കഥയുടെ സമാപ്തി
കഥയുടെ സമാപ്തി | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
[1]ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍ കുട്ടിമേനവനും കൂടി ബൊമ്പായില്‍നിന്നു പുറപ്പെട്ടു മദിരാശിയില്‍ വന്നു. മാധവന്‍ ഗില്‍ഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങള്‍ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവനെ സിവില്‍ സര്‍വീസില്‍ എടുത്തതായി ഗസറ്റില്‍ കാണുമെന്നു സായ്‌വ് അവര്‍കള്‍ വാത്സല്യപൂര്‍വ്വം പറഞ്ഞതിനെ കേട്ടു സന്തോഷിച്ചു് അവിടെനിന്ന് പോന്നു. അച്ഛനോടും ഗോവിന്ദന്‍കുട്ടിയോടും കൂടെ മലബാറിലേക്കു പുറപ്പെട്ടു, പിറ്റേ ദിവസം വീട്ടില്‍ എത്തിച്ചേര്‍ന്നു. മാധവന്‍ എത്തി എന്നു കേട്ടപ്പോള്‍ ഇന്ദുലേഖയ്ക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ.
മാധവന്‍, വന്ന ഉടനെ തന്റെ അമ്മയെ പോയി കണ്ടു. വര്‍ത്തമാനങ്ങള്‍ എല്ലാം അറിഞ്ഞു. ശപഥപ്രായശ്ചിത്തത്തിന്റെ വര്‍ത്തമാനവും കൂടി കേട്ടു. ഉടനെ അമ്മാമനേയും പോയി കണ്ടതിന്റെ ശേഷം മാധവന്‍ ഇന്ദുലേഖയുടെ മാളികയുടെ ചുവട്ടില്‍ വന്നു നിന്നു. അപ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ മുകളില്‍ നിന്നു കോണി എറങ്ങുന്നു. മാധവനെ കണ്ടു് ഒരു മന്ദഹാസം ചെയ്തു വീണ്ടും മാളികമേലേക്കു തന്നെ തിരിയെ പോയി. മാധവന്‍ വരുന്നു എന്ന് ഇന്ദുലേഖയെ അറിയിച്ചു. മടങ്ങി വന്നു മാധവനെ വിളിച്ചു. മാധവന്‍ കോണി കയറി പൊറത്തളത്തില്‍ നിന്നു. ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ടു താഴത്തേക്കും പോന്നു.
- ഇന്ദുലേഖ
- (അകത്തുനിന്നു്) ഇങ്ങട്ടു കടന്നുവരാം—എനിക്ക് എണീട്ട് അങ്ങോട്ടു വരാന്‍ വയ്യ.
മാധവന്‍ പതുക്കെ അകത്തു കടന്നു. ഇന്ദുലേഖയെ നോക്കിയപ്പോള്‍ അതിപരവശയായി കണ്ടു. കണ്ണില്‍ നിന്നു വെള്ളം താനെ ഒഴുകി. ഇന്ദുലേഖയുടെ കട്ടിലിന്മേല്‍ ചെന്നു് ഇരുന്നു. രണ്ടുപേരും അന്യോന്യം കണ്ണുനീര്‍ കൊണ്ടു തന്നെ കുശലപ്രശ്നം കഴിച്ചു. ഒടുവില്‍—
- മാധവന്‍
- കഷ്ടം! ദേഹം ഇത്ര പരവശമായി പോയല്ലോ. വിവരങ്ങള്‍ എല്ലാം ഞാന്‍ അറിഞ്ഞു. നുമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.
- ഇന്ദുലേഖ
- കഴിഞ്ഞു എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?
- മാധവന്‍
- കണ്ടു. സന്തോഷമായിട്ട് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കു വേണ്ടി ചെയ്തത് എല്ലാം ഞാന്‍ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛന്‍ ആവശ്യപ്പെട്ട പ്രകാരവും ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിന് വളരെ സന്തോഷമായി.
- ഇന്ദുലേഖ
- മാധവന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് വളരെ ബോദ്ധ്യമായത് ഇപ്പോള്‍ ചെയ്തു എന്ന് പറഞ്ഞ കാര്യമാണ്. വലിയച്ഛന്‍ പരമ ശുദ്ധാത്മാവാണ്. അദ്ദേഹത്തിന്റെ കാലില്‍ നമസ്കരിച്ചത് വളരെ നന്നായി. നമ്മള്‍ രണ്ടുപേര്‍ക്കും നിഷ്കന്മഷഹൃദയമാകയാല്‍ നല്ലതു തന്നേ ഒടുവില്‍ വന്ന് കൂടുകയുള്ളു.
ഇങ്ങിനെ രണ്ടുപേരും കൂടി ഓരോ സല്ലാപങ്ങളെക്കൊണ്ടു് അന്നു പകല്‍ മുഴുവനും കഴിച്ചു. വെകുന്നേരം പഞ്ചുമേനോന്‍ മുകളില്‍ വന്നു് ഇന്ദുലേഖയുടെ ശരീരസുഖ വര്‍ത്തമാനങ്ങളെല്ലാം ചോദിച്ചതില്‍ വളരെ സുഖമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു. മാധവന്‍ വീട്ടില്‍ എത്തിയതിന്റെ ഏഴാം ദിവസം ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു.[2] യഥാര്‍ത്ഥത്തില്‍ സ്വയംവരമാകയാല്‍ ആ വാക്കു തന്നെ ഇവിടെ ഉപയോഗിക്കുന്നതില്‍ ഞാന്‍ ശങ്കിക്കുന്നില്ല. സ്വയംവരദിവസം പഞ്ചുമേനോന്‍ അതിഘോഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു. ആ ദിവസം തന്നെ ഗോവിന്ദസെന്‍ ബങ്കാളത്തു നിന്നു് അയച്ച ഒരു ബങ്കി കിട്ടി. മുമ്പു സമ്മാനം കൊടുത്ത സാധനങ്ങളേക്കാള്‍ അധികം കൌതുകമുള്ളതും വില ഏറിയതും ആയ പലേ സാമാനങ്ങളും അതില്‍ ഉണ്ടായിരുന്നു. അതുകളെ എല്ലാം കണ്ട ഇന്ദുലേഖയ്ക്കും മറ്റും വളരെ സന്തോഷമായി. ഇന്ദുലേഖയുടെ പാണിഗ്രഹണം കഴിഞ്ഞു കഷ്ടിച്ച് ഒരു മാസം ആവുമ്പോഴെയ്ക്കു മാധവനെ സിവില്‍ സര്‍വീസില്‍ എടുത്തതായി കല്‍പന കിട്ടി. ഇന്ദുലേഖയും മാധവനും മാധവന്റെ അച്ഛനമ്മമാരോടുംകൂടി മദിരാശിക്കു പോയി സുഖമായി ഇരുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നു.
നമ്മുടെ ഈ കഥയില്‍ പറയപ്പെട്ട എല്ലാവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്. മാധവന്‍ ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ ഒരു വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്നു. മാധവനും ഇന്ദുലേഖയ്ക്കും ചന്ദ്രസൂര്യന്മാരെപ്പോലെ രണ്ടു കിടാങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ആണ് ഉണ്ടായിട്ടുള്ളത്. തന്റെ ഉദ്യോഗമൂലമായുള്ള പ്രവര്‍ത്തികളെ വിശേഷിച്ച് പ്രാപ്തിയോടും സത്യത്തോടുംകൂടി നടത്തി വളരെ കീര്‍ത്തിയോടുകൂടി മാധവനും, തന്റെ കിടാങ്ങളെ ലാളിച്ചും രക്ഷിച്ചും തന്റെ ഭര്‍ത്താവിന് വേണ്ടുന്ന സര്‍വ സുഖങ്ങളെയും കൊടുത്തുംകൊണ്ട് അതി മനോഹരിയായിരിക്കുന്ന ഇന്ദുലേഖയും സുഖമായി അത്യൗന്നത്യ പദവിയില്‍ ഇരിക്കുന്നു. ഈ ദമ്പതിമാരുടെ കഥ വായിക്കുന്ന വായനക്കാര്‍ക്കും നമുക്കും ജഗദീശ്വരന്‍ സര്‍വമംഗളത്തെ ചെയ്യട്ടെ.
ഞാന്‍ ഈ കഥ എഴുതുവാനുള്ള കാരണം ഈ പുസ്തകത്തിന്റെ പീഠികയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ കഥയില്‍ നിന്ന് എന്റെ നാട്ടുകാര്‍ മുഖ്യമായി മനസ്സിലാക്കേണ്ടത് പുരുഷന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നതു പോലെ സ്ത്രീകളെയും വിദ്യ അഭ്യസിപ്പിച്ചാല്‍ ഉണ്ടാവുന്ന ഗുണത്തെപ്പറ്റി മാത്രമാണ്. ഇന്ദുലേഖ ഒരു ചെറിയ പെണ്‍കിടാവായിരുന്നുവെങ്കിലും തന്റെ അച്ഛന്‍, തന്നെ പ്രിയപ്പെട്ടു വളര്‍ത്തിയ ശക്തനായ തന്റെ അമ്മാമന്‍, ഇവര്‍ അകാലത്തിങ്കല്‍ മരിച്ചതിനാല്‍ കേവലം നിസ്സഹായ സ്ഥിതിയിലായിരുന്നു എങ്കിലും, തന്റെ രക്ഷിതാവായ വലിയച്ഛന്‍ വലിയ കോപിയും താന്‍ ഉദ്ദേശിച്ച സ്വയംവര കാര്യത്തിന്ന് പ്രതികൂലിയും ആയിരുന്നുവെങ്കിലും, ഇന്ദുലേഖയുടെ പഠിപ്പും അറിവും നിമിത്തം അവള്‍ക്കുണ്ടായ ധൈര്യത്തിനാലും സ്ഥിരതയാലും താന്‍ വിചാരിച്ച കാര്യം നിഷ്പ്രയാസേന അവള്‍ക്കു സാധിച്ചു. പഞ്ചുമേനവന്‍ സ്നേഹം നിമിത്തം തന്നെയാണ് ഒടുവില്‍ എല്ലാം ഇന്ദുലേഖയുടെ ഹിതം പോലെ അനുസരിച്ചത് എന്നു തന്നെ വിചാരിക്കുന്നതായാലും അദ്ദേഹം ഒരു ക്രൂരബുദ്ധിയും പിടിത്തക്കാരനുമായിരുന്നുവെങ്കില്‍ തന്നെ ഇന്ദുലേഖ താന്‍ ആഗ്രഹിച്ചതും നിശ്ചയിച്ചതും ആയ പുരുഷനെ അല്ലാതെ പഞ്ചുമേനവന്റെ ഇഷ്ടപ്രകാരം അദ്ദേഹം പറയുന്നാളുടെ ഭാര്യയായി ഇരിക്കയില്ലയിരുന്നു എന്ന് എന്റെ വായനക്കാര്‍ നിശ്ചയമായി അഭിപ്രായപ്പെടുമെന്നുള്ളതിന് എനിക്കു സംശയമില്ലാ.
പിന്നെ സ്ത്രീകള്‍ ഒന്ന് ആലോചിക്കേണ്ടത് തങ്ങള്‍ പഠിപ്പും അറിവും ഇല്ലാത്തവരായാല്‍ അവരെ കുറിച്ച് പുരുഷന്മാര്‍ എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ്. കല്ല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലേയ്ക്ക് പഞ്ചുമേനവന്‍ കൊടുത്തത് വീട്ടില്‍ ഉള്ള ഒരു പൂച്ചക്കുട്ടിയെയോ മറ്റോ പിടിച്ചു കൊടുത്തതു പോലെയാണ്. എന്റെ പ്രിയപ്പെട്ട നാട്ടുകാരായ സ്ത്രീകളേ! നിങ്ങള്‍ക്ക് ഇതില്‍ ലജ്ജ തോന്നുന്നില്ലേ. നിങ്ങളില്‍ ചിലര്‍ സംസ്കൃതം പഠിച്ചവരും ചിലര്‍ സംഗീതാഭ്യാസം ചെയ്തവരും ചിലര്‍ സംഗീത സാഹിത്യങ്ങള്‍ രണ്ടും പഠിച്ചവരും ഉണ്ടായിരിക്കാം. ഈ പഠിപ്പുകള്‍ ഉണ്ടായാല്‍ പോരാ — സംസ്കൃതത്തില്‍ നാടകാലങ്കാരവില്പത്തിയോളം എത്തിയവര്‍ക്ക് ശൃംഗാരരസം ഒന്നുമാത്രം അറിവാന്‍ കഴിയും — അതു മുഖ്യമായി വേണ്ടതു തന്നെ. എന്നാല്‍ അതുകൊണ്ടു പോരാ. നിങ്ങളുടെ മനസ്സിന് നല്ല വെളിച്ചം വരണമെങ്കില്‍ നിങ്ങള്‍ ഇംക്ളീഷ് തന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പോള്‍ അറിയേണ്ടതായ പലേ കാര്യങ്ങളും അറിവാന്‍ സംഗതി വരികയുള്ളു. അങ്ങിനെയുള്ള അറിവുണ്ടായാലെ നിങ്ങള്‍ പുരുഷന്മാര്‍ക്കു സമസൃഷ്ടികളാണെന്നും പുരുഷന്മാരെപ്പോലെ നിങ്ങള്‍ക്കും സ്വതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതു കൊണ്ട് കേവലം പുരുഷന്റെ അടിമയായി നിങ്ങള്‍ ഇരിപ്പാന്‍ ആവശ്യമില്ലെന്നും അറിവാന്‍ കഴികയുള്ളു.
ഇംക്ളീഷ് പഠിപ്പാന്‍ എടവരാത്തവര്‍ക്ക് ഇംക്ളീഷ് പഠിച്ച പുരുഷന്മാര്‍ കഴിയുന്നിടത്തോളം അറിവ് ഉണ്ടാക്കി കൊടുക്കേണ്ടതാണ്. മലയാള ഭാഷയില്‍ പലവിധമായ പുസ്തകങ്ങള്‍ ഇംക്ളീഷ് പഠിപ്പില്‍നിന്ന് കിട്ടുന്ന തത്വങ്ങളെ വെളിപ്പെടുത്തി എഴുതുവാന്‍ യോഗ്യന്മാരായ പലേ മലയാളികളും ഉണ്ട്. അവര്‍ ഇതു ചെയ്യാത്തതിനെക്കുറിച്ച് ഞാന്‍ വ്യസനിക്കുന്നു.
ഇംക്ളീഷ് പഠിച്ചാലേ അറിവുണ്ടാവുകയുള്ളു — ഇല്ലെങ്കില്‍ അറിവുണ്ടാവുകയില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ കാലത്ത് ഇംക്ളീഷ് വിദ്യ പഠിക്കുന്നതിനാല്‍ ഉണ്ടാവുന്ന യോഗ്യത വേറെ യാതൊന്നു പഠിച്ചാലും ഉണ്ടാവുന്നതല്ലെന്ന് തന്നെയാണ്.
ഇംക്ളീഷ് പഠിച്ച് ഇംക്ളീഷ് സമ്പ്രദായമാവുന്നതു കൊണ്ട് നമ്മുടെ നാട്ടുകാരായ സ്ത്രീകള്‍ക്ക് അത്യാപത്ത് വരുന്നു എന്ന് കാണിപ്പാന്‍ ഇയ്യിടെ വടക്കേ ഇന്‍ഡ്യയില്‍ ഒരാള്‍ ഒരു പുസ്തകം എഴുതീട്ടുണ്ട്. ഇംക്ളീഷ് സ്ത്രീകളെപ്പോലെ നമ്മുടെ സ്ത്രീകള്‍ക്ക് അറിവും മിടുക്കും സാമര്‍ത്ഥ്യവും ഉണ്ടായാല്‍ അതുകൊണ്ട് വരുന്ന ആപത്തുകളെ എല്ലാം ബഹു സന്തോഷത്തോടു കൂടി സഹിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു. ആര് എന്തുതന്നെ പറയട്ടെ, ഇംക്ളീഷ് പഠിക്കുന്നതുകൊണ്ട് എല്ലാ സ്ത്രീകളും പരിശുദ്ധമാരായി വ്യഭിചാരം മുതലായ യാതൊരു ദുഷ്‌പ്രവര്‍ത്തിക്കും മനസ്സു വരാതെ അരുന്ധതികളായി വരുമെന്ന് ഞാന്‍ പറയുന്നില്ല. വ്യഭിചാരം മുതലായ ദുഷ്‌പ്രവര്‍ത്തികള്‍ ലോകത്തില്‍ എവിടെയാണ് ഇല്ലാത്തത്. പുരുഷന്മാര്‍ ഇംക്ളീഷ് പഠിച്ചവര്‍ എത്ര വികൃതികളായി കാണുന്നുണ്ട്. അതുപോലെ സ്ത്രീകളിലും വികൃതികള്‍ ഉണ്ടായിരിക്കും. പുരുഷന്മാര്‍ ഇംക്ളീഷ് പഠിപ്പുള്ളവര്‍ ചിലര്‍ വികൃതികളായി തീരുന്നതിനാല്‍ പുരുഷന്മാരെ ഇംക്ളീഷ് പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് പറയുന്നുണ്ടോ.
അതുകൊണ്ട് എന്റെ ഒരു മുഖ്യമായ അപേക്ഷ എന്റെ നാട്ടുകാരോട് ഉള്ളത് കഴിയുന്നപക്ഷം പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ തന്നെ എല്ലായ്പ്പോഴും ഇംക്ളീഷ് പഠിപ്പിക്കേണ്ടതാണെന്നാകുന്നു.
|