മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ
മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
മാധവന്‍ മദിരാശി വിട്ട് പോയമുതല്‍ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിന്റെ അവസ്ഥയെക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവന്‍ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതില്‍ മാധവന്റെ അമ്മ മുതലായവര്‍ക്കുണ്ടായ ഒരു വ്യസനം പോലെ അല്ല ഇന്ദുലേഖയ്ക്ക് ഉണ്ടായ വ്യസനം. ഇന്ദുലേഖ മുഖ്യമായി വ്യസനിച്ചചു രണ്ടു സംഗതിയിലാണ്. ഒന്നാമത്, മാധവന്‍ തന്നെക്കുറിച്ച് ഒരു ഭോഷ്കു കേട്ടത് ഇത്ര ക്ഷണേന വിശ്വസിച്ചുവല്ലൊ; തന്റെ ബുദ്ധിയുടെ സ്വഭാവം മാധവന് ഇത്ര അറിവില്ലാതെ പോയല്ലൊ എന്ന്. രണ്ടാമത്, മാധവനു ബുദ്ധിക്കു കുറെ പ്രസരിപ്പ് അധികമായാലും തന്നോടു സ്വന്ത പ്രാണനേക്കാള്‍ അധികം പ്രീതിയാണെന്നു താന്‍ അറിയുന്നതുകൊണ്ടും തന്റെ വിയോഗം നിമിത്തം ഉള്ള കഠിനമായ വ്യസനത്തില്‍ സ്വന്തജീവനെത്തന്നെ മാധവന്‍ നശിപ്പിച്ചു കളഞ്ഞുവെങ്കിലോ എന്നും ഒരു ഭയം. ഇങ്ങിനെ രണ്ടു സംഗതികളെ ഓര്‍ത്തിട്ടാണ് ഇന്ദുലേഖ വ്യസനിച്ചത്. രാജ്യസഞ്ചാരത്തിന്നു പോയതുകൊണ്ട് ഒരു വൈഷമ്യവുമില്ല. പഠിപ്പു കഴിഞ്ഞശേഷം ഒരു രാജ്യസഞ്ചാരം കഴിക്കേണ്ടതാവശ്യമാണ്, അതില്‍ ഒന്നും ഭയപ്പെടാനില്ലെന്നായിരുന്നു ഇന്ദുലേഖയുടെ വിചാരം. മേല്‍പറഞ്ഞ സംഗതികളില്‍ തനിക്കു കഠിനമായ വ്യസനമുണ്ടായിരുന്നുവെങ്കിലും അതൊക്കെയും മനസ്സില്‍ അടക്കി ഗോവിന്ദപ്പണിക്കരും മറ്റും തിരയാന്‍ പോയതിന്റെ മൂന്നാംദിവസം എന്നു തോന്നുന്നു, ഇന്ദുലേഖ റെയില്‍വേ സ്റ്റേഷനില്‍ വല്ല കമ്പി വര്‍ത്തമാനവും എത്തിയാല്‍ കൊണ്ടു വരാന്‍ ഏല്പിച്ച് സ്റ്റേഷന്റെ സമീപം പോയി താമസിച്ച് ദിവസം സ്റ്റേഷനില്‍ പോയി വര്‍ത്തമാനം അന്വേഷിക്കാന്‍ ഒരാളെ നിയമിച്ചയച്ചു. ഇന്ദുലേഖ പിന്നെ ദിവസം കഴിച്ചു പോയത് എങ്ങിനെ എന്നു പറയാന്‍കൂടി പ്രയാസം. പാര്‍വ്വതി അമ്മയുടെ വ്യസന ശാന്തിക്ക് എല്ല സമയവും ആ അമ്മയുട കൂടെ തന്നെ ഇരുന്നു. മാധവന്‍ പോയി എന്നു കേട്ടതുമുതല്‍ പാര്‍വ്വതി അമ്മയെ എന്തോ തന്റെ അമ്മയെക്കാള്‍ സ്നേഹമായി. ഇന്ദുലേഖ ഒരു നേരമെങ്കിലും പിരിഞ്ഞിരിക്കാറില്ലാ. കുളിയും ഭക്ഷണവും കിടപ്പും ഉറക്കും എല്ലാം ഒരുമിച്ചു തന്നെ. എന്നാല്‍ പാര്‍വ്വതി അമ്മയ്ക്ക് ഇന്ദുലേഖയും മാധവനുമായുള്ള സ്ഥിതി മുഴുവന്‍ മനസ്സിലായിട്ടുണ്ടായിരുന്നില്ലാ. തമ്മില്‍ വളരെ സ്നേഹമാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ തീര്‍ച്ചയായി ഭാര്യാഭര്‍ത്താക്കന്മാരുടെ നിലയില്‍ വരാന്‍ പോവുന്നു എന്നും ഇന്ദുലേഖയ്ക്കു മാധവന്‍ അല്ലാതെ വേറെ ആരും ഭര്‍ത്താവാകാന്‍ പാടില്ലെന്നും പാര്‍വ്വതി അമ്മയ്ക്ക് ലേശം പോലും തോന്നീട്ടില്ല. അങ്ങിനെ ഇരിക്കുമ്പോള്‍ മാധവനെത്തന്നെ ഓര്‍ത്തുംകൊണ്ട് ഒരു രാത്രിയില്‍ ഇന്ദുലേഖയുടെ മാളികയില്‍ ഇന്ദുലേഖയുടെ സമീപം പാര്‍വ്വതി അമ്മ ഉറങ്ങാനായി കിടന്നു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞിരിക്കുന്നു. പാര്‍വ്വതി അമ്മ തന്റെ കോച്ചിന്മേല്‍ എണീറ്റിരുന്ന് ഇന്ദുലേഖ ഉറങ്ങുന്നുവോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് ഇന്ദുലേഖയും എഴുന്നീറ്റ് ഇരുന്നു.
- പാര്‍വ്വതി അമ്മ
- മകളെ ഞാന്‍ നിന്നോട് ഒന്നു ചോദിക്കട്ടെ, നീ എന്നോടു നേരു പറയുമോ?
- ഇന്ദുലേഖ
- എന്താണു സംശയം?
- പാര്‍വ്വതി അമ്മ
- നീ മാധവനു വിരസമായി വല്ല എഴുത്തോ മറ്റോ എഴുതിയിരുന്നുവോ?
- ഇന്ദുലേഖ
- ഇതുവരെ ഇല്ല.
- പാര്‍വ്വതി അമ്മ
- നിന്നെ കുറിച്ചുള്ള വ്യസനം കൊണ്ടാണ് അവന്‍ പോയത്.
- ഇന്ദുലേഖ
- ആയിരിക്കണം.
- പാര്‍വ്വതി അമ്മ
- എന്റെ മകള്‍ മാധവനെ ഭര്‍ത്താവാക്കി എടുക്കുമെന്ന് ഒരെഴുത്ത് ഇങ്കിരീസ്സില്‍ എഴുതി അയച്ചാല്‍ രണ്ടു ദിവസത്തിലകത്ത് എന്റെ മകന്‍ ഇവിടെ എത്തുമായിരുന്നു. അതിനിപ്പോള്‍ അമ്മാമന്റെ സമ്മതമില്ലല്ലൊ. എന്തു ചെയ്യും? എന്റെ കുട്ടിയുടെ തലയില്‍ എഴുത്ത്.
എന്നു പറഞ്ഞ് പാവം കരഞ്ഞു തുടങ്ങി.
- ഇന്ദുലേഖ
- അതിനെക്കുറിച്ച് ഒന്നും നിങ്ങള്‍ വ്യസനിക്കേണ്ട. അദ്ദേഹത്തെയല്ലാതെ വേറെ ഈ ജന്മം ഒരാളെയും ഞാന്‍ ഭര്‍ത്താവാക്കി എടുക്കയില്ലെന്ന് അദ്ദേഹം നല്ലവണ്ണം അറിയും.
- പാര്‍വ്വതി അമ്മ
- എന്റെ മകളുടെ വിചാരം അങ്ങിനെയാണെന്നു മാധവന്‍ അറിഞ്ഞിട്ടുണ്ടോ?
- ഇന്ദുലേഖ
- ശരിയായിട്ട് – വെടുപ്പായിട്ട്.
- പാര്‍വ്വതി അമ്മ
- എന്നാല്‍ എന്റെ മകന്‍ എങ്ങും പോവില്ല. മടങ്ങിവരും.
- ഇന്ദുലേഖ
- മടങ്ങിവരാതിരിപ്പാന്‍ കാരണമില്ല. എന്നാല്‍ നുമ്മളുടെ നിര്‍ഭാഗ്യത്താല്‍ എന്തെല്ലാം വരുന്നു എന്ന് അറിവാന്‍ പാടില്ല.
എന്നും മറ്റും പറഞ്ഞു രണ്ടു പേരും രാത്രി മുഴുവനും ഉറങ്ങാതെ കഴിച്ചു – എങ്കിലും പാര്‍വ്വതി അമ്മയ്ക്ക് അന്ന് ഒരു കാര്യം തീര്‍ച്ചയായി മനസ്സിലായി – ഇന്ദുലേഖ മാധവന്റെ ഭാര്യയായിട്ടിരിപ്പാനാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന്.
ഇങ്ങിനെ ദിവസങ്ങള്‍ കുറെ കഴിഞ്ഞു. “മാധവന്‍ നാടുവിട്ടു പൊയ്ക്കളഞ്ഞുപോല്‍!” എന്ന് നാട്ടിലെല്ലാം പ്രസിദ്ധമായി. ശങ്കരശാസ്ത്രികള്‍ ഇന്ദുലേഖയെക്കൊണ്ടു നുണ പറഞ്ഞിട്ടാണ് എന്നാണ് വര്‍ത്തമാനമായത്. ഒരു മാസം കഴിഞ്ഞ ശേഷം ശങ്കരശാസ്ത്രികള്‍ ചെമ്പാഴിയോട്ടു വന്നപ്പൊഴെക്ക് അദ്ദേഹത്തിന്നു ശകാരം കേട്ടിട്ടു പുറത്തിറങ്ങാന്‍ വയ്യാതെ ആയിത്തീര്‍ന്നു. അമ്പലത്തില്‍ തന്നെ ലജ്ജിച്ചു വ്യസനിച്ച് ഇരുന്നു. ശാസ്ത്രികള്‍ വന്നിട്ടുണ്ടെന്ന് ആരോ ഇന്ദുലേഖയോടു പറഞ്ഞു. ഉടനെ വിളിക്കാന്‍ ആളെ അയച്ചു. ആള്‍ ചെന്നു വിളിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ശാസ്ത്രികളുടെ ജീവന്‍ ഞെട്ടി. കഷ്ടം! ഞാന്‍ ഇത്ര യോഗ്യരായ രണ്ടുപേര്‍ക്ക് അത്യാപത്തു വരുത്താന്‍ ഓര്‍ത്ത് കരഞ്ഞുപോയി. പിന്നെ ഇന്ദുലേഖയ്ക്കു തന്റെമേല്‍ എത്ര ദേഷ്യമുണ്ടായിരിക്കും; എന്തൊക്കെ പറയും എന്നറിഞ്ഞില്ലാ എന്നു വിചാരിച്ച് അതിയായിട്ട് ഒരു ഭയം. പിന്നെ ഈ വ്യസനത്തില്‍ ഇന്ദുലേഖയെ കാണാതിരിക്കുന്നതു മഹാ അയോഗ്യമല്ലേ എന്ന് ഒരു വിചാരം “എന്തെങ്കിലും ആവട്ടെ, ഞാന്‍ അസത്യമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലാ. ഇന്ദുലേഖയ്ക്കും മാധവനും ഹിതമായിട്ടല്ലാതെ ഞാന്‍ ഒന്നും ഒരിക്കലും മനഃപൂര്‍വ്വം ചെയ്കയുമില്ല. അതിന്നു സര്‍വ്വാന്തര്യാമിയായ ജഗദീശ്വരന്‍ സാക്ഷിയുണ്ടല്ലോ” എന്നൊരു ധൈര്യം. ഇങ്ങിനെ മനസ്സിന്നു പലേ ചേഷ്ടകളോടുകൂടി ജീവശ്ശവനെന്നപോലെ ശാസ്ത്രികള്‍ ഇന്ദുലേഖയുടെ മുമ്പില്‍ പോയി നിന്നു.
എന്നാല്‍ ഇന്ദുലേഖയ്ക്കു ശാസ്ത്രികളോടു യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ലാ. ഇന്ദുലേഖ അന്വേഷിച്ചു സകല വിവരങ്ങളും മനസ്സിലാക്കിയിരിക്കുന്നു. ഗോവിന്ദന്‍ വഴിയില്‍ സത്രത്തിന്റെ ഉമ്രത്തുവെച്ചു ശാസ്ത്രികളോടു പറഞ്ഞതുകൂടി അറിഞ്ഞിരിക്കുന്നു. ശാസ്ത്രികള്‍ക്കു തന്നോടുള്ള സ്നേഹം നിമിത്തം ഈ ദുസ്സഹമായ ഭോഷ്കു കേട്ടു നേരാണെന്നു ധരിച്ചു കഠിനമായി വ്യസനിച്ചതിനാല്‍ അന്നു പുറപ്പെട്ടു പോവാന്‍തന്നെ കാരണമായതാണെന്നുകൂടി ഇന്ദുലേഖയ്ക്ക് മനസ്സിലായിരിക്കുന്നു. എന്നാല്‍ ശാസ്ത്രികളെ അപ്പോള്‍ വിളിക്കാന്‍ പറഞ്ഞതിന്റെ കാരണം, മാധവനെ ഒടുവില്‍ കണ്ടു സംസാരിച്ചാള്‍ അദ്ദേഹമായതുകൊണ്ട് ആ വര്‍ത്തമാനം ചോദിപ്പാന്‍ മാത്രമാണ്.
ശാസ്ത്രികളെ മുമ്പില്‍ കണ്ട ഉടനെ ഒരു കസാല നീക്കിവെച്ച് ഇരിക്കാന്‍ പറഞ്ഞു.
ശാസ്ത്രികള്‍ ആ നിന്ന ദിക്കില്‍ നിന്നു തന്നെ കലശലായി കരഞ്ഞും കൊണ്ടു പറഞ്ഞു:
- “ഈ മഹാപാപിയായ എന്നെ എന്തിനു വിളിച്ചു കാണുന്നു? നിങ്ങള്‍ രണ്ടുപേരും എനിക്ക് എന്റെ പ്രാണനു സമമാണ്. ജഗദീശ്വരാ! അറിയാതെ അബദ്ധമായി ഞാന്‍ നിങ്ങള്‍ക്ക് ഈ ആപത്തിനു കാരണമായല്ലോ”
എന്ന് പറഞ്ഞപ്പോള്‍,
- ഇന്ദുലേഖ
- ഇരിക്കൂ. ഞാന്‍ സകല വിവരങ്ങളും അറിഞ്ഞിരിക്കുന്നു. എന്നോടും മാധവനോടും ശാസ്ത്രികള്‍ക്കുള്ള സ്നേഹശക്തിയാല്‍ മാത്രം ആപത്തിന്നു കാരണമായതാണ്. പിന്നെ ശാസ്ത്രികള്‍ക്കു മാത്രമല്ല ഈ തെറ്റായ ധാരണ ഉണ്ടായത്. വേറെ പലേ ആളുകളും തെറ്റായി ധരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നും എനിക്ക് അത്ര ആശ്ചര്യമില്ലാ. എന്റെ ആശ്ചര്യവും വ്യസനവും അദ്ദേഹം കൂടി ഈ വര്‍ത്തമാനം ഇത്ര ക്ഷണം വിശ്വസിച്ചുവല്ലോ എന്നറിഞ്ഞതാണ്.
എന്നു പറയുമ്പോഴെയ്ക്ക് ഇന്ദുലേഖയ്ക്ക് കണ്ണില്‍ ജലം നിറഞ്ഞു പോയി.
- ശാസ്ത്രികള്‍
- (ഗല്‍ഗദാക്ഷരമായി) കഷ്ടം! കഷ്ടം! ഇങ്ങിനെ ശങ്കിക്കരുതെ, ഇതാണു കഷ്ടം! ഞാന്‍ അദ്ദേഹത്തോടു പറഞ്ഞ വാക്ക് ഇന്ദുലേഖ കേട്ടിരുന്നാല്‍ ഇന്ദുലേഖ തന്നെ ഒരു സമയം വിശ്വസിച്ചു പോവും. അങ്ങിനെ ഉറപ്പായിട്ടാണ് ഞാന്‍ പറഞ്ഞത്. പിന്നെ ഞാന്‍ ഇന്ദുലേഖയുടെ വലിയ സ്നേഹിതനാണെന്നു മാധവനു നല്ല അറിവ് ഉണ്ടല്ലൊ. അങ്ങിനെയുള്ള ഞാന്‍ ഇന്ദുലേഖയെ കഠിനമായി ചീത്ത വാക്കുകള്‍ പറഞ്ഞ് മാറത്ത് അടിച്ചു കരയുന്നതു മാധവന്‍ കണ്ടു. നമ്പൂതിരിപ്പാടും ഇന്ദുലേഖയും ഞാനും പകുതി വഴിയോളം ഒന്നായി വന്നു എന്നു പറയുകയും അതോടുകൂടി വേറെ അസംഖ്യം ആളുകള്‍ ഈ ദിക്കില്‍ നിന്നു വരുന്നവര്‍ എല്ലാവരും അതിനു ശരിയായി അതേപ്രകാരം തന്നെ പറയുകയും ചെയ്താല്‍ വിശ്വസിക്കുന്നത് ഒരു ആശ്ചര്യമോ? കഷ്ടം മാധവനെ യാതൊരു ദൂഷ്യവും പറയരുതെ.
ഇന്ദുലേഖയ്ക്ക് ഇതു കേട്ടപ്പോള്‍ മനസ്സിന്നു കുറെ സുഖമാണു തോന്നിയത്. മാധവന്‍ തെറ്റായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നു കേള്‍ക്കുന്നതു തനിക്ക് എല്ലായ്പോഴും ബഹുസന്തോഷമാണ്. താന്‍ തെറ്റു ചെയ്തു എന്നുവന്നാലും വേണ്ടതില്ലാ.
- ഇന്ദുലേഖ
- ശാസ്ത്രികള്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ മാധവന്‍ എന്തു ചെയ്തു?
- ശാസ്ത്രികള്‍
- ആദ്യം പറഞ്ഞത് ഒരു എടവഴിയില്‍ വെച്ചാണ്. അതിന്നു മുമ്പ് തന്നെ പലരും പറഞ്ഞിരിക്കുന്നു. കേട്ടതു ശരിയോ എന്നു ചോദിച്ചതിന് അതെ അതെ എന്നു ഞാന്‍ പറഞ്ഞപ്പോഴേക്കു മാധവനു ബോധക്ഷയംപോലെ ആയി. ഇത്രത്തോളം പറഞ്ഞപ്പോഴേയ്ക്ക് ഇന്ദുലേഖയ്ക്ക് കേള്‍ക്കാന്‍ വയ്യാതെയായി കട്ടിലിന്മേല്‍ പോയി കിടന്നു കരഞ്ഞുതുടങ്ങി.
- ശാസ്ത്രികള്‍
- ഛീ വ്യസനിക്കരുതെ, വ്യസനിക്കരുതെ. ഉടനെ എല്ലാം സന്തോഷമായി വരും. ഞാന്‍ ദിവസം ത്രികാലപൂജയായി ഭഗവതി സേവ കഴിക്കുന്നുണ്ട്. എല്ലാം ഈശ്വരി ശുദ്ധമായി വരുത്തും.
എന്നും മറ്റും പറഞ്ഞു ശാസ്ത്രികള്‍ ഒരു വിധത്തില്‍ മാളികയില്‍ നിന്നും കണ്ണുനീര്‍ വാര്‍ത്തും കൊണ്ട് എറങ്ങിപ്പോയി.
ഇന്ദുലേഖ ദിവസം നേരം വെളിച്ചായാല്‍ പിന്നെ അസ്തമനം വരെ വല്ല ആളുകളും കത്തുംകൊണ്ട് സ്റ്റേഷനില്‍ നിന്നു വരുന്നുണ്ടോ എന്നു മാളികയില്‍ നിന്നു നോക്കിക്കൊണ്ടു പകല്‍ മുഴുവന്‍ കഴിക്കും. കുളി, ഊണു മുതലായതൊക്കെ പുറത്ത് ആളുകള്‍ക്കു പരിഹസിപ്പാന്‍ എട കൊടുക്കാത്ത വിധം കഴിച്ചുകൂട്ടി എന്നു വരുത്തും. ഇങ്ങിനെ കഴിയുന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം പകല്‍ നാലുമണി സമയത്ത് ഇന്ദുലേഖ മാളികയില്‍ കോച്ചിന്മേല്‍ കിടന്നേടത്തു നിന്ന് താനെ ഉറങ്ങിപ്പോയി. രാത്രി ഉറക്കമില്ലാത്തതിനാല്‍ എന്തോ ഒരു ക്ഷീണം കൊണ്ട് ഈ സമയത്ത് ഉറങ്ങിപ്പോയതാണ്. നേരം ഏകദേശം ആറരമണി ആയപ്പോള്‍ വല്ലാതെ ഉറക്കത്തുനിന്നു ഞെട്ടി ഉണര്‍ന്ന് “അയ്യോ! അയ്യോ! എന്റെ ഭര്‍ത്താവിനെ ഒരു മുസല്‍മാന്‍ കുത്തിക്കൊന്നുകളഞ്ഞുവോ? കഷ്ടം! എന്റെ ഭര്‍ത്താവു മരിച്ചു. എനി എനിക്ക് ഇരുന്നതുമതി.” കുറേ ഉച്ചത്തില്‍ ഒന്നു വിളിച്ചു. ഈ നിലവിളി പൂവരങ്ങില്‍ ചുവട്ടിലെ നിലിയിലുള്ളവര്‍ക്കു കേള്‍ക്കാം. ഉടനെ പഞ്ചുമേനവന്‍, ലക്ഷ്മിക്കുട്ടി അമ്മ മുതലായവരും ദാസികള്‍ വാലിയക്കാരും തിക്കിത്തിരക്കി ബദ്ധപ്പെട്ടു മാളികയിലേക്ക് ഓടിക്കയറി നോക്കിയപ്പോള്‍ ഇന്ദുലേഖ കോച്ചിന്മേല്‍ ബഹുക്ഷീണത്തോടെ കിടക്കുന്നു. ഉടനെ ലക്ഷ്മിക്കുട്ടി അമ്മ ചെന്നു കൈകൊണ്ടു പിടിച്ചു. അപ്പോഴേയ്ക്കും പഞ്ചുമേനവന്‍ ചെന്നെടുത്തു മടിയില്‍ വെച്ചു. ശരീരം തൊട്ടപ്പോള്‍ നല്ല തീക്കൊള്ളി കൈകൊണ്ടു പിടിച്ചതു പോലെ തോന്നി. എന്താണ് ഈശ്വരാ! പെണ്ണിന് ഇങ്ങിനെ പനിക്കുന്നത് എന്നു പറഞ്ഞും കൊണ്ട് ഇന്ദുലേഖയോട് പഞ്ചുമേനവന്‍, “മകളെ! നീ എന്താണ് നിലവിളിച്ചുവോ?” എന്നു ചോദിച്ചു. ഇന്ദുലേഖയ്ക്ക് ഒച്ച വലിച്ചിട്ടു വരുന്നില്ലാ. കുറെ വെള്ളം കുടിക്കണം എന്നു പറഞ്ഞു. വെള്ളം കൊണ്ടു വന്നു കുടിച്ചശേഷം അകത്തു വളരെ ആളുകള്‍ നില്ക്കുന്നതുകണ്ടു.
- ഇന്ദുലേഖ
- എല്ലാവരും പുറത്തുപോട്ടെ, അമ്മമാത്രം ഇവിടെ നില്ക്കട്ടെ. അമ്മയോടു വര്‍ത്തമാനം ഞാന്‍ സ്വകാര്യം പറഞ്ഞ് വല്യച്ഛന്റെ അടുക്കെ അയയ്ക്കാം. വലിയച്ഛനോട് എനിക്കു നേരെ പറഞ്ഞുകൂടാ.
എന്നു പറഞ്ഞതു കേട്ടു പരിഭ്രമത്തോടുകൂടി ലക്ഷ്മിക്കുട്ടി അമ്മ ഒഴികെ മറ്റുള്ള എല്ലാവരും താഴത്ത് എറങ്ങിപ്പോന്നു.
- ഇന്ദുലേഖ
- അമ്മേ! ഞാന്‍ ചീത്തയായി ഒരു സ്വപ്നം കണ്ടു ഭയപ്പെട്ടു നിലവിളിച്ചതാണ്. മാധവന്‍ ബങ്കാളത്തിന്നു സമീപമായ ഒരു സ്ഥലത്തു സഞ്ചരിക്കുമ്പോള്‍ ഒരു മുസല്‍മാന്‍ മാധവന്റെ നെഞ്ചത്ത് ഒരു കട്ടാരം കൊണ്ടു കുത്തി മാധവനെ കൊന്ന് മുതല്‍ എല്ലാം കളവു ചെയ്തു കൊണ്ടു പോയി എന്നൊരു സ്വപ്നം കണ്ടു. മാധവന്‍ മുറി ഏറ്റ് “അയ്യോ! എന്റെ ഇന്ദുലേഖ എനി എങ്ങിനെ ജീവിക്കും”, എന്ന് എന്നോട് എന്റെ മുഖത്തു നോക്കിക്കൊണ്ടു പറഞ്ഞു പ്രാണന്‍പോയി. ഇങ്ങിനെ കണ്ടപ്പോള്‍ വല്ലാതെ നിലവിളിച്ചു പോയി. എന്തോ മാധവന് ഒരു അപകടം പറ്റീട്ടുണ്ട്, എന്ന് എന്റെ മനസ്സില്‍ എപ്പോഴും തോന്നുന്നു.
ലക്ഷ്മിക്കുട്ടി അമ്മ ഇതുകേട്ടപ്പോള്‍ കരഞ്ഞുപോയി. ഉടനെ കണ്ണുനീരെല്ലാം തുടച്ചു.
- ലക്ഷ്മിക്കുട്ടി അമ്മ
- എന്റെ മകള്‍ വ്യസനിക്കണ്ട. സ്വപ്നത്തില്‍ എന്തെല്ലാം അസംഭവ്യങ്ങളെ കാണും? അത് അശേഷം സാരമാക്കാനില്ലാ. മാധവന്‍ സുഖമായി ഉടനെ എത്തും. എന്റെ മകള്‍ക്കു സുഖമായി മാധവനോടുകൂടി ഇരിക്കാന്‍ സാധിക്കും.
- ഇന്ദുലേഖ
- എന്തോ! അമ്മേ! എനിക്ക് ഒന്നും അറിഞ്ഞുകൂടാ. സ്വപ്നം ശരിയായി ഭാവിവര്ത്തമാനങ്ങളെ കാണിക്കുമെന്ന് എനിക്ക് അശേഷം വിശ്വാസമില്ലാ; എന്നാല്‍ യദൃച്ഛയാ ഒത്തുവരാം. അത് എങ്ങിനെയായാലും എന്റെ മനസ്സു വ്യസനിച്ചു പോയി.
- ലക്ഷ്മിക്കുട്ടി അമ്മ
- എന്റെ മകള്‍ക്ക് നന്നെ പനിക്കുന്നുവല്ലൊ. പുതച്ചു കിടക്കണം.
എന്നു പറഞ്ഞു കട്ടിലിന്മേല്‍ കൂട്ടിക്കൊണ്ടുപോയി കിടത്തി പുതപ്പിച്ചു അടുക്കെ ഇരുന്നു.
- ഇന്ദുലേഖ
- അമ്മ പോയി ഈ വിവരം വലിയച്ഛനോടു പറയൂ.
- ലക്ഷ്മിക്കുട്ടി അമ്മ
- ഇപ്പോള്‍ പറയണോ? നീ ഉറക്കത്തു മാധവനെക്കുറിച്ചു പറഞ്ഞ വാക്ക് ഓര്‍മ്മയുണ്ടോ?
- ഇന്ദുലേഖ
- ഇല്ലാ. എന്താണു പറഞ്ഞത്?
- ലക്ഷ്മിക്കുട്ടി അമ്മ
- “ഭര്‍ത്താവെ”, എന്നാണ് നിലവിളിച്ചത്. അത് സകല ആളുകളും കേട്ടിരിക്കുന്നു.
- ഇന്ദുലേഖ
- അതുകൊണ്ട് എന്താണ്? അദ്ദേഹം എന്റെ മനസ്സുകൊണ്ടു ഞാന്‍ ഭര്‍ത്താവാക്കി നിശ്ചയിച്ച ആളല്ലെ? എനിക്ക് ഈ ജന്മം അദ്ദേഹമല്ലാതെ വേറെ ഒരാളും ഭര്ത്താവായിരിക്കയില്ലെന്നും ഞാന്‍ തീര്‍ച്ചയാക്കിയ കാര്യമല്ലെ. പിന്നെ എന്നെത്തന്നെ ആഗ്രഹിച്ചു സര്‍വ്വസ്വവും ഉപേക്ഷിച്ചു ഞാന്‍ നിമിത്തം ഈ സങ്കടങ്ങളെല്ലാം അനുഭവിച്ച അതികോമളനായ അദ്ദേഹം ഏതു ദിക്കില്‍ കിടന്നു വലയുന്നുണ്ടോ അറിഞ്ഞില്ലാ. അങ്ങിനെയുള്ള അദ്ദേഹത്തെ ഭര്‍ത്താവ് എന്നു ഞാന്‍ വിളിക്കുന്നതിലും അത് എനി സര്‍വ്വ ജനങ്ങളും അറിയുന്നതിലും എനിക്കു മനസ്സിന്നു സന്തോഷമല്ലേ ഉണ്ടാവാന്‍ പാടുള്ളൂ. അദ്ദേഹത്തിനു നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അറിയുന്ന ക്ഷണം എന്റെ മരണമാണെന്നുള്ളതിന് എനിക്കു സംശയമില്ലാ. ഇതാ, ഈ നിമിഷത്തില്‍ തന്നെ എനിക്ക് ഒരു ജ്വരം വന്നു പിടിച്ചതു കാണുന്നില്ലേ? മാധവന്‍ തിരിയെ വന്ന് എനിക്കു കാണാന്‍ കഴിയുന്നുവെങ്കില്‍ ഈ രോഗത്തില്‍ നിന്നു ഞാന്‍ നിവൃത്തിക്കും. ഇല്ലെങ്കില്‍ –
ഇത്രത്തോളം പറയുമ്പോഴേയ്ക്കു ലക്ഷ്മിക്കുട്ടി അമ്മ പൊട്ടിക്കരഞ്ഞു: “എന്റെ മകള്‍ ഇങ്ങിനെ ഒന്നും പറയരുതേ” എന്ന് പറഞ്ഞു കട്ടിലിന്മേല്‍ അവിടെ വീണു.
- ഇന്ദുലേഖ
- പോയി പറയൂ അമ്മേ. വലിയച്ഛനോടു പറയൂ. അദ്ദേഹം അമ്മയെ കാത്തു നില്‍ക്കുന്നുണ്ട് ചുവട്ടില്‍. എനിക്ക് എനി ഒന്നുകൊണ്ടും ഭയമില്ലാ. എന്റെ മനസ്സിന്ന് ഇപ്പോള്‍ ആകപ്പാടെ ഒരു ഭ്രാന്തിയാണ് ഉള്ളത്. വലിയച്ഛന് ഞാന്‍ എന്റെ ഭര്‍ത്താവിനെ ഭര്‍ത്താവ് എന്നു വിളിച്ചു പോയതില്‍ രസമില്ലായിരിക്കാം. അങ്ങിനെ ആയിക്കൊള്ളട്ടെ. കൊച്ചുകൃഷ്ണന്‍മാമന്‍ എന്നെ അതിവാത്സ്യലത്തോടുകൂടി വളര്‍ത്തി എന്നെ എന്റെ അവസ്ഥപോലെ വെപ്പാന്‍ കഴിയുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. എനിക്ക് ഇഹലോകനിവാസത്തില് അദ്ദേഹത്തിന്റെ മരണശേഷം അത്ര കാംക്ഷ ഉണ്ടായിരുന്നില്ലാ. ദൈവഗത്യാ എന്റെ യൌവനമായപ്പോള്‍ എന്റെ മനസ്സിന്നു സര്‍വ്വസുഖവും കൊടുക്കുമെന്ന് എനിക്കു വിശ്വാസമുള്ള അതിയോഗ്യനായ ഒരു പുരുഷനെ ഭര്‍ത്താവായി മനസ്സില്‍ വരിപ്പാന്‍ എനിക്കു ഭാഗ്യമുണ്ടായി. അത് എനിക്ക് ഇപ്പോള്‍ സാധിക്കാതെ പോവുമോ എന്ന് എനിക്ക് ഭയം തോന്നുന്നു. ഞാന്‍ ഭാഗ്യമില്ലാത്തവളാണ്. അതുകൊണ്ടാണ് ഇങ്ങിനെ എല്ലാം വന്നത്. ഏതായാലും എന്റെ കൊച്ചുകൃഷ്ണന്‍മാമന്റെ അച്ഛനോടു ഞാന്‍ ഒരു കാര്യവും മറച്ചു വയ്ക്കയില്ലാ. അമ്മ പോയി വിവരമായി പറഞ്ഞ് ഇങ്ങട്ടുതന്നെ വരൂ. എന്റെ കൂടെത്തന്നെ കിടക്കണം.
ലക്ഷ്മിക്കുട്ടി അമ്മ പതുക്കെ എണീറ്റു കരഞ്ഞുംകൊണ്ട് മാളികയില്‍ നിന്നിറങ്ങി.
ഇവിടെ എന്റെ വായനക്കാരെ അല്പം ഒരു വിവരം വിശേഷവിധിയായി അറിയിപ്പാനുണ്ട്.
ഇന്ദുലേഖ വൈകുന്നേരം ആറരമണിക്കു സ്വപ്നം കണ്ടതും മാധവന്റെ മുതല്‍ സ്റ്റേഷനില്‍ നിന്ന് “അലഹബാദിലെ സബ്ബ് ജഡ്ജി” മാധവനെ ചതിച്ചു കട്ടുകൊണ്ടു പോയതും ഒരേ ദിവസം ഒരേകാലത്തായിരുന്നു, എന്നു മാധവന്‍ വന്ന ശേഷം ഇന്ദുലേഖയും മാധവനും ദിവസങ്ങളുടെ കണക്കു നോക്കി തീര്‍ച്ചയാക്കിയിരുന്നു. ഈ കഥ ഞാന്‍ വെളിവായി പറഞ്ഞതില്‍ എന്റെ വായനക്കാര്‍ എനിക്കു സ്വപ്നങ്ങള്‍ ഭൂതഭവിഷ്യദ്‌വര്‍ത്തമാനങ്ങളെ ശരിയായി സൂചിപ്പിക്കുന്നവകളാണെന്നുള്ള വിശ്വാസമുണ്ടെന്നു വിചാരിച്ചു പോവരുതേ. മനുഷ്യരുടെ മനസ്സ് സാധാരണ ഇന്ദ്രിയഗോചരങ്ങളല്ലാത്ത വിവരങ്ങള്‍ അറിവാന്‍ ശക്തിയുള്ളതാണെന്നോ അല്ലെന്നോ ഉള്ള തീര്‍ച്ചവിശ്വാസവും എനിക്കു വന്നിട്ടില്ലാ. തിയോസോഫിസ്റ്റസ്സ് ഈ സംഗതിയില്‍ പറയുന്നത് ഒന്നും ഞാന്‍ എനിയും വിശ്വസിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ എനിക്ക് ആകപ്പാടെ ഒരു വിശ്വാസം ഉണ്ട്. അതു മനുഷ്യന്റെ ശരീരം അതിന്റെ സൃഷ്ടി സ്വഭാവത്തേയും വ്യാപാരത്തേയും ഓര്‍ക്കുമ്പോള്‍ പക്ഷേ, ഒരു നാഴികമണിയുടേയോ മറ്റു യന്ത്രങ്ങളുടെയോ മാതിരിയില്‍ പലേ സാധനങ്ങളേയും അന്യോന്യം സംബന്ധിപ്പിച്ച് അന്യോന്യം ആശ്രയമാക്കിയ മാതിരിയില്‍ ശരിയായി പ്രവര്‍ത്തിപ്പാന്‍ ഉണ്ടാക്കിവെച്ച ഒരു യന്ത്രം എന്നു തന്നെ പറയാമെങ്കിലും, മനുഷ്യരില്‍ അന്തര്‍ഭവിച്ചു കാണുന്ന ചില അവസ്ഥകളെ നോക്കുമ്പോള്‍ നമുക്ക് ഇതുവരെ വിവരമായി അറിവാന്‍ കഴിയാത്ത ചില ശക്തികള്‍ മനുഷ്യന്റെ ആത്മാവിന് ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. സ്വപ്നം മനസ്സിന്ന് ഉണ്ടാവുന്ന ഭ്രാന്തിയാണ്. സോമനാംബുലിസം, മെസ്മറിസം എന്നിങ്ങനെ ബിലാത്തിക്കാര് പറയുന്ന വിദ്യകളെപ്പോലെ സാധാരണ സൃഷ്ടി സ്വഭാവത്തില്‍ മനുഷ്യന്റെ മനസ്സിന്ന് ഉറക്കത്തില്‍ ചിലപ്പോള്‍ ഉണ്ടാവുന്ന ഒരു വികാരം എന്നേ പറയാനുള്ളൂ. എന്നാല്‍ ആ വികാരം ചിലപ്പോള്‍ നമുക്ക് അറിവാന്‍ കഴിയുന്ന ഒന്നാന്തരം കാരണത്തെ ആശ്രയിച്ചു വരാം. ചിലപ്പോള്‍ നമുക്ക് അറിവാന്‍ കഴിയുന്ന യാതൊരു കാരണവും ഇല്ലാതെയും വരാം. ചിലപ്പോള്‍ ശുദ്ധ അസംഭവ്യങ്ങളായ അവസ്ഥകളെ കാണാം. ഒരു സര്‍പ്പം തന്റെ അടുക്കെ വന്നു തന്നെ കൊത്താന്‍ ഫണം വിരുത്തി ഉയര്‍ത്തി ഭാവിക്കുന്നു. കടിച്ചുപോയി എന്നു നായാട്ടു കഴിഞ്ഞു ക്ഷീണിച്ച് ഒരു തമ്പില്‍ കിടന്ന് ഉറങ്ങുന്ന ഒരു സായ്‌വ് സ്വപ്നം കണ്ടു ഞെട്ടി കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു സര്‍പ്പം തമ്പില്‍ തന്റെ ഇരുമ്പ് കട്ടിലിന്റെ ഒരു നാലുവാര ദൂരെ സ്വസ്ഥമായി എഴയുന്നതു കാണ്ടതായും, മറ്റൊരു സായ്‌വ് വളരെ കാമായി തനിക്കു കാണ്മാന്‍ സാധിക്കാത്ത തന്റെ ഒരു വലിയ സ്നേഹിതന്‍ യദൃച്ഛയായി തന്റെ ഭവനത്തില്‍ ഒരു ദിവസം വന്നതായും അദ്ദേഹം തന്റെ കൂടെ രണ്ടു മൂന്നു ദിവസം സുഖമായി താമസിച്ചതായും രാത്രി സ്വപ്നം കണ്ടതിന്റെ പിറ്റേദിവസം രാവിലെ യഥാര്‍ത്ഥത്തില്‍ ആ സ്നേഹിതന്‍ സ്വപ്നത്തില്‍ കണ്ടതിനു സദൃശമായി തന്റെ ഭവനത്തില്‍ വന്നു കണ്ടതായും മറ്റും പലേ സ്വപ്നവിശേഷങ്ങളെക്കുറിച്ചു ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ദുലേഖയ്ക്ക് ഉണ്ടായ സ്വപ്നത്തെപ്പറ്റി ഞാന്‍ അത്ര ആശ്ചര്യപ്പെടുന്നില്ല. നമ്മുടെ ഈ കഥ അവസാനിച്ചു കണ്ടുമൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞശേഷം ഗോപീനാഥബാനര്‍ജിയുടെ ഒരു കത്തില്‍ മാധവന്റെ മുതല്‍ കളവ് ചെയ്ത കള്ളന്മാരില്‍ രണ്ടുമൂന്നാളെ വേറെ ഒരു കൊലയോടു കൂടി കളവില്‍ പിടിച്ചു തൂക്കിക്കൊല്‍വാന്‍ വിധിച്ചിരിക്കുന്നു എന്നും എന്നാല്‍ അതില്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കള്ളന്‍ പലേ കുറ്റസമ്മതങ്ങള്‍ ചെയ്തിരുന്നുവെന്നും പലേ പ്രാവശ്യവുമായി പതിനേഴു മനുഷ്യരെ മുതല്‍ അപഹരിപ്പാന്‍ വേണ്ടി അവന്‍തന്നെ കത്തികൊണ്ടു കുത്തീട്ടും വെടിവെച്ചിട്ടും വിഷം കൊടുത്തിട്ടും മറ്റും കൊന്നതായിട്ടും കൂട്ടത്തില്‍ മാധവന്റെ മുതല്‍ എടുത്ത കാര്യവും സമ്മതിച്ചതായും അന്ന് ആ വിധം കക്കാന്‍ തരമായിരുന്നില്ലെങ്കില്‍ ആ ദുഷ്ടന്‍ മാധവനെ കൊന്നുകളയുമായിരുന്നു എന്നും മറ്റും വ്യസനത്തോടുകൂടി എഴുതീട്ടുണ്ടായിരുന്നു.
- ലക്ഷ്മിക്കുട്ടി അമ്മ കരഞ്ഞുംകൊണ്ടു കോണി എറങ്ങുമ്പോള്‍ പഞ്ചുമേനവനും മറ്റും കോണിയുടെ ചുവട്ടില്‍ ബഹുവ്യസനത്തോടുകൂടി നില്ക്കുന്നതു കണ്ടു. ലക്ഷ്മിക്കുട്ടി അമ്മയെ കണ്ടപ്പോള്‍ പഞ്ചുമേനവന്‍ വേഗം വിളിച്ചു സ്വകാര്യമായി ചോദിക്കുന്നു
- പഞ്ചുമേനോന്‍
- എന്താണു കുട്ടി നിലവിളിച്ചത്?
- ലക്ഷ്മിക്കുട്ടി അമ്മ
- (കരഞ്ഞും കൊണ്ട്) അവള്‍ സ്വപ്നത്തില്‍ മാധവനെ ആരോ വഴിയാത്ര ചെയ്യുമ്പോള്‍ കുത്തിക്കൊന്നതായി കണ്ടുവത്രെ. അപ്പോള്‍ കലശലായ വ്യസനം തോന്നി നിലവിളിച്ചു പോയി. ഇപ്പോള്‍ വല്ലാതെ പനിക്കുന്നു. ഞാന്‍ വേഗം മുകളിലേക്കു പോവട്ടെ.
പഞ്ചുമേനോന്‍ കുറേനേരം ആ നിന്നേടത്തുതന്നെ നിന്നു വിചാരിച്ചു – പിന്നെ:
- പഞ്ചുമേനോന്‍
- ഛീ! സ്വപ്നം എന്തെല്ലാം കാണും? മാധവന്റെ നേരെ ആ പെണ്ണിന് ഇത്ര പ്രീതിയോ? ശിവ ശിവ! ഞാന്‍ ഇതൊന്നും അറിഞ്ഞില്ലാ. അന്ന് ഞാന്‍ ഒരു സത്യം ചെയ്തുപോയതു കുട്ടി അറിഞ്ഞിരിക്കുന്നുവോ?
- ലക്ഷ്മിക്കുട്ടി അമ്മ
- അറിഞ്ഞിരിക്കുന്നു.
- പഞ്ചുമേനോന്‍
- എന്നാല്‍ അതുകൊണ്ടും വ്യസനമുണ്ടായിരിക്കും.
- ലക്ഷ്മിക്കുട്ടി അമ്മ
- വളരെ വ്യസനമുണ്ട്, അതുകൊണ്ടും എന്നു തോന്നുന്നു.
- പഞ്ചുമേനോന്‍
- എന്നാല്‍ ആ വ്യസനമെങ്കിലും ഇപ്പോള്‍ തീര്‍ത്താല്‍ മനസ്സിന്നു കുറെ സുഖമാവുമായിരിക്കും. കേശവന്‍ നമ്പൂതിരിയെ വിളിക്കൂ. ലക്ഷ്മിക്കുട്ടി വേഗം മുകളില്‍ ചെല്ലൂ. ഞാന്‍ ക്ഷണം വരുന്നു എന്നു പറയൂ. കുട്ടിയെ അശേഷം വ്യസനിപ്പിക്കരുതെ.
ഉടനെ കേശവന്‍ നമ്പൂതിരി പഞ്ചുമേനവന്റെ അടുക്കെ ചെന്നു.
“ഇന്ദുലേഖ ചില ദുഃസ്വപ്നങ്ങള്‍ കണ്ടു ഇപ്പോള്‍ അവള്‍ക്കു കലശലായി പനിക്കുന്നു. എന്തൊക്കെയാണ്, അറിഞ്ഞില്ലാ. എന്റെ കൊച്ചുകൃഷ്ണന്‍ പോയതു ഞാന്‍ അറിയാതെ ഇരിക്കുന്നത് ഈ കുട്ടി ഉണ്ടായിട്ടാണ്.” – എന്നു പറഞ്ഞു ശുദ്ധനായ വൃദ്ധന്‍ വല്ലാതെ ഒന്നു കരഞ്ഞുപോയി.
- കേശവന്‍ നമ്പൂതിരി
- ഛെ, ഛെ. കരയരുത്.
എന്നു പറഞ്ഞും കൊണ്ടു ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു.
- പഞ്ചുമേനോന്‍
- ഇന്ദുലേഖയ്ക്ക് മാധവനോടുള്ള താല്പര്യം കൊണ്ടാണ് ഈ ദീനവും മറ്റും. മാധവനു ഞാന്‍ അവളെ കൊടുക്കില്ലെന്നു സത്യം ചെയ്തതും കേട്ടിട്ടു വ്യസനിക്കുന്നുണ്ടത്രെ. ആ സത്യത്തിനു വല്ല പ്രായശ്ചിത്തവും ചെയ്താല്‍ പിന്നെ ദോഷമുണ്ടാവുമോ?
- കേശവന്‍ നമ്പൂതിരി
- പ്രായശ്ചിത്തം ചെയ്താല്‍ മതി. ഞാന്‍ വാദ്ധ്യാരോട് ഒന്നു ചോദിച്ചു കളയാം.
എന്നു പറഞ്ഞ് അണ്ണാത്തിരവാദ്ധ്യാരെ വരുത്തി അന്വേഷിച്ചതില്‍ സത്യം ചെയ്തതിന്നു പ്രായശ്ചിത്തം ചെയ്താല്‍, പിന്നെ അതു ലംഘിക്കുന്നതില്‍ ദോഷമില്ലെന്ന് അദ്ദേഹം വിധിച്ചു. വിവരം പഞ്ചുമേനവനോടു പറഞ്ഞു.
- പഞ്ചുമേനോന്‍
- എന്താണ് പ്രായശ്ചിത്തം?
- അണ്ണാത്തിരവാദ്ധ്യാര്‍
- സ്വര്‍ണ്ണം കൊണ്ടോ വെള്ളികൊണ്ടോ, സത്യം ചെയ്തപ്പോള്‍ ആ സത്യവാചകത്തില്‍ ഉപയോഗിച്ച അക്ഷരങ്ങളുടെ ഓരോ പ്രതിമ ഉണ്ടാക്കിച്ചു വേദവിത്തുകളായ ബ്രാഹ്മണര്‍ക്കു ദാനം ചെയ്കയും അന്ന് ഒരു ബ്രാഹ്മണ സദ്യയും അമ്പലത്തില്‍ ചുരുക്കത്തില്‍ വല്ല വഴിപാടും ചെയ്താല്‍ മതി. എന്നാല്‍ അക്ഷര പ്രതിമകള്‍ സ്വര്‍ണ്ണം കൊണ്ടുതന്നെ ആയാല്‍ അത്യുത്തമം. അതിനു നിവൃത്തിയില്ലാത്ത ഭാഗം വെള്ളിയായാലും മതി.
- പഞ്ചുമേനോന്‍
- സ്വര്‍ണ്ണം കൊണ്ടുതന്നെ ഉണ്ടാക്കട്ടെ.
- കേശവന്‍ നമ്പൂതിരി
- എന്തു സംശയം; സ്വര്‍ണ്ണം തന്നെ വേണം.
അങ്ങിനെ തന്നെ എന്നു നിശ്ചയിച്ച് ആ നിമിഷം തന്നെ പെട്ടി തുറന്നു സ്വര്‍ണ്ണം എടുത്തു പരിശുദ്ധാത്മാവായ പഞ്ചുമേനവന്‍ തൂക്കി തട്ടാന്‍വശം ഏല്‍പ്പിച്ചു. സത്യം ചെയ്ത വാക്കുകള്‍ കണക്കാക്കി. എ-ന്റെ-ശ്രീ-പോ-ര്‍ക്ക-ലി-ഭ-ഗ-വ-തി-യാ-ണെ ഞാ-ന്‍-ഇ- ന്ദു-ലേ-ഖ-യെ- മാ-ധ-വ-നു-കൊ-ടു-ക്കു-ക-യി-ല്ലാ. ഇരുപത്തൊമ്പത് അക്ഷരങ്ങള്‍. അതില്‍ ന്‍ - ന്റെ ഇത് അക്ഷരങ്ങളായി കൂട്ടണമോ എന്നു ശങ്കരമേനോന്‍ സംശയിച്ചതില്‍ കൂട്ടണം എന്നു തന്നെ അണ്ണാത്തിര വാദ്ധ്യാര്‍ തീര്‍ച്ചയാക്കി. ഓരോ അക്ഷരം ഈ രണ്ടു പണത്തൂക്കത്തില്‍ ഉണ്ടാക്കിക്കൊണ്ടു വരാന്‍ ഏല്പിച്ചശേഷം പഞ്ചുമേനവന്‍ ഇന്ദുലേഖയുടെ മാളികയില്‍ വന്നു വിവരം എല്ലാം ഇന്ദുലേഖയുടെ അടുക്കെ ഇരുന്നു പറഞ്ഞു.
- പഞ്ചുമേനോന്‍
- എന്റെ മകള്‍ എനി ഒന്നു കൊണ്ടും വ്യസനിക്കേണ്ട. മാധവന്‍ എത്തിയ ക്ഷണം അടിയന്തിരം ഞാന്‍ നടത്തും.
ഇന്ദുലേഖ “എല്ലാം വലിയച്ഛന്റെ ശുദ്ധമനസ്സുപോലെ ” – എന്നു മാത്രം പറഞ്ഞു.
ഇന്ദുലേഖയ്ക്ക് അന്നും അതിന്റെ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അല്പം ആശ്വാസമായി. ഒരു കുര, തലതിരിച്ചില്‍, മേല്‍സര്‍വ്വാംഗം വേദന ഈ ഉപദ്രവങ്ങളാണു പിന്നെ ഉണ്ടായത്. അതിന് എന്തെല്ലാം ഔഷധങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും അശേഷം ഭേദമില്ലാ. അങ്ങിനെ അല്പദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴേയ്ക്കു ശപഥത്തിന്റെ അക്ഷരപ്രതിമകള്‍ തെയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലേഖയ്ക്കു കാണിക്കണമെന്നു വെച്ചു പഞ്ചുമേനവന്‍ ഈ അക്ഷരങ്ങളെ ഒരു അളവില്‍ ഇട്ട് ഇന്ദുലേഖയുടെ മാളികയില്‍ കൊണ്ടുപോയി തുറന്നു കാണിച്ചപ്പോള്‍ വളരെ വ്യസനത്തോടും ക്ഷീണത്തോടും കിടന്നിരുന്ന ഇന്ദുലേഖ ഒന്നു ചിറിച്ചു പോയി.
- പഞ്ചുമേനോന്‍
- എന്റെ മകള്‍ക്കു സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിന് ആശ്വാസം ഉണ്ടാവും.
- ഇന്ദുലേഖ
- അതേ വലിയച്ഛാ, സന്തോഷമായി. എന്റെ വലിയച്ഛന്റെ മനസ്സിന്ന് എല്ലാ സന്തോഷമായി വരുത്തട്ടെ.
എന്നു പറഞ്ഞിരിക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ, കേശവന്‍ നമ്പൂതിരി, ശങ്കര മേനവന്‍ മുതലായി വീട്ടിലുള്ള എല്ലാവരും തീവണ്ടി സ്റ്റേഷനുസമീപം വര്‍ത്തമാനങ്ങള്‍ അറിയുവാന്‍ താമസിപ്പിച്ചിരുന്ന ആളും കൂടി തെരക്കി കയറി വരുന്നതു കണ്ടു.
ഇന്ദുലേഖ തന്റെ ആളെ കണ്ട ഉടനെ കട്ടിലിന്മേല്‍ ക്ഷണത്തില്‍ എണീറ്റിരുന്നു. തലതിരിച്ചല്‍ കൊണ്ട് കൈ പിടിക്കാതെ മുമ്പ് എണീക്കാറില്ല.
- ഇന്ദുലേഖ
- എന്താണ്, വല്ല കമ്പിയും ഉണ്ടോ?
- ലക്ഷ്മിക്കുട്ടി അമ്മ
- കമ്പി ഉണ്ട്, ഇതാ സന്തോഷവര്‍ത്തമാനമാണെന്നു സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞിരിക്കുന്നുവത്രെ.
എന്നു പറഞ്ഞു കമ്പിവര്‍ത്തിമാനലക്കോട്ട് ഇന്ദുലേഖവശം കൊടുത്തു. ഇന്ദുലേഖ തുറന്ന് ഉറക്കെ മലയാളത്തില്‍ വായിച്ചു – താഴെപ്പറയും പ്രകാരം.
ബമ്പായിന്
“മാധവനെ ഇവിടെവച്ച് ഇന്നു കണ്ടു. സുഖക്കേട് ഒന്നുമില്ല. ഞങ്ങള്‍ എല്ലാവരും നാളത്തെ വണ്ടിക്ക് അങ്ങട്ടു പുറപ്പെടുന്നു.”
ഇതു വായിച്ചു കേട്ടപ്പോള്‍ അവിടെ കൂടിയവരില്‍ സന്തോഷിക്കാത്ത ആള്‍ ആരുമില്ലാ. ഇന്ദുലേഖയുടെ സന്തോഷത്തെക്കുറിച്ച് ഞാന്‍ എന്താണു പറയേണ്ടത്? ഇന്ദുലേഖയുടെ തലതിരിച്ചില്‍, കുര, മേല്‍വേദന ഇതെല്ലാം എതിലെ പോയോ ഞാന്‍ അറിഞ്ഞില്ല.
- പഞ്ചുമേനോന്‍
- (കേശവന്‍ നമ്പൂതിരിയോട്) നോക്കൂ, തിരുമനസ്സിന്നെ; ഞാന്‍ സത്യം ചെയ്തുപോയതില്‍ വന്ന ആപത്തും അതിന് ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്യുവാന്‍ പ്രതിമ ഉണ്ടാക്കി എത്തിയപ്പഴയ്ക്കു തന്നെ വന്ന സന്തോഷവും.
- കേശവന്‍ നമ്പൂതിരി
- അതിന് എന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവും തന്നെ.
ഇന്ദുലേഖ ചിറിച്ചു. സത്യത്തില്‍ പ്രായശ്ചിത്തവും കമ്പിവര്‍ത്തമാനവും തമ്മില്‍ ഒരു ബന്ധവും ഓര്‍ത്തിട്ട് ഇന്ദുലേഖ കണ്ടില്ല. വേറെ അവിടെ കൂടിയതില്‍ പക്ഷേ, ലക്ഷ്മിക്കുട്ടി അമ്മ ഒഴികെ എല്ലാവരും പഞ്ചുമേനവന്റെ അഭിപ്രായം ശരി എന്നു തന്നെ വിചാരിച്ചു. എല്ലാവര്‍ക്കും മനസ്സിന്നു സന്തോഷമായി. അന്നുതന്നെ പഞ്ചുമേനവന്‍ പ്രതിമകള്‍ ദാനം ചെയ്തു. അണ്ണാത്തിര വാദ്ധ്യാര്‍ക്ക് ഒരു ഏഴെട്ടക്ഷരങ്ങള്‍ കിട്ടി. നാലഞ്ചു നമ്മുടെ ശങ്കരശാസ്ത്രികള്ക്കും കിട്ടി. ബ്രാഹ്മണസദ്യയും മറ്റും കഴിഞ്ഞു പഞ്ചുമേനവന്‍ ഇന്ദുലേഖയുടെ അടുക്കെവന്നപ്പോഴേക്ക് ഇന്ദുലേഖയുടെ ശരീര സുഖക്കേട് വളരെ ഭേദമായി കണ്ടു. കഞ്ഞി നല്ലവണ്ണം കുടിച്ചിരിക്കുന്നു. കുരയും തലതിരിച്ചിലും ഇല്ലെന്നുതന്നെ പറയാം. ശരീരത്തിലെ വേദനയും വളരെ ഭേദം. ക്ഷീണത്തിന്നും വളരെ കുറവ്. ഇതെല്ലാം കണ്ടു വൃദ്ധന്‍ വളരെ സന്തോഷിച്ചു. തന്റെ പ്രായശ്ചിത്തത്തിന്റെ ഫലമാണ് ഇത് എന്ന് അസംബന്ധമായി തീര്‍ച്ചയാക്കി. ഇന്ദുലേഖയോട് ഓരോ വിശേഷങ്ങളും പറഞ്ഞ് ഇരുന്നു.
|