close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: നാല്


കൊച്ചമ്പ്രാട്ടി: നാല്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

അടുക്കളയുടെ വരാന്തയിലുള്ള കൊട്ടത്തളത്തിലാണ് പാത്രങ്ങൾ മോറുന്നത്. രാവിലെ വന്ന ഉടനെ ദേവകി അടുപ്പിൽ നിന്ന് ചാരമെടുത്ത് ഒരു പഴയ അലൂമിനിയം തട്ടിലാക്കും. കഴുകാനുള്ള പാത്രങ്ങൾ വടക്കോറത്ത് കൊണ്ടുവന്നു വച്ചശേഷം ചാണകമെടുത്ത് അടുപ്പ് മെഴുകുന്നു. ചാരത്തിനോടൊപ്പം കുളത്തിൽനിന്ന് വാരിയെടുത്ത മണലും ചേർത്ത് അതുകൊണ്ടാണ് പാത്രം മോറുക. അത്യാവശ്യം ചായപ്പാത്രവും കഞ്ഞി അടുപ്പത്താക്കാനുള്ള ചെമ്പും കഴുകിക്കഴിഞ്ഞാൽ അവൾ വിറകുപുരയിൽ നിന്ന് കുറ്റിച്ചൂലുമെടുത്ത് മുറ്റമടിക്കാൻ ഇറങ്ങുന്നു. പടിക്കൽ നിന്നു തുടങ്ങി തെക്കേ മുറ്റത്തുകൂടെ അടിച്ചുവാരി പടിഞ്ഞാറുവഴി വടക്കോറത്തെത്തുമ്പോൾ അരമണിക്കൂറെങ്കിലും കഴിയും. മുറ്റമടിച്ചു കഴിഞ്ഞാൽ തിരിച്ചു വീണ്ടും വടക്കോറത്തെ വരാന്തയിലേയ്ക്കു പോയി പാറുവമ്മ അവൾക്കു വേണ്ടി വരാന്തയിൽ അടച്ചുവച്ച ചായ എടുത്തുകുടിച്ച് പാത്രം മോറൽ തുടരുന്നു. അതിനിടയ്ക്ക് പാറുവമ്മ ആവശ്യപ്പെടുന്ന ചെറിയ പാത്രങ്ങളും കയ്യിലുകളും കഴുകിക്കൊടുക്കും. അതും കഴിഞ്ഞാൽ അടുക്കളയുടെ മുക്കിൽ തിരുമ്പാൻ മാറ്റിവച്ച തുണികൾ ഒരു ബക്കറ്റിലിട്ട് ഷെൽഫിൽ നിന്ന് സോപ്പെടുത്ത് മീതെ വച്ച് ബക്കറ്റുമെടുത്ത് കുളത്തിലേയ്ക്ക് യാത്രയാകും.

അമ്മയ്ക്ക് അസുഖമായി ജോലി നിർത്തിയതിനുശേഷം കഴിഞ്ഞ മൂന്നരക്കൊല്ലമായി ചെയ്തുവരുന്ന ജോലിയാണ്. പ്രസവസമയത്ത് രണ്ടു മാസം മാത്രമേ അത് മുടങ്ങിയിട്ടുള്ളൂ. രാവിലെ നാലര മണിക്ക് എഴുന്നേറ്റ് കഞ്ഞിക്കലം അടുപ്പത്താക്കും. ഉറങ്ങുന്ന ഭർത്താവിനെയും അമ്മയെയും ശല്യം ചെയ്യാതെ മുറ്റമടിച്ചു വാരുന്നു. മുറ്റത്തു ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കുളിമുറിയിൽ തലേന്നു കുടങ്ങളിൽ കോരിവച്ച വെള്ളമെടുത്ത് കുളി. കുളിമുറി എന്നു പറയുന്നത് മെടഞ്ഞ ഓല ചുറ്റും മറച്ച, നടുവിൽ നിന്നുകുളിക്കാൻ രണ്ടു വെട്ടുകല്ലുകളും വെച്ച ഒരു സ്ഥലം മാത്രമാണ്. മേൽപ്പുരയൊന്നുമില്ല. പകൽ നേരത്ത് കുളിക്കുകയാണെങ്കിൽ തൊട്ടപ്പുറത്തുള്ള ഇടവഴിയിലൂടെ പോകുന്നവരുടെ നോട്ടം ഒഴിവാക്കാനായി ഒരു മുണ്ട് രണ്ടു മുളം കാലുകളിലായി വിരിച്ചിടും. രാവിലെ ധനു മാസത്തിലെ തണുത്ത കാറ്റ് വീശുമ്പോൾ വെള്ളത്തിന്റെ തണുപ്പ് ഇരട്ടിക്കും. എങ്ങിനെയെങ്കിലും കുളി കഴിച്ച് അവൾ വീട്ടിൽ കയറി, കഞ്ഞി വെന്തതു വാങ്ങിവച്ച് ചായക്കുള്ള വെള്ളം അടുപ്പത്തു കയറ്റി ചമ്മന്തിയരക്കാൻ തുടങ്ങും. ചായയുണ്ടാക്കിയാൽ അവൾ ഭർത്താവിനെ വിളിക്കുന്നു. അതു കഴിഞ്ഞ് അമ്മയെയും. മോൾ ഉറക്കമായിരിക്കും.

ഇതൊക്കെ എന്നും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇന്ന് അതെല്ലാം ഓർക്കാനെന്താണ് കാരണമെന്നവൾക്കു മനസ്സിലായില്ല. അവളുടെ മനസ്സിൽ എന്തോ കടന്നുകൂടിയിട്ടുണ്ട്. പണി കഴിഞ്ഞ് പത്തായപ്പുര വൃത്തിയാക്കാൻ വരാൻ തമ്പ്രാൻ പറഞ്ഞതാണോ? അതവൾ മുമ്പും ചെയ്യാറുള്ളതാണ്, പക്ഷേ ഇന്നു രാവിലെ അതിന് ഒരു പുതിയ അർത്ഥമുണ്ടാകുന്നുവെന്നവൾക്കു തോന്നി. തമ്പ്രാനുമായി അങ്ങിനെ നേരിട്ട് സംസാരിക്കാൻ അവസരം കിട്ടാറില്ല. അപൂർവ്വം അവസരങ്ങളിൽ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞ് പോകുകയാണ് പതിവ്. മിക്കവാറും പത്തായപ്പുര വൃത്തിയാക്കുന്നത് തമ്പ്രാൻ ഇല്ലാത്ത സമയത്തായിരിക്കും. തമ്പ്രാൻ ഉണ്ടെങ്കിൽത്തന്നെ അവൾ അടിച്ചു വാരാൻ തുടങ്ങിയാൽ താഴോട്ടിറങ്ങി പോകുകയാണ് പതിവ്. വീട്ടിലേയ്ക്ക് കഞ്ഞി കുടിക്കാനോ അല്ലെങ്കിൽ പറമ്പിൽ ചാത്തയെക്കൊണ്ട് കിളപ്പിക്കാനോ വേണ്ടി. പത്തായപ്പുര ഇരുനില കെട്ടിടമാണ്. താഴെ മൂന്നു മുറികളുള്ളതിൽ കിഴക്കെ അറ്റത്തുള്ള മുറിയിൽ രണ്ടു വലിയ പത്തായങ്ങളുണ്ട്. അപ്പൂട്ടി അളന്നു തരുന്ന നെല്ല് ആ രണ്ടു പത്തായങ്ങളിലാണ് നിറയ്ക്കുക. നടുവിലെ മുറിയിൽ മരം കൊണ്ടുള്ള വലിയൊരു അറയാണ്. നിലത്തു നിന്ന് രണ്ടടി ഉയരത്തിൽ തെക്കേ ചുമരോട് ചേർന്ന് ഏകദേശം മുറിയുടെ പകുതിയോളം വലുപ്പത്തിലുള്ള ആ അറയിലാണ് ഓണക്കാലത്തു കൊണ്ടു വരുന്ന പഴക്കുലകളും വെള്ളരിക്കയും സദ്യയ്ക്കു മാത്രമുപയോഗിക്കുന്ന വലിയ പാത്രങ്ങളും ചരക്കുകളും സൂക്ഷിക്കുക. മുകളിൽ നടുവിലത്തെ മുറിയാണ് തമ്പ്രാൻ ഉപയാഗിക്കുന്നത്. മുകളിലേയ്ക്കുള്ള കോണി ഇടനാഴികയിൽ നിന്നാണ്. ഉമ്മറവും ഇടനാഴികയും മുകളിൽ നടുവിലത്തെ മുറിയും മാത്രമേ അടിച്ചുവാരാറുള്ളു. മറ്റു മുറികൾ വിശേഷ ദിവസങ്ങളിൽ മാത്രം വൃത്തിയാക്കും.

അവൾ മുണ്ടിന്റെ അടിഭാഗമെടുത്ത് നനയാതിരിക്കാൻ എളിയിൽ തിരുകി കുളത്തിലേയ്ക്കിറങ്ങി. തുണികൾ ഓരോന്നായി എടുത്ത് കുളത്തിൽ മുക്കി കല്ലിന്മേൽ വച്ച് സോപ്പു തേക്കുമ്പാൾ അവളുടെ കാലിൽ പരൽ മീനുകൾ വന്ന് കൊത്തുന്നുണ്ടായിരുന്നു. ഇക്കൊല്ലം തുലാവർഷം നന്നായി പെയ്തതു കാരണം കുളത്തിൽ നിറയെ വെള്ളമുണ്ട്. എന്താണാവോ ഇക്കൊല്ലം ഏത്തം വച്ച് നന തുടങ്ങിയിട്ടില്ല. പറമ്പ് ഉണങ്ങിത്തുടങ്ങിയിരുന്നു.

അവൾ തിരുമ്പിയ തുണികൾ ബക്കറ്റിലിട്ട് വടക്കെ മുറ്റത്തു കെട്ടിയ അയലിൽ തോരാനിട്ടു. അവിടെ നിന്നു നോക്കിയപ്പോൾ തമ്പ്രാൻ കഞ്ഞികുടി കഴിഞ്ഞ് ഉമ്മറത്ത് വടക്കെ അറ്റത്തെ ഇരുത്തിമേൽ വച്ച കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ് മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പുന്നത് കണ്ടു. ഇനി തമ്പ്രാന് ഉമ്മറത്ത് ഒരു ഇരുത്തം പതിവുണ്ട്. ആ സമയത്താണ് ദേവകി പത്തായപ്പുര അടിച്ചുവാരാറ്. അവൾ വേഗം ബക്കറ്റെടുത്ത് വടക്കോറത്ത് കമിഴ്ത്തി വച്ച് വിറകുപുരയിലേയ്ക്ക് ചൂലെടുക്കാൻ പോയി.

‘പത്തായപ്പുര അടിച്ചുവാരി വരുമ്പോ വെറകുപെരേന്ന് നാലഞ്ച് മടല് എടുത്തു കൊണ്ടരണം ദേവകി.’ പാറുവമ്മ വിളിച്ചു പറഞ്ഞു.

‘ശരിമ്രാളെ...’ അവൾ നടന്നു. അടിച്ചു വാരിയ മുറ്റത്ത് മണലിൽ അവളുടെ കാലടികൾ പതിഞ്ഞു. ഇനി തിരിച്ചു വരുമ്പോഴാണ് അവൾ സ്വന്തം കാലടിപ്പാടുകൾ ശ്രദ്ധിക്കുക. അവൾക്ക് കണ്ടോറമ്പക്കാവിൽ താലപ്പൊലി സമയത്ത് ഭഗവതിയുടെ കളം വരച്ചത് ഓർമ്മവരും.

ആദ്യം മുകളിലെ മുറിയാണ് അടിച്ചുവാരുക, അതുകഴിഞ്ഞ് കോണിയുടെ ഓരോ പടിയായി അടിച്ച് താഴേയ്ക്കിറങ്ങിവരും. അവൾ ചൂലുമായി കോണി കയറുമ്പോൾ ആലോചിച്ചു. തമ്പ്രാൻ വരുമ്പോഴേയ്ക്കും മുകളിലെ മാറാല തട്ടി അടിച്ചുവാരൽ കഴിക്കണം. എന്തോ അവൾ അധീരയായിരുന്നു. അവൾ പേടിച്ചിരുന്നത് വിജയൻ മേനോനെയായിരുന്നില്ല. തന്നെത്തന്നെയായിരുന്നു. കോണികയറി മുകളിലെത്തിയപ്പോഴാണവൾ തിരിഞ്ഞു നോക്കിയത്. അവിടെ കോണിയ്ക്കു താഴെ അവളെ ഉറ്റുനോക്കിക്കൊണ്ട് തമ്പ്രാൻ നിന്നിരുന്നു. അവൾ പെട്ടെന്ന് മുണ്ടിന്റെ തല ഉയർ ത്തി എളിയിൽ തിരുകിയത് താഴ്ത്തിയിട്ടു. എത്രനേരമായാവോ തമ്പ്രാൻ അവി ടെ നിന്നു നോക്കുന്നു.

കുറച്ചു നേരമായി. അവൾ നാലാമത്തെ പടികയറുമ്പോഴേയ്ക്ക് അയാൾ കോണിച്ചുവട്ടിലെത്തിയിരുന്നു. അവിടുന്നങ്ങോട്ട് നല്ല കാഴ്ചയായിരുന്നു. കോണിയ്ക്കു മുമ്പിൽത്തന്നെ ജനൽ വച്ച മൂത്താശാരിയുടെ ഭാവനയെ വിജയൻ മേനോൻ മനസ്സിൽ ശ്ലാഘിച്ചു. ജനൽ കിഴക്കെ അറ്റത്തുള്ള പുറം മുറിയിലേയ്ക്കു തുറക്കുന്നതായിരുന്നുവെങ്കിലും ആ മുറിയുടെ ജനലുകളും തുറന്നിരുന്നതുകൊണ്ട് എട്ടുമണി നേരത്തെ ഇളം വെയിൽ മറിച്ച് ഇരുണ്ടു കിടക്കുന്ന ഇടനാഴിക ദീപ്തമാക്കി. ആ വെളിച്ചത്തിൽ മുകളിലേയ്ക്കു കയറിപ്പോകുന്ന ചെറുപ്പക്കാരിയുടെ ഉരുണ്ട കാൽ വണ്ണകളിലൂടെ മുകളിലേയ്ക്ക് നിറമുള്ള നഗ്നമായ തുടകളിലേയ്ക്ക് സഞ്ചരിക്കുന്ന കണ്ണുകളെ പിടിച്ചു നിർത്താൻ അയാൾക്കായില്ല. അയാൾ കോണി കയറാൻ തുടങ്ങി.

‘തമ്പ്രാൻ വരുമ്പഴയ്ക്ക് ഇവിട്യൊക്കെ വൃത്തിയാക്കാംന്ന് വിചാരിച്ചതാ. മാറാല തട്ടിത്തൊടങ്ങ്യാ ഇവ്‌ട്യൊക്കെ നല്ല പൊടിണ്ടാവും.’

അയാൾ താഴോട്ടിറങ്ങി പോകുകയാണെങ്കിൽ പോട്ടെ എന്നു കരുതിയാണ് ദേവകി പറഞ്ഞത്.

‘സാരല്യ. ഞാനുംണ്ടെങ്കിലേ ശരിയാവൂ. നീ പടിഞ്ഞാറെ മുറീന്ന് ആ സ്റ്റൂള് എടുത്ത് കൊണ്ടുവാ.’

ദേവകി ചൂൽ താഴെയിട്ട് അടുത്ത മുറിയിലേയ്ക്കു പോയി സ്റ്റൂൾ എടുത്തുകൊണ്ടു വന്നു. അയാൾ അകത്തു കടന്നു. സ്റ്റൂൾ ഒരു മുലയിലിട്ടശേഷം അവൾ ചൂലുമായി അതിനു മുകളിൽ കയറി. ശരിയാണ് മാറാലയുണ്ട്. അതു തട്ടിത്തുടങ്ങുമ്പോഴാണ് അവൾ കണ്ടത് വിജയൻ മേനോൻ സ്റ്റൂളിന്റെ മൂലയിൽ പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

‘ഇമ്പ്രാൻ പിടിക്ക്യൊന്നും വേണ്ട.’

‘അതു സാരല്ല്യ. സ്റ്റൂളെങ്ങാൻ ഇളകി നീ താഴത്തെത്തിയാലോ?’

അവൾ ഒന്നും പറയാതെ ജോലി തുടർന്നു. പക്ഷേ അവൾ അസ്വസ്ഥയായിരുന്നു. എന്തിനാണെന്ന് അവൾക്കു തന്നെയറിയില്ല. തമ്പ്രാൻ ഇങ്ങിനെയൊന്നുമായിരുന്നില്ല. അടുത്ത കാലത്ത് അദ്ദേഹത്തെക്കുറിച്ച് ഓരോന്നു കേൾക്കാൻ തുടങ്ങിയിരുന്നു. കുട്ടപ്പന്റെ കുടിയില് പോകാറുണ്ടെന്നും മറ്റും. അവൾക്ക് വലിയ അദ്ഭുതമൊന്നും തോന്നിയില്ല. പുരുഷന്മാർ കുടിക്കുന്നില്ല എന്നു കേൾക്കുമ്പോഴാണ് അവൾക്ക് അദ്ഭുതം തോന്നാറ്. അച്ഛൻ എന്നും കുടിച്ചു വന്നിരുന്നതുകൊണ്ട് അത് പൗരുഷത്തിന്റെ ചിഹ്നമായി അവൾ അംഗികരിക്കുക കൂടി ചെയ്തിരുന്നു. ഭർത്താവ് ഗോപാലൻ അല്പസ്വൽപം കുടിക്കുമെന്നു മനസ്സിലായപ്പോൾ അവൾ അതത്ര കാര്യമാക്കാതിരുന്നത് അതുകൊണ്ടാണ്. വയസ്സു കൂടുംതോറും കുടിയുടെ അളവ് കൂടുമെന്നും അവൾക്കറിയാം. പക്ഷേ കുടിയോടൊപ്പം മറ്റു സ്വഭാവങ്ങളും വന്നുചേരുമെന്നത് അവൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. തന്റെ അടുത്തു താമസിക്കുന്ന കാച്ചാട്ടിലെ കൊച്ചമ്പ്രാനെപ്പറ്റി കേട്ടപ്പോൾ അവൾക്കു വല്ലാത്ത അദ്ഭുതമായി. അയാളുടെ ഭാര്യ ചന്ദ്രിക എന്തൊരു ഭംഗിയാണ്. ഉടുത്തൊരുങ്ങി അമ്പലത്തിൽ പോകുമ്പോൾ ദേവകി കണ്ണിമയ്ക്കാതെ നോക്കി നിൽക്കാറുണ്ട്. വെണ്ണയുടെ നിറം, കടന്നു പോകുമ്പോൾ ചന്ദനത്തിന്റീം പനിനീരിന്റീം മണം. ചിരിക്കുമ്പോൾ എന്തു ഭംഗിയാണ്. പക്ഷെ അയാൾക്ക് കീഴേട്ടിലെ കമലമ്മയുമായി ഏർപ്പാടുണ്ടത്രെ. ഭംഗീല് ചന്ദ്രികേടെ അടുത്തൊന്നും നില്ക്കില്ല. നെറുംല്ല്യാത്ത ഒരു സാധനം. പിന്നെ എന്തിനാണ്? അല്പസ്വല്പം കുടിയുംണ്ട്. ആ വീട്ടിൽ ജോലിയെടുക്കുന്ന നാരായണി അതു പറഞ്ഞ ദിവസം അവൾക്ക് ഉറക്കമുണ്ടായിട്ടില്ല. ദേവകി അങ്ങിനെയൊന്നുമായിരുന്നില്ല കരുതിയിരുന്നത്.

ഈ തമ്പ്രാന്റെ അമ്രാളും ഇവിടെ വരാറുണ്ട്. അല്പം തടിച്ചിട്ടാണെങ്കിലും വെളുത്ത് നല്ല ഭംഗിയുള്ള സ്ത്രീ. ആ തടിയും അവർക്ക് ഭംഗിയാണ്. അപൂർവ്വമായേ വരാറുള്ളു. എന്തോ അവർക്ക് ഈ വീട്ടിലെ കാര്യങ്ങളൊന്നും പിടിക്കിണില്ല്യ. പാറുവമ്മ പറയാറുണ്ട്. ഇഷ്ടള്ളോര് വന്നാ മതി. തണുത്ത മട്ടിലുള്ള ആ നാത്തൂൻപോര് കണ്ട് ദേവകി ചിരിക്കും.

അവൾ സ്റ്റൂളിൽനിന്ന് ഇറങ്ങി. തമ്പ്രാൻ പിടിക്കാത്ത ഭാഗത്ത് അവൾ സൂക്ഷിച്ചാണ് ഇറങ്ങിയത്. സ്റ്റൂൾ നീക്കിയിട്ട് അവൾ വീണ്ടും കയറി. ഒരുപക്ഷേ താൻ വിചാരിക്കുന്ന പോലെയൊന്നുംണ്ടാവില്ല. തമ്പ്രാന് അങ്ങിനത്തെ ഉദ്ദേശ്യൊന്നുംണ്ടാവില്ല. അവൾ ആശ്വസിച്ചു. തട്ടിൽ ആ ഭാഗവും വൃത്തിയാക്കി അവൾ ഇറങ്ങാനായി ഒരുങ്ങി. പെട്ടെന്നാണതുണ്ടായത്. അവൾ ഇറങ്ങാനുദ്ദേശിച്ച സ്ഥലത്തേയ്ക്ക് തമ്പ്രാൻ നീങ്ങി. ഒരു നിമിഷത്തിന്റെ അനിശ്ചിതത്വം. അവൾ മറുഭാഗത്തേയ്ക്ക് ഇറങ്ങാൻ നോക്കി. പക്ഷേ കാലുകൾ ആദ്യം ഇറങ്ങാൻ ഉദ്ദേശിച്ചിടത്തേയ്ക്കു തന്നെ നീങ്ങി. അവൾക്ക് പെട്ടെന്ന് അടിതെറ്റി. അവൾ തമ്പ്രാന്റെ കൈകളിലേയ്ക്ക് വീണു.

തമ്പ്രാൻ അവളെ മുറുകെ പിടിച്ചിരിക്കയായിരുന്നു. അവൾ ഒന്നും ചെയ്യാൻ കഴിയാതെ അയാളുടെ കൈകളിൽ കിടക്കുന്നു. സാവധാനത്തിൽ, വളരെ സാവധാനത്തിൽ അവളെ ഇറക്കിവച്ച് അയാൾ അവളെ പിടിച്ചുകൊണ്ട് നിന്നു. അവൾ കുതറുകയൊ മാറാൻ ശ്രമിക്കുകയോ ചെയ്തില്ല. അവൾ സ്തബ്ധയായിരുന്നു. എന്താണ് സംഭവിച്ചത് എന്നു മനസ്സിലാക്കാൻ അവൾക്ക് കുറച്ചു സമയം വേണ്ടിവന്നു. അവൾ അയാളുടെ കൈ വേർപിടുവിച്ച് മാറിനിന്നു.

‘ഞാൻ പിടിച്ചില്ല്യായിരൂന്നൂവെങ്കില് നന്നായേനെ.’

ദേവകി ചിരിക്കാൻ ശ്രമിച്ചു.

‘ഇനി പിന്നെ മതി. നീ കുറച്ചുനേരം അവിടെ ഇരിക്ക്.’

അയാൾ കൈപിടിച്ച് അവളെ സ്റ്റൂളിന്മേൽ ഇരുത്തി. വീണു കിട്ടിയ ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അയാൾ അവളുടെ ചുമലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

‘വെഷമം ഒന്നുല്ല്യല്ലോ?’

അവൾ തലയാട്ടി. അയാളുടെ കൈകൾ അപ്പോഴും അവളുടെ ചുമലിലും പുറത്തുമായി സഞ്ചരിക്കുകയാണ്. നിരുപദ്രവമെന്ന് തോന്നിക്കുന്ന ചലനങ്ങൾ. അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റു നടക്കാൻ കുറച്ചു സമയം വേണ്ടിവരും. വല്ലാത്തൊരു വീഴ്ചയാവേണ്ടതാണ്. ഒരാലംബവുമില്ലാതെ വീണതാണ്. ചുവരിൽ പിടിക്കാൻ നോക്കി, പിടുത്തം കിട്ടുന്നില്ല. അപ്പോഴാണ് തമ്പ്രാൻ താങ്ങിയത്. അതുകൊണ്ട് ഒരു പോറൽ പോലുമില്ലാതെ രക്ഷപ്പെട്ടു. അവൾക്ക് അയാളെ ഒരു വിധത്തിലും കുറ്റം പറയാൻ പറ്റിയില്ല. അയാൾ ചെയ്തത് കുറ്റമറ്റതായിരുന്നു. അതുകൊണ്ട് അയാൾ ചേർന്നുനിന്ന് പുറം തലോടുമ്പോൾ ഒന്നും പറയാനാവാതെ ഇരുന്നു. എഴുന്നേറ്റു നടക്കാമെന്നായപ്പോൾ അവൾ എഴുന്നേറ്റു.

‘ശരിയായി, ഇനി അടിക്കാം.’

അയാൾ അപ്പോഴും അവളോട് ചേർന്നു നിൽക്കുക തന്നെയാണ്. അയാൾ പറഞ്ഞു.

‘ശരി, ഇനി സൂക്ഷിക്കണം കെട്ടോ.’

അവൾ തലയാട്ടിക്കൊണ്ട് സ്റ്റൂളിന്മേൽ കയറി. അയാൾ സ്റ്റൂൾ പിടിച്ചു കൊടുത്തു, അവൾ ഇറങ്ങുമ്പോൾ ഒരനുഷ്ഠാനം പോലെ അയാൾ അവളുടെ കൈപിടിച്ച് സഹായിച്ചു. അവൾ ആലോചിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നത്. അവൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റിയിരുന്ന ഒരു കാര്യത്തിനാണ് ഇപ്പോൾ വലിയൊരു സഹായം നിർബ്ബന്ധിതമായി നീണ്ടു വരുന്നത്. തനിക്കതു തട്ടിമാറ്റിക്കൊണ്ട് പറയാം താനൊറ്റയ്ക്ക് ചെയ്തുകൊള്ളാമെന്ന്. പക്ഷേ നാവു വഴങ്ങുന്നില്ല. സ്‌നേഹം എന്നത് അവളെ സംബന്ധിച്ചേടത്തോളം ഒരപൂർവ്വവസ്തുവായിരുന്നു. അച്ഛൻ അവളെ സ്‌നേഹിച്ചിരുന്നു, മടിയിൽ കയറ്റിയിരുത്തിക്കൊണ്ട് അദ്ദേഹം അതു പ്രകടിപ്പിച്ചിരുന്നു. അമ്മയാണതു നിർത്തിയത്. കുറച്ചുകൂടി വലുതായപ്പോൾ അവൾക്കതിന്റെ കാരണം മനസ്സിലായി. അമ്മ അവളോട് ഒരിക്കലും സ്‌നേഹം കാണിച്ചിട്ടില്ല. മനസ്സിൽ സ്‌നേഹം ഉണ്ടെന്നറിയാം. പക്ഷേ അതനുഭവിക്കണമെങ്കിൽ കാട്ടുക തന്നെ വേണം. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ കിട്ടിയ ആൾ സ്‌നേഹം ഒട്ടും കാണിക്കാത്ത ആളാണ്. ഇല്ലാത്ത സാധനം എങ്ങിനെ കാണിക്കുമെന്നുകൂടി അവൾ ആലോചിക്കാറുണ്ട്. അയാളുടെ ആവശ്യങ്ങൾ നടത്തുക എന്നതിനപ്പുറം ഒന്നുമില്ല. അങ്ങിനെയിരിക്കുമ്പോഴാണ് തമ്പ്രാൻ ഇങ്ങിനെ കൈനീട്ടി വരുന്നത്. അത് സ്‌നേഹമല്ല പ്രകടനാന്മകത മാത്രമാണെന്ന് വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അവളുടെ ഉള്ളിലുള്ള എന്തോ ഒന്ന് അങ്ങിനെ ചിന്തിക്കുന്നതിൽ നിന്ന് വിലക്കുകയാണ്. വീണു കിട്ടിയത് മുക്കുപണ്ടമായാലും ശരി അവൾ എടുത്തണിയുകയാണ്.