ഒരു വിയോഗം
ഒരു വിയോഗം | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
- മാധവന്‍
- അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലര്‍ച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛന്‍ അകത്തുണ്ടോ?
- പാര്‍വ്വതി അമ്മ
- പോവാന്‍ ഉറച്ചുവോ?
- മാധവന്‍
- എന്താണ് സംശയം? ഞാന്‍ പോണു.
- പാര്‍വ്വതി അമ്മ
- നിന്റെ അച്ഛന്‍ പോകുമ്പോള്‍ രാവിലെ നിന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരിക്കുന്നു.
ഉടനെ മാധവന്‍ തന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്കു പോയി. ഗോവിന്ദപ്പണിക്കര്‍ നല്ല ദ്രവ്യസ്ഥനും ബുദ്ധിമാനും, മര്യാദക്കാരനും ദയാലുവും ആയ ഒരു മനുഷ്യനാണ്. സ്വന്തം കുടുംബം ഒന്നും ഇല്ലാത്തതിനാല്‍ ചെലവ് ഒന്നുമില്ലാതെ വളരെ കെട്ടിവെച്ചിട്ടുള്ളാളാണ്.
- ഗോവിന്ദപ്പണിക്കര്‍
- നാളെത്തന്നെ മദിരാശിക്കു പോണുവോ?
- മാധവന്‍
- പോണം എന്നു വിചാരിക്കുന്നു. അച്ഛനു സമ്മതമാണെങ്കില്‍.
- ഗോവിന്ദപ്പണിക്കര്‍
- പോണമെന്നുണ്ടെങ്കില്‍ പോയിക്കോളൂ. വഴിച്ചെലവിനും മറ്റും പണം കാരണവരോടു ചോദിക്കണ്ട. ഞാന്‍ തരും. നിണക്കു ഞാന്‍ ഒരു ജോടു കടുക്കന്‍ വരുത്തിവെച്ചിട്ടുണ്ട്. ഇതാ നോക്കൂ.
എന്നു പറഞ്ഞ് ഏകദേശം അഞ്ഞൂറു ഉറുപ്പിക വിലയ്ക്കുള്ള ഒന്നാന്തരം ഒരു ജോടു ചുകപ്പു കടുക്കന്‍ മാധവന്റെ കൈയില്‍ കൊടുത്തു.
- ഗോവിന്ദപ്പണിക്കര്‍
- ബി.എല്‍. ജയിച്ചാല്‍ നിണക്ക് ഒരു സമ്മാനം തരണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു — അതാണ് ഇത്.
- മാധവന്‍
- ഇതു വളരെ നല്ല കടുക്കന്‍. ഞാന്‍ ഉണ്ണാന്‍ ഇങ്ങട്ട് വരും അച്ഛാ. മദിരാശിക്ക് ഒരു എഴുത്ത് എഴുതാനുണ്ട്. തപാല്‍ പോകാറായി. ഞാന്‍ ക്ഷണം വരാം.
എന്നു പറഞ്ഞു മാധവന്‍ അവിടെ നിന്നു വീട്ടിലേക്കു മടങ്ങി. വീട്ടില്‍ എത്താറായപ്പോള്‍ വീട്ടില്‍ നിന്ന് ഇന്ദുലേഖയുടെ ദാസി അമ്മു മടങ്ങി മാധവന് അഭിമുഖമായി വരുന്നതു കണ്ടു.
- മാധവന്‍
- എന്താണ് വിശേഷിച്ചോ?
- അമ്മു
- അമ്മ കുളപ്പുരയില്‍ കുളിക്കാന്‍ വന്നിട്ടുണ്ട്. അവസരമുണ്ടെങ്കില്‍ അത്രത്തോളം ഒന്നു ചെല്ലാന്‍ പറഞ്ഞു.
- മാധവന്‍
- ഓ — ഹോ. അങ്ങിനെത്തന്നെ. കുളപ്പുരയില്‍ പിന്നെ ആരുണ്ട്?
- അമ്മു
- ആരും ഇല്ല.
- മാധവന്‍
- നീ മുമ്പേ നടന്നോ.
മാധവന്‍ കുളപ്പുരയില്‍ കടന്നപ്പോള്‍ ഇന്ദുലേഖാ എണ്ണതേയ്ക്കാന്‍ ഭാവിച്ച് തോടകള്‍ അഴിക്കുന്നു. മാധവന്‍ അകത്തു കടന്ന ഉടനെ തോടകള്‍ കാതിലേക്കുതന്നെ ഇട്ടു. മന്ദഹാസത്തോടുകൂടി മാധവന്റെ മുഖത്തേക്കു നോക്കി നിന്നു. മാധവന്‍ സംശയം കൂടാതെ രണ്ടു കൈകൊണ്ടും ഇന്ദുലേഖയെ അടക്കിപ്പിടിച്ചു മാറിലേക്ക് അടുപ്പിച്ച് ഒരു ഗാഢാലിംഗനവും അതിനുത്തരമായി ഇന്ദുലേഖാ അധിമധുരമാംവണ്ണം മാധവന്റെ അധരങ്ങളില്‍ ഒരു ചുംബനവും ചെയ്തു. ചുംബനം ചെയ്തു കഴിഞ്ഞയുടെനെ “വിടു” — “വിടു” എന്നു ഇന്ദുലേഖാ പറഞ്ഞു തുടങ്ങി.
- മാധവന്‍
- ഞാന്‍ നാളെ മദിരാശിക്കു പോകുന്നു.
- ഇന്ദുലേഖ
- ഞാന്‍ കേട്ടു. പതിനഞ്ചു ദിവസം ഉണ്ടല്ലോ എനിയും ഹയിക്കോര്‍ട്ടു തുറക്കാന്‍. പിന്നെ എന്തിനാണു നാളെ പോവുന്നത്? വലിയച്ഛന്‍ കോപിച്ചതു കൊണ്ട് ബദ്ധപ്പെട്ടു മദിരാശിക്കു പോകുന്നത് എന്തിനാണ്?
- മാധവന്‍
- ഇന്നലെ ഒരു ശപഥം ഉണ്ടായോ ഇവിടെ വച്ച്.
- ഇന്ദുലേഖ
- ഉണ്ടായി — പക്ഷേ, എന്നോടു വിവരങ്ങളെക്കുറിച്ച് ചോദിക്കാതെ ചെയ്തതാണെ.
- മാധവന്‍
- മാധവിയോട് എന്തിനാണ് ചോദിക്കുന്നത്? വലിയച്ഛന്റെ ഇഷ്ടപ്രകാരം മാധവി നടക്കണ്ടേ?
- ഇന്ദുലേഖ
- ഇഷ്ടപ്രകാരം ഞാന്‍ നടക്കേണ്ടതാണ്. നടക്കുകയും ചെയ്യും. എന്നാല്‍ ചില കാര്യങ്ങളില്‍ സ്വേച്ഛ പ്രകാരമേ എനിക്കു നടക്കാന്‍ നിവൃത്തിയുള്ളൂ. നിര്‍ഭാഗ്യവശാല്‍ അതിലൊന്നാണ് ഈ ശപഥക്കാര്യം.
- മാധവന്‍
- ഓമനേ, വലിയച്ഛന്‍ പുറത്താക്കിക്കളയും, ഇങ്ങനെ പറഞ്ഞാല്‍.
- ഇന്ദുലേഖ
- ഇന്നലെ എന്റെ ഭര്‍ത്താവിനെ ആട്ടിക്കളഞ്ഞില്ലേ? നാളെ എന്നെയും ആട്ടിക്കളയട്ടെ.
- മാധവന്‍
- ഭര്‍ത്താവിന് മാധവിയെ സ്വയമായി സംരക്ഷിക്കാന്‍ ശക്തിയില്ലാതിരിക്കുമ്പോള്‍–
- ഇന്ദുലേഖ
- വീട്ടില്‍ നിന്ന് ആട്ടിക്കളഞ്ഞവര്‍ക്ക് സാധാരണ ലോകത്തില്‍ ദൈവീകമായി ഉണ്ടാവുന്ന സംരക്ഷ എനിക്കു മതിയാവുന്നതാണ്. നോം എനി എന്തിനു താമസിക്കുന്നു. മര്യാദയായി എല്ലാവരേയും അറിയിച്ചു നമുക്ക് ഈ കാര്യം നടക്കുന്നതല്ലേ എനി ഉത്തമം.
- മാധവന്‍
- നോം നമ്മുടെ മനസ്സു കൊണ്ട് അതു കഴിച്ചുവെച്ചിട്ടുണ്ടല്ലോ. അമ്മാമനും അങ്ങനെതന്നെ ആയിരുന്നുവല്ലോ പക്ഷം. ഇതിനിടയില്‍ ഈ കലശല്‍ ഉണ്ടാവുന്നത് ആര്‍ ഓര്‍ത്തു? ഇപ്പോഴല്ലേ കുറെ വിഷമമായത്.
- ഇന്ദുലേഖ
- എന്തു വിഷമമാണ് — യാതൊന്നുമില്ല. എനി ഇതില്‍ ഒരു വിഷമവും ഉണ്ടാവാന്‍ പാടില്ലാ. എന്നെ നാളെ മദിരാശിക്ക് ഒന്നിച്ചുകൊണ്ടുപോവാന്‍ ഒരുക്കമാണെങ്കില്‍ വരാന്‍ ഞാന്‍ തെയ്യാറാണ്.
- മാധവന്‍
- അതൊക്കെ അബദ്ധമായി വരും. മാധവിയെ പിരിഞ്ഞു കാല്‍ക്ഷണം ഇരിക്കുന്നതില്‍ എനിക്കുള്ള മനോവേദന ദൈവം മാത്രം അറിയും. എന്നാലും എന്റെ ഓമനെയെപ്പറ്റി ജനങ്ങള്‍ക്ക് ചീത്ത അഭിപ്രായം ഉണ്ടാവുന്നത് എനിക്ക് അതിലും വേദനയാണ്. അതുകൊണ്ട് കുറെ ക്ഷമിക്കൂ. എനിക്ക് അഞ്ചാറു ദിവസം മുന്പ് ഗില്‍ഹാം സായ്യു്വിന്റെ ഒരു കത്ത് ഉണ്ടായിരുന്നു. അതില്‍ സെക്രട്രേട്ടില്‍ ഒരു അസിഷ്ടാണ്ടു പണി ഒഴിവാകുമെന്നും അതിനു മനസ്സുണ്ടോ എന്നും ചോദിച്ചിരുന്നു. ഉണ്ടെന്നു മറുപടി പറഞ്ഞിട്ടുണ്ട്. എത്ര താമസം വേണ്ടി വരുമെന്ന് അറിയുന്നില്ല.അതു കിട്ടിയാല്‍ തല്‍ക്ഷണം ഞാന്‍ ഇവിടെ എത്തും. പിന്നെ മാധവി എന്റെ കൂടെ മദിരാശിയില്‍, നോം രണ്ടു പേരും പണക്കാരാണെങ്കിലും എന്റെ അച്ഛന്‍ എനിക്ക് വേണ്ട പണം എല്ലാം തരുമെങ്കിലും സ്വയമായി ഒരു ഉദ്യോഗമില്ലാതെ എന്റെ ഓമനയെ മദിരാശിക്കു കൂട്ടിക്കൊണ്ടു പോവുന്നത് നമ്മള്‍ രണ്ടു പേര്‍ക്കും പോരാത്തതാണ്.
- ഇന്ദുലേഖ
- എന്താണ് കൈയില്‍ ഒരു കടലാസ്സു ചുരുള്‍?
- മാധവന്‍
- അത് അച്ഛന്‍ എനിക്ക് ഇപ്പോള്‍ തന്ന ഒരു സമ്മാനമാണ് — നല്ല ചുകപ്പു കടുക്കന്‍ ഇതാ നോക്കു.
- ഇന്ദുലേഖ
- ഒന്നാന്തരം; അവിടെ ഇരിക്കൂ — ഇതു ഞാന്‍ തന്നെ മാധവന്റെ കാതില്‍ ഇടട്ടെ.
മാധവന്‍ ഇരുന്നു. ഇന്ദുലേഖ മാധവന്റെ കാതില്‍ കടിക്കനിട്ടു. മാധവന്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍,
- ഇന്ദുലേഖ
- ഇരിക്കു. ഇനി ഞാന്‍ ഈ കുടുമ കൂടി ഒന്നു കെട്ടട്ടെ. അതുകെട്ടി ഒരു ഭാഗത്ത് വെച്ചാലെ ആ കടുക്കനും മുഖവും തമ്മിലുള്ള യോജ്യത അറിവാന്‍ പാടുള്ളൂ.
കുടുമകെട്ടി ഇന്ദുലേഖാ മാധവന്റെ മുഖത്തേക്ക് നോക്കി. വിശേഷമായ ചേര്‍ച്ച കടുക്കനും മുഖവുമായുണ്ടെന്നു, മാധവന്റെ കപോലങ്ങളില്‍ ഇന്ദുലേഖാ ഒരു നിമിഷനേരം ഇടയിടെ ഒരു ദീര്‍ഘനിശ്വാസത്തോടു കൂടി തെരുതെരെ ചെയ്ത ചുംബനങ്ങളാല്‍ മാധവനു പൂര്‍ണ്ണബോദ്ധ്യമായി.
ഇവര്‍ രണ്ടുപേരും ഇങ്ങനെ സംസാരിച്ചും രസിച്ചും കൊണ്ടിരിക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ കുളപ്പുരയുടെ വാതുക്കല്‍ വന്ന് , “ആരാണ് അവിടെ സംസാരിക്കുന്നത്?” എന്നു ചോദിച്ചും കൊണ്ട് അകത്തേക്ക് കടന്നു.
- ലക്ഷ്മിക്കുട്ടി അമ്മ
- നിങ്ങള്‍ക്കു ലജ്ജ കേവലം വിട്ടു തുടങ്ങി. ഭ്രാന്തുള്ളതുപോലെ തോന്നുന്നു. കുട്ടനെ അന്വേഷിച്ച് ഗോവിന്ദപ്പണിക്കര്‍ ആളെ അയച്ചിരിക്കുന്നു. ഉണ്ണാന്‍ അവിടെ ചെല്ലാമെന്നു പറഞ്ഞിരുന്നുവോ? പിന്നെ കുളപ്പുരയിലേക്കു വന്നു കളിച്ചിരുന്നാലോ? ഇന്ദുലേഖയ്ക്ക് ഇന്നു വിശപ്പ് ഇല്ലേ? ഭ്രാന്തു പിടിച്ച കുട്ടികള്‍. കുട്ടന്‍ നാളെ പോണു എന്നു പറഞ്ഞു കേട്ടു.
- മാധവന്‍
- നേരം എത്രയായി?
- ലക്ഷ്മിക്കുട്ടി അമ്മ
- പത്തരമണി.
- മാധവന്‍
- ശിവ! ശിവ! എനിക്ക് ഒരു എഴുത്തയപ്പാന്‍ ഉണ്ടായിരുന്നു. അത് ഇന്നു മുടങ്ങി. അച്ഛന്‍ ദേഷ്യപ്പെടും. ഞാന്‍ നിങ്ങളെ കണ്ടിട്ടേ പുറപ്പെടുകയുള്ളൂ.
എന്നു ലക്ഷ്മിക്കുട്ടി അമ്മയോടു പറഞ്ഞു നേരെ അച്ഛന്റെ വീട്ടിലേക്കു ചെന്നു.
അവിടെ എത്തിയപ്പോള്‍ അച്ഛന്‍ ഉണ്ണാന്‍ എലവെച്ച് ഇരിക്കുന്നു. മാധവനും എലവെച്ചിരിക്കുന്നു.
- ഗോവിന്ദപ്പണിക്കര്‍
- കുട്ടന്‍ എവിടെയായിരുന്നു ഇത്രനേരം?
- മാധവന്‍
- ഞാന്‍ ഒരാളുമായി സംസാരിച്ചുനിന്നു കുറെ വൈകിപ്പോയി. അച്ഛന് ഉണ്ണാമായിരുന്നുവല്ലോ. കഷ്ടം! നേര്‍ത്തെ ഉണ്ണാറുള്ളത് ഇന്നു ഞാന്‍ നിമിത്തം മുടങ്ങി എന്നു തോന്നുന്നു.
- ഗോവിന്ദപ്പണിക്കര്‍
- നിയ്യും ഇന്ദുലേഖയും നിമിത്തം എന്നു പറയു. നിന്നേമാത്രം ഞാന്‍ കുറ്റക്കാരനാക്കി ശിക്ഷിക്കയില്ല. അല്ല — കടുക്കന്‍ ഇട്ടു കഴിഞ്ഞുവോ? ഇതും ഇന്ദുലേഖയുടെ ജാഗ്രത തന്നെ, അല്ലെ?
മാധവന്‍ മുഖം ലജ്ജയോടെ താഴ്ത്തിക്കൊണ്ട് ഊണു തുടങ്ങി. ഊണു കഴിഞ്ഞ ഉടനെ ഗോവിന്ദപ്പണിക്കര്‍ മകനെ അകത്തു വിളിച്ചു തന്റെ മടിയില്‍ ഇരുത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു പറയുന്നു.
- ഗോവിന്ദപ്പണിക്കര്‍
- ഇന്ദുലേഖയെ വിചാരിച്ചു വ്യസനമുണ്ടോ? ഉണ്ടെങ്കില്‍ അത് അനാവശ്യമാണ്. ആ പെണ്ണിനെ ഞാന്‍ നല്ലവണ്ണം അറിയും. അവളെപ്പോലെ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവളുടെ സൌന്ദര്യം കണ്ടു ഞാന്‍ അത്ഭുതപ്പെടുന്നതിനേക്കാള്‍ ബുദ്ധി വൈദഗ്‌ദ്ധ്യയത്തേയും സ്ഥൈര്യത്തേയും കണ്ടു ഞാന്‍ അത്ഭുതപ്പെടുന്നു; നിന്നെവിട്ട് ഈ ജന്മം അവള്‍ ആരെയും സ്വീകരിക്കുമെന്നുള്ള ഒരു ശങ്ക നിണക്കു വേണ്ട. പഞ്ചുമേനവന്‍ അല്ല ബ്രഹ്മദേവന്‍ തന്നെ വേറെ പ്രകാരത്തില്‍ ഉത്സാഹിപ്പിച്ചാലും ഇതി അതിന് ഒരിളക്കവും ഉണ്ടാകുന്നതല്ല.
മാധവന്‍ ഒന്നും മിണ്ടാതെ അച്ഛന്റെ കൈയും തടവിക്കൊണ്ട് മടിയില്‍ ഇരുന്നു.
- ഗോവിന്ദപ്പണിക്കര്‍
- ശിന്നനെ നീ ഇപ്പോള്‍ കൂട്ടിക്കൊണ്ടു പോകുന്നുവോ?
- മാധവന്‍
- കൂട്ടിക്കൊണ്ടു പോവേണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അച്ഛന്റെ ഇഷ്ടം അറിഞ്ഞു ചെയ്യാമെന്നു വിചാരിക്കുന്നു.
- ഗോവിന്ദപ്പണിക്കര്‍
- നിന്റെ ഇഷ്ടം പോലെ ചെയ്യാം. കൊണ്ടു പോകുന്നു എങ്കില്‍ അവനുവേണ്ട സകല ചെലവുകളും ഞാന്‍ തരാം.
- മാധവന്‍
- എന്തിന് അച്ഛന്‍ തരുന്നു? അമ്മാമന്‍ നിശ്ചയമായും തരേണ്ടതല്ലേ?
- ഗോവിന്ദപ്പണിക്കര്‍
- തന്നില്ലെങ്കിലോ?—തരികയില്ലെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു.
- മാധവന്‍
- തന്നില്ലെങ്കില്‍ —
- ഗോവിന്ദപ്പണിക്കര്‍
- ശണ്ഠ വേണ്ട. പഞ്ചുമേനോന്‍ പ്രകൃത്യാ കോപിയും ബുദ്ധി കുറയുന്ന ഒരു മനുഷ്യനും ആകുന്നു. ശണ്ഠയായാല്‍ ജനങ്ങള്‍ അതിന്റെ കാരണം നോക്കീട്ടല്ല ശണ്ഠക്കാരെ പരിഹസിക്കുന്നത്. ശണ്ഠ ഉണ്ടെന്നു വന്നാല്‍ ഇരുഭാഗക്കാരെയും ഒരുപോലെ പരിഹസിക്കും. ലോകാപവാദത്തെ ഭയപ്പെടണം.
- മാധവന്‍
- അച്ഛന് അനാവശ്യമായി എനിക്കുവേണ്ടി ഈ ചിലവുകൂടി വരുത്തുന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.
- ഗോവിന്ദപ്പണിക്കര്‍
- എനിക്ക് ഇത് എന്തു ചെലവാണു കുട്ടാ? നിന്റെ തറവാട്ടിലെപ്പോലെ എനിക്കു മുതല്‍ ഇല്ലെങ്കിലും ചെലവും അത്ര ഇല്ലാത്തതിനാല്‍ മിച്ചം എനിക്കും അത്ര തന്നെ ഉണ്ടാവും. അതെല്ലാം ഞാന്‍ നിന്റെ ഒരു ദേഹത്തിന്റെ ഗുണത്തിലേക്കും ഇഷ്ട സിദ്ധിയിലേക്കും ചെലവിടാന്‍ ഒരുക്കമാണ്. ശിന്നനെ കൂട്ടിക്കൊണ്ടു പൊയ്ക്കോ. എന്നാല്‍ കാരണവരോടു മുമ്പു ചോദിക്കണം. ഇതു ചോദിക്കാന്‍ നീ പോവേണ്ട. ആ കുട്ടിയുടെ അച്ഛന്‍ ശീനുപട്ടരെ അയച്ചു ചോദിപ്പിച്ചോ. യാത്ര നീയ്യും പറയണം. ശണ്ഠ കൂടിയാല്‍ മിണ്ടാതെ പോരെ.
- മാധവന്‍
- അങ്ങിനെതന്നെ അച്ഛാ; ഞാന്‍ വൈകുന്നേരവും ഉണ്ണാന്‍ ഇങ്ങട്ടു വരും. അച്ഛന്റെ സമയപ്രകാരം ഊണു കഴിക്കണേ. എനിക്കു വേണ്ടി താമസിക്കരുത്.
ഇങ്ങനെ അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശീനുപട്ടര്‍ ഗോവിന്ദപ്പണിക്കരെ കാണ്മാന്‍ വേണ്ടി അവിടെ ചെന്നു. പുറത്തളത്തില്‍ നിന്ന് ഒന്നു ചുമച്ചു.
- ഗോവിന്ദപ്പണിക്കര്‍
- ആരാണു പുറത്ത്?
- ശീനുപട്ടര്‍
- ഞാന്‍ തന്നെ — ശീനുപട്ടര്‍.
- ഗോവിന്ദപ്പണിക്കര്‍
- അകത്തുവരാം. ഇയാളോടു ഞാന്‍ തന്നെ വിവരം പറഞ്ഞുകളയാം മാധവാ.
ശീനുപട്ടര്‍ അകത്തു കടന്ന ഉടനെ,
- ഗോവിന്ദപ്പണിക്കര്‍
- ഇരിക്കിന്‍ സ്വാമീ!
- ശീനുപ്പട്ടര്‍
- ആരാണത് — മാധവനോ? എന്തൊക്കെയാണ് ഘോഷം കേട്ടത്? കാരണവര്‍ കോപിച്ചിരിക്കുന്നു. എന്നോടും കോപമുണ്ടോ എന്നു സംശയം. കുറെ മുമ്പു ഞാന്‍ അമ്പലത്തില്‍ നിന്നു വരുമ്പോള്‍ അദ്ദേഹത്തെ വഴിയില്‍ കണ്ടു. എന്നോട് ഒന്നും മിണ്ടാതെ തലതാഴ്ത്തിയിട്ടു കടന്നുപോയി. ഇങ്ങിനെ അധികം കണ്ടിട്ടില്ലാ. ഒന്നു രണ്ടു പ്രാവശ്യം മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനു നല്ല കാരണങ്ങളും ഉണ്ടായിരുന്നു. ഇതിനു കാരണം ഞാന്‍ ഒന്നും ഓര്‍ത്തിട്ടു കാണുന്നില്ല.
- ഗോവിന്ദപ്പണിക്കര്‍
- നിങ്ങള്‍ ശിന്നന്റെ അച്ഛനല്ലേ — അത് ഒരു നല്ല കാരണമല്ലേ?
ഗോവിന്ദപ്പണിക്കരും ശീനുപട്ടരും ചിരിച്ചു.
- ഗോവിന്ദപ്പണിക്കര്‍
- സ്വാമി, നിങ്ങള്‍ ഇപ്പോള്‍ തന്നെ പഞ്ചുമേനോന്റെ അടുക്കെ പോണം. പോയിട്ട്, ശിന്നനെ കുട്ടന്‍ മദിരാശിക്കു കൊണ്ടുപോകുന്നു എന്നും അതിന് അദ്ദേഹത്തിന്റെ അനുവാദം മാത്രം വേണമെന്നു പറയണം. കുട്ടിയുടെ പഠിപ്പിന്റെ ചെലവു ഞാന്‍ കൊടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. അതു നിങ്ങള്‍ അദ്ദേഹത്തോടു പറയണ്ട.
- ശീനുപട്ടര്‍
- ഓ — ഹോ. ഇപ്പോള്‍ തന്നെ പോയി പറയാം. ശിന്നന്റെ ചെലവു ഞാന്‍ കൊടുക്കാന്‍ പോവുന്നു എന്നു പറഞ്ഞു കളയാം. എനിക്കും ഒരു മാനമിരിക്കട്ടെ. എന്റെ നേര ചാടുമായിരിക്കും. ചീത്ത പറഞ്ഞാല്‍ ഞാനും പറയും.
- ഗോവിന്ദപ്പണിക്കര്‍
- കലശല്‍ കൂട്ടരുത്. ചെലവിന്റെ കാര്യം കൊണ്ട് അങ്ങേക്ക്, ഇഷ്ടപ്രകാരം പറഞ്ഞോളു. പക്ഷേ, കളവുപറയാന്‍ ഞാന്‍ ഉപദേശിക്കയില്ല.
- ശീനുപട്ടര്‍
- ഒരു കളവുമല്ല അത്. ഞാന്‍ അങ്ങനെതന്നെ പറയും.
മാധവന്‍ അച്ഛന്റെ മുഖത്തു നോക്കി ചിറിച്ചു — അച്ഛനും, കൂടെ ശീനു പട്ടരും “അങ്ങിനെന്നെ ഞാന്‍ പറയും,” എന്നു പറഞ്ഞു തലകുലുക്കിക്കൊണ്ട് ചിറിച്ചു.
ശീനുപ്പട്ടര്‍ ഉടനെ അവിടെ നിന്നു പുറപ്പെട്ടു പൂവരങ്ങില്‍ ചെന്നു പഞ്ചുമേനോന്‍ ഇരിക്കുന്ന മാളികയിലേക്കു കയറി പുറടത്തളത്തില്‍ നിന്നു.
- പഞ്ചുമേനോന്‍
- ആരാണ് അവിടെ?
- ശീനുപ്പട്ടര്‍
- ഞാന്‍തന്നെ — ശീനു.
- പഞ്ചുമേനോന്‍
- നിങ്ങള്‍ എന്താണ് ഇപ്പോള്‍ വന്നത്?
- ശീനുപ്പട്ടര്‍
- ഒന്നു പറവാനുണ്ടായിരുന്നു.
- പഞ്ചുമേനോന്‍
- എന്താണ്? — പറയൂ.
- ശീനുപ്പട്ടര്‍
- എന്റെ മകന്‍ ചിന്നനെ ഞാന്‍ ഇങ്കിരീസ്സു പഠിപ്പിക്കാന്‍ പോകുന്നു.
- പഞ്ചുമേനോന്‍
- നിങ്ങള്‍ക്ക് ഇങ്കിരീസ്സറിയാമോ?
- ശീനുപ്പട്ടര്‍
- ഞാന്‍ ചിലവിട്ടു പഠിപ്പിക്കും.
- പഞ്ചുമേനോന്‍
- പഠിപ്പിച്ചോളു.
- ശീനുപ്പട്ടര്‍
- മദിരാശിക്ക് അയയ്ക്കാനാണു പോവുന്നത്.
- പഞ്ചുമേനോന്‍
- ഏതു രാശിക്ക് എങ്കിലും അയച്ചോളു — ഏതു കഴുവിന്മേലെങ്കിലും കൊണ്ടു പോയി കയറ്റിക്കോളു.
- ശീനുപ്പട്ടര്‍
- കഴുവിന്മേല്‍ കയറ്റീട്ടല്ല ഇങ്കിരീസ്സ് പഠിപ്പിക്കാറ്.
- പഞ്ചുമേനോന്‍
- എന്താണ് കോമട്ടിപ്പട്ടരെ, അധിക പ്രസംഗീ, പറഞ്ഞത്? — ആ കുരുത്തംകെട്ട മാധവന്‍ പറഞ്ഞിട്ട് ഇവിടെ എന്നെ അവമാനിക്കാന്‍ വന്നതോ? എറങ്ങു താഴത്ത് — എറങ്ങൂ, — ആരെടാ അവിടെ? ഇയ്യാളെ പിടിച്ചു പുറത്തു തള്ളട്ടെ.
“കോമട്ടിയാണെങ്കില്‍ പെങ്ങള്‍ക്ക് എന്നെ സംബന്ധത്തിന്ന് ആക്കുമോ? എന്നു കുറെ പതുക്കെ പറഞ്ഞും കൊണ്ടു പട്ടര്‍ ഓടി താഴത്ത് എറങ്ങി കടന്നു പോയി.
പിറ്റേ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം മാധവന്‍ ശിന്നനേയും കൂട്ടി മദിരാശിക്കു പുറപ്പെട്ടുപോവുകയും ചെയ്തു — പഞ്ചുമേനോന് കോപം ക്രമേണ അധികരിച്ചു വരുന്നു എന്നറിഞ്ഞതിനാല്‍ മാധവന്‍ യാത്രപറയാന്‍ അദ്ദേഹത്തിന്റെ അടുക്കെ പോയതേ ഇല്ല.
|