close
Sayahna Sayahna
Search

അദാലത്ത്


അദാലത്ത്
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ബൈനോക്കുലറിലൂടെ ദൃശ്യങ്ങളോരോന്നും മറികടക്കുമ്പോള്‍ ആൽഫ്രെഡിനറിയാമായിരുന്നു, താനും മറ്റൊരു ബൈനോക്കുലറില്‍ തെളിയുന്നുണ്ടാവുമെന്ന്. അതറിഞ്ഞുകൊണ്ടുതന്നെ മാര്‍ഗരറ്റ് പുറപ്പെടാന്‍ സാദ്ധ്യതയുള്ള സമയമായപ്പോള്‍ ആല്‍ഫ്രഡ് ബൈനോക്കുലറുമായി ആ വഴിയിലേക്കു നോക്കി നിന്നു. മഴ കോരിച്ചൊരിയുന്ന വഴിയുടെ വലതുവശം ചേര്‍ന്ന് കുറെ കുട്ടികള്‍ നടന്നകലുന്നുണ്ട്. തിരക്കിട്ടു പായുന്ന ഒരു റിക്ഷ കുട്ടികളെ സംഭ്രമിപ്പിച്ച് അവരുടെ റെയിന്‍കോട്ടിലേക്കും പുസ്തകസഞ്ചിയലേക്കും വെള്ളമെറ്റിച്ചു പോകുന്നു. ആല്‍ഫ്രഡ് ആ വഴിയില്‍ മറ്റൊരു ദൃശ്യം പ്രതീക്ഷിച്ച് ബൈനോക്കുലര്‍ക്കാഴ്ചയില്‍ത്തന്നെ ശ്രദ്ധയൂന്നി നിന്നു.

ഇതേസമയത്ത് മാര്‍ഗരറ്റ് ഡ്രസ്സിംഗ് റൂമിന്റെ ജനാല പകുതി തുറന്നിട്ടു. ബൈനോക്കുലറിലൂടെ അടുത്ത ഫ്ളാറ്റിന്റെ ഇടനാഴിയിലുടെ അറുതിയില്‍ നില്ക്കുന്ന ആല്‍ഫ്രഡിനെ കാണുകയും ചില ശകാരങ്ങള്‍ പുറപ്പെടുവിക്കുകുയം ചെയ്തു. ജനാലയ്ക്കുള്ളിലേക്ക് ആ ബൈനോക്കുലര്‍കണ്ണുകള്‍ കടന്നുവരുമോ എന്ന സംശയം തോന്നിയെങ്കിലും അതിനുള്ള സാദ്ധ്യത വളരെ കുറവാണെന്നു നിശ്ചയിച്ച മാര്‍ഗരറ്റ് വസ്ത്രധാരണത്തില്‍ത്തന്നെ മുഴുകി. റൂഷ് നല്കുന്നത് തനിക്കു നഷ്ടപ്പെടാനിടയുണ്ടെന്നു ഭയന്ന യൗവനമാണെന്ന് മാര്‍ഗരറ്റ് കണ്ണാടിയില്‍ നോക്കി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഡൈയും ലിപ്സ്റ്റിക്കുംകൂടിയായപ്പോള്‍ തനിക്കൊരു നവോഢയുടെ ഭാവമായിട്ടുണ്ടെന്ന് മുറിയിലെ സ്റ്റഫ് ചെയ്തുവെച്ച ഒരു രൂപത്തെ നോക്കി പറയുകയും ഒന്നിളകിച്ചിരിക്കുകയും ചെയ്തു.

നാലഞ്ചുവര്‍ഷംമുമ്പുപയോഗിച്ച കറുത്ത ബ്രായുടെ ഹുക്കിടുമ്പോള്‍ ശ്വാസംമുട്ടുന്നതായി മാര്‍ഗരറ്റിനു തോന്നി. ഇന്നിത് സഹിച്ചേപറ്റൂ. ആല്‍ഫ്രെഡിനെ ആകെ ഉലച്ച് ഒരു വിജയിയെപ്പോലെ തിരിച്ചുപോരണമെന്ന് തലേന്നുരാത്രിതന്നെ ഉറപ്പിച്ചിരുന്നു; അതിനുവേണ്ടി കുറച്ചു ശ്വാസംമുട്ടല്‍പോലും സഹിക്കാം. കടുംമഞ്ഞ കാശ്മീര്‍പട്ടുടുക്കുമ്പോള്‍ പ്രതികാരം ചെയ്തുതീര്‍ത്ത സംതൃപ്തമുഖമാണ് മാര്‍ഗ്ഗരറ്റ് കണ്ണാടിയില്‍ കണ്ടത്. പൊടുന്നനെ സ്വകീയസംതൃപ്തമായ രാത്രികാലങ്ങളെക്കുറിച്ച് ഓര്‍ത്തു. അന്ന് നനഞ്ഞും കിതച്ചും താന്‍ തളരുമ്പോള്‍ മായക്കുതിരകണക്കെ പായുകയാവും ആൽഫ്രഡ്. ആ ശരവേഗമവസാനിക്കുമ്പോൾ നിലവിളിയോടെ ഒരിലകൊഴിയുന്ന നിമിഷം, മരം എങ്ങനെ വേദനിക്കുമോ അതുപോലെ ഒരു സ്വനം ആൽഫ്രഡിന്റെ ശരീരത്തിൽനിന്നും കമ്പനംകൊള്ളും. അതുപോലുള്ള നിരവധി സന്ദർഭങ്ങളിൽ ആൽഫ്രഡ് പറഞ്ഞിട്ടുണ്ട് ‘നിന്റെ ഗന്ധം എന്റെ ഒരു ദിവസത്തെ ഭ്രാന്തിനെ ശമിപ്പിക്കുന്നു’ എന്ന്. പക്ഷേ, ആദ്യവിലോഭനീയതകൾ ഓരോ ദിവസം കഴിയുന്തോറും നഷ്ടമാകുന്നത് മർഗരറ്റ് അറിഞ്ഞിരുന്നു.

സന്ധ്യയ്ക്കുമുന്നേ വീട്ടിലെത്തുകയും ഓഫീസ്‌സമയത്തിന് പത്തുമിനിട്ടു ബാക്കിനിൽക്കെ പുറപ്പെടുകയും ചെയ്യുന്ന ആൽഫ്രഡ് വളരെ രാത്രിയാകുംവരെ ക്ലബുകളിൽ ചെലവിടുകയും വളരെ നേരത്തെ ഓഫീസിലേക്കു പുറപ്പെടുകയും ചെയ്തുതുടങ്ങി. ഇതിനിടയിലൊരു ദിവസം മർഗരറ്റ് തന്റെ ബൈനോക്കുലർ അലമാരയിൽനിന്നും പൊടി തട്ടിയെടുത്തു. നിർവ്വചനരഹിതമായ കാഴ്ചകൾ നൽകുന്ന സംതൃപ്തി മാർഗരറ്റ് അനുഭവിച്ചുതുടങ്ങി.

രാത്രി വൈകിവന്നെങ്കിലും അതികാലത്തേ യാത്ര പറഞ്ഞു പോയെങ്കിലും ഉച്ചയൂണ് മുടങ്ങിയെങ്കിലും ആൽഫ്രഡ് കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ മാർഗരറ്റിന്റെ വശ്യതയും ഗന്ധവാഹിത്വവും വർണ്ണിക്കുക പതിവായിരുന്നു. ഇതൊക്കെ ആൽഫ്രഡിലെ ബിസ്സിനസ്സുകാരന്റെ തന്ത്രപരമായ നീക്കങ്ങളാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി മർഗരറ്റിനുണ്ട്. പക്ഷേ, അവൾ ഒരു വിഡ്ഡിയായി അഭിനയിച്ചു. ക്ലബ്ബുകളിലെ ആൽഫ്രഡിന്റെ ഓരോ നീക്കവും അറിയാനായി ഫൗസിയ എന്ന മോഡലിന് ഷാംപെയിനും വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ആൽഫ്രഡിന്റെ ഡ്രൈവർ നാരായണന് സ്വന്തം അക്കൗണ്ടിൽനിന്ന് ഏതു സമയത്തും പണം വിഡ്രോ ചെയ്യാൻ ബ്ലാങ്ക് ചെക്ക് ലീഫ് ഒപ്പിട്ടു നൽകി. ഇതൊക്കെ ചെയ്യുന്നതിനു പിന്നിൽ കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു.

മറ്റൊരു വഴിയെക്കുറിച്ചും മർഗരറ്റ് ആലോചിക്കാതിരുന്നില്ല. ആൽഫ്രഡ് നടത്തുന്ന വുമണൈസിംഗിനെ മറികടക്കുംവിധം പുരുഷന്റെ ആസക്തമായ കണ്ണുകളെ തന്റെ കണ്ണുകൾകൊണ്ട് ആകർഷിക്കുക. ആ വഴിയിലൂടെ മർഗരറ്റ് സഞ്ചരിച്ചു.

മദ്ധ്യാഹ്നശേഷം വെയിൽ ചാഞ്ഞിരുന്നു. മാർഗരറ്റ് മോടിയോടെ വസ്ത്രധാരണം നടത്തിയശേഷം തന്റെ കാറിൽ കയറി ഏറ്റവും പുതുതായി വാങ്ങിയ കാസറ്റ് പ്ലേ ചെയ്തു. കാറിനുള്ളിൽ എയർ കണ്ടിഷൻ പ്രവർത്തിക്കാതിരുന്നതിനാൽ മടുപ്പിക്കുന്ന ഒരു ഗന്ധം. മർഗരറ്റ് കാറിനകമേ പെർഫ്യൂം വിതറി. പിന്നെ കടൽതീരത്തേക്കുള്ള വഴിയിലേക്ക് അതിവേഗം കാറോടിച്ചു.

മാർഗരറ്റ് ചുമടുതാങ്ങികളുടെ ചെരിഞ്ഞ തണലിനു പിന്നിൽ കാർ പാർക്കു ചെയ്തു. കുറച്ചകലെ ബൈക്കുകൾ സ്റ്റാൻഡിൽവെച്ച് മൂന്നു ചെറുപ്പക്കാര്‍ മുഖാമുഖം നില്ക്കുന്നതും ബിയര്‍കുപ്പികള്‍ കടിച്ചു തുറക്കുന്നതും മാര്‍ഗരറ്റിനു കാണാം. അവരെ ശ്രദ്ധിച്ചിട്ടു കാര്യമില്ല. കൂട്ടമായി അവരെന്തോ ആനന്ദം പങ്കിടുകയാണ്. അവരെയല്ല താന്‍ ശ്രദ്ധിക്കേണ്ടതെന്ന് മാര്‍ഗരിറ്റിനു നന്നായറിയാം. ഒറ്റപ്പെട്ടു നടക്കുന്ന ഒരുത്തനെയാണ് വേണ്ടത്. മാര്‍ഗരറ്റ് കാര്‍ സ്റ്റാര്‍ട്ടുചെയ്ത് കടല്‍ത്തിരയിലെക്കോടിച്ചു. തിര എത്ര കുതറി കരയിലേക്കു വന്നാലും ഇവിടംവരെയെത്തിയിലെന്ന് മണലു നോക്കിയാലറിയാം. ഈര്‍പ്പും ഒട്ടുമില്ല.

പുറത്തിറങ്ങി നിന്നാല്‍ കാറ്റുകൊള്ളാം. പക്ഷെ, കടല്‍ക്കരയില്‍ തന്നപ്പൊലെ സുന്ദരിയായ ഒരുവള്‍ ഒറ്റയക്ക് വന്നു നില്ക്കുന്നതു കണ്ടാല്‍ പൂവാലന്മാര്‍ അടുത്തുകൂടാന്‍ ഇടയുണ്ടെന്നും അങ്ങനെയൊരു സന്ദിഗ്ദ്ധത സൃഷ്ടിക്കുകയല്ല തന്റെ ലക്ഷ്യമെന്നും മാര്‍ഗരറ്റിനറിയാം. കൗതുകകരമായ കടല്‍ക്കാഴ്ചയിലേക്ക് മാര്‍ഗരറ്റ് നോക്കി. അപാരമായി ആഴങ്ങള്‍ക്കു മുകളിലൂടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ അവ്യക്തചിത്രം തെളിഞ്ഞുവരികയാണ്. കടല്‍പ്പക്ഷികള്‍ ചേക്കേറാനെത്തുകയാണ്.

കാറിനുള്ളില്‍ നല്ല ചൂടു തോന്നിയപ്പോള്‍ മാര്‍ഗരറ്റ് നാലുപാടും നോക്കി. ആരും പരിസരത്തില്ല എന്നുറപ്പാക്കിയശേഷം വിന്‍ഡ്സ്ക്രീന്‍ പകുതി താഴ്ത്തി. കടല്‍ക്കാറ്റിന് സായാഹ്നത്തിന്റെ ഗന്ധവും സ്പര്‍ശവും എത്ര വ്യക്തമായി അനുഭവിക്കാനാകുന്നു. അവള്‍ അറിഞ്ഞു.

വെയില്‍ മായുകയാണ്. അവസാനകവിള്‍ സൂര്യവെളിച്ചം കടല്‍പ്പരപ്പില്‍ മോഹിപ്പിക്കുന്ന ഒരാവരണമായി വീഴുകയാണ്. തിരകളുടെ ചലനത്തില്‍ കടല്‍വിതാനം കാണ്‍കെ മാര്‍ഗരറ്റിന്റെ മനസ്സിലുടെ കടന്നുപോയ ചിന്തകളെന്തെന്ന് സ്വയം സങ്കല്പിക്കാന്‍പോലും ആകുമായിരുന്നില്ല. വിന്‍ഡോ ഉയര്‍ത്തി കടലിനു സമാന്തരമായി മാര്‍ഗരറ്റ് കാറോടിച്ചു. കാറിനുള്ളിലേക്ക് ഒരാവേശത്തോടെയാണ് കാറ്റോടിക്കയറിയത്. അധികദൂരം പോയില്ല. അതിനുമുന്നേ സഡന്‍ബ്രേക്ക് ചെയ്തു. മണലിലായതുകൊണ്ട് കാര്‍ യാതൊരസ്വാഭാവികതയുമില്ലാതെ നിന്നു. മാര്‍ഗരറ്റ് ഡാഷ്ബോഡില്‍നിന്നും തന്റെ കൂളിംഗ് ഗ്ളാസ്സ് എടുത്തണിഞ്ഞു.

പകുതി നനഞ്ഞ് തിരയിലൂടെ നടക്കുന്ന ചെറുപ്പക്കാരനെ മാര്‍ഗരറ്റ് ശ്രദ്ധിച്ചു. അവന്‍ ആദ്യമൊന്നും മാര്‍ഗരറ്റിനെ ശ്രദ്ധിച്ചില്ല. മാര്‍ഗരറ്റ് ഫോണില്‍ വിരലമര്‍ത്തി. അവന്‍ കാറിനുള്ളിലേക്കു നോക്കുകയും തിരയ്ക്കെതിരെ നടന്നുതുടങ്ങുകയും ചെയ്തു. ജീന്‍സിന്റെ മുട്ടറ്റം നനഞ്ഞിട്ടുണ്ട്. വിരലുകള്‍ക്കിടയില്‍ സിഗരറ്റ് എരിയുന്നു. ഈ നേരത്ത് തനിയെ കടല്‍ത്തീരത്തുകൂടി അലയുന്ന ചെറുപ്പക്കാരന്റെ മനസ്സ് ഒരു നിമിഷംകൊണ്ട് മാര്‍ഗരറ്റ് വായിച്ചെടുത്തു. അവള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇടതുവശത്തേക്ക് നീങ്ങിയിരുന്നു. അപ്പോഴേക്കും അവന്‍ മാര്‍ഗരറ്റിനരികെ എത്തിയിരുന്നു. അവന്‍ ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ഗരറ്റ് ഗൗരവം നടിച്ചു.

പതുക്കെ മാര്‍ഗരറ്റ് ഡോറ്‍ തുറന്ന് പുറത്തേക്കിറങ്ങി. അപ്പോഴേക്കും ചെറുപ്പക്കാരന്‍ തന്റെ വസ്ത്രത്തില്‍ നിന്നും മണ്ണ തട്ടികയറ്റാന്‍ തുടങ്ങി. മാര്‍ഗരറ്റ് അവന്റെ വസ്ത്രധാരണത്തിലെ സവിശേഷതകളായിരുന്നു ആദ്യം ധരിച്ചത്. അവന്‍ അകലെയെവിടെയോ ചെരിപ്പഴിച്ചുവച്ചിട്ടുണ്ടോവണം. മുറുകിയ ജീന്‍സ് ചിലയിടങ്ങളില്‍ പിഞ്ഞിയകന്നിരുന്നു. ‘ഐ ആം ബാഡ്’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ നീലനിറം മാര്‍ഗരറ്റിന് ഏറെ ഇഷ്ടമായി. അവന്റെ കഴുത്തില്‍ രുദ്രാക്ഷവും സ്വര്‍ണ്ണവുമിടചേര്‍ന്ന ചെയിനുണ്ടു്. കൈകളില്‍ കറുത്ത ചരട് പിണച്ചുകെട്ടിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസത്തിലേറെയായാട്ടുണ്ടാവണം ഷെവ് ചെയ്തിട്ട്. കണ്ണുകള്‍ വല്ലാതെ കുഴിഞ്ഞിരിക്കുന്നു. അലസമായി നീട്ടിവളര്‍ത്തിയ മുടി കടല്‍ക്കാറ്റുപിടിച് പാറുകയാണ്. അന്‍ മുടിയൊതുക്കിവയ്ക്കാന്‍ പാടുപെടുന്നു.

അവന്‍ മാര്‍ഗരറ്റിനെത്തന്നെ നോക്കി നിന്നു. കാറ്റുപിടിക്കുമ്പോള്‍ നീങ്ങുന്ന സാരിക്കിടയിലുടെ കാണാനാകുന്ന അടവയറിന്റെ ഞൊറിവുകളില്‍ അവന്റെ കണ്ണുകള്‍ തടംതല്ലിനിന്നു. വളരെ താഴ്ത്തിവച്ചുടുത്ത സാരി അകലുംവിധം കാറ്റിനെ ഏതിരേല്പിക്കുന്ന ആംഗിളിലാണ് മാര്‍ഗരറ്റ് കടലിനഭിമുഖമായി നിന്നത്. അവന്റെ മുഖത്ത് മാര്‍ഗരറ്റിനോട് എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന ഭാവം നിറഞ്ഞു. മാര്‍ഗരറ്റ് പെട്ടെന്ന് ചോദിച്ചു: “എനിക്കോപ്പം വരുന്നോ?” എവിടെയ്ക്കൊന്നോ എന്തിനെന്നോ ചോദിക്കാതെ അവന്‍ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ മാര്‍ഗരറ്റ് ഒന്നിളകിച്ചിരിച്ചു. ഡോര്‍ തുറന്ന് പിന്‍സീറ്റില്‍നിന്നൊരു ബിയറെടുത്ത് അവനു നല്കി. വിന്‍ഡോ താഴ്ത്തി അവന്‍ ബിയര്‍ പൊട്ടിച്ചു. പൊന്തിയ നുരയടങ്ങുംവരെ നിയന്ത്രിച്ചാണ് അവന്‍ ബിയര്‍ തുറന്നത്.

മാര്‍ഗരറ്റ് കാര്‍ സ്റ്റാര്‍ട്ടുചെയ്ത് പുരംവഴിയലേക്ക് പോകുന്നതിനിടയില്‍ വിന്‍ഡോ താഴ്ത്താന്‍ ഇടതുവശത്തേക്കു ചെരിഞ്ഞു. ഞാന്‍ അചയ്ക്കാമെന്നു പറയുമെന്ന് മാര്‍ഗരറ്റ പ്രതീക്ഷിച്ചു. പക്ഷെ, ആവന്‍ സീററില്‍ അമര്‍ന്നിരുന്ന് മാര്‍ഗരറ്റിന്റെ കൈകള്‍ക്കു കടന്നുപോകാന്‍ ഇടംനല്‍കി. ഇടയ്ക്ക് അവളുടെ പകുതിയും അവന്റെ നെഞ്ചില്‍ അമര്‍ന്നപ്പോള്‍ കാര്‍ പതുക്കെ നിലക്കുകയും ബിയര്‍മണമുള്ള അവന്റെ ചുണ്ടുകള്‍ മാര്‍ഗരറ്റ് സ്വന്തമാക്കുകയും ചെയ്തു.അതവസാനിച്ചപ്പോള്‍ മാര്‍ഗരറ്റ് വിന്‍ഡോ താഴ്ത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അതിവേഗം നഗരം പിന്നിടുമ്പോള്‍ മാര്‍ഗരറ്റിന്റെ കവിളില്‍ നിരവധി ചുംബനങ്ങള്‍ നല്കി അവന്‍ ഒരു കുട്ടിയുടെ കൗതുകം പ്രകടിപ്പിച്ചു.

ക്ലബ്ബില്‍ തിരക്കു തുടങ്ങിയുരുന്നു. മാര്‍ഗരറ്റ് ഡ്രൈവിന്റെ തുടക്കത്തില്‍തന്നെ കാര്‍ പാര്‍ക്കു ചെയ്തു. ആദ്യം മടിച്ചെങ്കിലും മാര്‍ഗരറ്റ് നിര്‍ബന്ധിച്ചപ്പോള്‍ അവനും കാറില്‍നിന്നിറങ്ങി. മേശകള്‍ക്കു പിന്നില്‍ ചരിഞ്ഞും അലസമായും ഇരിക്കുന്നവര്‍. ചിലര്‍ ഉച്ചത്തില്‍ വിലപിക്കുന്നു. ചിലര്‍ അട്ടഹാസത്തോടെ ദുഃഖത്തെ മറികടക്കാന്‍ ശ്രമിക്കുന്നു. മാര്‍ഗരറ്റ് അവര്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ആല്‍ഫ്രഡിനെ തിരയുകയും അവസാനം റോയില്‍ സ്വിറ്റസര്‍ലന്‍ഡുകാരിയായാ ഒരു മദാമ്മയ്ക്കൊപ്പം എന്തൊക്കെയോ ഗൗരവത്തില്‍ സംസാരിക്കുന്നതു കാണുകയും ചെയ്തു. മാര്‍ഗരറ്റിനെ കണ്ടപ്പോള്‍ത്തന്നെ ആല്‍ഫ്രഡ് മദാമ്മയെ പരിചയപ്പെടുത്തി. കമ്പനി പുതുതായി തുടങ്ങുന്ന പ്രോജക്ടുകളെപ്പറ്റി വാചാലനായി.

മാര്‍ഗരറ്റ് തനിക്കൊപ്പമുള്ള ചെറുപ്പക്കാരനെ ആല്‍ഫ്രഡിനു പരിചയപ്പെടുത്തി. യാത്രപറയുമ്പോള്‍ അവനൊപ്പം മുട്ടിയുരുമ്മി നടന്നുപോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആല്‍ഫ്രഡ് അതൊന്നും അത്ര ഗൗരവമായെടുക്കുന്നില്ല എന്ന മട്ടില്‍ മദാമ്മയോട് ഇളകിച്ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിച്ചു.

വസ്ത്രധാരണത്തന്റെ പലവിധ ആംഗിളുകള്‍ നിലക്കണ്ണാടിയില്‍ തെളിയുന്നതിനൊപ്പം പിന്നിട്ട വര്‍ഷങ്ങളിലെ നിരവധി സന്ദര്‍ഭങ്ങള്‍ മാര്‍ഗരറ്റിന്റെ മനസ്സില്‍ തെളിഞ്ഞു. തുറന്നിട്ട ജനല്‍പ്പാളിയിലൂടെ ഒരു വെട്ടം പാളിക്കടന്നുപോകുന്നതായി മാര്‍ഗരറ്റിനു തോന്നി. പെട്ടെന്ന് ജനാലകള്‍ വലിച്ചടച്ചു. ഇലയുടെ ആകൃതിയിലുള്ള ഘടികാരത്തിലേക്കു നോക്കി ഇനി അദാലത്ത്കൂടാന്‍ ഒരു മണിക്കൂര്‍ ബാക്കിയുണ്ടെന്നും, പത്തുമിനിട്ട് ഡ്രൈവ് ചെയ്താല്‍ അവിടെയെത്താമെന്നും മനസ്സിലുറപ്പിച്ചു.

ആല്‍ഫ്രഡ് യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. അതിനിടെ തുടരെത്തുടരെ സിഗററ്റ് വലിക്കുകയും സുലൈമാനി കുടിച്ചു ദാഹം ശമിപ്പിക്കുകയും ചെയ്തു.

അല്‍ഫ്രഡ് ഓര്‍ത്തത് മറ്റൊരു സന്ദര്‍ഭമാണ്. ക്ലബില്‍നിന്നും മാര്‍ഗരറ്റ് യാത്രപറഞ്ഞു പോയപ്പോള്‍മുതല്‍ മനസ്സില്‍ രോഷം നിറയുകയും അതു ശമിപ്പിക്കാനെന്നോണം വേഗം കാറോടിച്ചു ഫ്ളാറ്റിലെത്തുകയും ചെയ്തു. ജനാലചിത്രം താഴ്ത്തി നോക്കുമ്പോള്‍ മാര്‍ഗരറ്റ് ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്നു. അവള്‍ എന്തൊക്കെയോ പറഞ്ഞ് ഇളകിയിളകി ചിരിക്കുന്നുണ്ട്. അകത്തേക്കു കയറി അവളുടെ എണ്ണമയമില്ലാത്ത മുടിക്കു തീപിടിച്ചാലോ എന്ന ചിന്ത വന്നെങ്കിലും അതടക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ക്ലബില്‍നിന്നിറങ്ങി സ്വിറ്റ്സര്‍ലന്‍ഡുകാരിയെ ഹോട്ടലില്‍ ഡ്രോപ്പുചെയ്യാന്‍ പോകുംവഴി കാര്‍ ആളൊഴിഞ്ഞ വഴിയോരത്ത് ഏറെനേരം നിര്‍ത്തിയിട്ടതും കാറിനുള്ളിലെ രഹസ്യസാമ്രാജ്യത്തില്‍വച്ച് അവളുടെ കത്തുന്ന ചുംബനം ഏറ്റുവാങ്ങിയതുമെല്ലാം ആല്‍ഫ്രഡിനു സംതൃപ്തി നല്കി. മാര്‍ഗരറ്റിനൊപ്പം പിന്നിട്ട പതിമൂന്നു വര്‍ഷത്തെ ജിവിതത്തിനിടയില്‍ ലഭിക്കാത്ത ആനന്ദം ആ ഒറ്റ സന്ദര്‍ഭം കൊണ്ട് സ്വിറ്റ്സര്‍ലന്‍ഡുകാരി തനിക്കു പകര്‍ന്നുനല്കിയെന്ന് ആല്‍ഫ്രഡ് പിന്നൊരിക്കല്‍ കുപിതനായി മാര്‍ഗരിറ്റിനോടു പറഞ്ഞു. അപ്പോള്‍ അവളുടെ മുഖത്തു തെളിഞ്ഞ ഭാവം തന്നെ പരിഹസിക്കുന്നതാണെന്നു തോന്നി. ഏറെ നേരം നിശ്ശബ്ദയായി നിന്ന മാര്‍ഗരറ്റ് പെട്ടെന്ന് ആല്‍ഫ്രഡിനരികിലേക്കു ചെന്നു. അവള്‍ യാതൊരു പതര്‍ച്ചയുമില്ലാതെ എന്തൊക്കെയോ പറഞ്ഞു. അവയൊക്കെ അയാളെ കുപിതനാക്കുന്നവയായിരുന്നു.

തന്റെ ഗര്‍ഭപാത്രം ഊഷരമായിത്തന്നെ സൂക്ഷിക്കാനാകുന്നത് ഒരു ഡോക്ടറായതുകൊണ്ടു മാത്രമാണെന്നും ഭര്‍ത്താവില്‍നിന്നു കിട്ടാത്ത ആനന്ദങ്ങള്‍ പലതും താനും സ്വന്തമാക്കുന്നുണ്ടെന്നും മാര്‍ഗരറ്റ് പറഞ്ഞ് വെറുതെയായിരുന്നില്ല. അതേക്കുറിച്ച് ആല്‍ഫ്രഡും അറിയുന്നുണ്ടായിരുന്നു. ഫൗസിയ, കടലിലേക്കു തുറക്കുന്ന ജനാലകളുള്ള നക്ഷത്രഹോട്ടലില്‍വച്ച് ആൽഫ്രഡിനൊപ്പം ഷാംപെയിന്‍ നുണഞ്ഞ് പലതും പറഞ്ഞിരുന്നു. അതുപോലെ മദ്യപിച്ചു സ്വയംമറന്ന നാരായണന്‍ പലതും നിറംപിടിപ്പിച്ച് ആല്‍ഫ്രഡിനോടു പറയാറുണ്ട്.

ഇപ്പോള്‍ ആല്‍ഫ്രഡിന് ആ കാഴ്ച വ്യക്തമായി. റോഡിന്റെ എതിരെയുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍നിന്നുള്ള പടവുകളിറങ്ങുകയാണ് മാര്‍ഗരറ്റ്. അവളുടെ ക്ളോസപ്പ് അധികനേരം ബൈനോക്കുലറില്‍ തെളിഞ്ഞുനിന്നില്ല. വളരെ ധൃതിപ്പെട്ട് അവള്‍ കാറിനുള്ളിലേക്കു കയറിയിരുന്നു. ഗേറ്റ് കടക്കുമ്പോള്‍ അവള്‍ വിന്‍ഡോ താഴ്ത്തി. ആള്‍ഫ്രഡിനറിയാം. തന്റെ ഫ്ളാറ്റിന്റെ മുന്നിലെത്തുമ്പോള്‍ അവള്‍ ഇവിടേക്കു നോക്കാതെ കടന്നുപോകില്ല. ആൽഫ്രഡ് ബൈനോക്കുലർ പിന്നില്‍ മറച്ചുപിടിച്ച് താഴ്വഴിയുടെ വിജനതയിലേക്കു നോക്കി. വളരെപ്പതുക്കെ മാര്‍ഗരറ്റിന്റെ കാര്‍ തന്റെ ഫ്ളാറ്റിന്റെ മുന്നിലെ വഴിയിലൂടെ കടന്നു പോയി. പക്ഷേ, അവള്‍ തന്റെ ഫ്ളാറ്റിനുനേരേ നോക്കാതെ കടന്നുപോയപ്പോള്‍ ആല്‍ഫ്രഡിന് അരിശം. പെട്ടെന്നു ഡ്രസ്സ് ചെയ്ത് കാറെടുത്ത് നിരത്തിലിറങ്ങി.

ഇരുമ്പുപാലം പിന്നിട്ട് അതിവേഗം കാറോടിക്കുമ്പോള്‍ മാര്‍ഗരറ്റ് എത്തുംമുന്നേ കോടതിയിലെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍. അതുകൊണ്ടുതന്നെ എതിരേ വന്ന വണ്ടികളൊന്നും ശ്രദ്ധിക്കാതെ ആക്സിലറേറ്ററില്‍ കാല്‍വിരലുകളമര്‍ത്തി ഹോണ്‍ തുടരെ മുഴക്കി കാറോടിച്ചു.

മൂന്നു മിനിട്ടിനെ പരാജയപ്പെടുത്തിയാല്‍ മാര്‍ഗരിറ്റിനു മുന്നേ കോടതിയിലെത്താമെന്ന് ആല്‍ഫ്രഡിന് അറിയാമായിരുന്നു. അവളുടെ അതിവേഗത എത്രയെന്ന് നന്നായറിയാം. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ത്തന്നെ അവള്‍ തനിക്കു പിന്നിലായിട്ടുണ്ടാകുമെന്ന് ആൽഫ്രഡ് വിശ്വസിച്ചു. നഗരത്തിലെ ട്രാഫിക് തടസ്സങ്ങള്‍ക്കിടയിലൂടെ എന്തോ ആത്യാഹിതം സംഭവിച്ചു പോകുന്നു എന്നു കരുതാന്‍ ഹെഡ്ലൈറ്റിട്ടാണ് അയാള്‍ കാറോടിച്ചത്.

കോടതിയിലേക്കുള്ള വഴിയിലേക്കു തിരിയുമ്പാേള്‍ മാര്‍ഗരറ്റ് സാധാരണയില്‍ക്കഴിഞ്ഞ വേഗതയിലാണ് കാറോടിച്ചതെന്ന് ആല്‍ഫ്രഡിനു ബോദ്ധ്യമായി. ഡ്രൈവിന്റെ ഓരം ചേര്‍ന്ന് അവളുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. അതിനെതിരെയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്തശേഷം ആല്‍ഫ്രഡ് അതിവേഗം ജഡ്ജിയുടെ മുറി ലക്ഷ്യമാക്കി നടന്നു.

ജഡ്ജി സ്വരം താഴ്ത്തിയാണ് മാര്‍ഗരറ്റിനോടു സംസാരിച്ചത്. ആറുമാസം സമയം തന്നിട്ടും വേര്‍പിരിയാനുള്ള നിശ്ചയം മാറിയില്ലേ എന്ന ചോദ്യം കേള്‍ക്കേ ‘വേര്‍പിരിയണം’ എന്നുതന്നെ മാര്‍ഗരറ്റ് ഉറപ്പിച്ചു പറഞ്ഞു. ആല്‍ഫ്രഡിന്റെ മനസ്സ് ഒരു നിമിഷം പതറി. പറയണമെന്നു നിശ്ചയിച്ചു നായീകരണങ്ങളൊക്കെ അപ്പോഴേക്കും മറന്നുപോയിരുന്നു. എങ്കിലും ജഡ്ജിക്കു മുന്നില്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തില്‍ ആല്‍ഫ്രഡ് നിന്നു. മാര്‍ഗരറ്റിനെ എന്നെന്നേക്കമായി പിരിയുന്നതിലുള്ള അസ്വാസ്ഥ്യം ആല്‍ഫ്രഡിനെ പൊതിഞ്ഞു. പരസ്പരം അകന്നുകഴിയമ്പോഴും ഇടയ്ക്കൊപ്പോഴെങ്കിലുമൊക്കെ അവളെ കാണുമ്പോള്‍ തോന്നുന്ന സംതൃപ്തി നഷ്ടമാകുന്നു എന്ന ചിന്തപടര്‍ന്നുപിടിക്കാന്‍ തുടങ്ങി.

ചോദ്യം ആള്‍ഫ്രഡിനുനേരെയായി. ജഡ്ജി തന്റെ കസേരയില്‍ ഒന്നിളകിയിരുന്നു. തെല്ലുമുന്നേ തോന്നിയ സന്ദിഗ്ദ്ധതയുടെ വേപഥുവോടെ സംസാരിക്കാതിരിക്കാന്‍ ആല്‍ഫ്രഡ് മനഃപൂര്‍വ്വം ശ്രമിച്ചു. ജഡ്ജിയുടെ ചോദ്യം വളരെ സൗമ്യവും മുന മൂര്‍ച്ചയുള്ളതുമായിരുന്നു. മാര്‍ഗരറ്റിന്റെ നിശ്ചയം പിരിയാനാണെങ്കില്‍, തനിക്കതിനോടു യോജിപ്പാണുള്ളതെന്ന് ആല്‍ഫ്രഡ് പറഞ്ഞു. പക്ഷെ, ജഡ്ജി സ്വരമുയര്‍ത്തി, കോടതിക്കറിയേണ്ടത് ആല്‍ഫ്രഡിന്റെ അഭിപ്രായമാണെന്നും, അതില്‍ മാര്‍ഗരറ്റിന്റെ അഭിപ്രായത്തെ ആശ്രയിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയതോടെ ഒരുനിമിഷം ആലോചിക്കാതെ “വേര്‍പിരിയണം” എന്ന് അയാള്‍ പറഞ്ഞു.

വേര്‍പിരിയാനുള്ള രജിസ്റ്ററില്‍ ഒപ്പിടാന്‍ ജഡ്ജി പറഞ്ഞപ്പോള്‍ തന്റെ കൈകള്‍ വിറയ്ക്കുന്നതായി ആല്‍ഫ്രഡിനു തോന്നി. മാര്‍ഗരറ്റ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ജഡ്ജിയുടെ മുന്നിലേക്കു വരികയും തന്റെ പേരിനു താഴെ ഒപ്പിട്ടു് അതിവേഗം പുറത്തേക്കു നടക്കുകയും ചെയ്തു. അല്‍ഫ്രഡ് വളരെപ്പതുക്കെ നടന്നു പുറത്തെത്തുമ്പോള്‍ മാര്‍ഗരറ്റ് അവളുടെ കാറിനരികെ എത്തിയിരുന്നു. ആല്‍ഫ്രഡ് അവളെത്തന്നെ നോക്കി നിന്നു. മാര്‍ഗരറ്റിന്റെ പല വിതാനത്തിലുള്ള രൂപം ഒരു കടല്‍കാഴ്ചയെ അനുസ്മരിപ്പിക്കുംവിധം മനസ്സിന്റെ കണ്ണാടിക്കാഴ്ചയില്‍ കണ്ടു.

കോടതിമുറ്റത്തു തിരക്കുകൂടിവരികയാണ്. മാര്‍ഗരറ്റ് സ്റ്റാര്‍ട്ടുചെയ്ത് പുറംവഴിയിലേക്കിറങ്ങി. നഗരവഴിയിലേക്കു മറഞ്ഞു. തൊട്ടുപിന്നാലെ ആല്‍ഫ്രഡും. നഗരത്തിരക്കില്‍ പലയിടത്തുവച്ചും മാര്‍ഗരറ്റിന്റെ കാര്‍ കാണാനായെങ്കിലും അവളുടെ മുഖം വ്യക്തമായി കാണാന്‍ ആല്‍ഫ്രഡിനു കഴിഞ്ഞില്ല. ഫ്ളൈഓവര്‍ കടന്നപ്പോഴേക്കും കാഴ്ചയില്‍ നിന്നും അവള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി അയാള്‍ അറിഞ്ഞു.

ഫ്ളാറ്റിലെത്തിയ ആല്‍ഫ്രഡ് നന്നേ പരിക്ഷീണനായി. നിര്‍വ്വചനാതീതമായി ഒരേകാന്തത തന്നെ മൂടുന്നതായി തോന്നി. വളരെപ്പതുക്കെ ജനാലയ്ക്കലേക്കു നടന്നു. പുറംവഴിയിലൂടെ മാര്‍ഗരറ്റിന്റെ കാര്‍ വളരെപ്പെട്ടെന്നു തൊട്ടടുത്ത ഫ്ളാറ്റിലേക്കുള്ള ഡ്രൈവ് തിരിഞ്ഞുപോകുന്നതു കണ്ടു. നോക്കിനില്ക്കെ മാര്‍ഗരറ്റിന്റെ ഫ്ളാറ്റില്‍ ലൈറ്റ് തെളിഞ്ഞു. പിന്നെ സ്വീകരണമുറിയില്‍ തലങ്ങും വിലങ്ങും നടക്കുന്നതിനിടയിലാണ് പുറത്തെ ആരവം കേട്ടത്. പെട്ടെന്ന് ജനാലയ്ക്കലേക്കു നടന്ന ആള്‍ഫ്രഡ് കണ്ടത് പുറത്തുകൂടി അതിവേഗം ഒച്ചവച്ചോടുന്ന ജനക്കൂട്ടത്തെയാണ്.

പടവുകളിറങ്ങിയ ആല്‍ഫ്രഡ് ആള്‍ക്കൂട്ടത്തിലൂടെ വേഗത്തില്‍ നടന്നു. ഒടുവില്‍ ജനക്കൂട്ടത്തിനൊപ്പം മാര്‍ഗരറ്റിന്റെ ഫ്ളാറ്റിനു മുന്നിലെത്തി. മൂന്നാംനിലയിലെ ഫ്ളാറ്റിനു മുന്നില്‍ തീങ്ങിക്കുടിയവരെ വകഞ്ഞുമാറ്റി ആല്‍ഫ്രഡ് അരണ്ട വെളിച്ചത്തില്‍ സംഭ്രമത്തോടെ നിന്നു. അപ്പോള്‍ പുറത്തേക്കുള്ള ജാലകം ആരോ വലിച്ചുതുറന്നു. പെട്ടെന്നു പുകയും മാംസഗന്ധവും ജനലിലൂടെ പുറത്തേക്കു വമിച്ചു. പുകയുടെ മൂടാപ്പില്‍ അവ്യക്തമായി ആ കാഴ്ച. നിന്നു കത്തുന്ന മാര്‍ഗരറ്റ്.