close
Sayahna Sayahna
Search

കൃഷ്ണമണികളുടെ ജലാശയം


കൃഷ്ണമണികളുടെ ജലാശയം
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്ന നൗറീന്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ബാല്‍ക്കണിയിലേക്ക് അതിവേഗം ഓടിപ്പോയപ്പോള്‍ കാണികള്‍ക്കിടയില്‍നിന്നും പൊട്ടിച്ചിരി ഉയര്‍ന്നത് തികച്ചും യാദൃച്ഛികം. പക്ഷേ, നിരവധിപേരുടെ പല തരംഗദൈര്‍ഘ്യത്തിലുള്ള പൊട്ടിച്ചിരി എത്ര ശ്രമിച്ചിട്ടും നൗറീന് മറക്കാന്‍ കഴിഞ്ഞില്ല. അവള്‍ തന്റെ സ്വര്‍ണ്ണനിറമുള്ള സമൃദ്ധമായ മുടി പിടിച്ചു വലിക്കുകയും തല ചുമരിലിട്ടിടിക്കുകയും ചെയ്തു.

ബാല്‍ക്കണിയിലേക്ക് ഇറങ്ങിവന്ന മകന്‍ പതിവില്ലാത്ത ഭാവത്തില്‍ തന്നെ നോക്കുന്നുവെന്നും അവന്റെ ചുണ്ടില്‍ എന്തോ വന്നുനിറയുന്നുവെന്നും നൗറീനു തോന്നി. അവള്‍ ചുമരിലെ പ്രകൃതിദൃശ്യത്തിന്റെ നിഗൂഢതയിലേക്ക് നോക്കിനിന്നു. എന്താണുണ്ടായത്, എന്തിനാണ് അമ്മ പൊട്ടിക്കരഞ്ഞത്, തല ചുമരിലിട്ടിടിച്ചത്—ഇത്യാദി ചോദ്യങ്ങളിലേതെങ്കിലും മകന്‍ ചോദിക്കുമോ എന്ന ഭീതി നൗറീനെ വിഹ്വലചിത്തയാക്കി. എന്നാല്‍ എട്ടുവയസ്സുമാത്രമായി മകന്‍—തന്റെ ഇരുപതാം വയസ്സിന്റെ വരദാനം—അങ്ങനെയൊന്നും ചോദിച്ചില്ല. അവന്‍ അമ്മയെ അധികനേരം നോക്കിനില്ക്കാതെ അകത്തേക്ക് ഓടിപ്പോയി ടെലിവിഷന്‍ ഓഫ്ചെയ്തശേഷം അമ്മയുടെ മണമുള്ള കിടക്കയില്‍ കമിഴ്ന്നു കിടന്നു. തന്റെ എട്ടുവയസ്സായ മകന്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്തു എന്ന് നൗറീന്‍ ആലോചിച്ചു. അമ്മയുടെ മനസ്സ് അവന്‍ വായിച്ചിട്ടുണ്ടാകുമോ? തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നുണ്ടാകണം. അല്ലെങ്കില്‍ അവന്‍ ടെലിവിഷന്‍ ഓഫ് ചെയ്യുമായിരുന്നില്ലല്ലോ.

ഈ ചിന്തയില്‍ നൗറീന്‍ ആകെ തളര്‍ന്ന് മകനരികിലേക്ക് വളരെ പതുക്കെ നടന്നുപോയി. ഇടയ്ക്ക് ചുമരലമാരയില്‍നിന്നും ആല്‍ബം കൈയിലെടുത്ത് അത് തുറന്നുനോക്കാതെതന്നെ തിരിച്ചുവെച്ച് പരുഷമായി എന്തൊക്കെയോ സ്വയം പറഞ്ഞു.

അപ്പോഴും തൊട്ടിലില്‍ കിടന്ന് സുഖമായുറങ്ങുകയാണ് ഇരുപത്തിയേഴാം വയസ്സിന്റെ വരപ്രസാദം. അവന് ആറുമാസം തികഞ്ഞിട്ടില്ലെങ്കിലും, ആരിഫിനെപ്പോലെ കുസൃതികള്‍ ആരംഭിച്ചിട്ടില്ലെങ്കിലും എന്തോ എപ്പോഴും തന്റെ മനസ്സ് അവിനാശിനൊപ്പമാണെന്ന് നൗറീന്‍ ഓര്‍ത്തത് വെറുതെയല്ല. ഉണര്‍ന്നു കിടക്കുമ്പോള്‍ അവിനാശ് എന്തോ കേള്‍ക്കാനെന്നപോലെ കാതുകൂര്‍പ്പിക്കുന്നതും, കാണാന്‍ കൗതുകപ്പെടുന്നതും നൗറീന്‍ ശ്രദ്ധിക്കാറുണ്ട്. അവനോട് എന്തു പറഞ്ഞാലും ഇളംമോണ കാട്ടി ചിരിക്കാന്‍ മടിയാണ്. ഏറ്റവും ഇഷ്ടമുണ്ടാകുമെന്നു കരുതുന്ന കളിപ്പാട്ടം തൊട്ടിലിന് നേര്‍മുകളില്‍ പിടിച്ച്, ഒരു താരാട്ട് ഈണത്തില്‍ പാടിയാല്‍പ്പോലും അവിനാശ് ചിരിക്കില്ല.

പിച്ചവെച്ചു നടക്കാന്‍ തുടങ്ങും മുന്‍പേ അവന് ഈ ഗൗരവമെന്തിനെന്നു തോന്നും. പക്ഷേ, അതാര്‍ക്കാണ് ഗ്രഹിക്കാനാവുക? അവിനാശ് സംസാരമാരംഭിച്ചിരുന്നെങ്കിൽ ഗൗരവകാരണം ചോദിച്ചു മനസ്സിലാക്കി ഇടയ്ക്കെങ്കിലും ചിരിക്കണമെന്ന് ഉപദേശിക്കാമായിരുന്നു.

കണ്ണുതെറ്റിയാല്‍ ആരിഫ്, അവിനാശിനെ ഉറങ്ങാന്‍ അനുവദിക്കില്ല. ഈ ഫ്ളാറ്റിനുള്ളില്‍ തനിക്ക് സ്വസ്ഥമായൊന്ന് കുളിക്കാന്‍പോലും കഴിയുന്നില്ല. ആരിഫ് സ്കൂളില്‍നിന്നെത്തുംമുന്നേ സാധാരണ കുളിക്കുന്നതാണ്. ഇന്നാണെങ്കില്‍ ടെലിവിഷന്‍ ഓഫ് ചെയ്തും ഓണ്‍ ചെയ്തും നേരംപോയതറിഞ്ഞില്ല. ഇനി ഇന്ന് കുളി നടക്കില്ല എന്ന് നൗറീന്‍ ഉറപ്പിച്ചു. അരമണിക്കൂര്‍ കഴിയുമ്പോള്‍ അവിനാശ് ഉണരും. പിന്നെ ആരിഫിനും പിടിവാശി തുടങ്ങും. ഒരാള്‍ക്കു മാത്രമായി അമ്മയെന്തിന് ബേബിഫുഡ് ഉണ്ടാക്കുന്നു എന്നാണ് അവന് സംശയം.

ഏഴാം നിലയിലെ ഫ്ളാറ്റിന്റെ ജനാലയ്ക്കല്‍ നിന്ന് താഴത്തെ ആരവംപിടിച്ച വഴിക്കാഴ്ചകള്‍ കാണുകയാണ് ആരിഫ്. നൗറീന്‍ അവനു പിന്നില്‍ നടന്നെത്തി, എന്താണിത്ര ഗൗരവത്തില്‍ നിന്ന് മകന്‍ കാണുന്നതെന്ന് നോക്കി. ആരിഫ് കണ്ണുകള്‍ അമര്‍ത്തിയടച്ച് ഏങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു. അപ്പോള്‍ നൗറീന്‍ മകനെ ചേര്‍ത്തുനിര്‍ത്തി. എന്തെന്നില്ലാത്ത സങ്കടത്തോടെ ആരിഫ് അമ്മയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഇത്തരം സന്ദര്‍ഭങ്ങളില്‍ നൗറീന്‍ അനിയന്ത്രിതമായ ഒരവസ്ഥയില്‍ എത്തിപ്പോകാറുണ്ട്. പക്ഷേ, ഈ നേരത്ത് അതുണ്ടായില്ല. നൗറീന്‍ മകനെ തലോടിക്കൊണ്ട് ഉള്ളിലേക്കു നടന്നു. ഏറെനേരം ആരിഫിന്റെ ചുമലില്‍ തട്ടിക്കൊണ്ടിരുന്ന നൗറീന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മകന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. പതിവുനേരം കഴിഞ്ഞിട്ടും അവിനാശ് ഉണര്‍ന്നില്ല. നൗറീന്‍ അവന്റെ നെറ്റിയില്‍ പൊടിഞ്ഞുവന്ന വിയര്‍പ്പുകണങ്ങള്‍ തുടച്ചുമാറ്റിയശേഷം ഡ്രോയിങ് റൂമിലേക്കു നടന്നുചെന്ന് ടെലിവിഷന്‍ ഓണ്‍ചെയ്തു.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള വണ്ഡേമാച്ചിന്റെ രണ്ടാം പകുതിയിലെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്ക്രീനില്‍ തെളിഞ്ഞു. കാംബ്ലിക്കുനേരെ ശരവേഗത്തില്‍ പാഞ്ഞുവന്ന ബോള്‍ ഒരുനിമിഷം നൗറീന്റെ കാഴ്ചയില്‍നിന്നും അപ്രത്യക്ഷമായി. പെട്ടെന്ന് ഗ്യാലറിയില്‍നിന്നും ആവേശമുയര്‍ന്നു. അതിലൂടെ അതിവേഗം സഞ്ചരിച്ച ക്യാമറയില്‍ ആഹ്ളാദത്താല്‍ മതിമറക്കുന്ന നിരവധി രൂപങ്ങല്‍ നൗറീന്‍ കണ്ടു. പാനിങ് ഷോട്ട് അവസാനിച്ചത് നീണ്ടുമെല്ലിച്ച ഒരു പെണ്‍കുട്ടിയുടെ വിഷാദച്ഛായ കലര്‍ന്ന മുഖം കാണിച്ചുകൊണ്ടാണ്. അത് നൗറീനെ ഒരു ഫ്ളാഷ്ബാക്കിലേക്കു നയിച്ചു.

ഒരു മാസം നീണ്ടുനിന്ന വിദേശയാത്രയ്ക്കുശേഷം സഫറൂദ്ദീന്‍ തിരിച്ചെത്തുന്ന ദിവസമായിരുന്നു അത്. തലേന്നു രാത്രിതന്നെ സഫര്‍ വിളിച്ച് ഇന്ത്യന്‍സമയം മൂന്നു പതിനഞ്ചിന് താന്‍ പാലം എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. രണ്ടുമണിക്കുതന്നെ നൗറീന്‍ ഇളംനീലനിറത്തില്‍ വെള്ളപൂക്കളുള്ള ചുരിദാര്‍ ധരിച്ച്, ആരിഫിനെയും ഒരുക്കി വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. അവന്‍ അച്ഛന്റെ വരവില്‍ ആനന്ദിച്ച് വിന്‍ഡ്സ്ക്രീനിലൂടെ പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു.

വിമാനത്താവളത്തില്‍ എത്തിയശേഷം പ്ലെയിന്‍ ലാന്‍ഡുചെയ്യുന്ന കൃത്യസമയം അറിയുന്നതിനായി ഡ്രൈവര്‍ എക്സിറ്റ് ഭാഗത്തേക്കു നടന്നു. അധികം കഴിയുംമുന്നേ അലസമായി വസ്ത്രം ധരിച്ച് വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി കാറിനരികിലേക്ക് ഓടിയെത്തി. അവള്‍ നൗറീനെ പ്രതീക്ഷിച്ചുനിന്ന ഭാവം പ്രകടിപ്പിച്ച് സ്വയം പരിചയപ്പെടുത്തി: “ഞാന്‍ സബിതാ ബജ്ലാനി, സഫറൂദ്ദീന്റെ ഫാന്‍. ചേച്ചി എയര്‍പോർട്ടിലുണ്ടാകുമെന്ന്, സഫര്‍ ഇന്നലെ വിളിച്ചപ്പോള്‍ എന്നോടു പറഞ്ഞിരുന്നു.”

നൗറീന്‍ പതിഞ്ഞ ചിരിയോടെ അവളെ കാറിനുള്ളിലേക്കു ക്ഷണിച്ചു.

വാചാലതയോടെ സബിതാ ബജ്ലാനി പറഞ്ഞു:

“എന്തൊരു ചൂട്! കാറിനുള്ളിലാകുമ്പോള്‍ എ. സി. കുറച്ച് സ്വസ്‌ഥത നല്കാതിരിക്കില്ല.”

നൗറീന്‍ മറുപടിയൊന്നും പറയാതെ ഡോര്‍ തുറന്നുകൊടുത്തു.

സബിതാ ബജ്ലാനി ആരിഫിന്റെ കവിളില്‍ തലോടി കുശലം ചോദിച്ചപ്പോള്‍ പതിവില്ലാത്ത ഗൗരവമാണ് അവന്‍ പ്രകടിപ്പിച്ചത്. ആരിഫ് ഡോര്‍ തുറന്ന് പുറത്തിറങ്ങി മുന്‍സീറ്റില്‍ കയറി ഇഷ്ടക്കേടോടെ ഇരിക്കുന്നതു കണ്ടപ്പോള്‍ നൗറീന്‍ സബിതാ ബജ്ലാനിയുടെ മുഖഭാവം ശ്രദ്ധിച്ചു. സബിത ഭാവവ്യത്യാസമൊന്നും പ്രകടിപ്പിക്കാതെ പറഞ്ഞു:

“മോന്‍ സഫറിനെപ്പോലെതന്നെ, വല്യ ഗൗരവക്കാരന്‍.”

നൗറീന്‍ വയറ്റത്തു കൈവെച്ച് ഒരുനിമിഷം കണ്ണുകളടച്ച് മൗനത്തിന്റെ ഏകാന്തതീരം മനസ്സില്‍ കണ്ടു.

“അവിനാശിനെ ഒരു മാസംകൂടി കഴിഞ്ഞാൽ നമുക്ക് കാണാം, അല്ലേ ചേച്ചീ.”

സബിതാ ബജ്‌ലാനി നൗറീനോടു ചോദിച്ചു. ഇവള്‍ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നു ചോദിക്കുവാന്‍ നൗറീന്‍ ഒരുങ്ങിയതാണ്. അതിനുമുമ്പ് സബിതാ ബജ്‌ലാനി ഇടപെട്ടു:

“സഫര്‍ പറഞ്ഞിരുന്നു. സ്കാനിങ് റിപ്പോര്‍ട്ട് കിട്ടിയ ദിവസംതന്നെ എന്നെ വിളിച്ചിരുന്നു.”

നൗറീന് അപ്പോഴും യാതൊരു സംശയവും തോന്നിയില്ല. അഫറിനെപ്പോലെ ഒരാള്‍ക്ക് ഫാനുണ്ടാകുന്നതിലോ, അതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാകുന്നുതിലോ ഒന്നുംതന്നെ തെല്ലും അദ്ഭുതം തോന്നിയില്ല. അവരില്‍ ചിലരുമായൊക്കെ നല്ല സൗഹൃദമാണുള്ളതെന്ന് സഫറുദ്ദീന്‍ പറഞ്ഞിട്ടുമുണ്ട്.

ലോകം മുഴുവന്‍ കാഴ്ചയുടെ ആഹ്ളാദം പങ്കിടുമ്പോള്‍ സഫറിനെപ്പോലെയുള്ളവര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ നൗറീന് മനസ്സിലാകുമായിരുന്നു. മാധ്യമങ്ങള്‍ വീരപുരുഷന്മാര്‍ എന്നു ഘോഷിക്കുന്ന ഇവരുടെയൊക്കെ മഹാദുഃഖം മറ്റാരെക്കാളും കൂടുതല്‍ തനിക്ക് മനസ്സിലാകേണ്ടതാണ്. മനഃശാസ്ത്രവിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ സഫറുദ്ദീനെഴുതിയ ഒരു കത്താണല്ലോ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തനിക്കു കടന്നുചെല്ലാന്‍ വഴിയായത്—ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കെ സബിതാ ബജ്‌ലാനി ചോദിച്ചു:

“ചേച്ചിയോട് സഫര്‍ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?”

തെല്ലിട മൗനത്തിനുശേഷം നൗറീന്‍ പറഞ്ഞു:

“ഇല്ല, ഞങ്ങള്‍ മാത്രമാകുന്ന നേരങ്ങളില്‍ സഫറുദ്ദീന്‍ ഒരിക്കല്‍പ്പോലും നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.”

സബിതാ ബജ്‌ലാനിയുടെ മുഖത്ത് തെളിഞ്ഞുനിന്നിരുന്ന പ്രസരിപ്പ് ഒരു നിമിഷംകൊണ്ടു നഷ്ടമാകുന്നത് നൗറീന്‍ ശ്രദ്ധിക്കാതിരുന്നില്ല. സാധാരണയുള്ള ആരാധികമാരെക്കുറിച്ചൊക്കെ സഫറുദ്ദീന്‍ തന്നൊടു പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, ഇവളുടെ പേര് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലല്ലോ…

ഏറെനേരത്തേക്ക് സബിതാ ബജ്‌ലാനിക്കും നൗറീനുമിടയില്‍ നിശ്ശബ്ദതയുടെ ഒരാല്‍മരനിഴല്‍ കനത്തുനിന്നു.

ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ധൃതിപ്പെട്ട് നടന്നുവരുന്നത് ആരിഫാണ് ആദ്യം കണ്ടത്. അവന്‍ എന്തൊക്കെയോ ആംഗ്യങ്ങളിലൂടെ ഡ്രൈവറുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.വിന്‍ഡ് സ്ക്രീനിലൂടെ തല അകത്തേക്കു നീട്ടിയ ഡ്രൈവര്‍ വിമാനം കൃത്യസമയത്തുതന്നെ എത്തിയിട്ടുണ്ടെന്നും ലിസ്റ്റില്‍ ആദ്യംതന്നെ സഫറുദ്ദീന്റെ പെരുണ്ടെന്നും നൗറീനോടു പറഞ്ഞു.

ആരിഫ് ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. അവനെ ഡ്രൈവര്‍ വാല്‍സല്യത്തോടെ ചുമലിലുയര്‍ത്തിയപ്പോള്‍പ്പോലും എന്തോ ഒരസഹ്യമായ ഭാവമാണ് ആരിഫ് പ്രകടിപ്പിച്ചത്. ഗര്‍ഭകാലക്ഷീണത്തോടെ നൗറീന്‍ കാറില്‍നിന്നും പുറത്തേക്കിറങ്ങി. അപ്പോഴേക്കും സബിതാ ബജ്‌ലാനി ഏക്സിറ്റ് ഏരിയയിലേക്ക് നടന്നുതുടങ്ങിയിരുന്നു.

ഡ്രൈവര്‍ നൗറീനു പിന്നില്‍നിന്ന് ഓരോ തമാശയിലുടെ ആരീഫിനെ ശുണ്ഠിപിടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആരിഫ് കണ്ണിമയ്ക്കാതെ ഉള്‍ത്തിരക്കിലേക്കു മാത്രം നോക്കിക്കൊണ്ടിരുന്നു. അകത്തുനിന്നും വി.ഐ.പികള്‍ ആരോ കടന്നുവരുന്ന ഭാവം സെക്യൂരിറ്റിജീവനക്കാരുടെ മുഖത്ത് തെളിഞ്ഞു കാണാം. പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വന്നിട്ടുള്ളവരുടെ മുഖത്തുപോലും ആവശ്യത്തിലധികം ആകാംഷ നിറഞ്ഞിട്ടുള്ളത് നൗറീന്‍ കണ്ടു.

പതുക്കെ പുറത്തേക്കുള്ള കവാടം തുറന്നു. ജനക്കൂട്ടം ആകെയൊന്നിളകി പഴയ നിശ്ശബ്ദതയിലേക്കു തിരിച്ചെത്തി. സഫറൂദ്ദീനാണ് ആദ്യം പുറത്തേക്കു വന്നത്. സഫര്‍ വന്നപ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍നിന്നും സുഗന്ധവാഹിയായ ഒരു തൂവാല എടുത്തുവീശി സബ്ദമുണ്ടാക്കിക്കൊണ്ട് സബിതാ ബജ്‌ലാനി മുന്‍നിരയിലേക്ക് കുതിച്ചുചെന്നു. അവള്‍ സഫറിന്റെ കൈപിടിച്ച് ചുംബിക്കുന്നതും, അഹ്ളാദപ്രകടനത്തില്‍ പരിസരം വിസ്മരിക്കുന്നതും കണ്ടപ്പോള്‍ ആരിഫാണ് ആദ്യം പ്രിതികരിച്ചത്, ഒരു വല്ലാത്ത ചീറ്റലോടെ.

നൗറീനെ കണ്ടതോടെ സഫറൂദ്ദീന്റെ മുഖം വിവര്‍ണ്ണമായി. എങ്കിലും ഒരാരാധികയുടെ സ്നേഹപ്രകടനം അതിരുകടക്കുന്നു എന്ന ഭാവത്തില്‍ സഫര്‍ ആരിഫിനെയുമെടുത്ത് കാറിനരികിലേക്കു നടന്നു. മുന്നില്‍ സഫറിനോടെന്തൊക്കെയോ ചോദിച്ചുകൊണ്ട് സബിതാ ബജ്‌ലാനിയും. തങ്ങള്‍ക്കു മുന്നിലൂടെ നടന്നുപോകുന്നത് സഫറുദ്ദീനാണെന്നു ബോദ്ധ്യമായ ജനക്കൂട്ടം ഒരാരവത്തോടെ തൊട്ടുപിന്നാലെയുണ്ട്. അവരില്‍ ചിലര്‍ സഫറിനെ തൊടുകയും പെണ്‍കുട്ടകളില്‍ ചിലര്‍ ‘സഫര്‍, സഫര്‍’ എന്നു വിളിച്ച് ഓട്ടോഗ്രാഫ് എഴുതിക്കാന്‍ പാടുപെടുകയും ചെയ്തു. അവരുടെ എണ്ണം പെരുകിവന്നതോടെ കൈവീശിക്കാണിച്ച് സഫര്‍ കാറിലേക്കു വലിഞ്ഞു. നൗറീന്‍ പിന്‍സീറ്റിലേക്കു കയറിയത് ഡ്രൈവര്‍ സഫറിന്റെ ആരാധകവൃന്ദത്തെ വകഞ്ഞുമാറ്റിയ ഞെരുക്കത്തിലുടെയാണ്. പുറത്തു നിന്നിരുന്ന ചില പെണ്‍കുട്ടികള്‍ അസുയയോടെ തന്നെ നോക്കുന്നതും നൗറീന്‍ ശ്രദ്ധിച്ചു.

ഡ്രൈവർ കാറിനുള്ളിലെക്കു കയറിയപ്പോള്‍ സഫര്‍ പറഞ്ഞു:

“സബിതയെ അവളുടെ വീടിനുമുന്നില്‍ ഒന്നു ഡ്രോപ്പ് ചെയ്തേക്കൂ.”

ഇതു പറഞ്ഞുതീരുംമുന്നേ ജനക്കൂട്ടത്തിനിടയില്‍ നിന്നും സബിതാ ബജ്‌ലാനി മുന്‍സീറ്റിലേക്കു കയറിയിരുന്നു. അവള്‍ കാറിനുള്ളിലേക്കു കയറിയപ്പോള്‍ ആരിഫിന്റെ മുഖത്ത് വീണ്ടും അനിഷ്ടത്തിന്റെ പെരുങ്കടല്‍ പിറക്കുന്നതായി നൗറീനു തോന്നി.

സബിതാ ബജ്‌ലാനി തന്റെ കൂളിങ് ഗ്ലാസ്സ് മേലേക്കുയര്‍ത്തിവെച്ച് പിന്നിലേക്കു തിരിഞ്ഞിരുന്ന് സംസാരിക്കാന്‍ തുടങ്ങി. സഫറുദ്ദിന്റെ മുഖത്തേക്കു മാത്രം ദൃഷ്ടിപതിപ്പിച്ച് അവള്‍ യാത്രാവിശേഷങ്ങളാരാഞ്ഞു. ആരാധികയുടെ പ്രകടനങ്ങള്‍ നൗറീന് രസിക്കുന്നില്ല എന്നു മനസ്സിലാക്കിയ സഫറുദ്ദീന്‍ അധികം സംസാരിക്കാതെ മകനോടു സംസാരിച്ചും യാനിസംഗീതത്തില്‍ ലയിച്ചിരുന്നും ദൂരം പിന്നിടാന്‍ ശ്രമിക്കുന്നത് നൗറീന്‍ കാണുന്നുണ്ടായിരുന്നു.

നഗരത്തിരക്കു പിന്നിട്ട കാര്‍ സബര്‍ബിലെ സബിതാ ബജ്‌ലാനിയുടെ വീടിനു മുന്നിലെത്തി. സബിത കാറില്‍നിന്നിറങ്ങി സഫറിനരികെ വന്ന് എന്തോ രഹസ്യം പറയുംപോലെ അടക്കിപ്പിടിച്ചു സംസാരിച്ചു. നൗറീന് വല്ലാത്ത അസ്വസ്ഥത തോന്നി

“വണ്ടിയെടുക്കൂ, സഫറുദ്ദീന് നല്ല ക്ഷീണമുണ്ടാകും.”

നൗറീന്റെ ശബ്ദം ഉറച്ചതായിരുന്നു. ഇതു കേട്ട സബിതാ ബജ്‌ലാനി പ്രത്യേകിച്ച് ഭാവമാറ്റമില്ലാതെയാണ് നൗറീനോട് യാത്ര പറഞ്ഞത്. അപ്പോള്‍ സഫറുദ്ദീന്റെ മുഖം ഇരുളുന്നത് നൗറീന്‍ കണ്ടു. പിന്നീട് രാത്രി ഏറെയാകുംവരെ മകനോടുപോലും സഫറുദ്ദീന്‍ സംസാരിച്ചില്ല. വീട്ടിലെത്തിയതുമുതല്‍ വിദേശനിര്‍മ്മിതമായ പലതരം ബാറ്റുകളിലും സ്റ്റംപുകളിലും നോക്കി, യാത്രയ്ക്കിടയില്‍ വാങ്ങിയ സ്പോര്‍ട്സ് സ്റ്റാറും സുനില്‍ ഗവാസ്കറുടെ ക്രിക്കറ്റ് അവലോകനവും മറിച്ച് സഫര്‍ സമയത്തെ മറികടക്കാന്‍ മറ്റൊരു ശ്രമം നടത്തി. ഉറങ്ങുംവരെ ആരിഫ്, അച്ഛന്‍ തന്റരികെ വന്നു കിടക്കും എന്ന പ്രതീക്ഷയോടെ വാതില്ക്കലേക്കു നോക്കിക്കൊണ്ടിരുന്നു.

ആരിഫ് ഉറങ്ങിക്കഴിഞ്ഞ് നൗറീന്‍ ഡ്രോയിങ്റൂമിലെത്തുമ്പോള്‍ സഫര്‍ സോഫയില്‍ കിടന്ന് മയങ്ങിക്കഴിഞ്ഞിരുന്നു. മടിയില്‍ തുറന്നു വെച്ചിരുന്ന ഡയറിയില്‍നിന്നുമെടുത്ത ഒരു ഫോട്ടോ സഫറുദ്ദിന്റെ നെഞ്ചില്‍ വീണുകിടക്കുന്നു. തനിക്കും ആരിഫിനുമൊപ്പമിരിക്കുന്ന സഫറിന്റെ പഴയ ചിത്രങ്ങളി‍ല്‍ ഏതെങ്കിലുമൊന്നാകും അത്…നൗറീന്‍ ആശ്വസിച്ചു. സഫറിന്റെ ഉണര്‍ത്താതെ നൗറീന്‍ ആ നിറച്ചിത്രം മറിച്ച നോക്കി. ഒരു നിമിഷംകൊണ്ട് ഒരു തീച്ചുരുള്‍ നൗറീന്റെ മനസ്സില്‍ നിവര്‍ന്നാളാന്‍ തുടങ്ങി.

സബിത ബജ്‌ലാനിയുടെ അര്‍ദ്ധനഗ്നമായ ചിത്രം. അരികെ സ്വിമ്മിങ്സൂട്ടില്‍ സഫര്‍. നൗറിന്‍ കരച്ചിലടക്കി മകനരികിലേക്കു ഓടി.

രാത്രി, സംഭീതമായ സ്വപ്നങ്ങളാലും കലുഷമായ ചിന്തകളാലും അനുനിമിഷം ഭീകരമായാണ് നൗറീന്‍ അനുഭവിച്ചത്.

ഒരു പൊട്ടിച്ചിരിയും ആരവും കാണികള്‍ക്കിടയില്‍നിന്നും ഉയര്‍ന്നു. നൗറീന്‍ ഓര്‍മ്മയുടെ കൂടാരം ഭേദിച്ച് തന്റെ ഫ്ളാറ്റിലെ ഡ്രോയിങ് റൂമിലേക്കും ടെലിവിഷനില്‍ തെളിഞ്ഞിട്ടുള്ള ക്രിക്കറ്റ് മാച്ചിലെക്കും തിരിച്ചുവന്നു. അപ്പോള്‍ ശ്രീനാഥിന്റെ കൊടുങ്കാറ്റുപിടിച്ച ബൗളിങ്ങില്‍ ഏതിലാളിയുടെ സ്റ്റംപുകള്‍ ഇളകിത്തെറിക്കുകയായിരുന്നു.

ശ്രീനാഥ് ഇരുകൈകളും വായുവിലുയര്‍ത്തി ഭൂമിയില്‍ നിന്നും ഉയര്‍ന്നു ചാടി ആഹ്ളാദം പ്രകടിപ്പിക്കുന്ന ദൃശ്യത്തില്‍ ക്യാമറ ഏറെ നേരം തറഞ്ഞുനിന്നു. മൈതാനത്ത് ഒരുകൂട്ടര്‍ ശ്രീനാഥിനൊപ്പം ഉന്മാദനൃത്തമാടി. മറുവിഭാഗം പലവിധ വിളികളിലൂടെ തങ്ങളുടെ കോപം പ്രകടിപ്പിച്ചു.

നൗറീന്റെ കണ്ണുകള്‍ വിദൂരദൃശ്യങ്ങളില്‍പ്പോലും ആരെയോ പരതി. എന്നാല്‍ ഏറെനേരമായിട്ടും അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നിലാവ് നിറഞ്ഞില്ല. ടെലിവിഷനില്‍ ആവര്‍ത്തനദൃശ്യങ്ങള്‍ക്കുശേഷം കാണികളുടെ വിഭിന്നപ്രകടനങ്ങള്‍ ആരംഭിച്ചു. ക്യാമറ പതുക്കെ സഞ്ചാരമാരംഭിച്ചപ്പോള്‍ നൗറീന്റെ മനസ്സില്‍ പ്രത്യാശയുടെ ഒരു നദി കരകവിയാന്‍ തുടങ്ങി.

മദാമ്മമാര്‍ തങ്ങളുടെ അംഗവിക്ഷേപങ്ങള്‍ മതിയാക്കിയ മട്ടുണ്ട്. അവരൊക്കെ ലാറ ഔട്ടായിതിന്റെ ഖേദനിശ്ശബ്ദതയിലായി. എങ്കിലും ചില മദാമ്മമാര്‍ മുറുകിയ ടീഷര്‍ട്ടില്‍ മുഴച്ചുനില്ക്കുന്ന മാറിടം ത്രസിപ്പിച്ചുകൊണ്ട് ശ്രീനാഥിന്റെ സൂക്ഷമതയില്‍ ആഹ്ളാദിക്കുന്നുണ്ട്. കുട്ടികളാകട്ടെ മുതിര്‍ന്നവരുടെ ആഹ്ളാദത്തിലോ ഖിന്നതയിലോ അത്ര ഗൗരവം പ്രകടിപ്പിക്കാതെ ഐസ്ക്രീം നുണയുകയും പൊള്ളുന്ന വെയിലേറ്റു മയങ്ങുകയും ചെയ്യുന്നു. ചില വൃദ്ധന്മാര്‍ ഭക്ഷണപ്പൊതിയിലേക്കു മാത്രം കണ്ണുനട്ടിരിക്കുന്നു. ഇരുപതുകാരുടെ കണ്ണുകള്‍ പരസ്പരം കാവ്യാത്മകമാകുന്നതും ക്യാമറ സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുണ്ട്.

മെല്ലിച്ചൊരു സുന്ദരിയുടെ മുഖം സ്ക്രീനില്‍. അവള്‍ ചുണ്ടുകളിലേക്കു ഐസ്ക്രീം മുട്ടിക്കുന്നു. പ്രേക്ഷകരില്‍ പുരുഷന്മാരെ സംതൃപ്തിപ്പെടുത്തനെന്നോണം അവളുടെ വദനചലനവും നാവിന്റെ വഴക്കവും വരെ ക്യാമറാമാന്‍ സമൃദ്ധമായി ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളൊന്നുംതന്നെ നൗറീനെ സംതൃപ്തയാക്കിയില്ല. അവള്‍ വി.ഐ.പി. ഗ്യാലറിയിലേക്ക് ക്യാമറക്കണ്ണുകളെത്തുന്നതും നോക്കി അക്ഷമയോടെ കാത്തിരിന്നു.

അവിനാശ് കരയാന്‍ തുടങ്ങി. കിടക്കയിലേക്ക് നൗറീന്‍ തിടുക്കപ്പെട്ടെത്തുമ്പോള്‍ അവിനാശിനെ തലോടിയുറക്കാന്‍ പാടുപെടുകയായിരുന്നു ആരിഫ്. മകന്റെ കണ്ണുകളിലേക്ക് അധികനേരം നോക്കി നില്ക്കാന്‍ നൗറീനു കഴിഞ്ഞില്ല. നൗറീന്‍ ഇളയ മകനെ വാരിയെടുത്തു. അവന്‍ അമ്മയുടെ കണ്ണുകളിലേക്ക് മിഴിച്ചുനോക്കിയശേഷം വീണ്ടും നെഞ്ചില്‍ ചേര്‍ന്നുറങ്ങാന്‍ തുടങ്ങി.

പോയ പിറന്നാളിന് കിട്ടിയ പിയാനോവില്‍ വിരലോടിച്ച് അവന്‍ നിശ്ശബ്ദനായി. അവിനാശ് ഉറങ്ങി എന്നുറപ്പാക്കിയശേഷം നൗറീന്‍ പിന്നെയും ടെലിവിഷന്‍മുറിയിലേക്കു നടന്നു. വാതില്‍ പിന്നിടുമ്പോള്‍ കാറ്റുപിടിച്ച കലണ്ടര്‍ ഇളകി ശബ്ദമുണ്ടാക്കി. വെറുതെ തിയതികളിലൂടെ നൗറീന്റെ കണ്ണുകള്‍ കടന്നുപോയി. തന്റെ മനസ്സില്‍ എന്തോ ഒരു തട നിറയുന്നതായി നൗറീന്. ‘ഇന്ന്?’… നൗറീന്‍ തന്നോടുതന്നെ ചോദിച്ചു. എന്തോ സവിശേഷതയുള്ള ദിവസമാണ് ഇന്നെന്ന് നൗറീന് തോന്നി. അവള്‍ ഓര്‍മ്മയ്ക്കുവേണ്ടി കലണ്ടറില്‍ കാഴ്ച പതിപ്പിച്ചു. ആലോചിച്ചുതുടങ്ങുംമുന്‍പേ ആരിഫിന്റെ ചിത്രം മനസ്സില്‍ നിറഞ്ഞു. ‘ഇന്ന് ആരിഫിന്റെ പിറന്നാളാണ്.’ സാധാരണ ഈ ദിവസം പുലരുന്നതിന് പല ദിവസം മുമ്പുമുതല്‍ അവന്‍ തന്റെ ആവശ്യങ്ങള്‍ പലയാവൃത്തി പറഞ്ഞ് ശാഠ്യം തുടങ്ങുന്നതാണ്. എന്നാല്‍ ഇന്ന് ആരിഫ് തീര്‍ത്തും നിശ്ശബ്ദനായി കാണപ്പെട്ടത്തിന്റെ പൊരുള്‍ അപ്പോഴാണ് നൗറീന് ബോദ്ധ്യമായത്.

നെറ്റി മുറുകെ ചുമരില്‍ തട്ടി അസഹ്യമായി വേദന സഹിച്ച് നൗറീന്‍ ഡ്രോയിംഗ് റൂമിലേക്കുതന്നെ എത്തി. അപ്പോള്‍ മൈതാനത്ത് കനത്ത മഴ തുടങ്ങിയിരുന്നു. ‘കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കളി തുടരുന്നതല്ല’ എന്ന അറിയിപ്പ് സ്ക്രീനില്‍ തെളിഞ്ഞിട്ടുണ്ട്. വീണ്ടും ഗ്യാലറിയിലെ വിഭിന്നദൃശ്യങ്ങളിലുടെ ക്യാമറ ഓട്ടപ്രദക്ഷിണം ആരംഭിച്ചു.

കാണികളുടെ ജിജ്ഞാസയ്ക്കുമേല്‍ മഴ പെയ്തു നിറഞ്ഞു. ഇരിപ്പിടങ്ങള്‍വിട്ടെണീറ്റ കാണികള്‍ പുറംവഴിയിലേക്കു പ്രവഹിക്കുന്ന ദൃശ്യം കഴിഞ്ഞ് ഒരു പ്രകാശവൃത്തത്തിലേക്ക് ക്യാമറ കേന്ദ്രീകരിച്ചു.

ഒരു നിമിഷം. നൗറീന്‍ തന്റെ കണ്ണുകളെ അവിശ്വസിച്ചു. പിന്നെ കണ്ണുകള്‍ അടച്ചുതുറന്നപ്പോള്‍ കാഴ്ചയെ അവിശ്വസിക്കാന്‍ നൗറീനു കഴി‍ഞ്ഞില്ല. ഈറനോടെ ആലിംഗനബദ്ധരായി നടന്നുപോകുന്ന സബിതാ ബജ്‌ലാനിയും സഫറുദ്ദീനും… അവര്‍ എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്. സ്വന്തം മുടിയിഴകള്‍ വീണ്ടും പിച്ചിച്ചീന്തിയ നൗറീന്‍ കസേരയ്ക്കരികെ റിമോട്ട് കണ്‍ട്രോൾ പരതുന്നതിനിടയില്‍ ആരിഫ് ഡ്രോയിംഗ് റൂമിലേക്ക് ഓടിയെത്തി. അവന്‍ ടെലിവിഷന്‍ ഓഫ്ചെയ്ത് ശബ്ദമുണ്ടാക്കി ഉള്‍മുറിയിലേക്കു തിരിച്ചുപോയി. ഏറെ നേരം ഒരേ ഇരിപ്പിരുന്നശേഷം നൗറീന്‍ മക്കള്‍ക്കിരികിലേക്കു നടന്നു.

അവിനാശ് കിടക്കയില്‍ എണീറ്റിരിക്കുന്നു. അവനരികെ ഷെല്‍ഫിലിരുന്നിരുന്ന ഒട്ടേറെ ആല്‍ബങ്ങള്‍ക്കു നടുവില്‍ ആരിഫ്. ഓരോ ആല്‍ബത്തിലെയും ചിത്രങ്ങളിളക്കി ആരിഫ് അതു പിച്ചിചീന്തുന്നു. ഇടയ്ക്ക് ചെറുതുണ്ടുകള്‍ ആരിഫ് അവനാശിന്റെ കൈകളില്‍ വെച്ചുകൊടുക്കുന്നു. അവിനാശ് മോണകാട്ടി ചിരിച്ചുകൊണ്ട് വീണ്ടും കൈകള്‍ നീട്ടുന്നു.

നൗറീന്‍ മക്കള്‍ക്കരികിലേക്ക് ഓടിയെത്തി. അപ്പോഴേക്കും തന്റെയും സഫറിന്റെയും വിവാഹഫോട്ടോയും ആരിഫ് തുണ്ടുകളാക്കികഴിഞ്ഞിരിക്കുന്നു. ഒന്നും ഉരിയാടാനാവാതെ നൗറീന്‍ മക്കള്‍ക്കു നടുവില്‍ പ്രതിമകണക്കെ നിന്നു.

ചുമര്‍ചിത്രത്തിലെ ജലാശയത്തിലൂടെ ഒരുപാടൊരുപാട് കൃഷ്ണമണികള്‍ ഒഴുകിയകലുന്നതും നോക്കി നൗറീന്‍ ഉറക്കത്തിനായി പ്രാര്‍ത്ഥിച്ചു.