close
Sayahna Sayahna
Search

ദൈവനിശ്ചയം ആർക്കറിയാം


ദൈവനിശ്ചയം ആർക്കറിയാം
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


ദൈവനിശ്ചയം ആര്‍ക്കറിയാം

മുത്തമ്മ ഓരോ വണ്ടിക്കും അയാള്‍ വരുമെന്ന് പ്രതീക്ഷിച്ചു. കുടിലിന്റെ മണ്‍വരാന്തയുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ രാത്രിവണ്ടി പോകുംവരെ സ്വയം പിറുപിറുത്തും പൊട്ടിച്ചിരിച്ചും കാത്തിരുന്നു. പക്ഷെ, അയാള്‍ വന്നില്ല.

വാര്‍ദ്ധ്യകത്തിന്റെ ജരനാരകള്‍ ബാധിച്ച് ക്ഷീണിതയായ മുത്തമ്മ കാത്തിരിക്കുന്ന അയാള്‍ ആരാണെന്ന സംശയം സ്വഭാവികമാണല്ലോ. അതാരെന്ന് മുത്തമ്മയ്ക്കുപോലും ഇപ്പോള്‍ അറിയില്ല. അയാളെ മുത്തമ്മ പകല്‍വെളിച്ചത്തില്‍ കണ്ടിട്ടുപോലുമില്ലെന്നും വെറുതെ നാട്ടുകാര്‍ ചമച്ച ഒരു കഥ മാത്രമാണതെന്നും വിശ്വസിക്കുന്നവരുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ കുടിലില്‍ മുത്തുലക്ഷ്മി എന്ന യുവതിക്ക് പലരും സന്ദര്‍ശകരായുണ്ടായിരുന്നു. നിരവധി ലോറികളും ജീപ്പുകളുടം മുത്തുലക്ഷ്മിയുടെ കുടിലിന് മുന്നില്‍ അടുത്ത ഊഴത്തിനായി കാത്തുകിടന്നിരുന്നു. അവര്‍ സംതൃപ്തരെന്നോ അസംതൃപ്തരെന്നോ മുത്തുലക്ഷമി ശ്രദ്ധിച്ചില്ല. വീട്ടകമാകെ ഇരുട്ടായിരിക്കും. പുറത്തും സന്ദര്‍ശകരൊക്കെ കേട്ടറിവുവെച്ചാണ് അവളെ തേടിയെത്തുക. അവരിലൊരാള്‍ മാത്രമായിരുന്നോ അയാള്‍? അല്ല. അയാള്‍ വന്നത് ജീപ്പിലോ കാറിലോ ഒരു ബൈക്കില്‍പ്പോലുമോ ആയിരുന്നില്ല. പിന്നെ ആരാണയാള്‍?

അന്ന് മുത്തുലക്ഷമി പകല്‍നേരത്താണ് ഉറങ്ങുക. സന്ധ്യ കഴിയുന്നതോടെ ഒരു ചെറുപീടികപോലുമില്ലാതെ വിജനമായ വഴിയോരത്തെ മുത്തുലക്ഷമയുടെ വീട്ടുമുന്നില്‍ വാഹനങ്ങള്‍ ഓരോന്നായി വന്നടുക്കും. അത്രനേരം രണ്ടാമത്തെ വണ്ടി ദൂരെ നാല്ക്കവലയില്‍ കാത്തുകിടക്കും.

ഒരാളുടെ ഊഴം കഴിഞ്ഞ് വണ്ടി നാല്ക്കവലയിലെത്തുമ്പോള്‍ രണ്ടാം വണ്ടി പുറപ്പെടുകയായി. ഒന്നാം വണ്ടിയിലെയാള്‍ രണ്ടാം വണ്ടിയിൽ കാത്തുനില്ക്കുന്നവന് (പരിചിതരാണെങ്കില്‍) ശുഭാശംസകള്‍പോലും നേരാന്‍ മടിക്കാറില്ല. ഇത്ര പരസ്യമായി മുത്തുലക്ഷമി എങ്ങനെ ജിവിച്ചു എന്ന് സ്വഭാവികമായും തോന്നാം. അതൊരു പകവീട്ടലിന്റെ ചരിത്രത്തില്‍ ബന്ധിതമാണ്! എന്തുചെയ്യാം. മുത്തുലക്ഷ്മി പ്രതികാരം ചെയ്തത് ഈ രീതിയിലായിപ്പോയി. അത് കഥാന്ത്യത്തില്‍ വിസ്തരിക്കുന്നതാവും നല്ലത്.

മുത്തുലക്ഷ്മി അയാളെ കാത്തിരിക്കാന്‍ തുടങ്ങുന്ന കാലത്ത് ജരാനരകള്‍ ബാധിച്ചിരുന്നില്ല. ആരേയും മോഹിപ്പിക്കുന്ന വശ്യതയുടെ പാരമ്യത്തിലിരിക്കെയാണ് മുത്തുലക്ഷ്മി ആ കടുംകൈ ചെയ്തത്. അന്നു രാത്രി പിൻപുറത്തൂടെ നുഴഞ്ഞെത്തിയ ഒരുവന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയും ഏറെക്കാലം അവന്റെ രഹസ്യാവയവത്തില്‍ പിടിപെട്ട നീര്‍ക്കോളിന് അങ്ങ് പാലക്കാട്ടെ ഒരു വൈദ്യശാലയില്‍ ചികിത്സയിലായിരുന്നെന്നും വര്‍ത്തമാനമുണ്ട്. സ്നേഹിതനു പറ്റിയ ദുരന്തമന്വേഷിക്കാനെത്തിയ ഡ്രൈവര്‍സുഹൃത്തിനോട് ചികിത്സയിലായിരുന്ന അയാള്‍ പറഞ്ഞത് മുത്തുലക്ഷ്മി എന്നെ ഞെക്കിപ്പൊട്ടിക്കാതെ ജീവനോടെ വിടുമെന്നു കരുതിയില്ലെന്നും ആയുര്‍ദൈര്‍ഘ്യം ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ്. അത് കവലച്ചട്ടമ്പികളെപ്പോലെ നില്ക്കുന്ന ചെറുപ്പക്കാരുടെ ഭാഷ്യമാവണം.

എന്താകിലെന്ത്? ഭാഷ്യം ചമയ്ക്കുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല ചുനക്കരക്കാര്‍. ഒരു കഥയെത്തന്നെ കൗതുകമുണര്‍ത്തുന്ന രീതിയില്‍ വിവരിച്ചുഫലിപ്പിക്കാന്‍ ഈ നാട്ടുകാര്‍ക്കുള്ള ചാതുര്യം അപാരംതന്നെ. നിരവധി കഥകള്‍ കേട്ടതില്‍ എനിക്ക് കൗതുകം തോന്നിയതും സത്യത്തിന്റെ പ്രസരമുണ്ടെന്നു തോന്നിയതുമായ കഥയാണ് മുത്തുലക്ഷ്മിയുടേത്. മറ്റൊന്നുംകൊണ്ടല്ല, മുത്തുലക്ഷ്മിയെക്കുറിച്ചുള്ള കഥ പറഞ്ഞത് എന്റെ എഴുത്താശാനാണ്. ഹരിയെന്നൊരക്ഷരം ആദ്യമായി കൈപിടിച്ച് അരിമണികള്‍ക്കിടയില്‍ എഴുതിച്ച എന്റെ എഴുത്താശാന്‍. സ്വാതന്ത്ര്യസമരസേനാനി. (പക്ഷേ, പെന്‍ഷനില്ല.) തികഞ്ഞ ഗാന്ധിയന്‍. അദ്ദേഹത്തെ വളരെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയതും, ഞാന്‍തന്നെ സ്വയം പരിചയപ്പെടുത്തിയതും സംസാരിച്ചതുമെല്ലാം വളരെ യാദൃച്ഛികമായിരുന്നു. അതുകൊണ്ടുതന്നെ ആ കഥയില്‍ പൊരുളുകേടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ കഥയുടെ പുനരാവര്‍ത്തനമാണ് ഇവിടെ.

മുത്തമ്മ എന്ന് കേള്‍ക്കുമ്പോള്‍ മോണകാട്ടി ചിരിക്കുന്ന, കാതില്‍ തോടയണിഞ്ഞ, ഒരു വൃദ്ധയുടെ ചിത്രമാകും നിങ്ങളുടെ (എന്റെയും) മനസ്സില്‍. ഇപ്പോള്‍ മുത്തമ്മയുടെ രൂപം ഏതാണ്ട് അങ്ങനെതന്നെയാണുതാനും. പക്ഷേ, അന്നു മുത്തുലക്ഷ്മിയെ ആരും മുത്തമ്മേ എന്നു വിളിച്ചിരുന്നില്ല. മുത്തേ എന്നും മുത്തു എന്നും വാത്സല്യപൂര്‍വ്വമാണ് സന്ദര്‍ശകര്‍ അവളെ വിളിച്ചിരുന്നത്. എഴുത്താശാന്‍ ഒരു പീടികയുടെ മുന്നിലെ പടുമൂടു കിളിച്ച പുന്നമരത്തില്‍ ചാരിനിന്ന് കഥാകഥനം തുടര്‍ന്നു. ഞാന്‍ അതികൗതുകത്തോടെ എഴുത്താശാന് കാതുകൊടുത്തു.

അന്നും പതിവുപോലെ സന്ദര്‍ശകരെ സ്വീകരിച്ചാസ്വദിപ്പിച്ചശേഷം മുത്തുലക്ഷ്മി കിണറ്റുകരയിലേക്കു നടന്നു. ചന്ദ്രികസോപ്പിന്റെ സുഗന്ധമാവാഹിച്ച് കുളികഴിഞ്ഞ് തിരികെ നടക്കുമ്പോള്‍ മുത്തുലക്ഷ്മിക്ക് ഉറക്കംവരുകയും നിവര്‍ത്തിയിട്ട തഴപ്പായിലേക്ക് കിടക്കുകയും ചെയ്തു. പതിവുതെറ്റിയ മഴയാരംഭിച്ചപ്പോള്‍ മുത്തുലക്ഷ്മി പുറത്തേക്കുള്ള വാതിലുകളടച്ചു. പിന്നെ റാന്തലിന്റെ തിരി താഴ്ത്തി ഗാഢമായ ഉറക്കത്തിലേക്കാഴ്ന്നുപോയി അവള്‍.

നീണ്ട ഇടവേളയ്ക്കുശേഷം പെയ്ത മഴയുടെ കുത്തിയൊഴുക്കും ഇടവിട്ടുള്ള മിന്നലുമിടിയുമൊന്നും അറിയാതെ മുത്തുലക്ഷ്മി ഉറങ്ങുമ്പോഴാണ് ആരോ മുന്‍വാതില്ക്കല്‍ തട്ടിവിളിക്കുന്നത്. വല്ല നായ്ക്കളും, നനയാത്തൊരിടം തേടി വന്നുമുട്ടുകയാവുമെന്നാണു കരുതിയത്. കരിമ്പടം തലവഴി വലിച്ചിട്ട് മുത്തുലക്ഷ്മി വീണ്ടു ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ, വാതില്ക്കല്‍ വീണ്ടും തട്ട്.

മുത്തുലക്ഷ്മി സന്ദര്‍ശകരെ സ്വീകരിക്കുന്ന സമയം കഴിയുമ്പോഴാണ് പതിവനുസരിച്ച് മുന്‍വരാന്തയിലെ റാന്തല്‍ കെടുത്തുക. അതിനുശേഷം ആരെങ്കിലും വന്നാല്‍ വാതില്‍ തുറക്കാറില്ല. അതറിയുന്നവരൊന്നുംതന്നെ റാന്തല്‍വെളിച്ചമില്ലെങ്കില്‍ മുറ്റത്തേക്കുപോലും കയറാതെ തിരിച്ചുപോകുകയാണ് പതിവ്. പക്ഷേ, പുലരുവാനേഴര രാവുമാത്രം ബാക്കിനില്ക്കെ ആരാവും മുട്ടിവിളിക്കുന്നത്? അതും ഈ പെരുമഴയത്ത്! മുത്തുലക്ഷ്മി ക്ഷീണത്തോടെ ഉറക്കത്തിനു ഭംഗംവരുത്തിയ ദേഷ്യത്തോടെ റാന്തലിന്റെ തിരി നീട്ടി. അടുത്തു കരുതാറുള്ള വടക്കന്‍ കത്തി (ഏതോ ലോറി ഡ്രൈവര്‍ മടിയില്‍ കരുതുകയും മുണ്ടഴിച്ചുടുത്തപ്പോള്‍ നിലത്തുവീണതറിയാതെ തിരിച്ചുപോകുകയും ചെയ്തതാണ് ഈ വടക്കന്‍കത്തിയുടെ ചരിത്രം.) ഇടതുകൈയിലെടുത്ത ടോര്‍ച്ചുതെളിച്ച് മുത്തുലക്ഷ്മി മുന്‍വാതില്ക്കലേക്കു നടന്നു. ആദ്യം വാതിലിനരികെയുള്ള ജാലകം തുറന്നു. അവിടെനിന്ന് പുറത്തേക്കു നോക്കി.

ഒരാള്‍ മഴയില്‍ക്കുതിര്‍ന്ന് വിറച്ചുനില്ക്കുകയാണ്. അയാളുടെ മുഖത്തേക്ക് മുത്തുലക്ഷ്മി ശ്രദ്ധയോടെ നോക്കി. (ഇതൊക്കെ പറയുക മാത്രമായിരുന്നില്ല എഴുത്താശാന്‍. മറിച്ച്, നടനമാവശ്യപ്പെടുന്നിടത്ത് അതും പ്രയോഗിക്കുന്നുണ്ടായിരുന്നു.) മഴയില്‍ക്കുതിര്‍ന്നു നില്ക്കുന്ന ആ മനുഷ്യനോട് തിരിച്ചുപോകാനും അല്ലെങ്കില്‍ (ടോര്‍ച്ചുവെളിച്ചത്തില്‍ മുത്തുലക്ഷ്മി കത്തികാണിച്ചു) താന്‍ വാതില്‍ തുറക്കുമെന്നും മുത്തുലക്ഷ്മി കോപത്തോടെ പറഞ്ഞു. അയാള്‍ തിരിച്ചുപോകുന്നതിനുപകരം വാതില്ക്കല്‍ കുത്തിയിരിക്കുകയാണു ചെയ്തത്. കുറച്ച് മഴനനയുമ്പം അസുഖം മാറിക്കിട്ടുമെന്നു പറഞ്ഞ് മുത്തുലക്ഷ്മി വീണ്ടും അകത്തേക്കു പോയി. പക്ഷേ, അവള്‍ക്ക് ഉറങ്ങാനായില്ല. അയാള്‍ തിരിച്ചുപോയിട്ടുണ്ടാകുമോ എന്ന വേവലാതി മനസ്സിലുണര്‍ന്നുവന്നു. തെല്ലു കഴിഞ്ഞപ്പോള്‍, അയാള്‍ തിരിച്ചുപോയിട്ടുണ്ടാകുമോ എന്നറിയാനായി അവള്‍ മുന്‍വാതില്ക്കലേക്ക് വീണ്ടും ചെന്നു. അയാള്‍ മഴനനഞ്ഞ് കിടുകിടുക്കുന്നതാണ് അപ്പോള്‍ കണ്ടത്. ശബ്ദമുണ്ടാക്കാതെ മുത്തുലക്ഷ്മി ഏറെനേരം അയാളെ നോക്കിനിന്നു. നിമിഷം പിന്നിടുമ്പോള്‍ മഴ ഉച്ചസ്ഥായിയിലേക്ക് ആരോഹണംചെയ്യുകയും കാറ്റ് ദ്രുതകവനമാടുകയും ചെയ്തു. മുത്തുലക്ഷ്മിയുടെ മനസ്സില്‍ ആ കാഴ്ച ഒട്ടും കനിവുണര്‍ത്തിയില്ല. അവള്‍ അകത്തുനിന്ന് വാതിലില്‍ രണ്ടുമൂന്നു തട്ടുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അലമുറയിട്ട് ആളെ കൂട്ടുമെന്നും പറഞ്ഞുനോക്കി. (അതു പറയുമ്പോള്‍ താൻ അലമുറയിട്ടാൽ കേള്‍ക്കുന്ന ദൂരത്തില്‍ ആരും താമസിക്കുന്നില്ലെന്നും മാത്രമല്ല തന്റെ ഒച്ച കേട്ടാല്‍ത്തന്നെ ആരും വീട്ടിലേക്കു വരില്ലെന്നും അവള്‍ക്ക് അറിയാമായിരുന്നു.) എങ്കിലും മുത്തുലക്ഷ്മി അയാള്‍ക്കുനേരേ ഭീഷണി മുഴക്കി. അയാളാകട്ടെ യാതൊരനക്കവുമില്ലാതെ മുത്തുലക്ഷ്മിയെത്തന്നെ നോക്കിനിന്നു. “വാതില്‍ തുറക്ക്”—ആയാളുടെ സ്വരത്തിലും കിടുകിടുപ്പുണ്ടായിരുന്നു. അയാള്‍ ജനാലയ്ക്കരികിലേക്കു വന്നപ്പോള്‍ മുഖം മുത്തുലക്ഷ്മി വ്യക്തമായി കണ്ടു. അവളുടെ മനസ്സ് തണുക്കുകയും ഒരുനിമിഷം പിടയ്ക്കുകയും ചെയ്തു. എങ്കിലും സംശയത്തിന്റെ ഇരുള്‍ അവളുടെ ഉള്ളില്‍ മായാതെ നിന്നു.

ആദ്യം ഇതുപോലെ അനുകമ്പനേടാനാകുംവിധമൊക്കെ ആണുങ്ങള്‍ ഭാവിക്കും. കാര്യം കണ്ടുകഴിഞ്ഞാല്‍ ഇവന്റെയൊക്കെ ഭാവം മാറും. മുത്തുലക്ഷ്മി വീണ്ടും അയാളോട് തിരിച്ചുപോകാന്‍ പറഞ്ഞു നോക്കി. അയാള്‍ പെരുമഴ നനഞ്ഞു നിന്നതല്ലാതെ തിരിച്ചുപോകാന്‍ ഒരുക്കമായിരുന്നില്ല. ഈ തണുത്ത വെളുപ്പാന്‍കാലത്ത് വല്ല രഹസ്യപ്പോലീസില്‍നിന്നും തന്നെ കെണിയില്‍വീഴ്ത്താന്‍ വന്നതാകും അയാളെന്നുപോലും മുത്തുലക്ഷ്മി സംശയിച്ചു. എത്ര പറഞ്ഞിട്ടും തിരിച്ചുപോകാതെ നില്ക്കുകയാണ് അയാള്‍. മുത്തുലക്ഷ്മി വാതില്‍ തുറക്കാന്‍തന്നെ നിശ്ചയിച്ചു. എന്തെങ്കിലുംതരത്തില്‍ തനിക്കെതിരെ അയാള്‍ പ്രകോപനമുണ്ടാക്കിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലുറച്ച് വീടിനു പിന്നിലെ പൊട്ടക്കിണറ്റിലേക്കുള്ള വഴി മനസ്സില്‍ ഓര്‍ത്തുവെച്ചു. കത്തി മറച്ചുപിടിച്ച് ടോര്‍ച്ച് അയാളുടെ മുഖത്തേക്കു തെളിച്ചു കൊണ്ട് മുത്തുലക്ഷ്മി വാതില്‍ പകുതി തുറന്നു. യാതൊരു തിടുക്കവും കാട്ടാതെ പുറത്തുതന്നെ നിന്നതല്ലാതെ മുത്തുലക്ഷ്മി ക്ഷണിക്കുംവരെ അയാള്‍ അകത്തേക്കു കയറിയില്ല.

മുത്തുലക്ഷ്മി പുറംവാതില്‍ അടച്ച് തഴുതിട്ടു. അയാള്‍ മുത്തുലക്ഷ്മിക്കു പിന്നാലെ നടന്നു. അവള്‍ പിന്‍പുറത്തെ റാന്തല്‍ത്തിരി നീട്ടി അരമതിലിങ്കല്‍ ഇരുന്നു. അയാളുടെ നനഞ്ഞ വസ്ത്രത്തില്‍നിന്ന് ഈറന്‍ നില്ത്തേക്കു പടര്‍ന്നു. അവള്‍ അതൊന്നും കാര്യമാക്കാതെ റാന്തല്‍വെളിച്ചത്തില്‍ അയാളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. അയാളാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്. മുത്തുലക്ഷമി ഒരു കേള്‍വിക്കാരി മാത്രമായി അയാളെത്തന്നെ നോക്കിയിരുന്നു. ഇടയ്ക്ക് അവള്‍ അയാളുടെ നേഞ്ചിലേക്കുവീണ് കരയുകയും തന്നെക്കൂടി ഈ നശിച്ച നാട്ടില്‍നിന്ന് കൊണ്ടുപോകണമെന്ന് അപേക്ഷിച്ചതുമായാണ് ഒരു കഥ. അയാള്‍ മുത്തുലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒരുക്കമായിരുന്നില്ല. ഈ ‘അയാള്‍’ ആരോണെന്ന സന്ദേഹമാവും ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍. അത് മൂത്തമ്മയുടെ യൗവനകാലത്തെ മറ്റൊരു കഥ പറഞ്ഞുകൊണ്ടാണ് എഴുത്താശാന്‍ വിശദമാക്കിയത്.

ചുനക്കരിയലെ ചെറുപ്പക്കാരെയൊക്കെയും സ്വപ്നസന്നിഭമായ രാത്രികളിലേക്ക് നയിക്കുന്നത്ര സൗന്ദര്യമായിരുന്നു അവളുടേത്. അച്ഛന്റെ മരണശേഷം അവളുടെ അമ്മ മകളേയുംകൊണ്ട് ഓരോ ദിവസവും പട്ടിണിയില്ലാതെ പിന്നിടാന്‍ കഷ്ടപ്പാടു സഹിക്കുന്ന കാലം. ആ സമയത്താണ് നളന്ദ അക്കാദമിയിലെ ഹിസ്റ്ററി അദ്ധ്യാപകന്‍ രവി മുത്തുലക്ഷ്മിയെ സ്വന്തമാക്കിയത്. മകളെ കോളേജിലയച്ചു പഠിപ്പിക്കാന്‍ പാങ്ങില്ലാതെ അമ്മതന്നെയാണ് മുത്തുലക്ഷ്മിയെ അക്കാദമിയില്‍ കൊണ്ടുചെന്നാക്കിയതും. രവി ഹിസ്റ്ററി പഠിപ്പിക്കാനെത്തുകയും ആദ്യക്ലാസ്സില്‍വച്ചുതന്നെ മുത്തുലക്ഷ്മിയെ ആനന്ദിപ്പിക്കുംവിധമുള്ള വാക്ചാതുരികൊണ്ട് അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു.

രവി പുലര്‍ച്ചെതന്നെ പഴയ സൈക്കിളില്‍ നളന്ദയിലെത്തും. പിന്നാലെ മുത്തുലക്ഷ്മിയും. അതെക്കുറിച്ച ചെറുപ്പക്കാരില്‍ ചിലരോക്കെ സംശയമുന്നയിച്ചിരുന്നു. ഒടുവില്‍ രവിയും മുത്തുലക്ഷ്മിയും തമ്മിലുള്ള പ്രണയം നാട്ടിലെ പ്രചാരമുള്ള കഥകളിലൊന്നായി. ചുനക്കരയിലെ ചെറുപ്പക്കാർ രവിയെ പൊതുശത്രുവായി പ്രഖ്യാപിച്ചു. ചിലര്‍ ചില്ലറ ഭീഷണികളും ഉയര്‍ത്തി. പക്ഷെ, ഭീഷണികള്‍ നിലനില്ക്കെത്തന്നെ അതു സംഭവിച്ചു.

ഒരു രാത്രിയില്‍ മുത്തുലക്ഷ്മിയെയുംകൊണ്ട് രവി നാടുവിട്ടു. അന്ന് നാട്ടിലെ ശിവക്ഷേത്രത്തില്‍ കല്യാണസൗഗന്ധികം കഥകളിയുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കു പോകുന്നതില്‍ ഭൂരിപക്ഷവും വയസ്സായവരാണ്. അവര്‍ തങ്ങളുടെ വഴിയുറപ്പിക്കാന്‍തന്നെ പാടുപെട്ടാണ് നാട്ടുവഴിയിലൂടെ നടന്നുപോയത്. അതിനിടയ്ക്കൊപ്പോഴാ രവി മുത്തുലക്ഷ്മിയുടെ വീടിനു പിന്നിലെ ഇടവഴിയിലെത്തുകയും ശ്രീനിവാസന്റെ ഓട്ടോറിക്ഷയില്‍ റെയില്‍വേസ്റ്റേഷനിലേക്കു പോകുകയുമായിരുന്നു. അതോടെ ചെറുപ്പക്കാര്‍ അവരുടെ സ്വപ്നത്തില്‍നിന്ന് മുത്തുലക്ഷ്മിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇറക്കിവിട്ടു. സ്വപ്നത്തില്‍ മുത്തുലക്ഷ്മിയെ കണ്ടവര്‍തന്നെ അത് പുറത്താരോടും പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. ചിലര്‍ രഹസ്യമായി ഒരാനന്ദം സ്വയം അനുഭവിച്ചു.

അദ്ധ്യയനവര്‍ഷമവസാനിച്ച് മദ്ധ്യവേനലവധി തുടങിയതോടെ മുത്തുലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഏതാണ്ട് ശമിച്ച മട്ടായി. ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ഒരു വരള്‍നദിപോലെ ഊഷരമായി. പിന്നെ, മുത്തുലക്ഷ്മിയെക്കുറിച്ചുള്ളപരാമര്‍ശങളുണ്ടാകുന്നത് അവളുടെ വൃദ്ധയായ അമ്മയുടെ മരണദിവസമാണ്. പഞ്ചായത്തു മെമ്പറായിരുന്ന കുട്ടപ്പന്‍നായരും മറ്റും ഇടപെട്ടാണ് വൃദ്ധയുടെ ശവം മറവുചെയ്തത്. അതിനിടയില്‍ പലരും പരസ്പരം പറഞ്ഞു: “ആ പെണ്ണ് ഒളിച്ചോടിപ്പോയതിന്റെ സങ്കടം കൊണ്ടാ അവര്‍ ഇത്രവേഗം കണ്ണടച്ചേ!” എല്ലാവരും അതിനോടു യോജിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. അന്നവിടെ കൂടിയ ചെറുപ്പക്കാര്‍ മുത്തുലക്ഷ്മിക്ക് വന്നുഭവിച്ചുട്ടുണ്ടാകുന്ന തേയ്മാനങ്ങളേയും ഉടവുകളേയും പറ്റി സംസാരിച്ചു; ചിരിച്ചു. ഒടുവില്‍ വൃദ്ധയുടെ ശവമടക്കി പിരിഞ്ഞതോടെ മുത്തുലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും ശമിച്ചു.

ചെറുപ്പക്കാരില്‍ ചിലര്‍ക്ക് തൊഴില്‍ കിട്ടി. ചിലര്‍ തൊഴില്‍തേടി നഗരങ്ങളിലേക്കു കുടിയേറി. മുതിര്‍ന്നവരില്‍ ചിലര്‍ ചരമപ്പെട്ടു. രാജകുടുംബാംഗമായിരുന്ന ബാലരാമത്തമ്പുരാന്‍ നാടുനീങ്ങി. പഞ്ചായത്തി പതിനാറുവര്‍ഷം ഭരിച്ചുപോന്ന കൊണ്‍ഗ്രസ്സുകാര്‍ തോറ്റമ്പി. പുതുപ്പണക്കാരായ ചിലര്‍ ഇടതുപക്ഷത്തില്‍ ചേര്‍ന്ന് തങ്ങളുടെ നാട്ടുബിസിനസ്സിന്റെ തായ് വേരുറപ്പാക്കി. ഗള്‍ഫ്് ‌യുദ്ധംമൂലം തൊഴില്‍ നഷ്ടപ്പെട്ട ചില മദ്ധ്യവയസ്കര്‍ നാട്ടില്‍ തിരിച്ചെത്തി കള്ളുകുടിയും ചീട്ടുകളിയും കൊണ്ടു നശിച്ച്, നഷ്ടസ്വര്‍ഗ്ഗത്തെക്കുറിച്ച് വിഷാദഗാനങ്ങള്‍ ആലപിച്ചു. രാത്രിനേരങ്ങളില്‍ അവരുടെ വീട്ടകങ്ങളില്‍നിന്നും പെണ്ണുങ്ങളുടെ കരച്ചിലും അലമുറയും ഉയര്‍ന്നു. ഇടയ്ക്ക് എഴുത്താശാന്‍ ഞങ്ങളുടെ നാടിന്റെ ചരിത്രവികാസവും വിശദമാക്കി.

തെല്ലുനേരത്തെ മൗനത്തിനുശേഷം എഴുത്താശാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു: “കാലം കുഴഞ്ഞുമറിഞ്ഞ് അപ്രതീക്ഷിതമായ ചില കടവുകളിലെത്തിച്ചേര്‍ന്നു.”

ക്ഷേത്രത്തിലെ മറ്റൊരു ഉത്സവകാലമാണ്. കരക്കാരാകെ കെട്ടുത്സവത്തിന്റെയും എഴുന്നള്ളിപ്പിന്റെയും തിരക്കിലായിരുന്നു. അന്നൊരു ദിവസം മുത്തുലക്ഷ്മി നാട്ടിലേക്കു തിരിച്ചുവന്നു. ദേശാടനക്കാരായി നടന്ന് എത്തുന്നിടം വിഷ്ണുലോകമാക്കുന്ന ദരിദ്രനായ വല്ല തമിഴ് ‌പെണ്ണും വഴിതെറ്റി വന്നിറങ്ങിയതാവുമെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. ആരും അവളെ അത്രയ്ക്കങ്ങ് ശ്രദ്ധിച്ചില്ല. ഒരിക്കല്‍ അവളെ ഒരു നോക്കു കാണാന്‍ നാട്ടിടവഴികളില്‍ കാത്തുനിന്നിരുന്ന മനോഹരന്റെയും പങ്കജാക്ഷന്റെയും കണ്ണുകളിലേക്ക് അവള്‍ പ്രതീക്ഷയോടെ ഒന്നു നോക്കുകപോലും ചെയ്തു. പക്ഷെ, ഉത്സവത്തിരക്കിലായിരുന്ന അവര്‍ മുത്തുലക്ഷ്മിയെ തിരിച്ചറിഞ്ഞില്ല. (മനോഹരനും പങ്കജാക്ഷനും നല്ല സ്ത്രീധനം വാങ്ങി കല്യാണംകഴിച്ചതുകൊണ്ട് മറ്റു തൊഴിലൊന്നും അന്വേഷിക്കുകയോ കണ്ടെത്തുകയോചെയ്തിരുന്നില്ല.) എങ്കലും പങ്കജാക്ഷന്‍ ഇത്രയും പറഞ്ഞു: “ചന്ദ്രികസോപ്പു വാങ്ങി കൊടുത്തിട്ടാണെങ്കില്‍ ഒരുകൈ നോക്കാം മനോഹരാ…” സ്വതേ ലജ്ജാശീലനായ മനോഹരന്‍ അവന്റെ ഈ ഇംഗീതം പ്രകടിപ്പിക്കാന്‍ മടിച്ചില്ല: “പിയേഴ്സിന് കുറേക്കൂടി ഗന്ധം കൂടും” അപ്പോഴേക്കം വഴിയാത്രക്കാരായ ആരുടെയോ വരവുകണ്ട് അവര്‍ റസീറ്റുമായി അങ്ങോട്ടു നടന്നു.

മുത്തുലക്ഷ്മി അമ്മയിക്കരികിലേക്ക് നടന്നു. അവിടെ മേയാതെ അലങ്കോലമായിക്കിടക്കുന്ന ഓലപ്പുര. അതു കാണ്‍കെ അവളുടെ അകമൊന്നു പിടിച്ചിട്ടുണ്ടാകണം. വീട്ടകത്തുകയറി അവള്‍ ഇരുളും നിശബ്ദതയും നിറഞ്ഞ രണ്ടു മുറികളിലും അമ്മയെ തിരഞ്ഞു. ഏറെനാളായി ആള്‍പ്പാര്‍പ്പില്ലാതെ കിടന്ന മുറിയില്‍ ചിലന്തിവലയും പൊടിയും ഒരുതരം മനംമടുപ്പിക്കുന്ന ഗന്ധവും, അമ്മയുടെ കീറിപ്പൊടിഞ്ഞ കിടക്കപ്പായും പഴയ ട്രങ്കും. അവള്‍ നിശ്ശബ്ദയായി പുറത്തേക്കിറങ്ങി. അപ്പോഴാണ് ഒരാള്‍ ആള്‍ത്തിരക്കില്ലാത്ത വഴിയിലുടെ എതിരെ നടന്നു വരുന്നത് കണ്ടത്. അതെന്റെ എഴുത്താശാന്‍തന്നെയായിരുന്നു. ആദ്യം ആശാന്‍ കരുതിയത് വല്ല അലച്ചിലുകാരിപ്പെണ്ണും തക്കംപാര്‍ത്ത് ആള്‍പ്പാര്‍പ്പില്ലാത്തെ വീട്ടില്‍ കയറി മോഷണം നടത്താനുള്ള ശ്രമം നടത്തുകയാവുമെന്നാണ്. ഒട്ടിച്ചിമാര്‍ നാട്ടിലെത്തുകയും കണ്ണുതെറ്റിയാല്‍ മോഷണം നടത്തുകയുംചെയ്യുന്ന നിരവധി സംഭവങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. ആശാന്‍ അവളുടെ അരികെ ചെന്ന് സംശയത്താടെ നിന്നു. (ഒട്ടിച്ചിമാരുടെ പേരില്‍ ചില്ലറ മോഷണം നടത്തുന്നവര്‍ നാട്ടുകാരില്‍ ചിലരാണെന്നും പറച്ചിലുണ്ടായിരുന്നു.) ആദ്യംതന്നെ മുത്തുലക്ഷ്മിക്ക് ആശാനെ മനസ്സിലായി. ആശാനില്‍നിന്നാണ് അവള്‍ അമ്മയുടെ മരണവൃത്താന്തം അറിയുന്നത്. അപ്പാള്‍ എന്റെ എഴുത്താശാന്‍ ചോദിച്ചത്രേ: “രവി എവിടെ?” അതിനവള്‍ മറുപടി പറയാന്‍ കുറച്ചു സമയമെടുത്തു. മുത്തുലക്ഷ്മി തന്റെ കൈയിലിരുന്ന മങ്ങിയ പച്ചനിറമുള്ള മുഷിഞ്ഞ സഞ്ചി താഴെവച്ച് വീടിന്റെ താങ്ങുകമ്പില്‍ച്ചാരിനിന്ന് ആ കഥ പറഞ്ഞു: മദ്രാസിലേക്കാണ് മുത്തുലക്ഷ്മിയും രവിയും തീവണ്ടികയറിയത്. അങ്ങനെ നിശ്ചയിച്ചത് മുത്തുലക്ഷ്മിയുടെ നിര്‍ബന്ധംകൊണ്ടായിരുന്നു. അവളുടെ ജിവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു മദ്രാസിലേക്കു പോകുക എന്നത്. അതിനൊരു പ്രേരണയുണ്ട്. ആശാന്‍ കഥയ്ക്കുള്ളിലൊരു കഥ എന്ന കണക്കെ മുത്തുലക്ഷ്മിയുടെ അമ്മയുടെ അനുഭവകഥ തുടങ്ങിക്കൊണ്ടാണ്. അടിയന്തിരവസ്ഥക്കാലത്തെ നിരവധി ക്രൂരതകൾ കണ്ട് അട്ടഹസിക്കുകയും സാംതൃപ്തിയനുഭവിക്കുകയും ചെയ്തിരുന്ന ഒരു പോലീസ് ഓഫീസറായിരുന്നു ബലഭദ്രൻ നമ്പ്യാർ. താൻ ഓരോ ദിവസവും കണ്ടാസ്വാദിക്കുന്ന ക്രൂരകൃത്യങ്ങൾ അതേ ആവേശത്തോടെ ഓരോ വൈകിയ രാത്രികളിലും ഭാര്യയെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. ഭാര്യ അതു കേൾക്കാൻ പ്രഭാതംവരെവേണമെങ്കിലും ഉറക്കമൊഴിഞ്ഞിരിക്കും. (അതുകൊണ്ടുതന്നെ ഭൃത്യരിൽ ചിലർ അവരെ രഹസ്യമായി ദുഷ്ടപതിയമ്മ എന്നാണ് വിളിച്ചിരുന്നത്.)

തലേന്നു രാത്രിയിലെ കടുംകൈകളൊന്നും പത്രവാർത്തയിലില്ലാത്ത ആനന്ദത്തിൽ പൊട്ടിച്ചിരിക്കുകയായിരുന്നു ബലഭദ്രൻനമ്പ്യാർ. പെട്ടെന്ന് നമ്പ്യാരുടെ കൃഷ്ണമണികൾ പൊട്ടിച്ചിതറിപ്പോയി. അസ്വാഭാവികമായിത്തോന്നാം ഈ സംഭവം. പക്ഷേ, അങ്ങനെതന്നെ സംഭവിച്ചു. ഇത് ശാസ്ത്രീയമായി നോക്കിയാൽ സംഭവിക്കാനിടയില്ലെന്ന് വിശ്വസിക്കാം. പക്ഷേ, ഇക്കാലത്ത് ശാസ്ത്രത്തിനും മേലേ പലതും സംഭവിക്കുന്നുണ്ടല്ലോ. താഴത്തേനിലയിൽനിന്നും ചായയുമായി പടവുകൾ കയറിവരുകായിരുന്നു നമ്പ്യാരുടെ ഭാര്യ. ചായക്കോപ്പയിലാണ് നമ്പ്യാരുടെ ഒരു കൃഷ്ണമണി ചെന്നുവീണത്. അതു കണ്ടു സംഭ്രമിച്ച ഭാര്യ വിവരം പറയാനാണ് നമ്പ്യാർക്കരികിലേക്കു വെപ്രാളത്തോടെ ചെന്നത്. അവർ കണ്ടതാകട്ടെ, ഭർത്താവിന്റെ കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികൾ. മുഖത്തുനിന്നും രക്തം വാർന്നുവാർന്നൊഴുകുന്നു. അത് കഴുത്തിലൂടെ നെഞ്ചിലേക്കു വ്യാപിക്കുകയും നമ്പ്യാർ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്നു. അന്ധനായ നമ്പ്യാർ ജോലി രാജിവച്ച് വിശ്രമ ജീവിതം നയിക്കാൻ തുടങ്ങി. അപ്പോഴാണ് വീട്ടുവേലയ്ക്കായി ഒരു സ്ത്രീയെ ആവശ്യമായിവന്നത്. മുത്തുലക്ഷ്മിയുടെ അമ്മ വഴിചോദിച്ചറിഞ്ഞ് അവിടെ എത്തുകയും വീട്ടുജോലി സ്വീകരിക്കുകയും ചെയ്തു.

നമ്പ്യാരുടെ സന്തതസഹചാരിയും രഹസ്യം സൂക്ഷിപ്പുകാരനുമായ ഒരു പെരുമാളുണ്ടായിരുന്നു അവിടെ. ഏതോ തീവണ്ടിയാത്രയ്ക്കിടയിൽ പണ്ടേന്നോ നമ്പ്യാരുടെ മുന്നിൽ ഒരു അനാഥക്കുട്ടി വന്നുപെട്ടു. അവനെ കൂടെ കൂട്ടുകയും വളർത്തി പഠിപ്പിക്കുകയും ചെയ്തു. തമിഴ് ‌നാട്ടുകാരനായ പെരുമാൾ നമ്പ്യാരുടെ വീട്ടിലെ സർവ്വകാര്യങ്ങളുടേയും മേൽനോട്ടം വഹിച്ചുവന്നു. അവിടെ മുത്തുലക്ഷ്മിയുടെ അമ്മ ചെന്നെത്തിയ ദിവസംതന്നെ പെരുമാൾ തമിഴും മലയാളവും ഇടകലർന്ന ഭാഷയിൽ ചില നിർദ്ദേശങ്ങൾ നൽകി. ഔട്ട്‌ഹൗസിലായിരുന്നു പെരുമാളിന്റെ മുറി. രാത്രിയേറുമ്പോൾ പെരുമാളിന് ദാഹം കൂടും. അപ്പോൾ അമർത്തിപ്പിടിച്ച സ്വരത്തിൽ പെരുമാൾ മുത്തുലക്ഷ്മിയുടെ അമ്മയെ തട്ടിവിളിക്കും. അങ്ങനെ മറൊരു ഉത്സവകാലം വന്നുചേർന്നു.

ദുഷ്ടപതിയമ്മ കുപിതയായാണ് മുറിയിലേക്കു കയറിച്ചെന്നത്. അവർ മുത്തുലക്ഷ്മിയുടെ അമ്മയെ വീട്ടുജോലിയിൽനിന്നും പിരിച്ചയച്ചു. അപ്പോഴവർ മൂന്നുമാസം ഗർഭിണിയായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ കേണപക്ഷേപിച്ചു, പെരുമാളിനെ ഒന്നു കാണണമെന്ന്. ഒടുവിൽ കാഴ്ച് നഷ്ടപ്പെട്ട് കടുത്ത ദൈവവിശ്വാസിയായി മാറിയ നമ്പ്യാരാണ് ഭാര്യയെ നിർബന്ധിച്ചത്: അവൾ പെരുമാളെ കണ്ടൊന്നു സംസാരിച്ചിട്ട് പൊയ്ക്കോട്ടെ. നമ്പ്യാരുടെ ഭാര്യയും മുത്തുലക്ഷ്മിയുടെ അമ്മയും പെരുമാളിന്റെ മുറിക്കു മുന്നിലെത്തി.

നട്ടുച്ചയിൽ നിശ്ശബ്ദമായ ആ ഇടനാഴിയിൽ നിരവധി നിഴലുകൾ ആറാടിനിൽക്കുന്നതായി മുത്തുലക്ഷ്മിയുടെ അമ്മ കണ്ടു. അവരുടെ ഉള്ളിൽ ഭയമുണർന്നു. ദുഷ്ടപതിയമ്മ പെരുമാളിന്റെ മുറി തള്ളിത്തുറന്നു. അതിനുള്ളിലെ നിശ്ശൂന്യത അവരെ സംഭ്രമിപ്പിച്ചു. പെരുമാളിന്റെ പെട്ടിയും വസ്ത്രങ്ങളും അവിടെ കാണാനുണ്ടായിരുന്നില്ല. മുത്തുലക്ഷ്മിയുടെ അമ്മയാണ് ആ കത്ത് കണ്ടത്. അതെടുത്ത് നമ്പ്യാരുടെ ഭാര്യ ഉച്ചത്തിൽ വായിച്ചു. താൻ മദ്രാസിലേക്കു തിരിച്ചു പോകുകയാണെന്നും എല്ലാവരും തന്നോടു ക്ഷമിക്കണമെന്നുമുള്ള പെരുമാളിന്റെ കുറിപ്പായിരുന്നു അത്. അതിൽ പെരുമാൾ, ഗർഭിണിയാക്കിയ സ്ത്രീയെക്കുറിച്ച് വിശേഷിച്ചൊരു പരാമർശവുമുണ്ടായിരുന്നില്ല. നിശ്ശബ്ദമായി മുത്തുലക്ഷ്മിയുടെ അമ്മ ഉച്ചവെയിലിലൂടെ തിരികെ നടന്നു.

മുതിർന്നപ്പോൾ തന്റെ അച്ഛ്നാരാണെന്ന് അമ്മയോടു ചോദിക്കാൻ പലതവണ മുത്തുലക്ഷ്മി നിശ്ചയിച്ചതാണ്. പക്ഷേ, അമ്മ ഒരിക്കലും പരാമർശിക്കുകപോലും ചെയ്യാത്ത രഹസ്യം എന്തുകൊണ്ടോ ചോദിക്കണ്ടെന്ന് അവളുടെ മനസ്സു മന്ത്രിച്ചു. ഒരുനാൾ ഒരോണക്കാലത്ത് അമ്മതന്നെ ആ സംഭവം മുത്തുലക്ഷ്മിയോടു പറഞ്ഞു. അന്നുമുതൽ പെരുമാൾ എന്ന അച്ഛനെ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടണമെന്ന മോഹം മുത്തുലക്ഷ്മിയുടെ മനസ്സിലുദിച്ചു. പക്ഷേ, പെരുമാൾ എന്ന പേരല്ലാതെ മറ്റൊരു വിവരവും അവൾക്കുണ്ടായിരുന്നില്ല. എങ്കിലും താനൊരിക്കൽ മദ്രാസിൽ പോകുമെന്നും അച്ഛനെ തേടിപ്പിടിക്കുമെന്നും അവൾ നിശ്ചയിച്ചു. രവിയോടൊപ്പം മദ്രാസിലേക്കു തീവണ്ടി കയറുമ്പോൾ തന്റെ അച്ഛ്നെ യാദൃച്ഛികമായെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയും മുത്തുലക്ഷ്മിക്കുണ്ടായിരുന്നു.

രവിയോടൊപ്പം തീവണ്ടിയിലിരിക്കെ മുത്തുലക്ഷ്മിയുടെ മനസ്സിൽ അമ്മയെക്കുറിച്ചുള്ള ദു:ഖമായിരുന്നു കനപ്പെട്ടുനിന്നിരുന്നത്. രവിയുടെ സ്പർശസാന്നിദ്ധ്യത്തിൽ എല്ലാം സഹിക്കാൻ മറക്കാൻ അവൾ ശ്രമിച്ചു. തീവണ്ടിമുറിയിലെ യാത്രക്കാരുടെ മുഖത്തേക്ക് രവിയും മുത്തുലക്ഷ്മിയും നോക്കിയില്ല. ആർക്കെങ്കിലും തങ്ങളെ മനസ്സിലായാലോ എന്ന ഭയമായിരുന്നു. ഒടുവില്‍ യാത്രാക്ഷീണമൊക്കെയും വിസ്മരിച്ച്, രവിക്കൊപ്പം മുതുതലക്ഷ്മി മദ്രാസില്‍ വണ്ടിയിറങ്ങി.

അപരിചിതമായ വഴികളിലൂടെ മുത്തുലക്ഷ് ‌മി രവിക്കൊപ്പം നടന്നു. അപ്പോഴൊക്കെ അമ്മ പറഞ്ഞറിവുള്ള മുഖം ആള്‍ക്കൂട്ടത്തിനിടയില്‍ പരതുകയായിരുന്നു. നന്നേ വെളിച്ചം കുറഞ്ഞ ലോഡ്ജ്മുറിയിലെത്തുംവരെ അവള്‍, പ്രതീക്ഷിച്ച മുഖച്ഛായയുള്ള ഒരാളെ എവിടെയും കണ്ടെത്തിയില്ല.

ട്യൂട്ടോറിയല്‍ പ്രന്‍സിപ്പലിനോട് അഡ്വാന്‍സ് വാങ്ങിയ നാനൂറു രൂപ ഒരിക്കല്‍ കൂടി രവി എണ്ണി. മുത്തുലക്ഷ്മി കരുതിവെച്ച എഴുപതുരൂപയും കുറേ ചില്ലറയും അവള്‍ എല്പിച്ചിരുന്നു. ഒരു ദിവസത്തേക്ക് ലോഡ്ജ് വാടക എണ്‍പതു രൂപ. ഓരോ ദിനം കഴിയുന്തോറും രൂപ എണ്ണി നോക്കുമ്പോള്‍ രവി വേവലാതിപ്പെടുകയും പരിചിതരാരെങ്കിലും കണ്ണില്‍പ്പെട്ടെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

എഴുത്താശാന്‍ നിശ്ശബ്ദനായി. കാശിന് ദൗര്‍ലഭ്യമുള്ളപ്പോഴും രവി മുത്തുലക്ഷ്മിയെ അതൊന്നും അറിയിച്ചില്ല. തന്റെ കൈയില്‍ ആവശ്യത്തിനു രൂപയുണ്ടെന്നാണ് അവന്‍ അവളോടു പറഞ്ഞത്. ഓരോ രാത്രിയിലും മുത്തുലക്ഷ്മിയുടെ ചന്ദനഗന്ധമുള്ള ശരീരത്തോടൊട്ടിക്കിടന്ന് രവി തന്റെ സ്വപ്നങ്ങളെക്കുറിച്ചു സംസാരിച്ചു. എല്ലാം മറന്ന് മുത്തുലക്ഷ്മി രവിയുടെ ശരീരോഷ്മാവില്‍ സ്വാച്ഛന്ദ്യം കണ്ടെത്തി. പെട്ടെന്നൊന്നും കുട്ടികള്‍ വേണ്ടെന്നും അതിനുവേണ്ടി താന്‍ ചില ഉപരോധമാര്‍ഗ്ഗങ്ങള്‍ നാട്ടില്‍വച്ചതന്നെ കരുതിയിട്ടുണ്ടെന്നും തീവണ്ടിയാത്രയ്ക്കിടയില്‍ത്തന്നെ അയാള്‍ മുത്തുലക്ഷ്മിയോടു പറഞ്ഞിരുന്നു. അവള്‍ രവിയുടെ കവിളില്‍ തട്ടിക്കൊണ്ട് അതു സമ്മതിച്ചു.

തൊണ്ണൂറു രൂപമാത്രം ബാക്കിയപ്പോള്‍ രവി അസ്വസ്ഥനായി. എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിച്ചുവരാമെന്നു പറഞ്ഞു രവി പുലര്‍ച്ചെതന്നെ ലോഡ്ജുവിട്ടിറങ്ങി. യാത്രപറയുമ്പോള്‍ രവിയോട് വേഗം വരണമെന്നുപോലും മുത്തുലക്ഷ്മി പറഞ്ഞില്ല. തന്നെ പിരിഞ്ഞ് അധികസമയം രവിക്ക് കഴിയാനാവില്ലെന്ന് അവള്‍ കരുതി.

രവി പടവുകളിറങ്ങി മറയുംവരെ മുത്തുലക്ഷ്മി ജനാലയ്ക്കല്‍ നിന്നു. പിന്നെ തിരക്കുപിടിച്ച വഴിക്കാഴ്ചകളില്‍ നിന്നു പിന്‍വലിഞ്ഞ് ഊഷ്മളമായ രാത്രികള്‍ സ്വപ്നംകാണാന്‍ തുടങ്ങി. ഇടയ്ക്കവള്‍ രവിയുടെ വിയര്‍പ്പുമണമുള്ള ഷര്‍ട്ടെടുത്ത് തന്റെ നെഞ്ചിലേക്കിട്ടു. തലേന്ന് രാവേറുംവരെ സംസാരിച്ചിരുന്നതുകൊണ്ടാകണം മയക്കത്തിലേക്കാഴ്ന്നുപോയി. ഉണര്‍ന്നപ്പോള്‍, പുറത്ത് പൊള്ളുന്ന വെയിലായിരുന്നു. മുത്തുലക്ഷ്മി വീണ്ടും ജനാലയ്ക്കലേക്കു നടന്നു. രവി പോയ്മറഞ്ഞിടത്തേക്ക് അവള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. മദ്ധ്യാഹ്നമായി ക്രമേണ സായാഹ്നവും. മങ്ങിയ നഗരക്കാഴ്ചകള്‍ അവളെ വെപ്രാളപ്പെടുത്തി. രാത്രി, ഒരു കരിമ്പടംകണക്കെ നഗരത്തിനുമേല്‍ പറന്നുവീണു.

രവി വന്നില്ല. അവള്‍, റിസപ്ഷനിലെ മദ്ധ്യവയ്സകനായ കഷണ്ടിക്കാരനോടു പറഞ്ഞാലോ എന്നു ചിന്തിച്ചു. തൊഴില്‍ തേടി നടന്ന് പരവശനായ രവി ഉടനെ തിരിച്ചുവരുമെന്നും, അപരിചിതമായി ഈ നഗരത്തിലെ ലോഡ്ജില്‍ താന്‍ ഒറ്റയ്ക്കാണെന്നു പറയുന്നത് ബുദ്ധിയല്ലെന്നും അവള്‍ ഓര്‍ത്തു. അതും ഒരു മദ്ധ്യവയസ്കനോട്. വീണ്ടും ജനാലയ്ക്കല്‍നിന്ന് അവള്‍ രവിയെ പ്രതീക്ഷിച്ചു. പാതിരാവായിട്ടും രവിവന്നില്ല. ഭക്ഷണംകഴിക്കാതെ ക്ഷീണിതയായ മുത്തുലക്ഷ്മി സ്വയമറിയാതെ കിടക്കയിലേക്കു വീഴുകയും ഞെട്ടിയുണരുമ്പോള്‍ പ്രഭാതശബ്ദങ്ങള്‍ അവളെ എതിരേല്ക്കുകയും ചെയ്തു.

മേശമേല്‍നിന്നും രവിയുടെ ഡയറി തുറന്നുനോക്കി. വാടക കെട്ടാനുള്ള രൂപ മാത്രം ബാക്കിയുണ്ട്. അവള്‍ സംശയിച്ചു. രവി വരുമെന്നുതന്നെയാണ് പ്രതീക്ഷിച്ചത്. സന്ധ്യയായി. രവി വന്നില്ല. അവള്‍ അതുവരെയുള്ള വാടക നല്കി ലോഡ്ജില്‍നിന്നിറങ്ങി.

നഗരത്തില്‍ പലവിധ വഴികളിലൂടെ മുത്തുലക്ഷ്മി കിതച്ചും തളര്‍ന്നും നടന്നു. വഴിയോരത്തെ പൈപ്പുകളില്‍നിന്ന് വെള്ളം കുടിച്ച തന്നെ അര്‍ത്ഥഗര്‍ഭമായി നോക്കുന്നവരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഭ്രാന്തിയായി അഭിനയിച്ചു. സ്വയം സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒരിടവഴിയില്‍വെച്ച് ഒരുത്തന്‍ കടന്നുപിടിച്ചു. കുതറിമാറിയപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നകന്നു. അവനും ഒരു ഭ്രാന്തനായിരുന്നു. അങ്ങനെ നിരവധി രാപ്പകലുകള്‍… എന്നിട്ടും രവിയെ കണ്ടെത്താനായില്ല.

മുത്തുലക്ഷ്മി അമ്മയെക്കുറിച്ചോര്‍ത്തു. വീട്ടിലേക്കു തിരിച്ചുവരുന്നതായി പലരോടും വഴിചോദിച്ച് റെയില്‍വേസ്റ്റേഷനിലേക്കു നടന്നു. ആദ്യം കണ്ട തീവണ്ടിയില്‍ കയറി. ടി. ടി. ആര്‍. കാണാനിടയില്ലാത്ത ഒരിടത്തു പതുങ്ങിയിരുന്നു. രണ്ടു രാവും ഒരു പകലും പിന്നിട്ടപ്പോഴാണ് അവള്‍ അറിയുന്നത്—താന്‍ വണ്ടി മാറിയാണ് കയറിയതെന്ന്. തൊട്ടടുത്തു കണ്ട സ്റ്റേഷനില്‍ ഇറങ്ങി. ടിക്കറ്റ് പരിശോധനയുടെ ക്യൂവില്‍ കയറാതെ പിന്നിലുള്ള ഒരിടുങ്ങിയ വഴിയിലൂടെ പുറത്തിറങ്ങി.

വളരെക്കാലത്തിനുശേഷമാണ് അവള്‍ വീട്ടിലെത്തുന്നത്. അത്രയും കാലം അവള്‍ എത്തുന്നിടത്തിറങ്ങുകയും അച്ചടക്കരഹിതമായ ഒരു ജീവതം പിന്നിടുകയും ചെയ്തു. നാട്ടിലെത്തി എഴുത്താശാനെ കണ്ടപ്പാഴാണ് തികച്ചും ഒറ്റപ്പെട്ടതായി മനസ്സിലായത്. എഴുത്താശാന്റെ സ്വരമിടറി. മുത്തുലക്ഷ്മി രവിയെ നാട്ടിലും തിരിഞ്ഞു. അവള്‍ രവിയുടെ സ്നേഹിതരെ കണ്ടു. പക്ഷെ, രവി നാട്ടിലും എത്തിയിരുന്നില്ല. പിന്നെയാണ് മുത്തുലക്ഷ്മി ആരോടൊക്കെയോ പകപോക്കുംപോലെ സന്ദര്‍ശകരെ സ്വീകരിച്ച് പരസ്യജീവിതം ആരംഭിച്ചത്.

എഴുത്താശാന്‍ കഥ തുടര്‍ന്നു. ആ രാത്രിയെക്കുറിച്ചു പറഞ്ഞുതുടങ്ങിയപ്പോള്‍ എനിക്കും അതികൗതുകമായി. ഇടയ്ക്ക് ഞങ്ങളെക്കടന്നു പോയ കരയോഗം പ്രസിഡന്റ്, ആശാനോട് പറഞ്ഞു: “ഗോവിന്ദമാരാരേ, നല്ല കഥകള്‍ വേണം അവനു പറഞ്ഞുകൊടുക്കാന്‍. വിപ്ളനാനുഭവങ്ങളൊന്നും പറഞ്ഞ് വഴിപെഴപ്പിക്കല്ലേ. നമ്മുടെ കുട്ട്യാ.” എഴുത്താശാന്‍ എന്തോ വലിയ ഫലിതം കേട്ടപോലെ ചിരിച്ചു. എന്നോട് പതുക്കെ പറഞ്ഞു: “നീ മുത്തുലക്ഷ്മിയുടെ കഥ കേള്‍ക്ക്.”

പതിവുപോലെ സന്ദര്‍ശകരെ സ്വീകരിച്ചശേഷം കുളികഴിഞ്ഞ് മുത്തുലക്ഷ്മി ഉറങ്ങാന്‍ കിടന്നപ്പോഴല്ലേ ആരോ വാതില്ക്കല്‍ മുട്ടിയത്. ആതാരെന്ന് നാട്ടിലാരും വ്യക്തമായറിഞ്ഞില്ല. പരദൂഷണപ്രിയരായ പെണ്ണുങ്ങള്‍ കാര്യമറിയാന്‍ അടുത്തുകൂടിയെങ്കിലും മുത്തുലക്ഷ്മി അവരെ നല്ല ഭാഷയുടെ ചാരുത മനസ്സിലാക്കിക്കൊടുത്ത് തിരിച്ചയച്ചു.അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചില പെണ്ണുങ്ങള്‍ പറഞ്ഞ് “ഹോ, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടും തോറ്റുപോകും” എന്നാണ്.

രണ്ടു കഥകളാണ് നാട്ടിലെ കഥാകാരന്മാര്‍ ആ രാത്രിയെക്കുറിച്ചു ചമച്ചത്. ഒന്ന് മുത്തുലക്ഷ്മിയേയും അമ്മായേയും കാണാന്‍ പെരുമാള്‍ തമിഴ്നാട്ടില്‍നിന്നും വന്നെന്നും നാട്ടിലെത്തി മകളുടെ താമസസ്ഥലം കണ്ടെത്തിയെന്നുമാണ്. അച്ഛന്റെ വരവോടെ മുത്തുലക്ഷ്മിവെച്ചു നടത്തിയിരുന്ന പരസ്യജീവിതം അവസാനിപ്പിച്ചെന്നാണ് സാരം. തന്നേയും കൂട്ടിക്കൊണ്ടുപോകണമെന്ന് മുത്തുലക്ഷ്മിക്ക് വാക്കുകൊടുത്തതായും, ഏറെനാള്‍ അച്ഛനെ കാത്തിരുന്ന സന്ദര്‍ശകരെ തിരിച്ചയച്ച അവള്‍ക്ക് ഭ്രാന്തായെന്നുമാണ് ഒരു പറ്റം ഭാവനാദാരിദ്രമുള്ള കഥാകാന്മാര്‍ കഥ ചമച്ചത്.

രണ്ടാം കഥ ഇങ്ങനെ: മദ്രാസിലെ ലോഡ്ജില്‍ നിന്നും തൊഴില്‍ തേടിയപ്പോയ രവിയെ വഴിമദ്ധ്യേ പോലീസുകാര്‍ പിടിച്ചു. ഏതോ ക്രിമിനലിനെ തേടിപ്പിടിക്കാന്‍ ഊരുചുറ്റിയകയായിരുന്നു അവര്‍. കുറ്റവാളിയുടെ ഛായ തോന്നിയ രവി അവര്‍ മൂന്നാംമുറ പ്രയോഗിച്ച് കീഴ്പ്പ്പെടുത്തി. ചെയ്യാത്ത നിരവധി കുറ്റങ്ങള്‍ വേദനയോടെ രവി ഏറ്റുപറഞ്ഞു. ഏറെനാളത്തെ ജയില്‍ജീവിതത്തിനുശേഷമാണ് രവി പുറംലോകം കണ്ടത്. അപ്പോഴേയ്ക്കും യഥാര്‍ത്ഥകുറ്റവാളിയെ നാട്ടുകര്‍തന്നെ സ്റ്റേഷനിലെത്തിച്ചിരുന്നു.

പുറത്തിറങ്ങിയ രവി പഴയ ലോഡ്ജില്‍ ചെന്ന് മുത്തുലക്ഷ്മിയെ അന്വേഷിച്ചു. മദ്ധ്യവയസ്കനായ കഷണ്ടിക്കാരന്‍ അലമാരയില്‍ നിന്നും രജിസ്റ്റര്‍ പരതിയെടുത്ത് മുത്തുലക്ഷ്മി തിരിച്ചുപോയ ദിവസം പറഞ്ഞു കൊടുത്തു. ജയില്‍വേതനംകൊണ്ട് രവി നാട്ടിലേക്കു തിരിച്ചുവരികയും ബസ്സ്റ്റോപ്പില്‍വച്ചുതന്നെ മനോഹരനേയും പങ്കജാക്ഷനേയും കണ്ടുമുട്ടുകയും ചെയ്തു. അവര്‍ രവിയോട് വിവരങ്ങള്‍ വിശദമാക്കുകയും പരസ്പരം നോക്കി കണ്ണിറുക്കുകയും ചെയ്തു. (ഇതേക്കുറിച്ച് മനോഹരനും പങ്കജാക്ഷനും നിശ്ശബ്ദരാണ്.)

സന്ദര്‍ശകരൊക്കെയും തിരിച്ചുപോകുംവരെ മഴയത്തുകാത്തുനിന്ന രവി ഒടുവില്‍ മുത്തുലക്ഷ്മിയെ കാണുകയും തനിക്കു വന്നുപെട്ട ദൂരന്തത്തെക്കുറിച്ച് പറയുകയും ചെയ്തു. അയാള്‍ മുത്തുലക്ഷമിയെ സ്വീകരിക്കാന്‍ ഒരുക്കുായിരുന്നു. മുത്തുലക്ഷ്മി ഇതിനൊരുക്കമായിരുന്നില്ല. അവള്‍ മുടി വലിച്ചുപൊട്ടിച്ചും ചുണ്ടുകള്‍ കടിച്ചുമുറിച്ചും രവിക്കു മുന്നില്‍ നിശ്ശബ്ദയായി നിന്നു. കാറ്റിന്നിരമ്പിലും മഴയുടെ കുത്തൊഴുക്കും ഹൃദയത്തിലൊടുക്കിയാണ് രവി മുത്തുലക്ഷ്മിയോടു യാത്ര പറഞ്ഞത്. പുലര്‍കാലമാകുന്നതറിഞ്ഞ് മുത്തുലക്ഷമി വേപഥുവോടെ വീണ്ടും രവിയുടെ മുഖത്തേക്കു നോക്കിനിന്നും. ഒരിക്കല്‍ താന്‍ വീണ്ടും തിരിച്ചുവരുമെന്നും മുത്തുലക്ഷ്മിയുടെ മനം മാറിയാല്‍ അന്ന് തനിക്കൊപ്പം വരണമെന്നും ഗദ്ഗദപ്പെട്ട് പറഞ്ഞൊപ്പിച്ചു. പിന്നെ അരണ്ട വെളിച്ചത്തിലുടെ അയാള്‍ നടന്നുപോയി.

അന്ന് നട്ടുച്ചയായിട്ടും മുത്തുലക്ഷ്മിയെ ആരും പുറത്തേക്കു കണ്ടില്ല. അവള്‍ ഉറക്കത്തിലാവുമെന്നാണ് പലരും കരുതിയത്. സന്ധ്യമയങ്ങിയിട്ടും മുത്തുലക്ഷ്മിയുടെ വീട്ടിറയത്ത് റാന്തല്‍ തെളിഞ്ഞില്ല. രാത്രിയിലേക്കു മുന്‍കൂട്ടി സമയം നിശ്ചയിക്കാന്‍ വന്ന പിമ്പുകള്‍ എത്ര മുട്ടിവിളിച്ചിട്ടും വാതില്‍ തുറന്നില്ല.

രാത്രി കനത്തപ്പോള്‍ വീട്ടിനകത്തുനിന്നും മുത്തുലക്ഷ്മിയുടെ പൊട്ടിച്ചിരിയും അടക്കിപ്പിടിച്ച വര്‍ത്തമാനവും കേള്‍ക്കുകയും അകത്താരോ ഉണ്ടെന്നു കരുതി ചിലര്‍ നാല്ക്കവലയില്‍ കാത്തുനില്ക്കുകയും ചെയ്തു. ഏറെനേരമായിട്ടും സന്ദര്‍ശകന്‍ പുറത്തുവരാതിരുന്നപ്പോള്‍ കലിപൂണ്ട ലോറിഡ്രൈവര്‍ പിന്‍വഴിയിലുടെ അകത്തെത്തുകയും നിലവിളിച്ചുകൊണ്ട് ചെന്നവഴിയിലൂടെ തിരിച്ചോടുകയുമായിരുന്നു. ഇതാണ് കഥയുടെ രണ്ടാം പാഠം. നമുക്കേറെ വിശ്വസിക്കാവുന്ന പാഠവും ഇതു തന്നെ.

എഴുത്താശാന്‍ കഥ അവസനിപ്പിക്കുംപോലെ ശബ്ദം താഴ്ത്തി. ആശാന്‍ മുത്തുലക്ഷ്മിയെക്കുറിച്ചുള്ള കഥ പറഞ്ഞവസാനിപ്പിച്ചത് ‘ദൈവനിശ്ചയങ്ങളാര്‍ക്കറിയാം’ എന്നുദ്ധരിച്ചുകൊണ്ടാണ്. യാത്ര പറയുന്നതിനുമുമ്പ് എഴുത്താശാന്‍ ഏറെനേരം എന്തോ ആലോചിക്കുംപോലെ നിന്നും. പിന്നെ ഒരു കെട്ട് ദിനേശ്ബീഡിയും വാങ്ങി ഇരുട്ടുപടര്‍ന്ന വഴിയിലൂടെ നടന്നുമറഞ്ഞു.

ഞാന്‍ വാച്ചില്‍ നോക്കി. അമ്മ ഒറ്റയ്ക്കാണ്. വേഗം നടന്നാല്‍ പത്തു മിനിട്ട്കൊണ്ട് വീട്ടിലെത്താം.

വര്‍ഷങ്ങള്‍ക്കുമുമ്പ് ചുനക്കരയിലെ ചെറുപ്പക്കാരുടെയൊക്കെ സ്വപ്നവും സ്വപ്നഭംഗവുമായിരുന്ന മുത്തുലക്ഷ്മി മനസ്സില്‍ ഒരു നെരിപ്പോടുപോലെ പുകയാന്‍തുടങ്ങി. ഓരോ ജീവിതത്തില്‍ വന്നുപെടുന്ന വിഷമപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു വീട്ടിലേക്കു നടന്നു.

ദൂരെ മൂത്തമ്മയുടെ വീട്ടിലേക്കുള്ള വഴിയില്‍ വാഹനങ്ങളൊന്നും കാത്തുകിടന്നിരുന്നില്ല. വീട്ടിറയത്ത് വെളിച്ചവുമുണ്ടായിരുന്നില്ല. ഒരുനിമിഷം മൂത്തമ്മയുടെ വീടിനു മുന്നില്‍ സ്വയമറിയാതെ നിന്നു. അകത്തുനിന്നും വര്‍ത്തമാനവും പൊട്ടിച്ചിരിയും…