മാധവനെ കണ്ടെത്തിയത്
മാധവനെ കണ്ടെത്തിയത് | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേന്റെ ആതിഥ്യത്തെ പരിഗ്രഹിച്ചു സ്വര്‍ലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവില്‍ മാധവന്‍ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിന്റെ ശേഷം പുറപ്പെടാനായി യാത്ര ചോദിച്ചു. താന്‍ യാത്ര ചോദിച്ചതിനു നാലുദിവസം മുമ്പു ഗോവിന്ദസേന്റെ മകന്‍ കേശവചന്ദ്രസേന്‍ കല്പന അവസാനിച്ചതിനാല്‍ ബൊമ്പായിലേക്കു മടങ്ങിപ്പോയിരിക്കുന്നു. ബാബു ഗോപിനാഥ ബാനര്‍ജി കൂട്ടുകച്ചവടത്തിലെ ഒരു ബ്രാഞ്ച് കച്ചവട സ്ഥലത്തിലേക്കും അന്നുതന്നെ പോയി. അദ്ദേഹത്തിന്റെ സ്ഥിരമായ താമസം ആ ബ്രാഞ്ച് കച്ചവടം നടക്കുന്ന സ്ഥലത്തായിരുന്നു. മാധവന്‍ മലബാറിലേക്കു തല്ക്കാലം മടങ്ങുന്നില്ലെന്നും ബര്‍മ്മാ, കാശി, അല്ലഹബാദ്, ആഗ്രാ, ഡെല്‍ഹി, ലാഹൂര്‍ മുതലായ സ്ഥലങ്ങളില്‍ രണ്ടുമാസം സഞ്ചരിച്ചതിനുശേഷമേ മടങ്ങുന്നുള്ളൂ എന്നും പറഞ്ഞതിനാല്‍ കേശവചന്ദ്രസേനും ഗോപീനാഥ ബാനര്‍ജിയും മാധവനോടു താന്‍ എപ്പോഴെങ്കിലും മടങ്ങിപ്പോവുന്നതിനു മുമ്പ് ഗോപീനാഥബാനര്‍ജി താമസിക്കുന്നടേത്തു രണ്ടു ദിവസവും, മടക്കത്തില്‍ ബൊമ്പായില്‍ എത്തിയാല്‍ കേശവചന്ദ്രസേനിന്റെ കൂടെ രണ്ടു ദിവസവും താമസിച്ചിട്ടേ പോകയുള്ളൂ എന്നുള്ള വാഗ്ദത്തം വാങ്ങീട്ടാണ് അവര്‍ പുറപ്പെട്ടു പോയത്. അവര്‍ പോയി നാലു ദിവസം കഴിഞ്ഞ ശേഷം മാധവനും യാത്ര പുറപ്പെട്ടു ഗോവിന്ദസേനെ അറിയിച്ചു. ഈ ബാബു ഗോവിന്ദസേന്‍ ധനത്തില്‍തന്നയല്ല മര്യാദ, വിനയം, ഔദാര്യം, ദയ ഇതുകളിലും ആരാലും ജയിക്കപ്പെട്ടവനല്ല.
ഈ പുസ്തകത്തില്‍ ഞാന്‍ പഞ്ചുമേനവനെയും മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാട്ടിനേയും മഹാധനികന്മാര്‍ എന്നും ഒന്നു രണ്ടു ദിക്കില്‍ മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാടിനെ “കുബേരന്‍” എന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബാബു ഗോവിന്ദസേനേയും ധനികന്‍, കുബേരന്‍ എന്നെല്ലാം പറയുന്നുണ്ട്. എന്നാല്‍ എന്റെ വായനക്കാര്‍ ഇവരെല്ലാം ധനത്തില്‍ ഏദകേശം ഒരുപോലെ എന്നു വിചാരിച്ചു പോവരുത്. ബങ്കാളിലെ കുബേരനും മദിരാശി സംസ്ഥാനത്തിലെ കുബേരനും തമ്മില്‍ വളരെ അന്തരമുണ്ട്. തമ്മില്‍ ഉള്ള വ്യത്യാസം ദ്രവ്യത്തിനെ ഗുണിക്കുന്നതു കൊണ്ടറിയാം. മദിരാശിയില്‍ ഒരു അഞ്ചു ലക്ഷം ഉറുപ്പികയ്ക്കു സ്ഥിതിയുള്ളവന്‍ നല്ല വലിയ ഒരു പ്രഭുവായി. ബങ്കാളത്ത് അഞ്ചു ലക്ഷക്കാര്‍ നാലാംക്ലാസ്സ് ധനികന്മാരാണ്. അവിടെ അഞ്ചുകോടി ദ്രവ്യസ്ഥന്മാര്‍ ഒരു വക നല്ല പ്രഭുക്കളായി. മഹാധനികന്‍, കുബേരന്‍ എന്നു സംശയം കൂടാതെ ബങ്കാളത്തില്‍ ഒരുവനെ പറയേണമെങ്കില്‍ അയാള്‍ക്ക് ഒരു പതിനഞ്ചു കോടിക്കുമേലെ ദ്രവ്യം വേണം. ഗോവിന്ദസേനും അനുജന്‍ ചിത്രപ്രസാദസേനും ഇങ്ങിനെ പതിനഞ്ചുകോടിക്കുമേലെ ദ്രവ്യം ഉള്ളവരില്‍ അഗ്രഗണ്യന്മാരായിരുന്നു.
മാധവന്‍ യാത്ര പറഞ്ഞു പിരിയാറായപ്പോള്‍ ഗോവിന്ദസേന്‍ വളരെ വ്യസനിച്ചു.
- ഗോവിന്ദസേന്‍
- നോം തമ്മില്‍ വളരെ സ്നേഹിച്ചു പോയി. താങ്കള്‍ പിരിഞ്ഞു പോവുന്നത് ഇപ്പോള്‍ എനിക്കു വളരെ വ്യസനമായിരിക്കുന്നു. നിവൃത്തിയില്ലല്ലൊ. താങ്കളുടെ യോഗ്യതയും സാമര്‍ത്ഥ്യവും മര്യാദയും എനിക്ക് അറിവായേടത്തോളം ഓര്‍ക്കുമ്പോള്‍ താങ്കള്‍ മദിരാശി ഗവര്‍മ്മേണ്ടു കീഴില്‍ വളരെ യോഗ്യതയായ ഒരു ഉദ്യോഗത്തില്‍ വരുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ മകനെ എനിയത്തെ കൊല്ലം സിവില്‍ സര്‍വ്വീസില്‍ എടുപ്പാന്‍ ഭാവിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് അവന്‍ ഉദ്യോഗത്തില്‍ ഇരിക്കേണമെന്ന് അത്ര മനസ്സില്ലാ. എങ്കിലും അവന് ഉദ്യോഗത്തിലാണ് രുചിയുള്ളത്. ഗൃഹസ്ഥവൃത്തിയും കാര്യാന്വേഷണവും കച്ചവടവും അവന് അത്ര രസമില്ല. താങ്കള്‍ക്കു മനസ്സിന്നുണ്ടായ വ്യസനമെല്ലാം തീര്‍ന്നു താങ്കളും അവനും ഒരേ കൊല്ലം സിവില്‍സര്‍വ്വീസില്‍ ആയി എന്ന് അറിവാനും താങ്കള്‍ നാട്ടില്‍ എത്തി പ്രിയപ്പെട്ട കുടുംബത്തോടു ചേര്‍ന്ന് സുഖമായിരിക്കുന്നു എന്നു കേള്‍ക്കാനും ഞാന്‍ സര്‍വ്വശക്തനായിരിക്കുന്ന ദൈവത്തെ പ്രാര്‍ത്ഥിക്കുന്നു.
എന്നു പറഞ്ഞു ഗോവിന്ദസേന്‍ മാധവനെ പിടിച്ച് മാറത്ത് അണച്ച് ആലിംഗനം ചെയ്ത് വിശേഷമായ ഒരു പൊന്‍ഗഡിയാളും, പൊന്‍ചങ്ങലയും, തങ്കനീരാളത്തിന്റെ ഒരു സൂട്ട് ഉടുപ്പും, ആനക്കൊമ്പ്, വെള്ളി ഇതുകളെക്കൊണ്ടു വേല ചെയ്തിട്ടുള്ള അതിമനോഹരമായ ഒരു എഴുത്തുപെട്ടിയും സമ്മാനമായി കൊടുത്തു. ഗോപീനാഥബാനര്‍ജിയുടെ ബ്രാഞ്ച് കച്ചവട രാജ്യത്തിലേക്കു വണ്ടികയറുന്ന തീവണ്ടി സ്റ്റേഷനിലേക്കു തന്റെ ഗാഡിയില്‍ കയറ്റി ഗോവിന്ദസേന്‍ മാധവനെ കൊണ്ടു പോയി. വണ്ടി കയറാറായപ്പോള്‍ രണ്ടുപേര്‍ക്കും കണ്ണില്‍ ജലം നിറഞ്ഞു.
- മാധവന്‍
- എന്തോ ഒരു കാരണം നിമിത്തം ഇത്ര മഹാഭാഗ്യവാനും യോഗ്യനും ആയ താങ്കള്‍ക്ക് എന്നില്‍ ഈ ദയയും ആദരവും തോന്നി. ഇത് എനിക്ക് ഈ ജന്മത്തില്‍ സാദ്ധ്യമായ ഒരു മഹാഭാഗ്യം എന്നുതന്നെ ഞാന്‍ എന്റെ ജീവനുള്ളിടത്തോളം വിചാരിക്കും. സര്‍വ്വഭാഗ്യ സമ്പൂര്‍ണ്ണനായിരിക്കുന്ന താങ്കള്‍ക്ക് അല്പനായ എന്നാല്‍ എന്തൊരു പ്രത്യുപകാരമാണ് ഉണ്ടാവാന്‍ പോകുന്നത്. ഒന്നുംതന്നെ ഇല്ലാ. ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതുമില്ല. എന്നാല്‍ താങ്കള്‍ക്ക് എന്നില്‍ ഉണ്ടായിട്ടുള്ള ഈ അധികമായ വാത്സല്യത്തിന്റെ വിലയെ ഞാന്‍ വിശ്വാസത്തോടെ അറിയുന്നുണ്ടെന്നും എല്ലായ്പ്പോഴും, ഈ ദേഹം ഉള്ള നാളോളം താങ്കളുടെ സ്മരണ എനിക്കു വിടുന്നതല്ലെന്നും താങ്കള്‍ എന്നെക്കുറിച്ചു വിശ്വസിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ രാജ്യസഞ്ചാരം കഴിഞ്ഞു മടങ്ങിനാട്ടിലെത്തിയാല്‍ വിവരങ്ങള്‍ക്കെല്ലാം എഴുതി അയച്ചു കൊള്ളാം. താങ്കളുടെ ആശ്രിതന്മാരില്‍ ഒരുവനാണെന്ന് എന്നെ ദയയോട് എല്ലായ്പോഴും വിചാരിക്കുവാന്‍ വീണ്ടും ഞാന്‍ അപേക്ഷിക്കുന്നു.
- ഗോവിന്ദസേന്‍
- കേശവചന്ദ്രസേന്റെ അഭ്യുദയത്തില്‍ ഞാന്‍ എങ്ങിനെ കാംക്ഷിക്കുന്നുവോ അപ്രകാരം താങ്കളുടെ അഭ്യുദയത്തിലും ഞാന്‍ കാംക്ഷിക്കുന്നു.
എന്നു പറഞ്ഞപ്പോഴേയ്ക്കു ബാബു ഗോവിന്ദസേന്ന് ഗല്‍ഗദാക്ഷരങ്ങളായിപ്പോയി. ഏതെങ്കിലും തീവണ്ടിയില്‍ മാധവനെ കയറ്റി കുണ്ഠിതത്തോടുകൂടി ഗോവിന്ദസേന്‍ മടങ്ങി. മാധവന്റെ മലയാളത്തിലേയും മദിരാശിയിലേയും വാസസ്ഥലവിവരങ്ങള്‍ എല്ലാം നോട്ടുബുക്കില്‍ ഗോവിന്ദസേന്‍ കുറിച്ച് എടുത്തു. വണ്ടിയില്‍ കയറുമ്പോള്‍ തന്റെ ഒരു ഛായാചിത്രം എടുത്ത് മാധവന് കൊടുത്തു.
ഗോവിന്ദസേന്‍ പോയി, തീവണ്ടിയും ഇളകി. മാധവന്‍ അപ്പോള്‍ ഗോപീനാഥ ബാനര്‍ജി താമസിക്കുന്ന ദിക്കിലേക്കാണ് ടിക്കറ്റു വാങ്ങിയിരിക്കുന്നത്. ഗോപീനാഥ ബാനര്‍ജിയോടു പറഞ്ഞ പ്രകാരം അദ്ദേഹത്തിനെ കാണാതെ പോവാന്‍ പാടില്ലല്ലൊ. പലേ സംഗതികളും വിചാരിപ്പാനുണ്ടായത് കൊണ്ടു മാധവനു വഴി പോവുന്നതും ഒന്നും അറിഞ്ഞില്ലാ. അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു വലിയ സ്റ്റേഷനില്‍ എത്തി. പിന്നെ അവിടെ നിന്നു ഗോപീനാഥബാനര്‍ജിയുടെ വാസസ്ഥലത്തിലേക്ക് അറുപത്തെട്ടു മൈല്‍സ് ദൂരമാണ് ഉള്ളത്. ആ സ്റ്റേഷനില്‍ നിന്ന് അല്പം പലഹാരങ്ങളും മറ്റും കഴിച്ചു മാധവന്‍ അവിടെ നിന്നും പോന്നു.
ആ വലിയ സ്റ്റേഷന്റെ അടുത്ത് അപ്പുറമുള്ള സ്റ്റേഷനില്‍ എത്തിയ ഉടനെ ചെറുപ്പക്കാരനായ ഒരു സുന്ദര പുരുഷന്‍ താന്‍ ഇരിക്കുന്ന വണ്ടിയുടെ വാതില്‍ തുറന്ന് ആ വണ്ടിയില്‍ തനിക്ക് അല്പനേരം ഇരിക്കുന്നതിന് ആര്‍ക്കെങ്കിലും വിരോധമുണ്ടോ എന്ന് ഇംക്ലീഷില്‍ മാധവന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു. യാതൊരു വിരോധവുമില്ലെന്നു മാധവന്‍ മറുപടി പറഞ്ഞും അതില്‍ ഉള്ള രോഷം വഴിയാത്രക്കാര്‍ ഇംക്ലീഷ് പരിചയമില്ലാഞ്ഞിട്ടായിരിക്കും ഒന്നും പറഞ്ഞില്ലാ. ഈ സുന്ദരപുരുഷന്‍ വണ്ടിയില്‍ മാധവന്റെ അടുക്കെ പോയി ഇരുന്നു.
അയാള്‍ കാഴ്ചയില്‍ അതിസുമുഖനായും. അയാളുടെ ഉടുപ്പും പുറപ്പാടും ബഹുഭംഗിയായും ഇരുന്നു. ജാതിയില്‍ ഒരു മുസല്‍മാനായി കാണപ്പെട്ടു. തലമുടി വളര്‍ത്തി ചുമലിന് അല്പം മീതെവച്ചു നിരത്തി മുറിച്ചിരിക്കുന്നു. അതിഭംഗിയുള്ള മേല്‍മീശ കൂടാതെ മുറത്തു രണ്ടു ഭാഗത്തും സൈഡ്ലോക്സ് എന്ന് ഇംക്ലീഷില്‍ പറയുന്ന മാതിരിയില്‍ രോമം കുറെ നീട്ടി നിരത്തി വെട്ടിമുറിച്ചിട്ടുണ്ട്. വര്‍ണ്ണം നല്ല പഴുത്ത നാരങ്ങയുടേതുതന്നെ. മുഖം ആകപ്പാടെ കണ്ടാല്‍ ബഹു ഭംഗി. തലയില്‍ മൂര്‍ദ്ധാവുമാത്രം നല്ലവണ്ണം മൂടുന്ന മാതിരി മുഴുവന്‍ കട്ടിക്കസവായി ഒരു തൊപ്പി വച്ചിരിക്കുന്നു. ആ തൊപ്പിയും അതിനുചുറ്റും ഉള്ള കറുത്ത തലമുടിയും വെളുത്ത മുഖവും മേല്‍മീശയും കൂടി കാഴ്ചയില്‍ അതിമനോഹരം എന്നേ പറവാനുള്ളൂ. ശരീരത്തില്‍ അതിവിശേഷമായി വെളുത്ത മിന്നുന്ന കട്ടിവില്ലൂസ്സുകൊണ്ട് ഒരു അംഗര്‍ക്കാക്കുപ്പായം, അതു മുട്ടു കഴിഞ്ഞു നാലഞ്ചുവിരല്‍ താണു നില്ക്കുന്നു. വെള്ള വില്ലൂസ് അംഗര്‍ക്കാ മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണങ്ങളായും കഴുത്തുമുതല്‍ കടിപ്രദേശം വരെ അടുത്തടുത്തു വെച്ചിട്ടുള്ളവയും ആയ കുടുക്കുകളാല്‍ കുടുക്കപ്പെട്ടിരിക്കുന്നു. കാലില്‍ ഒന്നാന്തരം പച്ച നിറമായ പട്ടു കൊണ്ടുള്ള കാല്‍കുപ്പായം; കാലടികളില്‍ ഒന്നാം തരം തിളങ്ങുന്ന ബൂട്ട്സ്; മാറത്തു സ്വര്‍ണ്ണവര്‍ണ്ണമായി മിന്നുന്ന ഒരു ഗഡിയാള്‍ ചങ്ങലയും തൂങ്ങുന്നുണ്ട്. ഇങ്ങിനെയാണ് ഇയാളുടെ വേഷം. ഇദ്ദേഹം മാധവന്റെ അടുത്തിരുന്നപ്പോള്‍ത്തന്നെ മാധവന് അതികലശലായ ഒരു പരിമളം ഉള്ളതായി തോന്നി. ലവന്‍ഡിയറിന്റെയോ പനീരിന്റെയോ ബഹുകലശലായ പരിമളം. ഈ മഹാരസികനായ മനുഷ്യന്‍ ഇരുന്ന ഉടനെ തന്റെ പോക്കറ്റില്‍ നിന്നു സ്വര്‍ണ്ണ വര്‍ണ്ണമായ ഒരു ചുരുട്ടു കേസ് (ചെറിയപെട്ടി) എടുത്തു തുറന്ന് ഒരു ചുരുട്ടു താന്‍ എടുത്തു കേസ്സു മാധവനു വെച്ചുകാണിച്ചു. താന്‍ ചുരുട്ടു വലിക്കാറില്ലെന്ന് ഇംക്ലീഷ് സമ്പ്രദായപ്രകാരം ഉപചാരത്തോടെ മാധവന്‍ പറഞ്ഞപ്പോള്‍ തനിക്കു വലിക്കുന്നതിന്നു വിരോധമുണ്ടോ എന്നു ചോദിച്ചതിന്ന് ഒട്ടും ഇല്ലെന്നു മാധവന്‍ ആദരവോടെ പറകയും അദ്ദേഹം ഉടനെ ചുരുട്ടു വലിക്കാന്‍ തുടങ്ങുകയും ചെയ്തു. കുറെ കഴിഞ്ഞശേഷം അയാള്‍ മാധവനോട് “താങ്കള്‍ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോവുന്നു? ഈ ദിക്കില്‍ മുമ്പു സഞ്ചരിച്ചിട്ടില്ലെന്നു തോന്നുന്നു.”
- മാധവന്‍
- ഞാന്‍ ഇപ്പോള്‍ കല്ക്കത്താവില്‍ നിന്നാണ് വരുന്നത്. ഒരു സ്നേഹിതനെ കാണാന്‍ പോവുന്നു. എന്റെ രാജ്യം മലയാളമാണ് – മദിരാശി സംസ്ഥാനത്തില്‍. ഈ വടക്കേ ഇന്‍ഡ്യാ സഞ്ചരിച്ചു കാണന്‍ വന്നതാണ്. താങ്കളുമായി പരിചയമാവാന്‍ എടവന്നത് എന്റെ ഒരു ഭാഗ്യം എന്നു ഞാന്‍ വിചാരിക്കുന്നു.
- സുന്ദരപുരുഷന്‍
- അതെ, ഞാനും അങ്ങിനെതന്നെ വിചാരിക്കുന്നു. താങ്കളുടെ വല്ല സ്നേഹിതന്മാരോ ആള്‍ക്കാരോ ഉണ്ടോ; അല്ല, താനേ പുറപ്പെട്ടുവോ?
- മാധവന്‍
- ഒരാളുമില്ല; ഞാന്‍ താനേ ഉള്ളൂ.
- സുന്ദരപുരുഷന്‍
- ശരി, ഞാന്‍ അലഹബാദില്‍ ഒരു സബോര്‍ഡിനേറ്റ് ജഡ്ജിയാണ്. എന്റെ അച്ഛനെ കാണ്മാന്‍ എന്റെ സ്വന്തരാജ്യത്തേക്കു പോവുകയാണ്. എന്റെ അച്ഛന്‍ ഒരു വലിയ വര്‍ത്തകനാണ്. അദ്ദേഹത്തിന് ഞാന്‍ ഉദ്യോഗം ചെയ്യുന്നത് അത്ര ഇഷ്ടമില്ല. എന്റെ സ്വന്ത മനസ്സാല്‍ ഈ ഉദ്യോഗത്തില്‍ ഇരിക്കുന്നതാണ്. ഞാന്‍ ഒന്നാം ക്ലാസ്സു വണ്ടിക്കാണ് ടിക്കറ്റു വാങ്ങീട്ടുള്ളത്. എന്റെ ഭാര്യയും രണ്ടു മക്കളും ആ വണ്ടിയില്‍ ഉണ്ട്. വണ്ടിയില്‍ ഇരുന്നു മുഷിഞ്ഞ് ഓരോ സ്റ്റേഷനില്‍ എത്തിയാല്‍ എല്ലായ്പ്പോഴും ഞാന്‍ പ്ലാട്ടുഫോറമില്‍ എറങ്ങി നടന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് ഈ വണ്ടിയില്‍ ദൂരയാത്ര ചെയ്യുന്നത് ബഹു ഉപദ്രവമാണ്. താങ്കള്‍ ഈ വണ്ടിയില്‍ ഇരിക്കുന്നതു കണ്ടു. കണ്ടപ്പോള്‍ തന്നെ എനിക്കു സംസാരിക്കേണമെന്നു തോന്നി. മുഖം നോക്കിയപ്പോള്‍ തന്നെ ഇംക്ലീഷ് അറിയാം എന്നു ഞാന്‍ നിശ്ചയിച്ചു. ഇപ്പോള്‍ വളരെ സന്തോഷമായി. എന്റെ പേര്‍ ഷിയര്‍ ആലിഖാന്‍ എന്നാണ്. നിങ്ങള്‍ ഒരു ബി.എ. ആയിരിക്കുമെന്നു ഞാന്‍ ഊഹിക്കുന്നു.
- മാധവന്‍
- അതെ.
- ഷിയര്‍ ആലിഖാന്‍
- എനിയും ലക്ഷണം പറയട്ടെ? ബി.എല്‍. കൂടിയാണ്; അല്ലേ?
- മാധവന്‍
- (ചിറിച്ചും കൊണ്ട്) അതെ.
- ഷിയര്‍ ആലിഖാന്‍
- ഞാനും ഒരു ഗ്രാഡ്യുവെറ്റാണ്. നിങ്ങള്‍ക്കു നിങ്ങളുടെ സ്നേഹിതനോടുകൂടി എത്രദിവസം താമസമുണ്ട്?
- മാധവന്‍
- ഒരു ദിവസം.
- ഷിയര്‍ ആലിഖാന്‍
- വിശേഷവിധി ആവശ്യം ഒന്നും ഇല്ലെങ്കില്‍ നുമ്മള്‍ക്ക് ഒന്നായി എന്റെ രാജ്യത്തേക്കു പോവുക. രാജ്യസഞ്ചാരത്തിന്നു വന്നതല്ലേ? ഇന്ന ദിക്കില്‍ തന്നെ ഒന്നാമതു പോവണമെന്നില്ലല്ലൊ. എന്റെ ഭവനത്തില്‍ ഒരാഴ്ച താമസിച്ച് ആ രാജ്യത്തില്‍ ഉള്ള വിശേഷങ്ങള്‍ എല്ലാം കണ്ടു പിന്നെ ഇഷ്ടംപോലെ ഏതെങ്കിലും ദിക്കിലേക്കു പോകാമല്ലൊ.
- മാധവന്‍
- ഞാന്‍ ഒരു സ്നേഹിതനെ കാണാമെന്നുവെച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാസസ്ഥലത്ത് ഒന്നാമതു പോവണം എന്നു പറഞ്ഞതാണ്.
- ഷിയര്‍ ആലിഖാന്‍
- നിങ്ങള്‍ക്ക് ഈ ദിക്കുകളില്‍ ആരും പരിചയമില്ലെന്നു ഞാന്‍ ധരിച്ചു. ആരാണു സ്നേഹിതന്‍?
- മാധവന്‍
- ഗോപീനാഥ ബാനര്‍ജി. അദ്ദേഹത്തിനെ ഞാന്‍ ഇയ്യെടെ കല്ക്കത്താവില്‍ നിന്ന് യദൃച്ഛയാ കണ്ടു പരിചയമായതാണ്. അദ്ദേഹം കല്ക്കത്ത വിടുമ്പോള്‍ എന്നെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അതുപ്രകാരം പോവുന്നതാണ്.
- ഷിയര്‍ ആലിഖാന്‍
- ഓ! മിസ്റ്റര്‍ ഗോപീനാഥ ബാനര്‍ജി എന്റെ വലിയ ഒരു ഇഷ്ടനാണ്. എന്റെ അച്ഛന്റെയും ഇഷ്ടനാണ്. ഞാന്‍ കുറെ ദിവസമായി അദ്ദേഹത്തിനെ കണ്ടിട്ടില്ലാ. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. വലിയ വര്‍ത്തകനാണ്. താങ്കള്‍ അദ്ദേഹത്തിന്റെ സ്നേഹിതനാണെന്ന് അറിയുന്നതില്‍ എനിക്കു സന്തോഷം. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു എഴുത്തു തരാം. അദ്ദേഹത്തേയും ക്ഷണിച്ചു കളയാം. നിങ്ങള്‍ രണ്ടുപേരും കൂടി എന്റെ രാജ്യത്തേക്കു വരുന്നത് എനിക്കു വലിയ സന്തോഷം. ഞാന്‍ നാലുമാസത്തെ കല്പനയെടുത്തു പോവുന്നതാണ്. നാലുമാസങ്ങള്‍ക്കുള്ളില്‍ എപ്പോഴെങ്കിലും നിങ്ങള്‍ വരുന്നതായാല്‍ എനിക്കു വളരെ സന്തോഷം.
- മാധവന്‍
- അങ്ങിനെതന്നെ – വരാം.
ഇങ്ങിനെ അവര്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും വണ്ടി വേറെ ഒരു വലിയ സ്റ്റേഷനില്‍ എത്തി. ആ സ്റ്റേഷനില്‍ ഉള്ള തിരക്ക് ഏതു പ്രകാരം എന്നു പറഞ്ഞുകൂടാ. വണ്ടി ഇവിടെ എത്തുമ്പോഴേക്കു സൂര്യാസ്തമനമായിരിക്കുന്നു. സ്റ്റേഷനില്‍ പ്ലാറ്റുഫോറത്തില്‍ എങ്ങും ജനങ്ങളും സാമാനങ്ങളും നിറഞ്ഞിരിക്കുന്നു. അന്യോന്യം നിലവിളിച്ചു പറഞ്ഞാല്‍കൂടി കേള്‍പ്പാന്‍ പ്രയാസം. വണ്ടി സ്റ്റേഷനില്‍ നിന്ന ഉടനെ സബോര്‍ഡിനേറ്റ് ജഡ്ജി ഷിയര്‍ ആലിഖാന്‍ അവര്‍കള്‍ മാധവന്റെ കൈയും പിടിച്ചു വണ്ടിയില്‍ നിന്നു പ്ലാറ്റുഫോറത്തിലേക്ക് എറങ്ങി. “പിയോന്‍, പിയോന്‍” എന്ന് ഉറക്കെ വിളിച്ചു അപ്പോള്‍ ഒരു കുപ്പായവും പിഗിഡിയും അരപ്പട്ടയും മറ്റും ഇട്ടു മുറുക്കിയ ഒരു താടിക്കാരന്‍ അതികൂറ്റന്‍ പട്ടാണി അടുത്ത ഒരു വണ്ടിയില്‍ നിന്നു പുറത്തു ചാടി. “സാബ്” എന്ന് അതിഭയഭക്തിയോടെ പറഞ്ഞു കൊണ്ട് സബ്ബ് ജഡ്ജി അവര്‍കളുടെ അടുക്കെ വന്നു നിന്നു.
- ഷിയര്‍ ആലിഖാന്‍
- ഈ വണ്ടിയില്‍ കയറി ഇദ്ദേഹത്തിന്റെ ഈ സാമാനങ്ങള്‍ എല്ലാം നോക്കി ബന്തോവസ്തായി ഇവിടെ ഇരിക്കണം. ഞങ്ങള്‍ റിപ്രെഷമണ്ട് റൂമില്‍ (പലഹാരങ്ങള്‍ മുതലായതു സായ്‌വന്‍മാര്‍ക്കും മറ്റും തെയ്യാറാക്കി വെച്ചിരിക്കുന്ന മുറിയില്‍) പോയി വരട്ടെ” എന്ന് പറഞ്ഞു
“ഹൊ – സാബ്ബ്”, എന്ന് പറഞ്ഞ് അവന്‍ മാധവന്‍ ഇരുന്ന വണ്ടിക്കകത്തുപോയി സാമാനങ്ങളുടെ അടുക്കെ ബഹു ജാഗ്രതയോടെ നിന്നു.
സബോര്‍ഡിനേറ്റ് ജഡ്ജി അവര്‍കള്‍ മാധവന്റെ കൈവിടാതെ പിടിച്ചും കൊണ്ട് ഓരോ നേരംപോക്കും പറഞ്ഞു റിഫ്രെഷ്മെണ്ട് റൂമിലേക്കു കടന്നു.
- ഷിയര്‍ ആലിഖാന്‍
- എന്താണ് നമ്മള്‍ തിന്നുന്നത്? (എന്നു മാധവനോട്)
- മാധവന്‍
- താങ്കളുടെ ഇഷ്ടംപോലെ.
- ഷിയര്‍ ആലിഖാന്‍
- മാംസാഹാരങ്ങള്‍ക്കും വൈനിനും താങ്കള്‍ക്ക് വിരോധമില്ലായിരിക്കും.
- മാധവന്‍
- വിരോധമില്ലാ.
- ഷിയര്‍ ആലിഖാന്‍
- “ശരി”
“ബോയിബോയി” എന്നു വിളിച്ചു.
ബോയ് “എസ്സാര്‍” എന്ന് നിലവിളിച്ചുകൊണ്ട് ഓടിയെത്തി.
ഷിയര്‍ ആലിഖാന്‍ “മട്ടന്‍ചോപ്സ്, കട്ളഡ്ഡ്, ബ്രെഡ്. ചീസ്സ്, ഷെറി വയിന്‍” എന്നു കല്പിച്ചു.
ബോയി, “എസ്സാര്‍” എന്നു പറഞ്ഞു കല്പിച്ച സാധനങ്ങള്‍ കൊണ്ടു വരാന്‍ ഓടിപ്പോയി.
സബ്ബ് ജഡ്ജി അവര്‍കളും മാധവനും ഓരോ കസാലയിന്മേല്‍ ഇരുന്നു. ഉടനെ സബ്ബ് ജഡ്ജി അവര്‍കള്‍ കസാലമേല്‍ നിന്ന് എഴുനേറ്റ് “ഓ! എന്റെ മകനെക്കൂടി ഞാന്‍ കൂട്ടിക്കൊണ്ടു വരട്ടെ. അവന്‍ ഒന്നാം ക്ലാസ്സ് വണ്ടിയില്‍ അവന്റെ അമ്മയോടുകൂടി ഇരിക്കുന്നു. ഞാന്‍ ആ വണ്ടിയില്‍ നിന്ന് എറങ്ങുമ്പോള്‍ തന്നെ അവന്‍ ശാഠ്യം പിടിച്ച് ഒന്നിച്ചു വരാന്‍ കരഞ്ഞു. എന്നോടു കൂടി അല്ലാതെ ആ ചെക്കന്‍ ഭക്ഷണം കഴിക്കയില്ലാ. ഞാന്‍ ഒരു നിമിഷത്തിലകത്തു വരും” എന്ന് പറഞ്ഞ് ഗഡിയാള്‍ ഒന്ന് എടുത്തു നോക്കി, വണ്ടിപുറപ്പെടാന്‍ പതിനാലു മിനിട്ട് ഉണ്ട്, പറഞ്ഞു സബ്ബ്ജഡ്ജി വേഗം പുറത്തേക്കു പോയി. കുട്ടിയെ കൊണ്ടു വരാന്‍ പോയത് മാധവന് അതി സന്തോഷമായി. മാധവന്‍ അവിടെ ഇരുന്നു. അപ്പോഴേക്കും ബട്ലര്‍ കല്പന പ്രകാരം ഓരോ സാധനങ്ങള്‍ കൊണ്ടുവന്നു വെച്ചുതുടങ്ങി. മാധവന്‍ സബ്ജഡ്ജിയുടെ വരവും കാത്തിരുന്നു. അഞ്ചുമിനിട്ടു കഴിഞ്ഞു – ആറു കഴിഞ്ഞു – ഏഴ് – എട്ട് – ഒമ്പത് – പത്തുമിനിട്ടായി. അപ്പോള്‍ മാധവന്‍ എന്താ ആലോചിച്ചു. അടുക്കെ നില്ക്കുന്ന ബട്‌ലര്‍ “എനി നാലു മിനിട്ടേ ഉള്ളൂ. ഈ സാധനങ്ങള്‍ എല്ലാം ആറി ചീത്തയായി തുടങ്ങി” എന്ന് പറഞ്ഞു.
മാധവന്‍, “അദ്ദേഹം വന്നില്ലല്ലൊ,” എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി – ആദ്യം ഒന്നാം ക്ലാസ്സുവണ്ടികള്‍ കെട്ടിയ ദിക്കിലേക്കു ഓടി. ആ വണ്ടികളുടെ വാതുക്കല്‍ എല്ലാം പോയി, ഷിയര്‍ ആലിഖാന്‍ സബ്ബ് ജഡ്ജി! – ഷിയര്‍ ആലിഖാന്‍ സബ്ബ് ജഡ്ജി! എന്ന് ഉറക്കെ വിളിച്ചു. ആരും ഉരിയാടിയില്ല. മാധവന്‍ വല്ലാതെ പരിഭ്രമിച്ചു. താന്‍ കയറിയ വണ്ടിയില്‍ വന്നുനോക്കുമ്പോള്‍ അവിടെ വച്ചിരുന്ന തന്റെ വക യാതൊരു സാമാനങ്ങളേയും കണ്ടില്ല. പിയോനുമില്ലാ സബ്ബ്ജഡ്ജിയുമില്ലാ. സമാനങ്ങള്‍ എല്ലാ ആ തടിച്ച പ്യൂണ്‍ എടുത്തു കൊണ്ടുപോയി എന്ന് വണ്ടിയില്‍ ഉണ്ടായിരുന്ന ഇംക്ലീഷ് അറിഞ്ഞുകൂടാത്ത ചില വഴിയാത്രക്കാര്‍ കൈകൊണ്ടും മറ്റും കാണിച്ചു മാധവനെ മനസ്സിലാക്കി. മാധവന്‍ പിന്നെയും എന്തിനാണെന്നും എവിടേക്കാണെന്നും മാധവനു തന്നെ നിശ്ചയമില്ലാതെ പ്ലാട്ടുഫോറത്തില് അങ്ങോട്ടും ഇങ്ങോട്ടും ഒരു ഭ്രാന്തന്റെ മാതിരി ഓടി. അപ്പോഴേക്കും വണ്ടി എളകി പോകയും ചെയ്തു.
മാധവന് അപ്പോള്‍ ഉണ്ടായ പരിഭ്രമവും വ്യസനവും മതിയാകും വണ്ണവും ശരിയാകും വണ്ണവും പറഞ്ഞ് എന്റെ വായനക്കാരെ ധരിപ്പിപ്പാന്‍ എന്നാല്‍ പ്രയാസം. താന്‍ അപ്പോള്‍ ഇട്ടിട്ടുള്ള കുപ്പായവും തൊപ്പിയും കാലൊറയും ബൂട്ടിസും ഒരു ചെറിയ ഉറുമാലും രണ്ട് ഉറുപ്പികയ്ക്കോ മറ്റോ ചില്ലറയും ഒരു റിവോള്‍വര്‍ പോക്കറ്റില്‍ ഉണ്ടായിരുന്നതും താന്‍ എല്ലായ്പ്പോഴും ധരിച്ചു വരുന്ന ഒരു സാധാരണ ഗഡിയാളും ഒരു റെയില്‍വെ ടിക്കറ്റും ഒഴികെ മറ്റു സകല സാധനങ്ങളും പോയി. പോയ സാധനങ്ങളില്‍ ഏറ്റവും വിലപിടിച്ച സാധനങ്ങള്‍, ബാബു ഗോവിന്ദസേന്‍ കൊടുത്ത പൊന്‍ഗഡിയാളും ചങ്ങലയും ഒരു വിലയുള്ള ദന്തത്തിന്റെ എഴുത്തുപെട്ടിയും വിശേഷമായ നീരാളത്തിന്റെ ഉടുപ്പുകളും ആണ്. പാവം! സാധു മാധവന്‍ അന്ധനായി പ്ലാട്ടുഫോമില്‍ കുറെ നിന്നു – വണ്ടിയും പോയി. സ്വത്തുക്കള്‍ സകലവും അലഹബാദിലെ സബ്ബ് ജഡ്ജിയും കൊണ്ടു പോയി.
ഈ ഷിയര്‍ ആലിഖാന്‍ എന്നു കള്ളപ്പേര്‍ പറഞ്ഞ പെരുങ്കള്ളന്‍ ഈ വക പ്രവൃത്തിയില്‍ വളരെ പണം തട്ടിപ്പറിച്ചവനാണ്. മാധവനെ ഇവനും ഇവന്റെ കൂട്ടരും കൂടി വൈകുന്നേരം പലഹാരം കഴിപ്പാന്‍ എറങ്ങിയ സ്റ്റേഷനില്‍ വെച്ചു കണ്ടു. ദിക്കു പരിചയമില്ലാത്തവനാണെന്നു മനസ്സിലായി, തന്റെ കൂറ്റുകള്ളന്മാര്‍ രണ്ടാളോടുകൂടി മാധവനെ ഇങ്ങിനെ ചതിച്ചതാണ്. ആ കള്ളന്മാര്‍ മാധവന്റെ വണ്ടിയില്‍ നിന്നു സമാനാവും എടുത്തു സ്റ്റേഷനില്‍ നിന്നു കുതിച്ചു ഓടിപ്പൊയ്ക്കളയുകയും ചെയ്തു. എനി എന്തു നിവൃത്തി ഈശ്വരാ! എന്നു വിചാരിച്ചു മാധവന്‍ ഓടി സ്റ്റേഷന്‍മാസ്റ്ററുടെ മുറിയില്‍ ചെന്നു.
- മാധവന്‍
- ഇതാ എന്റെ സാമാനങ്ങള്‍ എല്ലാം കളവു പോയിരിക്കുന്നു. ഞാന്‍ അന്യ രാജ്യക്കാരനാണ്. എന്നെ ദയവുചെയ്തു സഹായിക്കണേ!.
- സ്റ്റേഷന്‍ മാസ്റ്റര്‍
- പൊല്ലീസ്സുകാരോടു പോയി പറയൂ.
- മാധവന്‍
- പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ലാ.
- സ്റ്റേഷന്‍ മാസ്റ്റര്‍
- അതിനു ഞാനെന്തു ചെയ്യും?
- മാധവന്‍
- ഞാന്‍ അന്യദിക്കുകാരനാണ്.
- സ്റ്റേഷന്‍ മാസ്റ്റര്‍
- അതിനു ഞാനെന്തു ചെയ്യും?
- മാധവന്‍
- എനിക്ക് ഈ ദിക്കില്‍ ആരെയും പരിചയമില്ല.
- സ്റ്റേഷന്‍ മാസ്റ്റര്‍
- അതിനു ഞാനെന്തു ചെയ്യും?
- മാധവന്‍
- നിങ്ങള്‍ എനിക്കു വല്ല സഹായവും ചെയ്യാഞ്ഞാല്‍ ഞാന്‍ വളരെ കുഴങ്ങിപ്പോവുമല്ലൊ.
- സ്റ്റേഷന്‍ മാസ്റ്റര്‍
- പൊല്ലീസ്സുകാരോടു പോയി പറയൂ. പോട്ടര്‍, ഈ മനുഷ്യനു പൊല്ലീസ്സുകാരെ കാണിച്ചു കൊടുക്കൂ. ഇവിടെ പൊല്ലീസ്സുകാര്‍ ആരും ഇല്ലെങ്കില്‍ പൊല്ലീസ്സുകച്ചേരി കാണിച്ചു കൊടുക്കൂ.
പ്ലാറ്റു ഫോറത്തില്‍ പൊല്ലീസ്സുകാരെ കണ്ടില്ലാ. പൊല്ലീസ്സു കച്ചേരിയില്‍ ചെന്നപ്പോള്‍ അവിടെ വാതില്‍ അടച്ചിരിക്കുന്നു. ആ ദിക്കില്‍ നുമ്മളുടെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ പൊല്ലീസ്സുകാര്‍ അല്ല. ഈ കളവു പോയതും ബ്രിട്ടീഷ് ഇന്‍ഡ്യയ്ക്കു പുറത്തു ഒരു രാജ്യത്തു വെച്ചാണ്. മാധവന്റെ പിന്നാലെ തന്നെ ഹോട്ടലിലെ ബട്ളര്‍ കൂടിയിരിക്കുന്നു. “സാമാനം ഉണ്ടാക്കിയതിന്ന് ഒന്നര ഉറുപ്പിക ചാര്‍ജ്ജുണ്ട് – വേണമെങ്കില്‍ നിന്നോളണം, പണം തരണം” എന്ന് പറഞ്ഞു പിന്നാലെ വന്നു.
- മാധവന്‍
- ഞാന്‍ സാധനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ആ കള്ളനല്ലേ പറഞ്ഞത്? ഞാന്‍ എന്തിനാണു പണം തരുന്നത്?
- ബട്ളര്‍
- നിങ്ങളാണു പറഞ്ഞത്. നിങ്ങള്‍ പണം തരണം. എന്നു പറഞ്ഞു പിന്നെയും പിന്നാലെ വിടാതെ കൂടി.
പൊല്ലീസ്സുകാരെ ഒരാളെയും കാണാത്തതിനാല്‍ മാധവന്‍ പിന്നെയും തീവണ്ടി സ്റ്റേഷനിലേക്കു തന്നെ മടങ്ങി വന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ അടുക്കെപ്പോയി.
- മാധവന്‍
- പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ല.
- സ്റ്റേഷന്‍ മാസ്റ്റര്‍
- അതിനു ഞാനെന്തു ചെയ്യും?
- ബട്ളര്‍
- (സ്റ്റേഷന്‍ മാസ്റ്ററോട്) അദ്ദേഹം ഹോട്ടലില്‍ വന്നു സാമാനങ്ങള്‍ക്കു കല്പന കൊടുത്തു. ഉണ്ടാക്കികൊണ്ടു വന്ന ശേഷം ഇപ്പോള്‍ വില തരുന്നില്ലാ.
- സ്റ്റേഷന്‍ മാസ്റ്റര്‍
- (മാധവനോട്) അത് എന്താണു കൊടുക്കാത്തത്?
- മാധവന്‍
- നിങ്ങള്‍ കല്പിച്ചാല്‍ കൊടുക്കാം. എന്റെ കൈയില്‍ ഉള്ള മുഴുവന്‍ പണവും കൊടുക്കാം. എന്നാല്‍ നിങ്ങള്‍ എനിക്ക് ഒരു ഉപകാരം മാത്രം ചെയ്യണം. ഞാന്‍ ഇങ്ങിനെ സങ്കടത്തില്‍പ്പെട്ട ഒരു മനുഷ്യനല്ലെ – എന്റെ സ്നേഹിതന് ഒരു ടെലിഗ്രാം (കമ്പി വര്‍ത്തമാനം) അയച്ചു തരണം.
- സ്റ്റേഷന്‍ മാസ്റ്റര്‍
- നേരം ആറുമണി കഴിഞ്ഞുവല്ലൊ. ആരാണ് സ്നേഹിതന്‍?
- മാധവന്‍
- മിസ്റ്റര്‍ ഗോപീനാഥ ബാനര്‍ജി എന്റെ സ്നേഹിതനാണ്. അദ്ദേഹത്തിനെ കാണ്മാനാണു ഞാന്‍ പോവുന്നത്. അദ്ദേഹത്തിന് ഒരു കമ്പി ഇപ്പോള്‍ത്തന്നെ അയച്ചു തരണം.
“ഗോപിനാഥ ബാനര്‍ജി” എന്ന പേരു കേട്ടപ്പോള്‍ എന്തോ സ്റ്റേഷന്‍മാസ്റ്ററുടെ പ്രകൃതം ഒന്നു വല്ലാതെ മാറി. ആ കോടീശ്വരന്റെ സ്വന്തം ആളാണ് ഈ സ്റ്റേഷന്‍മാസ്റ്റര്‍. ബഹുവിധമായ സാമാനങ്ങള്‍ ഈ സ്റ്റേഷനില്‍ കൂടി അദ്ദേഹത്തിന്നു വേണ്ടി ദിവസംപ്രതി വന്നും പോയിക്കൊണ്ടും ഇരിക്കും. വളരെ പണം സ്റ്റേഷന്‍മാസ്റ്റര്‍ക്ക് അദ്ദേഹത്തോടു സമ്മാനമായിട്ടും മറ്റും കിട്ടിവരുന്നുണ്ട്. അത്രയുമല്ല, ഒരു കുറി എന്തോ ഒരു വികടം കാണിച്ചതിനാല്‍ ഈ സ്റ്റേഷന്‍മാസ്റ്ററുടെ കാല്ക്കു ചങ്ങല വരാന്‍ പോയത് അദ്ദേഹത്തിന്റെ ദയയാല്‍ ഇല്ലാതെ ആയിരിക്കുന്നു. ഗോപീനാഥ ബാനര്‍ജി എന്നുവെച്ചാല്‍ ആ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ഒരു ഈശ്വരനെപ്പോലെയാണ്, ആ പേരു പറഞ്ഞു കേട്ട ഉടനെ അദ്ദേഹം ഇരിപ്പിടത്തില്‍ നിന്ന് എണീട്ടു.
- സ്റ്റേഷന്‍ മാസ്റ്റര്‍
- താങ്കള്‍ അദ്ദേഹത്തിന്റെ സ്നേഹിതനോ? അദ്ദേഹത്തിന്റെ അടുക്കലേക്കു പോവുന്നുവോ? പോട്ടര്‍, കസാല കൊണ്ടു വാ. ഇരിക്കിന്‍. ടെലിഗ്രാം ഈ നിമിഷം അയയ്ക്കാം. അദ്ദേഹത്തിന്റെ ഒരു ടെലിഗ്രാമിന് ഇപ്പോള്‍ ഞാന്‍ മറുവപടി അയച്ചതേ ഉള്ളൂ. അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥലത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കണം. ടെലിഗ്രാം വേഗം എഴുതിത്തരികേ വേണ്ടു.
മാധവന്‍ ഉടനെ ടെലിഗ്രാം എഴുതി സ്റ്റേഷന്‍ മാസ്റ്റര്‍ വശം കൊടുത്തു.
സ്റ്റേഷന്‍മാസ്റ്റര്‍ അഞ്ചുനിമിഷത്തിലകത്തു മറുപടി വരുത്തിത്തരാമെന്നു പറഞ്ഞു ടെലിഗ്രാം അടിച്ചു. മാധവനു കുറെ ചായയും മറ്റും ക്ഷണം വരുത്തിക്കൊടുത്തു. ഉടനെ പൊലീസ്സുകാരുടെ അടുക്ക ആളെ അയച്ചു. വേണ്ടതെല്ലാം ചെയ്തു. പണത്തിന്നു ചോദിച്ച ഹോട്ടല്‍ ബട്ളറെ തല്ക്കാലം കണ്ടതേ ഇല്ലാ. കഷ്ടിച്ചു ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറുവടി ടെലിഗ്രാം എത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക്, നേരെ താഴെ പറയുന്ന പ്രകാരമായിരുന്നു ടെലിഗ്രാം.
“മലബാറില്‍ നിന്നു വന്ന മാധവന്റെ ടെലിഗ്രാം കിട്ടി. ഇദ്ദേഹം എന്റെ പ്രാണപ്രിയനായ ഒരു മനുഷ്യനാണ്. ഇദ്ദേഹത്തിന്നു വേണ്ട സകല ഉപചാരങ്ങളും ചെയ്ത് വളരെ സുഖമാക്കി താങ്കള്‍ ഇന്നു രാത്രി അവിടെ പാര്‍പ്പിക്കണം. മാധവന്റെ ടെലിഗ്രാം ഇവിടെ കിട്ടുമ്പോള്‍ ഇവിടുന്ന് അങ്ങോട്ടുള്ള ഒടുവിലത്തെ വണ്ടി പോയിരിക്കുന്നു. അല്ലെങ്കില്‍ “ഈ രാത്രിയില്‍ തന്നെ” ഞാന്‍ അവിടെ എത്തുമായിരുന്നു. മാധവനോട് അശേഷം വ്യസനിക്കരുതെന്നും താങ്കള്‍ പറയണം. താങ്കള്‍ അയാളുടെ കൂടെത്തന്നെ സകല ഉപചാരങ്ങളും ചെയ്തു ഞാന്‍ എത്തുന്നവരെ ഇരിക്കണം. ഞാന്‍ നാളെ ഒന്നാമത്തെ വണ്ടിക്ക് അവിടെ എത്തും. പൊലീസ്സിന്ന് ഇപ്പോള്‍ തന്നെ അറിവു കൊടുക്കണം. അതൊന്നും മാധവനറിയേണ്ട – വേണ്ടത് സകലം നിങ്ങള്‍ തന്നെ ചെയ്യണം.”
ഈ ടെലിഗ്രാം എത്തിയ ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ മാധവനു ചെയ്ത ഉപചാരങ്ങളും ആദരവുകളും ഒരു രാജാവിനോ വലിയ പ്രഭുവിനോ കൂടി അദ്ദേഹം ചെയ്യുമോ എന്നു സംശയമാണ്.
ഉടനെ പൊല്ലീസ്സിന്ന് ആളെ അയച്ചു. മാധവനു ഹോട്ടലില്‍ കിടക്ക, കട്ടില്‍, മേശ, കസാല മുതലായ പലേ സാമാനങ്ങള്‍ ഉള്ള ഒരു വലിയ മുറി ഒഴിച്ചു അതില്‍ ഇരിപ്പാന്‍ ശട്ടമാക്കി. ഒരു കാല്‍ മണിക്കൂറിനുള്ളില്‍ ആ ദിക്കിലെ പൊല്ലീസ്സിന്റെ ഒരു ഹെഡാപ്സരും കുറെ ശിപായിമാരും കൂടി എത്തി. ഹെഡാപ്സര്‍ ഒരു മുസല്‍മാനാണ്; അതിഭയങ്കര വേഷം, സ്റ്റേഷനില്‍ എത്തിയ ഉടനെ സ്റ്റേഷന്‍ മാസ്റ്ററോട്.
- ഹെഡാപ്സര്‍
- കളവുപോയത് ആര്‍ക്കാണ്? എത്ര മുതല്‍ പോയി?
- സ്റ്റേഷന്‍ മാസ്റ്റര്‍
- മലയാളത്തില്‍ നിന്ന് ഒരു രാജാവു വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വക ഒരു ലക്ഷം ഉറുപ്പികയ്ക്ക് മുതല്‍ പോയിപ്പോയി. ഗോപീനാഥ ബാനര്‍ജിയുടെ ഇഷ്ടനാണ് ഈ രാജാവ്. ഈ അകത്തിരിക്കുന്നുണ്ട് – വലിയ രാജാവാണ്. വിവരത്തിന്ന് ഗോപീനാഥബാനര്‍ജിക്ക് അദ്ദേഹം തന്നെ ടെലിഗ്രാം അയച്ചു. അതിനുവന്ന മറുവടി എനിക്കാണ്. ഇതാ നോക്കിന്‍.
എന്നു പറഞ്ഞു ടെലിഗ്രാം ഹെഡാപ്സറെ പക്കല്‍ കൊടുത്തു. സ്റ്റേഷന്‍മാസ്റ്റര്‍ പറഞ്ഞതെല്ലാം മാധവന്‍ അകായില്‍ നിന്നു കേട്ടു. വളരെ വ്യസനത്തിലാണ് തന്റെ അപ്പോഴത്തെ സ്ഥിതി എങ്കിലും, താന്‍ മലയാളത്തിലെ ഒരു രാജാവാണെന്നും ലക്ഷം ഉറുപ്പികയുടെ മുതല്‍ കളവു പോയി എന്നും സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞതു കേട്ടപ്പോള്‍ മാധവന്‍ ഉറക്കെ ചിരിച്ചു പോയി.
ഹെഡാപ്സര്‍ ടെലിഗ്രാം വായിച്ചു തല ഒന്നു കുലുക്കി സ്റ്റേഷന്‍ മാസ്റ്ററോട്, ഹെഡാപ്സര്‍, “എനിക്ക് രാജാവിനെ ഒന്നു കാണണം. അന്യായത്തിന്റെ വിവരം കുറിച്ചെടുക്കണം” എന്ന് പറഞ്ഞു.
സ്റ്റേഷന്‍ മാസ്റ്റര്‍ അകത്തു പോയി ഹെഡാപ്സറോട് അകത്തേക്കു വരാമെന്നു പറഞ്ഞശേഷം അതികൂറ്റനായ ഈ തുലുക്കന്‍ ഉദ്യോഗസ്ഥന്‍ അകത്തേക്കു കടന്നു വളരെ ഭക്തിയോടെ മാധവന് ഒരു സെലാം ചെയ്തു കൈകള്‍ രണ്ടും താഴ്ത്തി ഡ്രില്‍ ചെയ്‌വാന്‍ നില്‍ക്കുമ്പോലെ മാധവന്റെ മുന്പാകെ നിന്നു.
- മാധവന്‍ വേഗം കസാലയിന്മേല്‍ നിന്ന് എണീറ്റ് ഇദ്ദേഹത്തിന്റെ കൈപിടിച്ച്, കണ്ടത് വളരെ സന്തോഷമായി, പറഞ്ഞ് അടുക്കെ കസാലമേല്‍ ഇരുത്തി വളരെ താഴ്മയോടെ സംസാരിച്ചു. ഈ ഉദ്യോഗസ്ഥനു മാധവനെ പറ്റി വളരെ ബഹുമാനവും സന്തോഷവും തോന്നി. ഉദ്യോഗസ്ഥന്‍
- രാജാവവര്‍കള്‍ക്ക് ഈ വ്യസനം വന്നതില്‍ ഞാന്‍ വളരെ വ്യസനിക്കുന്നു. എന്നാല്‍ കഴിയുന്നതു ശ്രമിച്ച് ഈ കുറ്റം തുമ്പുണ്ടാക്കാന്‍ നോക്കാം.
- മാധവന്‍
- ഞാന്‍ രാജാവല്ലാ.
ഇതു പറഞ്ഞു കേട്ടപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദേഷ്യം തോന്നി – കുറ്റമല്ലാ ഈ പൊട്ടച്ചാരുടെ മുതല്‍ കട്ടുപോയത് എന്നു മനസ്സില്‍ നിശ്ചയിച്ചു.
- മാധവന്‍
- ഞാന്‍ രാജാവല്ലാ, മലയാളത്തിലെ ഒരു നായരാണ്. ഗവര്‍മ്മേണ്ടില്‍ ഉദ്യോഗമാണ്.
- ഉദ്യോഗസ്ഥന്‍
- ശരി, മുതല്‍ എത്ര പോയിട്ടുണ്ട്?
- മാധവന്‍
- വില തിട്ടമായി പറവാന്‍ സാധിക്കില്ല.
- സ്റ്റേഷന്‍ മാസ്റ്റര്‍
- വളരെ മുതല്‍ പോയിട്ടുണ്ട്. വളരെ വളരെ.
- മാധവന്‍
- ഏറെയും കുറയുമായി ഒരു രണ്ടായിരം ഉറുപ്പികയുടെ മുതല്‍ ഉണ്ടായിരിക്കാം. പോയ സാധനങ്ങളില്‍ വില ഏറിയത് എല്ലാം എനിക്കു കല്ക്കത്താവില്‍ നിന്നു പുറപ്പെടുമ്പോള്‍ മഹാരാജശ്രീ ഗോവിന്ദസേന്‍ സമ്മാനമായി തന്നതായിരുന്നു. അതുകളുടെ വില എനിക്കു നിശ്ചയമില്ല.
- ഉദ്യോഗസ്ഥന്‍
- ഗോവിന്ദസേനും ഇവിടുത്തെ സ്നേഹിതനോ?
- മാധവന്‍
- അതെ.
- ഉദ്യോഗസ്ഥന്‍
- കളവുണ്ടായ വിവരം ഒന്നു പറഞ്ഞാല്‍ കൊള്ളമായിരുന്നു.
മാധവന്‍ ഉണ്ടായ സംഗതികള്‍ എല്ലാം വിവരമായി പറഞ്ഞു. ഉദ്യോഗസ്ഥന്‍ കേട്ടശേഷം ഒരു പത്തുമിനിട്ട് ഒന്നും മിണ്ടാതെ യോഗീശ്വരന്മാര്‍ ധ്യാനത്തിന്ന് ഇരുന്നാലത്തെ സമ്പ്രദായത്തില്‍ നിശ്ചലനായി ആലോചിച്ചു. ആലോചനയുടെ അവസാനത്തില്‍ ഒരു മന്ദഹാസം ചെയ്തു. വാതുക്കല്‍ നില്ക്കുന്ന തന്റെ പ്രധാന ശിപായിയുടെ മുഖത്തേക്ക് ഒന്നു നോക്കി പിന്നെയും ഒരു മന്ദഹാസം ചെയ്തു. തനിക്കു സകല സൂക്ഷ്മവും കിട്ടി എന്നു നടിച്ചു കൊണ്ട്:
- ഉദ്യോഗസ്ഥന്‍
- ഈ കളവുണ്ടായതു ഹോട്ടല്‍ ബട്ലറുടെ അറിവോടു കൂടിയാണെന്നുള്ളതിലേക്ക് എനിക്ക് ലേശം പോലും സംശയമില്ലാ.
- സ്റ്റേഷന്‍ മാസ്റ്റര്‍
- ശരി – ശരി
- പ്രാധാനശിപായി
- ശരി – ശരി; എനിക്ക് ഒരു അണുമാത്രം സംശയമില്ലാ.
എന്നു പറഞ്ഞപ്പോഴേക്കും ശിപായിമാര്‍ നിന്നേടത്തു നിന്ന് എളകി അന്യോന്യം മുഖത്തോടു മുഖം നോക്കി. കളവ് ഇത്ര വേഗം തങ്ങളുടെ യജമാനന്‍ തുമ്പുണ്ടാക്കിയത് ഓര്‍ത്ത് ആശ്ചര്യപ്പെട്ടു. തങ്ങള്‍ക്കു കല്പന കിട്ടാന്‍ വൈകിയെന്ന ഭാവത്തോടെ ഉദ്യോഗസ്ഥന്റെ മുഖത്തേക്കു നോക്കി കൊണ്ടു നിന്നു.
- മാധവന്‍
- ഹോട്ടല്‍ ബട്ലറുടെ അറിവ് ഉണ്ടാവാന്‍ സംഗതി ഉണ്ടെന്ന് എനിക്കു തോന്നുന്നില്ലാ.
- സ്റ്റേഷന്‍ മാസ്റ്റര്‍
- (ബഹു ദേഷ്യത്തോടെ) താങ്കള്‍ എനി ഈ കാര്യത്തില്‍ ഒന്നും ചെയ്യേണ്ടതില്ലാ. വേണ്ടതെല്ലാം ഉദ്യോഗസ്ഥന്മാര്‍ ചെയ്തു കാര്യം തുമ്പുണ്ടാക്കട്ടെ. ഏകദേശം ലക്ഷം കാര്യങ്ങള്‍ ഇങ്ങിനെയുള്ളവ തുമ്പുണ്ടാക്കിയ മഹാന്മാരാണ് ഇവര്‍. അവരുടെ പ്രവൃത്തി അവര്‍ ചെയ്തു കൊള്ളട്ടെ.
മാധവന്‍, “അങ്ങനെ തന്നെ എനി ഞാന്‍ ഒന്നും പറയുന്നില്ല” എന്ന് പറഞ്ഞു.
പ്രധാന ഉദ്യോഗസ്ഥന്‍ ഉടനെ അവിടുന്ന് എഴുനീറ്റു പുറത്തേക്കു വന്നു ഹോട്ടല്‍ ബട്ലറെ വിളിക്കാന്‍ പറഞ്ഞു. ബട്ലര്‍ വളരെ ഭയപ്പെട്ടു വിറച്ചും കൊണ്ട് ഉദ്യോഗസ്ഥന്റെ അടുക്കെ വന്നു നിന്നു.
- ഉദ്യോഗസ്ഥന്‍
- അദ്ദേഹത്തിന്റെ വക മുതല്‍ നീ കട്ടത് എവിടെ വെച്ചിരിക്കുന്നു? എടുക്ക്.
- ബട്ലര്‍
- ഞാനോ, ആരുടെ മുതല്‍? കഷ്ടം, ഞാന്‍ കട്ടുവോ?
- ഉദ്യോഗസ്ഥന്‍
- (ഒരു ശിപായിയോട്) ആ നായിനെ ഇടി.
- ബട്ലര്‍
- അയ്യോ!
- ഉദ്യോഗസ്ഥന്‍
- ഇനിയും ഇടി.
- ബട്ലര്‍
- അയ്യയ്യോ! അയ്യയ്യോ! ഞാന്‍ ഒന്നും അറിയില്ലാ.
- ഉദ്യോഗസ്ഥന്‍
- നല്ലവണ്ണം ഇടി – കഴുതെ. നിണക്കു ബലം ഇല്ലെ. പ്രധാന ശിപായി! നീ ഇടി, ഇടി. തലയ്ക്കു ഇടി.
- ബട്ലര്‍
- അയ്യോ! അപ്പാ! അപ്പപ്പാ! അപ്പപ്പാ! ചത്തു –ചത്തു – ഞാന്‍ ചത്തു – ദൈവമേ! എന്നെ കൊന്നു!
- ഉദ്യോഗസ്ഥന്‍
- ഇടിക്ക്. എനിയും ആ നായിനെ ഇടിച്ചു കൊല്ല്.
- ബട്ലര്‍
- അപ്പാ! എനിക്കു വെള്ളം കുടിക്കണം. ഞാന്‍ മരിക്കാറായി.
- ഉദ്യോഗസ്ഥന്‍
- അവന്റെ കയ്യ് പിടിച്ചു പിന്നോക്കം മുറുക്കിക്കെട്ടി മേലോട്ടു വലിച്ചു പൊന്തിക്ക. മറ്റൊരു ശിപായി അവന്റെ കാല്‍ മുന്നോട്ടു ബലത്തോടെ വലിക്കട്ടെ. കല്പ്പിച്ച പ്രകാരം ചെയ്തപ്പോള്‍
- ബട്ലര്‍
- (വേദന സഹിക്കാന്‍ പാടില്ലാതെ) അയ്യോ! അയ്യോ! ഞാന്‍ മുതല്‍ എടുത്തു തരാം – എടുത്തു തരാം.
- ഉദ്യോഗസ്ഥന്‍
- എവിടെ വെച്ചിരിക്കുന്നു?
- ബട്ലര്‍
- അവിടെ എങ്ങാനും വെച്ചിട്ടുണ്ട്. എന്നെ ഒന്ന് അഴിച്ചു വിടണം!
- ഉദ്യോഗസ്ഥന്‍
- എവിടെ വെച്ചിരിക്കുന്നു?
- ബട്ലര്‍
- അയ്യയ്യോ! ഞാന്‍ കിടക്കുന്ന മുറിയില്‍ വെച്ചിട്ടുണ്ട്. കെട്ട് അഴിക്കണേ!
- സ്റ്റേഷന്‍ മാസ്റ്റര്‍
- (മാധവനോട്) കണ്ടില്ലെ – കള്ളന്‍, ഇവനാണു കട്ടത്. താങ്കള്‍ മഹാദയാബുദ്ധിയാണ്. ഇപ്പോള്‍ മുതല്‍ വരുന്നതു കാണാം.
മാധവന് ഇത് അശേഷം ബോദ്ധ്യമായില്ലാ. അവന്‍ വേദന സഹിക്കാന്‍ പാടില്ലാത്തതു കൊണ്ട് പറഞ്ഞതാണെന്നു തീര്‍ച്ചയായും വിശ്വസിച്ചു! കാര്യവും അതുപോലെ തന്നെ. അകത്തേക്കു പോയി ബട്ലര്‍ വെറുതെ നിന്നു! അയാള്‍ വശം ഇല്ലാത്ത മുതല്‍ അയാള്‍ എങ്ങിനെ കൊടുക്കും? ഏതെങ്കിലും പിന്നെയും കുറെ അന്വേഷണങ്ങളും മറ്റും ചെയ്തു. ചില പോര്‍ട്ടര്‍മാരെയും കൂലിക്കാരെയും വളരെ അടിച്ചു. ഒന്നും തുമ്പാവാത്തതിനാല്‍ ഏകദേശം പന്ത്രണ്ട് മണിയായപ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ വെളിച്ചാകുമ്പോള്‍ വരാമെന്നു പറഞ്ഞു പോകയും ചെയ്തു.
രാവിലത്തെ ഒന്നാമത്തെ വണ്ടിക്കു ഗോപീനാഥ ബാനര്‍ജി വന്നു. കളവു കാര്യത്തെക്കുറിച്ചു കുറെ അന്വേഷിച്ചു. ഒന്നും തുമ്പുണ്ടായില്ല. പിന്നെയും അന്വേഷിപ്പാന്‍ ഉദ്യോഗസ്ഥന്മാരെയും മറ്റും ഏല്‍പ്പിച്ചു മാധവനേയും കൂട്ടി തന്റെ രാജ്യത്തേക്കു പോന്നു. ഈ വിവരങ്ങള്‍ക്ക് എല്ലാം തന്റെ രാജ്യത്ത് എത്തിയ ഉടനെ ഗോവിന്ദസേന്നു കമ്പി അയച്ചു. അതിന്നു ഗോപീനാഥ ബാനര്‍ജിക്കു വന്ന മറുപടി കമ്പി താഴെ ചേര്‍ക്കുന്നു:
“മാധവന് നേരിട്ട നിര്‍ഭാഗ്യത്തെപ്പറ്റി ഞാന്‍ വ്യസനിക്കുന്നു. മാധവനു വടക്കന്‍ ഇന്‍ഡ്യയില്‍ സഞ്ചാരത്തിന്നും മടങ്ങി മദിരാശിക്കു പോവാനും ഉള്ള സകല ചിലവുകള്‍ക്കും ആയി രണ്ടായിരം ഉറുപ്പിക മാധവന്റെ അധീനത്തില്‍ നിര്‍ത്തണം. എന്നാല്‍ ഉറുപ്പിക ഒന്നായി കൈയില്‍ കൊണ്ടു പോവണ്ട. തല്‍ക്കാലം ആവശ്യമുള്ളത് മാത്രം കൈയില്‍ രൊക്കം നാണ്യമായി ഇരുന്നോട്ടെ. ശേഷം ആവശ്യമുള്ളത് അല്ലഹബാദ്, ആഗ്രാ, ഡെല്‍ഹി, ലാഹൂര്‍ ഈ ബാങ്കുകളില്‍ നിന്ന് അതാതു സമയം വാങ്ങാന്‍ ചെക്കുകള്‍ കൊടുക്കണം. മാധവന്‍ ബൊമ്പായില്‍ മടങ്ങിയെത്തുന്നതുവരെ കൂടെ സഞ്ചരിക്കാന്‍ നമ്മുടെ ബൈരാംഖാനെക്കൂടി അയക്കണം. അവന്‍ സഞ്ചരിച്ചു നല്ല പരിചയമുള്ളവനാണ്. മുതലുകള്‍ പോയതില്‍ മാധവന് അശേഷം വ്യസനിക്കേണ്ടാ എന്നു തീര്‍ച്ചയായി മാധവനോടു പറയണം.”
ഈ ടെലിഗ്രാം വായിച്ചപ്പോള്‍ മാധവന് മനസ്സില്‍ ഗോവിന്ദസേനെ കുറിച്ച് ഉണ്ടായ ഒരു ബഹുമാനവും ഭക്തിയും എന്റെ വായനക്കാര്‍ക്കു തന്നെ അനുമാനിക്കാവുന്നതാണല്ലൊ. എന്നാലും ഗോവിന്ദസേനെക്കൊണ്ട് എനി ഒരു കാശുപോലും തനിക്കുവേണ്ടി ചിലവിടിയിക്കുന്നത് മാധവനു പ്രാണസങ്കടമായി തോന്നി, ഗോപീനാഥ ബാനര്‍ജിയോടു പറയുന്നു.
- മാധവന്‍
- മഹാ ഔദാര്യശാലിയായ ഗോവിന്ദസേന്‍ അധികംകാലം ലോകത്തിലെ ഗുണത്തിനായി ജീവിച്ചിരിക്കട്ടെ. ഞാന്‍ ഇപ്പോള്‍ മദിരാശിക്കു മടങ്ങാനാണു വിചാരിക്കുന്നത്. അവിടെ പോയിട്ടു കുറെ ദിവസം കഴിഞ്ഞു ഇങ്ങട്ടു വീണ്ടും വന്നു ഗോവിന്ദസേന്‍ അവര്‍കളേയും താങ്കളേയും കണ്ടുകൊള്ളാം. എനിക്ക് ഇവിടുന്നു മദിരാശിയിലേക്കു വഴിയാത്രയ്ക്കുള്ള പണം മാത്രം ഇപ്പോള്‍ കിട്ടിയാല്‍ മതി.
- ഗോപീനാഥബാനര്‍ജി
- അങ്ങിനെ തന്നെ. എന്നാല്‍ ഒരു നാലഞ്ചു ദിവസം എന്റെ കൂടെ ഇവിടെ താമസിച്ചിട്ടു പോവാം. എന്നാലേ എനിക്കു സുഖമുള്ളൂ.
എന്നു പറഞ്ഞതിനെ അനുവദിച്ചു നാലഞ്ചു ദിവസം കൂടി അവിടെ താമസിച്ചു.
ഗോവിന്ദപ്പണിക്കരും ഗോവിന്ദന്‍കുട്ടി മേനവനും ബൊമ്പായില്‍ താമസിക്കുന്നതായി മുമ്പത്തെ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ടല്ലൊ. ഗോവിന്ദപ്പണിക്കര്‍ക്കു ശരീരത്തിന്ന് ഇപ്പോഴും സുഖമായില്ല. ബര്‍മ്മയിലേക്കു പുറപ്പാട് ഇന്ന്, നാളെ, മറ്റെന്നാള്‍ എന്നുവെച്ചു കഴിയുന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഗോവിന്ദന്‍ കുട്ടി മേനവന്‍ ബൊമ്പായി എസ്പ്ലെനെഡിനു സമീപം കാറ്റും കൊണ്ടു നില്ക്കുമ്പോള്‍ സമീപത്തുകൂടി ബാബു കേശവചന്ദ്രസേന്‍ കടന്നുപോയി. കേശവചന്ദ്രസേന്‍ ഗോവിന്ദന്‍കുട്ടി മേനവന്റെ മുഖം കണ്ടപ്പോള്‍ മാധവന്റെ മുഖച്ഛായപോലെ തോന്നി. തിരിയെ ഇങ്ങട്ടുതന്നെ മടങ്ങി ഗോവിന്ദന്‍ കുട്ടിമേനവന്റെ അടുക്കെ വന്നു ചോദിക്കുന്നു:
- കേശവചന്ദ്രസേന്‍
- താങ്കള്‍ ഏതു രാജ്യക്കാരനാണ്?
- ഗോവിന്ദന്‍കുട്ടിമേനോന്‍
- മലബാര്‍ രാജ്യക്കാരനാണ്.
- കേശവചന്ദ്രസേന്‍
- ശരി, അങ്ങിനെ കണ്ടപ്പോള്‍ എനിക്കു തോന്നി. മലബാറില്‍ മാധവന്‍ എന്നൊരാളെ താങ്കള്‍ അറിയുമോ?
ഇതു കേട്ടപ്പോള്‍ ഗോവിന്ദന്‍ കുട്ടി മേനവന്‍ ഒന്നു ഞെട്ടി. വല്ലാതെ പരിഭ്രമിച്ചു. സന്തോഷവും സന്താപവും ആശ്ചര്യവും ഒക്കെക്കൂടി മനസ്സില്‍ തിക്കിത്തിരക്കി വലഞ്ഞു പോയി. ഉടനെ –
- ഗോവിന്ദന്‍കുട്ടിമേനോന്‍
- അദ്ദേഹം എവിടെ ഉണ്ട്? ഞാന്‍ അദ്ദേഹത്തിന്റെ ഒരു സംബന്ധിയാണ്. അദ്ദേഹം ഞങ്ങടെ രാജ്യം വിട്ടു പൊയ്ക്കളഞ്ഞിട്ട് രണ്ടു മാസത്തോളമായി. അദ്ദേഹത്തിന്റെ അച്ഛനും ഞാനും കൂടി പലേ ദിക്കിലും അദ്ദേഹത്തെ തിരഞ്ഞു കാണാതെ വ്യസനിച്ചു വലഞ്ഞു നടക്കുന്നു. ഇവിടെ എട്ടുപത്തു ദിവസമായി ഞങ്ങള്‍ എത്തീട്ട്.
ഉടനെ കേശവചന്ദ്രസേന്‍ വിവരങ്ങളെല്ലാം പറഞ്ഞു. ഒടുവില്‍ –
- കേശവചന്ദ്രസേന്‍
- ഇപ്പോള്‍ അദ്ദേഹം കല്‍ക്കത്താ വിട്ടിരിക്കാം. എന്നാല്‍ അച്ഛനു ഞാന്‍ ഒരു കമ്പി അയച്ചു അതിന്റെ വിവരം അറിയാം.
എന്നു പറഞ്ഞു കേശവചന്ദ്രസേനും ഗോവിന്ദന്‍കുട്ടി മേനവനും കൂടെ ടെലിഗ്രാഫ് ആഫീസില്‍ പോയി കമ്പി അയച്ചു. ഉടനെ ഗോവിന്ദപ്പണിക്കരുടെ അടുക്കെ കേശവചന്ദ്രസേന്‍ ഗോവിന്ദന്‍കുട്ടി മേനവനോടുകൂടെപോയി. അദ്ദേഹത്തേയും ആള്‍ക്കാരെയും ഒന്നിച്ചു കൂട്ടിക്കൊണ്ടു വന്നു തന്റെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു.
- ഏകദേശം രാത്രി എട്ടുമണിക്കു മറുവടി കമ്പി എത്തി
- “മാധവന്‍ കല്ക്കത്ത വിട്ടിരിക്കുന്നു. ഗോപീനാഥ ബാനര്‍ജിയുടെ അടുക്കെ ഉണ്ടായിരിക്കണം. അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ അച്ഛന്‍ ഒന്നും വ്യസനിപ്പാന്‍ ആവശ്യമില്ലാ. ഉടനെ സുഖമായി വന്നു ചേരും” എന്നാണ് മറുവടി. അതു കിട്ടി. ഉടനെ ഗോപീനാഥ ബാനര്‍ജിക്ക് അദ്ദേഹത്തിന്റെ രാജ്യത്തിലേക്കു രാത്രി തന്നെ കമ്പി അടിച്ചു. മാധവന്‍ അവിടെ ഉണ്ടോ എന്നു മാത്രമാണു കമ്പിയില്‍ ചോദിച്ചത്. അതിനു പ്രഭാതത്തില്‍ മറുവടി കിട്ടി.
മറുവടി – “മാധവന്‍ ഇന്നു വൈകുന്നേരം ആറുമണിക്ക് ഇവിടെ നിന്നു ബൊമ്പായിക്കു വണ്ടി കയറി. സുഖക്കേടു യാതൊന്നുമില്ലാ. ബൊമ്പായില്‍ എത്തിയ ഉടനെ താങ്കളെ കാണും.”
ഈ കമ്പി വായിച്ചു കേട്ടപ്പോള്‍ ഗോവിന്ദപ്പണിക്കര്‍ക്കും ഗോവിന്ദന്‍കുട്ടി മേനവനും ഉണ്ടായ സന്തോഷത്തെക്കുറിച്ചു ഞാന്‍ എന്താണു പറയേണ്ടത്?
ബൊമ്പായില്‍ മാധവന്‍ കയറിയ വണ്ടി എത്തുന്ന ദിവസം കേശവചന്ദ്രസേന്‍ സ്റ്റേഷനില്‍ എതിരേല്ക്കാന്‍ ഗാഡിയുമായി തയ്യാറായി നിന്നു. എന്നാല്‍ ഒരു നേരമ്പോക്ക് ഉണ്ടാക്കണം എന്നു കേശവചന്ദ്രസേന്‍ നിശ്ചയിച്ചു. ഗോവിന്ദപ്പണിക്കരോടും ഗോവിന്ദമേനവനോടും അവരുടെ ആള്‍ക്കാരോടും സ്റ്റേഷനിലേക്കു വരണ്ടാ എന്നും, താനും മാധവനും കൂടി വീട്ടിലേക്കു വരുമ്പോള്‍ അവരെ പുറത്തു കാണരുതെന്നും, താന്‍ മാധവനെ പെട്ടെന്നു കൊണ്ടുവന്നു കാണിക്കുമെന്നു പറഞ്ഞു ശട്ടം ചെയ്തിട്ടാണി കേശവചന്ദ്രസേന്‍ സ്റ്റേഷനിലേക്കു പോയത്. സ്റ്റേഷനില്‍ എത്തുമ്പോഴേക്കു വണ്ടിയും എത്തി. മാധവന്‍ വണ്ടിയില്‍ നിന്ന് എറങ്ങിക്കൂടുമ്പോള്‍ കേശവചന്ദ്രസേനെ കണ്ടു. ഉടനെ കൈകൊടുത്തു രണ്ടുപേരും കൂടി വണ്ടിയില്‍ കയറി കേശവചന്ദ്രസേന്റെ ബങ്കളാവില്‍ എത്തി പുറത്തു ബ്രാന്തയില്‍ ഇരുന്നു. കേശവചന്ദ്രസേന്‍ കല്‍ക്കത്താ വിട്ടശേഷം നടന്ന വാസ്തവങ്ങള്‍ എല്ലാം മാധവന്‍ പറഞ്ഞു. കേശവചന്ദ്രസേന്‍ എല്ലാം കേട്ടു. ഒടുവില്‍ –
- കേശവചന്ദ്രസേന്‍
- ആട്ടെ, അലഹബാദിലെ സബ്ബ് ജഡ്ജിയുമായി പരിചയമായല്ലൊ. കുറെ ദ്രവ്യനാശം വന്നാലും തരക്കേടില്ല – നല്ല ഒരു സ്നേഹിതനെ കിട്ടിയല്ലോ! എന്നും മറ്റും പറഞ്ഞു രണ്ടുപേരും വളരെ ചിരിച്ചു.
- കേശവചന്ദ്രസേന്‍
- എനിയത്തെ ഉദ്ദേശം എന്താണ്? മലബാറിലേക്കു തന്നെ മടങ്ങുകയല്ലേ നല്ലത്?
- മാധവന്‍
- ഇല്ലാ. മലബാറിലേക്ക് ഇപ്പോള്‍ മടങ്ങുന്നില്ലാ. എന്നാല്‍ നാളെ ഞാന്‍ മദിരാശിക്കു പോയി എട്ടുപത്തു ദിവസത്തിനകത്ത് ഇങ്ങട്ടുതന്നെ മടങ്ങും.
- കേശവചന്ദ്രസേന്‍
- മദിരാശിയോളം മാത്രം പോയി മടങ്ങുന്നുവോ? മലബാറിലേക്കുകൂടി പോവരുതോ? അച്ഛനേയും മറ്റും ഒന്നു കാണാമല്ലോ.
അച്ഛന്‍ എന്നു പറഞ്ഞപ്പോള്‍ മാധവനു ബഹു വ്യസനം തോന്നി. എങ്കിലും മറ്റെ സംഗതി ഓര്‍ത്തപ്പോള്‍ മലബാറിനെ മനസ്സുകൊണ്ട് ഒന്ന് ശപിച്ചുംകൊണ്ട്
- മാധവന്‍
- അച്ഛനെ കാണ്മാന്‍ എനിക്കു വളരെ ആഗ്രഹമുണ്ടായിരുന്നു. തല്ക്കാലം സാധിക്കില്ലെന്നു തോന്നുന്നു.
- കേശവചന്ദ്രസേന്‍
- എന്നാല്‍ ഇനി നമുക്കു ഭക്ഷണം കഴിക്കാറായല്ലോ. കുളിക്കണ്ടേ? മാധവന്‍: കുളിക്കാം.
എന്നു പറഞ്ഞു മാധവന്‍ എണീറ്റു.
- കേശവചന്ദ്രസേന്‍
- ഞാന്‍ ഇന്ന് എന്റെ സ്നേഹിതന്മാരില്‍ രണ്ടാളേക്കൂടി താങ്കളുടെ പ്രീതിക്കായി ഭക്ഷണത്തിന്നു വരാന്‍ ക്ഷണിച്ചിട്ടുണ്ട്. താങ്കള്‍ക്ക് അവരെ കാണാന്‍ സന്തോഷമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
- മാധവന്‍
- താങ്കളുടെ സ്നേഹിതന്മാര്‍ എന്റെയും സ്നേഹിതന്മാര്‍ തന്നെ. അവരെ ക്ഷണിച്ചത് എനിക്ക് അത്യന്തം സന്തോഷമായി.
എന്നു പറഞ്ഞു മാധവന്‍ കുളിപ്പാന്‍ പോയി. കുളിപ്പാന്‍ പോയ ഉടനെ കേശവചന്ദ്രസേന്‍ ഗോവിന്ദപ്പണിക്കരേയും ഗോവിന്ദന്‍കുട്ടി മേനവനെയും ഭക്ഷണം ചെയ്യുന്ന മുറിയിലേക്കു വിളിച്ചു തീന്‍മേശയുടെ അടുക്കെ ഇരുത്തി. താനും ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ മാധവന്‍ കുളി കഴിഞ്ഞ് വരുന്നതു കണ്ടു കേശവചന്ദ്രസേന്‍ എതിരേറ്റ് ഈ മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു.
- കേശവചന്ദ്രസേന്‍
- ഇതാ ഈ ഇരിക്കുന്ന രണ്ടുപേരെയാണു ഞാന്‍ ക്ഷണിച്ചത്. താങ്കളുമായി മുമ്പു പരിചയമുണ്ടോ? ഞാന്‍ അറിയില്ലാ.
മാധവന്‍ നോക്കി പിന്നെ ഉണ്ടായത് എന്താണെന്നു പറയേണ്ടതില്ലല്ലൊ – “അച്ഛനെ ഞാന്‍ കണ്ടത് എന്റെ ഭാഗ്യം” എന്ന് പറയുമ്പോഴേക്കു ഗോവിന്ദപ്പണിക്കര്‍ എഴുനീറ്റു മാധവനെ ആലിംഗനം ചെയ്തു! “അയ്യോ!എന്റെ കുട്ടാ! നീ എന്നെ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലൊ,” എന്ന് ഗല്‍ഗദാക്ഷരമായി കരഞ്ഞുകൊണ്ടു പറഞ്ഞു.
കേശവചന്ദ്രസേന്‍ ഉടനെ ആ മുറിയില്‍ നിന്നു മറ്റൊരു മുറിയിലേക്കു പോയി. ഈ ആലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞശേഷം ഒന്നാമത് ഗോവിന്ദപ്പണിക്കര്‍ പറഞ്ഞത്:
“ഗോവിന്ദന്‍ കുട്ടി ഉടനെ നാട്ടിലേക്ക് ഒരു കമ്പി അടിക്കണം. ഇവന്റെ അമ്മയും പെണ്ണും വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ല.”
- മാധവന്‍
- ഏതു പെണ്ണ്? ഏതു പെണ്ണാണ് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാന്‍?
- ഗോവിന്ദമേനോന്‍
- എന്റെ മരുമകള്‍ ഇന്ദുലേഖാ. ഭ്രാന്താ! എന്തൊരു കഥയാണ് ഇതെല്ലാം? എന്തെല്ലാം ഗോഷ്ഠിയാണ് ഈ കാണിച്ചത്?
ഇയ്യെടെ മാധവനു പലപ്പോഴും വിചാരിയാതെ പലേ ആപത്തുകളും നേരിട്ടിട്ടുണ്ടായിരുന്നു. ചില സന്തോഷങ്ങളും ഇടയില്‍ ഉണ്ടായിട്ടില്ലെന്നില്ലാ. എന്നാല്‍ അതിനാല്‍ ഒന്നും ഇപ്പോള്‍ ഉണ്ടായതുപോലെ ഉള്ള ഒരു സ്തബ്ധത മാധവന് ഉണ്ടായിട്ടില്ലാ.
ഗോവിന്ദന്‍കുട്ടിമേനോന്‍ പറഞ്ഞതു കേട്ടപ്പോള്‍ മാധവന്റെ സര്‍വ്വാംഗം തരിച്ചു മരംപോലെ ആയിപ്പോയി.
- ഗോവിന്ദപ്പണിക്കര്‍
- എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തത്? നിന്റെ അമ്മയേയും ആ പെണ്ണിനേയും ഞങ്ങളേയും നീ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലൊ. നീ നാട്ടില്‍ വന്നിട്ട് ഒരു പൊള്ളയും കേട്ട് അന്ധാളിച്ച് ഓടിപ്പോയല്ലോ. വിവരങ്ങള്‍ എല്ലാം ഞങ്ങള്‍ അറിഞ്ഞു. കഷ്ടം! നിണക്ക് എന്തോ ഒരു ശനിപ്പിഴ ഉണ്ടായിരുന്നു. അതു തീര്‍ന്നുവായിരിക്കാം.
മാധവന് ഒരക്ഷരവും ശബ്ദിക്കാന്‍ വയ്യാതെ കസാലമേല്‍ ഇരുന്നു.
ഉടനെ കേശവചന്ദ്രസേന്‍ വന്ന് ഇതെല്ലാം കണ്ടിട്ട് എന്തൊക്കെയോ ചില അപകടം ഉണ്ട് എന്ന് അദ്ദേഹത്തിന്നു തോന്നിയെങ്കിലും മാധവനോട് ഒന്നും ചോദിച്ചില്ലാ. എല്ലാവരും ഭക്ഷണത്തിന്ന് ആരംഭിച്ചു. മാധവനും ഭക്ഷണം കഴിക്കുന്നപോലെ കാട്ടിക്കൂട്ടി. ഭക്ഷണം കഴിഞ്ഞ് ഉടനെ ഗോവിന്ദന്‍ കുട്ടി മേനവന്‍ വിവരത്തിന് ഒരു ടെലിഗ്രാം മലബാറിലേക്ക് അയച്ചു.
കേശവചന്ദ്രസേന്‍ വേറെ മുറിയിലേക്കു പോയ ശേഷം:
- ഗോവിന്ദപ്പണിക്കര്‍
- എന്താണു കുട്ടാ, നീ ഒന്നും മിണ്ടാത്തത്?
- ഗോവിന്ദമേനോന്‍
- ഇത്ര വിഡ്ഢിത്തം കാണിച്ചിട്ട് എങ്ങനെയാണു മിണ്ടുന്നത്?
- മാധവന്‍
- അച്ഛാ! എനിക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍, അറബിയന്‍ നൈട്സില്‍ ഉള്ള ഒരു കഥ വായിച്ചു കേള്‍ക്കുമ്പോലെ തോന്നുന്നു.
- ഗോവിന്ദപ്പണിക്കര്‍
- നല്ല കഥയാണ് ഇത്. ഇന്ദുലേഖയെ നീ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലൊ. നിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടോ എന്നു സംശയം, അത്ര പരവശയായിരിക്കുന്നു.
മാധവന്‍ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് മുഖം താഴ്ത്തി.
ആ ദിവസം കേശവചന്ദ്രസേന്റെ കൂടെ താമസിച്ച്, പിറ്റേ ദിവസത്തെ വണ്ടിക്കു മലയാളത്തിലേക്കു പുറപ്പെടുവാന്‍ നിശ്ചയിക്കുകയും ചെയ്തു.
ബാബു കേശവചന്ദ്രസേന്റെ ഉന്നതമായ ഒരു വെണ്മാടസൌധത്തില്‍ വിശേഷമായ ചന്ദ്രികയില്‍ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍കുട്ടിമേനവനും കൂടി അന്നു രാത്രി കാറ്റുകൊള്ളുവാന്‍ ഇരുന്നപ്പോള്‍ ഇവര്‍ തമ്മില്‍ ഉണ്ടായ മുഖ്യമായ ചില സംഭാഷണങ്ങളെക്കുറിച്ചുകൂടി എന്റെ വായനക്കാരെ അറിയിപ്പാന്‍ എനിക്കു താല്പര്യമുണ്ടാകയാല്‍ അതിന്റെ വിവരം എനിയത്തെ അദ്ധ്യായത്തില്‍ കാണിപ്പാന്‍ നിശ്ചയിക്കുന്നു.
|