close
Sayahna Sayahna
Search

ഉദാരവൽക്കരണം


ഉദാരവൽക്കരണം
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അപ്പുക്കുട്ടനും മന്മോഹനും ദില്ലിയിൽ ജെ.എൻ.യു. വിദ്യാർത്ഥികൾ. ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്നവർ. മിക്ക വൈകുന്നേരങ്ങളിലും നിശ്ശബ്ദരായി നടക്കാൻപോകുന്നവർ. രാത്രിയേറുംവരെ വർത്തമാനംപറഞ്ഞ് മുറി ശബ്ദമുഖരിതമാക്കുന്നവർ.

അങ്ങനെയിരിക്കെ ഒരു‌നാൾ അപ്പുക്കുട്ടന് നാട്ടിൽനിന്നൊരു ടെലഗ്രാം: Grand-mother serious, start immediately—Devaki, Mavelikkara.

അന്നാദ്യം ഹോസ്റ്റലിലെത്തിയത് മന്മോഹനായിരുന്നു. അവൻ ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ ഓഫീസിനു സമീപമുള്ള തപാൽപ്പെട്ടിയിൽ നോക്കിനില്ക്കുമ്പോഴാണ് അപ്പുക്കുട്ടനു വന്നിട്ടുള്ള ടെലഗ്രാമിന്റെ കാര്യം ജഗജിത്‌സിംഗ് പറഞ്ഞത്. അപ്പുക്കുട്ടനു വേണ്ടി ഒപ്പിട്ട് മന്മോഹൻ ടെലഗ്രാം കൈപ്പറ്റി. മുറിയിലെത്തി അപ്പുക്കുട്ടന്റെ വരവും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്നു.

നേരംവൈകിയ നേരത്ത് അപ്പുക്കുട്ടൻ ദൂരെനിന്നും നടന്നുവരുന്നത് മൂന്നാം നിലയുടെ മുന്നൂറ്റിപത്തൊൻപതാം നമ്പർ മുറിയുടെ വാതില്ക്കൽനിന്ന് അയാൾ കണ്ടു. കൂടെ ഒരു പെൺകുട്ടിയുണ്ട്. ശ്രദ്ധിച്ചുനോക്കാതെതന്നെ അത് പന്തളത്തുകാരി ഗംഗാദേവിയാണെന്ന് മന്മോഹനു മനസ്സിലായി. അവളോടെന്തൊക്കെയോ അപ്പുക്കുട്ടൻ പറയുന്നുണ്ട്. ഗംഗാദേവി നിർത്താതെ പൊട്ടിച്ചിരിക്കുന്നു. അല്ലെങ്കിലും അപ്പുക്കുട്ടനോടു സംസാരിക്കുമ്പോൾ ചിരിക്കാനേ നേരമുണ്ടാകൂ. അവന്റെ വാചകമടി എപ്പോഴും അദ്ഭുതപ്പെടുത്തുന്നതുതന്നെ. ഗംഗാദേവി യാത്ര പറഞ്ഞു പിരിഞ്ഞതോടെ അപ്പുക്കുട്ടൻ തിരക്കിട്ട് ഹോസ്റ്റലിലേക്കു നടന്നു. മന്മോഹൻ കണക്കുകൂട്ടി. ഒരു മിനിട്ടിനകം അവൻ ഇവിടെയെത്തും. അപ്പോൾ ടെലഗ്രാംവിശേഷം അവനോട് എങ്ങനെയാണ് പറയുക? എങ്ങനെ പറയാതിരിക്കും?

“അപ്പൂട്ടാ, നീ എന്താ ഇത്ര വൈക്യേ?” മന്മോഹൻ ചോദിച്ചു.

“അത്…” അപ്പുക്കുട്ടൻ തെല്ല് ജാള്യതയോടെ മുറിക്കുള്ളിൽ കയറി.

“പിന്നെ പിന്നെ… അപ്പുക്കുട്ടാ, നിനക്ക് നാട്ടീന്നൊരു ടെലഗ്രാമുണ്ട്.”

“ആരുടെ?” അപ്പുക്കുട്ടൻ തിടുക്കപ്പെട്ടു ചോദിച്ചു.

“നിന്റമ്മയുടെ. ”

“എവിടെ?”

മന്‍മോഹന്‍ ടെലഗ്രാം പോക്കറ്റില്‍നിന്നെടുത്ത് അപ്പുക്കുട്ടനു നല്കി. അവന്‍ അതു വായിച്ച് അസ്വസ്ഥനായി കിടക്കയിലേക്കിരുന്നു. കുറച്ചു നേരത്തെ മൗനത്തിനുശേഷം അപ്പുക്കുട്ടന്‍ ശബ്ദം താഴ്ത്തി പറഞ്ഞു:

“ഞാന്‍ വീട്ടിലേക്കു പോകുന്നു.”

“റിസര്‍വ്വേഷനൊന്നുമില്ലാതെ എങ്ങനെ പോകും?” മന്‍മോഹനു സംശയം.

“അതു സാരമില്ല; ഇന്നുതന്നെ പോയേ പറ്റൂ.” അപ്പുക്കുട്ടന്‍ ഉറപ്പിച്ചു.

തൂക്കൂബാഗില്‍ വസ്ത്രങ്ങളും മറ്റും അടുക്കിവെക്കുന്ന അപ്പുക്കൂട്ടനെ നോക്കി മന്‍മോഹന്‍ നിശ്ശബ്ദനായി നിന്നു.

“നീ വരുന്നോ?” അപ്പുക്കുട്ടന്‍ തിരക്കി.

പലതവണ ക്ഷണിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ ‘നിന്റെ നാട്ടില്‍ ഓണമാകട്ടെ,നമുക്കൊന്നിച്ചുപോകാം. എന്നിട്ട് നിന്റെ വീട്ടിലെ പരിപ്പും സാമ്പാറും തോരനുമൊക്കെ കൂട്ടാം’ എന്നാണ് മന്‍മോഹന്‍ പറയാനുള്ളത്. പക്ഷേ, ഇന്ന് അധികമൊന്നും ആലോചിക്കാനില്ല. അപ്പുക്കൂട്ടന്റെ അമ്മൂമ്മക്ക് സുഖമില്ലാതായിരിക്കുന്നു. ഒറ്റയ്ക്ക് നാട്ടില്‍ പോകുന്ന അപ്പുക്കുട്ടനൊപ്പം മാവേലിക്കരയ്ക്കു പോകാന്‍തന്നെ മന്‍മോഹന്‍ നിശ്ചയിച്ചു.

കട്ടിലിനടിയില്‍ പൊടിപിടിച്ചു കിടന്ന ബാഗെടുത്ത് മന്‍മോഹനും യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. താഴത്തെ നിലയിലെത്തി ജലന്ധറിലെ വീട്ടിലേക്കു ഫോണ്‍ചെയ്തു. അമ്മയാണ് ഫോണെടുത്തത്. “ഞാന്‍ കേരളത്തിലേക്കു പോകുന്നു അമ്മേ… അപ്പുക്കുട്ടന്റെ കൂടെ. ഒരാഴ്ചകഴിഞ്ഞ് തിരിച്ചെത്തും.”

അമ്മ എതിര്‍പ്പൊന്നും പറഞ്ഞില്ല. അച്ഛന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അമ്മ അനുനയരൂപത്തില്‍ എല്ലാം പറഞ്ഞു ശരിപ്പെടുത്തണമെന്ന് പറഞ്ഞേല്പിച്ച് മന്‍മോഹന്‍ വീണ്ടും അപ്പുക്കുട്ടന്റെ മുറിയിലെത്തി.

“എന്നാല്‍ നമുക്കിറങ്ങാം.” അപ്പുക്കുട്ടന്‍ പറഞ്ഞു.

“ട്രെയിന്‍ വരാന്‍ ഇനിയും നേരമില്ല അപ്പുക്കുട്ടാ?” മന്‍മോഹന്‍ സംശയിച്ചു.

“നമുക്കിറങ്ങാം. ഈ മുറിയിലെനിക്ക് വീര്‍പ്പുമുട്ടുന്നപോലെ നമുക്ക് സ്റ്റേഷനില്‍ പോയിരിക്കാം.” അപ്പുക്കുട്ടന്‍ തിരക്കുകൂട്ടി.

“ശരി.” മന്‍മോഹനും അപ്പുക്കുട്ടനും ഇടനാഴിയിലേക്കിറങ്ങി.

“തീവണ്ടി വരാന്‍ മൂന്നു മണിക്കൂര്‍കൂടി കഴിയണം.” റിക്ഷയില്‍ നിന്നിറങ്ങുമ്പോള്‍ അപ്പുക്കുട്ടന്‍ പറഞ്ഞു.

“നമുക്ക് കുറച്ചുസമയം രമേശനെ കണ്ട് സംസാരിച്ചിരുന്നാലോ?” മന്‍മോഹന്‍ ചോദിച്ചു.

“ഏയ്, എനിക്ക് സംസാരിക്കാനൊരു മൂഡില്ല. അവന്‍ ഹോസ്റ്റലില്‍ വിളിക്കുമ്പോള്‍ കാര്യമറിയും. തിരിച്ചെത്തിയിട്ട് നമുക്കവനെ പോയി കാണാം.” അപ്പുക്കുട്ടന്റെ ലക്ഷ്യം സ്റ്റേഷന്‍ മാത്രമാണ്.

“എങ്കില്‍ ഇനിയുള്ള മൂന്നുമണിക്കൂര്‍ നമ്മള്‍ എന്താണ് ചെയ്യുക?” മന്‍മോഹന്‍ ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും അപ്പുക്കുട്ടന് സംശയമുണ്ടാകാറില്ല. “നമുക്ക് മറ്റവനല്പം സേവിച്ചാലോ?” ആരാദ്യം പറയും എന്ന ശങ്കമാത്രമാണ് മന്‍മോഹനെ അലട്ടിക്കൊണ്ടിരുന്നത്. സര്‍വ്വ സംഘര്‍ഷങ്ങളും മറക്കാനെന്ന ഭാവത്തില്‍ അപ്പുക്കുട്ടനും മന്‍മോഹനും മുന്നോട്ടു നടന്നു. ഒരു ട്രാഫിക് ഐലന്‍ഡിനു സമീപമെത്തി അവര്‍ നിന്നു.

മൂന്നു ദിശയിലും മൂന്നു ബാറുകള്‍. പല വേഷം. പല ഭാഷ. പല പ്രശ്നം. പല സംശയം. പല ഭാവം. അപ്പുക്കുട്ടന് വീണ്ടും സന്ദേഹം. എവിടെ കയറും? എവിടെയാണ് നല്ല സ്ക്രാം ബിള്‍ഡ് എഗ്ഗ് കിട്ടുക? എവിടെയാണ് നല്ല സര്‍വ്വീസ്? എവിടെയാണ് കുത്തും കൊലയുമൊന്നും നടക്കാന്‍ സാദ്ധ്യതയില്ലാത്തത്? എവിടെയാണ് ഐസ്ക്യൂബ് സുലഭമായി ലഭിക്കുന്നത്? ഒടുവില്‍ അപ്പുക്കുട്ടന്‍തന്നെ പറഞ്ഞു: “നമുക്ക് ദാ അവിടെ കയറാം. കണ്ടിട്ടൊരു വൃത്തിയൊക്കെ ഒണ്ട്.” മന്‍മോഹന് ഇത്തരം പിടിവാശികള്‍ പൊതുവേ കുറവാണ്. “ഏതായാലും തലപെരുക്കണം.അവിടെങ്കില്‍ അവിടെ.”

“ ഉഷ്ണം സഹിക്ക വയ്യ. ഏതെങ്കിലും തണുപ്പില്‍ കയറിയിരുന്ന് രണ്ടു മണിക്കൂര്‍…” മന്‍മോഹന്‍ ഇത്രയും പറഞ്ഞുതീരുംമുന്നേ അപ്പുക്കുട്ടന്‍ ഇടതുവശമുള്ള ബാറിലേക്ക് നടന്നുതുടങ്ങി, തൊട്ടുപിന്നാലെ മന്‍മോഹനും.

വെയിറ്റര്‍ മേശയ്ക്കരികെ എത്തി: “എന്താണ് സാബ്, എന്താണ് വേണ്ടത്?”

അപ്പുക്കുട്ടന്‍ മന്‍മോഹനെ നോക്കി: “എന്താണ് വേണ്ടത്?”

“നീ പറഞ്ഞോളൂ.”—മന്‍മോഹന്‍.

“നീ പറഞ്ഞോ.”—അപ്പുക്കുട്ടന്‍.

“നീ പറഞ്ഞോളൂ.”—മന്‍മോഹന്‍.

“നീ പറയ്.”—അപ്പുക്കുട്ടന്‍.

“അല്ല, നീ.”—മന്‍മോഹന്‍.

വെയിറ്റര്‍ ഇടപെട്ടു:“സാബ്ജി, ആദ്യം നിങ്ങളൊരു തീരുമാനത്തിലെത്ത്, എന്നിട്ടെന്നെ വിളിക്ക്…” വെയിറ്റര്‍ അതിവേഗം കൗണ്ടറിലേക്കു പോയി. ഫാന്‍ കറങ്ങുന്നില്ല. ഹോ! എന്തൊരു ചൂട്… കുറച്ചു കഴിഞ്ഞപ്പോൾ അയാള്‍ വീണ്ടു അപ്പുക്കുട്ടന്റെയും മന്‍മോഹന്റെയും സമീപമെത്തി. അപ്പോഴും അപ്പുക്കുട്ടന് സംശയം: റം വേണോ, ബ്രാണ്ടി വേണോ, അതോ വിസ്കിയോ?

“നീ തീരുമാനിച്ചോ” മന്‍മോഹന്‍ പറഞ്ഞു.

“നീ പറ.”—അപ്പുക്കുട്ടന്‍.

“നീ പറ.”—മന്‍മോഹന്‍.

“നീ പറ.”—അപ്പുക്കുട്ടന്‍.

“പറ്റില്ല, നീയാവട്ടെ”—മന്‍മോഹന്‍.

“ഛെ, നിനക്കെന്താ പറഞ്ഞാല്‍?” അപ്പുക്കുട്ടന്‍ ദേഷ്യത്തോടെ ചുണ്ടുകോട്ടി. വെയിറ്റര്‍ വീണ്ടും തിരിക്കിലേക്ക്. ഇതുപോലെ അപ്പുക്കുട്ടനും മന്‍മോഹനും പലപ്പോഴും സന്ദിഗ്ദ്ധരാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ, ഇനി മദ്യപിക്കാന്‍ നിശ്ചയിക്കുമ്പോള്‍ ഒരു തീരുമാനം എടുത്തശേഷമേ ബാറിലേക്കു കയറൂ എന്നു തീരുമാനിക്കും. പക്ഷേ, ഓരോ തവണയും ഈ പ്രതിസന്ധി ആവര്‍ത്തിച്ചുവന്നു.

മന്‍മോഹന്‍ ഇടപെട്ടു: “നമുക്കു വോഡ്ക കഴിക്കാം. റഷ്യയുടെ പാവനസ്മരണയ്ക്ക്.”

അപ്പുക്കുട്ടന്‍ തര്‍ക്കിക്കാതെ സമ്മതിച്ചു: “ശരി, വോഡ്കയെങ്കില്‍ വോഡ്ക.”

വെയിറ്റര്‍ ഒരിക്കല്‍കൂടി വന്നു: “എന്തെങ്ങിലും തീരുമാനമായോ സാബ്ജികളെ? അതോ…?”

വെയിറ്ററുടെ പരിഹാസം അപ്പുക്കുട്ടന് തീരെ ഇഷ്ടമായില്ല. മലയാളിയായ ആ വെയിറ്ററുടെ കണ്ണുകളിലേക്ക് അപ്പുക്കുട്ടന്‍ രൂക്ഷമായൊന്നു നോക്കി.

“വോഡ്ക ഹാഫ് ബോട്ടില്‍, സ്ക്രാബിള്‍ഡ് എഗ്ഗ് ഒന്ന്, തണുത്ത സോഡ, ഒരു പായ്ക്കറ്റ് വില്‍സ്. അരമണിക്കൂര്‍ കഴിഞ്ഞ് ബട്ടൂരയും ചില്ലിച്ചിക്കനും.” വെയിറ്റര്‍ അടുക്കളിയിലേക്ക് നടന്നു. അയാള്‍ക്ക് ആശ്വാസമായെന്നു തോന്നി.

കുലവീര്യം നഷ്ടപ്പെട്ട വോഡ്ക അപ്പുക്കുട്ടനെയും മന്‍മോഹനെയും ആദ്യം മൗനികളാക്കി. രണ്ടുമണിക്കൂറിനുശേഷം ലഹരിയുടെ വിസ്മയത്തില്‍ പുറത്തേക്കിറങ്ങി റിക്ഷപിടിച്ച് അവര്‍ റെയില്‍വേസ്റ്റേഷനിലേക്കു പുറപ്പേട്ടു. ട്രെയിന്‍ കൃത്യസമയത്തുതന്നെ പുറപ്പെടുമെന്ന അറിയിപ്പ് അപ്പുക്കുട്ടനെയും മന്‍മോഹനെയും ഒന്നു തണുപ്പിച്ചു. തീവണ്ടി ദില്ലി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടശേഷം പരസ്പരം അധികമൊന്നും സംസാരിക്കാതെ അപ്പുക്കുട്ടനും മന്‍മോഹനും പുറംകാഴ്ചകള്‍ കണ്ടും, ഉറങ്ങിയും സമയത്തെ മറികടക്കാന്‍ ശ്രമിച്ചു. രണ്ടാം രാത്രിയില്‍ അപ്പുക്കുട്ടന്‍ നല്ല ഉറക്കത്തിലായ നേരത്ത് മന്‍മോഹന്‍ അധികം തിരക്കിലാത്ത കമ്പാര്‍ട്ട്മെന്റിലൂടെ നടന്ന് ടോയ്ലറ്റിനരികെയെത്തി. ഉദരം വല്ലാത്ത ശബ്ദമുണ്ടാക്കിയപ്പോള്‍ മന്‍മോഹന്‍ ഒരുനിമിഷം ആലോചിച്ചുനിന്നശേഷം ബാത്ത്റൂമിന്റെ വാതില്‍ തുറന്ന് അകത്തേക്കു കയറി. അപ്പോള്‍ കമ്പാര്‍ട്ട്മെന്റിനുള്ളിലെ യാത്രക്കാരുടെ വിവിധഭാവത്തിലുള്ള ഉറക്കം മന്‍മോഹന്റെ ഓര്‍മ്മയിലെത്തി. പ്രത്യേകിച്ച് ജനാലയ്ക്കരികെ ഇരിക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയുടെ ഉറക്കരീതികള്‍. അവള്‍ സ്വപ്നംകണ്ട് മന്ദസ്മിതംതൂകുന്നത് തെറ്റിട മന്‍മോഹന്‍ നോക്കിനിന്നതുമാണ്.

ഇപ്പോള്‍ വയറില്‍ ശബ്ദകോലാഹലം മാത്രം ബാക്കി. ഏറെ നേരം ക്ലോസെറ്റിനുമുകളില്‍ തീവണ്ടിയുടെ താളത്തിനൊപ്പം. ഒരു സിഗററ്റ് വലിച്ചുകൊണ്ടിരുന്ന മന്‍മോഹന്‍ പുറത്തേക്കിറങ്ങി. മൂന്നുമണിയാകുന്നു. അപ്പുക്കുട്ടന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ നാലുമണിക്കൂര്‍ കഴിയുമ്പോള്‍ ട്രെയിന്‍ ചെങ്ങന്നൂരെത്തും. ഇങ്ങനെയൊക്കെ ചിന്തിച്ച് പുറത്തെ ഇരുള്‍സഞ്ചാരത്തിലേക്കു നോക്കി മന്‍മോഹന്‍ തീവണ്ടിയുടെ വാതില്ക്കല്‍ നിന്നു.

ഒരു പാദസരത്തിന്റെ കിലുക്കമാണ് മന്‍മോഹനെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചത്. കുറച്ചുമുന്‍പ് വാതില്ക്കലേക്കു വരുമ്പോള്‍ കണ്ട സ്വപ്നദര്‍ശനത്തില്‍ ചിരിക്കുന്ന മദ്ധ്യവയസ്കയാവും അതെന്ന് മന്‍മോഹന്‍ ആദ്യം കരുതി. പ്രതീക്ഷയോടെ, എന്നാല്‍ ഒട്ടും തിടുക്കപ്പെടാതെ മന്‍മോഹന്‍ അരണ്ടവെളിച്ചത്തിലേക്കു ശ്രദ്ധിച്ചു. ആരുമില്ല.മന്‍മോഹന്‍ ഇടനാഴിയിലേക്ക് തലനീട്ടി നോക്കുമ്പോള്‍ മദ്ധ്യവയസ്ക പഴയപോലെ ഗാഢനിദ്രയില്‍. വീണ്ടും ഇരുള്‍സമുദ്രത്തിലേക്കു നോക്കിനിന്ന മന്‍മോഹന്‍ തന്റെ ചുമലില്‍ തണുത്തൊരു വിരല്‍സ്പര്‍ശമേല്ക്കുന്നതറിഞ്ഞു. വല്ല ഗൈകളുമാകുമോ എന്നു സംശയിച്ച് മന്‍മോഹന്‍ ഞെട്ടിത്തിരിഞ്ഞു. പെട്ടെന്ന് വിശ്വാസംവന്നില്ല. തനിക്കരികെ പതിനാറോ പതിനേഴോ വയസ്സു തോന്നിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി മന്‍മോഹന്‍ അദ്ഭുതത്തോടെ അവളെ നോക്കി നിന്നു.

യാതൊരു പരിചിതത്വവും പ്രകടിപ്പിക്കാതെ അവള്‍ മന്‍മോഹന്റെ കൈവിരലിലൂടെ സ്വന്തം വിരലോടിച്ചു. കാഴ്ചയുടെ വിലോഭനീയതയില്‍ അധികം ആലോചിക്കാന്‍ നില്ക്കാതെ മന്‍മോഹന്‍ അവളെ തന്നോടുചേര്‍ത്തു. കഴുത്തിലും കണ്ണിലുമൊക്കെ തുടരെത്തുടരെ ചുംബിച്ചു. ഇത്രയൊക്കെയേ ഒരു തീവണ്ടിമുറിയുടെ വിജനതയില്‍വെച്ച് സാധിക്കൂ എന്ന് മന്‍മോഹന്‍ വിശ്വസിച്ചതാണ്. എന്നാല്‍ അവള്‍ മന്‍മോഹനെ ബാത്ത്റൂമിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവളുടെ പേരെങ്കിലും ചോദിക്കണം, ഏതു നാട്ടുകാരിയാണെന്നറിയണം എന്നൊക്കെ മന്‍മോഹന്‍ നിശ്ചയിച്ചു. പെട്ടെന്ന് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു കുട്ടിയുടെ നിര്‍ത്താതുള്ള കരച്ചില്‍. ദൈവമേ! ആരെങ്കിലും ഉണര്‍ന്നെണീറ്റുവരുമോ? മന്‍മോഹന് ഭയം. അപ്പോഴേക്കും ബാത്ത്റൂമിന്റെ സാക്ഷ നീക്കിയ അവള്‍ ആദ്യം സ്വയം വിവസ്ത്രയായി. പിന്നീട് മന്‍മോഹന്റെ വസ്ത്രമോരോന്നായി അഴിച്ചുമാറ്റി. എന്തെങ്കിലും പ്രതികരിക്കുംമുന്നേ അവള്‍ മന്‍മോഹനോട് ചേര്‍ന്നു വിരലില്‍ എറ്റിനിന്ന് കാമനയുടെ സ്വരമുയര്‍ത്തിക്കഴിഞ്ഞിരുന്നു: “ഈശ്വരാ!”

മന്‍മോഹന്‍ കണ്ണുകളടച്ചു. അരണ്ടവെളിച്ചത്തിലാണെങ്കിലും, കണ്ടിട്ട് ഇംഗ്ലീഷറിയാമായിരിക്കുമെന്നു കരുതി മന്‍മോഹന്‍ പറഞ്ഞു: “ഇറ്റിസ് നോട്ട് സേയ്ഫ്.”

അവള്‍ തന്റെ കയ്യിലുണ്ടായിരുന്ന സുരക്ഷാകവചം മന്‍മോഹനന്റെ മുഖത്തുരസിക്കൊണ്ടു പറഞ്ഞു: “ഇതുള്ളപ്പോള്‍ സേഫ്റ്റിക്കൊരു കുഴപ്പോം വരില്ല.” ഇത്രയും അവള്‍ പറഞ്ഞത് ശൂദ്ധപഞ്ചാബിയിലായിരുന്നു. ഇവള്‍ തന്റെ നാട്ടുകാരിയാകുമോ? ആണെങ്കില്‍ എവിടെയാണെന്നൊക്കെ ചോദിക്കണമെന്നും മന്‍മോഹന്‍ കരുതി. പക്ഷെ, അതിനുമുന്‍പുതന്നെ സുരക്ഷാകവചം മന്‍മോഹനില്‍ചാര്‍ത്തി അവള്‍ സ്നേഹമാരംഭിച്ചു.

ആദ്യാനുഭവത്തിന്റെ ശൃംഗകാന്തിയില്‍ മന്‍മോഹന്റെ ദേഹം ഞെരിപിരികൊണ്ടു. ഇടവേളയില്‍ അവള്‍ തന്റെ നെഞ്ചില്‍ ചാഞ്ഞു കിടക്കുമ്പോള്‍ പേരോ നാടോ ഒന്നും ചോദിക്കാന്‍ അവനു കഴിഞ്ഞില്ല. എങ്കിലും എത്ര വയസ്സുണ്ട്, ഇതാണോ പ്രൊഫഷന്‍?—വസ്ത്രം ധരിക്കുന്നതിനിടയില്‍ മന്‍മോഹന്‍ ചോദിച്ചു.

യാതൊരു മടിയുമില്ലാതെ ഒരു ചുംബനം മന്‍മോഹനു നല്കിയിട്ട് അവള്‍ പറഞ്ഞു: “ഈ അനുഭവം നിന്നെപ്പോലെ എനിക്കും ആദ്യമാണ്. എന്റെ പ്രായം പത്തൊന്‍പത്.”

ആവളാദ്യം പറഞ്ഞത് മന്‍മോഹന് വിശ്വാസമായില്ല. അതുകൊണ്ടു തന്നെ ചോദിച്ചു: “പിന്നെ കോഹിനൂര്‍ കരുതിയതോ?”

അവള്‍ ഒരു നിമിഷം നിശ്ശബ്ദയായിട്ട് പറഞ്ഞു: “ദില്ലിയില്‍നിന്നു കയറുമ്പോള്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് സൗജന്യമായി കിട്ടിയതാണ്.” ഇത്രമാത്രം പറഞ്ഞ് അവള്‍ അരണ്ടവെളിച്ചത്തിലേക്കു നടന്നു.

സംഭവിച്ചത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് മന്‍മോഹനു മനസ്സിലായില്ല. അപ്പോള്‍ മുതല്‍ അവളുടെ സാന്നിദ്ധ്യം മന്‍മോഹന്റെ മനസ്സില്‍ അലകളുയര്‍ത്തിത്തുടങ്ങി. മന്‍മോഹന്‍ അപ്പുക്കുട്ടനരികെ ചെന്നിരുന്നു. നേരം വെട്ടം വീണാലുടനേ അവളെ കണ്ടുപിടിക്കണമെന്ന് മനസ്സിലുറച്ചു. ഇടയ്ക്ക് പലതവണ സിഗരറ്റ് പുകച്ചു. വൃശ്ചികക്കാറ്റ് മുഖത്തു തട്ടിയപ്പോള്‍ ഏതൊക്കെയോ ആര്‍ദ്രമായ സ്മരണകള്‍ തഴുകിപ്പോകാന്‍ തുടങ്ങി.

അപ്പുക്കുട്ടന്‍ തട്ടിവിളിച്ചപ്പോഴാണ് മന്‍മോഹന്‍ ഞെട്ടിപ്പിടഞ്ഞെണീറ്റത്. “ചെങ്ങന്നൂരെത്താറായി, നമുക്കിറങ്ങേണ്ടേ?” അപ്പുക്കുട്ടന്‍ ചോദിച്ചു.

മന്‍മോഹന്‍ സീറ്റിനടിയില്‍നിന്നും ബാഗെടുത്ത് മടിയില്‍വെച്ചു. “ഇനി എത്ര നേരമെടുക്കും?”—മന്‍മോഹന്‍.

അപ്പുക്കുട്ടന്‍: “ഏറിയാല്‍ അരമണിക്കൂര്‍.”

മന്‍മോഹന്‍ തിടുക്കപ്പെട്ടെണീറ്റ് ഇടനാഴിയിലൂടെ നടന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റിലൊക്കെ പരതിയെങ്കിലും അവിടൊന്നും ആ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

ബാഗുമെടുത്ത് വാതില്‍ക്കലേക്കു നടക്കുമ്പോള്‍ അപ്പുക്കുട്ടന്‍ ചോദിച്ചു: “നീ ആരെയാണ് തിരയുന്നത്?”

മന്‍മോഹന്‍ ഒഴിഞ്ഞുമാറി” “ഏയ്…” വണ്ടിയിറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ മന്‍മോഹന്‍ വിയര്‍ത്തു വശായിരുന്നു. അവന്‍ ഓരോ ജാലകവെളിച്ചത്തിലും വാതിലിലും അവളെ പ്രതീക്ഷയോടെ നോക്കി ഒരിടത്തുനിന്നും ആവളുടെ ഗന്ധം വന്നില്ല. നിരാശനായി നടന്ന മന്‍മോഹനോട് അപ്പുക്കുട്ടന്‍ പറഞ്ഞു: “ സൂക്ഷിഛു നടക്ക് ആകെ പായല്‍പിടിച്ച് തെന്നിക്കിടക്കുവാ.”

യാത്രക്കാര്‍ ആരെയും ശ്രദ്ധിക്കാതെ തിടുക്കപ്പെട്ടു നടക്കുന്നു. മഴ ചാറുന്നുണ്ട്. പെട്ടെന്ന് തീവണ്ടിയുടെ അവസാന കമ്പാര്‍ട്ട്മെന്റിന്റെ വാതില്ക്കല്‍ ഒരു പെണ്‍കുട്ടി കൈവീശി നില്ക്കുന്നത് മന്‍മോഹന്‍ കണ്ടു. അപ്പോഴേക്കും അപ്പുക്കുട്ടന്‍ ഓട്ടോറിക്ഷയ്ക്കരികെ എത്തിയിരുന്നു. മന്‍മോഹന്‍ കൈയുയര്‍ത്തി നില്ക്കുന്ന പെണ്‍കുട്ടിയെത്തന്നെ നോക്കിനിന്നു. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ചിരിനിറയുന്നുണ്ട്. മന്‍മോഹന്‍ കയ്യുര്‍ത്തി വീശി. അവള്‍ മറയുന്നതും നോക്കി അപ്പുക്കുട്ടനു പിന്നാലെ മന്‍മോഹന്‍ നടന്നു. ഓട്ടോറിക്ഷയിലിരുന്ന് കാറ്റേറ്റപ്പോള്‍ മന്‍മോഹന്‍ വീണ്ടും തലേ രാത്രിയും തീവണ്ടിയുടെ താളവുമോര്‍ത്തുതുടങ്ങി.

“ഇറങ്ങ്…”അപ്പുക്കുട്ടന്‍ പറഞ്ഞു: “വീടെത്തി.”

മുറ്റത്തേക്കിറങ്ങിയപ്പോള്‍ത്തന്നെ അപ്പുക്കുട്ടന്റെ അമ്മ ഓടിവന്നു:“മോനേ, അമ്മൂമ്മയ്ക്ക് രണ്ടുദിവസം തീരെ സുഖമില്ലായിരുന്നു. ഇപ്പോള്‍ കുറേശ്ശെ സംസാരിക്കുന്നുമുണ്ട്. പലതവണ നിന്നെ തിരക്കി.”

അപ്പുക്കുട്ടന്‍, അമ്മയ്ക്ക് മന്‍മോഹനെ പരിചയപ്പെടുത്തി.

“അപ്പുക്കുട്ടാ.” അമ്മ വിളിച്ചു. “ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചുപോയാമതി. ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്തെങ്കിലുമൊരുറപ്പ് ഒരു മാ

സം കഴിഞ്ഞേ പറയാന്‍ പറ്റൂന്നാ. അതുവരെയുള്ള സുഖമാവലൊന്നും വിശ്വസിക്കാന്‍ പറ്റില്ല.”

അപ്പുക്കുട്ടന്‍ സമ്മതിച്ചു.

രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞതോടെ അപ്പുക്കുട്ടനും മന്‍മോഹനനും അധികം നിശ്ശബ്ദരായി. അമ്മൂമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചില്ല. മന്‍മോഹന്‍ അപരിചിതമായ സ്ഥലത്ത് ആകെ അസ്വസ്ഥനാകുന്നതുപോലെ അപ്പുക്കുട്ടനു തോന്നി. “നിനക്കാകെ ബോറടിച്ചെന്നു തോന്നുന്നല്ലോ?—” അപ്പുക്കുട്ടന്‍.

തെല്ലിടവേളയ്ക്കുശേഷം മന്‍മോഹന്‍ പറഞ്ഞു: “ഞാന്‍ തിരിച്ചു പോയാലോ അപ്പുക്കുട്ടാ? ഇനി മൂന്നാഴ്ചകൂടി…?”

“ശരിയാണ് മന്‍മോഹനാ, അത്രനാള്‍കൂടി നീ ഇവിടെ നിന്നാല്‍ ആകെ മുഷിയും”

അപ്പുക്കുട്ടന്റെ മറുപടി കേള്‍ക്കെ മന്‍മോഹന് തൃപ്തിയായി: “ഇനിയും വൈകിയാല്‍ അച്ഛനു കലികയറും. ഒരാഴ്ചകഴിയുമ്പോള്‍ തിരിച്ച് ദല്‍ഹിയിലെത്താമെന്നാണ് അമ്മയോടു പറഞ്ഞിരിക്കുന്നത്.”

ഉച്ചകഴിഞ്ഞ് അപ്പുക്കുട്ടനും മന്‍മോഹനും റെയില്‍വേ സ്റ്റേഷനിലേക്കു പുറപ്പെട്ടു. അവിടെ ജോലിനോക്കുന്ന സ്നേഹിതനെ കണ്ടുപിടിച്ച് മന്‍മോഹന് ദില്ലിയിലേക്കൊരു റിസര്‍വേഷന്‍ സംഘടിപ്പിക്കുകയായിരുന്നു അപ്പുക്കുട്ടന്റെ ലക്ഷ്യം. പക്ഷേ, പ്രതീക്ഷിച്ച സ്നേഹിതന്‍ സ്റ്റേഷനിലുണ്ടായിരുന്നില്ല. എന്‍ക്വയറിയില്‍നിന്നും അടുത്ത ഒരു മാസത്തേക്ക് ദില്ലിയിലേക്ക് റിസര്‍വെഷന്‍ ഇല്ല എന്ന മറുപടിയാണ് കിട്ടി.

മന്‍മോഹന്‍ പറഞ്ഞു: “സാരമില്ല അപ്പുക്കുട്ടാ, റിസര്‍വേഷന്‍ വേണമെന്നില്ല. കയറിപ്പറ്റാന്‍ കംപാര്‍ട്ടുമെന്റുണ്ടാവുമല്ലോ. അതു മതി.”

അവര്‍ തിരിച്ച് മാവേലിക്കരയ്ക്കു ബസ് കയറി. “നിനക്ക് ബുദ്ധവിഗ്രഹം കാണണമെന്നുണ്ടോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിഖിതങ്ങളോടെ ചില ബുദ്ധവിഗ്രഹങ്ങള്‍ ഇവിടെയുണ്ട്.” അപ്പുക്കുട്ടന്‍ പറഞ്ഞു.

മന്‍മോഹന്‍ അത്ര താല്‍പര്യമില്ലാതെ മറുപടി പറഞ്ഞു: “അപ്പോള്‍ ബുദ്ധവിഹാരങ്ങളും അതിനടുത്തുണ്ടാകുമല്ലോ.”

“ങാ!” അപ്പുക്കുട്ടന്‍ പറഞ്ഞു: “അതൊക്കെ മണ്‍മറഞ്ഞുപോയിട്ടുണ്ടാകണം. ഇപ്പോള്‍ മാവേലിക്കരയില്‍ വിഗ്രഹങ്ങള്‍ മാത്രമാണുള്ളത്.”

അപ്പുക്കുട്ടനും മന്‍മോഹനും അധികം തിരക്കില്ലാത്ത വഴിയിലൂടെ ബുദ്ധവിഗ്രഹം കാണാന്‍ നടന്നു. അപ്പോള്‍ രാജധാനി അവര്‍ക്കു പിന്നിലൂടെ കടന്നുപോയി. അതിന്റെ ദീര്‍ഘമായ സയറന്‍ അപ്പുക്കുട്ടന് ഇഷ്ടമായില്ല. മന്‍മോഹനില്‍ രാജധാനി പുതുമഴയുടെ പ്രതീതിയാണ് സൃഷ്ടിച്ചത്.

ബുദ്ധവിഗ്രഹം കണ്ടശേഷം മാവേലിക്കരയിലേക്കു നടക്കുമ്പോള്‍ അപ്പുക്കുട്ടന്‍ പറഞ്ഞു: “നീ അത്ഭൂതപ്പെടും ഞങ്ങളുടെ നഗരം കണ്ടാല്‍.”

മന്‍മോഹന്‍ കൗതുകത്തോടെ നാലുപാടും നോക്കി. വയലും കാവും തൊടിയും ക്ഷേത്രവുമൊക്കെയാണ് ഒരാഴ്ചയായി നടന്നു കണ്ടത്. ഇപ്പോള്‍ മാത്രമാണ് അപ്പുക്കുട്ടന്റെ നഗരം മന്‍മോഹന്റെ മുന്നില്‍ വരുന്നത്.

“അധികം മണമില്ലാത്ത മറ്റവനും, ഒരു സിനിമയുമായാലോ മന്‍മോഹനാ?” അപ്പുക്കുട്ടന്‍ ചോദിച്ചു. പതിവുള്ള പ്രതിസന്ധിയുടെ തുടക്കം. “എവിടെ കയറും? ഇന്ദ്രപ്രസ്ഥ, സിക്സര്‍, ഓര്‍ ഷൈന്‍സ്.”

“ഏതു ബാറാണ് നല്ലത്? അവിടെ കയറാം.”—മന്‍മോഹന്‍.

ഇവന്റെ മുന്നില്‍ തന്റെ നാട്ടിലെ ബാറുകളുടെ സൗന്ദര്യവും പരിഷ്കാരവും ബോദ്ധ്യമാക്കണമെന്നുതന്നെ അപ്പുക്കുട്ടന്‍ ഉറപ്പിച്ചു. അതുകൊണ്ടുതന്നെ പുതുതായി തുടങ്ങിയ ഇന്ദ്രപ്രസ്ഥയിലേക്ക് മന്‍മോഹനെ കൂട്ടിക്കൊണ്ടുപോയി.

ഇന്റര്‍നെറ്റ്സൗകര്യം വരെയുള്ളതാണ് ഇന്ദ്രപ്രസ്ഥ. റിസപ്ഷനില്‍ സര്‍പ്പസൗന്ദര്യമുറ്റ യുവതി. ആതിഥ്യമരുളാന്‍ പെണ്‍ വെയിറ്റര്‍മാര്‍. ബാറ് മൂന്നുണ്ട്. ഓരോന്നും വ്യത്യസ്തമായ അനുഭവമാണ് നല്കുന്നതെന്ന് റ്സപ്ഷനിസ്റ്റ്. ഒടുവില്‍ രണ്ടാം നിലയിലുള്ള ബാറിലേക്ക് അപ്പുക്കുട്ടനും മന്‍മോഹനും നടന്നു. മന്‍മോഹനും അദ്ഭുതംകൂറി. ദില്ലിയിലുള്ളതിനെക്കാള്‍ വലിയ ബാറോ മാവേലിക്കരയില്‍?

നല്ല തണുപ്പ്. ബാറിനുള്ളില്‍ കാബറേ നടക്കുകയാണ്. തീക്ഷ്ണവര്‍ണ്ണങ്ങള്‍ മിന്നിമായുമ്പോള്‍ നര്‍ത്തകികള്‍ ശരീരം പല രീതിയില്‍ വളച്ചും ചലിപ്പിച്ചും ആസക്തരായി മദ്യപന്മാരെ നോക്കുന്നു. കാഴ്ചകളില്‍ മതിമയങ്ങിയപ്പോയ അപ്പുക്കുട്ടനും മന്‍മോഹനും, വെയിറ്റര്‍ തങ്ങളുടെ അരികെ വന്നു നിന്നതറിഞ്ഞില്ല. പകുതിമാത്രം വസ്ത്രം ധരിച്ച തടിച്ചൊരു സ്ത്രീയാണ് വെയിറ്റര്‍. അവള്‍ അപ്പുക്കൂട്ടനരികെ വന്നു നിന്നു: “അണ്ണാ എന്തര് വേണം കുടിക്കാന്‍. എന്തരാ അണ്ണാ തിന്നാന്‍ വേണ്ടേ?”

അപ്പുക്കുട്ടന് വീണ്ടും സംശയമായി. എന്തു വേണം കുടിക്കാന്‍? എന്താണ് മണമില്ലാത്ത മദ്യം?

“ഏതു വേണം മന്‍മോഹനാ…?”—അപ്പുക്കുട്ടന്‍.

“നീ പറ.”—മന്‍മോഹന്‍.

“നീ പറ.”—അപ്പുക്കുട്ടന്‍.

“ശ്ശെടാ, ഇതു നിന്റെ നാടല്ലേ, നീ പറ.”—മന്‍മോഹന്‍.

“പറ്റില്ല. നീയാ അതിഥി…”

ഒടുവില്‍ വെയിറ്റര്‍ ഇടപെട്ടു:

“എന്തരണ്ണാ സംശയങ്ങള്?”

“അല്ല, ഈ മണമില്ലാത്ത മദ്യമേതാ ഒള്ളത്?” അപ്പുക്കുട്ടൻ ചോദിച്ചു.

അവൾ തന്റെ മാംസം കുലുക്കി അറപ്പുളവാക്കുന്നതരത്തിൽ ചുണ്ടുകടിച്ചുകൊണ്ട് പറഞ്ഞു. “ജിൻ. മണം തീരെ കുറഞ്ഞ സാധനമാ. അതെടുക്കട്ടെ അണ്ണാ…” അവൾ മന്മോഹന്റെ അടുത്തേക്കു നീങ്ങിനിന്നു.

“ശരി ശരി. ജിന്നെങ്കിൽ ജിന്ന്.” അപ്പുക്കുട്ടൻ തുടർന്നു: “എഗ്ഗ് സ്ക്രാബ്‌ൾ, ഒരുപായ്ക്കറ്റ് വിൽസ്.”

അവൾ നടന്നകന്നപ്പോൾ അപ്പുക്കുട്ടൻ പറഞ്ഞു: “ഉരുപ്പടി കൊള്ളാമല്ലോടേ.”

കാബറേനർത്തകികൾക്കൊപ്പം ചില മദ്യപന്മാരും പങ്കുചേർന്നു. അവർ നോട്ടുകളെണ്ണി നർത്തകികൾക്കു നൽകി. വീട്ടിലുള്ള ഭാര്യമാരെ തെറിപറഞ്ഞു. എല്ലാം കണ്ട് രസിച്ചിരുന്ന അപ്പുക്കുട്ടന്റെയും മന്മോഹന്റെയും അരുകിലേക്ക് നീണ്ടുമെല്ലിച്ച ഒരു പെൺകുട്ടി നടന്നുവന്നു. അവൾ പുളിയിലക്കര മുണ്ടും നേര്യതുമാണ് ധരിച്ചിരുന്നത്. ചന്ദനക്കുറിയിട്ടിട്ടുണ്ട്. മുടിയിൽ മുല്ലപ്പൂ. അവളെ പരിചയപ്പെടുത്തികൊണ്ട് തിരുവനന്തപുരത്തുകാരി വെയിറ്റർ പറഞ്ഞു: “ബോംബേന്ന് വന്നിട്ട് രണ്ടു ദിവസമേ ആയൊള്ളു.”

അപ്പുക്കുട്ടനോടും മന്മോഹനോടുമായി ചന്ദനക്കുറിയിട്ട സുന്ദരി പറഞ്ഞു: “പെർ ഹെഡ് തൗസൻഡ് ഒൺലി.”

“വേണ്ട.” അപ്പുക്കുട്ടനാണ് പറഞ്ഞത്. മന്മോഹന് നാവിറങ്ങിപ്പോയിരുന്നു.

ബില്ലൊടുക്കി അപ്പുക്കുട്ടനും മന്മോഹനും അതിവേഗം പുറത്തേക്കിറങ്ങി.

പെൺവെയിറ്റർ അവരെ പടവുകളിൽ കണ്ടുമുട്ടി. “താല്പര്യമുണ്ടെങ്കിൽ അണ്ണന്മാർക്കൊപ്പം ഞാനും വരാം. അവൾ നിന്നു തുളുമ്പി.

മറുപടിയൊന്നും പറയാതെ അപ്പുക്കുട്ടനും മന്മോഹനും പുറത്തേക്കു നടക്കുമ്പോൾ അവൾ പറഞ്ഞതിങ്ങനെ: “ഉദ്ധാരണശേഷി നഷ്ടപ്പെട്ടവന്മാരായിരിക്കണം.”

“സിനിമ വേണ്ട.” അപ്പുക്കുട്ടനല്ല ഇങ്ങനെ പറഞ്ഞത്.

“ശരി എങ്കിൽ വേണ്ട.” അപ്പുക്കുട്ടൻ ശരിവെച്ചു.

രണ്ടു നാളുകൾക്കുശേഷം അപ്പുക്കുട്ടൻ ചെങ്ങന്നൂർ റയിൽവേസ്റ്റേഷനിൽനിന്നും കേരളാ എക്സ്പ്രസ്സിൽ മന്മോഹനെ ദില്ലിക്ക് യാത്രയാക്കി. മന്മോഹൻ പ്രതീക്ഷയോടെ നാലുപാടു നോക്കി. പാതിരാകഴിഞ്ഞനേരത്ത് മന്മോഹൻ ബാത്ത്റൂമിനരികിലേക്ക് നടന്നു. അവിടെ ഒരു പുതപ്പുപോലുമില്ലാതെ ഒരു വൃദ്ധ തണുത്തുവിറച്ച് പിറുപിറുത്തു കെണ്ട് കിടക്കുന്നുണ്ടായിരുന്നു. അവന്‍ തിരികെ നടന്നു. തണുത്ത കാറ്റ്. മന്‍മോഹനില്‍ ഓര്‍മ്മകള്‍ പുതയ്ക്കാന്‍ തുടങ്ങി. വണ്ടിക്ക് വേഗം വച്ചുവരുന്നു.

ദില്ലിയില്‍ ജെ.എന്‍.യു. ഹോസ്റ്റലിലെത്തിയിട്ടും നാലുവര്‍ഷങ്ങള്‍ക്കുശേഷം അതിസുന്ദരിയും യുവശാസ്ത്രജ്ഞയുമായ നിരഞ്ജനാസിങ്ങിനെ വിവാഹംകഴിച്ചിട്ടും ഹണിമൂണ്‍ മൗറീഷ്യസില്‍ ആഘോഷിച്ചിട്ടും തീവണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മന്‍മോഹന്റെ ശരീരമാകെ കുളിരുകോരും. ഉള്ളാകെ ഒരു തീ ഉലയും. അതെന്തുകൊണ്ടെന്ന് നാട്ടില്‍ വെള്ളരികൃഷിയും പണം പലിശയ്ക്കു കൊടുപ്പുമായി സസുഖം വാഴുന്ന രണ്ടു കുട്ടികളുടെ അച്ഛനായ അപ്പുക്കുട്ടനുപോലും അറിയില്ല.