close
Sayahna Sayahna
Search

എഴുത്തിന്റെ വ്യാകുലതകള്‍; ജീവിതത്തിന്റെയും


‌← ഇ.സന്തോഷ് കുമാർ

എഴുത്തിന്റെ വ്യാകുലതകള്‍; ജീവിതത്തിന്റെയും
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

എഴുത്തിന്റെ വ്യാകുലതകള്‍; ജീവിതത്തിന്റെയും

ഇന്ന് ലോകത്തെവിടെയും രൂപപ്പെട്ടുവരുന്ന വൃത്തങ്ങളെല്ലാം തന്നെ ഏതെങ്കിലും ഒരു ലാഭകേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. കമ്പോളവ്യവസ്ഥയുടെ കേന്ദ്രബിന്ദുവിനു ചുറ്റും കറങ്ങുന്ന ജീവിതത്തില്‍നിന്നും യഥാര്‍ത്ഥ കലയും സാഹിത്യവും അതിരുകളിലേക്ക് നീക്കപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ, സംസ്കാരത്തിന്റെ ഭാഷ സംസാരിക്കുന്ന എഴുത്തുകാരന്‍ ഇന്ന് ഭ്രഷ്ടനായകനാണ്. കമ്പോളം അനുവദിച്ചുനല്‍കുന്ന ‘പ്രീപെയ്ഡ് ഭാഷ’ ഉപയോഗിക്കുന്ന എഴുത്തുകാരനാണ് ഇപ്പോള്‍ മാധ്യമനായകന്‍. അമിതലാഭം കൊയ്യുന്ന കൊയ്ത്തുയന്ത്രങ്ങളെയാണ് പ്രസാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ആവശ്യം. ജനപ്രിയ സാഹിത്യത്തെ മഹത്വവല്‍ക്കരിക്കുന്ന നൂതനസാഹിത്യസിദ്ധാന്തങ്ങള്‍ സംരക്ഷിക്കുന്നത് ഇത്തരം വ്യാപാരതാല്പര്യങ്ങളെയാണ്.

യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കുകയല്ല ഇന്ന് കലാകാരന്റെ നിയോഗം; യഥാര്‍ത്ഥ്യവുമായി അപകടകരമാംവിധം മല്‍പ്പിടുത്തം നടത്തുക എന്നതാണ്. മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന പ്രവാഹം എന്ന നിലയില്‍ മതാതീതമായ ആത്മീയ മൂല്യങ്ങളെ ചിത്രീകരിക്കുന്ന കലയ്ക്കും സാഹിത്യത്തിനും പൗരധര്‍മ്മത്തെക്കാള്‍ ഉയര്‍ന്ന ധര്‍മ്മ നിര്‍വ്വഹണ നിയോഗങ്ങളാണുള്ളത് എന്ന് നാമോര്‍ക്കാറില്ല. ഉപരിപ്ലവമായ പൗരബോധത്തിലും കേവലമായ നന്മയിലും ഊന്നി നീങ്ങുന്ന രചനകളെയാണ് മേല്‍ സൂചിപ്പിച്ച സാഹിത്യവ്യാപാരികള്‍ ഉത്തമസാഹിത്യമായി വിലയിരുത്തിപ്പോരുന്നത്. ഇത് സാഹിത്യത്തെ പലതുകൊണ്ടും ഒരു ‘ഇത്തിരിവട്ട’ മായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എഴുത്തുകാരന്‍ യഥാര്‍ത്ഥ്യങ്ങളുടെ ഛായാഗ്രാഹകന്‍ മാത്രമാണോ? ഇ. സന്തോഷ്കുമാര്‍ ഈ സമാഹാരത്തിലെ കഥകളിലൂടെ മുഖ്യമായും ഉന്നയിക്കുന്ന സൗന്ദര്യപ്രശ്നം ഇതാണ്. വ്യവസ്ഥാപിത സാഹിത്യമൂല്യങ്ങളുടെ വിചാരണവേളയില്‍ മറ്റുപുതിയ കഥാകൃത്തുകളും ഉയര്‍ത്തുന്ന ചോദ്യവും ഇതുതന്നെ. പൗരബോധത്തെക്കാള്‍ മനുഷ്യാസ്തിത്വത്തിന്റെ കേവല പ്രശ്നങ്ങളില്‍ ഊന്നിക്കൊണ്ടുള്ള എഴുത്തിന്റെ വ്യാകുലതകളാണ് ഈ സമാഹാരത്തിലെ കഥകളുടെ ആധാരശില.

ജീവിതം എഴുത്തുകാരനെ പുറംതള്ളുമ്പോള്‍ അയാള്‍ തന്റെ ലിഖിത സാമ്രാജ്യത്തില്‍ നിന്ന് ജീവിതത്തെയും പുറം തള്ളൂകയാണ്. അങ്ങനെ ജീവിതം മൂല്യങ്ങളുടെ മരണഗൃഹമായിരിക്കെ, ഇനിയും മരിക്കാത്ത മൂല്യങ്ങളുറങ്ങുന്ന അക്ഷരലോകത്തിന്റെ വിശുദ്ധിയിലേക്ക് അയാള്‍ പിന്‍തിരിയുന്നു. പുതിയ സാഹിത്യം ‘എഴുത്തിന്റെ എഴുത്തായി’ മാറുന്നത് അതുകൊണ്ടാണ്. ഒരു ബദല്‍ ജീവിതത്തിന്റെ സ്വപ്നക്രമങ്ങളാണ് എഴുത്തുകാരന്റെ സര്‍ഗ്ഗനിദ്രകളില്‍ രൂപപ്പെടുന്നത്.

ഒരു പുതിയ ഭാവുകത്വ ഭാവിയിലേക്ക് സാഹിത്യത്തെ പരിവര്‍ത്തനം ചെയ്യുന്ന എഴുത്തുകാരുടെ രചനകള്‍ പരിശോധിക്കുമ്പോള്‍ സാഹിത്യത്തിന്റെ സമീപഭൂതകാലത്തെ സ്പര്‍ശിക്കാതെ തരമില്ല. ഈ കഥകളുടെ അത്തമൊരു സമീപഭൂതകാലമായി വര്‍ത്തിക്കുന്നത് ആധുനികാനന്തര കഥാസാഹിത്യമാണ്. ആധുനികതയുടെ ജ്വാലാമുഖങ്ങള്‍ അണഞ്ഞ ചാരത്തില്‍ നിന്നാണ് അത് തളിര്‍ക്കാന്‍ ശ്രമിച്ചത്. മലയാളത്തിലെ ആധുനികാനന്തര കഥാസാഹിത്യം ആധുനികതയുടെ ഒരു തുടര്‍ച്ചയോ വികാസമോ ആയിട്ടല്ല സംഭവിച്ചത് എന്നതായിരുന്നു അതിന്റെ ദുരന്തം. ഭാഷയിലും, പ്രമേയത്തിലും, ആവിഷ്കാരരീതികളിലും പലപ്പോഴും ആഴങ്ങളെ സ്പര്‍ശിക്കാതെ പൊങ്ങിക്കിടന്ന ഒരു പായല്‍പ്രകൃതം, വളരെ കുറചുപേരെ ഒഴിച്ചു നിര്‍ത്തിയാല്‍, ആ തലമുറയെ ഗൗരവമുള്ള വായനയുടെ ഭൂപടത്തില്‍ നിന്നും മിക്കവാറും മായ്ച്ചു കളയാനിടയാക്കി എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കഥയുടെ നഷ്ടപ്പെട്ട പിതൃരൂപങ്ങളെ ഒരു ശ്രാദ്ധത്തിലെന്നോണം വിളിച്ചുണര്‍ത്തിക്കൊണ്ട് തുടക്കം കുറിച്ചത് തൊണ്ണൂറുകളില്‍ എന്‍. എസ്. മാധവന്റെ രണ്ടാം വരവായിരുന്നു എന്നുള്ളത് അനിഷേധ്യമാണ്. ആ നനഞ്ഞ കൈയടികള്‍ ഏറ്റെടുത്തത് മലയാള കഥ പുതിയ സൗന്ദര്യ തലങ്ങളിലേക്ക് വളരുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. പോയ ദശകത്തില്‍, ഒറ്റതിരിഞ്ഞുനിന്ന ചില രചനകള്‍ കൊണ്ട് പുതിയ എഴുത്തുകാര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

ഭാഗ്യവശാല്‍, ചെറുകഥ എന്ന സ്വന്തം മാളത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന ഗുഹാജീവികളല്ല പുതിയ കഥാകൃത്തുക്കള്‍., കഥയെഴുതുമ്പോള്‍തന്നെ അവര്‍ മറ്റു സാഹിത്യ ശാഖകളുമായും കലകളുമായും ഗാഢമായ ഒരു ജീവിതബന്ധം പുലര്‍ത്തിപ്പോരുന്നു. കലയും സാഹിത്യവുമായുള്ള ഈ പ്രണയമാണ് മിക്കപ്പോഴും ഇവരുടെ രചനകളുടെ ശക്തിസ്രോതസ്സുകള്‍. സാഹിത്യ കൃതികളെ ആസ്പദമാക്കി മലയാളത്തില്‍ ഒട്ടേറെ ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയെ അധികരിച്ചുള്ള കഥാരചന നമുക്ക് അത്രതന്നെ പരിചിതമായ അനുഭവമല്ല. സന്തോഷ്കുമാറിന്റെ പല കഥകളുടെയും അസ്തിവാരം ചലച്ചിത്രാനുഭവങ്ങളാണ്. ‘ബാഘ്ബഹാദൂറി’ല്‍ ബുദ്ധദേവ്ദാസ് ഗുപ്തയുടെ അതേ പേരിലുള്ള ചലച്ചിത്രത്തിന്റെ ദൃശ്യവിവരണങ്ങള്‍ സമര്‍ത്ഥമായി സന്നിവേശം ചെയ്തുകൊണ്ട് കഥയില്‍ വിസ്മയകരവും സഫലവുമായ പരീക്ഷണം നടത്തുകയാണ് കഥാകാരന്‍. ‘ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ ഛായാചിത്രം’ എന്ന രചനയിലാകട്ടെ ‘അമ്മുവിന്റെ ആട്ടിന്‍കുട്ടി’ എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രത്തെ കഥാകൃത്ത് ദത്തെടുത്ത് തന്റേതായ കഥാപാത്രമായി വളര്‍ത്തിയെടുക്കുന്നു. ആ കഥയിലെ ദൃശ്യബിംബങ്ങള്‍ ഒരു വര്‍ണചിത്രത്തിന്റെ സാധ്യതകളാണ് സ്വീകരിക്കുന്നത്. ‘ചിത്രശാല’ എന്ന കഥ ‘ബിഗ് സിറ്റി ബ്ലൂസ്’ എന്ന ഹ്രസ്വചിത്രത്തെ ആസ്പദമാക്കി കലയും ജീവിതവും പൈശാചികമായി ഇണചേരുന്നതിന്റെ ഭീതികള്‍ പങ്കിടുന്നു. കലയും സാഹിത്യവും തത്വചിന്തയുമെല്ലാം ഉള്‍ച്ചേര്‍ന്നൊഴുകി വികസിക്കുന്ന ഒരു മഹത്തായ സാംസ്കാരിക പരിണാമത്തിലെ ശ്രേണീബന്ധമായ ഒരു ഘടകമായി ചെറുകഥ എന്ന മാധ്യമത്തെ സന്തോഷ്കുമാര്‍ സമീപിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ചലച്ചിത്രകൃതികളും സാഹിത്യകൃതികളുമായുള്ള കഥകളുടെ പാഠാന്തരബന്ധങ്ങള്‍ ഇതിന്റെ തെളിവുകളാണ്. ജെയിംസ് ജോയ്സിന്റെ പ്രശസ്തമായ നോവലിന്റെ പേര് (ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ചിത്രകാരന്റെ ഛായാചിത്രം) തന്റെ കഥയ്ക്കായി കഥാകാരന്‍ കടംകൊണ്ടിട്ടുള്ളത് വെറുമൊരു കൗതുകമായിട്ടല്ല. അനിവാര്യമായ ഒരു നൈരന്തര്യത്തെക്കുറിച്ചുള്ള തിരിച്ചറിവിന്റെ മറുകാണത്.

ചില സമയങ്ങളില്‍ ഈ കഥകള്‍ മനുഷ്യനു നഷ്ടപ്പെട്ട സ്വപ്നങ്ങളാണ്. മറ്റു ചിലപ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ വര്‍ണ്ണശബളതകളത്രയും മായ്ച്ചുകളയുന്ന വര്‍ത്തമാന നിഷ്ഠുരതക്കെതിരെയുള്ള സ്വപ്നസഞ്ചാരമാണ് ‘ഗാലപ്പഗോസ്’ എന്ന മനോഹരമായ കഥ. ‘ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ ഛായാചിത്രം’ എന്നതിലും ജീവിതത്തിന്റെ യാന്ത്രികയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുകളില്‍ ഒരു സ്വപ്ന കംബളം വിരിക്കുന്ന കഥാകാരനുണ്ട്. പക്ഷെ, ജീവ്തത്തിന്റെ ഈ സ്വപ്നമേലാപ്പിനുമപ്പുറം, അതിന്റെ വിരസമായ സാധാരണതകളില്‍ നിന്നാണ് പലപ്പോഴും ഇക്കഥയിലെ ‘എഴുത്തുകാരന് കഥാതന്തുക്കള്‍ ലഭിക്കുന്നത്.

മൂല്യങ്ങള്‍ വേര്‍പിരിയുന്ന നവീന ജീവിതത്തിന്റെ ദശാസന്ധിയില്‍ കാലിടറിനില്‍ക്കുന്ന മനുഷ്യന്റെ സ്വത്വസന്ദേഹങ്ങള്‍ ‘ബാഘ്ബഹാദൂറി’ല്‍ ആവിഷ്കരിക്കപ്പെടുന്നു.

,മനസ്സിന്റെ ഗുപ്തമായ വഴിത്താരകളിലൂടെയുള ഇരുണ്ട സഞ്ചാരം പല കഥകളിലും ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ്. വെളിച്ചമറ്റുപോകുന്ന തുരങ്കങ്ങള്‍ നിറഞ്ഞ ഒരു യാത്രയിലേക്ക് ഈ മാന്സികവ്യാപാരത്തെ ഒരു ഒറ്റയാന്‍ തുരുത്തില്‍ ഏകാന്തവാസിയായ ഒരുവന്റെ യാഥാര്‍ത്ഥ്യസങ്കുലമായ ജീവിതത്തിലേക്കുള്ള എത്തിനോട്ടവും പരാജയവും ‘ദ്വീപ്’ എന്ന കഥയില്‍ കാണാം. ഈ പരാജയം തന്നെ മറ്റൊരു വിധത്തില്‍ ‘ഹിജഡകള്‍’ എന്ന രചനയിലും അവതരിപ്പിക്കപ്പെടുന്നു. ഈ കഥ പക്ഷേ, അണുകേന്ദ്രിത സംസ്കാരത്തിന്റെ നപുംസകത്വത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ്. എങ്കിലും, പ്രമേയസ്വീകരണത്തിലെ ചിരപരിചത്വം കൊണ്ട് ഈ കഥ, അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താതെ പാളിപ്പോയോ എന്നു ഞാന്‍ ഭയക്കുന്നു.

എഴുത്തുകാരന്റെ അസ്തിത്വത്തെ ഭ്രൂണഹത്യക്ക് വിധേയമാക്കുന്ന കച്ചവടത്തിന്റെ ഭീകരചിത്രമാണ് ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ പോയ കാലത്തിന്റെ ഒരു ക്ഷുദ്രക്രിയ എന്ന നിലയിലാണ് ചമരുവിന്റെ കഥ അവതരിപ്പിക്കുന്നതെങ്കിലും, വാസ്തവത്തില്‍ ഇത് എഴുത്തുകാരന്റെ മരണം ആഘോഷിക്കുന്ന ഉത്തരാധുനിക കാലഘട്ടത്തിന്റെ കഥയാണ്.

ഒരു കവിയുടെ ബിംബബോധം ഈ കഥകളെ ഒരു വലിയ ദൃശ്യചൈതന്യമാക്കി രൂപപ്പെടുത്തുന്നുണ്ട്. ഇമേജറിയുടെ സമ്പന്നതും അപൂര്‍വ്വതയും ഈ കഥകളില്‍ ഒത്തുചേരുന്നു. ഒരു കവിയുടെ പൂമ്പൊടിയില്‍ കുതിര്‍ന്ന വിരലടയാളങ്ങള്‍ ‘ശീതകാലത്തിന് ഒരു ഗീതം’ എന്ന കഥയെ ഒരു കാവ്യാനുഭവമാക്കി മാറ്റുന്നു. ‘ജീവിതമെന്നു വായിക്കുന്നത്, എന്ന കഥയുടെയുടെയും പ്രാഥമികാനുഭവം കാവ്യാത്മകമാണ്. അസ്തിത്വപ്രതിസന്ധികള്‍ ചര്‍ച്ചചെയ്യുന്ന ഈ രചനയില്‍ ആധുനികതയൂടെ ‘ഹാങ്ങ് ഓവര്‍, ബാക്കിനില്ക്കുന്നു എന്ന ദോഷമുണ്ട്.

‘നദിക്കരയിലേക്ക്’ എന്ന ഒരൊറ്റക്കഥ കൊണ്ട് തന്നെ മരണത്തിന്റെ നിഗൂഢവും ഭയാനകവുമായ സൗന്ദര്യസാന്നിദ്ധ്യം കഥാകൃത്ത് ശക്തമായി അനുഭവപ്പെടുത്തുന്നു. ചിതാഗ്നി ആളിക്കത്തുന്ന ആ നദിക്കരയുടെ ദൃശ്യദീപ്തി, മറ്റു കഥകളില്‍ കഥാകാരന്‍ ആവിഷ്കരിക്കുന്ന ജീവിതാഭിനിവേശത്തെ കെടുത്തുകയല്ല; ആളിക്കത്തിക്കുയാണ്.

ഭാഷയുടെ തൊട്ടിലിലാണ് ഒരെഴുത്തുകാരന്‍ പിറന്നുവീഴുന്നത്. അതിന്റെ കോശവിഭജനങ്ങളിലൂടെ അയാള്‍ പുതിയ അനുഭവങ്ങളിലേക്ക് വളരുന്നു. ഭാഷയുടെ വളര്‍ച്ച നിലയ്ക്കുമ്പോള്‍ എഴുത്തുകാരന്റെ വളര്‍ച്ചയും മുരടിക്കുന്നു. പുതിയ ഭാഷയിള്‍ എഴുതുന്നവന്‍ ഒരു പുതിയ ഭാവുകത്വമാണ് പ്രകാശിപ്പിക്കുന്നത്. മാറുന്ന ലോകത്തിന്റെ കാഴ്ചകളില്‍ ഭാഷയുടെ കന്യാകിരണങ്ങൾ വീഴ്ത്തുമ്പോള്‍ സന്തോഷ്കുമാറിന്റെ ഒന്നിനൊന്നു വ്യത്യസ്തമായ ഈ കഥകള്‍ വായനക്കാരനുമുമ്പില്‍ നിരതിശായിയായ ചാരുതകള്‍ വിടര്‍ത്തുന്നു.