നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങള്‍ സംസാരിച്ചത്
നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങള്‍ സംസാരിച്ചത് | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
- മുത്തു
- (ഊട്ടുപുരയില്‍ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാന്‍ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറുപ്പിക വിലപിടിക്കുമെന്നു തോന്നുന്നു. ലക്ഷപ്രഭു — മഹാ സുന്ദരന്‍!
- ശങ്കര ശാസ്ത്രി
- എവിടെയാണ് താന്‍ സൌന്ദര്യം കണ്ടത്? തുപ്പട്ടിലോ, കുപ്പായത്തിലോ? അയാളുടെ മുഖം ഒരു കുതിരയുടെ മുഖം പോലെയാണ് എനിക്കു തോന്നിയത്.
- മാനു
- നിങ്ങള്‍ക്ക് അസൂയ പറയുന്നതല്ലേ സ്വഭാവം. നമ്പൂതിരിപ്പാട്ടിലെ മുഖം കുതിരയുടെ മുഖം പോലെയോ? കഷ്ടം! നിങ്ങള്‍ എവിടെ നിന്നാണ് നോക്കിയത്? ഞാന്‍ അടുക്കെ ഉണ്ടായിരുന്നു — പല്ലക്കു തൊട്ടു നിന്നിരുന്നു. തങ്കത്തിന്റെ നിറമാണ് നമ്പൂതിരിപ്പാട്! മഹാസുന്ദരന്‍! കഴുത്തില്‍ ഒരു പൊന്‍മാല ഇട്ടിട്ടുണ്ട്. അതുപോലെ ഒരു മാല ഞാന്‍ കണ്ടിട്ടില്ല.
- സുബ്ബുക്കുട്ടി
- ഹേ! അതു മാലയല്ല, നാഴികമണിയുടെ ചങ്ങലയാണ്. നാഴികമണി അരയിലെങ്ങാനും താഴ്ത്തിയിട്ടുണ്ട്.
- ശങ്കര ശാസ്ത്രി
- എന്തു നിറമായാലും എത്ര മാലയിട്ടാലും അയാളുടെ മുഖം കുതിര മുഖമാണ്.
- മാനു
- ശാസ്ത്രികള്‍ക്ക് ഭ്രാന്തുപിടിച്ചു എന്നു തോന്നുന്നു. ഇത്ര സുന്ദരനായിട്ട് ഒരാളില്ലെന്നാണു ഞങ്ങള്‍ക്കൊക്കെ തോന്നിയത്. അല്ലേ ശീനു! സുബ്ബുക്കുട്ടി! എന്താ പറയൂ — നിങ്ങള്‍ക്കൊക്കെ എന്താണു തോന്നിയത്?
- സുബ്ബുക്കുട്ടി
- ഞങ്ങള്‍ക്കൊക്കെ തോന്നിയത് നല്ല സുന്ദരന്‍ എന്നു തന്നെ.
- ശങ്കര ശാസ്ത്രി
- നിങ്ങള്‍ക്കൊക്കെ എന്തുതോന്നിയാലും വേണ്ടതില്ല. അയാളുടെ മുഖം കുതിര മുഖമാണ്, സംശയമില്ല.
- അപ്പോള്‍ ഒരു വഴിയാത്രക്കാരന്‍ പട്ടര്‍
- അടിയന്തിരം എന്നോ, അറിഞ്ഞില്ല.
- സുബ്ബുക്കുട്ടി
- നാളെയാണെന്നു കേട്ടു.
- ശങ്കര ശാസ്ത്രി
- ആരു പറഞ്ഞു?
- സുബ്ബുക്കുട്ടി
- ആരോ പറഞ്ഞു.
- ശങ്കര ശാസ്ത്രി
- ആ വഴിയാത്രക്കാരന്റെ യാത്ര മുടക്കണ്ടാ, (യാത്രക്കാരനോട്) ഹേ! താന്‍ മഠത്തില്‍പോയി അന്വേഷിച്ചറിഞ്ഞോളൂ. ഇയ്യാള്‍ പറയുന്നതൊന്നും വിശ്വസിക്കേണ്ട.
- അപ്പോള്‍ ഊട്ടില്‍ കടന്നുവന്ന ഒരു പട്ടര്
- അടിന്തരം ഇന്നുതന്നെ. കാക്കാല്‍ ഉറുപ്പിക ബ്രാഹ്മണര്‍ക്കും അരേരശ്ശ ഉറുപ്പിക നമ്പൂതിരിമാര്‍ക്കും ഉണ്ടത്രേ.
- ശങ്കര ശാസ്ത്രി
- തന്നോടാരു പറഞ്ഞു?
- വന്നപട്ടര്
- ആരോ കുളക്കടവില്‍ പറഞ്ഞു.
- ശങ്കര ശാസ്ത്രി
- (വഴിയാത്രക്കാരനോട്) നിങ്ങള്‍പോയി അന്വേഷിക്കിന്‍.
- വഴിയാത്രക്കാരന്‍
- ഇന്നാണെങ്കില്‍ സദ്യയ്ക്ക് ഇപ്പോള്‍ തന്നെ കൂട്ടണ്ടേ? ഒന്നും കാണുന്നില്ലല്ലോ.
- ശങ്കര ശാസ്ത്രി
- ഇന്നായിരിക്കില്ല.
- കൃഷ്ണജ്യോത്സ്യര്
- ജാതകവും മറ്റും നോക്കണ്ടെ?
- സുബ്ബുക്കുട്ടി
- പണത്തിനു മീതെ എന്തു ജാതകം? എല്ലാം പണം. പണം തന്നെ ജാതകം. ഒക്കാതെ വരുമോ?
- കൃഷ്ണജ്യോത്സ്യര്
- നമുക്ക് നാല് കാശ് കിട്ടുമായിരുന്നു. സകലം ശരിയാണെന്നും വിശേഷയോഗ്യമാണെന്നും ഞാന്‍ പറഞ്ഞേക്കാമായിരുന്നു. നായന്മാര്‍ക്ക് എന്തു ജാതകം നോക്കലാണ്! നമ്പൂതിരിപ്പാട്ടീന്നു രഹസ്യം പോവാന്‍ വന്നതുപോലെ വന്നതാണ്. ഇദ്ദേഹത്തിന് ഒരു നൂറു ദിക്കില്‍ സംബന്ധമുണ്ട്.
- ശങ്കര ശാസ്ത്രി
- രഹസ്യത്തിനു വന്നതാണെങ്കില്‍ ആളെ മാറി നോക്കേണ്ടി വരും.
- സുബ്ബുക്കുട്ടി
- ശരി, ശരി, ശാസ്ത്രികള്‍ ഇന്നാള്‍ ഒരു ദിവസം പൂവരങ്ങില്‍ മാളികയില്‍പോയി ശാകുന്തളം മുതലായതു വായിച്ചു എന്നു കേട്ടിരിക്കുന്നു. ആ സമയം ആ കുട്ടിയുടെ ധൈര്യം അറിഞ്ഞിട്ടുണ്ടായിരിക്കാം — ശാസ്ത്രം പഠിച്ചാള് ഒക്കെ ഒരു പോലെ വിഡ്ഢികളാണ്.
- മുത്തു
- നമ്പൂതിരിപ്പാട്ടിലെ ഒരു മോതിരം കൊടുത്താല്‍ നൂറ് ഇന്ദുലേഖകള്‍ സമ്മതിക്കും.
ശങ്കരശാസ്ത്രികള്‍ ഇതിന് ഉത്തരം പറയാതെ എഴുനീറ്റ് അമ്പലത്തിലേക്കു പോയി. ഈ ശാസ്ത്രികള്‍ മാധവന്റെ വലിയ ഒരു സ്നേഹിതനും നല്ല വിദ്വാനും ആയിരുന്നു. ഇന്ദുലേഖയെ നല്ല പരിചയമുള്ള ആളും ആയിരുന്നു. അവളുടെ ബുദ്ധി അതിവിശേഷ ബുദ്ധിയാണെന്ന് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം കേട്ടപ്പോള്‍ ഇയാള്‍ക്കു മനസ്സിന്ന് അശേഷം സുഖം തോന്നിയില്ല. പിന്നെ ശാസ്ത്രികളുടെ അഭിപ്രായത്തിലും ഇന്ദുലേഖയ്ക്ക് മാധവനാണ് അനുരൂപനായ പുരുഷന്‍ എന്നായിരുന്നു. ഇങ്ങിനെ വരുന്നതായല്‍ കഷ്ടം! ദ്രവ്യത്തിന്റെ വലിപ്പം കൊണ്ട് ഒരു സമയം ഇങ്ങിനെ വരാം — എന്തു ചെയ്യാം! ഈ പ്രപഞ്ചത്തില്‍ ദ്രവ്യത്തെ ജയിപ്പാന്‍ ഒന്നിനും ശക്തിയില്ല. ഇങ്ങിനെയെല്ലാം വിചാരിച്ചും വ്യസനിച്ചും ശാസ്ത്രികള്‍ അമ്പലത്തില്‍ ചെന്ന് വാതില്‍മാടത്തില്‍ അങ്കവസ്ത്രവും വിരിച്ച് ഉറങ്ങാന്‍ ഭാവിച്ചു കൊണ്ട് കിടന്നു. ശാസ്ത്രികള്‍ക്ക് അവിടെയും ഗ്രഹപ്പിഴതന്നെ — താന്‍ കിടന്നു രണ്ടു മൂന്നു നിമിഷം കഴിയുമ്പോഴേക്ക് വാതില്‍മാടത്തില്‍ ആള്‍ക്കൂട്ടമായി. കഴകക്കാരന്‍ വാര്യരും മാരാനുമാണ് അകായില്‍ നിന്ന് ആദ്യം വന്നത്.
- വാര്യര്‍
- (ശാസ്ത്രികളോട്) എന്താണു ശാസ്ത്രികള്‍സ്വാമീ! ഇന്നു പൂവരങ്ങില്‍ നാടകം വായനയും മറ്റും ഇല്ലെന്നു തോന്നുന്നു. തിരക്കു തന്നെ. കുളക്കടവില്‍ ജനക്കൂട്ടം. നമ്പൂതിരിപ്പാട് അമൃതേത്തു കഴിക്കുന്നു. സംബന്ധം ഇന്നുതന്നെ ഉണ്ടാവുമോ എന്നു ശാസ്ത്രികള്‍ വല്ലതും അറിഞ്ഞുവോ?
- ശാസ്ത്രികള്‍
- ഞാന്‍ ഒന്നും അറിഞ്ഞില്ലപ്പാ. ഞാന്‍ കുറെ ഉറങ്ങട്ടെ.
അപ്പോഴേക്കും ശാന്തിക്കാരന്‍ എമ്പ്രാന്തിരിയും ഒരു രണ്ടു മൂന്നു നമ്പൂതിരിമാരും ഒന്നുരണ്ടു പട്ടന്മാരും കൂടി ഒരു കൂട്ടായ്മക്കവര്‍ച്ചക്കാരു കടക്കുംപോലെ വടക്കേ വാതില്‍മാടത്തിന്റെ വടക്കേ വാതിലില്‍ക്കൂടി നിലവിളിയും കൂക്കിയുമായി കടന്നുവരുന്നതു കണ്ടു. സംസാരം എല്ലാം നമ്പൂതിരിപ്പാട്ടിനെപ്പറ്റിത്തന്നെ.
- എമ്പ്രാന്തിരി
- നമ്പൂതിരിപ്പാടു ബഹുസുന്ദരന്‍. ഞാന്‍ കണ്ടു. എത്ര വയസ്സായോ?
- ഒരു നമ്പൂതിരി
- വയസ്സ് അമ്പതായിക്കാണണം.
- മറ്റൊരു നമ്പൂതിരി
- ഛീ! അത്രയൊന്നുമില്ല. നാല്പതുനാല്പത്തഞ്ചായിക്കാണണം.
- ഒരു പട്ടര്
- എത്ര വയസ്സായാലും ഇന്ദുലേഖയ്ക്ക് ബോധിക്കും. എന്തു കുപ്പായങ്ങള്‍ — എന്തു ഢീക്ക് — വിചാരിച്ചു കൂടാ. ഞാന്‍ അനന്തശയനത്തെ രാജാവിനുകൂടി ഈമാതിരി കുപ്പായം കണ്ടിട്ടില്ലാ.
- മറ്റൊരു നമ്പൂതിരി
- ആ കുപ്പായവും പുറപ്പാടും തന്നേ ഉള്ളൂ. ഇല്ലത്തു ദ്രവ്യവും അനവധി ഉണ്ട്. നമ്പൂതിരി ആള്‍ കമ്പക്കാരനാണ്. ഒരു സ്ഥിരതയും തന്റേടവുമില്ല. ആ ഇന്ദുലേഖയെ കമ്പക്കാരനു കൊണ്ടു കൊടുക്കുന്നുവല്ലോ. സംബന്ധം ഇന്നുതന്നെയോ.
- എമ്പ്രാന്തിരി
- അതെ, ശാസ്ത്രികളോടു ചോദിച്ചറിയാം. ശാസ്ത്രികള്‍ ഇന്ദുലേഖയുടെ ഇഷ്ടനാണ്. ഏ! ശാസ്ത്രികളേ, പകല്‍ ഉറങ്ങുകയാണ്? ഉറങ്ങരുത്, എണീക്കൂ.
ശാസ്ത്രികള്‍ കണ്ണടച്ച് ഉറങ്ങുന്നതുപോലെ കിടന്നിരുന്നു. എമ്പ്രാന്തിരിയുടെ വിളികൊണ്ടു നിവൃത്തിയില്ലാതെ ആയപ്പോള്‍ എണീറ്റു കുത്തിയിരുന്നു.
- എമ്പ്രാന്തിരി
- ഇന്ദുലേഖയ്ക്ക് സംബന്ധം ഇന്നുതന്നെയോ?
- ശങ്കരശാസ്ത്രികള്‍
- ഞാന്‍ ഒരു സംബന്ധവും അറിയില്ലാ. എന്നു പറഞ്ഞ് ശാസ്ത്രികള്‍ അമ്പലത്തില്‍ നിന്ന് എറങ്ങിപ്പോയി.
നമ്പൂതിരിപ്പാടിന്റെ വരവ് കഴിഞ്ഞ ഉടനെ പൂവള്ളി വീട്ടില്‍വെച്ച് അവിടെയുള്ളവര്‍ തമ്മില്‍ത്തന്നെ അന്യോന്യം വളരെ പ്രസ്താവങ്ങള്‍ ഉണ്ടായി.
- കുമ്മിണി അമ്മ
- ചാത്തരെ, ഇങ്ങിനെ കേമനായിട്ട് ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിനെ കണ്ടിട്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി.
- ചാത്തരമേനോന്‍
- അദ്ദേഹത്തിന്റെ കുപ്പായം കണ്ടിട്ട് എന്നു പറയിന്‍.
- കുമ്മിണി അമ്മ
- അതെന്തോ, എന്റെ വയസ്സിന്‍കീഴില്‍ ഈമാതിരി പുറപ്പാടു കണ്ടിട്ടില്ല. ദിവാന്‍ജി വലിയമ്മാമനെ കണ്ട ഓര്‍മ്മകൂടി ഉണ്ട് എനിക്ക്. അദ്ദേഹത്തിനും കൂടി ഈ മാതിരി പുറപ്പാടു ഞാന്‍ കണ്ടിട്ടില്ല. ഇന്ദുലേഖയുടെ ഭാഗ്യം നോക്കു! അവള്‍ അതിനുമാത്രം കേമിതന്നെ, എന്നാലും മാധവനെ വിചാരിക്കുമ്പോള്‍ വ്യസനം.
- ചാത്തരമേനോന്‍
- എന്താണു വ്യസനം?
- കുമ്മിണി അമ്മ
- വ്യസനിക്കാനൊന്നുമില്ല. ഇത്ര വലിയ ആള്‍ വന്നാല്‍ മാധവന് ഒന്നും പറയാന്‍ പാടില്ലാ. ശരി തന്നെ. എന്നാലും എനിക്ക് അവനെ വിചാരിച്ച് ഒരു വ്യസനം.
- ചാത്തരമേനോന്‍
- അമ്മയ്ക്ക് പ്രാന്താണ്. ഈ നമ്പൂതിരിപ്പാട്ടിലേക്ക് ഈ ജന്മം ഇന്ദുലേഖയെ കിട്ടുകയില്ലാ. ഇന്ദുലേഖ മാധവനു തന്നെ. ഇതൊക്കെ വലിയമ്മാമന്റെ ഒരു കമ്പക്കളി.
- കുമ്മിണി അമ്മ
- നിനക്കാണു പ്രാന്ത്.
അടുക്കളയിലും കുളപ്പുരയിലും കുളവക്കിലും ഉള്ള പ്രസ്താവങ്ങള്‍ പലേവിധം തന്നെ.
- കുളവക്കില്‍ നിന്നും സമീപവാസിയായ ഒരു ചെറുപ്പാക്കാരനോടു മറ്റൊരു ചെറുപ്പക്കാരന്‍
- “എന്താണെടോ, ഈ നമ്പൂതിരിപ്പാട്ടിലെ പേര്?”
- മറ്റേവന്‍
- കണ്ണില്‍ മൂക്കില്ലാത്ത വസൂരിനമ്പൂരിപ്പാട് എന്നാണത്രെ.
“പേര് നന്നായില്ല, നിശ്ചയം.”
“പേരല്ല കാര്യം പണമല്ലേ. മനയ്ക്കല്‍ ആനച്ചങ്ങല പൊന്നുകൊണ്ടാണത്രെ. പിന്നെ മൂക്കില്ലാഞ്ഞാലെന്താണ് … വസൂരിയായാലെന്താണ്?”
“എന്തു പണമുണ്ടായാലും ഇന്ദുലേഖ മാധവനെ തള്ളിക്കളഞ്ഞതു കൊണ്ട് ഞാന്‍ എനി അവളെ ബഹുമാനിക്കയില്ല. മാധവന്‍ മാത്രമാണ് അവള്‍ക്ക് ശരിയായ ഭര്‍ത്താവ്.”
“മാധവന് പൊന്നുകൊണ്ട് ആനച്ചങ്ങലയുണ്ടോ? താനെന്തു ഭോഷത്വം പറയുന്നുവെടോ! പെണ്ണുങ്ങള്‍ക്കു പണത്തിനുമീതെ ഒന്നുമില്ല.”
“ഇവളെ കൊച്ചുകൃഷ്ണമേനോന്‍ കൊണ്ടുപോയി ഇംക്ലീഷു പഠിപ്പിച്ചതും മറ്റും വെറുതെ. ഇംക്ലീഷു പഠിച്ച കൊണ്ട് ഇപ്പോള്‍ എന്താ വിശേഷം കണ്ടത്! ഇംക്ലീഷു പഠിക്കുന്നതും പണത്തിനുതന്നെ.”
“മാധവന്‍ ഈ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ എന്തു പറയുമോ?”
“മാധവന്‍ ശിശുപാലന്റെ മാതിരി ക്രോധിക്കും. എന്നിട്ട് എന്തു ഫലം? ഇന്ദുലേഖ മൂക്കില്ലാത്ത വസൂരി നമ്പൂതിരിപ്പാടോടു കൂടി സുഖമായിരിക്കും.”
“ഈ നമ്പൂതിരിപ്പാടിന്റെ ഇല്ലപ്പേരൊട്ടു പറ്റി. കുറെ മുമ്പ് കുളിച്ചു പോകുമ്പോള്‍ ഞാന്‍ അടുത്തു കണ്ടു. മൂക്കു കാണാനേയില്ല. മുഖം ഒരു കലം കമിഴ്ത്തിയമാതിരി. ഛീ! ഇന്ദുലേഖയ്ക്ക് ഇങ്ങനെയൊരു യോഗം വന്നുവല്ലൊ. ഇയാളുടെ പണവും പുല്ലും എനിക്കു സമമാണ്. ആ ഗോവിന്ദന്‍ കുട്ടിമേനോനെ പോലെ ഞാന്‍ ഇന്ദുലേഖയുടെ അമ്മാമന്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ അവളെ ഒരിക്കലും ഈ വസൂരിക്കു കൊടുക്കയില്ലാ.”
“ഇന്ദുലേഖക്ക് മനസ്സാണെങ്കിലോ?”
“എന്നാല്‍ നിവൃത്തിയില്ല. ഇന്ദുലേഖയ്ക്ക് മനസ്സുണ്ടാവുമോ? പഞ്ചുമേനോന്റെ നിര്‍ബന്ധത്തിന്മേലാണ് ഇതു നടക്കുന്നത് എന്നും കേട്ടു.”
“ആ പഞ്ചുമേനോന് എനിയും ചാവരുതെ? എന്തിന് ആ പൂവള്ളി വീട്ടില്‍ ഉള്ള സകല മനുഷ്യരെയും ചീത്തപറഞ്ഞ് ഉപദ്രവിച്ചും കൊണ്ട് കിടക്കുന്നു? കഷ്ടം! ഇന്ദുലേഖയ്ക്ക് ഇങ്ങിനെ വിരൂപന്‍ വന്നു ചേര്‍ന്നുവല്ലൊ.”
“നിശ്ചയിക്കാറായിട്ടില്ലെടോ. ഇന്ദുലേഖ സമ്മതിക്കുമോ? എന്താണു നിശ്ചയം? ഒരു സമയം സമ്മതിച്ചില്ലെങ്കിലോ?”
“പഞ്ചുമേനോന്‍ തല്ലി പുറത്താക്കും. മാധവന്‍ കൂടി ഇവിടെ ഇല്ലാ. പിന്നെ ഇന്ദുലേഖയ്ക്ക് ഈ ജന്മം നമ്പൂതിരിപ്പാട്ടിലെ സമ്മതമില്ലാതെ വരികയില്ലാ. ഇത്ര ദ്രവ്യസ്ഥനായിട്ട് ഈ രാജ്യത്ത് ആരുമില്ലത്രെ. വലിയ ആഢ്യനുമാണ് — പിന്നെ എന്തുവേണം? മാധവന്‍ ഇപ്പോഴും സ്കൂളില്‍ പഠിക്കുന്ന കുട്ടിയല്ലേ?”
“മാധവനും ഇന്ദുലേഖയുമായി വളരെ സേവയായിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.”
“അതൊന്നും എനി കാണുകയില്ലാ. മാധവനു ശുക്രദശ ഉണ്ടായിരുന്നുവെങ്കില്‍ അതു കഴിഞ്ഞു. നിശ്ചയം.സംശയമില്ലാ.”
“എന്തു കഴുവെങ്കിലും ആവട്ടെ,”
എന്നു പറഞ്ഞ് ഈ സംസാരിച്ചതില്‍ ഒരാള്‍ കുളിപ്പാനും മറ്റേവന്‍ അവന്റെ വീട്ടിലേക്കും പോയി.
പൂവരങ്ങില്‍ വെച്ചുതന്നെ നമ്പൂതിരിപ്പാട്ടിലെക്കുറിച്ചു പലരും പല വിധവും സംസാരിച്ചു. മദിരാശിയില്‍ നിന്നു കത്തു കിട്ടിയശേഷം ഇന്ദുലേഖയ്ക്ക് വളരെ സന്തോഷവും ഉത്സാഹവും ഉണ്ടായി എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും കാരണം അറിയാത്ത ചില ഭൃത്യന്മാരും ദാസികളും മറ്റും ഇന്ദുലേഖയുടെ ഉത്സാഹവും സന്തോഷവും നമ്പൂതിരിപ്പാടു വന്നതിലുണ്ടായതാണെന്നു നിശ്ചയിച്ചു. കുഞ്ഞിക്കുട്ടി അമ്മയുടെ ദാസി പാറു മുകളില്‍ എന്തോ ആവശ്യത്തിനു പോയിരുന്നു. അപ്പോള്‍ ഇന്ദുലേഖയെ കണ്ടു. ഇന്ദുലേഖ ചിറിച്ചുകൊണ്ട് —
“എന്താ പാറൂ! നിന്റെ സംബന്ധക്കാരന്‍ വരാറില്ലേ ഈയ്യിടെ?”
- പാറു
- അയാള് ആറേഴു മാസമായി കളത്തില്‍ തന്നെയാണു താമസം. അവിടെ വേറെയൊരു സംബന്ധം വെച്ചിട്ടുണ്ടോല്‍ — കണ്ടര് നായരു പറഞ്ഞു.
- ഇന്ദുലേഖ
- ആട്ടെ, നിണക്ക് വേറെ ഒരാളെ സംബന്ധം ആക്കട്ടെ?
- പാറു
- എനിക്ക് ആരും വേണ്ടാ. എന്റെ കഴുത്തിലത്തെ താലി മുറിഞ്ഞു കിടക്കുന്നു അമ്മെ. നാലുമാസമായിട്ടു ഞാന്‍ കഴുത്തില്‍ ഒന്നും കെട്ടാറില്ല. വലിയമ്മയോടു ഞാന്‍ വളരെ പറഞ്ഞു — എന്തു ചെയ്തിട്ടും നന്നാക്കിച്ചു തരുന്നില്ലാ. ഞാന്‍ എന്തു ചെയ്യും.
ദാസിയുടെ ഈ സങ്കടം കേട്ടപ്പോള്‍ ഇന്ദുലേഖ തന്റെ ഒരു പെട്ടി തുറന്ന് അതില്‍ നിന്ന് എട്ടുപത്ത് ഉറുപ്പിക വിലയ്ക്കു പോരുന്ന ഒരു താലിയെടുത്ത് ഒരു ചരടിന്മേല്‍ കോര്‍ത്ത് പാറുവിന്റെ പക്കല്‍ കൊടുത്തു.
- ഇന്ദുലേഖ
- ഇതാ, ഈ താലി കെട്ടിക്കോളു. താലി ഇല്ലാഞ്ഞിട്ടു സങ്കടപ്പെടേണ്ട.
പാറു സന്തോഷം കൊണ്ടു കരഞ്ഞു പോയി. താലിയും വാങ്ങി ഉടനെ താഴത്തിറങ്ങി വന്നശേഷം എല്ലാവരോടും തനിക്കു കിട്ടിയ സമ്മാനത്തിന്റെ വര്‍ത്തമാനം അതിഘോഷമായി പറഞ്ഞു തുടങ്ങി. കുഞ്ഞിക്കുട്ടിയമ്മ പാറുവെ വിളിച്ചപ്പോള്‍ പാറു പുതിയ ഒരു താലി കെട്ടിയതു കണ്ടു.
- കുഞ്ഞിക്കുട്ടി അമ്മ
- നിണക്ക് ഈ താലി എവിടുന്നു കിട്ടി?
- പാറു
- ഞാന്‍ മുകളില്‍ പോയപ്പോള്‍ ചെറിയമ്മ തന്നതാണ്.
- കുഞ്ഞിക്കുട്ടി അമ്മ
- ഇന്ദുലേഖയോ?
- പാറു
- അതെ.
- കുഞ്ഞിക്കുട്ടി അമ്മ
- എന്താ, ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമുണ്ടോ ഇന്ന്? എങ്ങിനെ ഇരിക്കുന്നു ഭാവം?
- പാറു
- ബഹു സന്തോഷം. സന്തോഷമില്ലാതിരിക്കുമോ വലിയമ്മെ, ഇങ്ങിനത്തെ തമ്പുരാന്‍ സംബന്ധത്തിനു വരുമ്പോള്‍?
ഇങ്ങിനെ ഇവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്ദുലേഖയെ ഒന്നു കണ്ടുകളയാം എന്നു നിശ്ചയിച്ച് ശങ്കരശാസ്ത്രികള്‍ ഇന്ദുലേഖയുടെ മാളികയിന്മേല്‍ പോകാന്‍ ഭാവിച്ചു പൂവരങ്ങില്‍ നാലുകെട്ടില്‍ കയറി വരുന്നത് കുഞ്ഞിക്കുട്ടിയമ്മ കണ്ട് ശാസ്ത്രികളെ വിളിച്ചു.
- കുഞ്ഞിക്കുട്ടി അമ്മ
- ശങ്കരശാസ്ത്രികള്‍ എന്താണ് ഇപ്പോള്‍ വന്നത്?
- ശാസ്ത്രികള്‍
- വിശേഷിച്ച് ഒന്നുമില്ലാ. ഇന്ദുലേഖയെ ഒന്നു കാണാമെന്നുവെച്ചു വന്നതാണ്.
ഈ ശാസ്ത്രികള്‍ മാധവന്റെ വലിയ ഇഷ്ടനാണെന്ന് കുഞ്ഞിക്കുട്ടി അമ്മ അറിയും.
- കുഞ്ഞിക്കുട്ടി അമ്മ
- ഇപ്പോള്‍ അങ്ങട്ടു പോണ്ടാ. നമ്പൂതിരിപ്പാടും മറ്റും അമറേത്തു കഴിഞ്ഞ് എഴുന്നെള്ളാറായി. അമ്പലത്തിലേക്കു തന്നെ പോവുന്നതാണു നല്ലത്.
- ശാസ്ത്രികള്‍
- അങ്ങിനെയാകട്ടെ. നമ്പൂതിരിപ്പാടു സംബന്ധം നിശ്ചയിച്ചു ആയിരിക്കും.
- കുഞ്ഞിക്കുട്ടി അമ്മ
- അതിനെന്താ സംശയം? എന്താ ശാസ്ത്രികള്‍ക്ക് രസമായില്ലേ? ഇതില്‍പ്പരം കേമനായിട്ട് ഇന്ദുലേഖയ്ക്ക് എനി ആരാണ് ഒരു ഭര്‍ത്താവ് വരാനുള്ളത്?
- ശാസ്ത്രികള്‍
- ശരി തന്നെ — ശരി തന്നെ.
- കുഞ്ഞിക്കുട്ടി അമ്മ
- ഇന്ദുലേഖയ്ക്കും വളരെ സന്തോഷമായിരിക്കുന്നു. നമ്പൂതിരിപ്പാട്ടിലെ കാണാന്‍ വഴുകിനില്ക്കുന്നു. പെണ്ണിന് എന്തോ ബഹു ഉത്സാഹം. ഈ പാറു താലികെട്ടാതെ ഇന്നു മുകളില്‍ ചെന്നിട്ട് ഇതാ ഒരു ഒന്നാന്തരം താലി പാറുവിന് ഇപ്പോള്‍ കൊടുത്തുവത്രെ. ബഹു ഉത്സാഹം. ഞാന്‍ ആദ്യം എന്തോ കുറെ പേടിച്ചു. ഈശ്വരാധീനം കൊണ്ട് എല്ലാം ശരിയായി വന്നു. കാരണവന്മാരുടെ അനുഗ്രഹം കൊണ്ട് എല്ലാം ശരിയായി വന്നു.
- ശാസ്ത്രികള്‍
- എന്തിനാണ് ആദ്യം പേടിച്ചത് — പേടിക്കാന്‍ കാരണമെന്ത്?
- കുഞ്ഞിക്കുട്ടി അമ്മ
- അതോ — നിങ്ങള്‍ അറിയില്ലേ? മാധവനും ഇന്ദുലേഖയുമായി വലിയ സ്നേഹമല്ലേ? അതു വിട്ടുകിട്ടുവാന്‍ പ്രയാസമായാലോ എന്നു ഞാന്‍ പേടിച്ചു. ഗോവിന്ദന്‍ കുട്ടിയുടെ അച്ഛനും പേടിച്ചിരുന്നു. എനി ആ പേടി ഒന്നും ഞങ്ങള്‍ക്കില്ലാ. മാധവനും നമ്പൂതിരിപ്പാടുമായാലത്തെ ഭേദം എത്രയുണ്ട്! ശാസ്ത്രികളേ, നിങ്ങള്‍ തന്നെ പറയിന്‍.
- ശാസ്ത്രികള്‍
- വളരെ ഭേദം ഉണ്ട്. വളരെ ഭേദം ഉണ്ട്. സംശയമില്ലാ. ഞാന്‍ പോണു.
എന്നും പറഞ്ഞ് ശാസ്ത്രികള്‍ വളരെ സുഖക്കേടോടു കൂടി അവിടെ നിന്ന് എറങ്ങി. വഴിയില്‍വെച്ചു പൂവരങ്ങിലേക്കുള്ള നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടു. സ്വര്‍ണ്ണപ്പകിട്ട് എളവെയിലില്‍ കണ്ട് ശാസ്ത്രികളുടെ കണ്ണ് ഒന്ന് മഞ്ഞളിച്ചു പോയി. ശാസ്ത്രികള്‍ അരയാല്‍ തറയിന്മേല്‍ കയറി ഇരുന്ന് വിചാരം തുടങ്ങി.
“കഷ്ടം! എനി ഈ കാര്യത്തില്‍ അധികം സംശയമില്ലാത്തതു പോലെ തോന്നുന്നു. മാധവന് എത്ര വ്യസനപ്പെടും! ഈ മഹാപാപി ഇന്ദുലേഖ ഇത്ര കഠിനയായിപ്പോയല്ലോ! എന്തു കഠിനം! പണം ആര്‍ക്കധികം അവര്‍ ഭര്‍ത്താവ്, എന്നു വയ്ക്കുന്ന ഈ ചണ്ടിനായന്മാരുടെ പെണ്ണുങ്ങള്‍ക്ക് എന്താണ് ചെയ്തു കൂടാത്തത്! ആ മാധവന്റെ ബുദ്ധിക്കു സദൃശമാണ് ഈ അസത്തിന്റെ ബുദ്ധിയെന്നു ഞാന്‍ വിചാരിച്ചു പോയല്ലോ. കഷ്ടം! എന്തു ചെയ്യാം. ആ കുട്ടിയുടെ പ്രാരാബ്ധം!”
ഇങ്ങിനെ ഓരോന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്പൂതിരിപ്പാട്ടിലെ പൂവരങ്ങില്‍ കൊണ്ടാക്കി വെറ്റിലപ്പെട്ടിക്കാരന്‍ ഗോവിന്ദനും നമ്പൂതിരിപ്പാട്ടിലെ ഒരു കുട്ടിപ്പട്ടരും കൂടി അരയാല്‍ തറയ്ക്കല്‍ വന്നു നിന്നു.
- ശാസ്ത്രികള്‍
- നിങ്ങള്‍ നമ്പൂതിരിപ്പാട്ടിലെ കൂടെ വന്നവരോ?
- ഗോവിന്ദന്‍
- അതെ.
- ശാസ്ത്രികള്‍
- നമ്പൂതിരിപ്പാട്ടിലേക്ക് ഇവിടെ എത്ര ദിവസം താമസം ഉണ്ട്?
- ഗോവിന്ദന്‍
- ഇന്നും നാളെയും നിശ്ചയമായും ഉണ്ടാവും. മറ്റന്നാള്‍ എഴുന്നള്ളമെന്നു തോന്നുന്നു. കൂടത്തന്നെ കൊണ്ടുപോവുന്നു?
- ശാസ്ത്രികള്‍
- എന്തൊന്നു കൊണ്ടുപോവുന്നു?
- ഗോവിന്ദന്‍
- ഭാര്യയെ.
- ശാസ്ത്രികള്‍
- സംബന്ധം ഇന്നുതന്നെയോ?
- ഗോവിന്ദന്‍
- ഒരു സമയം ഇന്നുതന്നെ. അല്ലെങ്കില്‍ നാളെ ആവാനും മതി.
- ശാസ്ത്രികള്‍
- നമ്പൂതിരിപ്പാടുന്നു വേളികഴിച്ചാല്ലാ — അല്ലേ?
- ഗോവിന്ദന്‍
- അനുജന്മാര്‍ രണ്ടു തമ്പുരാക്കന്മാര്‍ വേളികഴിച്ചിട്ടുണ്ട്.
- ശാസ്ത്രികള്‍
- നമ്പൂതിരിപ്പാട് ആള്‍ നല്ല കാര്യസ്ഥനോ?
- ഗോവിന്ദന്‍
- ഒന്നാന്തരം കാര്യസ്ഥനാണ്. ഇതുപോലെ ആ മനയ്ക്കല്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. അതി കേമനാണ്. തമ്പുരാന്‍ ഇവിടെ എഴുന്നള്ളി ഈ സംബന്ധം കഴിക്കുന്നത് ഈ തറവാട്ടിന്റെയും പഞ്ചുമേനോന്റെയും മഹാഭാഗ്യം. ഇങ്ങിനെ നായന്മാരുടെ വീടുകളില്‍ ഒന്നും തമ്പുരാന്‍ എഴുന്നള്ളാറേയില്ല.
എന്നു പറഞ്ഞ് ഗോവിന്ദന്‍ അവിടെ നിന്ന് അമ്പലത്തിലേക്കോ മറ്റോ പോയി. കുട്ടിപ്പട്ടര്‍ പിന്നെയും അവിടെ ഇരുന്നു.
- ശാസ്ത്രികള്‍
- (കുട്ടിപ്പട്ടരോട്) തന്റെ ഗ്രാമം ഏതാണ്?
- കുട്ടിപ്പട്ടര്
- ഗോവിന്ദരാജപുരം.
- ശാസ്ത്രികള്‍
- എത്രകാലമായി നമ്പൂതിരിപ്പാട്ടിലെ കൂടെ?
- കുട്ടിപ്പട്ടര്
- ആറു സംവത്സരമായി. ഇതുവരെ ഒരു കാശു മാസ്പടി തന്നിട്ടില്ല. ഒരു പ്രാവശ്യം ബുദ്ധിമുട്ടിച്ച് അമ്പത് ഉറുപ്പിക തന്നു, അതു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അങ്ങട്ട് തന്നെ വാങ്ങി. പിന്നെ ഇതുവരെ ഒന്നും തന്നിട്ടില്ല. വല്ലതും കിട്ടിയെങ്കില്‍ കടന്നു പൊയ്ക്കളയാമായിരുന്നു. പണത്തിനു ചോദിച്ചാല്‍ പലിശകൂട്ടി തരാമെന്നു പറയും. ഇയാള്‍ മഹാ കമ്പക്കാരനാണ്. ഒരു ഇതുപതു സംബന്ധത്തോളം ഇപ്പോള്‍ ഉണ്ട്. ഈരണ്ടു മാസത്തേക്ക് ഓരോ സ്ത്രീ. മനവക ഒരു കാര്യവും ഇയാള്‍ നോക്കാറില്ല. ആ ചെക്കന്‍ ഗോവിന്ദന്‍ ഇപ്പോള്‍ പറഞ്ഞു. ഇയാള്‍ നായന്മാരുടെ വീട്ടില്‍ പൂവാറെ ഇല്ലെന്ന്. എന്തു കളവാണ്! പെണ്ണുള്ള സകല വീടുകളിലും കടന്നു പോവും, കൈയില്‍ ഒരു സമയവും ഒരു കാശുപോലും ഉണ്ടാവുകയില്ല. രണ്ടു മൂന്നു മാപ്പിളമാര്‍ കടം കൊടുക്കാന്‍ തെയ്യാറായിട്ടുണ്ട്. നൂറ്റിയഞ്ചു പലിശ വെയ്ക്കും. ഈ വിഢ്യാന്‍ പണം കിട്ടേണ്ടുന്ന ബദ്ധപ്പാടില്‍ എന്തെങ്കിലും എഴുതിക്കൊടുക്കും. ഒടുവില്‍ വസ്തു ചാര്‍ത്തേണ്ടി വരും. ഇങ്ങിനെ അയാള്‍ ദ്രവ്യം മുടിക്കുന്നത് അസാരമോ! ഇപ്പോള്‍ വരുമ്പോള്‍ മുന്നൂറുറുപ്പിക നൂറ്റിനഞ്ചു പലിശക്കു കടം വാങ്ങീട്ടാണു പോന്നത്. മഹാ വല്ലാത്ത കമ്പമാണ്.
- ശാസ്ത്രികള്‍
- ആട്ടെ, സ്വാമി ദ്രോഹമായി പറയേണ്ട. ആള്‍ അദ്ദേഹം എത്രമാതിരിയെങ്കിലും ആവട്ടെ. ഞാന്‍ ഇതൊന്നും തന്നോടു ചോദിച്ചില്ലല്ലോ. ഞാന്‍ കുളിപ്പാന്‍ പോണു,
എന്നു പറഞ്ഞു ശാസ്ത്രികള്‍ കുളത്തിലേക്കും കുട്ടിപ്പട്ടര്‍ മഠത്തിലേക്കും പോയി.
|