close
Sayahna Sayahna
Search

പ്രണയത്തിന്റെ അപനിർമ്മാണം


പ്രണയത്തിന്റെ അപനിർമ്മാണം
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.

രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നുചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള്‍ നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.”

നന്ദിനിയുടെ ഭാവം പെട്ടെന്നു മാറി. “നിങ്ങള്‍, ആണുങ്ങളുടെ ഈ സാധനപ്രയോഗമുണ്ടല്ലോ അതെനിക്കു തീരെ ദഹിക്കൂല.” നന്ദിനി ക്ഷുഭിതയായി. പക്ഷെ, നന്ദിനിയുമായി ഒരു വാഗ്വാദത്തിനൊരുങ്ങാതെ സോമസുന്ദരം തന്റെ ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു. അവള്‍ പറഞ്ഞു “എന്റെ സാറേ, ഏഴു ലേഖനവും ഞാന്‍ വായിച്ചു. പക്ഷെ, ഒന്നുമാത്രം സാറിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നൊരു പരാതി എനിക്കുണ്ട്. അതാണ് ഈ പുരുഷനിരൂപകരുടെ കൊഴപ്പം.”

“ഭാസ്കരപട്ടേലരും എന്റെ ജീവിതവും പലയാവൃത്തി വായിച്ച്, അതിലെ സര്‍വ്വ ആംഗിളും ചിന്തിച്ചിട്ടാണ് ഞാനീ ഏഴു ലേഖനവും ഏഴുതിയത്.” സോമസുന്ദരം തുടര്‍ന്നു: “എവിടെയും എനിക്കു പിഴച്ചിട്ടില്ലെന്നാണു തോന്നുന്നത്. എങ്കിലും നന്ദിനി പറയൂ. എനിക്കെവിടൊണു പിഴച്ചത്?”

മറ്റൊരു സ്റ്റാഫ് റൂമിലില്ലാത്ത സ്വതന്ത്ര്യം ഉപയോഗിച്ചു നന്ദിനി പതുക്കെ പെരുവിരലിലുയര്‍ന്നു സോമസുന്ദരത്തിന്റെ മേശപ്പുറത്തു നിതംബാര്‍ദ്ധം ഉറപ്പിച്ചിരുന്നു. എന്നിട്ടു നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ കിണറ്റിന്‍കരയില്‍വച്ചു പരദൂഷണം കൈമാറുന്നതുപോലെ പറഞ്ഞു “ഓമന! ഒാമനയാണ് ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന കൃതിയുടെ യഥാര്‍ത്ഥപ്രശ്നം.”

സോമസുന്ദരം പരിഹാസച്ചിരിയോടെ തന്റെ വിശകലനവൈഭവത്തില്‍ സ്ഥിതപ്രജ്ഞനായി ഇരുന്നു. “എന്താണെന്നുവച്ചാ തെളിച്ചു പറയൂ, നന്ദിനീ.”

നന്ദിനി മറുപകുതി ഉറപ്പിച്ചിരുന്നുകൊണ്ടു പറഞ്ഞു: “ഓമനയുടെ സാന്നിദ്ധ്യമാണ് ആ നോവലിനു ജിവന്‍ നല്കുന്നത്. അല്ലാതെ സാറു പറയുമ്പോലൊരു ഘടനയൊന്നും ആ നോവലിനില്ല.”

മുറിജ്ഞാനവും മുറിവൈദ്യവും അപകടകരമാണെന്ന ആപ്തവാക്യം മനസ്സില്‍ ഉരുവിട്ടുകൊണ്ട് സോമസുന്ദരം പറഞ്ഞു: “നന്ദിനീ, അതു ഞാന്‍ ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.”

“അതാണു പ്രശ്നം.” നന്ദിനി കയര്‍ത്തു: “വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ പരാമര്‍ശിച്ചു പോകുന്ന ഈ ഉത്തരാധുനികപ്രവണതയാണ് യഥാര്‍ത്ഥപ്രശ്നം.”

മൂന്നാം പീരിഡ് അവസാനിച്ചുകൊണ്ടുള്ള മണി മുഴങ്ങിയപ്പോള്‍ സോമസുന്ദരം പറഞ്ഞു: “നന്ദിനി ക്ലാസിലേക്കു പോകൂ. അടുത്ത ക്ലാസ് എന്റേതാണ്.”

നന്ദിനി ചിരിയടക്കി, എന്നാല്‍ ഗൗരവത്തില്‍ പറഞ്ഞു: “ഇതും സാറിന്റെയൊരു പ്രശ്നമാണ്. ഒറ്റയ്ക്കാണെങ്കില്‍ എത്രനേരം വേണമെങ്കിലും സാന്ദ്രമായി സംസാരിക്കാന്‍ സാറ് റെഡിയാണ്. പക്ഷെ, മൂന്നാമതൊരാള്‍ കടന്നു വന്നാല്‍ ആകേയൊരു അന്തര്‍മുഖത്വം. അതാണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍, പുരുഷന്‍മാരുടെ പ്രധാനപ്രശ്നം.”

റിട്ടയറാവാന്‍ ഒരദ്ധ്യയനവര്‍ഷം മാത്രം ബാക്കിയുള്ള രാഘവന്‍ സാര്‍ ഇടനാഴിയിലൂടെ നടന്നു വരുന്നതു കണ്ട നന്ദിനി വര്‍മ്മ സോമസുന്ദരത്തിനരികെ ചേര്‍ന്നു നിന്നു. സോമസുന്ദരം ‘ക്രോച്ചേ എന്തുകൊണ്ട്’ എന്ന തന്റെ പഴയൊരു ലേഖനം മറിച്ച നോക്കി, അടുത്ത ക്ലാസ്സിനുള്ള ഒരുക്കം തുടങ്ങി. പെട്ടെന്ന്, ശരി സാര്‍ എന്നു പറഞ്ഞുകൊണ്ട് നന്ദിനി സോമസുന്ദരത്തിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് ആഴത്തില്‍ ഒരു ചുംബനം നല്‍കിയതും രാഘവന്‍ സാര്‍ സ്റ്റാഫ് റൂമിലേക്കു കടന്നു വന്നതും ഒരുമിച്ചായിരുന്നു. രാഘവന്‍ സാര്‍ തിരിച്ചു നടക്കുന്നതും ഇനിയുമുണ്ടാവാനിടയുള്ള സ്കാന്‍ഡല്‍സും നന്ദിനിയുടെ ചിരിയുമെല്ലാംകൂടി സോമസുന്ദരത്തിന് ഒരുതരം കാഫ്‌കിയൻ എക്സ്പീരിയന്‍സായി തോന്നി. നന്ദിനിയാകട്ടെ, അംഗവിക്ഷേപപ്രകടനത്തോടെ ക്ലാസ്സിലേക്ക് ഓടിപ്പോകുകയും ചെയ്തു.

സോമസുന്ദരം ക്ലാസ്സിലെത്തിയപ്പോള്‍ നന്ദിനി പിന്‍സീറ്റിലിരുന്ന് എന്തോ വായിക്കുകയായിരുന്നു. ഓര്‍ത്തുവച്ച ക്രോച്ചേ സിദ്ധാന്തങ്ങളെല്ലാം സോമസുന്ദരം മറന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ള അടവ് സോമസുന്ദരം പ്രയാഗിച്ചു. ‘സാഹിത്യത്തിലെ പുതുപ്രവണതകളെപ്പറ്റി നമുക്കു ചിന്തിക്കാം.’ ചിന്തിക്കാം എന്ന മുഖവുരയോടെ സോമസുന്ദരം നാല്പത്തഞ്ചു മിനിട്ടിനെ മറികടക്കാന്‍ ശ്രമമാരംഭിച്ചു.

സ്റ്റാഫ് റൂമിലെത്തുമ്പോള്‍ രാഘവന്‍ സാര്‍ നിവാതകവചകാലകേയവധത്തിനു പുതിയ വ്യാഖ്യാനമെഴുതുന്ന തിരക്കിലായിരുന്നു. എങ്കിലും ഇടയ്ക്ക് തലയുയര്‍ത്തി രാഘവന്‍ സാര്‍ സോമസുന്ദരത്തെനോക്കി. കൈവിരലും കണ്‍പീലിയും വിറപ്പിച്ച് കഥകളി ഭാഷയില്‍ താന്‍ കണ്ട മുന്‍കാഴ്ചയ്ക്കു പുതിയ വ്യാഖ്യാനം നല്കി.

ഇങ്ങനെ ആകെ താറുമാറായ മനസ്സോടെ തിരിച്ചു വീട്ടിലേക്കു പോകുകയായിരുന്ന സോമസുന്ദരത്തെ നന്ദിനി പിന്തുടര്‍ന്നു. വാടകവീട്ടിലെത്തിയ സോമസുന്ദരം കട്ടന്‍ചായ കൂട്ടി വരാന്തയിലിരിക്കുമ്പോള്‍ നന്ദിനി പതിവില്ലാത്ത വേഗത്തില്‍ അവിടേക്കു കടന്നുചെന്നു. ആരെങ്കിലും ഈ കാഴ്ച കണ്ടാല്‍ അനുരാഗത്തിന്റെ അമാവാസി, പ്രണയത്തിന്റെ തട്ടുകട ഇത്യാദി ക്യാപ്ഷന്‍സ് ചുമരില്‍ പതിയുമെന്ന ഭയത്താല്‍ സോമസുന്ദരം അസ്വസ്ഥനായി. പക്ഷെ, നന്ദിനി ഇതൊന്നും അത്ര കാര്യമാക്കാതെ സോമസുന്ദരത്തിനെതിരെ ഒരു കസേര വലിച്ചിട്ടിരുന്നു.

സോമസുന്ദരം മിണ്ടാതനങ്ങാതെ അവഗണിച്ചൊഴിവാക്കുക എന്ന തന്ത്രം പ്രയോഗിച്ചുനോക്കി. എന്നാല്‍ ആ തന്ത്രത്തെ തകര്‍ക്കുന്ന മറുതന്ത്രമാണ് പ്രയോഗിച്ചത്. അടൂര്‍ ഗോപാലകൃഷ്ണനെപ്പറ്റി മോശമായി പറഞ്ഞാല്‍ സോമസുന്ദരത്തിനു സഹിക്കാനാവില്ല എന്നു നന്ദിനിക്കറിയാം. അവള്‍ ആ വഴി തിരഞ്ഞെടുത്തു: “എന്റെ സാറേ, ആ നോവല്‍ അടൂര്‍ തൊലച്ചു കളഞ്ഞു.”

“ഏതു നോവല്‍?” സോമസുന്ദരം അത്ര താല്‍പര്യമില്ലാതെ ചോദിച്ചു.

നന്ദിനി: “സക്കറിയയുടെ ഭാസ്കരപട്ടേലര്‍…”

സോമസുന്ദരം: “അതിനെന്തു പറ്റി”

നന്ദിനി “നോവലിന്റെ ആത്മാവു നഷ്ടപ്പെടുത്തി അത്രതന്നെ.”

സോമസുന്ദരത്തിന് അതു സഹിക്കാനായില്ല “താനാര് ഡെറക് മാല്‍കത്തിന്റെ മരുമോളോ…?”

പാനല്‍ ക്ലിയര്‍ ചെയ്ത സംതൃപ്തിയോടെ നന്ദിനി ചിരിച്ചു. “സാറേ ആ നോവലിലെ ഓമനയ്ക്ക് പ്രതികരണസാദ്ധ്യത നല്കുകുകയുണ്ടായിരുന്നു അടൂര്‍ ചെയ്യേണ്ടിയിരുന്നത്.” നന്ദിനി പറഞ്ഞു. സോമസുന്ദരം തീര്‍ത്തും അക്ഷമനായി. “എടോ, താന്‍ അറിയാതെ വിഷയത്തെപ്പറ്റി നാവിട്ടടിക്കരുത്. കഥ, കവിത എന്നൊക്കെ പറയുമ്പോലെയല്ല സിനിമ എന്ന മാദ്ധ്യമം. വിഷ്വൽ സങ്കീർണ്ണസമസ്യകളാണ്.”

നന്ദിനി തെല്ലിട നിശ്ശബ്ദയായി. അവള്‍ തന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ അരമതിലിങ്കല്‍ ഭദ്രമായി വച്ചിട്ട് സോമസുന്ദരത്തിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. “സാറെന്താ കല്യാണം കഴിക്കാത്തേ?” നന്ദിനി ചോദിച്ചു. സോമസുന്ദരത്തിന് ചോദ്യം തീരെ പിടിച്ചില്ല. വയസ്സ് ഇരുപത്തെട്ടേ ആയിട്ടുള്ളൂ. കാണുന്നവര്‍ക്കൊക്കെ അറിയേണ്ടത്, എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തതെന്നാണ്. ഇനി കഴിച്ചാലോ, എന്താ, കുട്ടിയുണ്ടാവാത്തേന്നാവും അടുത്ത ക്വസ്റ്റ്യന്‍. ഇതിലൊന്നും അത്ര കാര്യം കാണാത്ത സോമസുന്ദരം, താന്‍ പകുതിയായിവായിച്ചുനിര്‍ത്തിയ പോസ്റ്റ്മോഡണ്‍ നോവല്‍ മറിച്ച് 126-ആം പേജുമുതല്‍ വായിക്കാന്‍ തുടങ്ങി.

നന്ദിനി വീണ്ടും ഒരിടപെടല്‍ നടത്തി. “പണ്ടേ ആ അടൂരൊരു ആന്റി ഫെമിനിസ്റ്റാ.”

സോമസുന്ദരം പുസ്തകത്തില്‍നിന്നു കണ്ണെടുത്തു.

“എന്ത്?”

“അടൂരൊരു സ്ത്രീവിദ്വേഷിയാണെന്ന്…” നന്ദിനിയുടെ ശബ്ദം പതിവിലേറെ ഉയര്‍ന്നു.

“നന്ദിനീ, തനിക്കറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ വെറുതെ വച്ചുകാച്ചരുത്.” സോമസുന്ദരം താക്കീതു രൂപേണ പറഞ്ഞു.

“അതാണു പ്രശ്നം. പെണ്ണെന്തു പറഞ്ഞാലും അതിനെ മുഖവിലയ്ക്കുപോലുമെടുക്കില്ല. അതാണ് പുരുഷാധിപത്യസ്വഭാവം. ആദ്യം സാറിന്റെ ആ സ്വഭാവം മാറ്റണം.”

സോമസുന്ദരം ആകെ കുപിതനായി: “നീ അടൂരിന്റെ ഏതു സിനിമ കണ്ടിട്ടുണ്ട്.”

“അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍.” നന്ദിനി ഒറ്റശ്വാസത്തില്‍ പറഞ്ഞുനിറുത്തി.

“നീ മുഖാമുഖം കണ്ടിട്ടുണ്ടോ? എലിപ്പത്തായവും സ്വയംവരവും?” സോമസുന്ദരം ശബ്ദമുയര്‍ത്തി.

നന്ദിനി ഇടപെടുന്നു:

“ഒരു കലാകാരനെ മനസ്സിലാക്കാന്‍ അയാളുടെ എല്ലാ സൃഷ്ടിയും അറിയണമെന്നില്ല. മീന്‍സ്, ഒരൊറ്റ കൃതികൊണ്ടുതന്നെ അതിന്റെ രചയിതാവിന്റെ സെന്‍സ് മനസ്സിലാക്കാനാകും.”

സോമസുന്ദരം നിശ്ശബ്ദനായി ഇരുന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. എന്നാല്‍ നന്ദിനി തന്റെ വാദമുഖങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ടേയിരുന്നു. “സാറൊരു മെയില്‍ ഷോവനിസ്റ്റാകുമെന്ന് ഞാന്‍ കരുതിയില്ല.”

”എന്നുവച്ചാല്‍”

“സാറെന്നെപ്പോലെയുളള പെണ്ണുങ്ങളെ വെറും ഉപഭോഗവസ്തുവായി മാത്രമാണു കാണുന്നതെന്ന്.”

“നീ പറഞ്ഞു വന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെക്കുറിച്ചല്ലേ?” സംസാരം കാടുകയറാതിരിക്കാന്‍ സോമസുന്ദരം തക്കസമയത്ത് ഇടപെട്ടു.

“അതേ സാര്‍, അടൂര്‍ ഒരു സ്ത്രീവിദ്വേഷി തന്നെയാണ്. അതങ്ങേരുടെ സിനിമകളുടെ പേരില്‍ നിന്നു പോലും മനസ്സിലാക്കാനാകും.”

“എന്ത്?” സോമസുന്ദരത്തിനു ദേഷ്യം അടക്കാനായില്ല.

“വിധേയന്‍, കഥാപുരുഷന്‍ ഒക്കെ പുല്ലിംഗങ്ങള്‍.” നന്ദിനിയാകെ വികാരജ്വാലയോടെ സംസാരിക്കാന്‍ തുടങ്ങി.

സോമസുന്ദരം വീണ്ടും വായനയിലേക്കു തിരിച്ചുപോയി. പാചകമുറിയിലേക്കു പോയ നന്ദിനി ഒരു കാരറ്റ് കടിച്ചു തിന്നുകൊണ്ടു തിരിച്ചു വന്നു. നന്ദിനി മുരടനക്കിയിട്ടൊന്നും സോമസുന്ദരം വായനയില്‍ നിന്നു പിന്തിരിഞ്ഞിട്ടില്ല. ഈ അവസ്ഥയെ അതിജീവിക്കാന്‍ അവള്‍ മറ്റൊരു വഴി ആലോചിച്ചുറച്ചു.

“ഈ വീട്ടിലാകെ ഒരുതരം മടുപ്പിക്കുന്ന പുരുഷഗന്ധം മാത്രമാണുള്ളത്.” സോമസുന്ദരം നന്ദിനിയുടെ സംസാരം ഒട്ടും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തില്‍ ഇരുന്നു. നന്ദിനി ഫൈനല്‍ ടാക്ടിക്സ് ഉപയോഗിച്ചു: “അടൂരിന്റെ വിഷയസ്വീകരണത്തില്‍പ്പോലുമുണ്ട് ഒരുതരം സ്ത്രീവിദ്വേഷം.”

ഇതു കേട്ടതോടെ സോമസുന്ദരത്തിന്റെ ക്ഷമ തീര്‍ത്തും കെട്ടുപോയി.

“സാധാരണ സിനിമക്കാരെപ്പോലെ കുത്തഴിഞ്ഞ ജീവിതമല്ല അടൂരിന്റേത്.”

“സാറെന്താണ് ഉദ്ദേശിക്കുന്നത്?”

“അടൂര്‍ മാന്യമായ സ്വകാര്യജീവിതം നയിക്കുന്ന ആളാണ്. അത് അദ്ദേഹത്തിന്റെ സിനിമയിലും പ്രതിഫലിക്കും.” സോമസുന്ദരം സംതൃപ്തിയോടെ പറഞ്ഞു.

“ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഏടുകള്‍, അല്ലേ സാര്‍?” നന്ദിനി തുടര്‍ന്നു: “സാര്‍,, നമ്മള്‍തമ്മില്‍ വെറുതെ തര്‍ക്കിക്കുന്നതെന്തിനാ? ഞാന്‍ വളരെ പേഴ്സണലായ ഒരു ചോദ്യം ചോദിക്കാം.” നന്ദിനിയുടെ സ്വരം വളരെ സൗമ്യമായി.

“നന്ദിനീ…” സോമസുന്ദരം പരുഷമായി സംസാരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. “സമയം ആറാകുന്നു. നീ ഇപ്പോള്‍ ഇവിടെ നിന്നു തിരിച്ചാലേ ഗേറ്റടയ്ക്കും മുമ്പ് ഹോസ്റ്റലിലെത്തൂ.”

“അതു സാരമില്ല സാര്‍. ഗേറ്റടച്ചാല്‍ മതിലു ചാടാം. ലേറ്റാവുന്നവര്‍ക്കു വേണ്ടി ഞങ്ങള്‍ പഴയ സാരികൊണ്ടൊരു കവാടം ഹോസ്റ്റലിനു പിന്നില്‍ നിര്‍മ്മിച്ചിട്ടുണ്ട്.” നന്ദിനി ചിരിച്ചു.

“ഞാനതു റിപ്പോര്‍ട്ട് ചെയ്യും.” സോമസുന്ദരത്തിലെ എക്സ് പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു.

“അതുവഴി തന്നെയാണ് മേട്രന്‍ സെക്യൂരിറ്റി ഓഫീസറുടെ ക്വാര്‍ട്ടേഴ്സിലേക്ക് ഒളിപോകുന്നത്.” നന്ദിനി പറഞ്ഞു നിറുത്തി.

എതിരു പറയാതെ, ഒരു സായാഹ്നം ഇവള്‍ നഷ്ടപ്പെടുത്തുമല്ലോ, ഇവള്‍ തന്റെ സല്‍പ്പേര് നശിപ്പിക്കുമല്ലോ എന്നീ ചിന്താഭാരത്താല്‍ സോമസുന്ദരം മങ്ങിയമരുന്ന പകലിലേക്കു നോക്കിയിരുന്നു.

തെല്ലു നിശ്ശബ്ദതയ്ക്കുശേഷം നന്ദിനി പറഞ്ഞു: “സാറിനോടു ഞാനൊരു കാര്യം ചോദിക്കട്ടെ.”

“എന്ത്?” — സോമസുന്ദരം.

“കോഹാബിറ്റേഷനെപറ്റി സാറിന്റെ അഭിപ്രായമെന്താണ്?” അവള്‍ ദൃഷ്ടി മറിക്കാതെ സോമസുന്ദരത്തിന്റെ കണ്ണുകളില്‍ത്തന്നെ നോക്കിയിരുന്നു.

“എന്തര്?” കുറച്ചു കാലത്തെ തിരുവനന്തപുരം വാസം വരുത്തിയ ഭാഷാസ്വാധീനവും നന്ദിനിയോടുള്ള ദേഷ്യവും സോമസുന്ദരത്തില്‍ തികട്ടിവന്നു.

“അല്ല സാറേ, ഈ കോഹബിറ്റേഷനില്ലേ… ആണും പെണ്ണും തമ്മില്‍…” നന്ദിനിയുടെ മുഖത്തു ചിരി.

സോമസുന്ദരം പുസ്തകമടച്ചു ടീപ്പോയില്‍ വച്ച് ഒന്നു നിവര്‍ന്നിരുന്നു. തൊട്ടടുത്തിരുന്ന പൊതിയഴിച്ചു നാലുംകൂട്ടി മുറുക്കിയിരിക്കുമ്പോള്‍ നന്ദിനി അല്പംകൂടി മുന്നോട്ടു നീങ്ങി.

“താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സാറിനോടൊപ്പം കുറേക്കാലം താമസിക്കാം. പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നെങ്കില്‍ മാത്രം ആളറിഞ്ഞു കല്യാണം കഴിക്കാം. അല്ലെങ്കില്‍ പിരിയാം.” നന്ദിനി തന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കി.

ഇവളെ എങ്ങനെ ഒഴിവാക്കും എന്ന ചിന്ത സോമസുന്ദരത്തെ ആകെ താറുമാറായ മനസ്സിനുടമയാക്കി. പിടിച്ചിറക്കി വിട്ടാല്‍ ആള്‍ക്കാര്‍ എന്തു പറയും? ആദ്യം വാക്കാല്‍ നേരിടുക തന്നെ. സോമസുന്ദരം നിശ്ചയിച്ചു: “നോക്ക്, സമയമിരുട്ടുന്നു. നന്ദിനി വേഗം പൊയ്ക്കൊളൂ. നമുക്കു പിന്നീടു വിശദമായി സംസാരിക്കാം.”

“അതു വേണ്ട സാര്‍. സാറിനു താല്‍പര്യമെങ്കില്‍ ഇന്നുതന്നെ നമുക്കു കോഹാബിറ്റേഷന്‍ ആരംഭിക്കാം. എനിക്കിപ്പോള്‍ സെയ്ഫ് പിരീഡുമാണ്.”

സോമസുന്ദരത്തിനു കോപമടക്കാനായില്ല: “നന്ദിനി, നീ തിരിച്ചു പോകുന്നുണ്ടോ? അതോ അയല്‍ക്കാരെ വിളിച്ചുവരുത്തി നിന്റെ പ്രശ്നം അറിയിക്കണോ?”

“സാറേ, എന്റച്ഛന്‍ സി.ഐ. ആണെന്നറിയാമല്ലോ. ഞാന്‍ അച്ഛനെ ഫോണ്‍ വിളിച്ചു വരുത്തും.” നന്ദിനിയുടെ ശബ്ദവും പരുഷമായി.

‘ഭാസ്കരപട്ടേലരും എന്റെ ജിവിതവും’ എന്ന നോവല്‍ വായിച്ചതും, അതേപ്പറ്റി ലേഖനമെഴുതി ഇവള്‍ക്കു വായിക്കാന്‍ കൊടുത്തതുമെല്ലാം ആപ്പായല്ലോ ദൈവമേ എന്ന ചിന്ത സോമസുന്ദരത്തെ അലട്ടി. ഈ സന്ദിദ്ധഘട്ടത്തെ മറികടക്കാന്‍ സോമസുന്ദരം പല ഉപായങ്ങള്‍ ചിന്തിച്ചുതുടങ്ങി. പല വഴികളും മനസ്സില്‍ തെളിഞ്ഞുവന്നെങ്കിലും അവയ്ക്കൊന്നും പ്രയോഗികത കൈവരുന്നില്ല. അല്ലെങ്കിലും വേണ്ടസമയത്തു മലയാളം സാറന്മാര്‍ക്കു നല്ലബുദ്ധി തെളിയില്ല എന്നു പണ്ടൊരു പ്യൂണ്‍ പറഞ്ഞത് എത്ര ശരിയാണെന്ന് സോമസുന്ദരം ഓര്‍ത്തു. അങ്ങനെ കാടുകയറിയ ചിന്തയുമായി സോമസുന്ദരം എന്ന അതിസുന്ദരനായ ലക്ചറര്‍ ഇരിക്കെ നന്ദിനി വീണ്ടും സംസാരിച്ചു.

“സാറേ, ഐ വാണ്ട് എ കിഡ് ഫ്രം യൂ. എനിക്കത്രമാത്രം മതി. ഇതിനു കാരണക്കാരന്‍ സാറാണെന്നു ലോകത്താരോടും ഞാന്‍ പറയില്ല. എന്റെ കൊച്ചിനോടുപോലും. ബാങ്ക് ഓണ്‍ മീ.”

“നീയാര്, നീനാഗുപ്തയോ? പെറ്റ കൊച്ചിന്റെ തന്തയാരെന്നു പറയാതിരിക്കാന്‍…?” സോമസുന്ദരത്തിന്റെ ശബ്ദം ഉച്ചത്തിലായി.

“സാറ് ചൂടാവാതെ. എന്നെപ്പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്നു പറഞ്ഞാല്‍ എത്രയവന്മാര്‍

വേണെങ്കിലും വന്നു ക്യൂനിൽക്കും. സാറിനെന്തെരോ കുഴപ്പമുണ്ടെന്നാ എന്റെ സംശയം.” നന്ദിനിയുടെ മുഖത്തിൽ അവജ്ഞ.

പെട്ടന്ന് തനി വള്ളുവനാടന്‍ ശൈലിയില്‍ സോമസുന്ദരം പറഞ്ഞു: “നന്ദിനി അങ്ങനെ കരുതുന്നൂച്ചാ എനിക്കു വിരോധോല്യ. കുട്ടി സംശയിക്കുന്ന കുഴപ്പം ശ്ശിനിക്കുണ്ട്.”

അവള്‍ ഉച്ചത്തില്‍ ചിരിച്ചു.

ഇതെന്തര് സെല്‍ഫ്ഗോള്‍! നന്ദിനിയുടെ സ്വരത്തില്‍ പരിഹാസം. സോമസുന്ദരം മറ്റൊരു വഴിക്കായി:

“നന്ദിനീ, ഞാന്‍ പുരുഷമേധാവിത്വത്തില്‍ വിശ്വസിക്കുന്നവനാണ്. സ്ത്രീയെ ഒരുപഭോഗവസ്തുവായി മാത്രമേ എനിക്ക് കാണാനാകൂ.”

“എന്റെ സാറേ, ഞാനും അതുപോലെതന്നെ. പുരുഷനെ ഞാന്‍ ഒരുപഭോഗവസ്തുവായി മാത്രമേ കാണുന്നുള്ളൂ. അവന്റെ ഉടല്‍ മാത്രമാണ് സ്വര്‍ഗ്ഗം എന്നാണെന്റെ വിശ്വാസപ്രമാണം.”

നന്ദിനി പതുക്കെ എണീറ്റു. “ഞാനൊന്നു ഫോണ്‍ ചെയ്തു വരാം.”

“വേണ്ട. നന്ദിനി ഹോസ്റ്റലിലേക്കു പോയ്ക്കൊള്ളൂ. ഇനി ഇങ്ങോട്ടു വരേണ്ട.” സോമസുന്ദരത്തിന്റെ സംസാരത്തില്‍ അപേക്ഷസ്വരം.

പുറത്ത് മഴ ചാറി. മഴച്ചാറ്റലേറ്റപ്പേള്‍ നന്ദിനി വീണ്ടും ഇറയത്തേക്കു കയറിവന്നു. “സാറേ, പ്രകൃതിപോലും നമ്മുടെ ഇണചേരലിനുള്ള കാലാവസ്ഥ ഒരുക്കുന്നതു കണ്ടില്ലേ?”

സോമസുന്ദരത്തിനു ക്ഷമകെട്ടിരുന്നു. “ഒന്നുമല്ലെങ്കിലും നന്ദിനിയൊരു ഫെമിനിസ്റ്റല്ലേ? അതിന്റെ ക്രെഡിബിലിറ്റിയെങ്കിലും താന്‍ കാണിക്കേണ്ടതല്ലേ?”

നന്ദിനിയുടെ മറുപടി ഉടനേ വന്നു:

“അതേ സാര്‍. ഞാനൊരു ഫെമിനിസ്റ്റ് തന്നെ. അതിന്റെ പേരില്‍ എല്ലാ ആണുങ്ങളും എന്നെ ഒഴിവാക്കുന്നു. അവരെന്നെ ഒന്ന് ഊഷ്മളമായി നോക്കാന്‍കൂടി തയ്യാറാവുന്നില്ല. പിന്നെ ഞാനെന്തു ചെയ്യും?”

“അതിനു വഴിയുണ്ടാക്കാം. നന്ദിനി തല്‍ക്കാലം ഹോസ്റ്റലിലേക്കു പോകൂ.” സോമസുന്ദരം പറഞ്ഞു.

“വേണ്ട. എനിക്കിപ്പോഴറിയണം. സാറിനൊപ്പം താമസിക്കാന്‍ എന്നെ അനുവദിക്കുമോ?”

മറ്റൊരു വഴിയുമില്ലാതെ വരുന്നതു വരട്ടെ എന്ന അവസ്ഥയിലായ സോമസുന്ദരം ശബ്ദം താഴ്ത്തി: “അതിരാവിലെ, എന്നുവച്ചാല്‍ വെളിച്ചം വീഴുന്നതിനു മുന്നേയുള്ള വണ്ടിക്കു നന്ദിനി ഹോസ്റ്റലിലേക്കു പോയ്ക്കൊള്ളണം.”

“യെസ് സര്‍. എല്ലാ ദിവസവും അതിരാവിലെ മറ്റാരും കാണാതെ പൊയ്ക്കൊള്ളാം.” നന്ദിനി ആവേശത്തോടെ പറഞ്ഞു.

“അപ്പോള്‍ ഹോസ്റ്റലിലെന്തു പറയും?” സോമസുന്ദരം ചോദിച്ചു.

“അതു ഞാന്‍ നോക്കിക്കൊള്ളാം.” നന്ദിനി ഒന്നിളകി.

അവള്‍ അതിവേഗം അകത്തേക്കു പോയി. സോമസുന്ദരത്തിന്റെ ചുവന്ന ടീഷര്‍ട്ടും ലുങ്കിയും എടുത്തു ധരിച്ച് കിടക്കയിലെ മുഷിഞ്ഞ വിരിപ്പുമാറ്റി മറ്റൊരെണ്ണം നിവര്‍ത്തി പുറംവാതില്‍ അടച്ച് വേഗം വരാന്‍ സോമസുന്ദരത്തെ ക്ഷണിച്ചു.

അകമുറിയിലേക്കു നടക്കുമ്പോള്‍ മൂന്നു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് കോളേജ് ലക്ചററായി നിയമനം ലഭിച്ചു പോരുമ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞതു സോമസുന്ദരം ഓര്‍ത്തു. “നിന്നെ അവിടത്തെ വല്ല പെണ്‍കുട്ട്യോളും ചൂണ്ട്വോന്നാന്റെ സംശയം.”

“ഏയ് അതുണ്ടാവില്യ ചന്ദ്രേട്ടാ.” സോമസുന്ദരം ദൃഢനിശ്ചയം പോലെയാണ് അന്നു മറുപടി പറഞ്ഞത്.

“നോക്കിക്കോ, അവിടത്തെ പെങ്കുട്ട്യോള്‍ വലവീശ്യാപ്പിന്നെ പെട്ടതു തന്ന്യാ. എന്നുവെച്ചാ എന്തര് പറയുന്നറിയ്യ്വോ? അവറ്റ ഉടുമ്പിനെപ്പോലെയോ. രക്ഷപ്പെടാന്‍ എത്ര ശ്രമിച്ചാലും അള്ളിപ്പിടിക്കും.”

സോമസുന്ദരം ഒാര്‍മ്മകളില്‍ നിന്ന് മുക്തനായി നേരെ അകത്തേക്കു കടന്നു. അപ്പോള്‍ നന്ദിനി ഇന്റര്‍വവ്യുവിനു വന്ന ദിവസവും അവളുടെ എസ്.എസ്.എല്‍.സി. ബുക്കുമെല്ലാം സോമസുന്ദരത്തിന്റെ മനസ്സില്‍ അവസാന ഉപായമായി തെളിഞ്ഞു വന്നു. ഇവളുടെ യഥാര്‍ത്ഥ പ്രശ്നം പരിഹരിച്ചശേഷം ആ തന്ത്രം പ്രയോഗിക്കണമെന്നു തന്നെ സോമസുന്ദരം നിശ്ചയിച്ചു.

മുന്‍വാതിലും ജനാലകുളും അടച്ചു തഴുതിട്ടശേഷം സോമസുന്ദരം കിടക്കയ്ക്കരികെ എത്തി. ഇറോട്ടിക് ടെയില്‍സിലെ നായികമാരെപ്പോലെ കിടക്കുകയാണ് നന്ദിനി. പേരും പ്രവൃത്തിയും തമ്മില്‍ ഇവിടത്തെ പെണ്‍കുട്ടികള്‍ക്കു യാതൊരു ബന്ധോം ഇല്ലല്ലോ എന്നു സോമസുന്ദരം മനസ്സില്‍ പറഞ്ഞു. നന്ദിനിയുടെ ഹിതാനുസാരിയായ സോമസുന്ദരം ഉത്തേജിതനായി. വിവസ്ത്രയായ നന്ദിനി ആവശ്യപ്പട്ടതു പോലെയെല്ലാം സോമസുന്ദരം ചെയ്തു.

പെട്ടെന്നുണ്ടായ ഒരിടവേളയ്ക്കു ശേഷം നന്ദിനി ചോദിച്ചു: “സാറിന്റെ ജാതിയെന്താ?” കാത്തിരുന്ന ചോദ്യം വളരെപ്പട്ടെന്നു നന്ദിനിയെക്കൊണ്ടു ചോദിപ്പിച്ചതിന് ഗുരുവായൂരപ്പനോടു സോമസുന്ദരം കൃതജ്ഞനായി.

അമിതാവേശം കാണിക്കാതെ സോമസുന്ദരം ശബ്ദം താഴ്ത്തി പറഞ്ഞു: “വെളക്കിത്തല…”

“എന്തര്?” നന്ദിനി.

സോമസുന്ദരം ഉറക്കെ ചിരിച്ചു.

പിടഞ്ഞെണീറ്റ നന്ദിനി ക്ഷുഭിതനായി ചുഴലിക്കാറ്റുപോലെ പുറത്തേക്കു പോയി. സോമസുന്ദരം മനഃസമാധാനത്തോടെ വാതിലടച്ചു പുതച്ചുമൂടി ഉറങ്ങാന്‍ കിടന്നു. “ഗുരുവായുരപ്പാ… രക്ഷിക്കണേ…”

ഇടയ്ക്കു ഞെട്ടിപ്പിടഞ്ഞെണീറ്റ സോമസുന്ദരം ടേബിൾ ലാമ്പ് കത്തിച്ചുവെച്ച് ഒരു ലേഖനം എഴുതാന്‍ തുടങ്ങി. അത് പൂര്‍ത്തിയാക്കിയ സോമസുന്ദരം അനുയോജ്യമായ ഒരു തലക്കെട്ടിന് ഉഴറി. ഏറെക്കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന ചെറുനോവലിനെ കേന്ദ്രീകരിച്ചുള്ള തന്റെ എട്ടാം ലേഖനത്തിനു നാമകരണം ചെയ്തു. ‘തൊമ്മിമാര്‍ ഉണ്ടാകുന്നത്.’

ഈ ലേഖനം സക്കറിയയ്ക്ക് പോസ്റ്റ്ചെയ്തിട്ട് സോമസുന്ദരം നാട്ടിലേക്കു വണ്ടികയറി. പിന്നെ തിരുവന്തോരം ശരിക്കൊന്നു കാണുന്നത് ആലത്തുരുകാരിയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റും ജോണ്‍ ആലുങ്കിലിന്റെ ആരാധികയുമായ ദമയന്തിയെ കെട്ടി കരമനയിലെ വാടകവീട്ടില്‍ ചേക്കേറിയശേഷമാണ്. ദമയന്തി ആകെ വാചാലയാകുന്നത് പുതിയതരം സാരിയെക്കുറിച്ചും പാചകവിദ്യയെക്കുറിച്ചും സംസാരിക്കുമ്പോള്‍ മാത്രമായിരുന്നു. ഇത് കുറച്ചൊന്നുമില്ല സോമസുന്ദരത്തെ സംതൃപ്തനാക്കിയത്.

ഇതു സത്യം അമ്മയാണെ.