Difference between revisions of "ശീതകാലത്തിന് ഒരു ഗീതം"
(Created page with "__NOTITLE____NOTOC__← ഇ.സന്തോഷ് കുമാർ {{SFN/Galappagos}}{{SFN/GalappagosBox}} ==ശീതക...") |
|||
Line 1: | Line 1: | ||
− | __NOTITLE____NOTOC__← [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]] | + | __NOTITLE____NOTOC__← [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]][[Category:ഇ. സന്തോഷ്കുമാർ]][[Category:ചെറുകഥ]][[Category:ഗാലപ്പഗോസ്]] |
− | {{SFN/Galappagos}}{{SFN/GalappagosBox}} | + | {{SFN/Galappagos}}{{SFN/GalappagosBox}}<!-- {{#categorytree:ചെറുകഥ|mode=pages|depth=0|style=display:inline}}{{#categorytree:ചെറുകഥ|mode=pages|depth=0|style=display:inline}} |
+ | --> | ||
==ശീതകാലത്തിന് ഒരു ഗീതം== | ==ശീതകാലത്തിന് ഒരു ഗീതം== | ||
Revision as of 02:50, 24 October 2017
ശീതകാലത്തിന് ഒരു ഗീതം | |
---|---|
ഗ്രന്ഥകർത്താവ് | ഇ. സന്തോഷ്കുമാർ |
മൂലകൃതി | ഗാലപ്പഗോസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗൃന്ഥകർത്താവ് |
വര്‍ഷം |
2000 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 98 |
ശീതകാലത്തിന് ഒരു ഗീതം
കവിയുടെ മുറി
കവിയുടെ വസതി അരാജകമായ ഒരുദ്യാനമായിരിക്കുമെന്ന് അയാള്‍ വായിച്ചിരുന്നു. മഞ്ഞനിറത്തിലേക്കു കൊഴിഞ്ഞുവീണ ജീവനററുപോയ ഇലകളെപ്പോലെ എമ്പാടും തുണ്ടുകടലാസ്സുകള്‍. തൂവിപ്പോയ മഷിക്കുപ്പി, പല നിറമുള്ള പേനകള്‍, ചായങ്ങള്‍, വിധിരേഖകള്പോലെ ഭാഗങ്ങളായി വായിക്കപ്പെട്ട പുസ്തകങ്ങള്‍ — അവയുടെ പല താളുകളിലേയും കന്യകാഗന്ധം ഇനിയും പോയിട്ടില്ല — ഒരേ ഭാഗം മാത്രം ആവര്‍ത്തിച്ചു വായിക്കപ്പെട്ട സങ്കീര്‍ത്തനങ്ങളുടെ ഒരു പഴയ പതിപ്പ്. ഉണര്‍ത്താത്ത തപാലുകള്‍: അങ്ങനെ നാനാതരം വസ്തുക്കള്‍ ചിതറിക്കിടക്കുന്ന ഒരു തോട്ടത്തിലാണ് കവി തന്റെ കത്രികയുമായി ദിവസം മുഴുവന്‍ കൂടിയിരിക്കുന്നതെന്ന് ഈ വായനകളില്‍ നിന്നും അയാള്‍ അറിഞ്ഞു.
അതുകൊണ്ട്, അവിടെ പാര്പ്പുതുടങ്ങുമ്പോള്ത്തന്നെ ഒന്നിനും ഒരു ചിട്ടയുമില്ലാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. ആപത്കാലത്തേക്കുള്ള നിക്ഷേപങ്ങളായി അവ പലയിടത്തും കുമിഞ്ഞുകിടന്നു. നടന്നുതേഞ്ഞ വളളിച്ചെരുപ്പില്‍ പററിക്കൂടിയ പൊടിയും മണ്ണും മുറിയിലേക്കുവന്ന് ഉറുമ്പുകള്‍ക്കും കുഴിയാനകള്‍ക്കും കളിനിലമായി. അയഞ്ഞുതൂങ്ങിയ അയാളുടെ ഉടുപ്പുകള്‍ മുറിയുടെ പല മൂലകളിലും ഉപേക്ഷിക്കപ്പെട്ടു. മറ്റേതോ ദിനങ്ങളില്‍ പ്രഭാതത്തില്‍ വിയര്‍പ്പുഗന്ധം പററിച്ചേര്‍ന്ന അതേ ഉടുപ്പുകള്‍ തന്നെ ശരീരത്തിന്റെ കൂട്ടിലേക്ക് പിന്നെയും കയറിപ്പററി. ക്രമം തെററിയ ഈ ജീവിതരീതിയില്‍ അയാള്‍ക്ക് വലിയ അഭിമാനം തോന്നിയിരുന്നു.
ഭാഗങ്ങളില്‍ മഷിപററിയ കടലാസ്സുകളിലും തനിക്കുവന്ന കത്തുകളില്‍ സുഹൃത്തുക്കള്‍ മൌനം പാലിച്ച ഇടവേളകളിലും അയാള്‍ എഴുതാനാരംഭിച്ചു. വേണമെങ്കില്‍, അയാള്‍ക്കു നല്ല കടലാസ്സുകള്തന്നെ ഉപയോഗിക്കാമായിരുന്നു. പക്ഷേ, അവയുടെ സൌന്ദര്യത്തെ അയാള്‍ നിരാകരിച്ചു.
എഴുതുന്നത് രണ്ടാമതു വായിക്കാനോ തിരുത്താനോ നേരവുമില്ലായിരുന്നു. പാതിവഴിയിലെത്തി തിരിഞ്ഞുനോക്കിയാല്‍, ഇനിയും കണ്തെളിയിക്കപ്പെടാത്ത ഏതോ ചരിത്രാതീതഭാഷയിലെ ചിത്രലിപികള്പോലെ അക്ഷരങ്ങളുടെ ഉറുമ്പിന്പുറം അയാളെത്തന്നെ കഴുക്കിയേക്കും. അതുമാത്രം മതി. അത്ര നേരം കൊണ്ട് അയാള്‍ മെനഞ്ഞുകൊണ്ടുവന്ന ഇതിവൃത്തത്തിന്റെ ചരടുപൊട്ടാന്‍. മുറിഞ്ഞ രതിയിലെന്നപോലെ വിഷണ്ണനായി ആ കടലാസ്സുകള്‍ ഉപേക്ഷിക്കേണ്ടിവരാറുണ്ട് അയാള്‍ക്ക്. എന്തും വരട്ടെ; കുറച്ചു നേരമിരുന്നതിനുശേഷം അയാള്‍ പിന്നെയുമെഴുതും. അതില്‍ മറ്റൊരു കഥയായിരിക്കും. അതൊക്കെക്കാരണമാണ്, ആ എഴുത്തിലൊക്കെയും ഒരു ക്രമരാഹിത്യം നിങ്ങള്‍ കാണുന്നത്. എങ്കിലും, സൂക്ഷിച്ചുനോക്കിയാല്‍ പലപ്പോഴായി വീണുപോയ ഒരേ മരത്തിന്റെ ഇലകളെന്നോണം, ഒരേ കിളിയുടെ തൂവലുകളെന്നോണം അവയിലുമുണ്ട് ഒരു ക്രമം; ഒരു തുടര്‍ച്ച — എല്ലാ ജന്മങ്ങള്ക്കും മുമ്പേ ആരംഭിച്ച ഒരു താരാട്ട്.
എഴുത്തിന്റെ ഘടികാരമെന്നതുപോലെ അയാള്‍ പുകവലിച്ചുകൊണ്ടിരുന്നു. ആയുസ്സുതീരുംമുമ്പേ തന്നെ സിഗററ്റുകള്‍ ഉപേക്ഷിക്കപ്പെട്ടു. മുഴുവനായും ആസ്വദിക്കപ്പെടുന്ന ചുരുട്ടിനുപോലും കൃത്യമായി ഒരു താളമുണ്ടെന്ന് അയാള്‍ക്കറിയാം. അതിനാല്‍ ഓരോ സിഗററ്റും കത്തുന്ന ആത്മാവുമായി പല വഴികളില്‍ സമയസൂചികളായിക്കിടന്നു. അവയുടെ ചാരംപോലും സമയത്തിന്റെ അടയാളമായിരുന്നു. ‘ഞാന്‍ കാലത്തെത്തന്നെ ദഹിക്കാന്‍ വിട്ടു,’ ഒരു കവിതയില്‍ അയാള്‍ ഔദ്ധത്യത്തോടെ എഴുതി. കെട്ടുപോയ കാലത്തിന്റെ ആ തിരികല്ക്കു നടവില്കിടന്ന്, സ്വപ്നങ്ങള്‍ കാണണമെന്ന പ്രാര്‍ത്ഥനയോടെ അയാള്‍ ഉറങ്ങി. ഉറക്കമായിരുന്നു ആശയങ്ങള്‍ക്കുള്ള വയല്‍; പക്ഷേ പലപ്പോഴും അതു തരിശായിക്കിടന്നു.
ശിശിരം
കവിതകളില്‍ അയാള്‍ തണുപ്പിനെ സ്തുതിച്ചിട്ടുണ്ട്, പല തവണ. എന്നിരുന്നാലും, ആ സമയങ്ങളില്‍ ഭൂമിയില്‍ നിറയുമായിരുന്ന ഇഴജന്തുക്കളെയും പാററകളെയും അയാള്‍ക്കു ഭയമായിരുന്നു. ഒരു കവിതയുടെ ആവാസവ്യവസ്ഥയോട് സദൃശമായിരുന്നു ഇഴജന്തുക്കളുടേതും എന്നതു കൊണ്ടാവണം, ഇടയ്ക്കെല്ലാം അരാജകമായ ആ പാര്‍പ്പിടത്തില്‍ എലികളും പൂച്ചികളും പഴുതാരകളുമൊക്കെ പ്രത്യക്ഷപ്പെട്ടു. അയാളുടെ പല കവിതകളും എലികള്‍ മാത്രമാണ് വായിക്കുന്നത്. അവയില്‍ വൃത്തത്തിലെഴുതിയവയും അല്ലാത്തവയും ഉള്‍പ്പെടും. സന്ദര്ഭങ്ങള്ക്കു യോജിക്കാത്ത പദപ്രയോഗങ്ങളും അനവസരങ്ങളില്‍ അയാളുപയോഗിച്ചിരുന്ന മോടി കൂടിയ അലങ്കാരങ്ങളും, ഇക്കാലത്ത് ആരും തന്നെ എഴുതാന്‍ തയ്യാറല്ലാത്ത ചില സംസ്കൃതപദങ്ങള്‍ പോലും എലികള്‍ ക്രൂരമായ വിമര്‍ശനത്തോടെ ചവച്ചുതളളി. ആദ്യമൊന്നും കവി അവററയെ കണ്ടതേയില്ല. ഒരിക്കല്‍ രാത്രിയുടെ മുനിവെളിച്ചത്തിലേക്ക് എപ്പോഴോ പ്രത്യക്ഷപ്പെട്ട ഒരെലി അയാളുടെ നിദ്രയുടെ ലോലമായ ചിറകുകള് തന്നെ കരണ്ടുകളഞ്ഞു.
ഭൂതാവിഷ്ടനെപ്പോലെ കട്ടിലിനുമുകളില്‍ കുന്തിച്ചിരുന്ന് അയാള്‍ വിറച്ചു. ആ വെളിച്ചവും അയാള്‍ പുകച്ചു സ്വതന്ത്രമാക്കിയ ധൂമവലയങ്ങളും ചേര്‍ന്ന് ആകപ്പാടെ ദുരൂഹമായ ഒരന്തരീക്ഷമുണ്ടായിരുന്നു അപ്പോള്‍.
ശീതകാലമാണ്. പേനയില്‍ ഉറഞ്ഞുപോയ കവിതകള്‍. മരങ്ങള്‍ ഇലയുടുപ്പുകള്‍ അഴിച്ചുകളഞ്ഞ് നഗ്നരായി. അയാളാകട്ടെ തണുപ്പിനെതിരെ തന്റെ മുറിയുടെ വാതില്‍ തന്നെ കൊട്ടിയടച്ചുകളഞ്ഞു. ഇത്തവണയും ശിശിരത്തിന് ഒരു സ്തുതിഗീതമെഴുതുവാനുണ്ട്; എന്തായാലും തണുപ്പ് വിട്ടുപോകട്ടെ. അയാള്‍ ജനാലയുടെ ചില്ലുപാളി തുറക്കാതെ സന്ധ്യയിലേക്ക് നോക്കി. കട്ടികൂടിയ മഞ്ഞ് മൂടിനില്‍ക്കുന്നു.
‘മഞ്ഞ് മരിച്ചവരുടെ ശിരോവസ്ത്രം’ ശിശിരത്തെക്കുറിച്ചുള്ള കവിത അങ്ങനെ തുടങ്ങണമെന്ന് അയാള്‍ തീരുമാനിച്ചു. തണുപ്പുകൊണ്ട് അയാള്‍ വിറയ്ക്കുകയായിരുന്നു. ഒരു സിഗററ്റുണ്ടായിരുന്നെങ്കില്… ഒഴിഞ്ഞ കൂടുകള്‍ മാത്രമേ ബാക്കിയുള്ളു. ശൂന്യമായ ഒരു നോട്ടത്തിലൂടെ, അയാള്‍ ഏതോ കാഴ്ചകള്‍ക്കായി തിരഞ്ഞു. ഒന്നുമില്ല. ഒന്നും…
അപ്പോള്‍ ചുമരില്‍ എന്തോ അനങ്ങുന്നുണ്ടെന്നു തോന്നി.
ശലഭത്തിന്റെ രാത്രി
അതൊരു ശലഭമായിരുന്നു. ചുണ്ടുകള്‍ ചുമരില്ത്തൊട്ട് അനങ്ങാതെ നില്ക്കുന്ന അതിന്റെ ചിറകുകളില്‍ നിറങ്ങള്‍ ഒളിച്ചിരിപ്പുണ്ട്.
അതെന്തോ ധ്യാനിക്കുകയാണെന്നു തോന്നും.
എങ്കിലും അകാരണമായ ഒരു ഭയമുണ്ടായി അയാള്‍ക്ക്. നിശ്ചേതനമായ അക്ഷരങ്ങള്‍ക്കും, ചിറകരിയപ്പെട്ട സ്വപ്നങ്ങള്‍ക്കുമൊപ്പം. ഏറെ നാളായി ജീവിക്കുകകൊണ്ട് ഒരു ജീവിക്കൊപ്പം രാത്രി കഴിച്ചുകൂട്ടുവാന്‍ അയാള്‍ പേടിച്ചു. ഒരു ശലഭമാണെങ്കില്ക്കൂടി, അത് ദുഷ്ക്കരമായിരുന്നു.
കുറച്ചുനേരം കഴിഞ്ഞു. അതിനെ ഒഴിവാക്കണമെന്നുതന്നെ അയാള്‍ നിശ്ചയിച്ചു. അല്ലെങ്കില്‍ സംശയങ്ങളുമായി ഉറങ്ങാതെ ആ രാത്രിയും തീര്‍ന്നുപോകും. ഉപേക്ഷിക്കപ്പെട്ട ഉറക്കങ്ങള്‍ കലണ്ടറില്‍ കൂടിവരുന്ന കാലമായിരുന്നു.
അയാള്‍ പഴയൊരു ചൂല് കണ്ടെടുത്തു. എത്രയും പതുക്കെ ആ ശലഭത്തെ സ്പര്‍ശിച്ച് പുറത്തേക്കു നയിക്കാമെന്നായിരുന്നു അയാള്‍ വിചാരിച്ചത്. അതിന്റെ ചിറകുകള് പൊഴിയുകയോ മുറിപ്പററുകയോ അരുത്; ഭൂമിയില്‍ നിറങ്ങള്‍ കായക്കുന്നത് പുമ്പാററകള് ഇലകളായി നിന്ന ഒരു വലിയ വൃക്ഷത്തിലാണെന്ന് അയാള്‍ കേട്ടിരുന്നു.
ചൂലിന്റെ അററം പിടിച്ച് അയാള്‍ ശാന്തമായി വീശി. ഒരു സ്വപ്നത്തില്‍ നിന്നും ചിറകുകുടഞ്ഞശേഷം പൂമ്പാററ അതേ നില്പു തുടര്‍ന്നു. ഒരു പക്ഷേ മറ്റേതെങ്കിലും സ്വപ്നം, മറ്റേതോ ഓര്‍മ്മ. അയാള്‍ വീണ്ടും വീശി. ഇത്തവണ ഒരു പുല്‍നാമ്പ് ശരിക്കും അതിനെ തൊട്ടുകാണണം. പതുക്കെ, കുറച്ചുകൂടി ഉയരത്തിലേക്കു പറന്നുകൊണ്ട് അതു മറ്റൊരു സ്ഥലം കണ്ടെത്തി ആ നിശ്ചലധ്യാനം തുടര്‍ന്നു.
പിന്നെ,ശിശിരത്തിന്റെ ധവളഗംഭീരമായ തുറസ്സു കാണിച്ച് അതിനെ പ്രലോഭിപ്പിക്കാമെന്ന് അയാളുറച്ചു. വാതില്‍പ്പാളി തുറന്നപ്പോള്‍ വന്ന തണുപ്പ്, പക്ഷേ അയാളെത്തന്നെ സ്തബ്ധനാക്കി. ഹൌ! അയാള്‍ പറഞ്ഞു. പിന്നെ ഒരു പൂമ്പാററയ്ക്കു കടന്നുപോകാന്‍ പോന്നത്ര ചെറിയൊരു സുഷിരം ബാക്കി നിര്‍ത്തി ആ വാതില്‍ പതുക്കെ ചാരി.
ഒന്നു രണ്ടു തവണ വീണ്ടും ശ്രമിച്ചെങ്കിലും, ഒരല്പം കൂടി ഉയര്‍ന്നുചെന്ന് നിലയുറപ്പിച്ച ശേഷം പൂമ്പാററ അയാള്ക്കപ്രാപ്യയായി. താഴെ, മുഷിഞ്ഞ വസ്ത്രങ്ങളും ചാരവും ഗ്രന്ഥക്കെട്ടുകളും നിറഞ്ഞ കവിയുടെ ഉലഞ്ഞ പുന്തോട്ടവും അതിലെ തളര്‍ന്നുപോയ പൂക്കളും അതിനെ ആകര്‍ഷിച്ചതേയില്ല. ഇരുട്ടില്‍ അയാള്‍ ഉറക്കം കാത്തു കിടന്നു. ഉളളിലെ ഒരു മുറിയില്‍, എല്ലാ വാതിലുകളും അടച്ചുകൊണ്ട്; പഴുതുകള്‍ മൂടിക്കൊണ്ട്. ഇടയ്ക്കിടെ, ചില അപൂര്‍ണ്ണ സ്വപ്നങ്ങള്‍ക്കു വെളിയിലേക്കു തലയിട്ട്, കൈകാലുകള്‍ വീശി അയാള്‍ പൂമ്പാററയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു.
നിറങ്ങള്‍
പ്രഭാതത്തില്‍, നിദ്ര തീര്‍ത്തും അററുപോയപ്പാള്, ക്ഷീണിതനായ അയാള്‍ ആ ശലഭത്തെ അന്വേഷിച്ചു. വിണ്ട ചുമരിന്റെ ഇടുക്കുകളിലും മുകള്‍ത്തട്ടിലും തറയിലുമൊക്കെ നേക്കി. ഇല്ല, ഒരു പൂമ്പാററ വസിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ല. പുറത്ത് ഇളവെയിലുണ്ടായിരുന്നു. വാതില്‍ തുറന്ന് വെയില് കായണമെന്ന് അയാള്‍ ആഗ്രഹിച്ചു.
‘മഞ്ഞ് മരിച്ചവരുടെ ശിരോവസ്ത്രം’ എന്ന വരി അപ്പോഴേക്കും അയാള്‍ മറന്നുപോയിരുന്നു. ആ വരി മറന്നതുകൊണ്ടുമാത്രമാണ് അയാള്‍ ശീതകാലത്തിന്റെ സ്തുതിഗീതം എഴുതാന്‍ മടിച്ചതും.
അയാള്‍ ചുററുപാടും ഒന്നുകൂടി നോക്കി. പാററകളോ ഉറുമ്പോ ചിലന്തിയോ ഒന്നുമില്ല.
അയാള്‍ ഉന്മേഷത്തോടെ, ഒരു ധീരനായി നടിച്ചുകൊണ്ട് ജാലകങ്ങളും വാതിലുകളും ഒന്നൊന്നായിത്തുറന്നു.
പ്രഭാതത്തിലെ വെളിച്ചം ശാന്തമായിരുന്നു.
അപ്പോള്‍ അയാള്‍ കണ്ടു: ആ വെളിച്ചത്തില്‍ ഒരായിരം ശലഭങ്ങള്‍ പുളളിച്ചിറകുകളുമായി പറന്നുനടക്കുന്നു. നിറങ്ങളുടെ വൃക്ഷം ഇല പൊഴിച്ചുകാണണം. നിറങ്ങളുടെ ഉത്സവമായി എത്ര പൂമ്പാററകള്‍! മഴവില്ലുകള്‍ വീണു ചിതറിയ പോലെ.
ഇവയ്ക്കിടയില്‍ ഏതാണ് തന്റെ ശലഭം; തന്റെ മാത്രം നിറം?
തലേന്നാള്‍ താന്‍ പറത്തിവിടാനാശിച്ച ഒരു പൂമ്പാററയെയാണ് അവയ്ക്കിടയില്‍ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത്.