close
Sayahna Sayahna
Search

ഒരു സംഭാഷണം


ഒരു സംഭാഷണം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

ബാബുകേശവചന്ദ്രസേന്റെ അത്യുന്നതമായ വെണ്മാടമേടയില്‍ ഹിമശുഭ്രമായ ചന്ദ്രികയില്‍ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍ കുട്ടി മേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കര്‍ താഴെ പറയുന്ന സംഭാഷണം തുടങ്ങി.

ഗോവിന്ദപ്പണിക്കര്‍
കുട്ടികളേ! എന്റെ അഭിപ്രായത്തില്‍ നിങ്ങളെ പുതിയമാതിരി ഇംക്ലീഷ് പഠിപ്പിച്ച് അറിവു വരുത്തുന്നതില്‍ പലേ ഗുണങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ടെങ്കിലും ഒന്നുരണ്ടു വലിയ ദോഷങ്ങള്‍കൂടി ഇതില്‍ നിന്നു നിങ്ങള്‍ക്കു സംഭവിക്കുന്നതായി ഞാന്‍ കാണുന്നു. സാധാരണ നിങ്ങള്‍ക്കുണ്ടാവുന്ന ഗുണങ്ങളെ ഈ ദോഷങ്ങള്‍ പലപ്പോഴും നശിപ്പിച്ചു നിങ്ങളെ വഷളാക്കുത്തീര്‍ക്കുന്നതായി ഞാന്‍ വ്യസനത്തോടുകൂടി കാണുന്നു. ഇതിന്റെ സംഗതികളെ ഞാന്‍ വിവരമായി പറയാം. ഒന്നാമത്, ഈ ലോകത്തില്‍ കാണുന്ന സ്വഭാവാനുസൃതമായ അനേകവിധ ഗുണദോഷങ്ങളുടെ പരിചയത്തില്‍ നിന്നു കാലക്രമം കൊണ്ടുമാത്രം സൂക്ഷ്മമായി ആലോചിച്ചു താന്താങ്ങള്‍ തന്നെ ഗ്രഹിക്കേണ്ടതായ പലേവിധ കാര്യങ്ങളേയും ബുദ്ധിയുടെ ചാപല്യം തീരാത്ത ബാലന്മാരായ  നിങ്ങള്‍ ഒരു വിധം പുസ്തകങ്ങള്‍ വായിച്ചും മറ്റും അറിഞ്ഞ് അന്ധാളിച്ചു ലൌകികാചാകങ്ങളേയും മതങ്ങളേയും കേവലം വിട്ട് എന്തും പറയാമെന്നും ചെയ്യാമെന്നും ഉള്ള ഒരു ധൈര്യം നിങ്ങളില്‍ വന്നു ചേരുന്നു. രണ്ടാമത്, ഇതു നിമിത്തം നിങ്ങളുടെ ഗുരുജനങ്ങളിലും ബന്ധുവര്‍ഗ്ഗങ്ങളിലും നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഉണ്ടാകേണ്ടുന്ന ഭക്തി, വിശ്വാസം, സ്നേഹം ഇതുകള്‍ നിങ്ങള്‍ക്കു ക്രമേണ നശിച്ചു കേവലം ഇല്ലാതായി വരുന്നു. മാധവന്‍ ഇപ്പോള്‍ ചെയ്ത പ്രവൃത്തി വിചാരിച്ചു നോക്കുമ്പോള്‍ ഇംക്ലീഷ് പഠിപ്പു നിമിത്തം മാധവന് ഇപ്പോള്‍ ഉള്ള അറിവും ആലോചനകളും ഹേതുവായി അങ്ങിനെ ചെയ്യാന്‍ ഉറച്ചപ്പോള്‍ മാധവനു പ്രിയപ്പെട്ട അച്ഛന്‍ അമ്മ ഇവരെക്കുറിച്ചു യാതൊരു സ്മരണയും ഉണ്ടായില്ലല്ലൊ. തന്റെ മനസ്സിന്നു സംഗതിവശാല്‍ ഒരു സുഖക്കേടു തോന്നി അതിന്റെ നിവൃത്തിക്കു രാജ്യം വിട്ട് ഓടിപ്പോയി. മാധവന്‍ ഇങ്ങിനെ ചെയ്യുന്നതില്‍ ഞാനും മാധവന്റെ അമ്മയും എത്ര വ്യസനിക്കുമെന്നു ലേശംപോലും മാധവന്‍ ഓര്‍ത്തില്ല. ഇതിനു കാരണം, ഞങ്ങളോടു മാധവന് ഉള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കുറവു തന്നെ. അതിനു കാരണം ഇംക്ലീഷ് പഠിച്ചത് എന്നു ഞാന്‍ പറയുന്നു. ഒന്നാമത്, മനുഷ്യര്‍ക്ക് ദൈവവിശ്വാസവും ഭക്തിയും വഴിപോലെ ഉണ്ടാവണം. അതുലേശം പോലും നിങ്ങള്‍ ഇംക്ലീഷു പഠിച്ചവര്‍ക്ക് ഇല്ലാ. ആ ദൈവ വിശ്വാസത്തേയും ഭയത്തേയും അനുസരിച്ചിട്ടാണ് ഗുരുജന വിശ്വാസവും ഭക്തിയും ഉണ്ടാവേണ്ടത്. ദൈവ വിശ്വാസം തന്നെ ഇല്ലെങ്കില്‍ പിന്നെ എന്തു ഗുരുജന വിശ്വാസം! കാര്യം എല്ലാം തകരാറുതന്നെ. എന്തു ചെയ്യാം?
മാധവന്‍
കഷ്ടം! അച്ഛന്‍ ഇങ്ങിനെ തെറ്റായി എന്നെക്കുറിച്ചു ധരിച്ചതു വിചാരിച്ചു ഞാന്‍ വ്യസനിക്കുന്നു. ഇംക്ലീഷു പഠിച്ചിരുന്നില്ലെങ്കിലും ഞാന്‍ ഈ കാര്യത്തില്‍ ഇതുപ്രകാരം തന്നെ ചെയ്യുമായിരുന്നു. ഇംക്ലീഷു പഠിക്കാത്തവര്‍ ആരും രാജ്യം വിട്ടു പോവുന്നില്ലേ?
ഗോവിന്ദപ്പണിക്കര്‍
ഈ വിധം സംഗതികളില്‍ അച്ഛനമ്മമാരെ ഇങ്ങിനെ വ്യസനിപ്പിച്ചു നിങ്ങളെപ്പോലെ പഠിപ്പുള്ളവരല്ലാതെ ഇത്ര ക്രൂരതയോടെ ചെയ്യുമാറില്ല. നിങ്ങളുടെ പുതുമാതിരി അറിവുകൊണ്ടും ആലോചനകള്‍ കൊണ്ടും എന്തെല്ലാം നാശങ്ങള്‍ ഉണ്ടായിത്തീരുന്നു! അനവധി കാലമായി നാം ഹിന്തുക്കള്‍ ആചരിച്ചു വരുന്ന പലേവിധമായ സര്‍ക്കര്‍മ്മങ്ങളേയും അതുനിമിത്തം നുമ്മള്‍ക്കു സിദ്ധിച്ചു വരുന്ന ഗുണങ്ങളേയും നിങ്ങള്‍ കേവലം ത്യജിച്ച് ആവക യോഗ്യമായ സകല കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മാലോചന ഒന്നും കൂടാതെ അതികലശലായ പുച്ഛരസത്തോടെ പരിഹസിക്കുന്നതു ഞാന്‍ കാണുന്നു. ഈ സന്മാര്‍ഗ്ഗം സദാചാര വിദ്വേഷം ഇംക്ലീഷു പഠിപ്പിനാല്‍ ഉണ്ടാവുന്നതാണ്. അവനവന്റെ പൂര്‍വ്വികന്മാരില്‍ ഏതു മതം ആചരിച്ചു വന്നുവോ അതില്‍ അവനവന്നു വിശ്വാസം ഉണ്ടാവണം. നിങ്ങള്‍ക്കു ഹിന്ദുമതം കേവലം നിസ്സാരമെന്നുള്ള അഭിപ്രായമായിരിക്കാം ഇപ്പോള്‍ ഉള്ളത് എന്ന് എനിക്കു തോന്നുന്നു. ക്ഷേത്രത്തില്‍ മാധവന്‍ തൊഴുവാന്‍ പോകുന്നത് ഇയ്യെടെ എങ്ങും ഞാന്‍ കണ്ടിട്ടേ ഇല്ലാ. ഗോവിന്ദന്‍കുട്ടിയും പോവാറില്ല. ചന്ദനം ഭംഗിക്കുവേണ്ടി തൊടുന്നുണ്ട്. ഭസ്മം തൊടാറേ ഇല്ലെന്നു തോന്നുന്നു. കഷ്ടം! നിങ്ങള്‍ ഇങ്ങിനെ ആയിത്തീര്‍ന്നുവല്ലൊ.
മാധവന്‍
അച്ഛന് ആ വിഷാദം അശേഷം വേണ്ട. എനിക്കു നിരീശ്വരമതമല്ല. ഈശ്വരന്‍ ഉണ്ടെന്നു തന്നെയാണു ഞാന്‍ പലേ സംഗതികളെ ആലോചിച്ചതില്‍ തീര്‍ച്ചയായും വിശ്വസിക്കുന്നത്. അന്പലത്തില്‍ പോവേണ്ട എന്നും വെച്ചിട്ടില്ല. ഭസ്മം കിട്ടിയാല്‍ കുറി ഇടുന്നതിനും എനിക്കു വിരോധം യാതൊന്നുമില്ലാ. എന്നാല്‍ ചന്ദനവും ഭസ്മവും അന്പലവും ഈശ്വരനും തമ്മിലുള്ള സംബന്ധം എന്താണെന്ന് ഞാന്‍ അറിയുന്നില്ല! അത് എന്താണെന്ന് അച്ഛന്‍ പറഞ്ഞു ബോദ്ധ്യമാക്കിയാല്‍ അന്പലത്തില്‍ പോവുന്നതും ഭസ്മക്കുറി ഇടുന്നതും സാരമായ പ്രവൃത്തികളാക്കിവെച്ചു ഞാന്‍ മേലില്‍ ആചരിച്ചുവരാം.
ഗോവിന്ദപ്പണിക്കര്‍
ഗോവിന്ദന്‍കുട്ടിയുടെ അഭിപ്രായമോ?
ഗോവിന്ദമേനോന്‍
മനുഷ്യര്‍ക്ക് അറിവു വര്‍ദ്ധിക്കുന്നേടത്തോളം ദൈവവിചാരത്തിന്നു ന്യൂനത സംഭവിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു. മതം എന്നു പറയുന്നത് ഓരോ മനുഷ്യര്‍ ഉണ്ടാക്കിയതാണ്. അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചിന്തിപ്പാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുള്ളതാണ്; മതത്തിന്റെ ഗുണദോഷത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ പൂര്‍വ്വികന്മാര്‍ ആചരിച്ചു വന്നതാകയാല്‍ നോം ആചരിച്ചു വരണം എന്നു പറയുന്നത് കേവലം തെറ്റാണ്.
ഗോവിന്ദപ്പണിക്കര്‍
ഈ വക അധികപ്രസംഗം ചെയ്വാനാണ് ഇംക്ലീഷു പഠിപ്പ് ഒന്നാമതു നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്. ഗോവിന്ദന്‍കുട്ടിക്കു ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അഭിപ്രായം?
ഗോവിന്ദമേനോന്‍
എനിക്ക് ഈശ്വരന്‍ എന്നൊരു പ്രത്യേക ശക്തിയുണ്ടെന്നു വിശ്വാസമില്ല. ജഗത്ത് എല്ലാം സ്വഭാവാനുസരണമായി ഉണ്ടാവുകയും സ്ഥിതി ചെയ്യുകയും വര്‍ദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു എന്നു ഞാന്‍ അറിയുന്നു. അതിലധികം ഒന്നും എനിക്കറിവില്ല. ഈശ്വന്‍ എന്നൊരു സാധനത്തെയോ ആ സാധനത്തിന്റെ വിശേഷവിധിയായ ഒരു ശക്തിയേയോ ഞാന്‍ എങ്ങും കാണുന്നില്ല. പിന്നെ ഞാന്‍ അതുണ്ടെന്ന് എങ്ങിനെ വിശ്വസിക്കും?
ഗോവിന്ദപ്പണിക്കര്‍
ശിക്ഷ! മാധവനേക്കാള്‍ ഒന്നു കവിഞ്ഞുവോ? മാധവന് ഈശ്വരന്‍ ഉണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ട്. ഗോവിന്ദന്‍കുട്ടിക്ക് അതും കൂടി ഇല്ലാ. നിങ്ങള്‍ രണ്ടാളുംകൂടി ഒരു സ്കൂളില്‍ അല്ലേ പഠിച്ചത്? പിന്നെ എന്താണ് ഇങ്ങിനെ രണ്ടഭിപ്രായം? ഏതെങ്കിലും, കുട്ടികളെ, നിങ്ങളുടെ മാതിരി വിശേഷംതന്നെ. മാധവന് ഈശ്വരന്‍ ഉണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടല്ലോ – പൊറുതി. ഗോവിന്ദന്‍കുട്ടിക്ക് അതും ഇല്ല, അല്ലേ?
ഗോവിന്ദമേനോന്‍
അതൈ; ഈശ്വരന്‍ ഉണ്ടെന്നു വിചാരിപ്പാന്‍ ഞാന്‍ സംഗതി ഒന്നും കാണുന്നില്ല.
മാധവന്‍
ആട്ടെ, അമ്പലത്തില്‍ പോവുന്നതും ചന്ദനം ഭസ്മം തൊടുന്നതും ഈശ്വരവിചാരത്തിലേക്ക് ആവശ്യമാണെന്ന് അച്ഛന്‍ പറഞ്ഞതിനുള്ള സംഗതി കേട്ടാല്‍ കൊള്ളാമായിരുന്നു.
ഗോവിന്ദപ്പണിക്കര്‍
ഞാന്‍ പറയാം. നിങ്ങള്‍ക്ക് ബോദ്ധ്യമാവുമോ എന്നു ഞാന്‍ അറിയുന്നില്ല. നിങ്ങളുടെ ബുദ്ധി എനി നേരെ വരുത്താന്‍ പ്രയാസം. എങ്കിലും ഞാന്‍ പറയാം. ക്ഷേത്രം നുമ്മള്‍ ഹിന്ദുക്കള്‍ക്കു ദൈവ വന്ദനം ചെയ്യേണ്ടതിലേക്കു നിയമിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ്. ദൈവം എല്ലാടവും നിറഞ്ഞു സര്‍വ്വാന്തര്യമിയായി ഇരിക്കുന്നുണ്ടെങ്കിലും സാധാരണ മനുഷ്യര്‍ക്ക് ആ തത്വബോധം ഇല്ലായ്കയാല്‍ അവര്‍ക്കു ദൈവത്തെക്കുറിച്ചുള്ള വിചാരവും ഭക്തിയും ഉണ്ടാവാന്‍ വേണ്ടി ബുദ്ധിമാന്മാരായ നമ്മുടെ പൂര്‍വ്വികന്മാര്‍ പണ്ടുപണ്ടേ ഏര്‍പ്പെടുത്തീട്ടുള്ളതാണ് ക്ഷേത്രങ്ങളും അതുകളില്‍ പോയി ചെയ്യേണ്ടുന്ന പൂജാകര്‍മ്മങ്ങളും വന്ദനങ്ങളുടെ സമ്പ്രദായങ്ങളും സ്വഭാവങ്ങളും എന്നു ഞാന്‍ പറയുന്നു.
മാധവന്‍
അച്ഛന്‍ ഇപ്പോള്‍ പറഞ്ഞതില്‍ ക്ഷേത്രവും ഭസ്മവും ചന്ദനവുമായി തമ്മിലുള്ള സംബന്ധം മനസ്സിലായി. ഈ മൂന്നു സാധനങ്ങളും ഈശ്വരനും തമ്മില്‍ സൂക്ഷ്മസ്ഥിതിയില്‍ എന്തു സംബന്ധമാണ് ഉള്ളതെന്ന് എനിയും എനിക്കു മനസ്സിലായില്ല.
ഗോവിന്ദപ്പണിക്കര്‍
ശരി, അവിടെയാണു ദുര്‍ഘടം. ക്ഷേത്രം ദൈവ വന്ദന സ്ഥലമാണെന്നു ഞാന്‍ പറഞ്ഞില്ലേ?
മാധവന്‍
അതെ; അച്ഛന്‍ പറഞ്ഞത്, പണ്ടുപണ്ടേ ബുദ്ധിമാന്മാരായ നമ്മുടെ പൂര്‍വ്വികന്മാര്‍ സാധാരണ മനുഷ്യര്‍ക്കു ദൈവവിചാരവും ഭക്തിയും ഉണ്ടാവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയതാണ് ക്ഷേത്രങ്ങള്‍ എന്നല്ലേ? എന്നാല്‍ ക്ഷേത്രങ്ങളില്‍ പോവുമ്പോള്‍ മാത്രം ദൈവ വിചാരവും ഭക്തിയും തോന്നത്തക്കവിധം ബുദ്ധിയുള്ളവരും അന്യത്ര ഈ വിചാരവും ഭക്തിയും ഉണ്ടാവാത്തവരും അല്ലേ ക്ഷേത്രത്തില്‍ പോയി വന്ദനം ചെയ്യേണ്ടത്? ക്ഷേത്രത്തില്‍ പോവാതേയും ചന്ദനം ഭസ്മം ധരിക്കാതേയും ദൈവത്തെക്കുറിച്ചു ഭക്തിയും സ്മരണയും ഉള്ളാളുകള്‍ ക്ഷേത്രത്തില്‍ പോവണമെന്നില്ലെന്നും അച്ഛന്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ സ്വതേ ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഉപകാരത്തിന്നു ബുദ്ധിമാന്മാര്‍ ചെയ്തുവെച്ച. ഒരു വ്യാജം എന്നല്ലാതെ ക്ഷേത്രവും ദൈവവും ആയി വാസ്തവത്തില്‍ യാതൊരു പ്രത്യേക സംബന്ധവും ഇല്ലെന്നും ഇപ്പോള്‍ സ്പഷ്ടമല്ലേ.
ഗോവിന്ദപ്പണിക്കര്‍
അദദ്വൈതികളായി ആഹാര നിദ്രാവിഹാരാദി പ്രപഞ്ച വ്യാജങ്ങളില്‍ നിന്നു മുക്തന്മാരായിട്ടുള്ള പരമഹംസന്മാര്‍ക്കു മാത്രമേ ക്ഷേത്രത്തില്‍ പോവാതെ ഇരിക്കാന്‍ പാടുള്ളൂ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രപഞ്ചത്തെ അനുസരിച്ചു നടക്കുന്ന നുമ്മള്‍ പ്രത്യക്ഷമായി ക്ഷേത്രങ്ങള്‍, വിഗ്രഹങ്ങള്‍ മുതലായ സാധനങ്ങളുടെ സഹായം കൂടാതെ ഈശ്വരങ്കല്‍ ഭക്തി ഉണ്ടാവാനും ഈശ്വര സ്മരണ ചെയ്വാനും മഹാ പ്രയാസമാണ്. സാധിക്കുകയില്ലെന്നുതന്നെ പറയാം.
മാധവന്‍
അച്ഛന്‍ പറഞ്ഞ പ്രകാരം അദദ്വൈതികളായി പ്രപഞ്ച വ്യാജങ്ങളില്‍ നിന്നു മുക്തന്മാരായിട്ടുള്ള മനുഷ്യര്‍ ഇല്ലെന്നു ഞാന്‍ വിചാരിക്കുന്നു. മനുഷ്യനെ പ്രപഞ്ചത്തെ അനുസരിച്ചു നടക്കാന്‍ ദൈവം സൃഷ്ടിച്ച ഒരു ജന്തുവാണ്. അപ്പോള്‍ പ്രപഞ്ചത്തെ കേവലം വിടാന്‍ മനുഷ്യനു ശക്തി ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. ഉണ്ടെന്നു ചിലര്‍ നടിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ വെറും ധിക്കാരമായ ഭോഷത്വമാണ്. അങ്ങിനെയുള്ളവരുടെ നാട്യത്തില്‍ യാഥാര്‍ത്ഥ്യം ഉണ്ടെന്നു മറ്റു ചിലര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധ തെറ്റാണ്. ആഹാരം, നിദ്ര, കാമക്രോധ ലോഭമോഹങ്ങള്‍ ഇവകള്‍ ഇല്ലാത്ത മനുഷ്യരെ അച്ഛന്‍ കാണിച്ചു തന്നാല്‍ അവരെ പ്രപഞ്ചു വ്യാജങ്ങളില്‍ നിന്ന് മുക്തന്മാരാണെന്നു ഞാന്‍ സമ്മതിക്കാം. അങ്ങിനെയുള്ള മനുഷ്യര്‍ ഇല്ലെന്നാണ് എന്റെ തീര്‍ച്ചയായ വിശ്വാസം. പിന്നെ മനുഷ്യര്‍ എല്ലാ സാധാരണ സ്വഭാവങ്ങളില്‍ ഒരു പോലെയാണ്. പഠിപ്പുകൊണ്ചും അഫിവുകള്‍ കൊണ്ടും ഓരോ സംഗതികളില്‍ പരസ്പരം ഭേദങ്ങള്‍ കാണാമെങ്കിലും സൂക്ഷ്മ സ്വഭാവങ്ങളില്‍ അത്ര വലിയ ഭേദങ്ങള്‍ വരാന്‍ പാടില്ലാ. അതുകൊണ്ട് അച്ഛന്‍ പറഞ്ഞപ്രകാരം ആഹാരം, നിദ്ര മുതലായത് ഉപേക്ഷിച്ച ആളുകള്‍ മനുഷ്യരുടെ കൂട്ടത്തില്‍ ഇല്ലാ. അച്ഛന്‍ ആദ്യം പറഞ്ഞ പ്രകാരം സാധാരണ അറിവില്ലാത്ത മനുഷ്യരുടെ ഉപയോഗത്തിലേക്കു വേണ്ടി ക്ഷേത്രങ്ങള്‍ ഏര്‍പ്പെടുത്തിയതാണെങ്കില്‍ അതുകളെ ഉപയോഗിപ്പാന്‍ ആവശ്യമുള്ളവരല്ലേ അതുകളില്‍പോയി ദൈവവന്ദനം ചെയ്യേണ്ടൂ. അച്ഛന്‍ പറഞ്ഞപ്രകാരം ദൈവം സര്‍വ്വചാരാചരത്തിലും കാണപ്പടുന്നതും, സര്‍വ്വജഗല്‍ സൃഷ്ടിസ്ഥിതി സംഹാരശക്തിയുള്ള ഈശ്വരനുമാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്റെ മനസ്സിന്ന് ഈ ബോദ്ധ്യമുണ്ടെങ്കില്‍ പിന്നെ ഞാന്‍ അന്പലത്തില്‍ പോയി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്ന ബിംബമാണ് എന്റെ ഈശ്വരന്‍ എന്നു ഭാവിച്ചു തൊഴുതു കുമ്പിടുന്നതു വലിയ ഒരു വ്യാജമായ പ്രവൃത്തിയായി വരുന്നതല്ലേ?
ഗോവിന്ദപ്പണിക്കര്‍
കുട്ടന്‍ പറയുന്നതു കേട്ടാല്‍ ദൈവ വിചാരം ഉണ്ടാവുന്നതു വലിയ എളുപ്പമായി തോന്നുന്നു. ശിവ ശിവ! കുട്ടന് ദദ്വൈതാദദ്വൈത വിചാരത്തെക്കുറിച്ച് എന്തു നിശ്ചയമുണ്ട്? ദൈവം സര്‍വ്വവ്യാപിയാണ് എന്ന് ഒരു വാക്കു പറഞ്ഞാല്‍ അന്പലത്തില്‍ പോവേണ്ട എന്നു വെയ്ക്കാറായോ? പ്രപഞ്ചവ്യാപാരങ്ങളില്‍ നിന്നു മുക്തന്മാരായിട്ടുള്ള ആളുകള്‍ ഇല്ലെന്നു കുട്ടന്‍ പറയുന്നുവോ?
മാധവന്‍
അതെ; ആഹാരനിദ്രാമൈഥുനാദികളില്‍ വല്ല രോഗം നിമിത്തമല്ലാതെ പ്രിയവും സക്തിയും ഇല്ലാത്ത ആളുകള്‍ ഇല്ലെന്നു ഞാന്‍ തീര്‍ച്ചയായി പറയുന്നു.
ഗോവിന്ദപ്പണിക്കര്‍
ശിവ ശിവ! എനിക്കു കേട്ടതു മതി. എത്ര മഹര്‍ഷിമാര്‍ ഈ വക ചാപല്യങ്ങളെ ജയിച്ചവരുണ്ട്?
മാധവന്‍
ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ലാ.
ഗോവിന്ദപ്പണിക്കര്‍
എന്നാല്‍ ശുദ്ധ നിരീശ്വരമതമാണ് കുട്ടന് ഉള്ളത്.
മാധവന്‍
എനിക്കു നിരീശ്വരമതമല്ലാ - ഈശ്വരന്‍ ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഗോവിന്ദപ്പണിക്കര്‍
മഹര്‍ഷിമാരോ?
മാധവന്‍
മനുഷ്യര്‍ അച്ഛന്‍ പറഞ്ഞ മാതിരിക്കാരല്ലാ. മഹര്‍ഷിമാരായാലും മറ്റ് ആരായാലും വേണ്ടതില്ലാ.
ഗോവിന്ദപ്പണിക്കര്‍
ഏഴുമണി കുരുമുളകും ഏഴു വേപ്പിന്‍ ചപ്പും ഒഴികെ വേറെ യാതൊന്നും കഴിക്കാത്ത ഒരു യോഗീശ്വരെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനു ജലപാനം കൂടി ഇല്ലാ.
ഗോവിന്ദമേനോന്‍
അയാള്‍ വലിയ സമര്‍ത്ഥനായ ഒരു കള്ളനായിരിക്കണം. ജ്യേഷ്ഠനെ അയാള്‍ തോല്പിച്ചു എനിക്കു സംശയമില്ലാ.
ഗോവിന്ദപ്പണിക്കര്‍
അയാള്‍ മഠത്തില്‍ എന്റെ കൂടെ ഒന്പതു ദിവസം താമസിച്ചു. ഒന്പതു ദിവസവും യാതൊന്നും ഭക്ഷിച്ചിട്ടില്ലാ.
ഗോവിന്ദമേനോന്‍
യാതൊരു ഭക്ഷണവും കഴിക്കുന്നത് ജ്യേഷ്ഠന്‍ കണ്ടിട്ടില്ലാ. യാതൊന്നും ഭക്ഷിക്കയില്ലെന്നു ജ്യേഷ്ഠനെ വിശ്വസിപ്പിച്ചു. ഇത്രമാത്രമേ ഉണ്ടായിട്ടുള്ളൂ. ആഹാരം ഇല്ലാതെ മനുഷ്യനു ജീവിപ്പാന്‍ പാടില്ലാ. അതു ശാസ്ത്രീയമായ ഒരു അവസ്ഥയാണ്. പിന്നെ ഭോഷ്കു പറഞ്ഞിട്ട് എന്തു ഫലം?
ഗോവിന്ദപ്പണിക്കര്‍
ഇതാണല്ലൊ ഇംക്ലീഷുകാരോട് പറഞ്ഞാലത്തെ വൈഷമ്യം. ഞങ്ങള്‍ പറയുന്നത് ഒന്നും നിങ്ങള്‍ വിശ്വസിക്കുകയില്ലാ. പിന്നെ ഞങ്ങള്‍ എന്തു ചെയ്യും! ആ യോഗീശ്വരന്‍ ഒന്പതു ദിവസവും ഞാന്‍ പറഞ്ഞത് ഒഴികെ ഒരാഹാരവും ചെയ്തിട്ടില്ലെന്നു ഞാന്‍ സത്യം ചെയ്യാം. അയാള്‍ നമ്മുടെ മഠത്തിലാണു താമസിച്ചത്. പുലര്‍ച്ചെ ഏഴരന നാഴിക ഉള്ളപ്പോള്‍ കുളിച്ചു യോഗാനുഷ്ഠാനങ്ങള്‍ കഴിഞ്ഞാല്‍ പന്ത്രണ്ടു മണിവരെ പഞ്ചാഗ്നി മദ്ധ്യത്തില്‍ ജപമാണ്. അതു കഴിഞ്ഞാല്‍ പിന്നെ ഏഴുമണി കുരുമുളകും ഏഴു വേപ്പിന്ഡ ചപ്പും ഞങ്ങള്‍ എല്ലാവരുടേയും മുന്പാകെ തിന്നും. പിന്നെ യാതൊരു ആഹാരവും കഴിക്കാറില്ല. ഇങ്ങിനെ ഒന്പതു ദിവസം കഴിച്ചു. ഞാന്‍ കൂടെ നിന്നും കണ്ടറിഞ്ഞ അനുഭവസ്ഥനാണ്; എന്നിട്ടും നിങ്ങള്‍ക്കു വിശ്വാസമില്ലാഞ്ഞാല്‍ —
മാധവന്‍
അച്ഛന്‍ കളവുപറഞ്ഞു എന്നു ഞാനും ഗോവിന്ദന്‍കുട്ടിയും ഈ ജന്മം പറയുന്നതല്ല. അച്ഛന്റെ വാക്കിനേക്കാള്‍ ഞങ്ങള്‍ക്കു വിശ്വാസം ഈ ഭൂമണ്ഡലത്തില്‍ ആരുടെ വാക്കും ഇല്ലാ. എന്നാല്‍ അച്ഛനെ തെറ്റായി ധരിപ്പിച്ചതിനാല്‍ അച്ഛന്‍ ഇങ്ങിനെ പറയാന്‍ ഇടയായതാണെന്നു മാത്രമാണു ഞങ്ങള്‍ പറയുന്നത്. ആ യോഗീശ്വരന്‍ ഈ ഒന്പതു ദിവസങ്ങള്‍ക്കുള്ളില്‍ എത്ര സമയം അച്ഛനേയും മറ്റാരേയും കാണാതെ രഹസ്യമായി ഇരുന്നിട്ടുണ്ട്. യോഗാനുഷ്ഠാനങ്ങള്‍ക്ക് എന്നു പറഞ്ഞു വാതില്‍ അടച്ച് അകത്ത് ഇരിക്കുമ്പോള്‍ അയാള്‍ക്കു നല്ല വണ്ണം തിന്നുകൂടെ? തിന്നേണ്ട സാധനങ്ങള്‍ എന്തെല്ലാം കൈയടക്കമായി വലിയ ഭാണ്ഡങ്ങളിലും മറ്റും വെയ്ക്കാം? അയാളുടെ കൈയില്‍ അങ്ങിനെ സൂക്ഷിച്ചിട്ടില്ലെന്ന് എന്താണു നിശ്ചയം? അയാളുടെ ശരീരവും സാമാനങ്ങളും അച്ഛന്‍ ശോധന ചെയ്തിട്ടില്ലല്ലൊ. പിന്നെ രാത്രി ഉറങ്ങാന്‍ എല്ലാവരും പോയാല്‍ അയാള്‍ക്കു തിന്നാന്‍ എത്ര തരമുണ്ട്? ഒന്പതുദിവസം ഒന്നും അയാള്‍ തിന്നിട്ടില്ലെന്നു തീര്‍ത്തു പറയണമെങ്കില്‍ ഒന്പതു ദിവസങ്ങളിലും രാവുപകല്‍ അയാളുടെ കൂടെത്തന്നെ ഒരു മിനിട്ടു നേരം പിരിയാതെ പാറാവായി സമര്‍ത്ഥന്മാരായ മനുഷ്യരെ കാവല്‍ നിര്‍ത്തി തിന്നുന്നുണ്ടോ എന്നു പരീക്ഷിച്ചിട്ടു വേണം. അങ്ങിനെ പരീക്ഷ ചെയ്തിട്ടില്ലല്ലൊ.
ഗോവിന്ദപ്പണിക്കര്‍
എനിക്ക് ആ യോഗീശ്വരന്‍ കള്ളനാണെന്നു തോന്നിയിട്ടില്ല. ഈ ജന്മം തോന്നുകയുമില്ല. സകല കാര്യങ്ങളും നിങ്ങള്‍ കണ്ടതേ വിശ്വസിക്കുന്നുള്ളൂ. മാധവന്‍ എന്റെ അച്ഛനെ കണ്ടിട്ടുണ്ടോ? ഇല്ല. എനിക്ക് അച്ഛനുണ്ടായിരുന്നു. അദ്ദേഹം മാധവന്റെ മുത്തച്ഛനാണെന്നു മാധവന്‍, ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുന്നില്ലേ?
മാധവന്‍
(ചിറിച്ചും കൊണ്ട്) എന്താണ് അച്ഛന്‍ ഇങ്ങിനെ പറയുന്നത്? ഇതു സ്വഭാവാനുസൃതമായ ഒരു അവസ്ഥയല്ലേ? ഇത് അച്ഛന്‍ പറഞ്ഞിട്ടില്ലെങ്കിലും ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യമാണല്ലോ.
ഗോവിന്ദപ്പണിക്കര്‍
ആട്ടെ, അത് അങ്ങിനെ ഇരിക്കട്ടെ. മാധവന് നിരീശ്വരമതമല്ലാ എന്നല്ലേ പറഞ്ഞത്. ഈശ്വരനെ അപ്പു കണ്ടിട്ടുണ്ടോ? പിന്നെ കാണാത്ത വസ്തുവെ എന്തിനു വിശ്വസിക്കുന്നു?
മാധവന്‍
ശരി, അച്ഛന്റെ ഈ ചോദ്യം ഒന്നാന്തരം തന്നെ. ഞാന്‍ ഇതിനു സമാധാനം പറയാന്‍ നോക്കാം. ഗോവിന്ദന്‍ കുട്ടി എന്നെ തര്‍ക്കിച്ചു തോല്പിക്കുമായിരിക്കും. എങ്കിലും ഞാന്‍ പറയാം. ഈശ്വരനെ ഞാന്‍ കണ്ടിട്ടില്ലാ. എന്താണ്, എങ്ങിനെയാണ് ഈശ്വരന്‍ എന്നതും എനിക്കു വെളിവായി പറയാന്‍ സാധിക്കയില്ലാ. എന്നാല്‍ ഞാന്‍ ഈ ജഗത്തില്‍ എങ്ങും വലുതായി അനിര്‍വചനീയമായി ഒരു ശക്തിയെ അന്തര്‍ഭവിച്ചു കാണുന്നുണ്ട്. ആ ശക്തിയെയാണ് ഞാന്‍ ഈശ്വരന്‍ എന്നു വിചാരിക്കുന്നതും പറയുന്നതും. ആ ശക്തി ഇന്നതാണെന്നു വ്യക്തമായി അറിവാനും പറവാനും പ്രയാസം. അതിനെക്കുറിച്ച് ഒന്നുമാത്രം ഞാന്‍ പറയാം. ആ ശക്തിയുടെ അഭാവത്തില്‍ ജഗത്തിന്ന് ഇപ്പോള്‍ കാണപ്പെടുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ലെന്നു ഞാന്‍ വിചാരിക്കുന്നു. ഈ ശക്തി സര്‍വ്വ ചരാചരങ്ങളിലും കാണപ്പെടുന്നു. മനുഷ്യന്‍ മുതല്‍ പിപീലികാകൃമിവരെയുള്ള ജംഗമങ്ങളിലും പര്‍വ്വതങ്ങള്ഡ മുതല്‍ തൃണപര്യന്തം ഉള്ള സ്ഥാവരങ്ങളിലും ഗോളങ്ങളിലും നക്ഷത്രങ്ങളിലും സകല കാലങ്ങളിലും കാണ്മാനോ സ്പര്‍ശനത്താലറിവാനോ കേള്‍പ്പാനോ മനസ്സില്‍ ഗ്രഹിപ്പാനോ പാടുള്ളതായ സകല സാധനങ്ങളിലും വിഷയങ്ങളിലും ഈ ഒരു ശക്തിയെ സൂക്ഷ്മമായി ആലോചിച്ചു നോക്കുമ്പോള്‍ ഞാന്‍ എല്ലായ്പ്പോഴും കാണുന്നു. ഈ ശക്തിയെയാണ് ഞാന്‍ ദൈവം എന്നു വിചാരിക്കുന്നത്.
ഗോവിന്ദപ്പണിക്കര്‍
വരട്ടെ; ദൈവം ഇല്ലെന്നല്ലേ ഗോവിന്ദന്‍കുട്ടി പറഞ്ഞത്. അതിന്നുള്ള സംഗതികള്‍ ഒന്നാമതു പറഞ്ഞു കേള്‍ക്കട്ടെ. ഈ ചരാചരങ്ങള്‍ എല്ലാം മനുഷ്യരടക്കം താനേ ഉണ്ടായി എന്നാണ് ഗോവിന്ദന്‍കുട്ടി പറയുന്നത്; അല്ലേ? അതിന്റെ സംഗതികള്‍ ഒന്നു പറഞ്ഞു കേള്‍ക്കട്ടെ - പിന്നെ മാധവന്‍ പറയുന്നതും കേള്‍ക്കാം.
ഗോവിന്ദമേനോന്‍
പറയാം, ഒന്നാമത് ഈശ്വരന്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞത്. ഈശ്വരന്‍ ഉണ്ടെന്നു ഇതുവരെ ജഗത്തില്‍ കാണപ്പെട്ട വ്യാപാരങ്ങളാല്‍ വിശ്വസിപ്പാനോ ഊഹിപ്പാനോ പാടില്ലെന്നു മാത്രമാണ്. യൂറോപ്പില്‍ ഉള്ള ശാസ്ത്ര വിദഗ്ധന്‍മാരായ അനേകം മഹാപുരുഷന്മാര്‍ ഈ സംഗതിയെക്കുറിത്തു പലപ്പോഴും ആലോചിച്ച് എഴുതീട്ടുള്ള ചില പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ അഭിപ്രായങ്ങളില്‍ മുഴുവനുമായി ഞാന്‍ യോജിക്കുന്നില്ലെങ്കിലും മറ്റും ചിലരുടെ അഭിപ്രായങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. ഈ സംഗതിയില്‍ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ അതിബുദ്ധിമാനായ ചാര്‍ലസ്സ് ബ്രാഡ്ളാ എന്ന സായ്വ് ഇയ്യെടെ എഴുതീട്ടുള്ള ഒരു പുസ്തകമാണ് എനിക്കു വളരെ ബോദ്ധ്യമായത്. ഇതില്‍ പലേ ബുദ്ധിമാന്മാരായ ആളുകള്‍ എഴുതീട്ടുള്ള പലേ പുസ്തകങ്ങളില്‍ നിന്നും മറ്റും ഓരോ അഭിപ്രായങ്ങളും വിവരങ്ങളും യുക്തിയോടെ എടുത്തു ചേര്‍ത്തിട്ടുണ്ട്. ആ പുസ്തകം എന്റെ തോല്പെട്ടിയില്‍ ഇപ്പോള്‍ ഉണ്ട്. അതില്‍ ചില ഭാഗങ്ങള്‍ ഞാന്‍ മലയാളത്തില്‍ തര്‍ജ്ജമയായി വായിച്ചു കേള്‍പ്പിക്കാം. എന്നാല്‍ ജ്യേഷ്ഠന് എന്റെ അഭിപ്രായം ശരിയെന്നു ബോദ്ധ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഗോവിന്ദപ്പണിക്കര്‍
നീ എന്തു പറഞ്ഞാലും ഏതു ബുക്കു വായിച്ചാലും ഞാന്‍ ഈ ജന്മം ഈശ്വരന്‍ ഇല്ലെന്നു വിചാരിക്കയില്ല.
ഗോവിന്ദമേനോന്‍
ഞാന്‍ എന്തു പറഞ്ഞാലും ഏതു ബുക്കുവായിച്ചാലും ജ്യേഷ്ഠന്‍ നിരീശ്വരമതത്തെ കൈക്കൊള്ളണ്ട. എന്നാല്‍ ഞാന്‍ പറയാന്‍ പോകുന്ന സംഗതികള്‍ നല്ല സംഗതികളായാല്‍ അതു സമ്മതിക്കുമോ?
ഗോവിന്ദപ്പണിക്കര്‍
പറഞ്ഞു കേള്‍ക്കട്ടെ.
ഗോവിന്ദമേനോന്‍
സിദ്ധാന്തമായി അഭിപ്രായപ്പെടരുത്. സംഗതികളുടെ ഗുണദോഷങ്ങള്‍ ആലോചിക്കണം. എന്നാല്‍ ഞാന്‍ പറയാം.
ഗോവിന്ദപ്പണിക്കര്‍
പറയൂ; കേള്‍ക്കട്ടെ. ഗോവിന്ദന്‍കുട്ടി മേനവന്‍ ബ്രാഡ്ളാവിന്റെ ബുക്കു തോല്പെട്ടിയില്‍ നിന്ന് എടുത്തു കൊണ്ടുവന്നു ചെറിയ ഒരു മെഴുതിരിവിളക്കു കത്തിച്ച് അടുക്കെ വെച്ചു കുറെ കടലാസ്സുകള്‍ നോക്കി. എന്നിട്ട്,
ഗോവിന്ദമേനോന്‍
ഈ പുസ്തകത്തില്‍ ഓരോ ദിക്കു വായിച്ചു പറയുന്നതിനുമുമ്പ്എന്താണു നിരീശ്വരമതക്കാരുടെ സിദ്ധാന്തം എന്ന് ആകപ്പാടെ ജ്യേഷ്ഠനോട് ഒന്നു പറയാം: അവരുടെ അഭിപ്രായം ഈ ജഗത്തു മുഴുവനും കാര്യകാരണ സംബന്ധന്യായേന പദാര്‍ത്ഥങ്ങളുടെ സ്വാഭാവികമായ വികാരങ്ങളാലും ചേഷ്ടകളാലും അന്യോന്യ സംശ്രയങ്ങളാലും സംശ്രമായ വികാരങ്ങളാലും അനവധിയായ കാലംകൊണ്ടു ക്രമേണ ക്രമേണ താനെ ഉണ്ടായി വന്നതാണെന്നാകുന്നു. സര്‍വ്വ പദാര്‍ത്ഥങ്ങള്‍ക്കും അതുകളുടെ ഏതെങ്കിലും ഭാഗങ്ങളേയോ സംഗ്രഹിച്ച് അതുകളില്‍ നിന്ന് ക്രമേണ അതുകളുടെ ഉത്ഭവങ്ങളെ അനുമാനിക്കുകയും ഗുണിക്കുകയും ചെയ്യുന്നു. ഇതിന് അതിയുക്തിയുള്ള കാരണങ്ങളെയും കാണിക്കുന്നു. ഈശ്വരന്‍ ഉണ്ടെന്ന് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ആരാലും കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ദൈവം ഉണ്ടെന്നു പറയുമ്പോള്‍ ഇല്ലെന്നു കാണിപ്പാന്‍ ലക്ഷം സംഗതികള്‍ അവര്‍ കാണിക്കുന്നു. അതാതിന്റെ സ്വഭാവത്തെ വിട്ട് ഒരു പദാര്‍ത്ഥവും ഒരിക്കലും ലോകത്തില്‍ കാണുന്നില്ലാ. ഹിന്തുക്കളോ ബുദ്ധന്മാരോ മഹമ്മദീയരോ ക്രിസ്ത്യാനികളോ മറ്റ് ഏതുവിധ മതക്കാരോ അവരുടെ വേദങ്ങള്‍ പ്രകാരം ദൈവത്തെക്കുറിച്ചു പറയുന്നത് ഒന്നുംതന്നെ വാസ്തവത്തില്‍ ബുദ്ധിമാന്മാരായ മനുഷ്യര്‍ക്ക് ഒത്തുകാണുന്നതുമില്ല. ഞാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന ഈ പുസ്തക കര്‍ത്താവ് ബ്രാഡ്ളാസായ്വ് അദ്ദേഹത്തിന്റെ സ്വജാതിമതത്തെപ്പറ്റിത്തന്നെ വളരെ പറഞ്ഞിട്ടുണ്ട്.
ഗോവിന്ദപ്പണിക്കര്‍
എന്താണ്, സ്വന്തവേദവും കളവാണെന്നോ?
ഗോവിന്ദമേനോന്‍
ക്രിസ്ത്യാനി വേദത്തില്‍ ജഗല്‍സൃഷ്ടി ചെയ്ത ക്രമത്തെയും സ്വഭാവത്തെയും കുറിച്ചു പറഞ്ഞതു മുഴുവനും യുക്തിഭംഗമായ വിധത്തിലാണെന്നും ഇപ്പോള്‍ മനുഷ്യനു കിട്ടീട്ടുള്ള അറിവുകള്‍ പ്രകാരം നോക്കുമ്പോള്‍ ഈ വേദ പുസ്തകത്തില്‍ പറഞ്ഞ സൃഷ്ടിക്രമം അശേഷം വിശ്വസിപ്പാന്‍ പാടില്ലാത്തതാണെന്നും ആകുന്നു ബ്രാഡ്ളാവിന്റെ അഭിപ്രായം.
ഗോവിന്ദപ്പണിക്കര്‍
ഈ സായ്വ് മഹാപാപിയാണ്.
ഗോവിന്ദമേനോന്‍
ആയിരിക്കാം; എന്നാല്‍ മഹാ ബുദ്ധിമാന്‍ കൂടിയാണ്.
ഗോവിന്ദപ്പണിക്കര്‍
ദൈവം ഇല്ലെന്നു പറയുന്നതുകൊണ്ട് മഹാബുദ്ധിമാന്‍: അല്ലേ?
ഗോവിന്ദമേനോന്‍
ദൈവം ഉണ്ടെന്നു വിശ്വസിപ്പാന്‍ പാടില്ലെന്നുള്ളതിന് അദ്ദേഹം പറയുന്ന സംഗതികളെ വായിച്ചാല്‍ അദ്ദേഹം അതിബുദ്ധിമാനാണെന്നു ബുദ്ധിയുള്ളവര്‍ പറയും.
ഗോവിന്ദപ്പണിക്കര്‍
ദൈവം ഇല്ലെന്നു വരുത്തേണ്ടത് ഈ ലോകത്തിലേക്കു ആവശ്യമായ ഒരു കാര്യമായിരിക്കും. അതുകൊണ്ട് ഈ ബുദ്ധിമാന്‍ സായ്വ് ഇതില്‍ ഇത്ര ബുദ്ധി കാണിച്ചതായിരിക്കും; അല്ലേ?
ഗോവിന്ദമേനോന്‍
ഈ ലോകത്തില്‍ കളവായോ തെറ്റായോ മനുഷ്യര്‍ക്കു സാധാരണ ഓരോ സംഗതികളില്‍ ഉണ്ടാവുന്ന അഭിപ്രായങ്ങളും വിശ്വാസങ്ങളും വിചാരങ്ങളും തങ്ങള്‍ക്കു കഴിയുന്നെടത്തോളം ബുദ്ധിമാന്മാരായ ആളുകള്‍ ഇല്ലായ്മ ചെയ്വാനും ശരിയായ അറിവുകള്‍ കൊടുപ്പാനും എല്ലായ്പ്പോഴും ബാദ്ധ്യസ്ഥരാണ് എന്നു ഞാന്‍ വിചാരിക്കുന്നു.
ഗോവിന്ദപ്പണിക്കര്‍
ബുദ്ധിമാന്മാരുടെ ഇപ്പോഴത്തെ അറിവോ പണ്ടത്തെ അറിവോ ശരിയായിട്ടുള്ളത് എന്നു നിശ്ചയം വന്നുവോ?
ഗോവിന്ദമേനോന്‍
അതിനാണ് ഇപ്പോള്‍ ബുദ്ധിമാന്മാരായുള്ളവര്‍ പറയുന്ന സംഗതികള്‍ ആലോചിക്കണം എന്നു പറയുന്നത്.
ഗോവിന്ദപ്പണിക്കര്‍
എന്നാല്‍ പറഞ്ഞോളു; സംഗതികള്‍ കേള്‍ക്കട്ടെ.
ഗോവിന്ദമേനോന്‍
നിരീശ്വരമതം എന്താണെന്നു ബ്രാഡ്ളാ ചെയ്തിട്ടുള്ള വിവരണത്തിന്റെ സാരം ഞാന്‍ മലയാളത്തില്‍ പറയാം. നിരീശ്വരമതക്കാരന്‍ പറയുന്നത്:   ദൈവം ഇല്ലെന്നു പറയുന്നില്ല! നിങ്ങള്‍ ദൈവം എന്നു പറയുന്നതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലാവുന്നില്ല എന്നു ഞാന്‍ പറയുന്നു. ദൈവം ഇല്ലെന്ന് പറയേണമെങ്കില്‍ നിങ്ങള്‍ പറയുന്ന ദൈവം എന്ന സാധനം എന്താണെന്നറിഞ്ഞിട്ടു വേണ്ടേ? തിനിക്ക് ഒന്നും അറിവില്ലാത്ത ഒരു സാധനത്തെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ എങ്ങിനെ ഒരുവന്‍ പറയും? പിന്നെ ഈ കാണുന്ന ചരാചരങ്ങളെ ഒക്കെ വെവ്വേറെ സൃഷ്ടി ചെയ്തു രക്ഷിച്ചും സംഹരിച്ചും കൊണ്ട് ഒരു പ്രത്യേക സ്രഷ്ടാവ് മനുഷ്യന്റെ മാതിരിയിലോ മറ്റോ ഒരു ദിക്കില്‍ എങ്ങാനും ഉണ്ടെന്നു നിങ്ങള്‍ പറയുന്നതായാല്‍ അതു കേവലം ഇല്ലാത്തതാണ്, ശുദ്ധ ഭോഷ്കാണ് എന്നു ഞാന്‍ പറയും; സംശയമില്ല. ഇങ്ങിനെ അല്ലാതെ മനസ്സിലാവാത്തവിധമുള്ള വാക്കുകളെക്കൊണ്ടും ദൈവം ഉണ്ടെന്നു പറയുന്നതായാല്‍ എനിക്കു മനസ്സിലായില്ല. അതുകൊണ്ട് അതിന് ഉത്തരം പറയാന്‍ പാടില്ലെന്നും പറയും. മനസ്സിലാവാത്ത ഒരു സാധനം ഉണ്ടെന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കുകയും ഇല്ലാ. ഇങ്ങിനെയാണ് നിരീശ്വരമതക്കാരുടെ സിദ്ധാന്തം.
ഗോവിന്ദപ്പണിക്കര്‍
ഇത്ര വഷളായ ഒരു സിദ്ധാന്തം ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാ. ഇതെല്ലാം വായിച്ചാല്‍ നിങ്ങളുടെ ബുദ്ധി എങ്ങിനെ വഷളാവാതിരിക്കും? ലോകത്തില്‍ എവിടെ നോക്കിയാലാണു മഹത്തായ ദൈവശക്തി കാണാതിരിക്കുന്നത്? എത്ര സുഖത്തിലും വെടുപ്പിലും ഈ ലോകത്തെ ദൈവം വെച്ചിരിക്കുന്നു! ദൈവം ഇല്ലാതെ ഈ സൂര്യനും ചന്ദ്രനും എങ്ങിനെ ഉണ്ടായി? നുമ്മള്‍ ഇങ്ങിനെ സുഖമായി ആഹാര നിദ്രാദികളായ അവസ്ഥകളോടുകൂടി പ്രപഞ്ചത്തില്‍ കഴിച്ചുകൂട്ടുന്നത് ആരുടെ ശക്തിയാണ്? ഓരോ കാലം വേണ്ടപോലെയുള്ള എല്ലാ കാര്യങ്ങളും ശരിയായി ലോകത്തില്‍ ചെയ്തു കാണുന്നുണ്ടല്ലൊ. ഇത് ആരു ചെയ്യുന്നു? കരുണാകരനായ ദൈവമല്ലേ? മഴ ആവശ്യമുള്ളപ്പോ ഉണ്ടാവുന്നില്ലേ? ഈ ചരാചരങ്ങളുടെ ദാഹത്തെ തീര്‍ക്കുന്നില്ലേ? സൂര്യന്‍ ദിവസംപ്രതി ഉദിക്കുന്നില്ലേ? സര്‍വ്വചരാചരങ്ങളെയും സുഖിപ്പിക്കുന്നില്ലേ? ചന്ദ്രന്‍ ക്രമം പോലെ ഉദിച്ചു ജഗത്തിനെ ആഹ്ലാദിപ്പിക്കുന്നില്ലേ? ഭൂമിയില്‍ വഴിപോലെ ധാന്യങ്ങളും സസ്യാദികളും ഉണ്ടാവുന്നില്ലേ? ഇങ്ങിനെ എന്തെല്ലാം സുഖങ്ങള്‍ കാലോചിതമായി നുമ്മള്‍ അനുഭവിക്കുന്നു! ഇതെല്ലാം ദൈവശക്തിയില്ലാതെ എങ്ങിനെ ഉണ്ടവും? കഷ്ടം! ദൈവമില്ലെന്നു ഭ്രാന്തന്മാര്‍ പറയും.
ഗോവിന്ദമേനോന്‍
ശരി, ജ്യേഷ്ഠന്‍ പറഞ്ഞതെല്ലാം ശരി – എന്നാല്‍ ജ്യേഷ്ഠന്‍ ഒരു ഭാഗമേ പറഞ്ഞുള്ളൂ. ഈ ജഗത്തില്‍ എല്ലാ കാര്യങ്ങളും ജഗത്തിന്നു സുഖമായും ആഹ്ലാദകരമായും ആവശ്യമുള്ള വിധവും തന്നെയാണ് എല്ലായ്പോഴും ഉണ്ടാവുന്നത്. എന്നു വന്നാല്‍ കരുണാകരനായ ഒരു ദൈവം ഉണ്ടെന്നു സമ്മതിക്കാം. എന്നാല്‍ വാസ്തവത്തില്‍ കാര്യം അങ്ങിനെ അല്ലല്ലൊ കാണുന്നത്. എത്ര കഠിന ആപത്തുകള്‍ ലോകത്തില്‍ കാണുന്നു. ഒരേടത്തും ദൈവത്തിന്റെ ശക്തി പ്രത്യക്ഷത്തില്‍ കാണുന്നതുമില്ല. ജലം കുടിപ്പാന്‍ കിട്ടാതെ ചരാചരങ്ങള്‍ വെന്തു നശിച്ചു പോവുന്ന ദിക്കില്‍ പലപ്പോഴും ഒരു തുള്ളി മഴ കിട്ടുന്നില്ല. മഴ ഉണ്ടാവുന്നതില്‍ ദൈവികമായ ഒരു ശക്തി ഉണ്ടെങ്കിലും ആ ശക്തി ദൈവത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്നതുപോലെ ജഗത്തില്‍ കരുണാവത്തായുള്ളതാണെങ്കിലും എന്തുകൊണ്ടു കാലോചിതമായി മഴ ഉണ്ടാവുന്നില്ല? സൂര്യരശ്മിയുടെ കാഠിന്യത്താലും തൈക്ഷ്ണ്യത്താലും കത്തുന്ന മണലില്‍ കുഴഞ്ഞു പലേ ജന്തുക്കളും വെന്തു നശിച്ചു പോവുന്നു. കൊടും കാട്ടുതീയില്‍പെട്ടു ചിലപ്പോള്‍ സാധുക്കളായ മൃഗങ്ങള്‍ ആബാലവൃദ്ധം വെന്തു പെടഞ്ഞു കഠിനവേദന അനുഭവിച്ചു നശിക്കുന്നു. ദ്രവ്യാഗ്രഹികളായ കള്ളന്മാരുടെ കട്ടാരം കൊണ്ടു കുത്തുകൊണ്ട് അതിഭക്തന്മാരായ ഹിന്തുവും ക്രിസ്ത്യാനിയും ബൌദ്ധനും ഓരുപോലെ വേദനപ്പെട്ടു നിലവിളിച്ചു വായ് പിളര്‍ക്കുന്നു. കള്ളസാക്ഷി പറഞ്ഞു നിര്‍ദ്ദോഷിയായവനെ തൂക്കിക്കൊല്ലുന്നു. കടല്‍ അതിക്രമിച്ചു രാജ്യങ്ങള്‍ മുക്കി തദ്ദേശവാസികളെ ആബാലവൃദ്ധം വെള്ളത്തില്‍ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. കപ്പല്‍ മുങ്ങി ജനങ്ങള്‍ ചാവുന്നു. ശേഷിച്ചവര്‍ വെള്ളം കുടിക്കാന്‍ കിട്ടാതെ അന്തര്‍ദാഹം പിടിച്ച് ഒരുത്തന്‍ മറ്റൊരുത്തന്റെ കഴുത്തു കടിച്ചു മുറിച്ചു രക്തം കുടിക്കുന്നു. വിശപ്പു സഹിക്കാന്‍ പാടില്ലാതെവന്നു തന്റെ സ്നേഹിതനെ കൊന്നു പച്ചമാംസം തിന്നുന്നു. ഇടിത്തീ വീണു നിര്‍ദ്ദോഷികളായ ചെറുകുട്ടികള്‍ നശിക്കുന്നു. നിരപരാധിയായ ഒരുവനെ അവന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പു വന്നു കടിച്ചു കൊല്ലുന്നു. ജാത്യാന്ധനായുള്ളവന്‍ വിശപ്പു സഹിക്കാന്‍ പാടില്ലാതെ ഒരെറക്കു കഞ്ഞിക്കുവേണ്ടി തപ്പിക്കൊണ്ടു നടക്കുമ്പോള്‍ പൊട്ടക്കിണറ്റില്‍ വീണു കഴുത്തും കാലും ഒടിഞ്ഞു പ്രാണവേദനയെ അനുഭവിച്ചു മരിക്കുന്നു. പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും നിമിത്തം അസംഖ്യം ജനം ആബാലവൃദ്ധം ക്ഷണത്തില്‍ കഠിന പ്രാണവേദനയോടെ,! ദൈവമേ! രക്ഷിക്കണേ! എന്നു നിലവിളിച്ചുകൊണ്ട് ഇരിക്കുന്ന മദ്ധ്യേ പ്രാണവേദന സഹിച്ചും കൊണ്ട് ഒരു നിവൃത്തിയും കിട്ടാതെ മരിക്കുന്നു. ഇവിടെ എല്ലാം എന്തുകൊണ്ടു ദൈവത്തിന്റെ കരുണാവത്തായ ശക്തി തന്റെ സൃഷ്ടികളെ സങ്കടത്തില്‍ നിന്നു രക്ഷിക്കുന്നില്ലാ? പിന്നെ വല്ല സമയങ്ങളിലും ഈ വക ആപത്തുകളില്‍ നിന്ന് നിവൃത്തികള്‍ സാധാരണ അറിയപ്പെടുന്ന കാരണങ്ങളാല്‍ കിട്ടുമ്പോള്‍ അതു ദൈവകൃപയാല്‍ എന്നും മറ്റും പറയുന്നു. ഇതിനെ ആരു വിശ്വസിക്കും? എന്നാല്‍ പ്രപഞ്ചത്തില്‍ ഇങ്ങിനെ ഉണ്ടാവുന്ന സങ്കടങ്ങളെ ദൈവികമായ ശക്തികൊണ്ടു നിവൃത്തിച്ചു കാണുന്നില്ലാത്തതിനെക്കുറിച്ചു നുമ്മള്‍ ഹിന്തുക്കളും വേറെ മതക്കാരും പറയുന്ന കാരണങ്ങള്‍ എത്രയും നിസ്സാരമാണ്. ഒന്നാമത് ഓരോ ആള്‍ക്കു വരുന്ന ദുഃഖങ്ങള്‍ കഴിഞ്ഞ ഒരു ജന്മം അയാള്‍ ചെയ്ത പാപത്തിന്നു ദൈവം കൊടുക്കുന്ന ശിക്ഷയാണെന്നു ഹിന്തുമതത്തില്‍ പറയുന്നു. ഒരു തെറ്റിന്നു ചെയ്യുന്ന ശിക്ഷ തെറ്റുകാരനെ തന്റെ തെറ്റിന്റെ ശിക്ഷയാണെന്ന് അറിയിച്ചിട്ടു ചെയ്യുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അതുവിട്ട് ഇന്ന സംഗതിക്കാണു താന്‍ കഷ്ടം അനുഭവിക്കുന്നത് എന്ന് അറിയിപ്പിക്കാതെ ഒരു കഷ്ടം അനുഭവിപ്പിക്കുന്നതില്‍ എന്താണു ഫലം? ശിക്ഷ പാപനിവാറണത്തിന്നുവേണ്ടിയാണെങ്കില്‍ പാപിയെ അറിയിച്ചിട്ടുതന്നെ ചെയ്യേണ്ടതല്ലേ? ഇതിനെപ്പറ്റി വലിയ ഒരു ശാസ്ത്രജ്ഞന്‍ ഇയ്യെടെ ഒരു ഗ്രന്ഥം ഉണ്ടാക്കിയതില്‍ പറഞ്ഞിട്ടുള്ളതിന്റെ സാരം ആ പുസ്തകത്തില്‍ നിന്നു വായിച്ചു ഞാന്‍ പറയാം. നേര്‍തര്‍ജ്ജമയായി പറഞ്ഞാല്‍ ജ്യേഷ്ഠനു മനസ്സിലാക്കാന്‍ പ്രായാസപ്പെടു. സാരം പറയാം. ഈ മഹാവിദ്വാന്‍ പറയുന്നു:   സമസൃഷ്ടികള്‍ക്കു നാശമോ ഉപദ്രവമോ അസഹ്യതയോ വരുത്തിയ ഒരു കുറ്റക്കാരന്റെ സ്വാഭാവികമായ ദുഷ്ടബുദ്ധിയെ കളഞ്ഞ് അവനെ സന്മാര്‍ഗ്ഗിയാക്കി തന്റെ സമസൃഷ്ടികളുമായി സമാധാനമായും സുഖമായും ഇരുത്താന്‍ വേണ്ടി വേറെ യാതൊരു പ്രകാരത്തിലും കഴിവില്ലാതെ ഇരിക്കുന്നതു കൊണ്ടു മാത്രമാണ് മനുഷ്യര്‍ ഉണ്ടാക്കിയ ശാസ്ത്ര പ്രകാരം കുറ്റക്കാരനെ ദണ്ഡിപ്പിക്കുന്നതും ശിക്ഷയില്‍ പെടുത്തുന്നതും ബന്തോവസ്തില്‍ വെച്ചു സന്മാര്‍ഗ്ഗോപദേശങ്ങളെ ചെയ്യുന്നതും. എന്നാല്‍ ദൈവം തന്നെ തന്റെ സൃഷ്ടികളെ ഇങ്ങിനെ ദണ്ഡിപ്പിക്കുന്നതിന്ന് എന്തൊരു സംഗതി ഉണ്ടെന്നാണ് നോം പറയേണ്ടത്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വാദത്തെ മുഴുവനും തള്ളി ഉണ്ടെന്നു തന്നെ തീര്‍ച്ചയാക്കുക. ദുഃഖങ്ങളുടെ ഉത്ഭവത്തെപ്പറ്റിയുള്ള സര്‍വ്വ സിദ്ധാന്തങ്ങളേയും തല്ക്കാലം ഇല്ലെന്നു വിചാരിക്കുക. സര്‍വ്വശക്തിയുള്ള ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ള സിദ്ധാന്തത്തെപ്പറ്റിയും തല്‍ക്കാലം തര്‍ക്കിക്കാതിരിക്കുക. എന്നിട്ടു ദൈവത്തെ ഈ ജഗത്തിനെ മുഴുവനും ഭരിക്കുന്ന വിശ്വംഭരന്‍ എന്നി സ്ഥിതിയില്‍ മാത്രം ഓര്‍ക്കുക. ഈ നിലിയില്‍ ഈ വിശ്വംഭരന് താന്‍ തന്റെ സൃഷ്ടികളെ ഇങ്ങിനെ ദണ്ഡിപ്പിക്കുന്നതിനെ നീതീകരിപ്പാന്‍ എന്തു കാരണങ്ങളെയാണു കാണിപ്പാന്‍ കഴിയുന്നത്? തന്റെ സ്വയരക്ഷയ്ക്കുവേണ്ടി ഇങ്ങിനെ ഈ സാധുക്കളായ തന്റെ സൃഷ്ടികളെ ശിക്ഷിക്കുന്നതോ, അതല്ല കുറ്റം ചെയ്തവരുടെ നന്മയ്ക്കുവേണ്ടിു അവരെ ദണ്ഡിപ്പിക്കുന്നതോ ഇതില്‍ രണ്ടില്‍ ഏതു സംഗതിക്കായാലും ഈ ദണ്ഡനം കൂടാതെ കാര്യം സാധിപ്പാന്‍ ആ ദൈവത്തിന്നു കഴിയുന്നതല്ലേ? ഒരു മനുഷ്യനെ വേദനയോ സങ്കടമോ അനുഭവിപ്പിക്കുന്ന പ്രവൃത്തി നുമ്മള്‍ മനുഷ്യര്‍ക്കു തന്നെ വ്യസനകരമായ ഒരു പ്രവൃത്തിയാണ്. അങ്ങിനെ ചെയ്യേണ്ടി വരുന്നതു നിവൃത്തിയില്ലാത്ത ഒരു ദോഷകര്‍മ്മം തന്നെയാണെന്നാകുന്നു നാം മനുഷ്യരുതന്നെ അഭിപ്രായപ്പെടുന്നത്. പഠിപ്പുള്ള മനുഷ്യര് ഇല്ലാത്തവരെ പഠിപ്പിച്ചിട്ടും മനുഷ്യവര്‍ഗ്ഗങ്ങള്‍ അന്യോന്യം സ്നേഹിച്ചും ഐക്യമായി ഇരിക്കേണ്ടതിനുള്ള വഴികള്‍ എടുത്തും പലേ സന്മാര്‍ഗ്ഗോപദേശങ്ങള്‍ ചെയ്തും വരുന്നു. ഈ ഉപദേശങ്ങള്‍ കൊണ്ടു ഗുണപ്പെടാതെ ചിലര്‍ പിന്നെയും ദുര്‍വൃത്തിയില്‍ ചാടുന്നു. അവരെ ദണ്ഡിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ ദണ്ഡനം ചെയ്യുന്നതു മനുഷ്യരില്‍ തന്നെ ഒരു ദുര്യശസ്സിന്നു കാരണമായിത്തീരുന്നു. നുമ്മളുടെ രാജ്യം ഭരിക്കുന്ന മനുഷ്യരാജാക്കന്മാര്‍ക്കു കുറ്റക്കാരുടെ ദുര്‍ബുദ്ധിയെ നീക്കം ചെയ്തു ഗുണബുദ്ധി കൊടുപ്പാന്‍ ഒരു ശക്തി ഉണ്ടായിരുന്നുവെങ്കില്‍ ആ ശക്തിയെ ഉപയോഗിച്ചു ദുര്‍മ്മര്യാദയും ദുഷ്പ്രവൃത്തിയപം മനുഷ്യരില്‍ ഇല്ലാതെ ആക്കിക്കളയുന്നതല്ലാതെ പിന്നെയും കുറ്റം ചെയ്യുന്നതു വിരോധിക്കാതെ നോക്കിക്കൊണ്ടു നിന്ന്, ചെയ്ത ഉടനെ കുറ്റക്കാരെ പിടിച്ചു ഹിംസിച്ചു ദണ്ഡിപ്പിക്കുവാനായി കാത്തിരിക്കുമോയ ഒരിക്കലും ചെയ്കയില്ല. എന്നാല്‍ നുമ്മള്‍ മനുഷ്യര്‍ക്കു ഭവിഷ്യദ്വര്‍ത്തമാനങ്ങളെയോ പ്രവൃത്തികളെയോ അറിവാനുള്ള ശക്തിയില്ലാ. കരുണാകരന്‍ എന്നു പറയപ്പെടുന്ന ആ ദൈവത്തിനോ നിങ്ങള്‍ പറയും പ്രകാരം നിശ്ചയമായി ഈ ശക്തി ഉണ്ടാവാതെ ഇരിപ്പാന്‍ പാടില്ല താനും. മനുഷ്യനെ സൃഷ്ടിച്ചതു ദൈവം, മനുഷ്യന്റെ മനസ്സില്‍ നിന്ന് ഉണ്ടാവുന്ന സകല വാസനകളും ദൈവത്തില്‍ നിന്ന് ആദ്യത്തില്‍ ഉത്ഭവിച്ചത്, അല്ലെങ്കില്‍ ദൈവത്തിന്ന് ഇഷ്ടംപോലെ ഇല്ലാതാക്കുവാനോ കുറയ്ക്കാനോ അധികരിപ്പിക്കാനോ കഴിയുന്നവ. കാര്യം ഇങ്ങിനെ ഇരിക്കുമ്പോള്‍ ദൈവം പാപകര്‍മ്മങ്ങള്‍ ചെയ്വാന്‍ ഒരു മനുഷ്യന്ന് ഉണ്ടാവുന്ന ഉത്സാഹങ്ങളേയോ വാസനയേയോ നിര്‍ത്താതെ അതു ചെയ്യിപ്പിച്ചശേഷം അവനെ കഠിനമായി ശക്ഷിച്ചു വേദനപ്പെടുത്തി നിശിപ്പിക്കുന്നത് എന്തിന്? ഇതു മഹാക്ഷ്ടമല്ലേ? ദൈവം ഇത്ര ബുദ്ധിഹീനതയായും ക്രൂരമായും ചെയ്യുമോ? ഇപ്പോള്‍ ക്രിസ്ത്യാനി വേദപുസ്തകത്തില്‍ പറയും പ്രകാരം ദൈവം ചെയ്ത ശിക്ഷകളെത്തന്നെ നാം നോക്കുന്നതായാല്‍ ദൈവം എത്ര കഠോരമായും നിര്‍ദ്ദയമായും അതി ക്രൂരമായും മനുഷ്യനെ ശിക്ഷിച്ചതായി കാണുന്നു. തെറ്റുകാരന്‍ പിന്നെ എന്തു തന്നെ ഗുണകര്‍മ്മം ചെയ്താലും പശ്ചാത്താപപ്പെട്ടാലും ദൈവം ഒരു വിധത്തിലും ദയ കാണിക്കാത്ത മാതിരിയിലാണു ക്രിസ്ത്യാനിവേദത്തില്‍ തന്നെ കാണുന്നത്. ആദാം ഒരു കുറ്റം ഒരു പ്രാവശ്യം ചെയ്തുപോയി. അതിന് അയാളെയും അയാളുടെ സര്‍വ്വസന്താനങ്ങളേയും പരന്പരയായി എന്നെന്നും നരകകൂപത്തില്‍ നിന്ന ഒരിക്കലും കയറാന്‍ സന്താനങ്ങള്‍ക്കൂടി എന്തിന് ഈ മഹാപാപം അനുഭവിക്കുന്നു? ദൈവം ഇങ്ങിനെ എല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ എവിടെയാണ് അദ്ദേഹത്തിന്റെ കരുണയും നീതിയും? - ഇങ്ങിനെയാണ് ഈ മഹായുക്തിമാനായ ശാസ്ത്രജ്ഞന്‍ പറയുന്നത്.
ഗോവിന്ദപ്പണിക്കര്‍
ആദാം എന്നൊരാളുണ്ടായി എന്നു നമ്മുടെ ഹിന്തുപുരാണങ്ങളില്‍ ഒന്നും പറയുന്നില്ല. ഞാന്‍ ഇതു വിശ്വസിക്കയില്ലാ.
ഗോവിന്ദമേനോന്‍
ആദാമിനെ വിശ്വസിക്കേണ്ടാ. നുമ്മളുടെ പുരാണങ്ങളില്‍ ഈ ആദാമിന് ഉണ്ടായതായി പറയപ്പെടുന്നമാതിരി ശാപങ്ങളും ദൈവകോപം കൊണ്ടു വന്ന പലേമാതിരി ദുഃഖങ്ങളും ക്രിസ്ത്യാനിവേദത്തില്‍ കാണുന്നതിനേക്കാള്‍ വളരെ അധികം കാണാം നുമ്മളുടെ പുരാണങ്ങളില്‍ ദൈവകോപം കൊണ്ടു മാത്രമല്ലാ ദൈവഭക്തന്മാരായ മഹര്‍ഷിമാരുടെ കോപം കൊണ്ട്, ദേവന്മാരുടെ കോപം കൊണ്ട്, ബ്രാഹ്മണ കോപം കൊണ്ട് എന്നു വേണ്ട പതിവ്രതമാരായ സ്ത്രീകളുടെ കോപം കൊണ്ടു കൂടി ദേവകളും മനുഷ്യരും മൃഗങ്ങളും പലപ്പോഴും കുഴങ്ങി ബുദ്ധിമുട്ടി അനേക ജന്മങ്ങള്‍ എടുത്തു പലേമാതിരി സങ്കടങ്ങളും സന്താപങ്ങളും അനുഭവിച്ചതായി പറയപ്പെടുന്നുണ്ട്. ഇത്ര അധികം വിഡ്ഢിത്തങ്ങളും ഭോഷത്വങ്ങളും ക്രിസ്ത്യാനി വേദപുസ്തകത്തില്‍ കാണുകയില്ലാ.
ഗോവിന്ദപ്പണിക്കര്‍
അങ്ങിനെ പറയരുത്. നുമ്മളുടെ പുരാണങ്ങള്‍ ഗോവിന്ദന്‍കുട്ടി എന്തുകണ്ടു. വിഡ്ഢിത്തം, ഭോഷത്വം എന്ന് എത്രയോ പ്രാചീനമായ നുമ്മളുടെ പുരാണങ്ങളെക്കുറിച്ച് ഇന്നലെ ഉണ്ടാക്കിയ ഒരു ഇങ്കിരീസ്സു ബുക്കു വായിച്ചിട്ടു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അതിരിക്കട്ടെ, അപ്പോള്‍ ദൈവമില്ലെങ്കില്‍ മനുഷ്യന്‍ താനേ ഉണ്ടായി എന്നാണു ഗോവിന്ദന്‍ കുട്ടി പറയുന്നത്?
ഗോവിന്ദമേനോന്‍
മനുഷ്യര്‍ എന്നുവേണ്ടാ ഈ കാണുന്ന സകല ചരാചരങ്ങളും പലേവിധ കാരണങ്ങളില്‍ നിന്നും ശക്തികളില്‍ നിന്നും താനേ ഉത്ഭവിച്ചു നിറയുന്നതാണെന്നാകുന്നു ഞാന്‍ പറയുന്നത്.
ഗോവിന്ദപ്പണിക്കര്‍
അപ്പോള്‍ ഒരു മനുഷ്യന്‍ മരിച്ചാലോ? അവന്റെ ജീവന്‍ എങ്ങട്ടു പോകുന്നു?
ഗോവിന്ദമേനോന്‍
എങ്ങട്ടും പോവുന്നില്ലാ, അതില്ലാതാവുന്നു. ഒരു കത്തുന്ന തിരി കെടുത്തിയാല്‍ അഗ്നി എവിടേക്കു പോവുന്നു? എവിടേയ്ക്കും പോവുന്നില്ല. അത് ഇല്ലാതെ പോവുന്നു – അതുപോലെ ജീവനും.
ഗോവിന്ദപ്പണിക്കര്‍
അപ്പോള്‍, മനുഷ്യനു വേറെ ഗതിയൊന്നുമില്ല; മരിച്ചാല്‍ എല്ലാം തീര്‍ന്നു അല്ലേ? നിന്റെ ഈ മതം പിശാചുകള്‍ക്കു കൊള്ളാം - മറ്റാര്‍ക്കും കൊള്ളരുത്. മനുഷ്യന് എങ്ങിനെ ഈ കൈകാലുകള്‍, കണ്ണ്, മൂക്ക്, ചെവി മുതലായ ഇന്ദ്രിയങ്ങള്‍ എല്ലാം ഉണ്ടായി? ഇതെല്ലാം ഇത്ര ശരിയായും വെടുപ്പായും  എന്തു കാര്യകാരണങ്ങളാണ് ഉണ്ടാക്കിയത്?
മാധവന്‍
ശരി, അച്ഛന്റെ ചോദ്യം ഒന്നാന്തരം. അച്ഛന്‍ ഗോവിന്ദന്‍ കുട്ടിയോടു ചെയ്ത ചോദ്യം അല്പം ചില ഭേദങ്ങള്‍ ചെയ്താല്‍ നല്ല ഒരു ഇംക്ലീഷ് ശാസ്ത്രജ്ഞന്‍ ചെയ്ത പോലെയുള്ള ഒരു ചോദ്യമായി വരും. ആ ചോദ്യം ഞാന്‍ ചെയ്യാം; ജഗത്തു മുഴുവനും താനേ ഒരു പ്രത്യേക സ്രഷ്ടാവ് ഇല്ലാതെ ഉണ്ടായിവന്നത് എന്നോ ഗോവിന്ദന്‍ കുട്ടിയുടെ സിദ്ധാന്തം?
ഗോവിന്ദമേനോന്‍
അതെ; ഒരു പ്രത്യേക സൃഷ്ടാവ് ഉണ്ടാക്കിയതാണെന്നു വിചാരിപ്പാന്‍ സംഗതി ഇല്ലെന്നു ഞാന്‍ പറയുന്നു.
മാധവന്‍
അങ്ങിനെ അഭിപ്രായപ്പെടുന്നതിന്റെ കാരണങ്ങള്‍ ചുരുക്കത്തില്‍ സ്പഷ്ടമായി പറയൂ.
ഗോവിന്ദമേനോന്‍
ചുരുക്കത്തില്‍ സ്പഷ്ടമായി പറയാന്‍ പ്രയാസം. മാധവന്‍ എന്നെ പോലെ തന്നെ ഈ സംഗതിയില്‍ പലേ പുസ്തകങ്ങളും വായിച്ചിട്ടുണ്ടല്ലൊ. അതുകൊണ്ട് ഞാന്‍ ജ്യേഷ്ഠന്‍ അറിയാന്‍ മാത്രം ചുരുക്കി പറയാം. ചുരുക്കി പറയുന്നതില്‍ എന്റെ താല്പര്യം സ്പഷ്ടമായി കാണിപ്പാന്‍ കഴിയുമോ എന്ന് എനിക്കു സംശയം. എന്റെ കൈയില്‍ ഇപ്പോള്‍ ഉള്ള ഈ പുസ്തകത്തില്‍തന്നെ ഓരോ ഭാഗങ്ങള്‍ വായിച്ചു പറയാം.  ബ്രാഡ്ളാവിന്റെ പുസ്തകത്തില്‍ അധികവും ഭാഗം ക്രിസ്ത്യാനിവേദത്തില്‍ ജഗല്‍ സൃഷ്ടി ഉണ്ടായ സ്വഭാവത്തെയും കാലത്തെയും പറയുന്നത് എല്ലാം സുദ്ധമേ കളവും അസംഭവ്യവുമാണെന്നു കാണിപ്പാനുള്ള സംഗതികളെയാണു പറഞ്ഞിട്ടുള്ളത്. എന്നാല്‍ അതുകളെക്കുറിച്ച് ഇവിടെ പറഞ്ഞിട്ട് ആവശ്യമില്ല. വാള്ളെസ്സ്, ഡാര്‍വ്വിന്‍ മുതലായ പലേ ശാസ്ത്രജ്ഞന്‍മാര്‍ ജഗദുല്‍പ്പത്തിയെപ്പറ്റി പറഞ്ഞിട്ടുള്ളതു സൂക്ഷ്മമായി ആലോചിച്ചാല്‍ ഈ കാണുന്ന സകല  ഉല്‍പത്തി സമ്പ്രദായപ്രകാരം താനേ ഉത്ഭവിച്ചു വന്നതാണെന്നു കാണാം, ഡാര്‍വ്വിന്‍ പറയുന്നു: സാധനങ്ങള്‍ക്ക് പകര്‍ച്ച, വളര്‍ച്ച, നാശം ഇതുകള്‍ സ്വഭാവേന ഉള്ളതാകുന്നു. ഓരോ സാധനം ഒരു പ്രകാരത്തിലും ഗുണത്തിലും ഇരിക്കുന്നത് കാലാന്തരംകൊണ്ട് മറ്റൊരു പ്രകാരത്തിലും ഗുണത്തിലു ആയി വരുന്നു. പിന്നെയും മാറുന്നു. പിന്നെ വളരുന്നു. ഇങ്ങിനെ അനന്തകോടി സംവത്സരങ്ങളാല്‍ ഒരു സാധനം വേറെ സാധനങ്ങളുമായുള്ള ചേര്‍ച്ചയാലോ ആവശ്യങ്ങളാലോ അതിന്റെ ഒന്നാമത്തം ഗുണവും സ്വഭാവവും വിട്ടു ക്രമേണ ക്രമേണ മറ്റൊരു സ്വഭാവത്തിലും ഗുണത്തിലുമായി വരുന്നു. ഇതു സാധാരണ സര്‍വ്വപദാര്‍ത്ഥങ്ങളിലും താനേ ഫള്ള ഒരു ശക്തിയാണ്. ഇതുപ്രകാരം തന്നയാണു മനുഷ്യന്റെ ഉല്പത്തിയും. ആദ്യത്തില്‍ എത്രയോ അണുമാത്രമായ ഒരു ജീവതന്തു ക്രമേണ അനവധി അനവധി കാലം കൊണ്ടും ജീവന്റെ ആവശ്യപ്രകാരവും ആഗ്രഹപ്രകാരവും അതിനൊത്ത ദേഹാകൃതികളെ സ്വല്പസ്വല്പനം ഭേദമായി അതാതു കാലത്തുമാറി കാലക്രമേണ ഇപ്പോള്‍ നാം കാണുന്നതുപോലെ മനുഷ്യന്റെ ദേഹാകൃതിയിലും സ്വഭാവത്തിലും വന്നു ചേര്‍ന്നിരിക്കുന്നു. ദൃഷ്ടാന്തമായി പലേ സംഗതികളേയും ഡാര്‍വ്വിന്‍ എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞിരിക്കുന്നു. പ്രത്യേകം ഒരു സ്രഷ്ടാവ് ഈ ജഗത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളേയും വെവ്വേറെ ഉണ്ടാക്കിയതല്ലെന്നു കാണിപ്പാന്‍ പലേ ദൃഷ്ടാന്തങ്ങളും ഉണ്ട്. നനവുള്ള *** പുതുമണ്ണില്‍ കുറെ തീയിട്ടോ മറ്റോ ചൂടുപിടിപ്പിച്ച ശേഷം തണുപ്പുള്ളതായ ഒരു സാധനം കൊണ്ടു സാധാരണ വായുവിനു സ്പര്‍ശിപ്പാന്‍ പാടില്ലാത്തവിധം ഒരു നാലഞ്ചു മണിക്കൂര്‍ ആ സ്ഥലത്തെ അടച്ചു മൂടിയതില്‍ പിന്നെ അടപ്പ് എടുത്തു നോക്കിയാല്‍ പലപ്പോഴും ആ സ്ഥലത്തു ലക്ഷോപലക്ഷം ചെറിയ സ്വരൂപങ്ങളുള്ള ചിതല്‍ എന്നു പറയുന്ന വെളുത്ത ഒരു വക പ്രാണികള്‍ എളകി പതച്ചുനടക്കുന്നതു കാണുന്നു. എവിടെ നിന്നാണ് ഇത്ര അനവധി ചിതലുകള്‍ ഇത്ര ക്ഷണം കൊണ്ട് ഉണ്ടായത്? ദൈവം അപ്പോള്‍ ഉണ്ടാക്കിയതോ, ഇതു പെറ്റുണ്ടാതയോ, അതല്ല ചില കാരണങ്ങള്‍ അന്യോന്യം സംശ്രയിച്ചപ്പോള്‍ താനേ ഉണ്ടായി വന്നതോ? പിന്നെ അതില്‍ ഒരു ചിതലിനെയോ അല്ലെങ്കില്‍ അതില്‍ അല്പം വലിയ ഒരു പുഴുവിനെയോ വേട്ടാളന്‍ എന്നു പറയുന്ന ഒരു പ്രാണി എടുത്തു അതിന്റെ കൂട്ടില്‍ വെയ്ക്കുന്നു. പത്തു പതിനഞ്ചു ദിവസം ആ വേട്ടാളനുമായി സന്പര്‍ക്കിച്ചിരിക്കുമ്പോഴേയ്ക്ക് ഈ പുഴു താനേ വേട്ടാളനായി തീരുന്നു. ഇങ്ങിനെയുള്ള ചില്ലറയായ സാധനങ്ങള്‍ നോക്കിയാല്‍ ഒന്നില്‍ നിന്ന് മറ്റൊന്ന് ഉണ്ടാവുന്ന സ്വഭാവം അറിയാം. ഈ ജഗത്ത് എല്ലാം അനാദിയായ കാലശക്തിയാലും ഓരോ വസ്തുക്കളുടെ സംശ്രയങ്ങളാലും സംശ്രയഭാവങ്ങളാലും താനേ ഉണ്ടായി നിറഞ്ഞു വന്നതും താനേ നശിച്ചുപോവുന്നതും ആകുന്നു എന്നേ വിചാരിപ്പാന്‍ വഴിയുള്ളൂ. ഹക്സലി എന്ന ഒരു മഹാവിദ്വാന്‍ പറയുന്നു: സകല ജന്തുക്കളുടെയും ഉല്പത്തിയെ നോം സൂക്ഷ്മമായി ശാസ്ത്രസിദ്ധാന്തമായ അറിവോടുകൂടി നോക്കുമ്പോള്‍ ഓരോ ജന്തു ആദിയില്‍ ഉത്ഭവിച്ചത് ഓരോ പ്രത്യേക കാരണങ്ങളില്‍ നിന്നാണെന്നു വെളിവായി കാണാം.  നുമ്മള്‍ ചുറ്റും കാണുന്ന അനന്തകോടി ജീവജാലങ്ങള്‍ ഈ കാരണങ്ങളില്‍ താനേ ഉത്ഭവിച്ചും വളര്‍ന്നും പരന്നും നശിച്ചും കാണാതെയായും വരുന്നതും കാണുന്നു. ഇതു സാധാരണ പല ജീവജാലങ്ങളില്‍ സ്വതസ്സിദ്ധമായ ഒരു ശക്തിയാകുന്നു. അങ്ങിനെയുള്ള ശക്തി ഇല്ലാതെ ജീവജാലങ്ങള്‍ ഒന്നും തന്നെ ഇല്ല. ഹക്സലി എന്ന മഹാവിദ്വാന്റെ അഭിപ്രായം. ബ്രാഡ്ളാ എന്നാള്‍ പറയുന്നു: ഇതുവരെ കിട്ടിയേടത്തോളമുള്ള അറിവുകളില്‍ നിന്ന് ആദിയില്‍ മനുഷ്യരെ കണ്ട കാലത്തില്‍ അവര്‍ ഇപ്പോള്‍ കാണുന്ന പ്രകൃതവും സ്വഭാവവും ഉള്ള മനുഷ്യരെപ്പോലെ ആയിരുന്നില്ലാ. ആദ്യത്തില്‍ കണ്ടതായി അറിയപ്പെടുന്ന കാലത്തു മനുഷ്യന്‍ ഏതാണ്ട് ഒരു മൃഗംപോലെ ശുദ്ധമൃഗങ്ങളുമായി തമ്മില്‍ തല്ലി മല്ലിട്ടുംകൊണ്ടു ഗുഹാവാസം ചെയ്തു കഴിച്ചിരുന്ന ഒരു ജന്തു തന്നെയായിരുന്നു. എന്നാല്‍ ക്രമേണ ഇപ്പോള്‍ മനുഷ്യന്‍ എത്ര ശക്തനും ബുദ്ധിമാനും സര്‍വ്വവിദഗ്ധനും ആയിത്തീര്‍ന്നിരിക്കുന്നു. ഇതു പ്രകാരം തന്നെ, ഇപ്പോള്‍ നമുക്ക് അറിവു കിട്ടീട്ടുള്ളതിന്നും പ്രചീനമായി വളരെ കോടി സംവത്സരങ്ങള്‍ മുമ്പുള്ള സ്ഥിതി എനി നോക്കി അറിവാന്‍ സാധിക്കുന്നുവെങ്കില്‍ ഇന്ദ്രിയനിഷ്ഠമായ ജീവനെ വഹിക്കുന്നതിന്നുമുമ്പു പലേവിധ ജീവദശകളില്‍ ഇപ്പോള്‍ കാണുന്ന സമര്‍ത്ഥനായ ഈ മനുഷ്യര്‍ കിടന്നിരുന്നു എന്ന് ഒരു സമയം കാണാന്‍ കഴിയുമെന്നു ഞാന്‍ വിചാരിക്കുന്നു. ബ്രാഡ്ളാ പറയുന്നത്.
ഗോവിന്ദപ്പണിക്കര്‍
മനുഷ്യര്‍ ആദ്യം ഗുഹയില്‍ മൃഗത്തിനെപ്പോലെ കിടന്നു എന്ന് ആര് വിശ്വസിക്കും? പക്ഷേ, ബിലാത്തിയില്‍ അങ്ങിനെ ആയിരുന്നുവായിരിക്കാം. അതുപോലെ മൃഗപ്രായമായ മനുഷ്യര്‍ ഇപ്പോഴുമുണ്ട് - ഇല്ലേ മാധവാ?
മാധവന്‍
ഉണ്ട്. ആഫ്രിക്കാരാജ്യത്ത് സമാന്യം മൃഗങ്ങളെപ്പോലെ ഉള്ള മനുഷ്യര്‍ ഇപ്പോഴും ഉണ്ട്.
ഗോവിന്ദമേനോന്‍
പണ്ടു ഞാന്‍ പറഞ്ഞകാലം ഞാന്‍ പറഞ്ഞ മാതിരിയേ അതിന് മനുഷ്യര്‍ ഉണ്ടായിരുന്നുള്ളൂ.
ഗോവിന്ദപ്പണിക്കര്‍
അതിന് എന്തു പ്രമാണം?
ഗോവിന്ദമേനോന്‍
ശാസ്ത്രപ്രകാരം ഉള്ള അറിവുതന്നെ.
ഗോവിന്ദപ്പണിക്കര്‍
എന്തു ശാസ്ത്രം? നീ പേര്‍പറഞ്ഞ സായ്വന്മാരുണ്ടാക്കിയ ശാസ്ത്രമോ?
ഗോവിന്ദമേനോന്‍
അവരും അവരെപ്പോലെയും അതിലധികവും ശാസ്ത്രപരിജ്ഞാനമുള്ള ആളുകള്‍ എഴുതിയ പലേ ഗ്രന്ഥങ്ങളില്‍ നിന്നാണു ഞാന്‍ പറയുന്നത്.
ഗോവിന്ദപ്പണിക്കര്‍
എന്നാല്‍ നീ ഇപ്പോള്‍ പറഞ്ഞതില്‍ ഒരസ്ഥമാത്രം ഹിന്ദുശാസ്ത്രപ്രകാരം അല്പം ഒക്കുന്നുണ്ട്. നീ പറഞ്ഞ പ്രകാരംതന്നെ, നുമ്മളുടെ ശാസ്ത്രത്തിലും ആദ്യം തൃണം മുതല്‍ പലേ ജന്മങ്ങളും കഴിഞ്ഞിട്ടു വേണം മനുഷ്യജന്മം കിട്ടാന്‍ എന്നു പറയുന്നുണ്ട്. പക്ഷേ, അങ്ങിനെ എല്ലാം വരുന്നതു വാസാനാരൂപമായി ദൈവകല്പനയാല്‍ ആണെന്നാകുന്നു നുമ്മടെ ശാസ്ത്രം.
ഗോവിന്ദമേനോന്‍
ശരി, ജ്യേഷ്ഠന്‍ അത്രത്തോളം സമ്മതിച്ചുവോ?
ഗോവിന്ദപ്പണിക്കര്‍
ഞാന്‍ എന്തു സമ്മതിച്ചു? നീ പറഞ്ഞതു യാതൊന്നും ഞാന്‍ സമ്മതിച്ചിട്ടില്ലാ. ഒരിക്കലും സമ്മതിക്കുകയുമില്ലാ. ഈശ്വരനില്ലെന്നല്ലെ നീ പറയുന്നത്? അത് ഈ ജന്മം സമ്മതിപ്പാന്‍ പാടില്ലാ. മഹാ അബദ്ധമായ സിദ്ധാന്തമാണ് ഈശ്വരന്‍ ഇല്ലെന്നുള്ളത്. സര്‍വ്വജഗദന്തര്യാമിയായി കാരുണ്യമൂര്‍ത്തിയായുള്ള ഒരു സ്രഷ്ടാവ് ഈ ജഗത്തിന്ന് ഇല്ലെന്നു ശുദ്ധ ഭ്രാന്തന്‍മാത്രമേ പറയുകയുള്ളൂ.
ഗോവിന്ദമേനോന്‍
ഞാന്‍ ഒരു കാരുണ്യ മൂര്‍ത്തിയേയും ജഗദന്തര്യാമിയേയും കാണുന്നില്ലാ.
ഗോവിന്ദപ്പണിക്കര്‍
ആട്ടെ, ഈ നിരീശ്വര സിദ്ധാന്തികള്‍ ഇയ്യെടെ ഈ വിധം ഓരോ ബുക്ക് എഴുതിത്തുടങ്ങിയതല്ലേ ഉള്ളൂ. ഇതിന് എത്രയെത്രയോ മുന്പും ഇപ്പോഴും എനി എത്രയോ കാലവും ഈ കാണുന്ന സകല മനുഷ്യരും ദൈവവന്ദനം ഓരോ പ്രകാരത്തില്‍ ചെയ്തുവന്നിരിക്കുന്നു എന്നും, ചെയ്തു വരുമെന്നും എനിക്ക് ഉറപ്പുണ്ട്. നിരീശ്വര മതക്കാര്‍ ആകപ്പാടെ പത്താളുകളുണ്ടാവുമോ ഗോവിന്ദന്‍കൂട്ടീ?
ഗോവിന്ദമേനോന്‍
അനവധി ലക്ഷം ആളുകള്‍ ഇപ്പോള്‍ നിരീശ്വര മതക്കാരുണ്ട്. അതു പക്ഷേ പുറത്തറിയുന്നില്ലാ. ഭൂമിയിലുള്ള ജനങ്ങളെക്കുറിച്ചു കണക്ക് എടുക്കുന്നത് എല്ലാം ഓരോ മതത്തില്‍ ഉള്ള ആളുകള്‍ ഇത്രയിത്ര എന്നാണ്. ഇതില്‍ ഓരോ മതത്തില്‍ നിരീശ്വരമതക്കാര്‍ വളരെ ഉണ്ടായിരിക്കും. എന്നാല്‍ അതു കണക്കില്‍ കാണിക്കാറില്ല. ഈ ഭൂമിയിലെ ആകെ ജനങ്ങളില്‍ നാനൂറ്റഞ്ചുകോടി ആറുലക്ഷം പേര്‍ ബുദ്ധമതക്കാരും, മുന്നൂറ്റിതൊണ്ണൂറ്റൊന്പതുകോടി രണ്ടുലക്ഷം പേര്‍ ക്രിസ്ത്യാനിമതക്കാരും, ഇരുന്നൂറ്റിനാലു കോടി രണ്ടു ലക്ഷംപേര്‍ മഹമ്മദീയ മതക്കാരും, നൂറ്റി എഴുപത്തിനാലുകോടി രണ്ടുലക്ഷം പേര്‍ ഹിന്തുമതക്കാരും അന്പതുലക്ഷം പേര്‍ ജൂതന്മാരും മറ്റോരോപ്രകാരം വിഗ്രഹാരാധനക്കാരായ പലവകയായി നൂറ്റിപതിനെട്ടുകോടി മനുഷ്യരും ഉണ്ടെന്നു ബ്രാഡ്ളാവിന്റെ പുസ്തകത്തില്‍ കാണുന്നു. എന്നാല്‍ മതത്തിന്മേല്‍ സ്ഥാപിച്ച് എടുത്തിട്ടുള്ള ഈ കണക്ക് എത്രയും തെറ്റാണെന്ന് അദ്ദേഹം കാണിക്കുന്നു. പഠിപ്പും അറിവും അധികമായുള്ള യൂറോപ്പുരാജ്യ നിവാസികളിലും അമേരിക്കാരാജ്യനിവാസികളിലും അനവധി മഹാന്മാരായ ആളുകള്‍ നിരീശ്വരമതക്കാരാണെങ്കിലും പ്രോട്ടസ്റ്റന്‍റ് അല്ലെങ്കില്‍ റോമന്‍ കത്തോലിക്കാമതക്കാരായി കണക്കില്‍ തെറ്റായി ചേര്‍ത്തിരിക്കുന്നു എന്നാണ് അയാളുടെ അഭിപ്രായം. അതു ശരിയാണെന്നുള്ളതിലേക്കു ലേശം സംശയമില്ലാ. ഇപ്പോള്‍ മലയാളത്തില്‍ കാനേഷുമാരി കണക്ക് എടുത്തതില്‍ എന്നെ ഹിന്തുമതക്കാര്‍ എന്നല്ലേ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഞാന്‍ വാസ്തവത്തില്‍ ഹിന്തുമതക്കാരനല്ലല്ലൊ. ഈ തെറ്റു സര്‍വ്വസാധാരണയായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് ദൈവം ഉണ്ടെന്നു വിചാരിക്കാതെയും വന്ദിക്കാതെയും ഉള്ളഒക്ത വളരെ ഈ ലോകത്തില്‍ ഉണ്ടെങ്കിലും എത്ര ഉണ്ടെന്ന് ഇപ്പോള്‍ കണക്കാക്കാന്‍ പ്രയാസമയി വരുന്നു.
ഗോവിന്ദപ്പണിക്കര്‍
മഹാപാപം ഇതു കേള്‍ക്കുന്നത്. കലിയുഗധര്‍മ്മം എന്നേ പറയുന്നുള്ളൂ.
ഗോവിന്ദമേനോന്‍
എന്നാല്‍ പിന്നെ ഇതിനെക്കുറിച്ച് എന്തിനു ജ്യേഷ്ഠന്‍ വ്യസനിക്കുന്നു? കലിയുഗത്തില്‍ മനുഷ്യര്‍ നിരീശ്വരമതക്കാരായി വരണമെന്നു ജ്യേഷ്ഠന്‍ പറയുന്ന ദൈവം കല്പിച്ചിട്ടുള്ളതാണെങ്കില്‍ പിന്നെ ഞങ്ങള്‍ നിരീശ്വരന്‍മാരായത് ആശ്ചര്യമോ? ഹിന്തുക്കളുടെ ശാസ്ത്രത്തെപ്പോലെ ഇത്ര അയുക്തിയായി എന്തെങ്കിലും ഉണ്ടോ? ഒരെടത്തു പറയുന്നു മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ അവനു ഭാവിയായി ഉണ്ടാവാന്‍ പോവുന്ന സകല അവസ്ഥകളെയും തലയിലോ മറ്റോ ബ്രഹ്മാവ് എഴുതി വെച്ചിരിക്കുന്നു എന്ന്. ഇങ്ങിനെ എഴുതി തീര്‍ച്ചയാക്കിയ കാര്യത്തില്‍ പിന്നെ മനുഷ്യന് എന്തൊരു ശക്തിയാണ് ഉള്ളത്? ഇപ്രകാരത്തില്‍ ജീവിക്കണം; നീ ഇത്ര മനുഷ്യരെ കൊല്ലണം; നീ ഇത്ര മനുഷ്യരെ രക്ഷിക്കണം; നീ ഇന്നിന്ന കര്‍മ്മങ്ങള്‍  വെളിവായും തീര്‍ച്ചയായും എഴുതിവിട്ടാണത്രെ മനുഷ്യന്റെ ഉത്ഭവം. പിന്നെ ആ സാധുവായ മനുഷ്യന് എന്തു സ്വശക്തിയാണ് ഉള്ളത്? അവനോടു കല്പിച്ചതിനെ അവന്‍ ചെയ്യുന്നു. പിന്നെ, അവനെ അവന്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ചോ ഗുണകര്‍മ്മത്തെക്കുറിച്ചേ എന്തിനു പാപി എന്നും സകൃതി എന്നും പറയുന്നു? കലിയുഗത്തില്‍ ജനങ്ങള്‍ക്ക് ഈശ്വരസ്മരണ ഉണ്ടാകയില്ല. അനേക വിധ പാപകര്‍മ്മങ്ങള്‍ ചെയ്യും. മഴ വേണ്ടപോലെ ഉണ്ടാവുകയില്ലാ. ഭൂമി വിളയുകയില്ലാ. ശുദ്ധശുദ്ധമില്ലാതെ ആവും. ബ്രാഹ്മണരെ ഹിംസിക്കും. ഗോവധം ചെയ്യും. നീചന്മാര്‍ക്കു മഹത്വം വരും. ഇങ്ങിനെ പലേവിധ കല്പനകളും ചെയ്തുവെച്ചതായി പറയുന്നു. പിന്നെ ഈ കല്പനകള്‍ പ്രകാരം ഓരോ കാര്യം കാണുമ്പോള്‍ എന്താണ് ഇത്ര എല്ലാം ജ്യേഷ്ഠന്‍ ആക്ഷേപിക്കുന്നത്? ജ്യേഷ്ഠന്‍ കലിയുഗ മനുഷ്യനല്ലേ? ജ്യേഷ്ഠന് ഈ കല്പനകള്‍ സംബന്ധിക്കില്ലേ? മഹാ കഷ്ടം! ഇങ്ങിനനത്തെ വിഡ്ഢിത്തം ഉണ്ടോ? ഇങ്ങിനത്തെ അയുക്തി ഉണ്ടോ? ബ്രാഹ്മണരുടെ പ്രാധാന്യതയ്ക്കും യോഗ്യതയ്ക്കും വേണ്ടി മാത്രം അവരില്‍ ചിലര്‍ എഴുതീട്ടുള്ള പുസ്തകങ്ങളല്ലാതെ ഹിന്തുക്കള്‍ക്ക് ഈ വക സംഗതികളെപ്പറ്റി അറിവിന്നു വേറെ യാതൊരു മാര്‍ഗ്ഗവും ഇല്ലെല്ലൊ. പിന്നെ എന്തു ചെയ്യും? വിഡ്ഢിത്തം എഴുതിക്കാണുന്നത് എല്ലാം സാധുക്കള്‍ വിശ്വസിക്കുന്നു.
മാധവന്‍
ഗോവിന്ദന്‍ കുട്ടി ഇപ്പോള്‍ പറഞ്ഞത് വലിയ ഭോഷത്വമാണ്. ബ്രാഹ്മണര്‍ എഴുതീട്ടുള്ള ചില വിലപിടിച്ച പുസ്തകങ്ങളെക്കുറിച്ചു സ്വല്പമെങ്കിലും ഗോവിന്ദന്‍കുട്ടിക്ക് അറിവുണ്ടായിരുന്നുവെങ്കില്‍ ഈ വിധം പറയുന്നതല്ല. ഇംക്ലീഷുമാത്രം പഠിച്ച ബ്രാഡ്ളാവിന്റെ ബുക്കും, ഡാര്‍വ്വിന്‍, വാള്ളെസ്സ്, ഹക്സലി, ഹര്‍ബര്‍ട്ട് സ്പെന്‍സര്‍ മുതലായവരുടെ ബുക്കുകളും വായിച്ച് അതിലുള്ള യോഗ്യതകളെ മാത്രം അറിഞ്ഞതിനാല്‍ യോഗ്യതയുള്ള ഗ്രന്ഥങ്ങള്‍ ഹിന്തുക്കള്‍ ആരും ഉണ്ടാക്കീട്ടീല്ലെന്നു ഗോവിന്ദന്‍കുട്ടി എങ്ങനെ പറയും?
ഗോവിന്ദമേനോന്‍
ഡാര്‍വ്വിന്‍ മുതലായ മഹാശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടാക്കിയ പുസ്തകങ്ങളും നുമ്മളുടെ സംസ്കൃതത്തില്‍ അയുക്തികളാലും അസംഭവ്യാവസ്ഥകളാലും നിറയപ്പെട്ടിട്ടുള്ളതായ ഭാരതം, ഭാഗവതം, രാമായണം, സ്കാന്ദം മുതലായ പുരാണങ്ങളും ഒരുപോലെയാണെന്നു മാധവന്‍ പറയുന്നുവോ?ന
മാധവന്‍
അസംബന്ധമായി ധൃതഗതിയായി സംസാരിക്കരുത്. സാവധാനത്തില്‍ ആലോചിച്ചു പറയൂ. ഹര്‍ബര്‍ട്ട് സ്പെന്‍സര്‍ മുതലായവര്‍ എഴുതിയത് ഇയ്യെടെയാണ്. നുമ്മളുടെ ഹിന്തുക്കളുടെ ഇടയില്‍ മഹാന്മാരായ ഗ്രന്ഥകര്‍ത്താക്കന്മാരും അദദ്വൈതികളും ഉണ്ടായിട്ട് ഇപ്പോഴേയ്ക്ക് ഒന്നുരണ്ടായിരം സംവത്സരങ്ങള്‍ കഴിഞ്ഞു. ഈ ഒന്നുരണ്ടായിരം സംവത്സരങ്ങളില്‍ കിട്ടിയ അറിവുകള്‍ കൂടി ഇപ്പോഴത്തെ ഇംക്ലീഷു വിദ്വാന്‍മാര്‍ക്ക് ഉണ്ട്. അവര്‍ മുമ്പുള്ള വിദ്വാന്‍മാരെക്കാള്‍ അധികം അറിവുള്ളവര്‍ തന്നെ. അതിന്റെ കാരണം, അവര്‍ പിമ്പുള്ള വിദ്വാന്‍മാര്‍ ആകയാല്‍. എന്നാല്‍ ഗോവിന്ദന്‍ കുട്ടി ഹിന്തുമതത്തെ ദുഷിക്കുന്നതിന്മേല്‍ ഞാന്‍ ആക്ഷേപിക്കുന്നില്ല. ഹിന്തുമതം ഇപ്പോള്‍ ആചരിച്ചുവരുന്നമാതിരി വളരെ അയുക്തിയായും പൂര്‍വ്വാപരവിരോധങ്ങളായും ഉള്ള ഉപദേശങ്ങളിന്മേല്‍ ആണെന്നുള്ളതിലേക്ക് എനിക്ക് സംശയമില്ല, അങ്ങിനെത്തന്നെയാണ് പ്രായേണ ലോകത്തില്‍ ഉള്ള മറ്റെല്ലാ മതങ്ങളും.
ഗോവിന്ദമേനോന്‍
പിന്നെ, മാധവന്‍, ഞാന്‍ അതു പറഞ്ഞതിന്മേല്‍ എന്തിന് ആക്ഷേപിച്ചു?
മാധവന്‍
പറയാം. ഗോവിന്ദന്‍കുട്ടി പറഞ്ഞത് ഹിന്തുക്കള്‍ക്കു സംസ്കൃതത്തില്‍ ഉള്ള സകല ബുക്കുകളും ഒരുപോലെ പൂര്‍വ്വാപരവിരോധങ്ങളായുള്ള സംഗതികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; വേറെ ഈ സാധുക്കള്‍ക്കു യാതൊരു ബുക്കുകളും ഇല്ലെന്നാണ്. പിന്നെ ഈ വക ബുക്കുകള്‍ ഏതെല്ലാമാണു സംസ്കൃതത്തില്‍ ഉള്ളതെന്നു ഗോവിന്ദന്‍കുട്ടി പറഞ്ഞു കേട്ടതിലും എനിക്ക് ആശ്ചര്യം തോന്നി. ഭാരതം, ഭാഗവതം, സ്കാന്ദപുരാണം - അല്ലേ? ഇതാണു ഹിന്തുക്കളുടെ പ്രധാനഗ്രന്ഥങ്ങള്‍ അല്ലേ? വിചിത്രം തന്നെ.
ഗോവിന്ദമേനോന്‍
അല്ലേ? ഈ ഗ്രന്ഥങ്ങളെ അല്ലേ മുഖ്യമായി പറയുന്നത്?
മാധവന്‍
അതെ. ഈ ഗ്രന്ഥങ്ങളെ മുഖ്യമായി പറയുന്നുണ്ട്. അതുപ്രകാരം തന്നെ ഇംക്ലീഷില്‍  , ഷേസ്പിയറുടെ നാടകങ്ങള്‍, ഇതുകളെയും പറയുന്നുണ്ട്. മില്‍ട്ടന്‍, ഷേക്സ്പിയര്‍ ഇവരെല്ലാം എഴുതിയ കാര്യങ്ങള്‍ വേറെ. ഡാര്‍വ്വിന്‍, വാളെസ്സ് മുതലായവര്‍ എഴുതിയ കാര്യം വേറെ. സോക്രട്ടീസ്, സെനക്കാ മുതലായവരുടെ സിദ്ധാന്തങ്ങളെ കാണിക്കുന്ന പുസ്തകങ്ങളും മില്‍ട്ടന്റെയും ഷേക്സ്പിയറിന്റെയും ബുക്കുകളും തമ്മില്‍ എന്തു സംബന്ധമാണ്? അതുപോലെ ഇപ്പോള്‍ നോം സംസാരിക്കുന്ന സംഗതിയില്‍ ഹിന്തുക്കള്‍ക്കുള്ള പുസ്തകങ്ങള്‍ രാമായണവും ഭാരതവുമല്ല.
ഗോവിന്ദമേനോന്‍
പിന്നെ ഏതാണ്?
മാധവന്‍
ഇപ്പോള്‍ ഗോവിന്ദന്‍കുട്ടി എന്തുവാദം ചെയ്യുന്നുവോ അതായത് നിരീശ്വരമതസിദ്ധാന്തം തന്നെ അതിമഹാന്മാരായ ഹിന്തുക്കള്‍ എത്രയോ മുമ്പ്- ഏകദേശം രണ്ടായിരം സംവത്സരങ്ങള്‍ക്കു മുന്പെ - ചെയ്തിട്ടും ഒരു വിധം സ്ഥാപിച്ചിട്ടും ഉണ്ടെന്നു ഞാന്‍ കാണിച്ചാലോ?
ഗോവിന്ദമേനോന്‍
അങ്ങിനെ ഉണ്ടോ?
മാധവന്‍
പിന്നെയോ? ഒന്നും അറിയാതെ ബദ്ധപ്പെട്ട് എന്തെങ്കിലും പറയാതെ സാവധാനത്തില്‍ കേള്‍ക്കൂ.
ഗോവിന്ദപ്പണിക്കര്‍
എന്താണു കുട്ടാ നീ പറയുന്നത്? ഹിന്തുക്കള്‍ക്ക് നിരീശ്വരമതം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
മാധവന്‍
സംശയംകൂടാതെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. സാംഖ്യം എന്നു പറയുന്ന കപിലമഹര്‍ഷിയുടെ സിദ്ധാന്തം എന്തായിരുന്നു? ആറുവിധമാണ് ഹിന്തുക്കള്‍ക്കു സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നത്.

ഒന്നാമത്, കപിലന്റെ നിരീശ്വരസാംഖ്യസിദ്ധാന്തം രണ്ടാമത്, പതഞ്ജലിയുടെ യോഗവും ഭഗവല്‍ഗീതയും മൂന്നാമത്, ജയിമിനിയുടെ പൂര്‍വ്വമീമാംസ നാലാമത്, വ്യാസന്റെ ഉത്തരമീമാംസ – അല്ലെങ്കില്‍ വേദാന്തം. അഞ്ചാമത്, ഗൌതമന്റെ നൈയായികസിദ്ധാന്തം ആറാമത്, കണാദന്റെ വൈശിഷ്യകസിദ്ധാന്തം. ഇതില്‍ കപിലന്റെ സാംഖ്യം ശുദ്ധനിരീശ്വരത്തെ ഉപദേശിക്കുന്നു.

ഗോവിന്ദമേനോന്‍
അങ്ങിനെയോ; അങ്ങിനെ ഉണ്ടോ?
ഗോവിന്ദപ്പണിക്കര്‍
നിരീശ്വരമതമില്ലാ നമ്മുടെ ശാസ്ത്രത്തില്‍; ഇല്ലാ.
മാധവന്‍
ഉണ്ട്. എന്നാല്‍ ആസിദ്ധാന്തം ശുദ്ധ അദദ്വൈതികള്‍ പറയും പ്രകാരം തന്നെത്താന്‍ അറിയുന്നതാണ് ദൈവത്തെ അറിയുന്നത്, എന്നുമാത്രമാണ്. ഏതു പ്രകാരമായാലും ഇതെല്ലാം യുക്തിയുക്തമായി പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ പ്രയാസം. ഈ സംഗതിയെപ്പറ്റി എത്ര വാദിച്ചാലും ഒരു ഫലവും ഉണ്ടാവുന്നതല്ലെന്ന് എനിക്കു തോന്നുന്നു. ഈ നിരീശ്വരസിദ്ധാന്തത്തെപ്പറ്റി ഗോവിന്ദന്‍കുട്ടി തന്നെ പറഞ്ഞ ഹക്സലി എന്ന ശാസ്ത്രജ്ഞന്റെ സ്വന്തമായ അഭിപ്രായം തന്നെ, ഒരേടത്ത് അദ്ദേഹം പറഞ്ഞിട്ടുള്ളത് എനിക്കു മനഃപാഠമായി തോന്നും. അതിന്റെ തര്‍ജ്ജമ ഞാന്‍ പറയാം. അച്ഛന്‍ അത് ആലോചിച്ച് ഹക്സലി എന്ന മഹാവിദ്വാന്‍ നിരീശ്വരമതക്കാരനോ എന്നു തീര്‍ച്ചയാക്കുകേ വേണ്ടൂ. ആ മഹാവിദ്വാന്‍ പറയുന്നു:   ഇതുവരെ ഞാന്‍ വായിക്കേണ്ടി വന്നുപോയിട്ടുള്ള യുക്തിശൂന്യമായും സാരമില്ലാത്തതായുമുള്ള ചില പ്രസംഗങ്ങളിലും കവനങ്ങളിലും വച്ചു ദൈവത്തിന്റെ സ്വഭാവത്തേയും ചേഷ്ടകളേയും സ്വരൂപത്തേയും അവസ്ഥയേയും കുറിച്ചു ചില വിദ്വാന്മാര്‍ അറിഞ്ഞു എന്നു നടിച്ച് അതുകളെ തെളിയിക്കുന്നവയാണെന്ന് ഉദ്ദേശിച്ച് എഴുതീട്ടുള്ള ചില സംഗതികളെപ്പോലെ അബദ്ധമായും അയുക്തിയായും പരിഹാസയോഗ്യമായും ഞാന്‍ വേറെ ഒരു സാധനം മാത്രമേ വായിച്ചിട്ടുള്ളൂ. അതു ദൈവം ഇല്ലെന്നു തെളിയിപ്പാന്‍ മുന്‍പറഞ്ഞവരുടെ പ്രതികൂലതന്ത്രക്കാരായ ചില നിരീശ്വരമതക്കാര്‍ എഴുതീട്ടുള്ള ഭോഷത്വങ്ങളേയും ദുര്യുക്തികളേയും ആകുന്നു. ഈ ദുര്യുക്തികള്‍ ഞാന്‍ മുന്‍പില്‍ പറഞ്ഞ വിദ്വാന്‍മാരുടെ ദുര്യുക്തികളേക്കാള്‍ പക്ഷേ, അധികരിക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു.
ഇങ്ങിനെയാണ് ഹക്സലി എന്ന മഹാവിദ്വാന്‍റേയും മറ്റ് അനവധി അതി ബുദ്ധിമാന്മാരായ ബിലാത്തിക്കാരുടെയും അഭിപ്രായം ഇപ്പോള്‍ നില്ക്കുന്നത്. ഇവര്‍ക്ക് ഒന്നും നിരീശ്വരമതമല്ലതന്നെ. ഹിന്ദു സിദ്ധാന്തങ്ങളില്‍ നിന്നുതന്നെ ദൈവം എന്നത് അറിവാനും ഗുണിപ്പാനും സാധാരണ മനുഷ്യനു കഴിവില്ലാത്ത ഒരു ശക്തി എന്നാണു നോം അറിയുന്നത്. ഇതിനു പലേ പ്രമാണങ്ങളും ഉണ്ട്. അത് എല്ലാം ഇപ്പോള്‍ പറഞ്ഞിട്ട് ആവശ്യമില്ലാ. യൂറോപ്പിലും മറ്റുമുള്ള പലേ വിദ്വാന്‍മാര്‍ (ഡാര്‍വ്വിന്‍ മുതലായവര്‍) പറഞ്ഞ ജീവോല്‍പ്പത്തിക്രമങ്ങളേയും മറ്റും ബുദ്ധിമാന്മാരായ പലരും അശേഷം വിശ്വസിച്ചിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ഒന്നാമതു നിരീശ്വരമതം സാധാരണ ഐഹികസുഖത്തിന്നും സന്മാര്‍ഗ്ഗാചാരത്തിന്നുംതന്നെ ഏറ്റവും ദോഷകരമായ ഒരു മതമാണെന്നാകുന്നു. നിരീശ്വരമതം പ്രപഞ്ചത്തില്‍ ഉണ്ടാക്കിവെയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല, സാധാരണ മനുഷ്യജീവികള്‍ക്കു വളരെ ദോഷങ്ങളും കഷ്ടങ്ങളും ഉണ്ടായിവരുവാന്‍ കാരണമായി വരുമെന്നുകൂടി ഞാന്‍ ഭയപ്പെടുന്നു. അതിന്നുളള സംഗതികളെയാണ് ഒന്നാമതു ഞാന്‍ പറയാന്‍ പോവുന്നത്. പിന്നെ എന്റെ സ്വന്തവിശ്വാസത്തെക്കുറിച്ചു പറയാം.
തങ്ങളുടെ സമസൃഷ്ടികള്‍ക്കു ഗുണത്തോയും ശ്രേയസ്സിനേയും സുഖത്തേയും വരുത്താനായിട്ടാണ് ബുദ്ധിമാന്മാരായ ജനങ്ങള്‍ എല്ലായ്പ്പോഴും ശ്രമിക്കേണ്ടത്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള സൂക്ഷ്മസ്ഥിതി ആര്‍ക്കും അറിവാന്‍ കഴിയില്ലെന്നു ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്‍മാര്‍ സമ്മതിക്കുന്നതായാല്‍ തന്നെ പിന്നെ അവര്‍ ചെയ്യേണ്ടത് ഈ സംശയത്തെ ഏതു നിലയില്‍ നിര്‍ത്തുന്നതാണ് മനുഷ്യര്‍ക്കു പരക്കെ ഉപകാരമായി വരുന്നത് എന്നുള്ള ആലോചനയാകുന്നു. ദൈവം ഇല്ലെന്നു സ്ഥാപിപ്പാന്‍ ഉള്ള സംഗതികള്‍ എല്ലാം ശരിയാണെന്നും സത്യമാണെന്നും ഉള്ള ഒരു ബോധം മനുഷ്യര്‍ക്കു വന്നുപോയാല്‍ അതുനിമിത്തം അവര്‍ക്കുണ്ടാകുന്ന സങ്കടങ്ങളെ ഓര്‍ക്കുമ്പോള്‍ ആ ഒരു സംഗതി തന്നെ അങ്ങിനെ ഒരു നിരീശ്വരത്വം പൊതുവില്‍ ഉണ്ടെന്നു കാണിപ്പാന്‍ പത്തു സംഗതികളെ പറയുന്നു. ആ പത്തു സംഗതികളേയും നിരീശ്വരമതവാദം ചെയ്യുന്നവനു തീരെ ഖണ്ഡിപ്പാന്‍ കഴിയാത്ത പക്ഷം ദൈവം ഇല്ലെന്നു കാണിപ്പാന്‍ വേറെ പത്തു സംഗതികളെ പകരം പറഞ്ഞു സാധാരണ മനുഷ്യരുടെ മനസ്സിന്നു ഭ്രാന്തിവരുത്തി മനുഷ്യനെ വ്യസനത്തില്‍ വിടുന്നതു കഷ്ടമല്ലയോ! ദൈവവിശ്വാസം ഉണ്ടാവുന്നതുകൊണ്ട് പ്രപഞ്ചത്തില്‍ ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാകുന്നതല്ലെന്നു കാണുമ്പോള്‍ ആ വിശ്വാസങ്ങളെ സംശയരഹിതങ്ങളല്ലാത്ത സംഗതികളെ പറഞ്ഞുപിടിപ്പിക്കാന്‍ എന്തിനായിട്ടു ശ്രമിക്കുന്നു? കളവു പറഞ്ഞാലോ അന്യന്റെ മുതല്‍ അപഹരിച്ചാലോ, പരദാരസംഗം ചെയ്താലോ, തന്റെ സമസൃഷ്ടികളേയോ മറ്റുള്ള ജീവജന്തുക്കളേയോ ഹിംസിച്ചാലോ ധര്‍മ്മത്തെ വെടിഞ്ഞാലോ, ഈ ലോകത്തില്‍ ഉണ്ടാവുന്ന ദണ്ഡനയ്ക്കോ ശിക്ഷയ്ക്കോ അവമാനത്തിനോ പുറമെ മരണശേഷം ദൈവം മുന്പാകെകൂടി താന്‍ കുറ്റക്കാരനാകുമെന്നുള്ള ഒരു ഭയം മനുഷ്യന് ഉണ്ടാവുന്നത് ഈ ദുഷ്പ്രവൃത്തികള്‍ക്ക് ഒരു അധിക നിവാരണഹേതുവായി വരുന്നതായിരിക്കെ അത് ഇല്ലായ്മ ചെയ്യേണ്ടുന്ന ആവശ്യം എന്താണ്? ദൈവം എന്നൊരു ശക്തിയില്ലെന്നു കേവലം സംശയരഹിതങ്ങളായ സംഗതികളെക്കൊണ്ടു കാണിച്ചു ബോദ്ധ്യമാക്കുവാന്‍ ഒരുവനു കഴിയുമെങ്കചന്‍റ അങ്ങിനെ ചെയ്യുന്നതില്‍ ഞാന്‍ ആക്ഷേപിക്കുന്നില്ല. അങ്ങിനെ തീര്‍ച്ചയായി കാണിപ്പാന്‍ കഴിയാതിരിക്കുമ്പോള്‍ വല്ല സംഗതികളും പറഞ്ഞ് മനുഷ്യരുടെ ബുദ്ധിയെ വഷളാക്കുന്നത് എന്തിന്?  ഇംക്ലീഷില്‍ സാധാരണ പേരു പറയപ്പെടുന്ന ശാസ്ത്ര വിദ്യകളാല്‍ ഇതുവരെ പലേപ്രകാരവും സംശയത്തില്‍ കിടന്നിരുന്ന പലേവിധ സാധനങ്ങളുടെയും വസ്തുകളുടെയും സ്വഭാവത്തേയും ഉത്ഭവകാരണത്തേയും വ്യാപാരത്തേയും ശക്തിയേയും കുറിച്ചുള്ള തത്വങ്ങളെ നമുക്ക് അറിവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും  ഒരു പരാശക്തി ഈ ലോകത്തില്‍ കാണപ്പെടുന്ന സര്‍വ്വചരാചരങ്ങള്‍ക്കും ആദ്യകാരണമായി ഇല്ലെന്നു നോം ഒരിക്കലും അറിയുന്നതല്ല. അയസ്കാന്തവും ലോഹവും തമ്മിലുള്ല ആകര്‍ഷണ ശക്തിയെ നോം അറിയുന്നതിനാല്‍ അതില്‍ നിന്നു സയന്‍സ്സുകളെക്കൊണ്ടു പല വിദ്യകളും നോം ആലോചിച്ച് ഉണ്ടാക്കുന്നു. എന്നാല്‍ ഈ വസ്തുക്കള്‍ക്കു സ്വതസ്സിദ്ധമായി കാണപ്പെടുന്ന ശക്തിയുടെ ആദ്യകാരണം എന്താണെന്നു സയന്‍സ്സ് പറയുന്നില്ല. പറയുവാന്‍ സയന്‍സ്സിന്ന് ആവശ്യവുമില്ല. സയന്‍സ്സ് ദൈവം ഇല്ലെന്നുള്ള ഉപദേശത്തെ ചെയ്യുന്നില്ല. ഭൂമിയിലുള്ള പലേവിധ സാധനങ്ങള്‍ക്ക് അന്യോന്യം സംശ്രയങ്ങളേയും സംശ്രയഭാവങ്ങളേയും വരുത്തിയും അതുകളുടെ സൂക്ഷ്മതത്വങ്ങളേയും അതുകളുടെ ശക്തി, വികാരം, ഇതുകളെയും അറിഞ്ഞ് അവകളെ മനുഷ്യര്‍ക്കും മറ്റും പ്രയോജനയോഗ്യമാക്കിത്തീര്‍ത്തും ജീവജന്തുക്കള്‍ക്ക് ഐഹികസുഖാനുഭവങ്ങളെ ഉപര്യുപരി വര്‍ദ്ധിപ്പിക്കേണ്ടതിലേക്കാണ് സയന്‍സ്സുകളുടെ ഉദ്ദേശം. മനുഷ്യന്റെ ആത്മാവിന് ഐഹികസുഖം വിട്ടാല്‍ കിട്ടാന്‍ പാടുള്ള സുഖത്തെക്കുറിച്ചോ , സ്ഥിതിയെക്കുറിച്ചോ സയന്‍സ്സുകള്‍ നൊമ്മെയാതൊന്നും അറിയിക്കുന്നതും പഠിപ്പിക്കുന്നതും അല്ല.  ഇംക്ലീഷില്‍ പറയപ്പെടുന്ന ഒരു മാതിരി വിശ്വാസക്കാരുടെ അതിയുക്തിയുള്ള സിദ്ധാന്തം നോക്കിയാല്‍ ദൈവം ഇല്ലെന്നുള്ളതിന് നിരീശ്വരമതക്കാര്‍ പറയുന്ന സാധാരണ സംഗതികളെല്ലാം അയുക്തിയായുള്ളതും അവിശ്വാസയോഗ്യമായുള്ളതും ആണെന്നു കാണാം. മനുഷ്യര്‍ക്കു സന്മാര്‍ഗ്ഗാനുഷ്ഠാനത്തിനും അന്യോന്യ വാത്സല്യമുണ്ടാവാനും ക്രൌര്യകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ഭയത്തെ ജനിപ്പിക്കുവാനും ഇഹലോകത്തില്‍ മനുഷ്യസമുദായത്തിന്നു സുഖമായ സ്ഥിതിയിലുള്ള നിലാസത്തിന്നു വേണ്ടി ആചരിച്ചുവരുന്ന ഓരോ നിബന്ധനകളേയും നടപ്പുകളേയും ശട്ടങ്ങളേയും സമ്പ്രദായങ്ങളേയും നിലനിര്‍ത്തുവാനും പിന്നെ വിശേഷിച്ചു മനുഷ്യന് അനിര്‍വചനീയമായ വിധം ഭയങ്കരമായി ഉണ്ടായി വരുന്ന ചരമകാലത്തുള്ള അത്യന്തസങ്കടത്തിന്ന് അല്പം ഒരു ആശ്വാസത്തേയോ നിവൃത്തിയേയോ കൊടുപ്പാനും ദൈവ വിശ്വാസം പോലെ മറ്റൊന്നും ഉണ്ടാകയില്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഈ നിരീശ്വരമതത്തെ ഇത്ര ഘോഷിച്ചു ദൈവം ഇല്ലെന്നു പറയുന്നവരുടെ മരണാന്ത്യകാലത്ത് അവര്‍ക്ക് ഉണ്ടാവാന്‍ പോകുന്ന സങ്കടം, സാധാരണ ദൈവവിശ്വാസമുള്ളവര്‍ക്ക് ആ കാലത്ത് ഉണ്ടാവുന്നതിനേക്കാള്‍ എത്രയും അധികരിച്ചിരിക്കും എന്നുള്ളതിന്നു സംശയമില്ല. മനുഷ്യന്റെ ചരമകാലത്തു ദൈവവിശ്വാസം ഒന്നു കൊണ്ടല്ലാതെ അതി ദുഃഖത്താല്‍ ക്ഷോഭിക്കുന്ന അവന്റെ മനസ്സിനെ മറ്റൊന്നിനാലും സമാശ്വസിപ്പാന്‍ പാടില്ലെന്നു സ്പഷ്ടമാണ്. അങ്ങിനെ ഇരിക്കുമ്പോള്‍ ഇത്ര അധികം കാലമായി മനുഷ്യര്‍ ആദരിച്ചു വന്ന ഈ ദൈവവിശ്വാസത്തെ മഹാസംശയഗ്രസ്തങ്ങളായ ചില സംഗതികളെക്കൊണ്ടു നിഷേധിച്ചു ദൈവമില്ലെന്നു സ്ഥാപിക്കാന്‍ പുറപ്പെടുന്നത് ഏറ്റവും തെറ്റായ ഒരു പ്രവൃത്തി അല്ലയോ?
മനുഷ്യന് മരണകാലത്തുള്ള ഭീതിയെ കഴിയുന്നിടത്തോളം നിവാരണം ചെയ്യാനല്ലേ നോം ശ്രമിക്കേണ്ടത്. തന്റെ സ്വന്തശരീരത്തെക്കൂടി ത്യജിച്ചു പുറപ്പെട്ടു പോവാതെ എനി നിവൃത്തിയില്ലെന്ന് ഒരുവന്‍ അറിഞ്ഞു പരിഭ്രമിച്ച് അതി ദുഃഖത്തല്‍ വീഴുന്ന സമയം - ! വേഗം മരിച്ചോളൂ. എനി തനിക്ക് ഒരു സുഖവും ഇല്ല. തന്റെ ജീവന്‍ ഇതാ തിരി കെടുന്നപോലെ ഇപ്പോള്‍ പോവും. തന്റെ സ്വന്തദേഹത്തേയും മക്കളേയും ഭാര്യയേയും അമ്മയേയും സോദരന്മാരേയും ധനത്തേയും സുഖത്തേയും എല്ലാം വിട്ട് ഇതാ താന്‍ നശിക്കുന്നു. എനി തനിക്ക് യാതൊന്നുമില്ലാ. എന്നു മാത്രം പറയുന്നതുകേട്ട് അനവസാനമായ ദുഃഖത്തില്‍പ്പെട്ടു മരിക്കുന്ന ഒരു ജീവിയുടെ അവസ്ഥ വിചാരിച്ചു നോക്കൂ.
ഇതിന്നു പ്രതികൂലമായി മനുഷ്യന്റെ ചരമകാലത്തു തന്റെ ആത്മാവിന് ഒരുവിധം ഗതി, മരണശേഷം ഉണ്ടാവുമെന്ന് ഒരു സംശയമെങ്കിലും, മനസ്സിനുണ്ടായാലത്തെ ഒരു സുഖത്തെക്കുറിച്ച് ഒന്ന് ആലോചിക്കുക. ദൈവമില്ലെന്നും മരണത്തോടുകൂടി സകലം അവസാനിച്ചു എന്നും തീര്‍ച്ചയായുള്ള അഭിപ്രായം ഉണ്ടായി അത്യന്ധകാരത്തില്‍ അനവസാനമായ ദുഃഖത്തില്‍ വീണു ജീവന്‍ പോവുമ്പോഴത്തെ വ്യസനം ഒന്ന് ഓര്‍ത്താല്‍ മനുഷ്യനു നല്ലതു ദൈവവിശ്വാസം ഉണ്ടായിരിക്കുന്നതാണെന്നു പ്രത്യക്ഷപ്പെടും. അതുകൊണ്ട്, ഒന്നാമത് ഈ നിരീശ്വരമതത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുതന്നെ മനുഷ്യനു വളരെ അയശസ്കരമായി വരുന്നതാണെന്നു ഞാന്‍ പറയുന്നു. എനി എന്റെ വിശ്വാസത്തെക്കുറിച്ചു പറയാം. ദൈവവിശ്വാസം എന്നത്, കാരണമുണ്ടായിട്ടുതന്നെയല്ല ഉണ്ടാവുന്നത്. കാരണമില്ലാതെയും ആ വിശ്വാസം വരാം. പക്ഷേ, ഗോവിന്ദന്‍ കുട്ടിയെപ്പോലെ പഠിച്ചിട്ടും വിചാരിച്ചിട്ടും ഉള്ള ഒരു മനുഷ്യന് എങ്ങിനെ ഈ വിധം വിശ്വാസം ഉണ്ടാവുമെന്ന് ഇപ്പോള്‍ ചോദിക്കുമായിരിക്കാം. അതിന്ന് എന്റെ ഉത്തരം, സംഗതികളെക്കൊണ്ടും ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കി സൂക്ഷ്മസ്ഥിതി അഗോചരമായുള്ള വിധത്തിലാണെങ്കിലും അനിര്‍വചനീയമായ ഒരു ശക്തി ഈ ജഗത്തിനെ ഭരിക്കുന്നുണ്ടെന്നു ഗ്രഹിപ്പാന്‍ ബുദ്ധിയുള്ള മനുഷ്യനു ധാരാളമായി . ഇങ്ങിനെയുള്ള ഈ ശക്തിയെ ഞാന്‍ ദൈവമെന്നു പറയുന്നു. എന്റെ അഭിപ്രായത്തില്‍ ജഗത്തില്‍ കാണപ്പെടുന്ന സകല സന്പത്തുകളും ആപത്തുകളും പ്രപഞ്ചരീതിയില്‍ ആവശ്യമുള്ളതാണെന്നും നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശംതന്നെ അങ്ങിനെ ആയിരിക്കാമെന്നുമാകുന്നു. അങ്ങിനെയാവുന്നു എന്നു ഞാന്‍ പറയുന്നില്ല. ആയിരിക്കാമെന്നു ഞാന്‍ ഊഹിക്കുന്നു. ഈ ലോകത്തില്‍ കാണുന്ന സകല ചരാചരങ്ങളും നശ്വരങ്ങളായിട്ടാണു കാണപ്പെടുന്നത്. അങ്ങിനെ നശ്വരങ്ങളായിട്ടല്ലാതിരുന്നാല്‍ ഈ പ്രപഞ്ചം ദീര്‍ഘകാലം നടക്കുമോ എന്നു സംശയമാണ്. കഴിഞ്ഞ അന്പതിനായിരം സംവത്സരങ്ങള്‍ക്ക് ഇപ്പുറമുണ്ടായിട്ടുള്ള ചരങ്ങളായും അചരങ്ങളായും ഉള്ള ജീവജാലങ്ങള്‍ നശിക്കാതെയും ഇപ്പോള്‍ കാണുന്ന പ്രകാരം വര്‍ദ്ധിച്ചുകൊണ്ടു വന്നിരുന്നു എങ്കില്‍ ഈ ഭൂഗോളം ഈ ജീവികള്‍ക്കു സുഖേന നിവസിപ്പാന്‍ പോരാത്തതായി വരുമെന്നു സ്പഷ്ടമാണ്.
ഒരു നൂറ്റി അന്‍പതു വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു മനുഷ്യനെ ഒരെടത്തും ഇപ്പോള്‍ നോം കാണുന്നില്ല. ഈ നൂറ്റി അന്‍പതുകൊല്ലം മുമ്പു പ്രസവിച്ച സ്ത്രീപുരുഷന്മാര്‍ സകലതും നശിച്ചു പോയിരിക്കുന്നു. അങ്ങിനെ എത്രകോടി നൂറ്റി അന്പതു സംവത്സരങ്ങള്‍ കഴിഞ്ഞു. എത്രകോടി മനുഷ്യര്‍ ആ കാലത്തിനുള്ളില്‍ ജനിച്ചു. എത്ര മരിച്ചു. അസംഖ്യം തന്നെ. ഇങ്ങിനെയുള്ള വര്‍ദ്ധനവില്‍ അതിന്ന് ഏകദേശം സമമായ നാശത്തെക്കൂടി നിയമിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ പ്രപഞ്ചം ഈവിധം നടക്കുന്നതല്ലാത്തതാണെന്നു സ്പഷ്ടമാകയാല്‍ നമ്മുടെ സ്രഷ്ടാവിന്റെ കല്പനയാല്‍തന്നെയാണു നാശങ്ങള്‍ ജഗത്തില്‍ സംഭവിക്കുന്നത് എന്നും അങ്ങിനെ നാശങ്ങള്‍ സംഭവിക്കാതിരിക്കുന്നതാണു പ്രപഞ്ചത്തിന്റെ നാശത്തിന്നു കാരണമായി വരുന്നത് എന്നും ഞാന്‍ പറയുന്നു. ഇങ്ങിനെയാണ് മനുഷ്യരുടെ സ്ഥിതി എന്ന് ഇപ്പോള്‍ അറിവുള്ള എല്ലാ മനുഷ്യര്‍ക്കും ബോദ്ധ്യമുണ്ട്. എന്നിട്ടും ഏതൊരു മനുഷ്യനെങ്കിലും മരണത്തില്‍ ഭയമില്ലാതെ കാണുന്നുണ്ടോ? ഈ ഭൂനിവാസം പര്യവസാനമായി എന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ എന്തോ, ഇത് ഉണ്ടാവാത്ത ഒരു കാര്യമെന്നതുപോലെ പെട്ടെന്നു ഞെട്ടിവിറച്ചു ഭ്രമിച്ചു പോവാത്തവന്‍ ആര്? ഇവിടെ അനിര്‍വ്വചനീയമായ ഒരു ശക്തി മനുഷ്യരെ പ്രപഞ്ചത്തില്‍ രമിപ്പിക്കുന്നതും ലയിപ്പിക്കുന്നതും നോം കാണുന്നു. ചിലപ്പോള്‍ ഈ സംഗതികളെക്കുറിച്ചു തന്നെ വളരെ ആലോചിക്കുന്നു. ഇങ്ങിനെ എന്തുതന്നെ ചെയ്താലും കലാശത്തില്‍ നുമ്മള്‍ പ്രപഞ്ചത്തില്‍ തന്നെ വീണു ലയിക്കുന്നു. പ്രപഞ്ചം ക്ഷണഭംഗുരമാണ്, നിസ്സാരമാണ് എന്നുള്ള വിചാരം കേവലം നശിക്കുന്നു. ഇങ്ങിനെ വരാനുള്ള കാരണം നമുക്കു വിവരമായി അറിയാന്‍ കഴിയാത്തതായ ഒരു മഹാശക്തി ഈ പ്രപഞ്ചത്തെ ഭരിക്കുന്നതിനാലാണെന്ന് ഞാന്‍ വിചാരിക്കുന്നു. ആ ശക്തിയെ ഞാന്‍ ദൈവമെന്നു വിചാരിക്കുന്നു. പ്രപഞ്ചത്തില്‍ ആപത്തുകള്‍ പലവിധമായി നേരിടട്ടെ, മഴയില്ലാതെ ദിക്കുകള്‍ വേവട്ടെ, ഇടിത്തീ വീണു ദഹിക്കട്ടെ, സമുദ്രം അതിക്രമിച്ചു രാജ്യങ്ങളെ മുക്കട്ടെ, ഭൂകന്പങ്ങള്‍ ഉണ്ടാവട്ടെ, യുദ്ധങ്ങള്‍ ഉണ്ടാവട്ടെ, എങ്ങിനെയെല്ലാമായാലും പര്യവസാനത്തില്‍ കണക്കുനോക്കുമ്പോള്‍ ഒരായിരം വത്സരം മുമ്പുള്ളതിനേക്കാള്‍ പ്രപഞ്ചവ്യാപാരങ്ങള്‍ അഞ്ഞൂറു കൊല്ലങ്ങള്‍ക്കു മുന്പാണ് അധികരിച്ചു കാണപ്പെടുന്നത്. ഇരുന്നൂറു കൊല്ലങ്ങള്‍ മുന്പത്തെക്കാള്‍ നൂറു കൊല്ലങ്ങള്‍ മുമ്പുകാണപ്പെടുന്നു. അന്പതു കൊല്ലങ്ങള്‍ മുന്പത്തെക്കാള്‍ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ മുമ്പു കാണുന്നു. കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഇക്കൊല്ലം, ഇന്നലത്തെക്കാള്‍ ഇന്ന്. ഇതിനെന്തുകാരണം? പ്രപഞ്ചത്തെ നശിപ്പിക്കാതെ നിലനിര്‍ത്തുവാന്‍ ഒരു പരാശക്തി ഉണ്ട്. അതു കൊണ്ട് ഈ നാശങ്ങളാലും സങ്കടങ്ങളാലും ഒന്നും തന്നെ ഭേദപ്പെടാതെ ഈ പ്രപഞ്ചം ശരിയായിത്തന്നെ പിന്നെയും നടക്കുന്നു. ആ പരാശക്തിക്കു ഞാന്‍ ദൈവമെന്നു പറയുന്നു. പിന്നെ നിരീശ്വരമതക്കാര്‍ പറയുമ്പോലെ കാര്യകാരണ സംബന്ധങ്ങളാല്‍ ഈ ജഗത്തു താനേ ഉണ്ടായിവരുന്നതും ഒരു വിശേഷ ചൈതന്യത്തെ അവലംബിച്ചു നില്ക്കുന്നില്ലാത്തതുമാണെങ്കില്‍ ആ അചേതനമായ കാര്യകാരണ സംബന്ധ വികാരത്തില്‍ നിന്നും മാത്രം പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും ജന്തുക്കളും സാധാരണ അന്യോന്യം ഇത്ര ചേര്‍ച്ചയായും പരസ്പരം ആശ്രയിച്ചും തന്നെ എല്ലായ്പോഴും നില്ക്കേണമെന്നില്ല; നില്ക്കുന്നതുമില്ല. സൂര്യനെ ദൈവം സൃഷ്ടിച്ചതാണെന്നു ഞാന്‍ പറയുന്നു. അല്ല, അതുതാനേ കാര്യകാരണങ്ങള്‍ സംബന്ധമായി ഉണ്ടായിവന്ന ഒരു ഗോളമാണെന്നു നിരീശ്വരമതക്കാര്‍ പറയുന്നു. എങ്ങിനെയാണു സൂര്യന്‍ കാര്യകാരണസംബന്ധങ്ങളെക്കൊണ്ട് ഇത്ര പ്രകാശത്തോടുകൂടി ഈ ഭൂമിക്ക് ഇത്ര രക്ഷയായി ക്ഷണത്തില്‍ ഭൂമിയെ ദഹിപ്പിച്ചു വെണ്ണീറാക്കുവാനുള്ള തന്റെ സ്വതസ്സിദ്ധമായ ദഹനശക്തി പറ്റാത്തവിധമുള്ള കൃത്യമായ ദൂരത്തില്‍ എപ്പോഴും നിന്നുകാണുന്നത് എന്ന് എനിക്കും നിരീശ്വരമതക്കാരനും വഴിപോലെ പറയുവാന്‍ സാധിക്കുന്നില്ല. ഇവിടെ പൊതുവില്‍ മനുഷ്യര്‍ക്കു ദൈവസൃഷ്ടിയാണു സൂര്യന്‍ എന്ന അഭിപ്രായമുണ്ടവുന്നുണ്ടെങ്കില്‍ ആ അഭിപ്രായത്തെ കളവാന്‍ ശ്രമിക്കുന്നതു ന്യായമോ? ആ അഭിപ്രായത്തില്‍ നിന്ന് എന്തൊരു വൈഷമ്യമാണു മനുഷ്യര്‍ക്കുണ്ടാവുന്നത്? സൂര്യന്റെ തേജ്ജസ്സിനെ കാണുമ്പോള്‍ അതിന് ആദികാരണമായി വേറെ അതിലും മഹത്തായുള്ള ഒരു ശക്തിയെ മനസ്സുകൊണ്ടു മനുഷ്യന്‍ അനുമാനിക്കുന്നു. അങ്ങിനെ അല്ലാതെ വേറെ ഒരു പ്രകാരത്തില്‍ അനുമാനിക്കാന്‍ ബോദ്ധ്യപ്പെടത്തക്ക ഒരു സംഗതിയും നിരീശ്വരമതക്കാരന്‍ പറയുന്നതുമില്ല. ഇങ്ങിനെ ഇരിക്കുമ്പോള്‍ നിരീശ്വരമതക്കാരന്റെ അഭിപ്രാത്തെ സ്വീകരിക്കുന്നത് എന്തിന്? സയന്‍സ്സു ശാസ്ത്രങ്ങളെക്കൊണ്ടു സൂര്യന്റെ ഗോളാകൃതിയേയും ഉഷ്ണശക്തിയേയും ആകര്‍ഷണ ശക്തിയേയും കുറേശ്ശെ അറിവാന്‍ കഴിയും. അല്ലാതെ അങ്ങിനെ ഒരു ഗോളം ഈ ഭൂമിയേയും അതിലുള്ള ജീവികളേയും ഇങ്ങിനെ രക്ഷിച്ചും കൊണ്ട് എന്തിന് ഉണ്ടായി, എപ്പോള്‍ ഉണ്ടായി, എന്തിന് ഭൂമിക്ക് ഇത്രയെല്ലാം ഗുണങ്ങള്‍ ചെയ്തു കൊണ്ടും നില്ക്കുന്നു എന്നു സയന്‍സ്സിനാല്‍ അറിവാന്‍ കഴിയുന്നതല്ല. ഇവളൂഷന്‍ എന്ന ഉല്പത്തിക്രമ പ്രകാരം കാര്യകാരണങ്ങളെ പറഞ്ഞു പറഞ്ഞു പോയാല്‍ തന്നെ പര്യവസാനത്തില്‍ ഇവളൂഷന്‍ ഉണ്ടായതിന് ഒരു സമാധാനം കിട്ടാതെ നിര്‍ത്തേണ്ടി വരും എന്നുള്ളതിനു സംശയമില്ല. കാര്യം ഇങ്ങിനെ ഇരിക്കെ ഈശ്വരന്‍ ഉണ്ടെന്നു വിചാരിക്കുന്നതല്ലേ യോഗ്യമായ വിചാരം? ഉഷ്ണം, ശീതം, വൃഷ്ടി, വായു മുതലായ പ്രപഞ്ചദൃഷ്ടമായ അചേതനമായ മഹച്ഛക്തികള്‍ എല്ലാം അതാതുകളുടെ പ്രവൃത്തികളെ ഈ ഇഹലോകവാസികളുടെ സുഖത്തിന്നും ഗുണത്തിന്നും ഒത്തവണ്ണം ഇത്ര കൃത്യമായി താനേതന്നെ ചെയ്തു വരുന്നു എന്ന് ഊഹിക്കുന്നതിനേക്കാള്‍ നല്ലത് ആ അചേതനങ്ങളായ സാധനങ്ങളെ ഇത്ര കൃത്യമായി താനേതന്നെ ചെയ്തുവരുന്നു എന്ന് ഊഹിക്കുന്നതിനേക്കാള്‍ നല്ലത് ആ അചേതനങ്ങളായ സാധനങ്ങളെ ഇത്ര കൃത്യമായും ശരിയായും നടത്തി വരുവാന്‍ സചേതനമായി ഇരിക്കുന്ന ഒരു മഹച്ഛക്തി ഉണ്ടെന്നു വിചാരിക്കുന്നതല്ലേ? ഒരു പശു, സാധാരണ ബുദ്ധിശൂന്യമായ ഒരു ജന്തു, തന്റെ ഉദരപൂര്‍ത്തി ഒന്നല്ലാതെ വേറെ യാതൊരു വിചാരവും ഇല്ലാത്ത മൃഗം, കിടാവിനെ പ്രസവിച്ച ഉടനെ കാണിക്കുന്ന ചേഷ്ടകളെക്കുറിച്ച് ആലോചിച്ചു നോക്കുക. എന്തായിരുന്നു പ്രസവസമയം വരെ തന്റെ വയറ്റില്‍ ഭാണ്ഡമാക്കിക്കൊണ്ടു നടന്നിരുന്നത് എന്നും എന്താണു തന്റെ മൂത്രദ്വാരത്തില്‍ക്കൂടി പുറത്തേക്കു വന്നത് എന്നും ആ പശു ആ നിമിഷംവരെ അറിയുന്നില്ല. പുറത്തി കുട്ടി ചാടിയ ഉടനെ അതിനെക്കുറിച്ച് ഈ സാധുമൃഗം കാണിക്കുന്ന വാത്സ്യലത്തേയും അതിന്റെ രക്ഷയ്ക്കുവേണ്ടി ആ പശു ചെയ്യുന്ന പ്രയര്തങ്ങളേയും ഉത്സാഹങ്ങളേയും കണ്ടാല്‍ എത്ര അത്യുത്ഭുതമായി തോന്നുന്നു. ഈ സംഗതികളെയെല്ലാം നിരീശ്വരമതക്കാര്‍ ഖണ്ഡിച്ചു പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ അവര്‍ പറയുന്ന സംഗതികളെ അശേഷം സാരമാക്കുന്നില്ല. വിശേഷബുദ്ധി ഇല്ലാത്ത സര്‍വ്വ മൃഗങ്ങളും തങ്ങളുടെ അതാതു വര്‍ഗ്ഗങ്ങളില്‍ ജന്തുക്കള്‍ അഭിവൃദ്ധിയായി വന്നുകൊണ്ടിരിപ്പാന്‍ തല്ക്കാലസദൃശങ്ങളായ പ്രവൃത്തികള്‍ വിശേഷബുദ്ധിയുള്ള മനുഷ്യനെപ്പോലെ പ്രവര്‍ത്തുക്കുന്നതു കാണുമ്പോള്‍ ഈ പ്രപഞ്ചത്തെ സ്ഥിതിചെയ്യിക്കാനായിക്കൊണ്ട് ഒരു പരാശക്തി ഉണ്ടെന്നുള്ളതിനു വാദമുണ്ടാവാന്‍ പാടുണ്ടോ? അങ്ങിനെയുള്ള ശക്തിയുടെ സൂക്ഷ്മസ്വഭാവങ്ങളെക്കുറിച്ച് ഒന്നും എനിക്ക് അറിവാന്‍ കഴികയില്ലെങ്കിലും ഉണ്ടെന്ന് അറിവാന്‍ കഴിയും. ആ പരാശക്തിയെ ഞാന്‍ ദൈവം എന്ന് അനുമാനിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള ദുഃഖങ്ങളെക്കുറിച്ച് ഗോവിന്ദന്‍കുട്ടി ഇത്രയെല്ലാം പ്രസംഗിച്ചുവല്ലോ. സുഖങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഓരോ കൊല്ലത്തില്‍ വര്‍ഷമില്ലാതെ ദാഹം പിടിച്ചു വേവുന്ന ദിക്ക് എത്രയെന്ന്  ഒരു കണക്കുണ്ടാക്കിയാല്‍ ഭൂമിയുടെ ലക്ഷത്തില്‍ ഒരംശംകൂടി ഇങ്ങിനെ തപിക്കുന്നുണ്ടെന്നു കാണുമോ? സംശയം. ഈ ജഗത്തില്‍ യഥാര്‍ത്ഥമായി വരുന്ന ആപത്തുകളെയും വരാന്‍പാടുള്ള ആപത്തുകളെയും തമ്മില്‍ ഒന്നു ചേര്‍ത്തു നോക്കുക. വിഷൂചികാ എന്ന ദീനം ചിലപ്പോള്‍ ഓരോ ദിക്കില്‍ ബാധിച്ചു മനുഷ്യരെ കൊല്ലുന്നു. ലക്ഷംപേര്‍ നിവാസിക്കുന്ന ഒരു സ്ഥലത്ത് ഈ ദീനം വന്നു പിടിപെട്ടാല്‍ എത്രപേര്‍ ശരാശരിക്കു സാധാരണ നശിച്ചു പോവുന്നുണ്ടെന്നു കണക്കു നോക്കൂ. എന്താണ് ഈ ദീനം ഇത്ര ക്ഷണത്തില്‍ പകരുന്നതും നാശകരവും ആയിരിക്കെ ഒരു പ്രാവശ്യം ഇന്‍ഡ്യയിലോ മറ്റേതെങ്കിലും ജനപുഷ്ടിയുള്ള രാജ്യത്തോ പരക്കുന്ന കാലത്ത് ആബാലവൃദ്ധം സകല ജീവികളേയും കൊല്ലരുതേ? - രാജ്യം നിര്‍ജ്ജനമാക്കി വിടരുതേ? എന്താണ് അങ്ങിനെ സാധാരണ സംഭവിച്ചു കാണാത്തത്? ഓടുന്ന കപ്പലുകളില്‍ എത്ര ഓരോ കൊല്ലം മുങ്ങിപ്പോവുന്നുണ്ട്? എത്ര ആളുകള്‍ വെള്ളം കുടിപ്പാന്‍ കിട്ടാതെ ഗോവിന്ദന്‍കുട്ടി പറയുമ്പോലെ തങ്ങളുടെ സ്നേഹിതന്മാരുടെ കഴുത്തു കടിച്ചു രക്തം കുടിച്ചു ദാഹനിവൃത്തി ചെയ്യുന്നു? ഇതെല്ലാം സൂക്ഷ്മമായി ആലോചിച്ചു നോക്കിയാല്‍ പ്രപഞ്ചത്തിലുള്ള ജീവികള്‍ക്കു സാധാരണ ഉണ്ടാവുന്ന സുഖങ്ങള്‍ അഖണ്ഡമായി ഇരിപ്പാന്‍ പാടില്ലെന്ന് ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയോ എന്നു തോന്നും. ചിലപ്പോള്‍ ചില കഷ്ടങ്ങളെ കാണുന്നുണ്ടെങ്കിലും, ആകപ്പാടെ സര്‍വ്വ ജീവികള്‍ക്കും ഈ പ്രപഞ്ചത്തില്‍ ഉള്ള നിവാസംപോലെ സുഖകരമായി വേറെ ഒന്നുമില്ലെന്ന് എളുപ്പത്തില്‍ അറിവാന്‍ കഴിയും. ഞാന്‍ ഇതിനെപ്പറ്റി എനി അധികം പറയുന്നില്ലാ. അത്യുന്നതങ്ങളായ സൌധങ്ങളില്‍ ഇരുന്ന് ഇഷ്ടപ്രകാരമുള്ള സര്‍വ്വഭോഗങ്ങളേയും നിഷ്പ്രയാസേന അനുഭവിച്ചു സുഖിച്ചു മദിച്ചിരിക്കുന്ന മഹാരാജാവിനും ഈ ഭൂമിയില്‍ ഇരിപ്പാനുള്ള ഒരു താല്പര്യം ഒരുപോലെ അധികരിച്ചുതന്നെ കാണുന്നു. എത്ര വയസ്സായാലും മരണം എന്നത് ബഹു സങ്കടത്തെ ഇവര്‍ രണ്ടു പേര്‍ക്കും ഒരുപോലെ ഉണ്ടാക്കുന്നു. അതിനുള്ള കാരണങ്ങള്‍ ആലോചിച്ചാല്‍ എളുപ്പത്തില്‍ അറിയാം. ഈ മഹാരാജാവിനും ഈ ദരിദ്രനും പലേ മുഖ്യമായ സംഗതികളിലും ഒരുപോലെയുള്ള സുഖങ്ങളെയാണ് ദൈവം കൊടുത്തിട്ടുള്ളത് എന്നു കാണാം. ഉറക്കുണര്‍ന്നു മഹാരാജാവു കണ്ണുമിഴിക്കുമ്പോള്‍ അത്യുന്നതങ്ങളായ സൌധങ്ങളിലെ ജാലകങ്ങളില്‍ക്കൂടി അകത്തേക്കു പ്രവേശിച്ചവയും തന്റെ സ്വര്‍ണ്ണമയമായ കട്ടിലിന്മേല്‍ നിന്നു സ്വര്‍ണ്ണനീരാളത്തിരകളില്‍ക്കൂടി രക്തങ്ങളായും പിംഗളങ്ങളായും കാണാവുന്നതുമായ ബാലാര്‍ക്കന്റെ മനോഹരങ്ങളായ രശ്മികളെ മഹാരാജാവ് എങ്ങിനെ കണ്ടു മോദിക്കുന്നുവോ അതുപ്രകാരം തന്നെ ഒരു ദരിദ്രനും ആ രശ്മികളെ തന്റെ മിറ്റത്തുള്ള വാഴക്കൂട്ടങ്ങളില്‍ക്കൂടി അതി ഭംഗിയായി പ്രകാശിച്ചു പ്രകാശിച്ചു വരുന്നതു കണ്ടു മോദിക്കുന്നു. ഇവിടെ ആ രശ്മികള്‍ ജീവജന്തുക്കള്‍ക്ക് എല്ലാം ഒരുപോലെ ആഹ്ലാദത്തെ ചെയ്യുന്നു. അതിമനോഹരങ്ങളായ കനകത്താന്പാളങ്ങളില്‍ നിറച്ചുവെച്ചിട്ടുള്ള അതിസ്വാദുക്കളായ പലേവിധ ഭോജ്യസാധനങ്ങളെ നേത്രേന്ദ്രിയം, ശ്രോത്രേന്ദ്രിയം, ത്വഗിന്ദ്രിയം ഇതുകളെക്കൂടി ഏകകാലത്തില്‍ ഒരുപോലെ രൂപം, ഗാനം, മന്ദവായു മുതലായവളെക്കൊണ്ടു രമിപ്പിച്ചുകൊണ്ടു ഭക്ഷിക്കുന്ന രാജാവിന്നു ഭക്ഷണം കഴിഞ്ഞശേഷം ഉണ്ടാവുന്ന തൃപ്തിതന്നെ ഈ ദരിദ്രനു വെള്ളച്ചോറു തിന്നും വെള്ളം കുടിച്ചും വയര്‍ നിറച്ചാല്‍ ഉണ്ടാവുന്നു. രാജാവിനു തന്റെ പുഷ്പതല്പത്തില്‍ കിടന്നുറങ്ങുമ്പോള്‍ ഉള്ള നിര്‍വൃതി തന്നെ ഈ ദരിദ്രനു കൊട്ടപ്പായയില്‍ കിടന്നുറങ്ങുമ്പോഴും ഉണ്ടാവുന്നു. അതുകൊണ്ട് ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ സുഖത്തെ ഏര്‍പ്പെടുത്തിയ ഒരു യുക്തി കൌശലം നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിനു ഹേദു ഭൂതമായി പ്രപഞ്ചത്തം ഭരിച്ചു നിലനിര്‍ത്തുന്നതായ ഒരു മഹച്ഛക്തി ഉണ്ടെന്നുള്ളതിനു വാദമുണ്ടാവാന്‍ പാടില്ലാ. ഗോവിന്ദന്‍കുട്ടി പറഞ്ഞ പ്രകാരമുള്ള സങ്കടങ്ങള്‍ ചിലപ്പോള്‍ ഉണ്ടകുന്നുണ്ടെങ്കിലും ജഗത്തില്‍ സന്തോഷസന്താപങ്ങളുടെ കൃത്യമായ ഒരു കണക്ക് എടുത്താല്‍ സന്തോഷം എത്രയോ അധികരിച്ചു നില്ക്കുനെന്നും അതിന്നു കാരണം സംശയം കൂടാതെ നമുക്കു വിവരമായി അറിയാന്‍ കഴിയാത്ത ഒരു മഹാച്ഛക്തിയാടംന്നും ആ മഹച്ഛക്തിയെ ഞാന്‍ ദൈവമെന്ന് ഉറപ്പിച്ച് ഭക്തിപ്പെടുമെന്നും മാത്രം ഞാന്‍ പറയുന്നു.
ഗോവിന്ദപ്പണിക്കര്‍
എനി ഈ സംഗതികളെക്കുറിച്ചു പറഞ്ഞതുമതി. വേദാന്തവാദം ചെയ്വാന്‍ നുമ്മള്‍ക്ക് ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. ആദ്യം ഞാന്‍ ഇതിനെക്കുറിച്ചു കുട്ടികളായ നിങ്ങളോടു ചോദിച്ചതുതന്നെ കുറെ തെറ്റായിപ്പോയി എന്ന് എനിക്കു തോന്നുന്നു.
ഗോവിന്ദമേനോന്‍
ഇങ്ങിനെയാണു ജ്യേഷ്ഠന്റെ അഭിപ്രായം. ഞങ്ങള്‍ ഇത്രയൊക്കെ പറഞ്ഞിട്ടും.
ഗോവിന്ദപ്പണിക്കര്‍
എന്താണ് നിങ്ങള്‍ പറഞ്ഞത്? രണ്ടാളും വളരെ വിഡ്ഢിത്തം പറഞ്ഞു. നിങ്ങള്‍ക്കു മതത്തെക്കുറിച്ച് എന്തറിയാം? നിങ്ങളോട് ഈവക സംസാരം ചെയ്തത് എന്റെ വിഡ്ഢിത്വം. മതവിശ്വാസവും ഗുരുജന വിശ്വാസവും കേവലം നിങ്ങള്‍ക്ക് ഇല്ലാതായിത്തീര്‍ന്നു. മാധവന് ഈശ്വരന്‍ ഉണ്ടെന്നു വിശ്വാസമുണ്ടെങ്കിലും ആ വിശ്വാസത്തിന്റെ സ്വഭാവവും പ്രകൃതവും നോക്കുമ്പോള്‍ മാധവനു നിരീശ്വരമതക്കാരനായ ഗോവിന്ദന്‍കുട്ടിയേക്കാള്‍ വിശേഷവിധിയായ ഒരു ഭക്തിയും വിശ്വാസവും ഭയവും ദൈവത്തില്‍ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. എനി നമുക്ക് കിടന്ന് ഉറങ്ങുക. ഇവിടെത്തന്നെ കിടക്കാം. ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍കുട്ടി മേനവനും ആ വെണ്മാടത്തില്‍ തന്നെ ഉറങ്ങാന്‍ ഭാവിച്ചു കിടന്നു. ഇന്ദുലേഖയുടെ വര്‍ത്തമാനങ്ങളെക്കുറിച്ചു പലതും തനിക്കു ചോദിക്കാനുണ്ടായിരുന്നു. അച്ഛനോടും ഗോവിന്ദന്‍ കുട്ടിയോടും ഈ സംഗതിയില്‍ സംസാരിപ്പാന്‍ മടിച്ചു മാധവന്‍ ഒന്നും ചോദിച്ചില്ലെങ്കിലും ഗോവിന്ദപ്പണിക്കര്‍ ഇന്ദുലേഖയുടെ വ്യസനത്തെപ്പറ്റിയും നന്പൂതിരിപ്പാട്ടിന്റെ അവസ്ഥയെപ്പറ്റിയും മറ്റും മാധവനോടു കുറേ നേരം സംസാരിച്ചു. കുറേനേരം ഈ സംസാരത്തില്‍ നേരം കഴിഞ്ഞ് അങ്ങിനെ ഇരിക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടി മാധവനോട് ഒരു ചോദ്യം ചെയ്തു.
ഗോവിന്ദമേനോന്‍
ഇക്കുറി കോണ്‍ഗ്രസ്സിനു മാധവന്റെ ഇഷ്ടന്മാരായ ബാബുമാര്‍ വരുമായിരിക്കും. ബാബു ഗോവിന്ദസേനും ചിത്രപ്രസാദസേനും മറ്റും കോണ്‍ഗ്രസ്സിന്റെ ജയത്തിന്നു കൊണ്ടുപിടിച്ച് ഉത്സാഹിച്ചു വരുന്നവരാണെന്നു തോന്നുന്നു. ഈ സംഗതിയെപ്പറ്റി അവര്‍ മാധവനോട് വിശേഷവിധിയായി വല്ലതും ചെയ്വാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ?
മാധവന്‍
എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെ സ്നേഹിതന്‍ തന്നെയാണു ബാബു ഗോവിന്ദസേന്‍ അവര്‍കള്‍. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പാര്‍ത്തിരുന്ന കാലം ഒരു ദിവസം ഒരു സഭ അദ്ദേഹത്തിന്റെ ബങ്കളാവില്‍ വച്ച് ഉണ്ടായിരുന്നു. അന്നു ഞാനും അതില്‍ സംസാരിച്ചു.
ഗോവിന്ദപ്പണിക്കര്‍
ഇംക്ലീഷ് രാജാവിന്റെ രാജ്യഭാരത്താല്‍ നുമ്മള്‍ക്കു ചില ഗുണങ്ങള്‍ എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും പലേ ഉപദ്രവങ്ങളും ഉണ്ടാവുന്നുണ്ടെന്നും അതുകള്‍ നിര്‍ത്തല്‍ ചെയ്യേണമെന്നും ഇയ്യടെ നാട്ടുകാര്‍ ഒരു സഭകൂടി കൊല്ലംതോറും പ്രസംഗിച്ചു വരുന്നുണ്ടെന്നും മറ്റും ഞാന്‍ കേട്ടു. ഈ സഭയെകുറിച്ചു തന്നെയോ ഗോവിന്ദന്‍കുട്ടി ചോദിക്കുന്നത്?
മാധവന്‍
അതെ.
ഗോവിന്ദമേനോന്‍
അതെ; ഈ സഭയെക്കുറിച്ചു തന്നെയാണ്. ഈ കോണ്‍ഗ്രസ്സ്സഭ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിക്കു കേവലം നിഷ്പ്രയോജനമായതാണ്. ഒരു സാരവുമില്ല - വെറും ഗോഷ്ഠി എന്നു ഞാന്‍ വിചാരിക്കുന്നു.
മാധവന്‍
ഇതു വലിയ ആവലാതി തന്നെ. ഗോവിന്ദന്‍കുട്ടിയുടെ ധൃതഗതി കുറെ അധികം തന്നെ. കോണ്‍ഗ്രസ്സി എന്ന സഭ എന്താണെന്നും അതിന്റെ ഉദ്ദേശ്യങ്ങള്‍ എന്തെല്ലാമാണെന്നും അച്ഛനെ ശരിയായി മനസ്സിലാക്കിയ ശേഷമല്ലേ അതിനെക്കൊണ്ട് ഉണ്ടായ പ്രയോജനത്തെപ്പറ്റി ഗോവിന്ദന്‍കുട്ടിക്കുള്ള അഭിപ്രായത്തെ പറയേണ്ടത്? ആ സഭയുടെ സ്വഭാവവും ഉദ്ദേശവും ഇന്നതാണെന്നു പറയൂ.
ഗോവിന്ദമേനോന്‍
ഓ–ഹോ പറയാം. ജ്യേഷ്ഠന്‍ കേള്‍ക്കട്ടെ. ഇംക്ലീഷ് പഠിച്ചു നല്ലവണ്ണം ഇംക്ലീഷ് സംസാരിക്കാറായ ചില ദ്രവ്യസ്ഥന്മാരായ ഹിന്തുക്കളും മുസല്‍മാന്മാരും ബിലാത്തിയില്‍ ഉള്ള ഗവേണ്മെന്‍റു പോലെ ഇന്‍ഡ്യഗവര്‍മ്മേണ്ടിനെ ആക്കിവെപ്പാനാണെന്നുള്ള ഭാവത്തോടുകൂടി ഒരധികാരവും കൂടാതെ തങ്ങള്‍തന്നെ ഒരു സഭയായി ചേര്‍ന്ന് അന്യോന്യം സ്തുതിച്ചും വലിയഭാവം നടിച്ചും വൃഥാ കണ്ഠക്ഷോഭം ചെയ്തും കാലം കളയുന്ന ഒരു സഭയാണ് കോണ്‍ഗ്രസ്സ് സഭ. ഒരവസ്ഥ കൊണ്ടും ബിലാത്തിക്കാരോടു നുമ്മള്‍ ഇന്ത്യാരാജ്യക്കാര്‍ എനിയും സമന്മാരായിട്ടില്ലാ. തുല്യത വരാന്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ സാധിക്കാവുന്നതും എത്രയോ പ്രയോജനമുള്ളതും ആയ വേറെ പലേ കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നും ശ്രമം ചെയ്യാതെ എല്ലാറ്റിന്റെയും അഗ്രത്തില്‍ ഇരിക്കുന്നതും ബഹുപ്രയാസമായതും ആയ ഒരു വലിയ കാര്യത്തെ ഉദ്ദേശിച്ച് അനാവശ്യമായി ചെയ്യുന്ന ശ്രമമാണ് ഇത് എന്നുള്ളതിലേക്ക് യാതൊരു സംശയവുമില്ല. ബിലാത്തിക്കാര്‍ക്ക് ഇപ്പോള്‍ കിട്ടീട്ടുള്ള സ്വതന്ത്രതകള്‍ എല്ലാം ഇങ്ങിനെ കോണ്‍ഗ്രസ്സുകൂടീട്ടു കിട്ടിയതല്ല. ഒന്നാമത്, ഇത്ര സ്വതന്ത്രതയ്ക്ക് ആഗ്രഹമുള്ള ഈ  ഇംക്ലീഷില്‍ ശബ്ദഘോഷം ചെയ്യുന്നത് എല്ലാം സൂക്ഷ്മമായ ആലോചന കൂടാതെയാണെന്ന് എനിക്കു സ്പഷ്ടമായി തോന്നുന്നു. ഇവര്‍ യഥാര്‍ത്ഥത്തില്‍ ഇത്ര സ്വജാത്യാഭിമാവും സ്വതന്ത്ര്യ കാംക്ഷയും ഉള്ളവരാണെങ്കില്‍ ഒന്നാമത് ഒരു അന്യരാജാവിന്റെ കീഴില്‍ എന്തിന് ഇവര്‍ ഇരിക്കുന്നു? യുദ്ധം ചെയ്തു ഇംക്ലീഷുകാരെ ഓടിക്കട്ടെ. ബാബുമാര്‍ രാജ്യം ഭരിക്കട്ടെ. ഇപ്പോള്‍ ഇംഗ്ലാണ്ടുരാജ്യം ജര്‍മ്മനിക്കാരു പിടിച്ചാല്‍ ഇംക്ലീഷുകാര്‍ കോണ്‍ഗ്രസ്സോടുകൂടി അവരുടെ രാജ്യഭാരത്തിന്റെ ഗുണത്തിലേക്ക് ഓരോ ദയയ്ക്കായി ജര്‍മ്മന്‍കാരോട് എരക്കുമോ? ഇല്ലെന്നു ഞാന്‍ വിചാരിക്കുന്നു. യുദ്ധം ചെയ്തു ജര്‍മ്മന്‍കാരെ തോല്പിച്ച് ഓടിക്കുവാന്‍ നോക്കും. അതു സാധിക്കുന്നതുവരെ അവര്‍ ആ ശ്രമം തന്നെ ചെയ്തു കൊണ്ടിരിക്കും. അഭിമാനമുണ്ടെങ്കില്‍ അങ്ങിനെയാണു ചെയ്യേണ്ടത്. അഭിമാനം നടിച്ചുംകൊണ്ട് എരക്കുന്നതു വെടിപ്പുണ്ടോ? ധനവും ശക്തിയും വലിപ്പവും രാജ്യഭാരവും എല്ലാം ഇംക്ലീഷുകാരില്‍ ഇരിക്കുമ്പോള്‍ അവരുടെ നേരെ ഇങ്ങിനെ കൊരച്ചിട്ടും നിലവിളിച്ചിട്ടും ഫലമെന്ത്? ഹിന്തു, മുഹമ്മദീയര്‍ എന്ന ഈ രണ്ടു ജാതികളേയും ഒരു പോലെ ഇംക്ലീഷുകാര്‍ കീഴടക്കി വെച്ചിരിക്കുന്നു. ഈ നിലയില്‍ നുമ്മള്‍ ഇത്ര വലിയ നാട്യം എന്തിനു നിക്കുന്നു? ധനമില്ലാ, ധൈര്യമില്ലാ, ശരീരമിടുക്കില്ലാസ ഒരുമയില്ലാ, സത്യമില്ലാ, ഔദാര്യമില്ലാ, സംഘബലമില്ലാ, വിദ്യയില്ലാ, അറിവില്ലാ, ഉത്സാഹമില്ലാ ഇങ്ങിനെ കിടക്കുന്നവര്‍ ഒന്നാമത് ഇന്‍ഡ്യയ്ക്കു പാര്‍ലിയമെണ്ട് ഉണ്ടാക്കുവാന്‍ ആണോ ശ്രമിക്കേണ്ടത്? ഒരേ ജാതിയായി ഏറ്റവും ഐക്യമായിരിക്കുന്ന ഇംക്ലീഷുകാര്‍ തന്നെ പാര്‍ലിയമെണ്ടുസഭ ശരിയായി നടത്തിവരാന്‍ കുഴങ്ങുന്നു. അപ്പോള്‍ ഈ പതിനായിരം വിധം മതക്കാരും അന്യോന്യം കീരിയും പാന്പും പോലെ വിരോധികളും ആയ പലേ ജാതിക്കാരായ ഇന്‍ഡ്യാ നിവാസികളെ എല്ലാം കുറെ ഇംക്ലീഷു പഠിപ്പിച്ചു തൊള്ളയിടുന്ന താടിക്കാര്‍ ബാബുമാരും അയ്യരും മുതലികളുംകൂടി പാര്‍ലിയമേണ്ടു പോലെ സഭ ചേര്‍ന്നു പരിപാലനം ചെയ്തു കളയാം എന്നോ ഉദ്ദേശം? ഇത്ര വിഡ്ഢിത്തമായ വിചാരം മറ്റൊന്നുമില്ല. ഉണ്ടകൊണ്ടു മറിഞ്ഞു വീണു കണ്ണുമിഴിച്ചുപോവുമെന്നുള്ള ഒരു ഭയംകൊണ്ടും അശക്തന്മാരാകയാലും മാത്രമാണ് ഇംക്ലീഷുകാര്‍ വന്നതിന്റെ ശേഷം ഹിമവല്‍സേതുപര്യന്തമുള്ള ജനങ്ങള്‍ അന്യോന്യം ഇത്ര സമാധാനമായിതന്നെ കാണുന്നത്. ആ ഇംക്ലീഷുകാര്‍ നാളെ ഇന്‍ഡ്യ വിടുന്നുവെങ്കില്‍ അപ്പോള്‍ കാണാം ബാബുമാരുടെ മിടുക്കും ശൌര്യവും. ഒരു നിമിഷ നേരമെങ്കിലും ഈ വായ്പടക്കാര്‍ക്കു രാജ്യം രക്ഷിപ്പാന്‍ സാധിക്കുമോ? ഒന്നാമത്, ഇവര്‍ക്കു വാക്കു പറയുമ്പോള്‍ കാണുന്ന ഈ അഭിമാനം  സ്വതേ ഉണ്ടെങ്കില്‍ ഇവര്‍ ഇപ്പോള്‍ കിട്ടുവാന്‍ ആഗ്രഹിക്കുന്ന പലേ പദവികളും ഇതിന് എത്രമുമ്പ്ഇവര്‍ക്കു കിട്ടുമായിരുന്നു. വാസ്തവത്തില്‍ ഇവര്‍ക്ക് ഒരു ധൈര്യവും മിടുക്കും ഉത്സാഹവും ക്ഷമയും ഇല്ല; കുറെ എല്ലാം നിലവിളിക്കണം. ഇംക്ലീഷില്‍ വിശേഷമായി പ്രസംഗം ചെയ്തു എന്നു വരുത്തണം. ഇത്രമാത്രമേ ഇവര്‍ക്കുള്ളില്‍ തീര്‍ച്ചയായ ആഗ്രഹമുള്ളൂ. ഇംക്ലീഷ് ഗവര്‍മേണ്ട് ഇപ്പോള്‍ നടക്കുന്നപ്രകാരം ഉള്ളതുതന്നെ, ഇന്‍ഡ്യയിലേക്ക് എനിയും ഒരു പുരുഷാന്തര കാലത്തേക്കു കാലാനുസൃതമായി അല്പാല്പഭേദങ്ങളേയും പരിഷ്കാരങ്ങളേയും ചെയ്തു വന്നും കൊണ്ടിരുന്നാല്‍ ധാരാളം മതിയാവുന്നതാണ്. ഇന്ത്യായിലേക്ക് ഇപ്പോള്‍ അശേഷം പോരാത്തതും ലജ്ജാകരമാകും വണ്ണം വഷളായിട്ടുള്ളതുമായ എന്തെല്ലാം കാര്യങ്ങളെ പരിഷ്കരിക്കാന്‍ ഉണ്ട്.. എന്താണ് അതെല്ലാം വിട്ടുകളഞ്ഞ് ഒന്നാമതു രാജ്യഭാരസംഗതിയില്‍ ഇവര്‍ കടന്നുപിടിക്കുന്നത്? ഒന്നാമത് ജാതിഭേദങ്ങള്‍ ഇത്ര അധികം അനാവശ്യമായി ജനങ്ങളുടെ അഭിവൃദ്ധിക്കു മുടക്കമായി തടയുന്നതിനെ നീക്കം ചെയ്വാന്‍ ശ്രമിക്കരുതേ? ഇന്ത്യാരാജ്യം ക്രമേണ ദാരിദ്രത്തില്‍പെടുന്നതു നിര്‍ത്താന്‍ അന്യരാജ്യങ്ങളുമായുള്ള കച്ചവടങ്ങള്‍, കൃഷി, കൈവേലപ്രവൃത്തികള്‍, യന്ത്രപ്പണികള്‍ മുതലായത് ഇന്ത്യാക്കാര്‍ പഠിപ്പിക്കാന്‍ ശ്രമിക്കരുതേ? നുമ്മളുടെ അതി മാലിന്യമായ ചില ഗൃഹവൃത്തികളെയും അപരിഷ്കൃതാഹാര വിഹാരാദികളെയും ഭേദം ചെയ്വാന്‍ നോക്കരുതേ? എത്ര കാലമായി തീവണ്ടി, ടെലിഗ്രാഫ് മുതലായ പലേ അത്ഭുതകരങ്ങളായ വിദ്യകള്‍ ഇന്ത്യയില്‍ വന്നിട്ട്. ഈ വക യന്ത്രങ്ങളെ ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും  പഠിപ്പാന്‍ ഹിന്തു - മുസല്‍മാന്മാര്‍ക്കു ശ്രമിക്കരുതേ? യൂറോപ്പില്‍ ഉള്ള വലിയ രാജ്യങ്ങളിലെ എല്ലാ നാട്ടുകാരും ഈവക പലേ വിദ്യകളും പഠിക്കുന്നില്ലേ? നുമ്മള്‍ക്ക് ഇരുമ്പുകൊണ്ട് നല്ലതായ ഒരു ചക്രം വേണമെങ്കില്‍ ഇംഗ്ലാണ്ടില്‍ നിന്നു വരുത്തണ്ടേ? ഒരു ഇരുമ്പു ചങ്ങല വേണമെങ്കില്‍ ഇംഗ്ലാണ്ടില്‍ നിന്നു വരുത്തണ്ടേ? നല്ല ഒരു തുരിശു വേണമെങ്കില്‍ ഇംഗ്ലാണ്ടില്‍ നിന്നു വരുത്തണ്ടേ? ഒരു തുരിശുമുതല്‍ പടക്കപ്പലുവരെയുള്ള സകല സാധനങ്ങളും നല്ലതായി കിട്ടേണമെങ്കില്‍ നുമ്മള്‍ ഇംഗ്ലാണ്ടില്‍ നിന്നു വരുത്തണ്ടേ? ഇതില്‍ ഈ നാട്ടുകാര്‍ക്ക് അവമാനമില്ലേ? ഈ വക പലേ കാര്യങ്ങളിലും ഇന്ത്യയെ ഇംഗ്ലാണ്ടിനു സമത വരുത്തുവാനല്ലേ ഒന്നാമതു ശ്രമിക്കേണ്ടത്? ജനസമുദായത്തിന്നു സ്വരാജ്യഭരണത്തില്‍ സ്വതന്ത്രത കൊടുക്കേണ്ടത്? ഈവക അനവധി കാര്യങ്ങളില്‍, ഇപ്പോള്‍ ഇന്ത്യയില്‍ പ്രത്യക്ഷമായി ലജ്ജാകരമായി കാണുന്ന പലേവിധമുള്ള വീഴ്ചകളെയും അറിവില്ലായ്മകളെയും തെറ്റുകളെയും തീര്‍ത്തു പരിഷ്കരിച്ചതിന്റെ ശേഷം വേണ്ടതല്ലേ? ഈവക പരിഷ്തകാരങ്ങള്‍ ഒന്നും ചെയ്യാതെ ഈ രാജ്യഭാര വിഷയങ്ങളില്‍ ഒന്നാമതു പ്രവേശിച്ച കുറെ ആളുകള്‍ എല്ലാം കൂടി നിലവിളിച്ചാല്‍ ആരു ബഹുമാനിക്കും? വേറെ ഉള്ള എല്ലാ സംഗതികളിലും കേവലം അധോന്മുഖന്മാരായിരിക്കുന്നവര്‍ ഈ ഒരു സംഗതിയില്‍ മാത്രം തല പൊന്തിച്ചു നിലവിളിച്ചാല്‍  നിവൃത്തിയാവുന്നതു പ്രയാസമല്ലേ? എനിക്ക് ഈ കോണ്‍ഗ്രസ്സിനെപ്പറ്റി വലിയ പുച്ഛമാണ് ഉള്ളത്. സര്‍ ലപ്പല്‍, ഗ്രിഫിന്‍ മുതലായ അനേകം സായ്വന്മാര്‍ ഇന്ത്യാനിവാസികളെപ്പറ്റി ഓരോ സമയം ചെയ്യുന്ന പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കു ലജ്ജ തോന്നുന്നു. പലേ സംഗതികളും അവര്‍ പറയുന്നത് ശരിയാണ്. പലേ സ്ഥിതികളിലും നുമ്മളുടെ അവസ്ഥ വളരെ ലജ്ജാകരമായിരിക്കുന്നു. ഇതെല്ലാം മൂടിവെച്ചു രാജ്യകാര്യത്തില്‍ മാത്രം ഇംക്ലീഷുകാരോട് സമത വരുത്തണം എന്ന് ഇച്ഛിച്ചാല്‍ അതു സാധിക്കുമോ? ഈ വക സഭ ഉണ്ടാവുന്നതിനാല്‍ വൃഥാ കണ്ഠക്ഷോഭവും ദ്രവ്യനാശവും ഫലം എന്നു ഞാന്‍ പറയുന്നു.
ഗോവിന്ദപ്പണിക്കര്‍
ഗോവിന്ദന്‍കുട്ടി പറഞ്ഞത് ശരിയാണ്. ഇതില്‍ ഞാന്‍ ഗോവിന്ദന്‍കുട്ടിയോടു യോജിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യഭാരം മുമ്പുണ്ടായതിനേക്കാള്‍ വളരെ നന്ന്. ഇപ്പോള്‍ ഇതു മതി. എന്നാല്‍ ജാതിഭേദം ഇല്ലാതാക്കണം എന്നൊരു വിഡ്ഢിത്വം ഗോവിന്ദന്‍കുട്ടി പറഞ്ഞതില്‍ ഞാന്‍ ചേരുന്നില്ല.
ഗോവിന്ദമേനോന്‍
അതു ഞാന്‍ സമ്മതിച്ചേക്കാം. എന്നാല്‍ രാജ്യഭാരത്തിന്റെ കാര്യം ഞാന്‍ പറഞ്ഞതു ജ്യേഷ്ഠനു ബോദ്ധ്യമായല്ലൊ.
ഗോവിന്ദപ്പണിക്കര്‍
എന്താണു മാധവന്‍ ഒന്നും പറയാത്തത്?
മാധവന്‍
എനിക്ക് ഒന്നും പറയാന്‍ തോന്നുന്നില്ല. പൂര്‍ത്തിയായ വിദ്യാഭ്യാസം ഉണ്ടായി, ബി.എ. പാസ്സായ ഗോവിന്ദന്‍കുട്ടി ഇങ്ങിനെ അസംബന്ധം സംസാരിച്ച വ്യസനമാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്.
ഗോവിന്ദമേനോന്‍
ഒരു അംസബന്ധവും സംസാരിച്ചില്ല ഞാന്‍. ഏതേതാണ് അസംബന്ധം എന്നു കാണിച്ചു തരൂ.
മാധവന്‍
പറഞ്ഞതു മുഴുവന്‍ അസംബന്ധം. ആശവേ അസംബന്ധം. ഒന്നാമത്, ഇന്ത്യയില്‍ പാര്‍ലിമേണ്ട് ഉണ്ടാക്കുവാനല്ല കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം. പിന്നേ ഇംക്ലീഷുകാരോടു സമന്മാരാണ് ഇന്ത്യാക്കാര്‍ എന്നും സഭക്കാരില്‍ യോഗ്യരായവര്‍ അഭിപ്രായപ്പെട്ടിട്ടില്ല.
ഇന്ത്യയില്‍ പലേ സംഗികളും പരിഷ്കരിപ്പാന്‍ ഉണ്ടെന്നു പറഞ്ഞതു ശരി. പക്ഷെ, ആ സംഗതികള്‍ ഉള്ളതുകൊണ്ട് ആ രാജ്യഭാരസംഗതിയില്‍ ഒന്നാമതായി പ്രേവശിച്ചു കൂടാ എന്നു പറയുന്നതു ഭോഷത്വമാണ്. രാജ്യസ്നേഹവും അഭിമാനവും ഉണ്ടെങ്കില്‍ ഇംക്ലീഷുകാരോടു രാജ്യം യുദ്ധം ചെയ്തു തിരിയെ വാങ്ങണം. എന്നാല്‍ മാത്രമേ അഭിമാനം ഉണ്ടെന്നു വിചാരിപ്പാന്‍ പാടുള്ളൂ എന്നു പറഞ്ഞതും വലിയ ഭോഷത്വം തന്നെ. ഗോവിന്ദന്‍കുട്ടി യൂറോപ്പു രാജ്യങ്ങളിലെ ചരിത്രങ്ങള്‍ പലതും വായിച്ചിട്ടുള്ളതില്‍ ഇങ്ങിനെയോ അഭിപ്രായമായത്? ഇംക്ലീഷു ബിലാത്തിയിലെ ആദ്യത്തെ കഥതന്നെ വിചാരിച്ചു നോക്കൂ. ബ്രിട്ടീഷ് ദ്വീപില്‍ അനാദിയായി ഉണ്ടായിരുന്നവരെ ഒന്നാമതു റോമന്‍കാര്‍ പോയി ജയിച്ചു. ബ്രിട്ടീഷു രാജ്യം അവരുടെ രാജ്യമാക്കി കുറേക്കാലം വെച്ചു. പിന്നെ സാക്സന്‍കാരുടെ കാലമായി. പിന്നെ ഡെയിന്‍കാരുടെ വാഴ്ച. ഒടുവില്‍ നോര്‍മ്മന്‍ രാജാക്കന്മാരായ ഫ്രഞ്ചു രാജ്യക്കാര്‍ ബ്രിട്ടീഷുരാജ്യം പിടിച്ചു. എന്നിട്ടുണ്ടായ കഥ ഓര്‍മ്മയില്ലേ? ഈ രാജാക്കന്മാര്‍ അതിശക്തന്മാരാകയാല്‍ അവര്‍ക്കു ബ്രിട്ടീഷുകാര്‍ കീഴടങ്ങേണ്ടി വന്നില്ലേ?
ഗോവിന്ദമേനോന്‍
ഒരിക്കലും കീഴടങ്ങീട്ടില്ല. പുറത്തു നിന്നു വന്ന ഈ രാജാക്കന്മാര്‍ ഇംക്ലീഷുകാരുമായി യോജിച്ച് അവരുടെ ജാതിയോടു ചേര്‍ന്നു. പരന്ത്രീസ്സ് രാജ്യം കേവലം വിട്ടു. അതുപോലെ മഹാരാജ്ഞിയും മറ്റും വന്ന് ഇവിടെ താമസിച്ചു നുമ്മളുടെ കൂട്ടത്തില്‍ ചേര്‍ന്നിരിക്കുന്നതുവരെ എന്തിന് ഇംക്ലീഷുകാരെ രാജ്യഭാരം ചെയ്വാന്‍ സമ്മതിക്കുന്നു?
മാധവന്‍
ശരി തന്നെ; സമ്മതിച്ചു. ഇംക്ലീഷുകാര്‍ ഇങ്ങട്ടു വരുന്നതും നുമ്മള്‍ അങ്ങട്ടു പോവുന്നതും എല്ലാം ഒരുപോലെ. ഇംക്ലീഷ് രാജ്യഭാരം തുടങ്ങിയ മുതല്‍ നുമ്മളുടെ രാജ്യത്തു പലേ ശ്രേയസ്സുകളും അഭിവൃദ്ധിയും സുഖവും മേല്ക്കുമേല്‍ വര്‍ദ്ധിച്ചു കാണുന്നതു കൊണ്ടു ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായവും ഉദ്ദേശ്യവും ക്രമേണ ക്രമേണ ഇംക്ലീഷ് ഗവര്‍മേണ്ടും ഇന്ത്യാഗവര്‍മേണ്ടും അന്യോന്യം യോജിപ്പിച്ച് ഏകീകരിക്കേണമെന്നു മാത്രമാണ്. അതിലേക്കാണ് ഈ ശ്രമങ്ങള്‍ എല്ലാം ചെയ്യുന്നത്. നോര്‍മ്മന്‍ രാജാക്കന്മാര്‍ എങ്ങിനെ ബ്രിട്ടീഷ് ഗവര്‍മേണ്ടും ഇന്ത്യയുടെ സ്വന്തം രാജാക്കന്മാരും ഇന്ത്യയുടെ ഗവര്‍മേണ്ടും ആക്കണം എന്നു തന്നെയാണ് ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ഉദ്ദേശ്യവും കാംക്ഷയും. നോര്‍മ്മന്‍കാര്‍ ഇംഗ്ലണ്ടില്‍ വന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചു ബ്രട്ടീഷ് രാജ്യക്കാരും അവരും തമ്മില്‍ അന്യോന്യം കൊന്നിട്ടും ഹിംസിച്ചിട്ടും സഹിക്കാന്‍ പാടില്ലാതെ ആയശേഷം എണങ്ങി യോജിച്ച് ഏകീകരിച്ചു. ഈ കാലാവസ്ഥയ്ക്ക് അനുസരിച്ചു ഞങ്ങളും ഇംക്ലീഷുകാരും തമ്മില്‍ ബുദ്ധികൊണ്ചു യുദ്ധം ചെയ്യുന്നു. ഇംക്ലീഷുകാര്‍ക്കു ഞങ്ങളില്‍ ഇപ്പോള്‍ ഉള്ളില്‍ അധികം വിശ്വാസവും പ്രേമവും ബഹുമാനവും ഉണ്ടാവാനും ഇംക്ലീഷുഗവര്‍മ്മേണ്ടു ഞങ്ങളേയും ഇംക്ലീഷുകാരേയും യാതൊരു ഭേദമായി വിചാരിക്കാതിരിക്കാന്‍ വേണ്ടിയും ഞങ്ങള്‍ യത്നിക്കുന്നു. ഞങ്ങള്‍ തോക്കുകൊണ്ടു വെടിവെച്ചിട്ടല്ല ഈ കാര്യം സാധിക്കാന്‍ പോവുന്നത്. വാക്കു കൊണ്ടു ന്യായം പറഞ്ഞിട്ടു ബുദ്ധിമാന്മാരായ ഇംക്ലീഷുകാരെ സ്വാധീനമാക്കാന്‍ പോവുന്നു. എന്റെ മനസ്സില്‍ ഉദ്ദേശിച്ച വിധത്തില്‍ തന്നെ നടക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ്സുപോലെ ഇത്ര യോഗ്യമായ ഒരു സഭാ ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്നു പറയാം. എന്നാല്‍ ചില സംഗതികളെ ഈ സഭക്കാര്‍ ഭേദപ്പെടുത്തി പരിഷ്കരിക്കേണ്ടതുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. ചിലപ്പോള്‍ സഭക്കാരില്‍ ചിലര്‍ അനാവശ്യമായും തക്കതായ സംഗതി കൂടാതെയും ബ്രിട്ടീഷ് ഗവര്‍മേണ്ടിനെ ദുഷിച്ചു എന്നു വന്നിട്ടുണ്ടായിരിക്കാം. ഇതു മഹാ കഷ്ടമാണെന്നു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും കോണ്‍ഗ്രസ്സ് സഭക്കാരില്‍ യോഗ്യരായവര്‍ ഏകീകരിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള ഒരു പ്രസംഗത്തിലും ഇംക്ലീഷുകാരുടെ ഗവേര്‍മ്മേണ്ടിനെ ഒരു വിധത്തിലും ആകപ്പാടെ വെറുത്തു പറഞ്ഞിട്ടില്ലാ. ഓരോ സങ്കടങ്ങള്‍ ഉണ്ടാവുന്നതു തീര്‍ത്തു പരിപാലിക്കാനെ ആവശ്യപ്പെട്ടിട്ടുള്ളൂ. പിന്നെ ഗോവിന്ദന്‍കുട്ടി ഇങ്ങിനെ ഭോഷത്വം പറഞ്ഞാലോ? ഇന്ത്യയില്‍ പരിഷ്കാരങ്ങള്‍ ചെയ്വാനുള്ള കാര്യങ്ങളെ ചെയ്യേണ്ടാ എന്നു കോണ്‍ഗ്രസ്സുകാര്‍ വെച്ചിട്ടില്ലാ. പലേ രോഗങ്ങളും പിടിച്ചു കിടക്കുന്ന ഒരു രോഗിയുടെ സകല രോഗങ്ങളും ഒന്നായിട്ട് ഒരു ഔഷധം കൊണ്ട് ഒരു സമയം മാറ്റാന്‍ കഴിയുന്നതല്ലാ. ഓരോന്നായി ഭേദം വരുത്തേണ്ടി വരും. അങ്ങിനെ ഭേദം വരുത്താന്‍ പാടില്ലാ. എല്ലാംകൂടി ഒന്നായിട്ടു തന്നെ ഭേദമാക്കുന്ന മരുന്നു മാത്രമേ സേവിക്കയുള്ളൂ എന്ന് ആ രോഗി ഉറച്ചാല്‍  എല്ലാ രോഗങ്ങളില്‍ നിന്നും രോഗി സങ്കടപ്പെടുകയേ ഉള്ളൂ. ഇന്ത്യയില്‍ ജാതിഭേദം ഇല്ലാതാക്കുവാന്‍ ഒരു സഭ കൂടേണ്ട കാലം ഇനിയും ആയിട്ടില്ല. ഇതിനാണു സമയം ആവാത്തത്. ഗവേര്‍മ്മെണ്ടിന്റെ മാതിരിയും ചട്ടങ്ങളും നന്നാക്കുന്നതു നാളത്തന്നെ ചെയ്താലും ഗുണമേ ഉണ്ടാകയുള്ളൂ. അതിനുള്ള സംഗതി പറയാം. ജാതി എന്ന് ഇന്ത്യയില്‍ പറയുന്നത് എല്ലാം ഓകോ മതത്തെ ആശ്രയിച്ചിട്ടാണു മുഖ്യമായി നില്ക്കുന്നത്. ആ മതവിശ്വാസം ഒന്നു മത്രമാണ് ഈ ഇംക്ലീഷുകാരില്‍ എനിയും ഇന്ത്യയില്‍ നിന്നു കളവാന്‍ കഴിയാത്ത ഒരു സാധനം. ദൈവവിശ്വാസവും വന്ദനയും ഓരോ പ്രകാരത്തില്‍ ചെയ്യുന്നതിനെ ആശ്രയിച്ചു ജാതി നില്ക്കുന്നതുകൊണ്ട് ആ വിശ്വാസം കളവാന്‍ കഴിയുമ്പോളല്ലാതെ ജാതിഭേദം കേവലം വിടുര്‍ത്താന്‍ കഴിയുമോ എന്നു ഞാന്‍ സംശയിക്കുന്നു. ആ വിശ്വാസം ഇന്ത്യയില്‍ നിന്നു വിടുര്‍ത്തേണമെങ്കില്‍ ഇന്ത്യാക്കാരായ ഹിന്തുമുസല്‍മാന്മാരുടെ മതാചരണങ്ങളെ ജയിക്കുന്നതായ ഒരു വിശേഷവിധിമതം അവര്‍ക്കു കാണിച്ചുകൊടുത്ത് അതില്‍ ശീലിപ്പിക്കണം. അങ്ങിനെ ഒരു വിശേഷവിധിയായ മതം കാണ്മാനില്ല. അതു കൊണ്ട് ഇന്ത്യയാ രാജ്യത്തചന്‍റ ഉള്ള മതങ്ങള്‍ക്ക് അനുസരിച്ചു നില്ക്കുന്ന ജാതി ക്രമങ്ങള്‍ ഭേദം ചെയ്വാന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ സാധിക്കുമോ? സംശയം. എന്നാല്‍ കാലക്രമംകൊണ്ട് അറിവ് അധഇകം വര്‍ദ്ധിക്കുമ്പോള്‍ ജാതി സിദ്ധാന്തങ്ങള്‍ ക്രമേണ കുറഞ്ഞു വരും. ഒടുവില്‍ കേവലം നശിച്ചു എന്നു വരാം. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള സ്ഥിതിയില്‍ ജാതിഭേദം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതു കേവലം തെറ്റായി വന്നുകൂടുമെന്നു ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ രാജ്യഭാരസംഗതിയെ ഒന്ന് ഓര്‍ത്തു നോക്കുക. ഇംഗ്ലീഷുകാര്‍ ഹിമവല്‍സേതുപര്യന്തം രാജ്യഭാരം തുടങ്ങീട്ട് ഇപ്പോള്‍ ഏതാണ്ട് ഒരു നൂറു സംവത്സരമായിട്ടേ ഉള്ളൂ. എങ്കിലും രാജ്യഭാരനീതികളെക്കുറിച്ചു ജനങ്ങള്‍ക്ക് ഒരു നൂറു സംവത്സരങ്ങള്‍ക്കുള്ളില്‍ എത്ര അധികം അറിവും രുചിയും ഉണ്ടായിട്ടുണ്ടെന്ന് ഗോവിന്ദന്‍കുട്ടി ഓര്‍ത്തു നോക്കൂ. വഴിപോവുന്ന ഒരു കൂലിക്കാരനോടോ മീന്‍ പിടിക്കുന്ന ഒരു മുക്കുവനോടോ സംസാരിച്ചാല്‍ക്കൂടി ഇപ്പോഴത്തെ ഭേദം അറിവാന്‍ കഴിയും. അവനു സിവില്‍ശാസ്ത്ര തന്ത്രങ്ങളും ക്രിമിനല്‍ ശാസ്ത്രതന്ത്രങ്ങളും അറിയാനെന്നല്ല ഞാന്‍ പറയുന്നത്. ഇംഗ്ലീഷ് രാജ്യഭാരത്തില്‍ തന്റെ ശരീരത്തിനും മനസ്സിനും തന്റെ ഇഷ്ടപ്രകാരം കുറ്റകരമല്ലാത്ത യാതൊന്നിനും വ്യാപരിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടെന്നുള്ള അറിവു നിശ്ചയമായി അവന് ഇപ്പോള്‍ ഉണ്ട്. മുമ്പ്അങ്ങിനെ അല്ല. സാധാരണ ഇത്ര അറിവ് ഉണ്ടായാല്‍ മതി. സകല സ്വതന്ത്രഭോഗങ്ങള്‍ അനുഭവിക്കുന്ന ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും ഉള്ള സാധാരണ ജനസമുദായത്തില്‍ ഇന്ത്യയിലുള്ള സാധാരണ ജനങ്ങള്‍ക്കുള്ള അറിവുകള്‍തന്നേ ഈ രാജ്യഭാര വിഷയത്തില്‍ ഉള്ളൂ. സ്വതന്ത്രരാജ്യഭാരത്തിന്നിച്ഛിക്കുന്ന രാജ്യനിവാസികള്‍ മുഴുവനും ഗ്ലാഡ്സ്റ്റന്‍ മുതലായവരെപ്പോലെ രാജ്യഭാര തന്ത്രങ്ങള്‍ ഗ്രഹിച്ചിരിക്കണം എന്നു പറയുന്നതു ഭോഷത്വമല്ലേ? രാജ്യഭാരം ബിലാത്തിയിലെപ്പോലെ ഇന്ത്യയില്‍ ചെയ്യേണമെങ്കില്‍ സ്ത്രീകളെ മുഴുവന്‍ ഇംക്ലീഷ് പഠിപ്പിച്ചിട്ടും ബിലാത്തിയിലെ യന്ത്രങ്ങള്‍ ഇവിടെ പണിയാറായിട്ടും മറ്റും വേണമെന്നു പറയുന്നതും ഭോഷത്വമാണ്. പിന്നെ ഗോവിന്ദന്‍കുട്ടി പറയുന്നു, ഹിമവല്‍സേതു പര്യന്തമുള്ള ജനങ്ങള്‍ ഇംക്ലീഷ് രാജാവിനെ അടങ്ങി നില്ക്കുന്നത്, അങ്ങിനെ നിന്നില്ലെങ്കില്‍ വെടി കൊണ്ടു കണ്ണുമിഴിച്ചു പോവും എന്നു ഭയപ്പെട്ടിട്ടാണെന്ന്. ഇത് ഏറ്റവും തെറ്റായ ഒരു അഭിപ്രായമാണ്. ഇംക്ലീഷുകാരുടെ ശക്തി ഇന്ത്യയില്‍ ഉള്ള കള്ളന്മാര്‍ക്കും ദുഷ്ടന്മാര്‍ക്കും അസത്തുക്കള്‍ക്കും ഭയത്തെയും, നല്ല ജനങ്ങളുടെ ഉള്ളില്‍ ബഹുമാനത്തെയും ജനിപ്പിക്കുന്നതു ശരിയാണെങ്കിലും രാജ്യം മുഴുവനും ഇങ്ങിനെ ഒതുങ്ങി നില്ക്കുന്നതു ഇംക്ലീഷ് ഗവര്‍മ്മേണ്ടു പ്രജാപരിപാലനം ചെയ്യുന്നതിലുള്ള യോഗ്യത ഹേതുവായി പ്രജകള്‍ക്ക് ആ ഗവര്‍മേണ്ടോടുള്ള പ്രിയം നിമിത്തമാണെന്നുള്ളതിലേക്ക് എനിക്കു സംശയമില്ല. ഇംക്ലീഷ് ഗവര്‍മ്മേണ്ടു മുമ്പ്നുമ്മള്‍ക്കുണ്ടായിരുന്ന രാജാക്കന്മാരെപോലെ അനീതിയും അക്രമവും കാണിച്ചു ജനോപദ്രവം ചെയ്തിരുന്നുവെങ്കില്‍ ഇതിന് എത്രയോ മുമ്പ്ഇംക്ലീഷ് ഗവര്‍മ്മേണ്ട് ഇന്ത്യയില്‍ ഇല്ലാതെ വരുമായിരുന്നു! അതിനു സംശയമില്ല. പിന്നെ ഗോവിന്ദന്‍കുട്ടി പറയുന്നത്, ഞങ്ങള്‍ ഇംക്ലീഷില്‍ പ്രസംഗിക്കുന്നതും മറ്റും പ്രസംഗക്കാര്‍ എന്ന കീര്‍്തതിക്കുവേണ്ടി മാത്രം എന്നാണ്. അങ്ങിനെയുള്ള കീര്‍ത്തി ഉണ്ടാവണമെന്നു ഞങ്ങള്‍ക്ക് ആഗ്രഹം ഇല്ലെന്നില്ല. പക്ഷേ, അതിനു മാത്രമായി പ്രസംഗിക്കുന്നതാണെന്നു പറയുന്നതാണ് അബദ്ധം. ഈ പ്രസംഗങ്ങള്‍ എല്ലാം എത്രയോ ആവശ്യമായിട്ടുള്ളതാണെന്നു മാത്രമല്ലാ, അതുകളെക്കൊണ്ടു പലേവിധ പ്രയോജനങ്ങള്‍ ഇന്ത്യയ്ക്ക് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുമുണ്ട്. ഓരോന്നായി ഞാന്‍ എണ്ണിപറഞ്ഞു തരാം. ഒന്നാമത്, ഇപ്പോള്‍ ബിലാത്തിയിലുള്ള നിഷ്പക്ഷ വാദികളായ മഹാന്മാര്‍ക്ക് ഇന്ത്യയില്‍ നല്ല പഠിപ്പും സാമര്‍ത്ഥ്യവും ഉള്ളവര്‍ പലരും ഉണ്ടെന്നു പൂര്‍ണ്ണ ബോദ്ധ്യമായിരിക്കുന്നു. ഇത് ഈവക പ്രസംഗങ്ങള്‍ ഉണ്ടാക്കിയ ബോദ്ധ്യമായിരിക്കുന്നു.
രണ്ടാമത്, ഈ ബോദ്ധ്യം ഉണ്ടായതിനാല്‍ കോണ്‍ഗ്രസ്സ് സഭയെ രക്ഷപ്പെടുത്തി നിലനിര്‍ത്തേണമെന്നുള്ള ആഗ്രഹം പലേ ഇംക്ലീഷുകാര്‍ക്കും ഉണ്ടായിത്തീര്‍ന്നിരിക്കുന്നു.
മൂന്നാമത്, പ്രസംഗങ്ങളുടെ ഗണങ്ങള്‍ ഇത്ര ക്ഷണത്തില്‍ ഇന്ത്യയ്ക്കു വേണ്ടി സന്പാദിച്ചചു യുക്തിമാന്മാരും സമര്‍ത്ഥന്മാരും ആയ വാഗ്മികളുടെ അതു വിശേശമായ പ്രസംഗങ്ങളാണ്. ന്യായമായ വിധം കുറേക്കാലം ഈ കോണ്‍ഗ്രസ്സ് നടക്കുന്നുവെങ്കില്‍ സംശയം കൂടാതെ ഇംഗ്ലണ്ടില്‍ പ്രജകള്‍ക്കു ഗവര്‍മ്മേണ്ടില്‍ നിന്ന് ഉണ്ടാവുന്ന ഗുണങ്ങള്‍ ഇന്ത്യയ്ക്കും ഉണ്ടാവും എന്നുള്ളതിന് എനിക്കു സംശയമില്ലാ. പിന്നെ ഈ പ്രസംഗങ്ങളെപ്പറ്റി വൃഥാ കണ്ഠ ക്ഷോഭം എന്നു ഗോവിന്ദന്‍കുട്ടി പറയുന്നത് എത്ര ഭോഷത്വമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോണ്‍ഗ്രസ്സ് സഭക്കാരില്‍ ചിലരും ചില ന്യൂസ്പേപ്പറുകളും സഭക്കാരോ അവരുടെ സ്നേഹിതന്മാരോ എഴുതീട്ടുള്ള ചില പുസ്തകങ്ങളും അനാവശ്യമായും അസത്യമായും ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഗവര്‍മ്മേണ്ടിനെക്കുറിച്ചു ദൂഷ്യാരോപം ചെയ്യുന്നുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതു വലിയ നിര്‍ഭാഗ്യമെന്നേ പറവാനുള്ളൂ. ഇതു വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിനു തന്നെ ഒടുവില്‍ ഇതു നാശകരമായി തീരുമെന്നതുമാണ്. മഹാ ബുദ്ധിശാലിയായ സര്‍ ഒക്ലണ്ട് കോള്‍വിന്‍ സായ്വ് അവര്‍കള്‍ മിസ്റ്റര്‍ എം.ഒ.ഹ്യൂം സായ്വ് അവര്‍കള്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ ചിലപ്പോള്‍ ഇന്ത്യാഗവര്‍മ്മേണ്ടിനെ കുറിച്ച് വളരെ യുക്തിയായും ഭംഗിയായും എഴുതിയ ഒരു കത്തിനെ ഞാന്‍ വായിച്ചിരുന്നു. ആ മഹാനായ സായ്വവര്‍കള്‍ ആ കത്തില്‍ കാണിച്ച സംഗതികളെ വായിച്ച് നുമ്മള്‍ക്ക കഴിയുന്ന ഗുണം എല്ലാം ചെയ്യേണമെന്നു വളരെ താല്പര്യത്തോടും ശ്രദ്ധയോടും ഇരിക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് അനാസ്ഥായായും ദുഷ്വിചാരത്തോടു കൂടിയും ആണെന്നു ചിലര്‍ പറയുന്നത് കഷ്ടമല്ലേ? ഇംക്ലീഷ് ഗവര്‍ണ്ണര്‍മ്മാരും രാജ്യഭരണാധികാരികളും വളരെ ക്ഷമാഗുണമുള്ളല്ലായിരുന്നുവെങ്കചന്‍റ ഇങ്ങിനെയുള്ള അവമാനകരമായ പ്രസ്താവങ്ങള്‍ കേട്ട് അവര്‍ എങ്ങിനെ സഹിക്കും? നുമ്മളെ എങ്ങിനെ സ്നേഹിക്കും? ഈ വക ചില ദോഷങ്ങള്‍ നുമ്മടെ ചില ആളുകള്‍ക്ക് ഉണ്ടായിരുന്നില്ലങ്കില്‍ കോണ്‍ഗ്രസ്സ് ഇതിനുമുമ്പ്ഇതിലും ശക്തിയുള്ളതായിത്തീരുമായിരുന്നു.
ലോര്‍ഡ് ഡഫ്രീന്‍ എന്ന പ്രഭു ഗവര്‍ണ്ണര്‍ ജനറളായിരുന്ന കാലത്ത് ആദ്യത്തില്‍ അദ്ദേഹത്തിന്നു കോണ്‍ഗ്രസ്സിലെ ചില കൂട്ടര്‍ അനാവശ്യമായും അസംഗതിയായും ദോഷങ്ങള്‍ പറയുന്നത് കേട്ടുകേട്ട് അദ്ദേഹം വിഷാദിക്കേണ്ടി വന്നു. എന്റെ എല്ലായ്പ്പോഴും ഉള്ള വിചാരവും ദൈവത്തോടുള്ള പ്രാര്‍ത്ഥനയും നുമ്മടെ ഈ കോണ്‍ഗ്രസ്സ് സഭാക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗ്യവശാല്‍ കിട്ടീട്ടുള്ള ഈ ഇംക്ലീഷ് ഗവര്‍മ്മേണ്ടിനെ അനാവശ്യമായും അസംഗതിയായും അസത്യമായും ദുഷിക്കാതെ ഇന്ത്യയുടെ അഭിവൃദ്ധിക്കു വേണ്ടിയുള്ള രാജ്യമാക്കിത്തീര്‍ക്കേണമേ എന്നാകുന്നു. ഇപ്പോഴത്തെ ഗവര്‍മ്മേണ്ടിനെ അനാവശ്യമായും അസത്യമായും ദുഷിക്കാതെ ഈ കാര്യം സാധിക്കാന്‍ പലേ വഴികളും ഞാന്‍ കാണുന്നുണ്ട്. ഇന്ത്യാക്കാര്‍ക്കു ഗുണം വരരുത് എന്നോ, ഇന്ത്യാക്കാര്‍ എല്ലായ്പ്പോഴും ഇംക്ലീഷുകാരുടെ അടിമകളായി ഇരിക്കണമെന്നോ ഇംക്ലീഷ് ഗവര്‍മേണ്ടിന് ഒരു കാലത്തും വിചാരമുണ്ടാകയില്ല. അതു പ്രത്യക്ഷമായ കാര്യമാണ് ഇതായിരുന്നു അവരുടെ വിചാരമെങ്കില്‍ നുമ്മള്‍ക്ക് അവരെപ്പോലെ പഠിപ്പും അറിവും ഉണ്ടാക്കിവെയ്പാന്‍, കഴിഞ്ഞ നൂറു കൊല്ലങ്ങളായി ഇത്രയെല്ലാം അവര്‍ ഉത്സാഹിക്കുന്നതല്ലായിരുന്നു. അതുകൊണ്ട് അവരുടെ ഉദ്ദേശം നുമ്മളെ അവരെപ്പോലെത്തന്നെ യോഗ്യരാക്കി വെയ്ക്കേണമെന്നാണെന്നാണു കുട്ടികള്‍ക്കുകൂടി ബോദ്ധ്യമാവുന്നതാണ്. എന്നാല്‍ അങ്ങിനെയാണ് അവരുടെ ഉദ്ദേശം എന്ന് ഓര്‍ത്ത് നുമ്മളില്‍ പഠിപ്പും അറിവും ഉള്ളവര്‍ ഗുണങ്ങള്‍ താനേ വരുമെന്നു നിശ്ചയിച്ചു സ്വസ്ഥന്മാരായിരിക്കരുത്. നുമ്മളുടെ സ്ഥിതി മേല്ക്കുമേല്‍ നന്നാക്കുവാന്‍ ന്യായമായവിധം എല്ലാ ശ്രമങ്ങളും എല്ലായ്പ്പോഴും ചെയ്തു വരേണ്ടതാണ്. അതിനാണ് ഈ കോണ്‍ഗ്രസ്സ് സഭ കൂടീട്ടുള്ളത്. ഇങ്ങിനെ ഒരു സഭ ഏറ്റവും ആവശ്യമായിട്ടുള്ളതാണ്. ഗവര്‍മേണ്ടു ചെയ്യുന്ന സകല പ്രവൃത്തികളും ഇന്ത്യയ്ക്ക് ദോഷകരമായിട്ടാണെന്ന് ഈ സഭ ഒരിക്കലും പറയുകയില്ല. ആരെങ്കിലും അതില്‍ ചിലപ്പോള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭ്രാന്തനാണെന്നു ഞാന്‍ പറയും. ഗവര്‍മ്മേണ്ടിനെ സ്നേഹിച്ചും ആദരിച്ചും കൊണ്ട് ഗവര്‍മ്മേണ്ടു ചെയ്യുന്ന ഓരോ പ്രവൃത്തികളുടെ ഗുണദോഷങ്ങളെപ്പറ്റി യഥേഷ്ടം നുമ്മള്‍ക്കു വ്യവഹരിപ്പാന്‍ സകല സ്വാതന്ത്ര്യങ്ങളും ഇംക്ലീഷ് ഗവര്‍മേണ്ടു തന്നിരിക്കെ ആ ഗവര്‍മ്മേണ്ടിന്റെ പ്രവൃത്തിയില്‍ ഉള്ള സത്യത്തെയും ഉത്തമ വിശ്വാസത്തെയും സംശയിച്ചു കൊണ്ടു വല്ലതും പറയുന്നതു മഹാ കഷ്ടമാണെന്നുള്ളതിന് സംശയമില്ല. അതുകൊണ്ട് ഈ കോണ്‍ഗ്രസ്സ് ഗവേര്‍മ്മെണ്ടിന്റെ ഉത്തമ വിശ്വാസ്യതേയും നിഷ്കന്മഷതയെയും പറ്റി ദുഷിക്കുന്നുണ്ടെങ്കില്‍ അതു സഭയുടെ നാശത്തിനു മാത്രമാണെന്നു ഞാന്‍ തീര്‍ച്ചയായും സമ്മതിക്കുന്നു. എല്ലാ പ്രവൃത്തിയും സത്യത്തോടുകൂടി ചെയ്യണം. സത്യമില്ലാഞ്ഞാല്‍ പിന്നെ ഒരു പ്രവൃത്തിയും ശ്രേയസ്കരമായി വരാന്‍ പാടില്ല.
പിന്നെ ഗോവിന്ദന്‍കുട്ടി പറയുന്നത്, ഇന്ത്യാക്കാര്‍ക്കു ധനമില്ല, ഒരുമയില്ല, സത്യമില്ല, ഉത്സാഹമില്ല എന്നും മറ്റുമാണ്. ഇതില്‍ ചിലതില്‍ കുറെ നേരുണ്ടായിരിക്കാം. ഒരുമയില്ലെങ്കില്‍ ഈ കോണ്‍ഗ്രസ്സ് ഇങ്ങിനെ നടക്കുന്നതല്ല. ഇത്ര വലുതായ ഒരു രാജ്യത്ത് ഇപ്പോള്‍ കാണുന്നതു പോലെയുള്ള ഒരുമയും ചേര്‍ച്ചയും  ഇംക്ലീഷ് ഭാഷ നിമിത്തം ഉണ്ടായതാണ്. എനിയും ഈ ഭാഷ പരക്കുന്നതോടുകൂടി ഒരുമ വര്‍ദ്ധിച്ചു വരും. ജനങ്ങള്‍ക്ക് ഒരുമ ഉണ്ടാവുന്നത് ഓരോ കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഉണ്ടാവുന്ന അഭിപ്രായങ്ങള്‍ ഒരുപോലെ ഉണ്ടാവുന്നതില്‍ നിന്നാണ്. അറിവ് ഉണ്ടാവുമ്പോള്‍ മുഖ്യമായ സംഗതികളില്‍ എല്ലാം അഭിപ്രായങ്ങള്‍ സാമാന്യം ഒരുപോലെതന്നെ ഉണ്ടാവാനേ പാടുള്ളൂ. ഗോവിന്ദന്‍കുട്ടി പറഞ്ഞതുകൊണ്ട് ഇന്ത്യാനിവാസികളെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തി എന്നുമാത്രം ഞാന്‍ പറയുന്നു. എത്ര സത്യവാന്‍മാരെ, ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരെ തന്നെ ഗോവിന്ദന്‍കുട്ടി അറിയും. പിന്നെ പുരാണങ്ങള്‍ പ്രകാരം ഹരിശ്ചന്ദ്രന്‍, അശ്വത്ഥാമാ, ദശരഥന്‍ മുതലായവരെക്കുറിച്ച് വായിച്ചിട്ടില്ലേ? ഇന്ത്യാരാജ്യം അനാദിയായേ സത്യത്തില്‍ ബഹുതൃഷ്ണയും നിഷ്കര്‍ഷയും ഉള്ള രാജ്യമാണെന്നു പലേ സംഗതികളെക്കൊണ്ടും നിശ്ചയിക്കാന്‍ കഴിയുന്നതാണ്. അങ്ങിനെ ഇരിക്കുമ്പോള്‍ ധൃതഗതിയായി സത്യമില്ലാത്തവരാണു നുമ്മള്‍ എന്നു ഗോവിന്ദന്‍കുട്ടി പറഞ്ഞു കളഞ്ഞത് കേട്ട് എനിക്കു വളരെ വ്യസനം തോന്നുന്നു. ഗോവിന്ദന്‍കുട്ടി പറഞ്ഞതും നേരല്ലാ. പഠിപ്പാനും അറിവുകള്‍ കിട്ടുവാനും ഉള്ള ഉത്സാഹം ഇന്ത്യയില്‍ ക്രമേണ വര്‍ദ്ധിച്ചുവരുന്നു എന്നുള്ളതിന് എനിക്ക് സംശയമില്ല. ഇന്ത്യാക്കാര്‍ക്കു ധൈര്യവും ശരീരമിടുക്കും ഇല്ലെന്നോ ഉണ്ടെന്നോ ഇന്ത്യയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തീട്ടുള്ള നേറ്റീവ് പട്ടാളക്കാരെ പോയി നോക്കി അവരുടെ സ്ഥിതി അറിഞ്ഞതിന്റെ ശേഷം പറയേണ്ടതാണ്. ഗോവന്ദന്‍കുട്ടി പക്ഷേ, ഒരു ഭീരുവായിരിക്കാം. മറ്റെല്ലാവരും തന്നെപ്പോലെതന്നെ ഭീരുക്കളാണെന്നു ഭീരുത്വമുള്ളവനു തോന്നുന്നത് സാധാരണയാണ്.   അവമാനകരമായി ഗോവിന്ദന്‍കുട്ടിയാല്‍ പറയപ്പെട്ടിട്ടുള്ള പലേ ബാബുമാരും അയ്യന്മാരും മുതലികളും അവരുടെ ജീവനേയും സര്‍വ്വധനത്തേയും ഇന്ത്യയുടെ അഭ്യുദയത്തിനും ഗുണത്തിന്നും വേണ്ടി ത്യജിപ്പാന്‍ ഒരുക്കമുള്ളവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, ബുദ്ധി കൌശലത്താല്‍ ജയിക്കേണ്ട ദിക്കില്‍ തോക്ക് എടുത്തി വെടിവെച്ചു ജയിക്കേണമെന്നു പറഞ്ഞാല്‍ ആര്‍ കേള്‍ക്കും? ധൈര്യമുണ്ടെങ്കില്‍ പത്തു ബാബുമാരും അയ്യന്മാരും കൂടി ഇംക്ലീഷ് ഗവര്‍മ്മേണ്ടിനു നേരെ യുദ്ധം ചെയ്തു കാണണം എന്ന് ഒരു വിഡ്ഢി പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ? സര്‍ ലഫിന്‍ ഗ്രിഫിന്‍ മുതലായവര്‍ ഇന്ത്യയെക്കുറിച്ചു ദുഷിക്കുന്നതില്‍ ഗോവിന്ദന്‍കുട്ടിക്കു ബഹുരസമാണെന്നു പറഞ്ഞു. അതില്‍ എനിക്കും വളരെ രസമാണ്. യോഗ്യരായ ആളുകള്‍ ശത്രുപക്ഷത്തില്‍ ചേര്‍ന്നു നമ്മളുടെ അവസ്ഥകളെപ്പറ്റി ദുഷിച്ചാല്‍ മത്രമേ നുമ്മള്‍ക്കു നുമ്മളുടെ ഗുണദോഷങ്ങളെ ശരിയായി അറിവാനും ആവശ്യമായ ഭേദങ്ഹളെ ചെയ്വാനും കഴികയുള്ളൂ. ഇവര്‍ സൂക്ഷമത്തില്‍ ഇന്ത്യയ്ക്കു വളരെ ഗുണമാണു ചെയ്യുന്നത് വാചാലന്മാരായ ബാബുമാരും അയ്യരും മുതലിയും ഒരു മുസല്‍മാനോട് എതിര്‍ക്കാന്‍ ശക്തിയില്ല, ഭീരുക്കളാണ്, എന്നും മറ്റും അവമാനമായി എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത് നുമ്മള്‍ക്ക് ചൊടി ഉണ്ടാവാനും നുമ്മടെ ധൈര്യശൌര്യങ്ങളുടെ വര്‍ദ്ധനവിനുമ വിശേഷകാരണങ്ങളായി വരും. അതുകൊണ്ട് അവര്‍ അങ്ങിനെ തന്നെ പറഞ്ഞു കൊള്ളട്ടെ. ഗോവിന്ദന്‍കുട്ടി പറഞ്ഞതിനെല്ലാം ഞാന്‍ ഒരുവിധം സമാധാനം പറഞ്ഞു. എനി കോണ്‍ഗ്രസ്സുകാരുടെ ഉദ്ദേശം എന്താണെന്നു ചുരുക്കമായി ഞാന്‍ പറഞ്ഞ് അച്ഛനെ ധരിപ്പിക്കാം. ഞാന്‍ പറയുന്ന ഉദ്ദേശത്തില്‍ നിന്നു വിട്ടിട്ട് ഈ സഭ നില്ക്കുന്നത് എപ്പോഴെങ്കിലും കാണുന്ന ക്ഷണം ഞാന്‍ അതില്‍ നിന്ന് ഒഴികയും ചെയ്യും. ഇംക്ലീഷ് രാജ്യഭാരം ഈ രാജ്യത്തില്‍ തുടങ്ങിയ മുതല്‍ പലേ നാശങ്ങളും നേരിടുന്നതിനാല്‍ അതുകളെ ഇല്ലായ്മചെയ്വാന്‍ വേണ്ടി വ്യവഹരിപ്പാന്‍ കൂടിയ ഒരു സഭയാണ് ഇത് എന്ന് അച്ഛന്‍ ധരിച്ചതു കേവലം തെറ്റാണ്. ഇംക്ലീഷ് ഗവര്‍മ്മേണ്ടു തുടങ്ങിയമുതല്‍ ഇന്ത്യയ്ക്കു വാചാമഗോചരമായ ഗുണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ആ ഗുണങ്ങളെ എനിയും വര്‍ദ്ധിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ചെയ്വാന്‍ കൂടിയ സഭയാണു കോണ്‍ഗ്രസ്സ് എന്നു പറയുന്ന സഭ. ഇംക്ലീഷ്കാരോളം ബുദ്ധി സാമര്‍ത്ഥ്യം ഉണ്ടായിട്ടു മറ്റൊരു ജാതിക്കാരെ കാണ്മാന്‍ കഴിയുമോ? സംശയം. ഈ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ അവരില്‍ കാണുന്നത് ഒന്നാമതു നീതിജ്ഞത; രണ്ടാമതു നിഷ്പക്ഷപാതിത്വം; മൂന്നാമതു ദയ; നാലാമതു ധീരത; അഞ്ചാമത് ഉത്സാഹം; ആറമതു ക്ഷമ ഇതുകളാണ്. ഇങ്ങിനെ ആറു സാധനങ്ങളെക്കൊണ്ടാണ് ഇംക്ലീഷുകാര്‍ ഇത്ര അധികം രാജ്യങ്ങള്‍ ഈ ലോകത്തില്‍ സ്വാധീനമാക്കി രക്ഷിച്ചു വരുന്നത്. ഇങ്ങിനെ ഉല്‍കൃഷ്ട ബുദ്ധികളായ മനുഷ്യരാല്‍ ഭരിക്കപ്പെടുവാന്‍ സംഗതി വന്നത് ഇന്ത്യയുടെ ഒരു മഹാഭാഗ്യമാണെന്നുള്ളതിന് സംശയമില്ലാ. ഇവരുടെ രാജ്യഭാരം തുടങ്ങിയമുതല്‍ ഇന്ത്യാക്കാര്‍ക്ക് അറിവും വര്‍ദ്ധിച്ചു തുടങ്ങി. ആ അറവിന്നു സദൃശമായ യോഗ്യതകള്‍ ലഭിക്കേണമെന്നുള്ള ഇച്ഛയും ഇന്ത്യാക്കാര്‍ക്കു തുടങ്ങി. ആ ഇച്ഛകളെ നിവര്‍ത്തിപ്പാന്‍ ഇംക്ലീഷുകാരോട് ആവശ്യപ്പെട്ടാല്‍ അവര്‍ ന്യായാനുസൃതമായി ചെയ്യുമെന്നുള്ള പൂര്‍ണ്ണവിശ്വാസം ഞങ്ങള്‍ക്കുണ്ടാകയാല്‍ ആ അപേക്ഷകളെ യുക്തിയുക്തങ്ങളായ സംഗതികളോടുകൂടി ചെയ്വാന്‍ വേണ്ടു ചേര്‍ന്നിട്ടുള്ള സഭയാണു കോണ്‍ഗ്രസ്സ് സഭ. ഇംക്ലീഷുകാര്‍ എല്ലായ്പ്പോഴും എല്ലാം സംഗതികളിലും മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണെന്നുള്ള അഭിപ്രായക്കാരാണ്. ആ അഭിപ്രായം വളരെ സംഗതികളില്‍ മനുഷ്യസമുദായത്തിലെ ക്ഷേമത്തിന്ന് അനുസരിച്ച് അവര്‍ നടത്തിയും വരുന്നുണ്ട്. ഇപ്പോള്‍ ഇംക്ലീഷ് ബിലാത്തിയില്‍ ഒരു മനുഷ്യനും ഏകാശാസനമായി ഒന്നും മറ്റുള്ള മനുഷ്യരെപ്പറ്റി ചെയ്വാന്‍ കഴിയില്ല. ഇംഗ്ലാണ്ടില്‍ ഒരു മനുഷ്യനും തന്റെ ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ചു കുറ്റകരമല്ലാത്ത യാതൊരു പ്രവൃത്തിയും ചെയ്യുന്നതില്‍ മറ്റൊരാളെ ഭയപ്പെടുകയില്ല. ഇതിന്നുള്ള മുഖ്യകാരണം ഇംഗ്ലാണ്ടില്‍ രാജ്യഭരണക്രമം അതിമഹാന്മാരായ ആളുകള്‍ ഏര്‍പ്പെടുത്തിയതിന്റെ ഒരു വിശേഷം തന്നെയാണ്. ആ മാതിരി മുഴിവനും ഒന്നായിട്ടു കിട്ടുന്നില്ലെന്നുള്ള അപേക്ഷയെയാണ് കോണ്‍ഗ്രസ്സ് ചെയ്തു വരുന്നത്. ഇതില്‍ എന്താണ് ഒരു ദോഷം? ഇന്ത്യയില്‍ എന്നുവേണ്ടാ ആഫ്രിക്കയില്‍ ഉള്ള കാപ്പിരി ജാതിക്കാരെക്കൂടി കഴിയുമെങ്കില്‍ ഈ വിധം തന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ മാതിരിയിലുള്ള രാജ്യഭരണത്തില്‍ കൊണ്ടു വന്നാല്‍ നല്ലതാണെന്നു ഞാന്‍ വിചാരിക്കുന്നു. ഇന്ത്യയില്‍ സാധാരണ ജനങ്ങള്‍ത്തും പഠിപ്പും അറിവും നല്ലവണ്ണം എനിയും ഉണ്ടായിട്ടില്ലാത്തതിനാല്‍ ഈ മാതിരി രാജ്യഭരണത്തിന്നു സമയമായിട്ടില്ലെന്നു ചില ദുഷ്ടന്മാര്‍ പറയുന്നുണ്ട്. ഇതുവെറും ദുഷ്ടതയാണ്. രാജ്യഭാരം ഈ അറിവില്ലാത്താളുകള്‍ക്കും സുഖ ദുഃഖങ്ങളെ അറിവാന്‍ കഴിയും. ഇന്ത്യാരാജ്യക്കാര്‍ക്ക് അത് അറിവാന്‍ കഴിയില്ലെന്നു പറയുന്നത് ഭോഷത്വമല്ലേ? മുമ്പേത്തെമാതിരി നാടുവാഴികള്‍ ശിക്ഷാരക്ഷകള്‍ ചെയ്തു വന്നപ്പോള്‍ ഉണ്ടായിരുന്ന സുഖ ദുഃഖങ്ങളും ഇപ്പോഴത്തെ രാജ്യഭാരത്തില്‍ ഉണ്ടാവുന്ന സുഖദുഃഖങ്ങള്‍ ഇന്ത്യയില്‍ ഉള്ള എത്രയോ താണതരം മനുഷ്യര്‍കൂടി മുഖ്യമായ സംഗതികളില്‍ അറിയുന്നു. മനുഷ്യര്‍ പോട്ടെ, ചില മൃഗങ്ങള്‍കൂടി അതുകളെ ദയയോടെ സംരക്ഷിക്കുന്നെന്നും അതിനോടു ക്രൂരതകാട്ടുന്നെന്നും ആളുകളെ വേര്‍തിരിച്ചറിയുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത് മുഖ്യമായി ഈ രാജ്യത്തെ ഭരിക്കുന്നതില്‍ വിദ്യകൊണ്ടും അറിവുകൊണ്ടും ഇംക്ലീഷുകാരോടു സമന്മാരായ ഈ രാജ്യക്കാരെ അധികം ചേര്‍ത്ത് അവരുടെ അഭിപ്രായങ്ങളെ ആലോചിച്ചും അനുസരിച്ചും വേണമെന്നാണ്. ഇതില്‍ എന്താണ് അബദ്ധം? ഇങ്ങിനെ ആയാല്‍ അല്ലേ പ്രജകള്‍ക്ക് അധികം ഗുണം? രാജ്യഭരണ തന്ത്രങ്ങളെ അറിഞ്ഞു നടത്താന്‍ കഴിയുന്നവര്‍ ഉണ്ടെന്നു സമ്മതിക്കുന്നു. അങ്ങിനെ ആളുകളെ ഉണ്ടാക്കിച്ചതും ഇംക്ലീഷ് കാര്‍ തന്നെ. അങ്ങിനെ ഇരിക്കുമ്പോള്‍ പഠിപ്പുള്ള യോഗ്യന്മാരായ ആളുകളെ അവരവരുടെ അവസ്ഥാനുസാരം ഇംക്ലീഷുകാരോടുകൂടി രാജ്യഭരണത്തില്‍ ചേര്‍ത്തു രാജ്യഭാരം ചെയ്യേണമെന്ന് നോം ആവശ്യപ്പെടേണ്ടതല്ലയോ? ഈ വിധം ഉള്ള ഓരോ സംഗതികളെയാണു കോണ്‍ഗ്രസ്സ് മുഖ്യമായി ആലോചിക്കുന്നതും. ഇന്ത്യയില്‍ പഠിപ്പില്ലാത്തവര്‍ പഠിപ്പുള്ളവരെക്കാള്‍ വളരെ അധികം എന്നു സമ്മതിക്കുന്നു. ഇംഗ്ലാണ്ട്, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് മുതലായ രാജ്യങ്ങളിലെ സ്ഥിതിയും ഈ സംഗതിയില്‍ ഇന്ത്യിലെപ്പോലതന്നെയാണ്. സാധാരണ കച്ചവടം, കൃഷി, കൈവേല, കൂലിപ്പണി ഇതുകളെക്കൊണ്ടു കാലക്ഷേപം കഴിക്കുന്ന അധികജനങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളിലും രാജ്യഭാര കാര്യത്തെക്കുറിച്ചുള്ള അറിവ് ഏറയും കുറെയുമായി ഒരുപോലെതന്നെയായിരിക്കും. ദൃഷ്ടാന്തത്തിനു പാര്‍ലിയമെണ്ടു സഭയിലേക്കു മെംബര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലാണ്ടില്‍ ഉണ്ടാവുന്ന കോലാഹലങ്ങള്‍ പോയി നോക്കിയാല്‍ മതിയാവുന്നതാണ്. എന്നിട്ടും പാര്‍ലിയമെണ്ടില്‍ മെംബറായി എത്തിച്ചേരുന്നതു മിക്കവാറും യോഗ്യരായ ആളുകള്‍ തന്നെയാണ്. ഇവിടെ ഒരു സൂക്ഷ്മമാണു വിചാരിക്കാനുള്ളത്. ജനങ്ങള്‍ പൊതുവില്‍ എല്ലാവരും അറിവുള്ളാളുകള്‍ അല്ലെങ്കിലും തങ്ങളുടെ ഇടയില്‍ ഉള്ള അറിവുള്ള മനുഷ്യരുടെ ചൊല്പടിക്കും ഉപദേശത്തിനും അനുസരിച്ചു ക്രമമായ വിധം പ്രവര്‍ത്തിക്കുമെന്ന് ഊഹിക്കേണ്ടതാണ്. ജാതിമതധര്‍മ്മങ്ങളും സ്ത്രീകള്‍ക്കു വിദ്യാഭ്യാസമില്ലായ്മയും മറ്റും കോണ്‍ഗ്രസ്സുകാരുടെ അപേക്ഷകളെ നിരാകരിക്കുന്നതിനു കാരണമായി വരാന്‍ പാടില്ല. ഇന്ത്യാരാജ്യത്തില്‍ നികുതി കെട്ടുക, ജനങ്ങളെ ശിക്ഷാരക്ഷ ചെയ്യുക, രാജ്യശ്രീയെ പോഷിപ്പിക്കുക, ഈ വക പലേവിധമായ രാജ്യഭാര കാര്യ പ്രവൃത്തികളില്‍ ഇന്ത്യാക്കാരെത്തന്നെ അധികം ഉപയോഗിക്കേണ്ടതാണെന്നു നിഷ്പക്ഷപാതികളായ ഇംക്ലീഷുകാര്‍ തന്നെ ബിലാത്തിയില്‍ ഇപ്പോള്‍ പൂര്‍ണ്ണാഭിപ്രായം ഉണ്ടായി.അവര്‍തന്നെ ആ അഭിപ്രായം നടത്തുവാന്‍ പലേശ്രമങ്ങളും ചെയ്തു വരുന്നു. ഇതെല്ലാം കോണ്‍ഗ്രസ്സ് കഴിഞ്ഞ നാലു കൊല്ലങ്ങളില്‍ ചെയ്ത ഉത്സാഹങ്ങളുടെ ഫലമാണെന്നു വിശ്വസിക്കാം. ഇംക്ലീഷ് ഗവര്‍മെണ്ടിന് ഇന്ത്യയില്‍ ഒന്നാമത്തെ രക്ഷ ആ ഗവര്‍മ്മെണ്ടു നിമിത്തം ഉണ്ടായിട്ടുള്ള ഇപ്പോള്‍ കാണുന്ന പഠിപ്പുള്ള ജനങ്ങളാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പഠിപ്പുള്ള ജനങ്ങള്‍ക്കു മാത്രമേ ഇംക്ലീഷ് ഗവര്‍മെണ്ടിന്റെ ഗുണദോഷങ്ങള്‍ വിവരമായി അറിവാന്‍ കഴികയുള്ളൂ. പഠിപ്പില്ലാത്തവര്‍ക്കു സൂക്ഷ്മസ്ഥിതി ഒന്നും അറിവാന്‍ കഴികയില്ലാ. 1857-ല്‍ ഇന്ത്യയില്‍ ഉണ്ടായ അതിഭയങ്കരമായ ലഹള ആമാതിരിയുള്ള കാരണങ്ങളിന്മേല്‍ എനി ഒരു പ്രാവശ്യം ഇന്ത്യയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ലെന്നു ഞാന്‍ വിചാരിക്കുന്നു. ഇങ്ങിനെ ഉണ്ടാവാന്‍ പാടില്ലെന്നു ഞാന്‍ വിചാരിക്കുന്നതിന് മുഖ്യകാരണം ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന പഠിപ്പും അറിവും നിമിത്തമാണെന്നു ഞാന്‍ പറയുന്നു. പട്ടാളങ്ങള്‍ അധികരിപ്പിച്ചതിനാലും കോട്ടകള്‍ അധികം ഉണ്ടാക്കിയതിനാലും മറ്റും അല്ല ഇങ്ങിനെ ഇംക്ലീഷ് ഗവര്‍മേണ്ടിന് ഇന്ത്യയില്‍ ബലം വര്‍ദ്ധിപ്പിച്ചത്. ഒരു ഗവര്‍മെണ്ടിന്റെ ബലം അതിന്റെ പ്രജകളുടെ അറിവിലും പഠിപ്പിലും സ്നേഹത്തിലും നിന്ന് ഉത്ഭവിച്ചു വര്‍ദ്ധിച്ചു വരണം. അല്ലാതെ ഉണ്ടാവുന്ന ബലം നിലനില്ക്കുന്ന ബലമല്ല. 1857-ല്‍ മൃഗങ്ങളുടെ ശവത്തില്‍ നിന്ന് എടുത്ത നെയ്യ് പെരട്ടി വെടിമരുന്നു തിരകള്‍ കടിപ്പിച്ചു പട്ടാളക്കാരുടെ ജാതി കളവാന്‍ പോവുന്നു എന്ന് ഉണ്ടാക്കിയ ആ കിംവദന്തി എത്ര ക്ഷണം കാട്ടുതീ പോലെ രാജ്യത്ത് എല്ലാം പരന്നു. എത്ര ക്ഷണേന ജനങ്ങള്‍ വിശ്വസിച്ചു. ഇംക്ലീഷ് ഗവര്‍മെണ്ട് അങ്ങിനെ ദുഷ്ടതയായി പ്രവര്‍ത്തിക്കുന്ന ഒരു ഗവര്‍മെണ്ടല്ലെന്നു പറഞ്ഞ് സാധാരണ ജനങ്ങളെ ധരിപ്പിക്കാന്‍ അന്ന് അറിവുള്ളവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമായിപോയതിനാല്‍ ദുഷ്ടന്മാരുണ്ടാക്കിതീര്‍ത്ത ഈ ഭോഷ്ക് ക്ഷണേന ജനങ്ങള്‍ വിശ്വസിച്ചു. ഇക്കാലം ഇംക്ലീഷ് ഗവര്‍മെണ്ടിനെ കൊണ്ട് ഇങ്ങിനെ ഒരു നുണ പറഞ്ഞാല്‍ എത്ര ക്ഷണം അതു കളവാണെന്നു ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടും. ഇതിന് എന്തു കാരണം? ജനങ്ങളുടെ ഇടയില്‍ ഇംക്ലീഷ് ഗവര്‍മെണ്ടിന്റെ സൂക്ഷ്മതത്വങ്ങള്‍ അറിയുന്ന പലരും ഇപ്പോള്‍ ഇന്ത്യയില്‍ പലേടങ്ങളിലും ഉണ്ടാകയാല്‍ ഈവക നുണകള്‍ ഒന്നും പരക്കാന്‍ അവര്‍ സമ്മതിക്കുകയില്ല. ഇതു തന്നെ കാരണം. ഇങ്ങിനെയാണു കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി. എന്നിട്ടും ദുഷ്ടന്മാരായ അല്പം ചില മനുഷ്യര്‍ ഇംക്ലീഷ് ഗവര്‍മെണ്ടിനെ അസത്യമായി ദുഷിക്കുന്നതുകൊണ്ടു പഠിപ്പുള്ള എല്ലാവരും ഇംക്ലീഷ് ഗവര്‍മെണ്ടിനോടു വിരോധമാണെന്ന ഒരു ധാരണ ഉണ്ടായിത്തീരുന്നതു കണ്ടു ഞാന്‍ വ്യസനിക്കുന്നു. ഇംക്ലീഷുകാരെ നുമ്മള്‍ ന്യാമല്ലാതെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യേണമെന്നു യോഗ്യന്മാരായ ഇംക്ലീഷുകാര്‍ ആരും ആവശ്യപ്പെടുന്നില്ല. രാജ്യത്ത് ഇപ്പോള്‍ ഉള്ള ഗവര്‍മെണ്ടു തന്നെ മതി എന്ന് അച്ഛന്‍ പറയുന്നതില്‍ ഞാന്‍ യോജിക്കുന്നില്ല. ഇംക്ലീഷുകാരെപ്പോലെകന്നെ വിദ്യാഭ്യാസം ചെയ്ത നുമ്മള്‍ക്കു സാമര്‍ത്ഥ്യവും യോഗ്യതയും ഉണ്ടായ ശേഷം നുമ്മള്‍ സാധാരണ മനുഷ്യസ്വാഭാവത്തിന്ന് അനുസരിച്ച് ആ യോഗ്യതാനുസരണം ഓരോ സ്ഥിതികളില്‍ ഇരിപ്പാന്‍ കാംക്ഷിക്കുന്നതു തെറ്റാണെന്നു പറയുന്നതു നീതിയല്ല. ദുഷ്ടന്മാരല്ലാതെ ഇതു തെറ്റാണെന്ന് ആരു പറയും? ഇംക്ലീഷ് ബിലാത്തിയില്‍ മുക്കാലേ മൂന്നു വീശവും ജനങ്ങള്‍ക്ക് ഈ കോണ്‍ഗ്രസ്സിനെ വളരെ ബഹുമാനമാണ് ഉള്ളത്. ഇപ്പോള്‍ ഇംക്ലീഷ് പഠിച്ച് ഉയര്‍ന്ന തരം പരീക്ഷകള്‍ ജയിച്ചു രാജ്യഭാരതന്ത്രത്തില്‍ പരിശ്രമിച്ച് അതില്‍ സമര്‍ത്ഥന്മാരായി ഇംക്ലീഷുകാരോടു സമന്മാരായിരിക്കുന്ന നുമ്മളുടെ ആളുകള്‍ തങ്ങളുടെ ശ്ലാഘ്യതയ്ക്കനുസരിച്ച പദവിക്കു ഗവര്‍മെണ്ടോടാവശ്യപ്പെടുമ്പോഴും. ഇന്ത്യാരാജ്യത്ത് ഇപ്പോള്‍ നടക്കുന്ന രാജ്യഭാരക്രമങ്ങളില്‍ ജനസമുദായത്തിന്റെ ഗുണത്തില്‍ ചില ചില ഭേദങ്ങള്‍ ചെയ്യേണമെന്നു പറയുമ്പോഴും. ദാരിദ്ര്യ ദശയില്‍ എത്താന്‍ പോവുന്ന ഒരു രാജ്യത്തിലെ പണം ഗവര്‍മെണ്ടു ചിലവിടുന്നതിലും പണം എടുപ്പിക്കുന്നതിലും ഇപ്പോള്‍ വെച്ചിട്ടുള്ള ശട്ടവട്ടങ്ങളില്‍ ചില ചില ഭേദങ്ങള്‍ ചെയ്യാതിരുന്നാല്‍ അത് രാജ്യത്തിന്നു നാശകരമായി വരുമെന്നു യുക്തിയുക്തങ്ങളായ സംഗതികളോടുകൂടി രാജ്യത്തില്‍ പ്രമാണപ്പെട്ടും ജനസമ്മതന്മാരായും ഉള്ള പഠിപ്പുള്ളവര്‍ ഒരു സഭയായി കൂടി ഗവര്‍മെണ്ടിനോടു പറയുമ്പോഴും.  എല്ലാം ജാതി ഒന്നല്ലാ. ഒന്നാമതു ജാതി ഒന്നാക്കിന്‍. രാണ്ടാമതു നിങ്ങളുടെ പെണ്ണുങ്ങളെ വിദ്യ പഠിപ്പിക്കിന്‍. തീനും കുളിയും ആചാരങ്ങളും പഴേ മാതിരിയുള്ളതെല്ലാം കളയുവിന്‍. ഇരുമ്പു ചക്രങ്ങളും തുരിശും ഉണ്ടാക്കാന്‍ പഠിക്കിന്‍. എന്നിട്ട് ഈ സംഗതിയെക്കുറിച്ചു സംസാരിച്ചാല്‍ മതി. ഗോവിന്ദന്‍കുട്ടിയെപ്പോലെയുള്ള വിഡ്ഢികള്‍ മറുവടി പറയുന്നതായാല്‍ അതു നിസ്സാരമായ മറുവടിയാണെന്ന് അച്ഛനുതന്നെ തോന്നുകയില്ലയോ? ഗോവിന്ദന്‍ കുട്ടിമേനോന്‍: മാധവന്‍ ഇപ്പോള്‍ പറഞ്ഞമാതിരിയാണു കോണ്‍ഗ്രസ്സിന്റെ സ്വഭാവമെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ അധികം ഭാഗവും തെറ്റാണെന്നു ഞാന്‍ സമ്മതിക്കാം. എന്നാല്‍ സൂക്ഷ്മസ്ഥിതി അങ്ങിനെയല്ല എന്നു ഞാന്‍ വിചാരിക്കുന്നു. കോണ്‍ഗ്രസ്സുകാരുടെ പലേ പ്രസംഗങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ആ പ്രസംഗങ്ങളില്‍ മുക്കാലേമൂന്നു വീശവും ഇപ്പോഴുള്ള ബ്രട്ടീഷ് ഗവര്‍മ്മേണ്ടിനെ വളരെ സ്നേഹത്തോടും പ്രേമത്തോടും ശ്ലാഘിച്ചതായി ഞാന്‍ കണ്ടിട്ടില്ല. അതുകള്‍ വായിച്ചപ്പോള്‍ ഇംക്ലീഷുകാരോടു സഭക്കാര്‍ക്ക് ഒരു വെറുപ്പ് ഉള്ളതുപോലെ തോന്നി.
മാധവന്‍
അതു ഗോവിന്ദന്‍കുട്ടി വായിച്ചു മനസ്സിലാത്തിയെടത്തെ തെറ്റാണ്. ഇംക്ലീഷുകാരെ വെറുത്തിട്ടാണെങ്കില്‍ ഇപ്പോള്‍ ബിലാത്തിയില്‍ ഈ കോണ്‍ഗ്രസ്സിനെ ഇത്ര ബഹുമാനമുണ്ടാവുമോ? ഗോവിന്ദന്‍കുട്ടി മേനോന്‍: ബിലാത്തിയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി അറിവില്ലാത്തവര്‍ക്കേ അതിനെപ്പറ്റി ബഹുമാനമുള്ളൂ. ലോര്‍ഡ് ഡഫ്രീന്‍ മുതലായ മഹാന്മാര്‍ക്കു കോണ്‍ഗ്രസ്സിനെ ബഹു പുച്ഛമാണ്.
മാധവന്‍
ഒരിക്കലും അല്ല എന്നാല്‍ ഞാന്‍ മുമ്പു പറഞ്ഞ പ്രകാരം ചില ധൃതഗതിക്കാരുടെ തുമ്പില്ലാത്ത പ്രസംഗങ്ങളാലും മറ്റും ലോര്‍ഡ് ഡപ്രീനു കുറെ മുഷിച്ചില്‍ ഉണ്ടായി എങ്കിലും കോണ്‍ഗ്രസ്സിനെ ഞാന്‍ പറഞ്ഞവിധമുള്ള സ്ഥിതിയില്‍ ലോര്‍ഡ് ഡപ്രീനു വളരെ ബഹുമാനമാണ് ഉള്ളത് എന്നു ഞാന്‍ വിചാരിക്കുന്നു. അധികം ഗുണങ്ങള്‍ കിട്ടാന്‍ വേണ്ടി അതുവരെ കിട്ടിയ ഗുണങ്ങള്‍ ഒന്നും സാരമില്ലെന്ന് ഒരുവന്‍ തന്റെ യജമാനനോട് പറയുമ്പോള്‍ അദ്ദേഹത്തിന് സുഖക്കേടു ഉണ്ടാവുന്നത് മനുഷ്യസ്വഭാവമല്ലേ? ഇത്രമാത്രമേ ലോര്‍ഡ് ഡപ്രീന്‍ മുതലായ പ്രഭുക്കള്‍ക്ക് അനിഷ്ടമുള്ളൂ. ഇന്ത്യയിലെ നിവാസികളില്‍ യോഗ്യരായ ആളുകളെ രാജ്യഭാരകാര്യങ്ങളില്‍ ഇപ്പോള്‍ ഉള്ളതില്‍ അധികം പ്രവേശിപ്പിച്ചു പരിശ്രമിപ്പിക്കേണമെന്നുതന്നെയാണ് യോഗ്യരായ സകല ഇംക്ലീഷുകാരുടെയും അഭിപ്രായം. ലോര്‍ഡ് ഡപ്രീനും ഇതുതന്നെയാണ് അഭിപ്രായം. അങ്ങിനെ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് അവര്‍ക്ക് അനിഷ്ടമായി വരാന്‍ പാടില്ലാ. എന്നാല്‍ ഞാന്‍ പറഞ്ഞ സ്ഥിതിയില്‍ നിന്നു കോണ്‍ഗ്രസ്സ് വിട്ട് അനാവശ്യമായും അസത്യമായും ബ്രിട്ടീഷ് ഗവര്‍മെണ്ടിനെ നന്ദിക്കുന്ന കാലം ഞാന്‍ കോണ്‍ഗ്രസ്സിന്റെ ഒരു സ്നേഹിതന്‍ ആയിരിക്കില്ല, നിശ്ചയം. സര്‍ ഓക്ലണ്ട് കൊള്‍വിന്‍ സായ്വവര്‍കള്‍കളുടെ കത്തില്‍ പറയുന്ന പ്രകാരമുള്ള ചീത്തയായ നടവടികള്‍ ഈ സഭയ്ക്ക് എനിയും ഉണ്ടാവുന്നുണ്ടെങ്കില്‍ അതു സഭയുടെ അധഃപതനത്തിന്റെ ഹേതുവായി വരുമെന്നു ഞാന്‍ വിചാരിക്കുന്നു.
ഗോവിന്ദപ്പണിക്കര്‍
നേരം കുറെ അധികമായി എന്നു തോന്നുന്നു. എനിക്ക് ഉറക്കു വരുന്നു. അങ്ങിനെ തന്നെ മാധവനും ഗോവിന്ദന്‍കുട്ടി മേനവനും പറഞ്ഞ് ഉറങ്ങുകയും പിറ്റേദിവസത്തെ വണ്ടിക്കു ബൊന്പായില്‍ നിന്നു മലയാളത്തിലേക്കു പുറപ്പെടുകയും ചെയ്തു.