ബാഘ്ബഹാദൂര്‍
ബാഘ്ബഹാദൂര്‍ | |
---|---|
ഗ്രന്ഥകർത്താവ് | ഇ. സന്തോഷ്കുമാർ |
മൂലകൃതി | ഗാലപ്പഗോസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗൃന്ഥകർത്താവ് |
വര്‍ഷം |
2000 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 98 |
ബാഘ്ബഹാദൂര്‍[1]
‘ജാലകങ്ങള്‍’ — വര്‍മ ആ പേര് പല തവണ മനസ്സില്‍ വായിച്ചു.
കുറച്ചുനാള്‍ മുന്‍പ്, എന്തിനോ മകളുടെ പഠനമുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ അവളൊരു തടിയന്പുസ്തകത്തിലേക്ക കണ്ണുംനട്ടിരിക്കുകയായിരുന്നു. ചുമരില്‍ വീണിരുന്ന വലിയ നിഴല്‍. അവളുടെ മുഖത്തെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. താന്‍ വായിക്കുന്ന പുസ്തകത്തിലേക്ക് അച്ഛന് കൌതുകത്തോടെ നോക്കി നില്‍ക്കുന്നത് അല്പനേരം കഴിഞ്ഞാണ് അവള് കണ്ടത്. നേരിയ അമ്പരപ്പോടെ, ഒരു ചോദ്യം പ്രതീക്ഷിക്കുന്ന മട്ടില്‍ അവള് മുഖമുയര്‍ത്തിനോക്കി.
“നീയെന്താണ് പഠിക്കുന്നത്?” അയാള്‍ പുസ്തകമെടുത്ത് പേരുവായിച്ചു. “വിന്‍ഡോസ് 95, — ജാലകങ്ങള്‍, അല്ലേ?” പുസ്തത്തിന്റെ ചട്ടയിലെ മഞ്ഞയും കുറുപ്പും ചുവപ്പുമെല്ലാം വെളിച്ചത്തില്‍ പ്രത്യേകം തിളങ്ങി.
“ജാലകങ്ങളോ? ഞാനങ്ങനെ വിചാരിച്ചില്ല. വിന്‍ഡോസ് എന്നുവെച്ചാല്‍… വിന്‍ഡോസ്. കമ്പ്യൂട്ടര്‍ പുസ്തകമാണ്.”
“പഠിക്കുമ്പോള്‍ എല്ലാം നോക്കണം. പേരുകളൊക്കെ ശരിക്കും. നിനക്കുതന്നെ പേരു കണ്ടുപിടിക്കാന്‍ ഞാനെത്രയാണ് ആലോചിച്ചിട്ടുള്ളത്. ആട്ടെ, ഇത്രയും നല്ല പേരും കമ്പ്യൂട്ടറും തമ്മിലെന്താണ് ബന്ധം?”
“ഓ…” അവള്‍ക്കു ചിരി വന്നു, “അതൊരു പേര്, പേരിലെന്തിരിക്കുന്നു? വിന്‍ഡോസ് 98ന്റെ എഡിഷന് കാത്തിരിക്കുകായാണ് ഞങ്ങള്‍.”
“അതെയോ? അപ്പോള്‍ ഇതെന്തു ചെയ്യും?”
“അപ്പോള്‍ — അപ്പോള്‍പ്പിന്നെ അതു മതിയാവും.”
“പകരം ഒന്നു വരുമ്പോഴേക്കും ഇതെല്ലാം വേണ്ടെന്നാവുമോ? ആളുകള്‍ എല്ലാം മറക്കും. കാര്യങ്ങള്‍ വേഗമാകുമ്പോള് ഓര്മ കൂടുതല്‍ വേഗത്തില്‍ ചുരുങ്ങുന്നു. പബ്ലിക് മെമ്മറി ഈസ് മിസറബിളി ഷേര്‍ട്ട്.”
“അച്ഛന് എന്താ പറയുന്നത്? പുതിയ പുതിയ കാര്യങ്ങളാണ് വരുന്നത്. അങ്ങനെയല്ലേ വേണ്ടതും?”
“ഞങ്ങള്‍ പഴയ ആളുകള്‍. പഴഞ്ചന്‍ ശീലങ്ങളേ ഞങ്ങള്‍ക്കു ചേരു. ഓഫീസിലും ഇതിന്റെ ബഹളമാണിപ്പോള്‍. എന്റെ ക്യാബിനിലും ഒന്നു വെക്കണമെന്ന് ബോസ് പറഞ്ഞു. ഞാന്‍ മടിച്ചിട്ടാണ്. എനിക്കിതൊന്നുമറിയില്ല…”
“ഒന്നുമറിയാനില്ല,” നിസ്സാരമട്ടില്‍ അവള് പറഞ്ഞു. “എല്ലാം ഓരോരോ ചിത്രങ്ങളായി കാണുകയല്ലേ. വെറുതെ മൌസ് ക്ലിക്ക് ചെയ്താല്‍ മാത്രം മതിയല്ലോ.”
മൌസ്? ചുണ്ടെലി! നീ പറഞ്ഞത് ശരിയാണ്. ഞാനിപ്പോഴാണ് ശരിക്കും ഓര്‍ക്കുന്നത്. അതിന്റെ ആകൃതിയും അതുതന്നെ. ചുണ്ടെലി…”
”ഓ-എന്തിനും ഒരു ട്രാൻസ്ലേഷൻ! സോ സിംപിള്‍, അച്ഛന് ശ്രമിക്കാഞ്ഞിട്ടാണ്.”
അവളുടെ മുറിയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ വര്‍മ ‘ജാലകങ്ങളെ’ക്കുറിച്ചുതന്നെ ആലോചിച്ചു. പണ്ട് വീട്ടില്‍, മുന്‍വശത്തെ മുറിയിലെ അഴികളിട്ട ജനല്‍ തുറന്നാല്‍ വളരെ ദൂരത്തോളം പാത കാണാനാകുമായിരുന്നു. അവിടെക്കു വരുന്ന കാളവണ്ടികള്‍, നിരനിരയായി പോകുന്ന കൃഷിപ്പണിക്കാര്‍, വല്ലപ്പോഴും വരാറുള്ള അപരിചിതരായ വില്പനക്കാര്, മഴക്കാലത്ത് മഴനുലുകള്‍ വളച്ച് പേടിപ്പെടുത്തുംവിധം പാഞ്ഞടുക്കുന്ന കാറ്റുകള്‍… അയാള്‍ ജാലകങ്ങളെക്കുറിച്ച് അങ്ങനെയോര്‍ത്തു. ചുണ്ടെലികള്‍ എന്തുകൊണ്ടോ മറന്നുപോയിരുന്നു.
പക്ഷേ, അയാളുടെ ഉറക്കത്തിലൂടെ ചുണ്ടെലികള്‍ പാഞ്ഞുനടന്നു. രോമം മുളയ്ക്കാത്ത അവയുടെ ഉടലുകള്‍ ദേഹത്തുകൂടെ അതിദ്രുതം നീങ്ങുന്നത് അറപ്പുളവാക്കുമായിരുന്നു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവ വളരുകയാണ്. ചിലപ്പോള്‍, ചുററുപാടും നോക്കിക്കൊണ്ട് എന്തോ കരണ്ടുതിന്നുകയും. എന്താണ് കരളുന്നത്? ഛേ…അയാള്‍ പിറുപിറുത്തു; ഉറക്കം അയാളെ വിട്ടുപോയി.
“എന്താണ്? എന്തുപററി നിങ്ങള്‍ക്ക്?”
അയാള്‍ അപരിചിതമായൊരു ഭാവത്തോടെ ഭാര്യയെ നോക്കി.
“അവററ… എത്രയെണ്ണമാണെന്നറിയാമോ?”
“ആര്? എന്തിനെപ്പററിയാണീപ്പറയുന്നത്?”
“അതോ… ചുണ്ടെലികള്‍” – അയാള്‍ കിതച്ചു.
“എലികളോ! ഇവിടെയോ? ഞാനൊരിക്കലും കണ്ടിട്ടില്ല.”
അയാള്‍ ഓര്‍മ്മകളിലേക്കു വന്നു. നിദ്രയെ കരണ്ടുകളഞ്ഞ ചുണ്ടെലികളെയോര്ത്ത് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. “ഒന്നുമില്ല. ഞാനെന്തോ സ്വപ്നം കണ്ടുണര്‍ന്നു. ഉറങ്ങിക്കൊളു.”
“അതെന്താ, നിങ്ങളുറങ്ങുന്നില്ലേ? മണി മൂന്നായതേയുള്ളു.”
“അതേ. എന്തോ ഉറക്കം പോയി. വല്ലതും വായിച്ചിരിക്കാം.”
അയാള്‍ ബെഡ്റൂമിലെ ലൈററണച്ച് മുറിക്കു വെളിയില്‍ വന്നു. മേശപ്പുറത്ത് വിപണിയെക്കുറിച്ചുള്ള മാനേജ്മെന്റ് പുസ്തകങ്ങളുടെ വലിയ അടു
ക്കുകള്, ജേണലുകള്‍, സ്ഥിതി വിവരക്കണക്കുകള്‍. തിളങ്ങുന്ന കടലാസില്‍ അച്ചടിച്ച, രണ്ടുവര്‍ഷത്തെ താരതമ്യപഠനങ്ങളുള്ള കമ്പനിയുടെ ബാലന്‍സ് ഷീററ്. വിട്ടുപോയ ഉറക്കത്തിന്റെ ലിപിയിലൂടെ അയാള്‍ അവയെല്ലാം നോക്കി. പീററര് ഡ്രക്കര്‍, ഫിലിപ്പ് കോട്ലര്… ഹാര്‍വാഡില്‍ പഠിക്കാവുന്നതും പഠിപ്പിക്കാത്തതുമായ പുസ്തകങ്ങള്‍, തന്ത്രങ്ങള്‍ ആല്വിന്ടോഫ്ളര്, പോസ്ററ് ക്യാപ്ററലിസ്ററ് സൊസൈററി. എന്റ് ഓഫ് ഹിസ്റററി… (കുട്ടികളേ, ചരിത്രം മരിച്ചു!)
അപ്പോള്‍ ഒരു പുലിവേഷം ഓടിയകലുന്ന കാഴ്ച. പിറകെ, ആയുധധാരികളായ വേട്ടക്കാര്‍. മൃഗവും വേട്ടക്കാരും നിറമുള്ള ചിത്രമായിത്തീരുകയാണ്. പുഴയിലേക്ക് ഭയത്തോടെ ഊളയിടുന്ന പുലിവേഷം. ജലത്തില്‍, പിന്നെ വേഷമലിഞ്ഞു പോവുകയായി.
സ്വപ്നത്തിന്റെ ഉപരിതലത്തില്‍ നിറമുള്ള കുമിളകള്‍ തുടര്‍ന്നു. എന്നാല്‍ പൂര്‍ണ്ണമായും അതൊരു സ്വപ്നമായിരുന്നില്ല.
ഇപ്പോള്‍ ഉണര്‍വിലും ഉറക്കത്തിലും അയാള്‍ ‘ബാഘ്ബഹാദൂര്‍’ ഓര്‍ക്കുന്നു. നോന്പുരയിലെ കടുവാനൃത്തങ്ങൾ അയാളെ വിട്ടൊഴിയുന്നില്ല.
നഗരാതിര്‍ത്തിയിലെ പഴയൊരു ടാക്കീസില്‍ ഒഴിഞ്ഞ കസേരകള്കള്ക്കിടയില് മിക്കവാറും ഒററപ്പെട്ട് വര്‍മ്മ സിനിമ കാണുകയായിരുന്നു, കുറച്ചുനാള്‍ മുന്‍പ്. ചെറുപ്പകാലത്തെ സൌഹൃദവലയത്തിലെ നിര്ബന്ധമനസ്കരായ ചില കൂട്ടകാരാണ് വര്‍മയെ ഈ ഫിലിം സൊസൈററി മെമ്പര്‍ഷിപ്പ് പിടിപ്പിച്ചത്. യഥാര്ത്ഥതതില് മിക്ക ചിത്രങ്ങള്‍ക്കും പോകാന്‍ അയാള്ക്കൊഴിവില്ലായിരുന്നു. കാണുന്ന ചിത്രങ്ങള്‍തന്നെ പാതിവഴിയിലുപേക്ഷിക്കുകയുമാവും. പിന്നെയും, എന്തുകൊണ്ടോ ആ മെമ്പര്‍ഷിപ്പ് പുതുക്കിപ്പോന്നിരുന്നു എന്നുമാത്രം. പലരെയും കാണുവാന്‍, ഭാരങ്ങളില് നിന്നൊഴിഞ്ഞ് അവരിലൊരാളാണെന്നു കരുതാന്‍ അത്രയുമൊക്കെയേ വേണ്ടു. ചിലപ്പോള്‍ ചിത്രങ്ങള്ക്കിടയില്വച്ച് ഉറക്കം അയാളെ പിടികൂടുവാനും മതി. എലികള്‍ കരണ്ടെടുക്കാതെ, സ്വപ്നരഹിതമായ ഒരു ഉറക്കം.
പിന്നെയെന്തുകൊണ്ടാണ് ‘ബാഘ്ബഹാദൂര്‍’ തന്നെ ആര്‍ഷിച്ചത്? കുറെ നാളായി ഉണര്‍വിലും ഉറക്കത്തിലും വിട്ടൊഴിയാതെ പിന്തുടരുന്നത്?
ചെണ്ടയുടെ അകമ്പടിയോടെ ഒരു പുലിവേഷം. ഒരു പുലിക്കു വേണ്ടതിലുമധികം ചായങ്ങള്‍ തേച്ചുപിടിപ്പിച്ച് അല്പവസ്ത്രധാരിയായ ഗുനുറാം. (ഒരു പുലിയിലുമധികം, അയാളൊരു കോമാളിയെ ഓര്‍മ്മിപ്പിച്ചു)
ഗുനുറാമിന്റെ ഒഴിവുകാലങ്ങള്‍ പുലിനൃത്തത്തിനുള്ളതാണ്. നേന്പുര എന്ന ഗ്രാമത്തില്‍ വൃദ്ധനായ അയാളുടെ ചെണ്ടക്കാരനുണ്ട് — സിബാല്‍. അയാളുടെ മകള്‍ രാധ ഗുനുറാമിന്റെ സ്വപ്നങ്ങളില്‍ ഇടം തേടിയിരിക്കുന്നു. (ഒരിക്കല്‍, ഏറെ നേരം അയാള്‍ കണ്ണാടിയില്‍ ഭംഗിനോക്കുന്നത് അവള് പുറത്തുനിന്ന് വീക്ഷിച്ചിട്ടുണ്ട്). നോന്പുരയിലെ നൃത്തങ്ങളില്‍ അയാള്‍ക്കൊരു പുലിയാവണം. അതിനുവേണ്ടിയാണ് ഒഴിവുകാലത്ത് അയാള്‍ അവിടേക്കു വരുന്നതുതന്നെ. അയാളുടെ ചുറ്റും ഗ്രാമത്തിന്റെ സദസ്സുണർന്നു. ചെണ്ടയും.
“ഒരു മൃഗമായി അഭിനയിക്കലാണ് ഏറ്റവും പ്രയാസം,” സിനിമയ്ക്കുശേഷമുള്ള ഒരു രാത്രിയിൽ വർമ്മ ഭാര്യയോടു പറഞ്ഞു. “‘മനുഷ്യനായി അഭിനയിക്കാൻ ആർക്കാണ് പറ്റാത്തത്! ഒരു പക്ഷേ, ഒന്നു വെറുതെ നിന്നുകൊടുത്താലും മതിയല്ലോ, ഒരു മൃഗമായിത്തീരുക… അതൊരു കലതന്നെയാണ്.”
ചെറുപ്പകാലത്തെ നാടകങ്ങളിലെ മനുഷ്യവേഷങ്ങളുടെ നിര അയാൾക്കോർമ്മവന്നു.
ചെണ്ട ശബ്ദിക്കുകയായി. ഗുനുറാമിന്റെ പുലിവേഷത്തെ വലയം ചെയ്ത് ആൾക്കൂട്ടം. ചെണ്ട മുറുകിത്തുടങ്ങി.
അപ്പോൾ ജനക്കൂട്ടം ചിതറുന്നതുകാണുന്നു. ജനത്തിന് മുന്നിലേക്ക് ഒരു യഥാർത്ഥപുലിയുടെ വരവാണ്. സാംബയുടെ സർക്കസ്. ശരിയായ പുലി; വേഷങ്ങളില്ലാത്ത അലർച്ചകൾ. ഒരു നഗരം നാമാവശേഷമാകുന്നതുപോലെ ഗുനുറാമിന്റെ സദസ്സ് ഇല്ലാതായി.
“നിർമ്മലേ, ഒരു യഥാർത്ഥ കടുവ. അല്ലെങ്കിൽ കടുവാ വേഷം. ഏതാണ് തനിക്കിഷ്ടം?”
കോമാളിത്തം നിറഞ്ഞ ചോദ്യമായാണ് നിർമ്മലയ്ക്കു തോന്നിയത്.
“എന്തോ, എനിക്കറിഞ്ഞുകൂടാ.”
“എന്നാലും…”
“എനിക്കു രണ്ടും പേടിയാണ്.”
“ഛേ, എന്തുപേടിക്കാൻ?” വർമ്മ ഗൗരവത്തോടെ തുടർന്നു. “ഒരു കലാകാരന്റെ വിധി തന്നെയാണ് വേഷം. എന്നാൽ ഇപ്പോൾ ആളുകൾ കലാകാരനെ മറക്കുന്നു. അവർ കലയ്ക്കുപകരം യാഥാർഥ്യത്തിലേക്കാണ് നോക്കുന്നത്. എന്തിനും ഏതിനും യാഥാർഥ്യം തിരയുമ്പോൾ പിന്നെ കലാകാരനെന്തുചെയ്യും?”
അതുതന്നെയാണ് പ്രിയപ്പെട്ട ഗുനുറാം, നിങ്ങളുടെ വിധി. നിങ്ങളെ അറിയാൻ വാദ്യക്കാരനായ വൃദ്ധൻ മാത്രം അയാളുടെ വയസ്സൻ ചെണ്ടയുടെ സഹതാപാർഹമായ ഒച്ചകൾ മാത്രം. രാധപോലും യഥാർഥപുലിയെത്തേടി പോകുകയാണ്.
ഓഫീസിലെ ക്യാബിനിൽ, സിനിമാ ഹോളിലേതുപോലുള്ള ഏകാന്തതനിറയവേ, ഫോൺ ശബ്ദിച്ചു. “യേസ്?”
“മി. വർമ. ഇൻഡോറിലേക്കയക്കേണ്ട കാർഗോയുടെ ലിസ്റ്റ് തന്നിരുന്നല്ലോ. വാട്ടീസ് ഔർ റേറ്റ്? അവർ പിന്നേയും വിളിക്കുന്നു.”
“ഞാൻ ഫൈനൽ സ്റ്റേജിലാണ് സാർ.”
“സീ. സ്റ്റിഫ് കോംപറ്റീഷനുണ്ട്. നമ്മുടേതായിരിക്കണം ലോവസ്റ്റ്. മാക്സിമം ഡിസ്കൗണ്ടുകൾ കൊടുക്കാം. ഐ. മീൻ വി ഷുഡ് ഗെറ്റ് ദ ബിസിനസ്. നിങ്ങൾക്ക് സ്വാതന്ത്ര്യമെടുക്കാമെന്നർത്ഥം. ഓർ, ബെറ്റർ യൂ കോണ്ടാക്റ്റ് മി. ഹേമന്ത്, അയാളൊരു എക്സ്പർട്ടാണല്ലോ.”
“വേണ്ട സർ, ഞാനുടനെ തരാം.”
താല്പര്യമില്ലാത്ത മട്ടില്‍ സംഭാഷണം നിലച്ചു.
ഹേമന്ത്? ഹേമന്ത് ജെയിന്.
ഇത്രയുംകാലം ഇയാളില്ലാതെയും കാര്യങ്ങള്‍ നടന്നിരുന്നുവല്ലോ. ഇതുവരെ താന്‍ മതിയായിരുന്നു ബോസിന്. ഹേമന്തിന് തന്റെ മകളെക്കാള്‍ എത്ര വയസ്സ് മൂപ്പുകാണും?
ഹേമന്ത് ജെയിന്, സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും എം. ബി. എ. (മാര്‍ക്കറ്റിംഗ് സ്പെഷ്യലൈസേഷന്) — കമ്പനിയില്‍ ചേരുന്നതോടെ തന്റെ റോള്‍ വല്ലാതെ ഇടിഞ്ഞുപോയിരിക്കുന്നു. മിക്കവാറും എല്ലാററിനും ഹേമന്ത് മതി. അയാളുടെ വിരല്‍തുമ്പില്‍ നിരക്കുകള്‍; നാവില്‍ കൂലീനമായ ഉച്ചാരണം, മുന്നില്‍ വര്‍ണ്ണശബളമായ കമ്പ്യൂട്ടര്‍ സ്ക്രീന്‍. അയാള്‍ക്കെല്ലാമറിയാം. എല്ലാം. തനിക്കെന്തറിയും?
ബോംബെയിലെ ഏതോ പഴഞ്ചന്‍ കെട്ടിടത്തില്‍ സമയബോധമില്ലാതെ, മഴയുടെ ശബ്ദത്തില്‍ ചലിച്ചുകൊണ്ടിരുന്ന ഒരു ടൈപ്പ് റൈറററിന്റെ പിന്നിലിരുന്നു കഴിഞ്ഞുകൂടിയ ഒരു മുത്തശ്ശിക്കഥയിലെ ബാക്കിയായ കഥാപാത്രം. പിരിയാന്‍ ഏറിയാല്‍ മൂന്നു വര്‍ഷം.
അയാള്‍ ഫയലുകളില്‍ പരതി, നിരക്കു കണക്കാക്കി തിരിച്ചു ഡയല്‍ചെയ്തു. ആലോചനയിലെ അല്പനേരത്തെ മൌനത്തിനുശേഷം ബോസ് എത്രയും ശാന്തനായി പറഞ്ഞു. “മിസ്ററര് വര്മാ, യുവാര്‍ നേട്ട് ഫോളോയിങ്ങ് ദ റീസന്റ് ചേഞ്ചസ്.”
“സര്…”
“ആക്ച്വലി ഐ ഹാവ് കണ്സര്ട്ടഡ് ഹേമന്ത്; നിങ്ങളുടെ റേററുവെച്ച് ആരുവരും നമ്മുടെയടുത്ത്? സാഹചര്യം നോക്കണം നോക്കണം. ഇററീസ് നോട്ട് യുവര്‍ ഫോള്‍ട്ട്, ഐനോ. ഓള്‍ഡ് ചാപ്സ് ഡുനോട്ട് ലൈക് ടു ചേഞ്ച്, ഓര് ടേക് ചലഞ്ചസ്.”
ഫോണ്‍ ഒരു വസ്ത്രംപോലെ ക്രാഡിലിലേക്കഴിഞ്ഞുവീണു.
ഇത് ആദ്യമല്ല. താന്‍ പരിശോധിക്കപ്പെടുന്നു. തിരുത്തപ്പെടുന്നു. ഭാഷയിലെ പഴമപോലും ചോദ്യംചെയ്യപ്പെടുകയാണ്.
— സദസ്സും നഷ്ടമാവുകയാണ്.
അക്ഷരശ്ലോകങ്ങളില്‍ എല്ലായ്പ്പാഴും അയാള്‍ ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ തോററിരുന്നു. പണ്ട്, സ്ക്കൂള്‍കാലം. എന്നാല്‍ ഒരിക്കല്‍ കൂടുതല്‍ വേദനയോടെ തോററു.
അന്നൊരിക്കള് അവളെ തോല്പിച്ചു സന്തോഷത്തില്‍ നടന്നുവരികയായിരുന്നു. വഴിയില്‍ അവള് കണ്ടു.
“അതും എനിക്കറിയാമായിരുന്നു…” അവള് പറഞ്ഞു.
“എന്നിട്ടെന്തേ ചൊല്ലാഞ്ഞത്?”
“ഒരു തവണ ഇയാള്‍ ജയിക്കട്ടെ.”
“നുണ, വീമ്പടിക്കുന്നു.”
അതേ അക്ഷരത്തില്‍ തുടങ്ങുന്ന പല ശ്ലോകങ്ങളും അവള്ക്കറിയാമായിരുന്നെന്നായപ്പോള് വര്‍മ കരയുന്നതുപോലെയായി.
ഇപ്പോള്‍ പുസ്തകശാലയില്‍ ചെന്ന് മാനേജ്മെന്റ് ഗ്രന്ഥങ്ങള്‍ തിരക്കുകയാണയാള്. പഠനത്തിന് പ്രായമില്ലെങ്കിലും അതൊരു നിരന്തര പ്രക്രിയയാണെന്നും ബോസ് പറയുന്നതുകേട്ടാണ് അയാള്‍ ഈ കോഴ്സിനു ചേര്‍ന്നതുതന്നെ. പക്ഷേ, വായിക്കുമ്പോള്‍ ഇവയെല്ലാം മറുഭാഷയിലെഴുതപ്പെട്ടതുപോലെ.
“കമ്പ്യൂട്ടറിന് കവിത — അതായത് ശ്ലോകമെഴുതാനാകുമോ?” പിറ്റേന്ന് അയാള്‍ മകളോടു ചോദിച്ചു. ചിരിയോടെയാണെങ്കിലും ‘ഇല്ലെന്നു’ കേള്‍ക്കാനുള്ള ഒരാകാംക്ഷ ആ ചോദ്യത്തില്‍ നിഴലിച്ചിരുന്നു.
“ഉവ്വ്,” അവള് പറഞ്ഞു: “പക്ഷേ, വിഷയം നമ്മള് ആദ്യം കൊടുക്കണം. കഴിഞ്ഞ തവണ നമ്മുടെ റാണിയുടെ ബര്ത്ഡേക്ക് ഞാനൊരു ഗ്രീററിംഗ് കവിതയുണ്ടാക്കി.” (റാണി അവളുടെ പട്ടിയായിരുന്നു).
“വിഷയം ബര്ത്ഡേ ഗ്രീററിംഗ്സ്. ആരുടെ പേരിലാണ്? റാണി R…A…N…I (അവള് ആവര്‍ത്തിച്ചു). എത്രാമത്തെ? മൂന്ന്. ആരയയ്ക്കുന്നു? ഞാന്‍, അഞ്ജലീവര്മ,” അവള് സ്വയം ചൂണ്ടി അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു.
“അപ്പോള്‍ മോളെനിക്കൊരു കവിതയെഴുതിത്തരണം. നിന്റെ കമ്പ്യൂട്ടറില്‍. നീ ‘ജാലകങ്ങള്‍’ മറന്നില്ലല്ലോ അല്ലേ?”
“പക്ഷേ, ആരുടെ പേരിലാണ് കവിത? എന്തിനാണ്? എത്രവയസ്സ്. അയയ്ക്കുന്ന ആളുടെ പേരുമാത്രമല്ലേ എനിക്കറിയാവൂ.” അവള് പേനയെടുത്ത് തയ്യാറായി.
“അതൊന്നുമല്ല. ചില നാടന്‍ ഉത്സാഹങ്ങളെക്കുറിച്ച്, ഉദാഹരണത്തിന് പുലികളി.”
“പുലി… അതെന്തു വിഷയം? ഓണവും പുലിക്കളിയുമൊക്കെവെച്ച് കവിതയെഴുതുമോ ഇപ്പോള്‍ ആരെങ്കിലും? അതും കമ്പ്യൂട്ടര്‍!”
അയാള്‍ക്കു സംശയമായി. പുലിക്കളിക്കെന്താണ് തകരാറ്?
കാഴ്ചക്കാര്‍ നഷ്ടമായ ഗുനുറാം ഏകവാദ്യത്തിന്റെ തണുപ്പില്‍ ദുഃഖാകുലനായി പോകുകയായിരുന്നു. നടന്നു നീങ്ങുന്ന ഒരു പുലിവേഷം… തേങ്ങലുകള്‍ പോലെ ശബ്ദിക്കുന്ന ചെണ്ട.
ഗുനുറാമിന് പിന്നില്‍, ഒരു വാഹനം വന്നുനിന്നു. അതില്‍ നിന്നും തോക്കുകളേന്തിയ ഒരു സംഘം നായാട്ടുവേഷക്കാര് പുറത്തിറങ്ങി. നായാട്ടുകാരുടെ അതേ ചലനങ്ങള്‍. വേഷവും ഭാവവും. ഇതാ ഒരു വന്യമൃഗം: പ്രാകൃതന്, ഇവനെ വേട്ടയാടുക.
ഒരു താളവുമില്ലാതെത്തന്നെ ഗുനുറാം തിരിച്ചോടി. ഇവര്‍ തന്നെ വെടിവെച്ചു വീഴ്ത്തും. തോല് പൊളിച്ച് ഊറയ്ക്കിടും, കളിപ്പാട്ടങ്ങളും തുകല്‍ സഞ്ചികളുമുണ്ടാക്കും. ശരീരം വെട്ടിമുറിക്കും, ശിരസ്സുകപുക്കും. പല്ലുകെളെടുത്ത് നെഞ്ചില്‍ കാണുന്ന വിധം മാലയിലെ മുദ്രയാക്കും.
വേട്ടക്കാര്‍ പുറകില്‍ വരുന്നു. വഴിമുട്ടിയപ്പോള്‍ മൃഗം കീഴടങ്ങുകയായി. വേട്ടക്കാര്‍ തോക്കുകളേന്തി ചുററും നിന്നു. ഗുനുറാം — നിന്റെ വംശത്തിനു മേല്‍, ഇതാ ഞങ്ങള്‍ നായാട്ടുകാര്‍ തോക്കുകളേന്തിക്കൊണ്ട് അധീശത്വം സ്ഥാപിക്കുന്നു. ഫ്ളാഷ് മിന്നി.
(വന്യമൃഗത്തെ കീഴടക്കിയ നായാട്ടുസംഘം ചിത്രത്തിലേക്ക്: ഒരിക്കലും മരിക്കാത്ത ചരിത്രത്തിലേക്ക്).
നിരാശിതനായ ഗുനുറാം പുഴയിലേക്കുളിയിട്ടു. അയാളുടെ ചായങ്ങൾ ജലത്തിലലിഞ്ഞു പോയി. ജലോപരിതലത്തില്‍ പല നിറങ്ങള്‍ കുമിളകളായി തുടിച്ചു.
ഒരിക്കലും അഴിച്ചുകളായാനാവാത്ത ചമയങ്ങളുമായി ഈ രംഗം വര്‍മയെ പിടികൂടിയിരിക്കുന്നു.
കമ്പനി ഇന്റര്‍നെററില്‍ ആരംഭിക്കുന്ന വെബ്സൈററ് ഉദ്ഘാടനം ചെയ്യാനെത്തിയ (http://www.secure.com//) ജനറല്‍മാനേജര്‍ക്ക് ആശംസയുമായി വര്‍മ എഴുന്നേറ്റു. ഒരുപാടുനാളത്തെ പ്രയത്നം ആ സംസാരത്തിൽ നിഴലിച്ചിരുന്നു. വാക്യങ്ങള്‍ തോറും മാനേജ്മന്റ് സൂക്തങ്ങളുടെ തോരണം. ഗുരുക്കന്മാരുടെ ഭീഷ്മമായ നിരകള്‍. പീററര് ഡ്രക്കര്‍, വില്യം സ്റ്റാന്റണ്‍…
“അതിനാല്‍ നാം നമ്മുടെ കഴിവും കഴിവില്ലായ്മയും അവസരങ്ങളും ഭീഷണികളും… കണ്ടുപിടിച്ച് —”
എന്നാല്‍ പുസ്തകങ്ങളെ നിരാകരിക്കണമെന്നാണ് ഹേമന്ത് പറഞ്ഞത്. എന്തിനാണ് തയ്പിച്ചുവെച്ച സിദ്ധാന്തങ്ങള്‍? (വര്‍മ പറഞ്ഞ പല ഗുരുക്കന്മാരേയും അയാള്‍ ഖണ്ഡിക്കുന്നു). മുഖ്യമായതെന്താണെന്നുവെച്ചാല് നമ്മുടെ സമീപനമാണ്, കാഴ്ചപ്പാടാണ്. പഴയതെല്ലാം വലിച്ചെറിഞ്ഞേ മതിയാവൂ. സ്ഥിരമായിട്ടൊന്നു മാത്രമേയുള്ളു. അതു ‘മാററം’ മാത്രമാണ്.
എക്സ്പീരിയന്‍സിന്റെ ‘ഹാങ് ഓവറി’ല്ലാതെ ഈ യുവാക്കളെ നാം മാതൃകയാക്കണം. ജനറല്‍ മാനേജര്‍ ഉപസംഹരിക്കുകയായി.
അണിയുന്ന ചായങ്ങളെല്ലാം അലിഞ്ഞുപോകുന്നു. കെട്ടുന്നവേഷങ്ങല് അഴിയുന്നു. അയാള്‍ക്കുള്ളില്‍ ആരോ തേങ്ങി. ഓര്‍മയില്‍ ഒററ വാദ്യത്തിന്റെ പനിപിടിച്ച നാദം മാത്രം ബാക്കിയായി.
സര്‍ക്കസ് കൂടാരത്തിനു വെളിയില്‍ ഗുനൂറാം സാംബായെ വെല്ലുവിളിച്ചു.
–കൊണ്ടുവാ നിന്റെ കടുവയെ! അതിനോട് ഞാന്‍ യുദ്ധം ചെയ്യും. കലാകാരന്റെ കരുത്ത് ജനമറിയട്ടെ. നമുക്കിന്നു തന്നെ തീരുമാനിക്കണം. ആരാണ് വലിയവന്‍? കലാകാരനോ, ഈ കാടന്‍ മൃഗമോ?
ആര്‍ക്കും അയാളെ വിലക്കാനാവുന്നില്ല.
ആളൊഴിഞ്ഞ കസേരകളുടെ സഹവാസത്തില്‍ പേടിയോടെ ആ രംഗം കാണാനിരിക്കുമ്പോള് വര്‍മ്മ വിയര്‍ത്തിരുന്നു.
സിബാലിന്റെ ചെണ്ട മുറുകിത്തുടങ്ങി.
ചലനങ്ങള്‍… ചലനങ്ങള്‍. തുടക്കത്തില്‍ അയാളെ അവഗണിക്കുന്ന പുലി.
സദസ്സ് തിരിച്ചുവരുന്നു.
അയാളുടെ രാധ തിരിച്ചുവരുന്നു.
ചെണ്ട തുടരുകയാണ്. നിര്‍ത്താതെ, നിര്‍ത്താതെ…
ഒടുവില്‍, തളര്‍ന്ന് രണ്ടു സ്വരങ്ങള്‍ക്കിടയില്‍ കനത്ത മൌനത്തിന്റെ ദൂരം പടര്‍ത്തിയ വാദ്യത്തിന്റെ മങ്ങിയ ശ്രുതിയില്‍ രക്തം ഒരു ദുഃസ്വപ്നമായി വര്‍മയുടെ നിദ്രയിലേക്കൊഴുകിവന്നു.
ഉറക്കത്തില്‍ അയാള്‍ പേടിയൊടെ സംസാരിച്ചു.
“അവര്‍ വരും…”
മങ്ങിയ വെളിച്ചത്തില്‍ അയാള്‍ക്കൊരു പ്രവാചകന്റെ മുഖച്ഛായ കൈവന്നിരുന്നു.
“ആര്? ഇവിടെ ആരുവരാനാണ്?”
“അവര്‍… കണ്ടില്ലേ, ആ വേട്ടക്കാര്‍.”
“വേട്ടക്കാരോ?”
“അതേ, ജീപ്പില്‍ വന്ന് ബ്രേക്കിട്ട് പെട്ടെന്നിറങ്ങിയ, നരച്ച ജീന്‍സും കോളറില്ലാത്ത ഉടുപ്പുകളുമായി…”
“ഈശ്വരാ… എന്താണിത്?”
“വേഷങ്ങളായിട്ട് കാര്യമൊന്നുമില്ല നിര്‍മലേ. യഥാര്‍ത്ഥ മൃഗങ്ങള്‍… അത് അവര്‍ക്കുണ്ട്. എനിക്കാണെങ്കില്‍ കാഴ്ചക്കാരുമില്ലാതായി.”
ആരെയെങ്കിലും വിളിച്ചാലോയെന്നു കരുതി നിര്‍മല ഫോണിനടുത്തേക്ക് നടന്നു. എങ്കിലും, അയാളുടെ ഉറക്കത്തില്‍ നിന്നും സ്വപ്നത്തിന്റെ പതാകകള്‍ അഴിഞ്ഞു വീഴുകയായിരുന്നു അപ്പോള്‍.
“ഞാനെന്തോ കണ്ടുണര്‍ന്നു. ആര്‍ക്കാണ് ഫോണ്‍ ചെയ്യുന്നത്? ഈയിടെയായി ഉറക്കം ശരിയാകുന്നതേയില്ല.”
അയാള്‍ ഉലാത്താന്‍ തുടങ്ങി. ക്ലോക്കിന്റെ ശബ്ദം ഉലാത്തലിന്റെ താളമേറ്റെടുത്ത്.
അടുത്ത മുറിയില്‍ വിളക്കു തെളിഞ്ഞു. ഉലഞ്ഞ മുടി കെട്ടിവെക്കാന്‍ തുനിഞ്ഞ് മകള്‍ നടന്നുവരുന്നു. അവളുടെ നീളന്‍ നിശാവസ്ത്രത്തില്‍ തുന്നിയ പൂവുകള്‍ ചുളിഞ്ഞിരിക്കുന്നത് അയാള്‍ നോക്കി. എന്തോ ഓര്‍ത്തു കൊണ്ട് അത്രയും ശാന്തതയോടെ അയാള്‍ പറഞ്ഞു:
“ആ പേര് എനിക്ക് ശരിക്കും ഇഷ്ടമായി മോളേ, ‘ജാലകങ്ങള്‍… പണ്ട് നാട്ടിലെ നമ്മുടെ വീട്ടില്‍ പൂമുഖത്തോട് ചേര്‍ന്ന മുറിയില്‍ ജനാലകള്‍ തുറന്നാല്‍ അങ്ങററം വരെ നീളുന്ന പാത കാണാമായിരുന്നു. ഉച്ചസമയങ്ങളില്‍ പാതയില്‍ കൂടി കൂപ്പിവളക്കാരന് വരും, വലിയ ഭാണ്ഡങ്ങളുമായി. നീ കേള്‍ക്കുന്നുണ്ടോ? കുഞ്ഞായിരുന്നപ്പോള്‍ നീയും കുപ്പിവളകളിട്ടിട്ടുണ്ട്. ഇട്ട ഉടന്‍ തന്നെ ഒക്കെ പൊട്ടിച്ചുകളുയുമായിരുന്നു നീ. ഇന്ന് നീ ജാലകങ്ങളിലൂടെ എന്തെല്ലാം കാണുന്നു! അച്ഛനാണെങ്കില്‍, കണ്ണടവെച്ചാലും വ്യക്തമല്ല കാഴ്ചകള്‍. എത്ര സൂക്ഷിച്ചുനോക്കിയിട്ടും.” അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടര്‍ന്നു. — “ആരൊക്കെയോ വരുന്നുണ്ടാവണം. ഒററ സ്പര്ശത്തില് മാറിക്കാണ്ടിരിക്കും ചിത്രങ്ങൾ, ഇല്ലേ? പണ്ടുമതേ, എനിക്കീ കാഴ്ചകള്‍ കാണാന്‍, അവ മാഞ്ഞു പോവുന്നതും കണ്ടങ്ങനെ നില്ക്കാന് എന്തിഷ്ടമായിരുന്നു…”
അയാളുടെ കണ്ണുകളില്‍ നനവു പടരുന്നതെന്തുകൊണ്ടാണെന്ന് അവര്‍ക്കു മനസ്സിലായില്ല.
- ↑ ബാഘ്ബഹാദൂര്‍ = കടുവാവീരൻ (ബുദ്ധദേവ് ദാസ്ഗുപ്തയുടെ ചലച്ചിത്രം)