വിലോഭനീയമായ നീലക്കുന്നുകൾ
വിലോഭനീയമായ നീലക്കുന്നുകൾ | |
---|---|
ഗ്രന്ഥകർത്താവ് | സി അനൂപ് |
മൂലകൃതി | പ്രണയത്തിന്റെ അപനിർമ്മാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥാസമാഹാരം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം |
വര്‍ഷം |
2002 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 91 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
മമ്മി കോടുകുളഞ്ഞിയിലെ ഗീവര്‍ഗ്ഗീസച്ചായന്റെ മോള്‍ടെ കല്യാണത്തിന് പുറപ്പെടുകയാണ്. പുറത്ത് പെരുമഴയത്ത് ഡ്രൈവര്‍ കാത്തുനില്ക്കാന്‍ തുടങ്ങിയിട്ട് ഏറെനേരമായി. ഒരുക്കംകഴിഞ്ഞിറങ്ങുമ്പോള്‍ മമ്മി വിളിക്കുമെന്ന് ടോണിക്കറിയാം. അവന്‍ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുന്ന ധൃതിനടിച്ച് മുറിയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടു. മമ്മിക്കൊപ്പം പുറപ്പെട്ടാല്‍ കോളേജിനു മുന്നിലിറങ്ങാമെന്നു പറഞ്ഞാല്‍ എന്താണ് മറുപടി പറയുക എന്ന് ടോണി മനസ്സിലുറച്ചു.
“റിക്കാര്‍ഡെഴുതിത്തീര്‍ന്നിട്ടില്ല മമ്മീ. ഞാനിതു തീര്‍ത്തിട്ട് ബൈക്കില്‍ പൊയ്ക്കൊള്ളാം.”
“അധികം കാത്തുനിന്ന് നേരം നഷ്ടപ്പെടത്താനില്ല മോനേ, നീ ബൈക്കില്‍ പൊയ്ക്കോ. നാളെ രാവിലെതന്നെ പള്ളിയിലെത്തിയേക്കണം. രാത്രി നിനക്കു പേടി തോന്നുന്നെങ്കില്‍ പ്രണ്ട്സിനെയാരെയെങ്കിലും കുട്ടിക്കോ.”
മമ്മി ഇത്രയും പറഞ്ഞ് കാറിലേക്കു നടക്കുമ്പോഴാണ് തൊട്ടുപിന്നാലെ പെന്‍സിലും സ്കെയിലും കൈയില്‍ത്തന്നെ പിടിച്ച് സ്വാഭാവികാഭിനയത്തിന് ഓസ്കര്‍ നേടാന്‍ സാദ്ധ്യതയുള്ള മട്ടില്‍ ടോണി ഫെര്‍ണാണ്ടസ് ആനന്ദത്തോടെ മമ്മിയുടെ യാത്ര നോക്കിനിന്നു.
തൊട്ടടുത്ത വീടുകളൊക്കെ നിശ്ശബ്ദമായി. വീട്ടുസാമാനങ്ങള്‍ വാങ്ങാനും റബ്ബര്‍കൃഷിക്കും കച്ചടവത്തിനുമൊക്കെയായി മുതിര്‍ന്നവര്‍ പൊയ്ക്കഴിഞ്ഞു. കുട്ടികളാകട്ടെ, ഭാരിച്ച പുസ്തകസഞ്ചികളുമായി കുറച്ചകലെയുള്ള വെയിറ്റിംഗ്ഷെഡ്ഡില്‍ സ്ക്കൂള്‍ബസ് കാത്തുനില്ക്കുന്നു. കോളേജ്കൂമാരന്മാരും കുമാരിമാരും വെയിറ്റിംഗ്ഷെഡ്ഡിനു പരിഷ്കാരം കുറവായതുകൊണ്ട് അതിനുമപ്പുറത്തുള്ള പ്ലാവിന്‍മൂട്ടില്‍ ഇരുവിഭാഗമായി തിരിഞ്ഞുനില്ക്കുന്നു. ചിലര്‍ ചിരിക്കുന്നു. മറ്റുചിലര്‍ ചിന്തിക്കുന്നു—ടോണി ഫെര്‍മാണ്ടസ് അതൊന്നും ശ്രദ്ധിച്ചില്ല. അടുക്കളപ്പണിക്കു വരാറുള്ള വിലാസിനി എന്ന മദ്ധ്യവയസ്കയുടെ വരവും കാത്ത് അക്ഷമനായി വാച്ചിലേക്കു നോക്കുകയാണ് അവന്‍.
സ്കൂള്‍ബസും കോളേജിലേക്കുള്ള സ്റ്റുഡന്‍സ് ഒണ്‍ലിയും പോയ്ക്കഴിഞ്ഞപ്പോള്‍ ടോണി രണ്ടാം നിലയുടെ വരാന്തയില്‍നിന്നും ഒന്നാം നിലയിലുള്ള അടുക്കളയ്ക്കുപിന്നിലെ വാതില്‍ തുറന്നിട്ടു. കൈയിലുണ്ടായിരുന്ന സ്കെയിലും പെന്‍സിലും ടോണി പഠനമുറിയിലേക്കു വലിച്ചെറിഞ്ഞു. വസ്ത്രത്തിലാകെ പെര്‍ഫ്യൂം അടിച്ചിട്ട് ടോണി ഉള്ളില്‍ ചുറ്റിനടന്നു. പെട്ടെന്ന് പിന്‍വാതിലിലാരോ മുട്ടിവിളിക്കുന്നത് ടോണി കേട്ടു. ഓടിയെത്തി വാതില്‍ തുറന്നപ്പോള്‍ വിലാസിനി പെട്ടെന്നു ചാറിയ മഴയില്‍ പൊതിഞ്ഞ്. വീട്ടില്‍ ടോണിയും വിലാസിനിയും മാത്രമായപ്പോള്‍ അവര്‍ വിശേഷവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചിരിക്കുകയും; വിലാസിനി വിശിഷ്ടഭോജ്യങ്ങള്‍ പലതുമുണ്ടാക്കി ടോണിക്കു നല്കുകയും, ടോണി ചില സുഗന്ധലേപനങ്ങള്‍ വിലാസിനിക്കു കൈമാറുകയും ചെയ്തു.
മദ്ധ്യാഹ്നമായി…
ടോണി വെരുകിനെപ്പോലെ വീട്ടകത്ത് കറങ്ങിനടന്നു.
വിലാസിനി അലസമലസം നടന്ന് ടോണിയുടെ മുറിയിലെത്തി കടലാസുകഷ്ണങ്ങളും പൊടിയും തൂത്തുമാറ്റി. ടെപ്പ്റിക്കാര്‍ഡില്‍ നിന്നും ‘വസന്തത്തിന്‍ സ്വര്‍ണ്ണരഥം പൂവണിഞ്ഞു…’ എന്ന ഗാനം കേട്ട് വിലാസിനി ടോണിയെ പാരവശ്യത്തോടെ നോക്കി. ടോണി വിലാസിനിയേയും.
മദ്ധ്യാഹ്നശേഷം വിലാസിനി തിരിച്ചുപോകുമ്പോള്‍ ടോണി അടുക്കളയില്‍വച്ച് യാത്രപറഞ്ഞു. ഭക്ഷണം മോശമായോ എന്ന വിലാസിനിയുടെ ചോദ്യംകേട്ട ടോണി ചിരിച്ച് ‘ഒരു മിനിട്ട്’ എന്നു പറഞ്ഞ് അകത്തേക്കു പോയി. ടോണി, മമ്മിയുടെ എണ്ണമറ്റ സാരിശേഖരത്തിന്റെ അടിഅട്ടിയില്‍നിന്നും ഒരെണ്ണം എടുത്തുകൊണ്ടുവന്ന് വിലാസിനിക്കു നല്കി. ആദ്യം വിലാസിനി വേണ്ടെന്നു പറഞ്ഞെങ്കിലും ടോണിയുടെ നിര്‍ബ്ബന്ധമേറിയപ്പോള്‍ അതു വാങ്ങി അധികം ധൃതിയൊന്നും കാട്ടാതെ പുറത്തേക്കു നടന്നു.
പെട്ടെന്ന് ഫ്രിഡ്ജ് തുറന്ന ടോണി ഒരുകുപ്പി വെള്ളം കുടിച്ചുതീര്‍ത്തു. പിന്നെ വളരെപ്പതുക്കെ നടന്ന് തന്റെ മുറിയിലെത്തി ജനാലയ്ക്കരികുപറ്റി കിടന്നു. മയക്കമുണര്‍ന്നത് ഫോണ്‍ റിംഗ്ചെയ്യുന്നതുകേട്ടാണ്. മമ്മിയാകുമെന്നു കരുതി. ഫോണിലൂടെ കേട്ട പരിചിതസ്വരം ഇങ്ങനെ പറഞ്ഞു: “ഞാന്‍ വിലാസിനിയാ. വീടിനടുത്ത കവലേലേ പബ്ലിക്ബൂത്തീന്നാ… ടോണിക്കു സുഖമല്ലിയോ? മമ്മി എപ്പഴാ വരുന്നേ? ഞാന്‍ നാളെ കാലത്തേ വരാം. കാപ്പി കുടിച്ചിട്ടേ ഗീവര്‍ഗ്ഗീസച്ചായന്റെ മോള്‍ടെ കല്യാണത്തിന് പോകാവൂ. അതു പറയാനാ വിളിച്ചേ.”
ടോണിയുടെ മുഖം വിവര്‍ണ്ണമായി.അവനാകെ പരിഭ്രമിച്ചു മഴയായിരിക്കും രാവിലെ. വിലാസിനി രാവിലെ വരേണ്ട എന്നു പറഞ്ഞു പെട്ടെന്ന് വിലാസിനി ഇടപെട്ടു: “പൊറത്ത് ഒരുപാടുപേര്‍ ഫോണ്‍ ചെയ്യാന്‍ നില്‍ക്കുവാ. അതു കൊണ്ട് ഞാന്‍ വെക്കുന്നു. ങാ! ഒന്നും പറയേണ്ട. ഞാന്‍ പൊലര്‍ച്ചെ വരും. അതുകഴിഞ്ഞ് മതി കല്യാണത്തിനു പോക്ക്.”
ടോണി മറുപടി പറയാന്‍ തുടങ്ങുംമുമ്പേ ലൈന്‍ കട്ടായി. അവന്‍ ഫോണിലേക്ക് ക്രൂദ്ധനായി നോക്കി. പിന്നെ സായാഹ്നമാകുന്നതും നോക്കി എന്താണ് ചെയ്യുക എന്ന സങ്കീര്‍ണ്ണപ്രശ്നത്തിലേക്കു മനസ്സുകുപ്പുകുത്തുമ്പോള്‍ വീണ്ടും ഫോണ്‍.
“ടോണീ, മമ്മ്യാ. നീ രാവിലെ തന്നെ പള്ളിയിലെത്തണം. ദോഹേന്നു പപ്പ വിളിച്ചാല്‍ ഗീവര്‍ഗ്ഗീസച്ചായന്റെ വീട്ടിലേക്കു വിളിക്കാന്‍ പറയണം. രാത്രി കുട്ടന്, മമ്മി രാവിലെ പറഞ്ഞപോലെ ആ വിനീതിനെയോ മനുവിനെയോ മറ്റോ വിളിക്ക്.”
“ശശി മമ്മി. ഞാന്‍ രാവിലെ പള്ളീലെത്താം.” ടോണി വളരെ പതുക്കെ ഫോണ്‍ ക്രഡിലില്‍ വച്ചു.
ടോണി വീടുപൂട്ടി പുറത്തേക്കു പോയി. പതിവിനും നേരത്തെ കോഫി ഹൗസിനു മുന്നിലെത്തിയ അവന്‍ പബ്ലിക്ബൂത്തില്‍നിന്ന് മനുവിന് ഫോണ്‍ചെയ്തു. വളരെ സന്തോഷമുള്ള വാര്‍ത്തയുണ്ടെന്ന മുഖവുര കേട്ടപ്പോള്‍ തന്നെ ഉടനേ പുറപ്പെടുന്നു എന്ന പറഞ്ഞ് മനു ഫോണ്‍വച്ചു. ടോണി നഗരത്തിലേക്കു നോക്കി നിന്നു. പെട്ടെന്ന് വിലാസിനിയെക്കുറിച്ചുള്ള യഥാര്‍ത്ഥവും, വലോഭനീയവുമായ ഓര്‍മ്മയ്ക്കിടയില്‍ ഗീവര്‍ഗ്ഗീസച്ചായന്റെ മകള്‍ സിസിലിയുടെ ഹൃദയമിടിപ്പും ചുംബനവും വിയര്‍പ്പിന്റെ രൂക്ഷഗന്ധവും കയറിവന്നു.
ടൊണി ഫെര്‍ണാണ്ടസിന് ഇരുപതു വയസ്സ്. മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി. പന്ത്രണ്ടാം വയസ്സില്‍ ഹൈസ്ക്കൂളിലേക്കു കടക്കുന്ന മദ്ധ്യവേനലവധിക്ക് അവനെ അമ്മാവന്‍ ഗീവര്‍ഗ്ഗീസ് കോടുകുളഞ്ഞിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് പപ്പ നാട്ടിലുണ്ടായിരുന്നു. മമ്മിയും പപ്പയും നിര്‍ബന്ധിച്ചിട്ടാണ് കോടുകുളഞ്ഞിയിലേക്കു പോകാന്‍ ടോണി സമ്മതിച്ചത്. ഗീവര്‍ഗ്ഗീസച്ചായന്‍ മടങ്ങിച്ചെല്ലുമ്പോള്‍ തന്നെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് യാത്രപുറപ്പെടുമ്പോള്‍ മകള്‍ സിസിലി വാശിപിടിച്ച് സമ്മതിപ്പിച്ചതായാണ് മമ്മി പറഞ്ഞത്. അന്നു സിസിലി വിമന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബോട്ടണി (ബി.എസ്‌സി.) വിദ്യാര്‍ത്ഥിനി.
തനിക്കു മുന്നിലൂടെ തിരക്കിട്ടു നടന്നുപോകുന്നവരെ ടോണി കണ്ടില്ല. അവന്‍ കോടുകുളഞ്ഞിയിലെ റബ്ബര്‍മരങ്ങളുടെ തണലിലും ടെറസ്സിന്റെ വിജനതയിലും സിസിലിക്കൊപ്പം സുഖവാസം നടത്തുകയായിരുന്നു. അന്ന് കുഴല്‍മന്ദംകാരി കിഴവി മാത്രമാണ് പകൽനേരത്ത് സിസിലിയുടെ വീട്ടിലുണ്ടാവുക. പിന്നെ ടോണിയും സിസിലിയും മാത്രം.
റബ്ബര്‍മരം ഇന്നുള്ളവര്‍ (നാലുമൂടു റബ്ബറില്ലാത്തവര്‍) പറയുമ്പോലെ ഒരു മോശപ്പെട്ട വൃക്ഷമല്ലെന്നും, ഏതു രീതിയിലും യാതൊരു വിയോജിപ്പുമില്ലാതെ വഴങ്ങുന്നതാണ് റബ്ബറിന്റെ സവിശേഷതയെന്നും (ചില എഴുത്തുകാരെയും പത്രപ്രവര്‍ത്തകളെയുംപോലെ) ടോണി അറിഞ്ഞത് സിസിലിക്കൊപ്പം കോടുകുളഞ്ഞിയില്‍ ചെലവിട്ട ദിവസങ്ങളിലായിരുന്നു.
റബ്ബര്‍ത്തോട്ടത്തിലൂടെ നടന്ന് രോമാഞ്ചമാസികകളിലെ തുടര്‍ക്കഥകള്‍ സിസിലി ടോണിയെ വായിച്ചുകോള്‍പ്പിക്കും. ചില കഥകളുടെ ക്ലൈമാക്സിലെത്തുമ്പോള്‍ സിസിലിയുടെ കണ്ണുനിറയും. ഒരു കഥയുടെ അവസാനമെത്തിയപ്പോള്‍ സിസിലിയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു ടോണി. പെട്ടെന്ന് ഒരുതുള്ളി കണ്ണീര്‍ ടോണിയുടെ നെറ്റിയില്‍ വീണു. അത് താഴേക്കുതീര്‍ന്ന് നാവില്‍ ഉപ്പുരസമറിയിച്ചു. പിന്നെ സിസിലി ടോണിയുടെ കവിളിലൂടെ വിരലോടിക്കുകയും ചുരിദാറിന്റെ മേല്‍ബട്ടണുകള്‍ അഴിച്ച് ടൊണിയുടെ മുഖമവിടേക്ക് അമര്‍ത്തുകയും ചെയ്തു.
ഒരു മഴച്ചാറ്റലേറ്റ് എഴുന്നേല്ക്കുമ്പോള്‍ സിസിലിയുടെ നെഞ്ചാകെ വിയര്‍പ്പണിഞ്ഞിരുന്നു. ടോണി അതുവരെയറിയാത്ത ഏതൊക്കെയോ അനുഭൂതികളില്‍ സ്വയം നഷ്ടപ്പെട്ടു.
മറ്റൊരു ദിവസം ടെറസ്സിലേക്കു പോയത് മഴയിരുംബുന്നൊരു സായാഹ്നത്തിലായിരുന്നു. സിസിലി ഇളംചുവപ്പുനിറത്തിലുള്ളൊരു നൈറ്റിയായിരുന്നു ധരിച്ചിരുന്നതെന്ന് വര്‍ഷങ്ങള്‍ക്കുശേഷവും ടോണി ഓര്‍ക്കുന്നു. താഴെ അടുക്കളയിലായിരുന്നു കിഴവിയും സിസിലിയുടെ അമ്മയും. മുകളിലെത്തിയ സിസിലി ടോണിയെ നെഞ്ചോടമര്‍ത്തി എന്തൊക്കെയോ അവ്യക്തമായി പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും ടോണി എല്ലാം കേള്‍ക്കുന്നെന്ന ഭാവത്തില്‍ സിസിലി പറഞ്ഞതൊക്കെ അനുസരിച്ചു. ഒടുവില്‍ ടോണിയെ കെട്ടിപ്പിടിച്ച് സിസിലി കരഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ ടോണി വീട്ടിലേക്കു മടങ്ങുകയായിരുന്നു.
മനുവിന്റെ ബൈക്ക് അരോചകമായി ശബ്ദത്തോടെ ടോണിയുടെ മുന്നില്‍ വന്നു. അവന്‍ നഷ്ടപ്പെട്ട പന്ത്രണ്ടാം വയസ്സില്‍നിന്നും ഇരുപതാംവയസ്സിലെ സ്നേഹിതന്റെ സാന്നിദ്ധ്യത്തിലേക്കു തിരിച്ചുവന്നത് ഒരു ഭ്രാന്തന്റെ നിലവിളി കേട്ടാണ്. മനു വളരെ തിടുക്കപ്പെട്ട് ടോണിക്കരികെയെത്തി കൗതുകകരമായ വാര്‍ത്തയറിയാനുള്ള ആകാംക്ഷയോടെ നിന്നു. എന്തുകൊണ്ടോ മനുവിനോട് വിലാസിനിയെക്കുറിച്ചും സിസിലിയെക്കുറിച്ചും പറയരുതെന്ന് ടോണി ഉറച്ചു. പക്ഷെ, പലതവണ “സന്തോഷമുള്ള വാര്‍ത്തയെന്തെടാ?” എന്നു ചോദിച്ചപ്പോള്‍ ടോണിക്കു തോന്നിയത് മറ്റൊന്നു പറയാമാണ്. “ഇന്നു രാത്രി വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാ. അപൂര്‍വ്വമായി കിട്ടുന്ന ഈ അവസരം ക്രീയാത്മകമായി ഈ വാക്ക് കോഫിഹൗസില്‍വെച്ച് കണ്ടുമുട്ടാറുള്ള ഉത്തരാധുനികനായ ഒരു കവിയില്‍നിന്നുമാണ് ടോണി പഠിച്ചത്.) എങ്ങനെ പ്രയോജനപ്പെടുത്താം.” ടോണി മനുവിന്റെ കണ്ണുകളിലേക്കു നോക്കി. ഇടയ്ക്കു വന്ന ഷെറീഫാണ് രാത്രി എങ്ങനെ നിറമുള്ളതാക്കാമെന്നു പറഞ്ഞത്.“നാലഞ്ച് കാസറ്റുകള്‍ സംഘടിപ്പിക്കുക. വിനീതിന്റെ അച്ഛന്‍, മദ്യത്തിന് ഇരുനൂറുശതമാനം ടാക്സ് ഏര്‍പ്പെടുത്തുംമുന്നേ ബിവറേജസില്‍നിന്നും വാങ്ങിക്കൂട്ടിയ്ത്, ഒരു മുറിനിറയെ മദ്യമാണ്. അതില്‍ നിന്ന് രണ്ടുകുപ്പി അടിച്ചുമാറ്റുക. ബാക്കി കുശാല്‍.” ഷെറീഫ് തന്റെ അപാരമായ ആസൂത്രണവൈഭവത്തില്‍ തെല്ലഭിമാനിച്ച് ടോണിയെയും മനുവിനെയും നോക്കി വിജയീഭാവത്തില്‍ നിന്നു.
വിനിത്, മനു, ഷെറീഫ്, പീറ്റര്‍—സന്ധ്യകഴിഞ്ഞാല്‍ അവര്‍ വീട്ടിലെത്തുമെന്നു ഉറപ്പുള്ളതുകൊണ്ട് ടോണി വീടിന്റെ മുന്‍വാതില്‍ തുറന്നിട്ടു. അതീവരഹസ്യമായി സംഘടിപ്പിച്ച കാസറ്റുകള്‍ ഓരോന്നുമെടുത്ത് ഇത് ശുദ്ധകാശ്മീരി, ഇത് ജാപ്പനീസ് നല്കിയാണ് മനു അടുക്കിവെച്ചത്. വിനീത് അച്ഛന്റെ ഷെല്‍ഫിന്റെ പിന്നടുക്കില്‍നിന്നും ചൂണ്ടിയ ഒരു ഫുള്ളും രണ്ടു പൈന്റും പുറത്തെടുക്കുമ്പോള്‍ ‘തണുപ്പിനുള്ള വിഭവങ്ങള്‍’ എന്ന ക്യാപ്ഷനാണ് മനു നല്കിയത്. ഇങ്ങനെ ആഗ്രഹിച്ചതെല്ലാം സാക്ഷാത്കരിച്ച സംതൃപ്തിയോടെ ഒരു വീട്ടില്‍ അഞ്ചു സുഹൃത്തുക്കള്‍ മാത്രമായ ഒരു രാത്രി ആരംഭിച്ചു.
ശൂദ്ധകാശ്മീരിയുടെ പുറംചട്ടയില്‍ വശ്യമായ ചിരിയുമായി ഒരുവള്‍. അവളുടെ തീക്ഷ്ണമായ കണ്ണുകള്‍ വിനീതിനെ ആകെ ഉലച്ചു. ഫോട്ടോയായിരുന്നിട്ടും അവളുടെ കണ്ണുകളുടെ ആഴം ഒരനുഭവമായി മാറുന്നത് അവന്റെ മുഖത്ത് തെളിഞ്ഞുകാണാം.
വിഷ്വലുകള്‍ ഓരോന്നും വന്നു നിറയുന്നതിനൊപ്പം ടോണി, വിനീത്, മനു, ഷെറീഫ്, പീറ്റര്‍ എന്നീ സുഹൃത്തുക്കള്‍ കൂടുതല്‍ കൂടുതല്‍ നിശ്ശബ്ദരായി. കാശ്മീരില്‍ നിന്ന് ചൈനയിലേക്കും ജപ്പാനിലേക്കും സഞ്ചരിക്കുമ്പോള്‍ അഭൗമമായ ദൃശ്യങ്ങള്‍ കാണുമ്പോലെ അവര്‍ പരസ്പരം നോക്കുകയും, പെട്ടെന്ന് കാഴ്ച പിന്‍വലിച്ച് ഒരു ദൃശ്യംപോലും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമപ്പെടുകയും ചെയ്തു. ഇതിനിടെ പലതവണ ഗ്ലാസ്സുകള്‍ കൂട്ടിയുരുമ്മി.
ശുദ്ധകേരളീയമാരംഭിച്ചത് പഞ്ചവാദ്യത്തോടെയായിരുന്നു. മേളമവസാനിച്ച് ഒരു പാനിംഗ്ഷോട്ടില്‍ ദൃശ്യം ഒരു മുറിക്കകത്തേക്കായി. അപ്പോള്‍ വിനീതും മനുവും തളര്‍ന്നിരുന്നു. ഇരുന്നിടങ്ങളില്‍ത്തന്നെ ചരിഞ്ഞുകിടന്ന അവര്‍ ലഹരിയുടെ വിസ്മയത്തില്‍ ആലെയെന്നില്ലാതെ തെറിപറഞ്ഞു. മലയാളത്തിന്റെ ആദ്യദൃശ്യംതന്നെ വല്ലാതെ ഭ്രമിപ്പിച്ചു. ഓരോ ദൃശ്യവും മറികടക്കുമ്പോള്‍ ടൊണിയുടെ ഹൃദയമിടിപ്പു കൂടി.
പ്രതിരോധത്തിന്റെ ഹിമാവരണം മാറ്റി വിവസ്ത്രയായശേഷം അവള്‍ കിടക്കയിലേക്കമര്‍ന്നു. അവളുടെ പരിഭ്രാന്തമായ മുഖത്ത് അവന്‍ തന്റെ മുഖമമര്‍ത്തി. ഒടുവില്‍ നേരിയ നിലവിളിയോടെ അവള്‍ അവനെ ഏറ്റുവാങ്ങി. അതിനുശേഷം അവളുടെ മുഖം ക്ലോസപ്പില്‍ കാണാന്‍ ടോണിക്കു കഴിഞ്ഞത്. അവള്‍ക്കരികെ കിടന്നിരുന്നയാളെ അപ്പോഴും പിടികിട്ടിയില്ല. അപരിചിതമായിരുന്നു ആ മുഖം.
കഷീണിതയും നഗ്നയുമായി കിടക്കുന്നത് ഗീവര്‍ഗ്ഗീസച്ചായന്റെ മകള്‍ സിസിലിയാണ്. അവളുടെ മുഖത്തപ്പോള്‍ പരിഭ്രമമോ ദുഃഖമോ ഇല്ല. ടോണി പെട്ടെന്നെണീറ്റ് കാസെറ്റ് പിന്‍വലിച്ച് ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു. പിന്നെ ലൈറ്റണച്ച് മറ്റൊരു മുറിയിലേക്കു നടന്നു.
പുലര്‍ച്ചെ വിനീതും മനുവും യാത്ര പറഞ്ഞു. അവര്‍ കാഴ്ചയില്‍ നിന്നു മറഞ്ഞതോടെ ടോണി തിടുക്കപ്പെട്ട് ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തു. വിലാസിനി എത്തുംമുമ്പ ഇവിടംവിടണമെന്ന് ടോണി തീരുമാനിച്ചു. വഴിയിലധികമാരുമില്ല. ഉള്ളവരെയാവട്ടെ ടോണി ശ്രദ്ധിച്ചതുമില്ല.
നഗരത്തിന്റെ ഞായറാഴ്ചമുഖം മ്ലാനമാണ്. വളരെപ്പതുക്കെ ബൈബിള്‍ നെഞ്ചോടടുക്കി പ്രാര്‍ത്ഥനാനിരതരായി നടന്നുപോകുന്ന സുന്ദരിമാരോ, ശ്രുതിമധുരമായി ഗാനമാലപിച്ച് നഗരത്തിന്റെ സര്‍വ്വപാപങ്ങളും ഏറ്റുവാങ്ങുന്ന തെരുവുപാട്ടുകാരനോ ടേണിയുടെ ശ്രദ്ധയില്‍ നിറഞ്ഞില്ല. അവന്‍ ബൈക്കോടിച്ച് കോടുകുളഞ്ഞിക്കു പോയി.
മന്ത്രകോടിയണിഞ്ഞ് മാലാഖയെപ്പോലെ നില്ക്കുകയാണ് സിസിലി. ചുറ്റും ആനന്ദത്തോടെ അതിഥികളെ സ്വീകരിച്ചുനില്ക്കുന്ന ഗീവര്‍ഗ്ഗീസച്ചായനും സോസിക്കുഞ്ഞമ്മയും മമ്മിയും. വിശുദ്ധതൈലം വിതറുന്ന സണ്ണിക്കുട്ടി. ദൈവശുശ്രൂഷകന്റെ മഹത്വചനങ്ങള്‍ ടോണി ഫെര്‍ണാണ്ടസിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവന്‍ വിവാഹമുഹൂര്‍ത്തമെത്തുംവരെ പുറംവഴിയില്‍ കറങ്ങിനടന്നു. സമയം ഒരാധിയായി മാറുന്ന പോലെ. സൂചികള്‍ പതിവിനു വിപരീതമായി തിരിച്ചുകറങ്ങുകയാണോ എന്നുവരെ തോന്നി. നിശ്ശബ്ദനായി ഇടനാഴിയിലൂടെ നടന്ന് അവന്‍ അള്‍ത്താരയ്ക്കു മുന്നിലെത്തി. അപ്പോള്‍ സിസിലിയെയും ഭര്‍ത്താവിനെയും ദൈവസാന്നിദ്ധ്യത്തില്‍, പ്രാര്‍ത്ഥനാവചനങ്ങളും സുഗന്ധപ്പൂക്കളുംകൊണ്ട് പരിശുദ്ധരാക്കുകയാണ്. ദൈവശുശ്രൂഷകന്‍, ഇരുളിലും വെളിച്ചത്തിലും, ദാരിദ്രത്തിലും സമൃദ്ധിയിലും പരസ്പരം അഗാധമായി സ്നേഹിക്കണമെന്ന വാക്യത്തോടെ അവരെ ഒന്നിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
ടോണി ഫെര്‍ണാണ്ടസ്, സിസിലിക്കരികെ ചിരിച്ചു നില്‍ക്കുന്നു ഭര്‍ത്താവിനെ സൂക്ഷിച്ചു നോക്കി. വീഡിയോക്കാരടിച്ച പ്രകാശത്തില്‍ അവന്റെ മുഖം വ്യക്തമായി. തലേന്നു രാത്രി ടെലിവിഷനില്‍ക്കണ്ട മുഖമായിരുന്നില്ല അത്. പെട്ടെന്ന് സിസിലിയുടെ കണ്ണ് തന്നിലേക്കെത്തുന്നത് ടോണി കണ്ടു.
ഒരു നിമിഷം! സിസിലിയുടെ മുഖത്ത് വിഭിന്നഭാവങ്ങള്‍ വന്നു. വീണ്ടും വീണ്ടും സിസിലിയുടെ കണ്ണുകള്‍ തന്നെ തേടിവരുന്നതു കാണ്‍കെ ടോണി തിരിഞ്ഞുനടന്നു.
അതിവേഗം ബൈക്കോടിച്ച് വീട്ടിലെത്തി ആ കാസറ്റ് ഒരിക്കല്‍ക്കൂടി പ്ലേയറിലിട്ടു. അതെ; അത് സിസിലിയാണ്. എന്നാല്‍ അവള്‍ക്കരികെ മായക്കുതിരകണക്കെ ഇളകിമറിയുന്നവനെയല്ല തീര്‍ച്ചയായിട്ടും താനിന്ന് പള്ളിയില്‍ കുന്തിരിക്കപ്പുകയുടെ രൂക്ഷഗന്ധത്തില്‍ കണ്ടത്. ടോണി ഫെര്‍ണാണ്ടസ് ഏറെനേരം കണ്ണടച്ചിരുന്നു.
പിന്‍വാതിലില്‍ ആരോ തട്ടിവിളിക്കുന്നു. ടോണി മുകള്‍നിലയുടെ ജനാലയിലൂടെ താഴേയ്ക്കു നോക്കി. മഴയീറനോടെ വിലാസിനി. അവള്‍ പലതവണ മുട്ടിയെങ്കിലും ടോണി വാതില്‍ തുറന്നില്ല. കാത്തുനില്പിന്റെ മുഷിപ്പ് മൂത്തപ്പോള്‍ വിലാസിനി പിറുപിറുപ്പൊടെ നടന്നുപോയി.
ടോണിയുടെ മനസ്ലില്‍ തലേന്നു രാത്രിയില്‍ കണ്ട ദൃശ്യങ്ങളും പള്ളിയില്‍ കണ്ട ദൃശ്യങ്ങളും തമ്മില്‍ കലാപമാരംഭിച്ചു. അതില്‍നിന്ന് മുക്തിനേടാന്‍ അവന്‍ ബൈക്കെടുത്ത് വിജനമായ വഴിയിലൂടെ മുന്നേറാന്‍ തുടങ്ങി. സ്പീഡോമീറ്ററിന്റെ സൂചി അറുതിയില്‍ തട്ടി നിന്നിട്ടും വേഗത പോരാ പോരാ എന്ന തോന്നലായിരുന്നു. അവന്‍ സ്വയം മറന്ന് ആകാശത്തേക്കു കുതിച്ചുപൊങ്ങി.