂടെ ഒറ്റയായും കൂട്ടമായും പലതരം പ്രപഞ്ചങ്ങള്‍ കടന്നുവന്നു എന്ന് എഴുതുമ്പോള്‍ കവിത അതീന്ദ്രിയമായൊരു ലോകത്തിലേയ്ക്കു നീങ്ങുന്നു.ജീയുടെ ആത്മാലാപനശൈലിയും ദാലിയുടെ ചിത്രഭാവനയും ജോര്‍ജിന്റെ കവിതകളില്‍ പരസ്പരം ലയിക്കുകയാണ്. ഈ രചനകള്‍ സ്വപ്നങ്ങളുടെ അപഗ്രഥനമായിരിക്കുമ്പോള്‍ തന്നെ ഉന്മാദത്തിന്റെ കാവ്യമനോഹരമായ വിശകലനവുമാണ്. ദാലിയന്‍ അതിവാസ്തവികതയുടെ കിടിലം കൊള്ളിക്കുന്ന സൗന്ദര്യം സൃഷ്ടിക്കുന്നതോടൊപ്പം ഒരു പ്രാര്‍ത്ഥനാസ്വരത്തിലൂടെവേണം ഞടുങ്ങേണ്ടതെന്ന് തന്റെ കാവ്യഭാഷയിലൂടെ ജോര്‍ജ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദാലിയുടെ സര്‍‌റിയലിസത്തിനും മലയാളകവിതയ്ക്കും ഇടയില്‍ ഒരു കാവ്യഭാഷ കണ്ടെത്താനുള്ള ശ്രമമാണ് ഈ സ്വകാര്യക്കുറിപ്പുകള്‍.

മതിഭ്രമങ്ങളുടെ പ്രാര്‍ത്ഥനാസ്വഭാവമുള്ള ദൃശ്യാനുഭവങ്ങള്‍ തന്നെയാണ് ഈ കവിതകള്‍. വാക്കുകളില്‍ ചിത്രകല ത്രിമാന സ്വഭാവം കൈക്കൊള്ളുകപോലും ചെയ്യുന്നു. വാക്കുകള്‍ നിറങ്ങളുടെ ചാലുകളും രേഖകളുമായി മാറുന്നു. നിറങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നതു പോലെ മായാഭ്രമങ്ങളുടെ കാവ്യബിംബങ്ങള്‍ കൂട്ടിയിണക്കപ്പെടുന്നു. ചായങ്ങളുടെ സമ്മേളനം പോലെ അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങള്‍ പരസ്പരം ലയിക്കുന്നു. അര്‍ത്ഥത്തിന്റെ കാര്യത്തില്‍ വായനക്കാരെ സന്ദേഹബുദ്ധികളാക്കുന്ന കവിതയിലെ ഈ സര്‍റിയലിസ്റ്റ് ചിത്രങ്ങള്‍ ഒരുകൂട്ടം അസ്വസ്ഥരായ വായനക്കാരേയാണ് ആവശ്യപ്പെടുന്നത്. അത്തരം കുറെ വായനക്കാര്‍ ഈ കവിതകള്‍ക്കു വേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസത്തോടെ ജോര്‍ജിന്റെ സ്വകാര്യക്കുറിപ്പുകള്‍ ഞാന്‍ അവതരിപ്പിക്കുന്നു.

കെ.പി. അപ്പന്‍
കൊല്ലം
7-9-1997

കവിതകൾ

[-1] [0] [1] [2] [3] 4] [5]

[6] [7] [8] [9] [10]

[11] [12] [13] [14] [15]

[16] [17] [18] [19] [20]

[21] [22] [23] [24] [25]

[26] [27] [28] [29] [30]

[31] [32] [33] [34] [35]

[36] [37] [38] [39] [40]

[41] [42] [43] [44] [45]

[46] [47] [48] [49] [50]

[51] [52] [53] [54] [55]

[56] [57] [58] [59] [60]

[61] [62] [63] [64] [65]

[66] [67] [68] [69] [70]

[71] [72] [73] [74] [75]

[76] [77] [78] [79] [80]

[81] [82] [83] [84] [85]

[86] [87] [88] [89] [90]