പഞ്ചുമേനവന്റെ കുണ്ഠിതം
പഞ്ചുമേനവന്റെ കുണ്ഠിതം | |
---|---|
ഗ്രന്ഥകർത്താവ് | ഒ ചന്തുമേനോൻ |
മൂലകൃതി | ഇന്ദുലേഖ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട് |
വര്‍ഷം |
1890 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 390 (ആദ്യ പതിപ്പ്) |
മാധവന്‍ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനന്‍ തെക്കിനിയില്‍ അത്താഴം ഉണ്ണാന്‍ ഇരിക്കുമ്പോള്‍ കേശവന്‍ നമ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാന്‍ ഭാവിക്കുന്നതു കണ്ട് തന്റെ സമീപം ഇരിക്കാന്‍ പഞ്ചുമേനോന്‍ ആവശ്യപ്പെട്ടു. ഒരു പലകമേല്‍ അദ്ദേഹം സമീപത്തില്‍ ഇരുന്നു.
- പഞ്ചുമേനോന്‍
- ആളെ ഇനിയും അയച്ചില്ലേ? എന്താണ് മറുപടി ഒന്നും എനിയും എത്തീല്ലെ?
- കേശവന്‍ നമ്പൂതിരി
- അന്നുതന്നെ ആളെ അയച്ചു. നമ്പൂതിരി അവിടെ ഇല്ലെന്നും നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ മനയ്ക്കല്‍ എത്തുകയുള്ളൂ എന്നും ആണ് അയച്ച ആള്‍ മടങ്ങി വന്നു പറഞ്ഞത്. മനയ്ക്കല്‍ എത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം നാളെത്തന്നെ ഇവിടെ എത്തുമെന്നു തോന്നുന്നു.
ഉടനെ പഞ്ചുമേനവന്‍ ലക്ഷ്മിക്കുട്ടി അമ്മയെ വിളിക്കാന്‍ പറഞ്ഞു. ലക്ഷ്മിക്കുട്ടി അമ്മ അച്ഛന്റെ സമീപത്തുവന്നു നിന്നു.
- പഞ്ചുമേനോന്‍
- ലക്ഷ്മിക്കുട്ടീ! നീ ഇന്ദുലേഖയോട് ഈ വിവരം പറഞ്ഞുവോ?
- ലക്ഷ്മിക്കുട്ടി അമ്മ
- ഏതു വിവരം?
- പഞ്ചുമേനോന്‍
- നോക്കൂ, പെണ്ണിന്റെ കുറുമ്പ് — നോക്കൂ നീ ഈ വിവരം ഒന്നും അറിറഞ്ഞില്ലേ? അസത്തെ, കളവു പറയുന്നുവോ? കഴുത്തുവെട്ടണം. ഈ മഹാപാപികളെ എല്ലാം ചവിട്ടി പുറത്താക്കണം.
- ലക്ഷ്മിക്കുട്ടി അമ്മ
- ഇതെന്തു കഥയാണ്. അച്ഛാ? എന്നോട് ആരും ഒരു വിവരവും പറഞ്ഞില്ലല്ലോ. അച്ഛന്‍ എന്തിന് വെറുതെ എന്നെ ദേഷ്യപ്പെടുന്നു?
- കേശവന്‍ നമ്പൂതിരി
- ലക്ഷ്മിക്കുട്ടി വിവരം ഒന്നും അറിയില്ല. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലാ. കാര്യം സ്വകാര്യമായിരിക്കട്ടെ എന്നല്ലെ അന്ന് എന്നോട് പറഞ്ഞത്? അതുകൊണ്ട് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.
- പഞ്ചുമേനോന്‍
- എന്നാല്‍ ശരി തന്നെ. തിരുമനസ്സിന്നു ലക്ഷ്മിക്കുട്ടിയോടു പറഞ്ഞിട്ടുണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു പോയി. (ലക്ഷ്മിക്കുട്ടി അമ്മയെ നോക്കിയിട്ട്) അതുകൊണ്ടാണ് എഡീ, നിന്നെ ദേഷ്യപ്പെട്ടത്. ആട്ടെ, നിന്റെ മനസ്സ് എങ്ങനെയാണ്, അറിയട്ടെ, മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാടിനെക്കൊണ്ട് ഞാന്‍ ഇന്ദുലേഖയ്ക്ക് സംബന്ധം തുടങ്ങിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇന്ദുലേഖയ്ക്ക് അതു ബോദ്ധ്യമാവുമോ?
- ലക്ഷ്മിക്കുട്ടി അമ്മ
- ഞാന്‍ എങ്ങിനെയാണ് ഇന്ദുലേഖയ്ക്ക് ബോധ്യമാവുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയേണ്ടത്?
- പഞ്ചുമേനോന്‍
- ഇതല്ലേ കുറുമ്പ്, തിരുമനസ്സിന്നു പെണ്ണിന്റെ ധിക്കാരം കാണുന്നില്ലേ?
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയോട് തന്നെ ചോദിക്കരുതെ — അതല്ലേ നല്ലത്?
- പഞ്ചുമേനോന്‍
- തിരുമനസ്സിന്നു മഹാവിഡ്ഢിയാണ്. ഇന്ദുലേഖയോട് ആര് ചോദിക്കുന്നു? പക്ഷേ ലക്ഷ്മിക്കുട്ടി ചോദിച്ചാല്‍ അവള്‍ തീര്‍ച്ചയായും മറുപടി പറയുമായിരിക്കും. ലക്ഷ്മിക്കുട്ടീ! നീ ഈ മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാടിന്റെ വര്‍ത്തമാനം കേട്ടിട്ടുണ്ടോ?
- ലക്ഷ്മിക്കുട്ടി അമ്മ
- ഇല്ലാ.
- പഞ്ചുമേനോന്‍
- തിരുമനസ്സിന്നു പറഞ്ഞു ലക്ഷ്മിക്കുട്ടിയെ മനസ്സിലാക്കണം.
- കേശവന്‍ നമ്പൂതിരി
- അങ്ങിനെത്തന്നെ.
പഞ്ചുമേനോന്‍ ഊണ് കഴിഞ്ഞ് എണീറ്റ് കൈകഴുകുന്നു. അപ്പോള്‍ ഒരു വാലിയക്കാരന്‍ തെക്കിനിയുടെ വാതുക്കല്‍ വന്ന് കേശവന്‍ നമ്പൂതിരിക്ക് ഒരെഴുത്ത് കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞു. കേശവന്‍ നമ്പൂതിരി വേഗം എഴുനീറ്റ് എഴുത്തുവാങ്ങി വെളക്കത്തു വന്നു വായിച്ചു മനസ്സിലാക്കുന്ന മദ്ധ്യേ —
- പഞ്ചുമേനോന്‍
- ഇത് മറുപടി തന്നയോ?
- കേശവന്‍ നമ്പൂതിരി
- ഓ–ഹോ; അതെ.
- പഞ്ചുമേനോന്‍
- എഴുത്ത് ഒന്നു വായിച്ചു കേള്‍ക്കട്ടെ. പതുക്കെ വായിച്ചാല്‍ മതി.
കേശവന്‍ നമ്പൂതിരി എഴുത്ത് വായിക്കുന്നു.
“എഴുത്തു കിട്ടി — സന്തോഷമായി. ഞാന്‍ നാളെ കുളിപ്പാന്‍ തക്കവണ്ണം അവിടെ എത്തും. ചെറുശ്ശേരിയും കൂടെ ഉണ്ടാവും. നമ്പൂതിരി പറഞ്ഞതിനേക്കാള്‍ അധികമായി പോതായ് പ്രം പറഞ്ഞിട്ടും മറ്റും ഞാന്‍ കേട്ടറിഞ്ഞു. എനിക്ക് കാണാന്‍ വളരെ ബദ്ധപ്പാടായിരിക്കുന്നു. ശേഷം മുഖതാവില്‍.”
- പഞ്ചുമേനോന്‍
- നന്നായി! ഇന്ദുലേഖ ഉറങ്ങാറായിട്ടില്ല. തിരുമനസ്സിന്നുകൂട എഴുന്നള്ളണം. നുമ്മള്‍ക്ക് അവളുടെ അറയിലേക്ക് പോവുക. ഇതിനെപ്പറ്റി അല്പം അവളോടുതന്നെ ഒന്നു പറഞ്ഞു നോക്കണം. എന്നാല്‍ അവളുടെ മനസ്സറിയാമല്ലോ.
പഞ്ചുമേനോനും നമ്പൂതിരിയും കൂടി ഇന്ദുലേഖയുടെ അകത്തു കടന്നപ്പോള്‍ ഇന്ദുലേഖ ഒരു കോച്ചിന്മേല്‍ കിടന്നു ശാകുന്തളം നാടകം നോക്കുകയായിരുന്നു. ഉടനെ എഴുന്നേറ്റു നിന്ന് കേശവന്‍ നമ്പൂതിരി ഒരു കസാലമേലും പഞ്ചുമേനോന്‍ കോച്ചിന്മേലും ഇരുന്നു. ഇന്ദുലേഖയെ പഞ്ചുമേനോന്‍ തന്റെ അടുക്കെ കോച്ചിന്മേല്‍ ഇരുത്തി കൈകൊണ്ട് പുറത്ത് തലോടിക്കൊണ്ട് പറയുന്നു. നീ എന്താണ് വായിക്കുന്ന്? ഇന്നാള്‍ പറഞ്ഞ മാതിരിയിലുള്ള കള്ളകഥയോ?
- ഇന്ദുലേഖ
- അല്ലാ, ശാകുന്തളമാണ് വലിയച്ഛാ. ഈ പുസ്തകത്തിലെ അച്ചു വളരെ ചീത്തയാണ്. വായിപ്പാന്‍ ബഹു പ്രയാസം.
- പഞ്ചുമേനോന്‍
- നല്ല ഒരു ബുക്ക് വാങ്ങിക്കൊള്ളരുതേ? എവിടെ കിട്ടും ബുക്ക്? ഞാന്‍ പണം ഇപ്പോള്‍ തരാമല്ലോ.
- ഇന്ദുലേഖ
- ഇതില്‍ നല്ല അച്ചില്‍ അടിച്ചിട്ടുള്ള ബുക്ക് ഉണ്ടോ എന്നറിഞ്ഞില്ല. ഉണ്ടോന്ന് അന്വേഷിച്ചു വലിയച്ഛനെ അറിയിക്കാം.
- പഞ്ചുമേനോന്‍
- വലിയ അച്ചായിട്ട് എന്റെ മകള്‍ ഒന്ന് അച്ചടിപ്പിച്ചോളൂ.
- ഇന്ദുലേഖ
- (ചിറിച്ചുംകൊണ്ട്) അതു പ്രയാസമല്ലേ വലിയച്ഛാ. വളരെ ചിലവുണ്ടാകും — പിന്നെ ഇതില്‍ വലിയ ടൈപ്പ് തന്നെ ഉണ്ടോ എന്നു തന്നെ അറിഞ്ഞില്ല.
- പഞ്ചുമേനോന്‍
- എന്തന്ന് ഉണ്ടോ എന്നറിഞ്ഞില്ലാ?
- ഇന്ദുലേഖ
- വലിയ അക്ഷരക്കരുക്കള്‍.
- പഞ്ചുമേനോന്‍
- എനിക്ക് ഇതൊന്നും അറിഞ്ഞുകൂടെ കുട്ടീ. കരുക്കള്‍ ഇല്ലെങ്കില്‍ അതും വാങ്ങിക്കോ.
ഇന്ദുലേഖ ചിറിച്ചു.
- പഞ്ചുമേനോന്‍
- ഞങ്ങള് രണ്ടാളും കൂടി നിന്നോട് ഒരു കാര്യം പറവാനാണ് മകളെ വന്നത്. എന്നാല്‍ പണ്ടു പണ്ടെയുള്ള നടപ്പു പ്രകാരമാണെങ്കില്‍ ഇതു നീയിപ്പോള്‍ അറിയേണ്ട ഒരു കാര്യമല്ല. കാര്യം നടക്കുമ്പോഴേ അറിയാവൂ. ഇപ്പോള്‍ കലികാലം അല്ലേ? അതുകൊണ്ട് ഞങ്ങള്‍ക്ക് ഭയം — അതാണ് പറവാന്‍ വന്നത്. (നമ്പൂതിരിയോട്) തിരുമനസ്സു തന്നെ പറയൂ.
- ഇന്ദുലേഖ
- പണ്ടു പണ്ടേ നടപ്പു പ്രകാരം തന്നെ വലിയച്ഛന്‍ ചെയ്താല്‍ മതി. എനിക്ക് കലി ഒട്ടും ബാധിച്ചിട്ടില്ലാ. കാര്യം നടക്കുമ്പോള്‍ മാത്രം എനിക്ക് അറിഞ്ഞാല്‍ മതി.
- കേശവന്‍ നമ്പൂതിരി
- (പഞ്ചുമേനോനോട്) ശരി ശരി — നല്ല ഉത്തരം. മതി മതി എനി നോക്കു കിടക്കാന്‍ പോവുക.
- പഞ്ചുമേനോന്‍
- കാര്യം നടക്കുന്ന സമയം വല്ല വിഷമം വന്നാലോ? — അത് തീര്‍ത്തു വെക്കണ്ടേ?
- ഇന്ദുലേഖ
- നടക്കുന്ന സമയം വരാന്‍ പോവുന്ന വിഷമം ഇപ്പോള്‍ എങ്ങനെ അറിയാന്‍ കഴിയും, എങ്ങിനെ തീര്‍ക്കും?
- പഞ്ചുമേനോന്‍
- അതാ — കണ്ടുവോ ഇങ്കിരീസ്സ് പുറപ്പെടുന്നു!
- ഇന്ദുലേഖ
- എവിടെയാണ് ഇങ്കിരിയസ്സ് പുറപ്പെടുന്നത്? — ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞത് വലിയച്ഛാ?
- പഞ്ചുമേനോന്‍
- അതേ മകളേ, നിന്റെ സാമര്‍ത്ഥ്യം ഞാന്‍ അറിയില്ലേ.
- ഇന്ദുലേഖ
- ഇതില്‍ എന്തു സാമര്‍ത്ഥ്യമാണ് ഈശ്വരാ. വലിയച്ഛന്‍ പറഞ്ഞത് എനിക്ക് മനസ്സിലാവുന്നില്ല.
- പഞ്ചുമേനോന്‍
- (നമ്പൂതിരിയോട്) ഇവളോട് തര്‍ക്കിച്ചാല്‍ നുമ്മള്‍ക്ക് ഇന്ന് ഒറങ്ങാന്‍ കഴിയില്ല. തിരുമനസ്സുകൊണ്ട് നോം വന്ന കാര്യം പറയൂ. വെളിവായി പറയൂ.
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയ്ക്ക് ഒക്കെ മനസ്സിലായിട്ടുണ്ട്.
- പഞ്ചുമേനോന്‍
- അതു ശരിയായിരിക്കാം. പക്ഷെ ഇന്ദുലേഖയുടെ മനസ്സ് നുമ്മള്‍ക്ക് അറിയണ്ടെ?
- കേശവന്‍ നമ്പൂതിരി
- അതു കാര്യം നടക്കുമ്പോള്‍ അറിഞ്ഞാല്‍ മതി — എന്നല്ലേ ഇന്ദുലേഖ തന്നെ പറഞ്ഞത്.
- പഞ്ചുമേനോന്‍
- തിരുമനസ്സിന്ന് എന്താണ് വിഡ്ഢിത്തം പറയുന്നത്. ചോദിക്കൂ — ചോദിക്കൂ.
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയ്ക്ക് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.
- ഇന്ദുലേഖ
- ആരു നിശ്ചയിച്ചു?
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയുടെ വലിയച്ഛന്‍ തന്നെയാണ് നിശ്ചയിച്ചത്.
- ഇന്ദുലേഖ
- ശരി നിശ്ചയിച്ചോട്ടെ.
- കേശവന്‍ നമ്പൂതിരി
- അത് ഇന്ദുലേഖയ്ക്ക് സമ്മതമല്ലേ?
- ഇന്ദുലേഖ
- നിശ്ചയിച്ച കാര്യത്തിന് സമ്മതം വേണമോ?
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയ്ക്ക് സമ്മതമുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയണം.
- ഇന്ദുലേഖ
- എന്നാല്‍ അത് അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടത്?
- കേശവന്‍ നമ്പൂതിരി
- ഇന്ദുലേഖയെ അറിയിച്ചിട്ട് നിശ്ചയിക്കേണ്ട കാര്യമല്ല ഇത്.
- ഇന്ദുലേഖ
- ഇതു മഹാ വിഷമം തന്നെ — പിന്നെ എന്തിനാണ് എന്നോട് ഇപ്പോള്‍ ചോദിക്കുന്നത്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല — നടക്കുമ്പോള്‍ മാത്രം അറിയേണ്ട കാര്യമാണ് — നിശ്ചയം കഴിഞ്ഞു; പിന്നെ എന്തു സമ്മതം ചോദിക്കലാണ്?
ഈ വാക്ക് കേട്ടപ്പോള്‍ പഞ്ചുമേനവന് കുറെ ദേഷ്യം വന്നു. എങ്കിലും ഇന്ദുലേഖയുടെ വിളങ്ങുന്ന ചന്ദ്രബിംബം പോലെയുള്ള മുഖത്ത് നിന്ന് പ്രത്യക്ഷമായി കാണപ്പെടുന്ന ധൈര്യം കണ്ടപ്പോള്‍ ശാന്തത വന്നു. കുറെ നിമിഷം മിണ്ടാതിരുന്നു. പിന്നെ പറയുന്നു.
- പഞ്ചുമേനോന്‍
- സകലം വിഷമം തന്നെ. നാളെ ഇവളോട് ലക്ഷ്മിക്കുട്ടി ചോദിക്കട്ടെ. നമുക്കു കിടക്കാന്‍ പോവുക.
എന്നു പറഞ്ഞ് നമ്പൂതിരിയും പഞ്ചുമേനവനും താഴത്തേക്കുതന്നെ ഇറങ്ങിപ്പോന്നു. പഞ്ചുമേനവന്റെ മുറിയില്‍പ്പോയി അദ്ദേഹം തന്റെ ഭാര്യയോട് ഇന്ദുലേഖയുടെ ശാഠ്യത്തെ കുറിച്ച് വളരെ കുണ്ഠിതത്തോടെ പറഞ്ഞു.
- കുഞ്ഞിക്കുട്ടി അമ്മ
- നല്ല തല്ലു കൊടുത്താന്‍ ഈ വക അധികപ്രസംഗം ഉണ്ടാവുന്നതല്ല.
ഓമനവാക്ക് പറഞ്ഞിട്ടാണ് ഈ ധിക്കാരം എല്ലാം കാണിക്കുന്നത്. കുട്ടികളെ അധികം ലാളിക്കരുത്.
- പഞ്ചുമേനോന്‍
- എനിക്ക് ഈ ലോകത്തില്‍ ഒരാളെയും പേടിയില്ല. എന്തോ ഇന്ദുലേഖയെ ബഹുഭയം! അവള്‍ക്ക് ദേഷ്യംവന്നാല്‍ എനിക്ക് കണ്ടു നില്ക്കാന്‍ നിവൃത്തിയില്ല. ഞാന്‍ എന്തു ചെയ്യട്ടെ!
ഇങ്ങനെ പറഞ്ഞും താന്‍ കോപത്താല്‍ ചെയ്തുപോയ ശപഥത്തെ ശപിച്ചും വ്യസനിച്ചും കൊണ്ട് ഈ വൃദ്ധന്‍ ഉറങ്ങി.
കേശവന്‍ നമ്പൂതിരിയും തന്റെ ഭാര്യയും തമ്മില്‍ ഈ സമയത്തു തന്നെ അവരുടെ അകത്തുവച്ച് ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ചും ഇവിടെ അല്പം പ്രസംഗിച്ചിട്ടേ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നുള്ളൂ.
കേശവന്‍ നമ്പൂതിരി തന്റെ അകത്തു കടന്നപ്പോള്‍ ഭാര്യ കട്ടിലിന്മേല്‍ കിടന്നുറങ്ങുന്നതുകണ്ടു താനും ഇരുന്നു കൈകൊണ്ട് പതുക്കെ ഭാര്യയുടെ ദേഹം തലോടിക്കൊണ്ട് വിളിച്ചു.
ഈ കേശവന്‍ നമ്പൂതിരിയുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ ഈ പുസ്തകത്തില്‍ എങ്ങും പറഞ്ഞിട്ടില്ലാ. ഇയ്യാള്‍ വളരെ വളരെ ദ്രവ്യസ്ഥന്‍ എന്നു പറഞ്ഞുകൂടാ — എന്നാല്‍ സാമാന്യം ഒരു ധനികനാണ്. കൈയില്‍ സ്വന്തമായ അസാരം പണമുണ്ടായിരുന്നത് ഒരു നൂല്‍ക്കമ്പനി ഓഹരിയില്‍ ഇട്ടിരിക്കുന്നു. ആള്‍ കാഴ്ചയില്‍ സുന്ദരന്‍ അല്ലെങ്കിലും ഒട്ടും വിരൂപിയല്ലാ. ഇയ്യാള്‍ ഇന്ദുലേഖയ്ക്ക് സംബന്ധം തുടങ്ങിപ്പിക്കാന്‍ ആലോചിച്ചു വെച്ച നമ്പൂതിരിപ്പാടിന്റെ വലിയ ഒരു ഇഷ്ടനും ആശ്രിതനുമാണ്; വേളി കഴിച്ചിട്ടില്ല; ഇല്ലത്ത് പോയി താമസിക്കുന്നത് ചുരുക്കം. പൂവള്ളി സത്രശാലയ്ക്ക് സമീപം ഒരു മഠത്തിലാണ് ഭക്ഷണം. തനിക്ക് സ്വന്തമായിഒരു കുട്ടിപ്പട്ടരും രണ്ടു ഭൃത്യന്മാരും ഉണ്ട്. ആള്‍ പരമസുദ്ധനാണ്. “മഹാനുഭവോ വിഡ്ഢിശ്ചേല്‍ ശുദ്ധ ഇത്യഭിധീയതേ!” എന്ന പ്രമാണം വെടുപ്പായി ചേരുന്ന വിധമുള്ള ശുദ്ധനാണ്. എന്നാല്‍ വളരെ മര്യാദക്കാരനും സുശീലനും കൂടിയായിരുന്നു. തന്റെ ഭാര്യയില്‍ അതി പ്രേമമാണ്. തനിക്ക് ഭാഗ്യവശാല്‍ കിട്ടിയ ഭാര്യയാണെന്ന് എല്ലായ്പ്പോഴും ഓര്‍മ്മയുണ്ടായിരുന്നു. കണ്ണേഴി മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ നമ്പൂതിരിപ്പാട്ടിലെക്കൊണ്ട് ഇന്ദുലേഖയ്ക്ക് ആലോചിച്ച സംബന്ധത്തെപ്പറ്റി ഒന്നു സംസാരിക്കേണമെന്നു വെച്ചാണ് രാത്രി ഉറങ്ങിയിരുന്ന ലക്ഷ്മിക്കുട്ടി അമ്മയെ ഇയാള്‍ വിളിച്ചത്.
- കേശവന്‍ നമ്പൂതിരി
- ലക്ഷ്മീ! ലക്ഷ്മീ! എന്താണ് ഉറങ്ങിയോ! നേരം ഒമ്പത് അടിച്ചില്ലാ എനിയും.
ലക്ഷ്മിക്കുട്ടി അമ്മകണ്ണുകള്‍ തുറന്ന് എഴുനീറ്റിരുന്നു.
- കേശവന്‍ നമ്പൂതിരി
- എന്താണ് ഇന്ന് ഇത്രയധികം ഉറക്ക്.
- ലക്ഷ്മിക്കുട്ടി അമ്മ
- മുറുക്കിയോ? അതാ ആ മേശയിലെ വെള്ളിത്തട്ടില്‍ ഞാന്‍ മുറുക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു.
- കേശവന്‍ നമ്പൂതിരി
- ഓ — ഹോ, മുറുക്കിക്കളയാം.
എന്നു പറഞ്ഞു വെറ്റില മുറുക്കിക്കൊണ്ട് പിന്നെയും കട്ടിലിന്മേല്‍ തന്നെ ഇരുന്നു.
- കേശവന്‍ നമ്പൂതിരി
- ഞങ്ങള്‍ ഇന്ദുലേഖയെ കാണാന്‍ പോയിരുന്ന വര്‍ത്തമാനം ഒന്ന് കേള്‍ക്കണ്ടേ?
- ലക്ഷ്മിക്കുട്ടി അമ്മ
- ഇന്ദുലേഖ ഇനിയും ഉറങ്ങയിട്ടില്ലേ? ആ പെണ്ണ് ഇയ്യിടെ രാത്രി അധികനേരം വായിക്കുന്നു. ഉറക്കൊഴിയുന്നതു കൊണ്ട് ശരീരത്തിന്ന് വല്ല സുഖക്കേടും വരുമോ എന്നറിഞ്ഞില്ലാ. മണ്ണെണ്ണ വെളിച്ചം തന്നെ കണ്ണിന് നല്ലതല്ലപോല്‍!
- കേശവന്‍ നമ്പൂതിരി
- ആരാണ് ഈ വിഡ്ഢിത്തം പറഞ്ഞത്? കെസ്രാത്ത എണ്ണയെക്കുറിച്ചല്ലേ പറഞ്ഞത്? അത് അസ്സല്‍ എണ്ണയാണ്. നൂല്‍ക്കമ്പി ശാലകളില്‍ എല്ലാടവും ഈ കെസ്രാത്ത എണ്ണ വിളക്ക് ഒരു ദിവസം വെച്ചതു ഞാന്‍ കണ്ടു. അവിടെ എത്ര ആളുകളും തിരക്കുമാണെന്ന് പറയാന്‍ പാടില്ല. എനിക്ക് ലക്ഷ്മിക്കുട്ടിയെ അവിടെ ഒന്നു കൊണ്ടു പോയി ആ വിശേഷങ്ങളെല്ലാം കാണിക്കണമെന്നു വളരെ താല്പര്യമുണ്ടായിരുന്നു.
- ലക്ഷ്മിക്കുട്ടി അമ്മ
- എന്തെല്ലാമാണ് വിശേഷങ്ങള്‍?
- കേശവന്‍ നമ്പൂതിരി
- ശിവ! ശിവ! നാരായണ! ഞാന്‍ എന്താണു പറയേണ്ടത്! ഈ വെള്ളക്കാരുടെ കൌശലം അത്യത്ഭുതം! തന്നെ, ലക്ഷ്മീ! നീ അതു കണ്ടാല്‍ വിസ്മയപ്പെട്ടു പോവും. എന്തൊരത്ഭുതം! ഈ നൂല്‍ക്കമ്പിനി എന്ന് ഇത്ര ഘോഷമായി കേള്‍ക്കുന്നത് എല്ലാം ഒരു ഇരുമ്പു ചക്രമാണ്. ആ ചക്രം ഈ നൂല്‍ ഒക്കെയും ഉണ്ടാക്കുന്നു. ആ ചക്രത്തെ തിരിക്കുന്നത് പൊകയാണ് . പൊക — പൊക — ശുദ്ധ പൊക. എന്നാലോ പൊക നമ്മുടെ അടുക്കളയില്‍ നിന്നുണ്ടാകന്നതുപോലെ കണ്ണിലും മറ്റും ലേശം ഉപദ്രവിക്കയില്ല. ആ കമ്പിനിക്ക് ആരു വലിയ വാല് മേലോട്ട് വെച്ചിരിക്കുന്നു — ഒരു കൊടിമരം പോലെ വലിയ ഒരു വാല്. അതു പൊക പോവാനാണെന്നാണ് പറയുന്നത്. എന്നാല്‍ എനിക്ക് സംശയമുണ്ട്. അതിന്റെ ഉള്ളില്‍ എന്തോ ചില വിദ്യകള്‍ ഉണ്ട്. അതു മിടുക്കന്മാരായ ഈ വെള്ളക്കാര്‍ പുറത്തു പറകയില്ല. അങ്ങിനെ വല്ലതും ഇല്ലാതെ ഈ ഇരുമ്പു കൊണ്ടുള്ള കമ്പിനിയും തൂശികളും പറഞ്ഞതുപോലെ കേള്‍ക്കുമോ — എന്തോ ഒരു വിദ്യയുണ്ട്.
- ലക്ഷ്മിക്കുട്ടി അമ്മ
- എന്താണ് ആ വിദ്യ നിങ്ങളാരും മനസ്സിലാക്കാത്തത്?
- കേശവന്‍ നമ്പൂതിരി
- അതിനെക്കുറിച്ചു ചോദിച്ചാല്‍ ആ ഇഞ്ചിനീയര്‍ സായ്‌വ് വെടിവെയ്ക്കും. ഓ — ഹോ! അതൊന്നും ചോദിച്ചു കൂടാ. എന്നാല്‍ അയാള്‍ ഞങ്ങളൊക്കെ ചെന്നാല്‍ ഈ യന്ത്രത്തിന്റെ അടുക്കെ കൊണ്ടുപോയി ഓരോരോ കളവുകള്‍ എല്ലാം പറഞ്ഞു തരും. അയാള്‍ പറയുന്നത് കുട്ടികള്‍ക്കുകൂടി ബോദ്ധ്യം വരികയില്ല. എന്നാല്‍ ഞങ്ങള്‍ അത് ഭാവിക്കാറില്ല — എല്ലാം മനസ്സിലായി എന്നു നടിക്കും.
- ലക്ഷ്മിക്കുട്ടി അമ്മ
- പുകയാണ് യന്ത്രം തിരിക്കുന്നത് എന്ന് തിരുമനസ്സ് പറഞ്ഞത് കുറെ വിഡ്ഢിത്തമാണെന്നു തോന്നുന്നു. ഇന്ദുലേഖാ അഞ്ചാറു ദിവസം മുമ്പു എന്നോട് തീവണ്ടിയെക്കുറിച്ച് ഓരോന്നു പറഞ്ഞിരുന്നു. അവള്‍ പറഞ്ഞത് ഈ വക യന്ത്രങ്ങളെല്ലാം ആവിയുടെ ശക്തികൊണ്ട് തിരിയുന്നതാണെന്നും പുകയ്ക്ക് സ്വതെ ശക്തി ഒന്നും ഇല്ലെന്നും അത് അഗ്നിയില്‍ സഹജമായിരിക്കുന്നതിനാല്‍ അഗ്നിയുള്ള ദിക്കില്‍ നമ്മള്‍ കാണുന്നതുമാത്രമല്ലാതെ അതിനെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്നും മറ്റുമാണ്.
- കേശവന്‍ നമ്പൂതിരി
- തീവണ്ടിക്ക് അങ്ങിനെ ആയിരിക്കും — നൂല്‍ക്കമ്പിനി തിരിയുന്നത് പൊക കൊണ്ടാണ്. വേറെ ആ കൊടി മരത്തിന്റെ ഉള്ളില്‍ എന്തോ ഒരു വിദ്യയും കൂടി ഉണ്ടായിരിക്കണം. എനിക്ക് ഒരു സംശയവുമില്ല. ഇന്ദുലേഖയോട് മാധവനോ നമ്മുടെ ഗോവിന്ദന്‍കുട്ടിയോ പറഞ്ഞു കൊടുത്തതായിരിക്കണം. ഈ സാധുക്കുട്ടികളോടു വെള്ളക്കാര്‍ സൂക്ഷ്മം ഒരിക്കലും പറഞ്ഞു കൊടുക്കയില്ല. വല്ല ഭോഷ്കുകളും പറഞ്ഞു ധരിപ്പിക്കും. അതു സത്യമാണെന്ന് ഈ വിഡ്ഢികള്‍ ഉറപ്പിച്ചു പെണ്ണുങ്ങളോടും മറ്റും പറയും. സൂക്ഷ്മം അവര്‍ ഒരിക്കലും പറഞ്ഞു കൊടുക്കയില്ലാ. അഥവാ സൂക്ഷ്മം അറിയണമെങ്കില്‍ അവരുടെ വേദത്തില്‍ ചേര്‍ന്ന് തൊപ്പി ഇടണം. എന്നാല്‍ പറയും.
- ലക്ഷ്മിക്കുട്ടി അമ്മ
- അത് എന്തോ — പുകയ്ക്ക് ഒരു ശക്തിയും ഇല്ലാ.
- കേശവന്‍ നമ്പൂതിരി
- അങ്ങനെ പറയണ്ട. ധൂമം ശക്തിയുള്ളതാണ്. ഹോമധൂമത്തിന് ശക്തിയില്ലേ? എനിക്ക് ഒന്നു കൂടി സംശയമുണ്ട്. ഇതു വല്ല മൂര്‍ത്തികളുടെയും പ്രസാദത്തിനു വേണ്ടിയുള്ള ഹോമമോ എന്നു കൂടി സംശയമുണ്ട്; വല്ല വിഗ്രഹങ്ങളോ ചക്രങ്ങളോ ആ കൊടിമരത്തിന്റെ ഉള്ളില്‍ വെച്ചിട്ടുണ്ടായിരിക്കാം — ആര്‍ക്കറിയാം? അതിന് ഈ ഹോമം വളരെ പ്രിയമായിരിക്കാം; അതിന്റെ പ്രസാദത്തിനാല്‍ ആയിരിക്കാം ഈ കമ്പിനി തിരിയുന്നത്. ആര്‍ക്കറിയാം — നാരായണ മൂര്‍ത്തിക്കുമാത്രം അറിയാം.
- ലക്ഷ്മിക്കുട്ടി അമ്മ
- എന്നാല്‍ അതുനോക്കി അറിയരുതോ?
- കേശവന്‍ നമ്പൂതിരി
- എന്തുകഥയാണ് ലക്ഷ്മീ പറയുന്നത്. ഈ വെള്ളക്കാര്‍ അതിന് ഈ ജന്മം സമ്മതിക്കുമോ? എന്നാല്‍ അവരുടെ വലിപ്പം പോയില്ലേ? ഈ തീവണ്ടി, കമ്പിത്തപ്പാല്‍ മുതലായ അനേകം വിദ്യകള്‍ അവര്‍ ഈ ദിക്കില്‍ കൊണ്ടു വന്നു കാണിക്കുന്നതിന്റെ സൂക്ഷ്മം ഒന്നും അവര്‍ ഈ ജന്മം നുമ്മളെ അറിയിച്ചു തരുമോ? ഒരിക്കലും ചെയ്യില്ല. ഇപ്പോള്‍ ഈ നൂല്‍ക്കമ്പിനി ഉണ്ടാക്കാന്‍ വെള്ളക്കാരെ ഒരു പയിസ്സപോലും ചിലവിട്ടിട്ടണ്ടോ? — ഇല്ലാ! സകലം നാട്ടുകാരുടെ പണം. എന്നിട്ട് എന്താണു ഫലം? ഒരു നാട്ടുകാരന് എങ്കിലും ഈ വിദ്യ പറഞ്ഞു കൊടുത്തുവോ? അനവധി പണം വാങ്ങി നൂല്‍ക്കമ്പിനി പണി ബിലാത്തിയില്‍ നിന്നുതന്നെ ചെയ്തു. എന്നിട്ടു ഇവിടെ കൊണ്ടുവന്നു കമ്പിനി കൂട്ടി. കമ്പിനി കണ്ടാല്‍ ബഹുവലിപ്പമായി ഭംഗിയായിരിക്കും. ഇപ്പോള്‍ ഒരു വെള്ളക്കാരന്‍ തന്നെ ധൂമം കൊണ്ടു കമ്പിനി തിരിപ്പിച്ചു നൂലുണ്ടാക്കുന്നു. കമ്പിനി തിരിയുന്ന തിരിച്ചില്‍ കണ്ടാല്‍ നോം അത്ഭുതപ്പെടും. നാട്ടുകാര്‍ നുമ്മള്‍ മഹാ വിഡ്ഢികളല്ലേ? അല്ലെങ്കില്‍ നൂല്‍ക്കമ്പിനി ഇവിടെ കോഴിക്കോട്ടുവെച്ചു പണിയെടുപ്പിക്കരുതായിരുന്നുവോ? അതിന് എന്തു വിരോധമായിരുന്നു.? നുമ്മളുടെ പണമല്ലേ? നുമ്മള്‍ പറഞ്ഞപോലെ ചെയ്യണ്ടെ? പക്ഷേ, ഇതൊന്നും പറഞ്ഞാല്‍ വെള്ളക്കാരോട് പറ്റുകയില്ല. അവര്‍ ഒന്നരലക്ഷം ഉറുപ്പികയോ മറ്റോ വാങ്ങി നൂല്‍ക്കമ്പിനി സകലവും അവരുടെ രാജ്യത്തുവെച്ചു തന്നെ പണിയിച്ച് ഇവിടെ കപ്പലില്‍ കൊണ്ടുവന്ന് എറക്കി. അവര്‍ എത്ര സമര്‍ത്ഥന്മാര്‍! നുമ്മള്‍ എത്ര വിഡ്ഢികള്‍!
- ലക്ഷ്മിക്കുട്ടി അമ്മ
- ആട്ടെ, ഇതില്‍ ലാഭമുണ്ടാകുമോ?
- കേശവന്‍ നമ്പൂതിരി
- നിശ്ചയമായിട്ട് ഉണ്ടാവും എന്നാണ് എല്ലാവരും പറയുന്നത്. വളരെ ആളുകള്‍ ഉറുപ്പിക കൊടുത്തിട്ടുണ്ട്. രണ്ടു നാല് കൊല്ലങ്ങള്‍ കൊണ്ടറിയാം. ഈ ഇങ്കിരീസ്സുകാരുടെ വിദ്യകള്‍ എല്ലാം നമ്മള്‍ക്ക് മനസ്സിലാക്കിത്തന്നിരുന്നുവെങ്കില്‍ നന്നായിരുന്നു.
- ലക്ഷ്മിക്കുട്ടി അമ്മ
- ഇങ്കിരീസ്സുകാര്‍ നാട്ടുകാരേ പഠിപ്പിക്കുന്നതു കാണുന്നില്ലേ. അവര്‍ എനി എന്തു ചെയ്യണം? — നമ്മള്‍ക്ക് പഠിക്കാന്‍ ബുദ്ധിയില്ലായിരിക്കും.
- കേശവന്‍ നമ്പൂതിരി
- അയ്യോ, എന്റെ ലക്ഷ്മിക്കുട്ടി ഇങ്ങനെയാണ് ധരിച്ചത്. ഇവര്‍ ഇസ്കോളില്‍ പഠിപ്പിക്കുന്നത് ഈ വക വിദ്യകള്‍ ഒന്നുമല്ല. എന്നാല്‍ നന്നായിരുന്നുവല്ലോ. ഇസ്കോളില്‍ പഠിപ്പിക്കുന്നത് എല്ലാം നുമ്മളുടെ കുട്ടികളെ വഷളാക്കി തീര്‍ക്കാനാണ്. യാതൊരു സംശയവുമില്ല. ഒന്നാമത് ക്ഷേത്രത്തില്‍ പോവുന്നതും ശുദ്ധം മാറിയാല്‍ കുളിക്കുന്നതും ഭസ്മം, ചന്ദനം തൊടുന്നതും ഗുരുകാരണവന്മാരെ ഉള്ള ഭയവും ബ്രാഹ്മണഭക്തിയും ഇല്ലാതെയാക്കും. പിന്നെ വേണ്ടാത്ത തോന്ന്യാസമായ കഥകളും മറ്റും പഠിപ്പിക്കും. എന്നിട്ട് ചില പരീക്ഷകള്‍ അവരെക്കൊണ്ടു കൊടുപ്പിച്ച് ചില അക്ഷരങ്ങള്‍ അവരുടെ പേരുകളോടു ചേര്‍ത്തു പറയുന്ന ഒരു ബഹുമാനം കൊടുക്കും. ഇതുകൊണ്ട് എന്താണ് ഫലം? മിന്നത്തപ്പാല്‍ എങ്ങിനെയാണ് ഉണ്ടാക്കിയത്, തീവണ്ടി എങ്ങിനെ ഓടുന്നു എന്ന് ഇങ്കിരീസ്സു പഠിച്ച ഒരു കുട്ടിയോടു ചോദിച്ചാല്‍ എന്നെപ്പോലെയും ലക്ഷ്മിയെപ്പോലെയും തന്നെ ഒരു വസ്തു ശരിയായി പറവാന്‍ അവന്ന് അറിറഞ്ഞു കൂടാ. ഒരു കുട്ടി ഇങ്കിരീസ്സു പഠിക്കുമ്പോഴയ്ക്ക് അവന്റെ വീട്ടില്‍ ഉള്ളവരെയെല്ലാം പുച്ഛമായി. ഇതിനുമാത്രം കൊള്ളാം ഇങ്കിരീസ്സ് പഠിപ്പ്.
- ലക്ഷ്മിക്കുട്ടി അമ്മ
- അങ്ങനെ ഒന്നുമല്ല. ഇന്നാള്‍ ഇന്ദുലേഖ തീവണ്ടി ഓടിക്കുന്നതിന്റെ ക്രമത്തെക്കുറിച്ച് എത്ര വെടിപ്പായി പറഞ്ഞു. എനിക്കു നല്ലവണ്ണം മനസ്സിലായി. ഈ കുട്ടികള്‍ക്ക് ഒക്കെ നൊമ്മെക്കാള്‍ വളരെ അറിവുണ്ട് എന്ന് എനിക്കു തോന്നുന്നു — അങ്ങനെ അറിവുള്ളതു കൊണ്ടാണ് പക്ഷേ, നൊമ്മെ അവര്‍ക്കു പുച്ഛം തോന്നുന്നത്. ഇയ്യിടെ ഒരു ദിവസം മാധവന്‍ കമ്പിത്തപ്പാലിനെപ്പറ്റി പറഞ്ഞു. എനിക്ക് ബഹുരസം തോന്നി.
- കേശവന്‍ നമ്പൂതിരി
- ആട്ടെ, എന്നാല്‍ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ — എന്നാല്‍ ഞാന്‍ സമ്മതിക്കാം.
- ലക്ഷ്മിക്കുട്ടി അമ്മ
- അതെങ്ങിനെയാണ്? ഒന്നാമത് തീവണ്ടി വേണ്ടേ? പിന്നെ അത് ഓടിക്കുന്ന മാതിരി പഠിക്കണ്ടേ? തീവണ്ടി ദിവസം പ്രതി ഓടിക്കുന്നവര്‍ വെറും കൂലിക്കാരെപ്പോലെ പ്രവൃത്തിയെടുക്കുന്നവര്‍ മാത്രമാണ്. അവര്‍ ഇതിന്റെ തത്വം നമ്മളുടെ ഇംക്ലീഷു പഠിച്ച കുട്ടികള്‍ അറിയുമ്പോലെകൂടി അറികയില്ല.
- കേശവന്‍ നമ്പൂതിരി
- അയ്യോ കഷ്ടം! ലക്ഷ്മിക്കുട്ടി മഹാസാധുവാണ്. ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവര്‍ക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്ന് ഇവര്‍ പുറത്തൊക്കെപ്പറയുന്നു. ഇന്നാള്‍ ഞാന്‍ കോഴിക്കോട്ടു പോയപ്പോള്‍ ഒരു രാജാവിന്റെ കൂടെ വണ്ടിയില്‍ കടപ്പുറത്തു സവാരിക്കുപോയി. കടപ്രത്തു സമീപം ഒരു ബങ്കളാവുകണ്ട് അത് എന്താണെന്നു ചോദിച്ചപ്പോള്‍ സായ്‌വിന്മാരെ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു രാജാവു പറഞ്ഞു. തലവെട്ടിപ്പള്ളിയെന്നാണത്രേ അതിന്റെ പേര്. ആ പള്ളിയില്‍ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പുറത്തുപറഞ്ഞാല്‍ അവരെ തലവെട്ടിക്കളവാനാണത്രെ വെള്ളക്കാരന്റെ കല്പന. ഈ ശാക്തേയം അവര്‍ ചെയ്തു ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവന്‍ ജയിച്ചു. നമ്മളുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കി ഇട്ടു. എന്നിട്ടും നുമ്മളോട് ഒക്കെ യാതൊരു മന്ത്രവും തന്ത്രവും ഇല്ലെന്നു വെറുതെ പറയുന്നു. ഇതു നല്ലമാതിരി അല്ലെ?
- ലക്ഷ്മിക്കുട്ടി അമ്മ
- ഈ തലവെട്ടിപ്പള്ളിയില്‍ നാട്ടുകാരെ ചേര്‍ക്കാമോ?
- കേശവന്‍ നമ്പൂതിരി
- അതു ഞാന്‍ അറിയില്ല. ചേര്‍ക്കാന്‍ സംഗതിയില്ലാ.
- ലക്ഷ്മിക്കുട്ടി അമ്മ
- എനിക്ക് ഉറക്കു വരുന്നു.
- കേശവന്‍ നമ്പൂതിരി
- എനിക്കും ഉറക്കു വരുന്നു.
ലക്ഷ്മിക്കുട്ടി അമ്മ ഉറങ്ങാന്‍ കിടന്നു. നമ്പൂതിരിയും ഉറങ്ങുവാന്‍ ഭാവിച്ചു കിടന്നു. അപ്പോള്‍ മാത്രമാണ് ഇന്ദുലേഖയെ കുറിച്ചുള്ള സംസാരത്തെക്കുറിച്ചും നമ്പൂതിരിപ്പാട്ടിലെക്കുറിച്ചും ലക്ഷ്മിക്കുട്ടി അമ്മയുമായി സംസാരിപ്പാന്‍ വേണ്ടി വിളിച്ചുണര്‍ത്തീട്ട് നൂല്‍ക്കമ്പിനിയുടെയും മറ്റു വര്‍ത്തമാനംകൊണ്ടു സമയം പോയല്ലൊ — ഇതു കുറെ വിഡ്ഢിത്തമായി പോയി എന്ന് ഈ പരമശുദ്ധാത്മാവായ കേശവന്‍ നമ്പൂതിരിക്കു തോന്നിയത്.
|