close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്


കൊച്ചമ്പ്രാട്ടി: ഇരുപത്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

തിരിച്ചുള്ള യാത്രയിൽ പദ്മിനി സന്തുഷ്ടയായിരുന്നു. തിരുമേനിയോട് സ്വന്തം അച്ഛനോടെന്ന പോലെ ഒരടുപ്പം തോന്നി. മുജ്ജന്മങ്ങളിലേതെങ്കിലും ഒന്നിൽ അങ്ങിനെയായിരിക്കണം. അദ്ദേഹത്തിന് തന്നോടുള്ള വാത്സല്യം ഒരു കുളിർകാറ്റായി പിൻതുടരുന്നു. തിരുമേനി എന്തെങ്കിലും ചെയ്യാതിരിക്കില്ല. കുറച്ചു കാലത്തെ ഇടയെങ്കിലും കിട്ടിയാൽ രക്ഷപ്പെട്ടു. അമ്മയുടെ കാലം കഴിയുന്നതുവരെയെങ്കിലും. പിന്നെയോ? ആ ചോദ്യം ഉത്തരമില്ലാതെ കിടക്കട്ടെ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടണമെന്ന നിർബ്ബന്ധം പിടിക്കുന്നതെന്തിനാണ്.

അമ്മയെ ഉമ്മറത്തു കണ്ടില്ല. അടുക്കളയിൽ എന്തെങ്കിലും പണിയെടുക്കുകയായിരിക്കും. കഞ്ഞികുടിച്ചുവോ ആവോ. ഉണ്ടാവില്ല. തന്നെ കാത്തിരുന്നിട്ടുണ്ടാവും. എട്ടര മണിയ്ക്ക് ബസ്സ് സ്റ്റോപ്പിലെത്തണമെന്നതുകൊണ്ട് ഭക്ഷണമെല്ലാം വന്നിട്ടാവാമെന്നു വിചാരിച്ചു. അമ്മ അടുക്കളയിലുമുണ്ടായിരുന്നില്ല. അവർ എഴുന്നേറ്റിട്ടില്ലെന്നു മനസ്സിലായി.

‘എന്തു പറ്റീ അമ്മേ, എന്താ കെടക്കണത്?’

കിടയ്ക്കയിലിരുന്ന് അമ്മയുടെ കൈ തടവിക്കൊണ്ട് അവൾ ചോദിച്ചു.

‘വയ്യ.’ ക്ഷീണിച്ച സ്വരം.

‘ഞാൻ വേഗം കഞ്ഞി കൊണ്ടരാം. തിരുമേനി നന്ദൻമേനനോട് സംസാരിക്കാംന്ന് പറഞ്ഞിട്ട്ണ്ട്. എല്ലാം ശരിയാവും അമ്മേ.’

അവൾ അടുക്കളയിൽ പോയി ഒരു കുണ്ടൻ പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി കൊണ്ടുവന്നു.

‘അമ്മേ എണീക്കു.’

മറുപടി ‘വയ്യ’ എന്ന ഒറ്റ വാക്കു മാത്രം.

‘ഈശ്വരാ!’ അവൾ പേടിച്ചിരുന്ന കാര്യങ്ങൾ ഇത്ര വേഗം അടുത്തെത്തിയോ? അവൾ അമ്മയുടെ കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അമ്മ എഴുന്നേൽക്കുന്നില്ല. അവൾ കട്ടിലിൽ ഇരുന്ന് അമ്മയുടെ തല മടിയിലേയ്ക്കു വച്ചുയർത്തി സ്പൂണുകൊണ്ട് കഞ്ഞി ഒഴിച്ചുകൊടുത്തു. തിരുമേനിയുമായുണ്ടായ സംസാരം മുഴുവൻ വിവരിച്ചു. ഒരു പ്രതികരണവും ഇല്ല. ഒന്നും അമ്മയുടെ മനസ്സിൽ ഏശാത്തപോലെ.

ഒഴിഞ്ഞ കഞ്ഞിക്കിണ്ണം അടുക്കളയിൽ കൊണ്ടുപോയിവച്ച് അവൾ നിലത്ത് വെറുതെ ചുമരും ചാരി ഇരുന്നു. അടുപ്പിൽ കനൽ ചാരത്തിന്നടിയിൽ താഴ്ന്നു പോയിരുന്നു. ഇടയ്‌ക്കൊരു കാറ്റ് വാതിലിൽക്കൂടി കടന്നു വരുമ്പോൾ അത് തിളങ്ങും. കുറേ നേരം അതും നോക്കിയിരുന്നപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി. എങ്ങിനെയാണ് കരയുകയെന്ന് താൻ മറന്നിരിക്കുന്നു.

തിരുമേനി തന്ന കവർ ഓർമ്മ വന്നു. വന്ന ഉടനെ അമ്മയെ അന്വേഷിച്ചതു കാരണം അതു തുറന്നു നോക്കാൻ പറ്റിയില്ല. അവൾ എഴുന്നേറ്റ് അകത്തുപോയി കവർ എടുത്തു തുറന്നു. പത്തിന്റെ പത്തു നോട്ടുകൾ. നൂറുറുപ്പിക. എന്തിനാണ് തിരുമേനി അത്രയും പണം തന്നത്. ഏതായാലും ഒരു മാസത്തെ ചിലവിന് അതു മതിയാവും.

അവൾ വേലിക്കൽ നിന്ന് നീലിയെ വിളിച്ച് കേശവൻ വൈദ്യരെ വിളിക്കാൻ ആവശ്യപ്പെട്ടു. അറുമുഖനോ ചാത്തയോ പണികഴിഞ്ഞ് എത്തുമ്പോൾ ആറുമണിയെങ്കിലും ആവും. അത്രയും വൈകിക്കണോ? പോരാത്തതിന് അത്രയും വൈകിയാൽ വൈദ്യർ ഇന്നു വരുകയുണ്ടാവില്ല. വയസ്സായില്ലേ. കാഴ്ചക്കുറവുമുണ്ട്.

‘വല്ല്യാമ്പ്രാട്ടിയ്ക്ക് എന്തു പറ്റീ?’

‘അറീല്ല. അമ്മ കെടക്ക്വന്ന്യാണ്. വൈദ്യരെ ഇപ്പത്തന്നെ വിളിച്ചുകൊണ്ടരു.’

ഉച്ചയ്ക്കു ശേഷം കേശവൻ വൈദ്യർ വന്ന് അമ്മയെ പരിശോധിച്ചു. നാഡി പിടിച്ചുനോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു

‘എന്താ മനസ്സിന് വല്ല വെഷമുംണ്ടായോ അമ്മയ്ക്ക്? എന്തെങ്കിലും കാര്യത്തില് വേവലാതിപ്പെട്വോ മറ്റൊ ചെയ്‌തോ?’

‘മനസ്സിന് വെഷമല്ല്യാത്ത ഏത് കാലാണ് അമ്മയ്ക്ക്ണ്ടായിട്ട്ള്ളത്? ആവലാതി പറയണ സ്വഭാവം പണ്ടും ഇല്ലല്ലോ. എല്ലാം മനസ്സില് വെച്ച് പൊകയ്ക്കും.’

‘അതാണ് പ്രശ്‌നം. അങ്ങനത്തോരടെ സ്ഥിതി കഷ്ടാ. മറിച്ച് കൊറേ ആവലാതിപ്പെട്ടാൽ അതോടെ കഴിഞ്ഞു. എന്തായാലും ഞാനൊരു കഷായം എഴുത്ണ്ണ്ട്. ഒരു ഗുളികീം. ഗുളിക ഒരൗൺസ് കഷായത്തില് ചാലിച്ച് മൂന്ന് നേരം കൊടുക്കണം. കഷായം തയ്യാറായതന്നെ വൈദ്യശാലേല് വാങ്ങാൻ കിട്ടും. കൊറച്ച് കാലം പിടിക്കും ശരിയായി വരാൻ. ആശ്പത്രീല് കൊണ്ടോയാൽ കൊറച്ചുംകൂടി വേഗത്തില് ശര്യായി കിട്ടും. ഇവിടെ അതിനൊക്കെള്ള ആളുംമാളുംണ്ടോന്നറിഞ്ഞൂടാ.’

പദ്മിനി ഒരു നീണ്ട യുദ്ധത്തിനു തയ്യാറായി നിന്നു. അറുമുഖൻ വന്നാൽ വൈദ്യശാലയിലേയ്ക്കു പറഞ്ഞയക്കണം. നീലിയ്ക്കു പോവാൻ പറ്റില്ല. അവൾ പരമാവധി പോയിട്ടുള്ളത് തെക്കേ വെട്ടുവഴിയിലേയ്ക്കാണ്. അവിടെ പൂസ്ലാത്തികൾ കായൽത്തട്ടിൽനിന്ന് വാരിയെടുത്ത കക്ക വിൽക്കാൻ വെച്ചിട്ടുണ്ടാവും. മത്തി വാങ്ങാൻ അങ്ങോട്ടു പോകണ്ട ആവശ്യമില്ല. മീൻകാരൻ മാപ്പിള നാലു മണിയോടുകൂടി പാളച്ചെരിപ്പുമിട്ട് കൊട്ടയും തലയിലേറ്റി കൂക്കിക്കൊണ്ട് വരമ്പിലൂടെ ഓടുന്നുണ്ടാവും. ആ കൂക്ക് വളരെ ദൂരെനിന്നു കേൾക്കും. അതു കേട്ടാൽ സ്ത്രീകൾ ചട്ടിയുമായി വീട്ടിന്റെ പുറത്തിറങ്ങി നിൽക്കും. പിന്നെ നീലി പുറത്തിറങ്ങുക ഞാറ് നടാനും, കൊയ്യാനും മാത്രമാണ്. അതാകട്ടെ മറ്റു പെണ്ണുങ്ങളുടെ ഒപ്പമാണ്. അവൾ ഒരിക്കൽപ്പോലും ടൗണിൽ പോയിട്ടില്ല.

നാളെ ഞായറാഴ്ചയാണ്. അറുമുഖൻ അച്ഛനേയും കൂട്ടി ഏത്തമുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. അതിന് എന്തെങ്കിലും സാധനങ്ങൾ വാങ്ങേണ്ടി വരുമോ എന്നറിയില്ല. എന്തായാലും തിരുമേനി തന്ന പണം ഉണ്ടല്ലോ.

സന്ധ്യയ്ക്ക് വിളക്കു കൊളുത്തുന്നതിനുമുമ്പ് പദ്മിനി ഒരു മൊന്തയിൽ വെള്ളമെടുത്ത് അമ്മയുടെ മുഖം നനച്ചുകൊടുത്തു. ഒരു തോർത്തെടുത്ത് തുടച്ച ശേഷം ഭസ്മമെടുത്ത് നെറ്റിയിൽ തൊടീച്ചു. വിളക്കു കൊളുത്തി അവൾ അമ്മ കിടക്കുന്നിടത്തു കാണിച്ചു. ദീപം, ദീപം എന്നുരുവിട്ടുകൊണ്ട് അവൾ നിലവിളക്കുമായി അറയകത്തുപോയി പരദേവതകളെ വെളിച്ചം കാണിച്ചു. പൂജയും നിവേദ്യവും ഒന്നുമില്ല ഇപ്പോൾ. അവർ മുടങ്ങാതെ വിളക്കു കാണുകയെങ്കിലും ചെയ്യട്ടെ. ഉമ്മറത്തെത്തിയപ്പോൾ അറുമുഖൻ മുറ്റത്തു നിൽക്കുകയാണ്. വിളക്കു കണ്ടപ്പോൾ അവൻ തൊഴുതു. അവൾ തുളസിത്തറയിൽ തിരിവച്ച് വിളക്ക് കോലായിൽ നടുവിലായി വച്ചു.

‘അമ്മ കെടപ്പിലായീന്നാ തോന്നണത്.’

‘തീരെ എണീക്കാൻ വയ്യേ?’

‘ങൂംങും.’

‘മര്ന്ന് വാങ്ങിക്കൊണ്ടരാം. വൈദ്യശാലക്കാര് നേരത്തെ കട അടയ്ക്കും.’

‘ശരി. തിരുമേനിടെ അവിടെ പോയ വിശേഷങ്ങളൊക്കെ വന്നിട്ട് പറയാം.’

പദ്മിനി രാത്രി കുറേ നേരം ഉറങ്ങാതെ കിടന്നു. അമ്മ ഉറങ്ങുകയാണ്. അമ്മയെ സംബന്ധിച്ചേടത്തോളം ഇനി പ്രശ്‌നങ്ങളൊന്നുമില്ല. അല്ലെങ്കിൽ പ്രശ്‌നങ്ങളെപ്പറ്റി അവർ ബോധവതിയാവുന്നില്ല. അത്രയും നല്ലത്. അല്ലെങ്കിൽ താനും അതിനെപ്പറ്റി ഇത്ര ആലോചിച്ചിട്ടെന്തു കിട്ടാനാണ്? അറുമുഖന് തിരുമേനിയെ നല്ല വിശ്വാസമാണ്. അദ്ദേഹം നന്ദൻമേനോനോട് പറഞ്ഞ് കാര്യങ്ങൾ ശരിയാക്കുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. തിരുമേനിയ്ക്ക് അങ്ങിനെ പല അമാനുഷിക കഴിവുകളുമുണ്ടെന്ന് അവൻ പറഞ്ഞു. ഇല്ലത്ത് പാമ്പുകൾക്ക് യഥേഷ്ടം മുറികൾക്കുള്ളിലൊക്കെ കടക്കാമത്രെ. സ്വന്തം കുട്ടികളോടെന്നപോലെയാണ് അദ്ദേഹം അവരോടൊക്കെ പെരുമാറുന്നത്. മനയ്ക്കൽനിന്ന് ആർക്കും ഒരു സാധനവും കട്ടു കൊണ്ടുപോവാൻ പറ്റില്ല. ശ്രമിച്ചാൽ മുമ്പിൽ പാമ്പുകൾ പ്രത്യക്ഷപ്പെടും. അനങ്ങാൻ സമ്മതിക്കില്ല. രാത്രിയാണെങ്കിൽ രാവിലെ തിരുമേനി ഉണർന്ന് വരുന്നതുവരെ കട്ട മുതലുമായി അവിടെ നിൽക്കേണ്ടിവരും.

രാവിലെ കുളി കഴിഞ്ഞ് മുണ്ടുടുത്ത് ഉമ്മറത്തെ വാതിൽ തുറന്ന് കോലായിലേയ്ക്കു കടന്നപ്പോഴാണ് പടികടന്ന് നന്ദൻമേനോൻ വരുന്നത് കണ്ടത്? അറുമുഖൻ പറഞ്ഞ മാതിരി സംഭവിച്ചുവോ? ഇത്ര നേരത്തെ?

അയാൾ പടിമേൽ ചെരിപ്പഴിച്ചുവച്ച് ഉമ്മറത്തു കയറി.

‘അമ്മയെ ഒന്ന് വിളിക്ക്യോ?’

‘ഇരിക്കൂ.’ മുഖത്ത് ശത്രുതയൊന്നും കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് പദ്മിനി പറഞ്ഞു. ‘അമ്മ കെടക്ക്വാണ്, എണീക്കാൻ പറ്റുംന്ന് തോന്ന്ണില്ല.’

‘എനിക്കൊന്ന് കണ്ടൂടെ?’

പദ്മിനി സംശയിച്ചു.

‘ഇന്നലെ നിങ്ങള് വന്ന് പോയതിന് ശേഷാ അമ്മയ്ക്ക് തീരെ വയ്യാതായത്. ഇനീം ഇന്ന് വീണ്ടും കണ്ടാൽ എങ്ങന്യാവുംന്നറിയില്ല.’

‘ഇല്ല, ഞാൻ ഒന്നും പറയ്ണ്‌ല്യ. ഒന്ന് കണ്ട് ഈ ആധാരം അങ്ങട്ട് ഏല്പിക്ക്യേ വേണ്ടു.’

നന്ദൻമേനോന്റെ കയ്യിലുള്ള പത്രക്കടലാസ്സിൽ പൊതിഞ്ഞ കടലാസുകെട്ട് അവൾ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.

‘വരു.’

അയാൾ കിടപ്പറയ്ക്കു മുമ്പിൽ സംശയിച്ചു നിന്നു. പദ്മിനി അകത്തുപോയി അമ്മയുടെ മേൽമുണ്ട് ശരിയാക്കി പറഞ്ഞു. ‘അമ്മേ, നന്ദൻമേനോൻ ആധാരം കൊണ്ട് വന്നിട്ട്ണ്ട്, ഒന്ന് കാണണംത്രെ.’

അയാൾ അകത്തു കടന്നു. കട്ടിലിൽ കിടക്കുന്ന രൂപത്തെ കണ്ടപ്പോൾ അയാൾക്ക് വിഷമമായി. അയാൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പണം കടം കൊടുക്കുന്നത് അയാളുടെ കച്ചവടമാണ്. അതിനിടയിൽ ആൾക്കാരോട് വൃത്തികേടായി പെരുമാറേണ്ടിവരാറുണ്ട്. അത്രയൊക്കെയേ ഉദ്ദേശിച്ചുള്ളു.

‘പാർവ്വതിയമ്മേ, ഇതാ നിങ്ങടെ ആധാരം കൊണ്ടന്ന്ട്ട്ണ്ട്.’

അയാൾ നീട്ടിയ ആധാരം വാങ്ങാൻ കഴിയാതെ അവർ മകളെ നോക്കി.

‘അമ്മയ്ക്ക് കൈ പൊന്തിക്കാൻ വെഷമംണ്ട്ന്ന് തോന്നുണു.’ പദ്മിനി പറഞ്ഞു.

അയാൾ ആധാരം പദ്മിനിയ്ക്ക് നീട്ടി.

‘ഇതാ ഇത് ആധാരം, ഇത് പ്രോനോട്ടാണ്. രണ്ടും തിരിച്ച് തര്വാണ്. എന്നെങ്കിലും നിങ്ങക്ക് കഴിവ്ണ്ടാവ്വാണെങ്കില് പണം തിരിച്ച് തന്നേയ്ക്ക്. രണ്ടായിരം ഉറുപ്പിക്യാണ്. പലിശ്യൊന്നും വേണ്ട. മൊതല്തന്നെ ഞാൻ നിർബ്ബന്ധിക്ക്ണില്ല.’ അയാൾ പാറുവമ്മയോട് പറഞ്ഞു. ‘സമാധാനായി ഇരിക്കു. ഞാൻ എന്തെങ്കിലും വിധത്തിൽ ശല്യപ്പെടുത്തീട്ട്‌ണ്ടെങ്കിൽ ക്ഷമിക്കണം.’

അയാൾ അവരെ തൊഴുത് പുറത്തിറങ്ങി.

‘മോളെ, ഒന്നും വിചാരിക്കര്ത്. ഇതിന്റെ പേരിൽ ഞ്ഞി എന്നെ ശപിക്ക്യൊന്നും അര്ത്. ഞാൻ പോട്ടെ?’

പദ്മിനി തലയാട്ടി. ആധാരവും പ്രോനോട്ടും കയ്യിൽ പിടിച്ച് അവൾ ഉമ്മറത്തുതന്നെ നിന്നു. അറുമുഖൻ പറഞ്ഞതുപോലെത്തന്നെ ആയി കാര്യങ്ങൾ. അവൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പരമാവധി, കടം വീട്ടാൻ കുറച്ച് സമയം കിട്ടും എന്നേ കരുതിയുള്ളൂ. അവൾ തിരുമേനിയെ മനസ്സുകൊണ്ട് പ്രണമിച്ചു.

അറുമുഖൻ വീട്ടിന്റെ പിന്നിൽ നിന്ന് വരുന്നുണ്ടായിരുന്നു. നന്ദൻമേനോൻ പടിയിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അവൻ പദ്മിനിയോട് ആംഗ്യത്തിൽ എന്താണുണ്ടായത് എന്നു ചോദിച്ചു.

‘അറുമുഖൻ പറഞ്ഞ പോലെത്തന്നെ, അയാള് ആധാരോം പ്രോനോട്ടും കൊണ്ടന്നു, പണം ഉള്ളപ്പൊ തന്നാമതീന്ന് പറഞ്ഞു. പലിശയൊന്നും വേണ്ടാത്രെ.’

അറുമുഖന് അദ്ഭുതമൊന്നുമുണ്ടായില്ല. തിരുമേനി അതും അതിലപ്പുറവും ചെയ്യാൻ പ്രാപ്തനാണെന്ന് അവന്നറിയാം.

‘അച്ഛൻ വന്നിട്ട്ണ്ട്. ഞങ്ങള് ഏത്തംണ്ടാക്കണ പണീലാ. കാല് നാട്ടാൻ നാല് മൊള വെട്ടണം. ബാക്കിയൊക്കെ വെറക്‌പൊരേല്ത്തന്നെണ്ട്. അച്ഛനാ പറഞ്ഞത് എല്ലാം ഇവ്‌ടെ കാണുംന്ന്. ഏത്തക്കൊട്ട പത്തായപ്പൊരേല്ണ്ടാവുംന്ന് പറഞ്ഞു. അതും നോക്കണം. ഞാൻ വീട്ടീപ്പോയി കൊറച്ച് ചൂടിക്കയറ് എടുത്ത് കൊണ്ടരാം.’

പദ്മിനി ഉമ്മറത്തുകൂടെ മുററത്തേയ്ക്കിറങ്ങി കുളക്കരയിലേയ്ക്കു നടന്നു. ചാത്ത വിറകുപുരയിൽനിന്ന് എടുത്തുകൊണ്ടുവന്ന സാധനങ്ങളെല്ലാം പരിശോധിക്കുകയായിരുന്നു.

‘ഇത്‌നൊന്നും കേട് പറ്റീട്ട്‌ല്യ കൊച്ചമ്പ്രാട്ട്യേ. ഏത്തക്കൊട്ട പത്തായപ്പെരേല് ചായ്പിലുണ്ടാവും. ഞാൻ എടുത്തുകൊണ്ടരാം. വല്യമ്പ്രാട്ടിയ്ക്ക് എങ്ങനെണ്ട്?’

‘വ്യത്യാസൊന്നുംല്യ. കഷായം തൊടങ്ങീട്ടല്ലേള്ളു.’

‘ശരിയാവും, കൊച്ചമ്പ്രാട്ടി വെഷമിക്കണ്ട.’

ചാത്ത തേക്കുകൊട്ടയെടുക്കാൻ പത്തായപ്പുരയിൽ പോയി. ഒരു തെങ്ങോല വെട്ടി മുഴുവനായി മെടഞ്ഞ് വലിയൊരു കൊട്ടയുണ്ടാക്കി വച്ചിട്ടുണ്ട്. ഇനി അതിൽ കല്ലുകഷ്ണങ്ങളും മണ്ണു കുഴച്ചതും നിറച്ച് തൂക്കമുണ്ടാക്കും. ചാത്ത തേക്കുകൊട്ടയുമായി വന്നു.

‘കൊച്ചമ്പ്രാട്ടി ഇതിന് കേടൊന്നും പറ്റീട്ട്‌ല്യ. ഒരീസം കൊളത്തില് താഴ്ത്തി ഇടണം. ഒന്ന് കുതിരാനാണ്, അല്ലെങ്കീ ചോർച്ചണ്ടാവും. ന്നിട്ട് ഒണക്ക്യശേഷം കീലടിച്ചാ മതി. പിന്നെ ഒട്ടും ചോർച്ചണ്ടാവില്ല. കീല് വെറക് പൊരേല്ണ്ടാവും. ഇല്ലെങ്കി ന്റെ പെരേല്ണ്ട്. ചെക്കനോട് കൊണ്ടരാൻ പറയാം. കാല്ണ്ടാക്കാൻ നാല് മൊള വേണം. അടിയൻ അത് വെട്ടീട്ട് വരാം.’

മുളയുടെ നാലു കാലുകൾ കുളത്തിൽ നാട്ടി അതിന്മേലാണ് നിന്നു തേവാനുള്ള പലകയിടുന്നത്. അവിടെനിന്ന് കരയിലേയ്ക്ക് കരിമ്പനപ്പാത്തി വച്ചുകൊടുക്കും.

ഏത്തത്തിന്റെ പണി കഴിഞ്ഞപ്പോൾ അച്ഛനും മകനും കൂടി ചാലുകൾ നിർമ്മിച്ചു, കവുങ്ങിന് തടം കൂട്ടി, പച്ചക്കറിയ്ക്ക് നനയ്ക്കാനായി ഒരു കുഴിയുണ്ടാക്കി. അതിൽ വെള്ളം നിറച്ചാൽ ബക്കറ്റുകൊണ്ട് മുക്കി നനയ്ക്കുകയല്ലേ വേണ്ടു. പദ്മിനിയ്ക്ക് തൃപ്തിയായി. പണി കഴിഞ്ഞപ്പോൾ വൈകീട്ട് ആറു മണി. ഉച്ചവരെ കുളത്തിൽ താഴ്ത്തിയിട്ട ഏത്തക്കൊട്ട ഉണക്കിയെടുത്തതിൽ കീൽ തേയ്ക്കുന്ന പണി മകനെ ഏല്പിച്ച് ചാത്ത പറഞ്ഞു.

‘കൊച്ചമ്പ്രാട്ടീ, ചാത്ത പോണ്. ചെക്കൻ നാളെത്തൊട്ട് വന്ന് തേവിക്കോളും.’

‘ചാത്ത ഒരു മിനുറ്റ് നിക്കൂ. ഞാൻ പണമെടുത്തിട്ട് വരാം. എത്ര്യാ കൂലി?’

‘കൂല്യൊക്കെ അടിയൻ പിന്നെ വാങ്ങിച്ചോളാം കൊച്ചമ്പ്രാട്ടി. ആ ചെക്കന് എന്താ വേണ്ടത്ച്ചാ കൊടുത്തോളു.’

അയാൾ ഒന്നിനും കാത്തുനിൽക്കാതെ നടന്നുപോവുകയാണ്. ഒരു തോർത്തുമുണ്ടുട്ത്ത് തോളിൽ മറ്റൊരു തോർത്തു മുണ്ടിനുമീതെ കൈക്കോട്ടുമായി അല്പം കൂനിക്കൂനി നടന്നുപോകുന്ന ആ മനുഷ്യനെ പദ്മിനി അദ്ഭുതത്തോടെ നോക്കിനിന്നു. അവൾ പടിഞ്ഞാറെ മുറ്റത്തേയ്ക്കു നടന്നു. അവിടെ തേക്കുകൊട്ട കീലടിച്ചശേഷം വിറകുപുരയിൽ ഉണങ്ങാനായി തൂക്കിയിടുകയായിരുന്നു അറുമുഖൻ.

‘നാളെ ഞാൻ നേരത്തെ വരാം കൊച്ചമ്പ്രാട്ടി. നമ്ക്ക് തേക്കു തൊടങ്ങാം. കൊച്ചമ്പ്രാട്ടിയ്ക്ക് വെള്ളം തിരിക്കാനൊക്കെ അറിയോ? ഞാൻ പറഞ്ഞു തരാം.’

‘അവൾക്ക് അതു കണ്ടതോർമ്മയുണ്ട്. ചാത്ത തേവാൻ തുടങ്ങിയാൽ പദ്മിനി ചാലിൽ പോയി നിൽക്കും. വെള്ളം ഒരു പെരുമ്പാമ്പിനെപ്പോലെ ഒഴുകി വരുമ്പോൾ അവൾ അതിനുമുമ്പിൽ ഓടും. ചാത്ത വിളിച്ചു പറയുന്നുണ്ടാവും.

‘പണപ്പ് പൊട്ടിക്കല്ലെ കൊച്ചമ്പ്രാട്ട്യേയ്.’

അന്നെല്ലാം അറുമുഖനായിരുന്നു വെ ള്ളം തിരിക്കാറ്. അവൻ ഓരോ തടത്തിലും ആവശ്യത്തിനു വെള്ളം കയറിയാൽ അടുത്ത കവുങ്ങിന്റെ തടത്തിലേയ്ക്ക് തുറന്നുവിടും. അതു നിറയാനെടുക്കുന്ന സമയം അവൻ പദ്മിനിയുമായി സംസാരിക്കും. അതെല്ലാം വർഷങ്ങൾക്കുമുമ്പായിരുന്നു. ജീവിതം അപ്പോഴും ഇരുണ്ട വഴിയിലേയ്ക്കു തിരിഞ്ഞിട്ടുണ്ടായിരുന്നില്ല.

അറുമുഖൻ അവന്റെ കൈക്കോട്ട് വിറകുപുരയിൽ വെച്ചു.

‘അപ്പൊ നാളെ വരാം.’

‘അറുമുഖാ, നിക്കൂ, എത്ര്യാ കൂലീന്ന് പറയു. ന്റെ കയ്യില് കാശ്ണ്ട്.’

‘അച്ഛന് കൊടുത്താ.’

‘പിന്നെ വാങ്ങാംന്ന് പറഞ്ഞിട്ട് ഒറ്റ പോക്കങ്ങട്ട് പോയി.’

‘ആൾക്കാര്ക്ക് പണം വേണ്ടാച്ചാല് എന്താ ചെയ്യാ?’

‘അതു പോട്ടെ അറുമുഖന് എത്ര്യാ തരണ്ടത്ന്ന് പറയൂ.’

‘അതല്ലെ പറഞ്ഞത് ആൾക്കാര്ക്ക് പണം വേണ്ടാച്ചാ എന്താ ചെയ്യാ?’

അറുമുഖന്റെ ശബ്ദത്തിൽ വാത്സല്യമുണ്ടായിരുന്നു. ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്നതു പോലെയാണ് അവൻ അവളോട് സംസാരിക്കുന്നത്. പദ്മിനിയ്ക്കു വിഷമമായി. ആ അച്ഛനും മകനും രാവിലെ ഏഴുമണിയ്ക്കു മുമ്പ് എത്തി ജോലി തുടങ്ങിയതാണ്. ഇപ്പോൾ സമയം ആറര. അതുവരെ രണ്ടുപേരും കഠിനാദ്ധ്വാനം തന്നെയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ പറ്റിയില്ല. അവർ വീട്ടിൽ പോയി കഴിക്കുകയാണ് ചെയ്തത്. എല്ലാം കഴിഞ്ഞ് പോകുമ്പോൾ കൂലിവാങ്ങാൻകൂടി കൂട്ടാക്കുന്നില്ല.

‘ഇങ്ങിന്യായാൽ ശരിയാവില്ല കെട്ടോ. രണ്ടുപേരും എന്തെങ്കിലും വാങ്ങണം.’

‘ആവശ്യാവുമ്പോ ചോദിച്ചാപ്പോരെ?’

‘നിങ്ങളെന്നെ കഷ്ടപ്പെടുത്വാണ്.’

‘ഞാൻ പീടികേല് പോണ്ണ്ട്. എന്തെങ്കിലും വാങ്ങാന്‌ണ്ടോ?’

‘ഇല്ല.’

അറുമുഖൻ പോയ ശേഷം കയ്യിലുള്ള നോട്ടുകൾ പിടിച്ചുകൊണ്ട് അവൾ കുറേ നേരം ഇരുന്നു. ചുറ്റും ഇരുട്ടിത്തുടങ്ങി. എവിടെനിന്നോ നേരിയ തണുപ്പുള്ള കാറ്റ് വീശി. എവിടേയോ മഴ പെയ്യുന്നപോലെ. തന്റെ തോന്നലായിരിക്കണം. വിളക്കു കൊളുത്തിയില്ലെന്ന് ഓർമ്മ വന്നപ്പോൾ അവൾ ഇടനാഴികയുടെ ഇരുട്ടിലേയ്ക്ക് ഊളിയിട്ടു.