close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഒമ്പത്


കൊച്ചമ്പ്രാട്ടി: ഒമ്പത്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

വിജയൻ മേനോൻ പത്തായപ്പുരയിൽനിന്ന് ഇറങ്ങിവന്നപ്പോഴെ പാറുവമ്മ കണ്ടുള്ളു. വരാറാവുന്നല്ലേയുള്ളു എന്നു കരുതി ഇരിക്കുകയായിരുന്നു.

‘ഏട്ടൻ നേരത്തെ എത്തിയോ?’

‘ങും.’

‘ഞാൻ കഞ്ഞിയെടുക്കട്ടെ. ഏട്ടൻ വന്നിട്ട് മതീല്ലോന്ന് കരുതി ഇരിക്ക്യായിരുന്നു.’

അവർ കഞ്ഞി വിളമ്പാനായി അടുക്കളയിലേയ്ക്കു പോയി. വിജയൻ മേനോൻ നാലു മണിയ്ക്കുതന്നെ എത്തിയിരുന്നു. ഒരുറക്കം കഴിഞ്ഞ് ഉണർന്നപ്പോഴാണ് വസുമതിയുടെ ഒപ്പം കിടപ്പറയിലല്ല കിടക്കുന്നതെന്ന ബോധമുണ്ടായത്. അയാൾ തപ്പിപ്പിടഞ്ഞെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ട് മുറുക്കിയുടുത്തു ടോർച്ചിനുവേണ്ടി തപ്പി. കാണാനില്ല. കീശയിൽ പഴ്‌സുണ്ട്. പടിപ്പുരയ്ക്കു പുറത്ത് വീണുകിടന്നതോർമ്മ വന്നപ്പോൾ അയാൾ മുറ്റത്തേയ്ക്കിറങ്ങി. വസുമതി ഉണരുന്നതിനുമുമ്പ് സ്ഥലം വിടണം. ഭാഗ്യത്തിന് ടോർച്ച് പുല്ലുകൾക്കിടയിൽ വീണുകിടക്കുന്നുണ്ട്. ബാറ്ററി തീരെ പോയിരിക്കുന്നു. നിലാവുള്ളതുകൊണ്ട് രക്ഷപ്പെട്ടു.

വീട്ടിലെത്തിയ ഉടനെ മുണ്ടും ഷർട്ടും അഴിച്ചു ചുരുട്ടി കട്ടിലിന്റെ അടിയിലേയ്ക്ക് എറിഞ്ഞു. പിന്നെ സമയം കിട്ടുമ്പോൾ ഒലുമ്പിയിടണം. കറ ബാക്കിനിൽക്കാതിരിക്കില്ല. തോർത്തുടുത്ത് കുളത്തിൽ പോയി കുളിച്ചുവന്നു. ഇന്നലത്തെ വൃ ത്തികേടുകൾ മുഴുവൻ ദേഹത്തുനിന്നു പോകാൻ ഒരു നാലു കുളിയെങ്കിലും വേണ്ടിവരും. താനെന്തിനീ വൃ ത്തികേടുകൾ ചെയ്യുന്നു? കുളികഴിഞ്ഞ് പത്തായപ്പുരയിൽ തിരിച്ചെത്തിയിട്ടും ആ ചോദ്യത്തിന് അയാൾക്ക് മറുപടിയൊന്നും കിട്ടിയില്ല.

മേശപ്പുറത്ത് കഞ്ഞി വിളമ്പി പാറുവമ്മ ഏട്ടനെ വിളിച്ചു. അ യാൾ കഞ്ഞികുടിച്ചുകൊണ്ടിരിക്കെ അവർ ചോദിച്ചു.

‘ഇന്നലെ മോള്ക്ക്ള്ള ബ്ലൗസ് തുന്നാൻ കൊടുത്ത്വോ ഏട്ടൻ?’

‘സമയം കിട്ടീല്ല. ഇന്ന് രാവി ലെ പോണ്ണ്ട്, കൊടുക്കാം.’

‘പറ്റുമെങ്കില് രണ്ട് പാവാടേം തുന്നാൻ കൊടുക്കണം. എല്ലാം കീറിത്തൊടങ്ങീരിക്കുണു.’

‘നോക്കട്ടെ എത്ര പണംണ്ടാവുംന്ന്.’

അയാൾ താഴുകയാണ്. അയാൾക്ക് പേടി പിടിച്ചിരിക്കുന്നു. തലേന്നു രാത്രി വസുമതി പുറത്താക്കിയത് തല്ക്കാലത്തേയ്ക്കാണോ എന്നയാൾക്ക് ഉറപ്പില്ല. അവളെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുത്താൽ മതി. എന്തെങ്കിലും പോര, കാര്യമായിത്തന്നെ വേണ്ടിവരും. അങ്ങിനെ കുറച്ചുകാലത്തേയ്ക്കുകൂടി നടക്കുമായിരിക്കും. അവളുടെ ഏട്ടന്മാരെ തൃപ്തിപ്പെടുത്താനോ? ഇന്നലെ പടിപ്പുരയിൽ ഛർദ്ദിച്ചു കിടക്കുമ്പോൾ മുഖത്തേയ്ക്ക് ടോർച്ചടിച്ചുനോക്കിയത് അളിയന്മാരിലൊരാളാണ്. ഒരാൾ മറ്റാളോട് പറയാതിരിക്കില്ല. അവർ തമ്മിൽ ഇപ്പോഴും നല്ല യോജിപ്പാണ്. സാധാരണ കല്യാണം കഴിഞ്ഞാൽ ഏട്ടാനുജന്മാർ തമ്മിൽ പൊരിഞ്ഞ അടിയാവുകയാണ് പതിവ്. അത് ഭാഗത്തിൽ കലാശിക്കുകയും ചെയ്യും. അവർ തമ്മിൽ യോജിപ്പാണെങ്കിൽക്കൂടി ഭാര്യമാർ സമ്മതിക്കാറില്ല. ഇവിടെ അങ്ങിനെയൊന്നുമല്ല. ഏട്ടന്മാർക്ക് അനുജത്തിയേയും നല്ല കാര്യമാണ്. അതുകൊണ്ട് വസുമതി അനാഥയാവുമെന്ന പ്രശ്‌നമൊന്നുമില്ല. താൻ സൂക്ഷിച്ചിരിക്കണമെന്നതിന് മറ്റൊരു കാരണം. സാധാരണ നായർ തറവാട്ടിലൊക്കെ അമ്മാവന്മാർക്ക് ഒരുവിധം നല്ല സ്ഥാനമാണ്. ഇവിടെ സ്വന്തം വീട്ടിലും തന്റെ സ്ഥാനം പരുങ്ങലിലാണ്.

അയാൾ ഒന്നും പറയാതെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി കഞ്ഞികുടിച്ചു. പറമ്പ് ആകെ വരണ്ടിരിക്കുന്നു. നന തുടങ്ങണ്ട കാലം അതിക്രമിച്ചു. ഇനി ധനുവാകുമ്പോഴേയ്ക്ക് മണ്ണ് പാറപോലെ ഉറയ്ക്കും. തുലാവർഷത്തിന്റെ വെള്ളൊക്കെ എങ്ങട്ടു പോയി ആവോ. ഭാഗ്യത്തിന് പറമ്പുകിള കഴിഞ്ഞു. അല്ലെങ്കിൽ വെള്ളത്തിന് ചാലു കീറാൻതന്നെ നാലു ദിവസെടുക്കും. ഇന്ന്തന്നെ ചാത്തയോട് പറയണം. പടിഞ്ഞാറെ മുറ്റത്തുകൂടെ ദേവകി ഒരു ബക്കറ്റു തൂക്കിപ്പിടിച്ചു നടന്നുപോകുന്നു. പത്തായപ്പുര തുടയ്ക്കാനായിരിക്കും. അവൾ മുണ്ട് എളിയിലേയ്ക്ക് എടുത്തുകുത്തിയിട്ടുണ്ട്. അവളുടെ അടിച്ചുവാരൽ കഴിഞ്ഞിട്ടുണ്ടാകണം. വടക്കേമുറിയിലെ ഓവറയിൽ വച്ച വെള്ളം കഴിഞ്ഞാലാണ് കിണറ്റിൽനിന്ന് കൊണ്ടുപോയി നിറയ്ക്കുക. ബക്കറ്റിന്റെ ഭാരംകൊണ്ട് അവൾ ഇടത്തെ കൈ പൊക്കിപ്പിടിച്ചാണ് നടക്കുന്നത്. അതുകാരണം അവളുടെ ചന്തി കുറച്ചു ഉയർന്നുനിൽക്കുന്നുന്നത് അയാൾ ആർത്തിയോടെ നോക്കി. വിജയൻ മേനോന് വേഗം കഞ്ഞികുടിച്ചെഴുന്നേറ്റ് പത്തായപ്പുരയിലെത്താൻ ധൃതിയായി.

‘കുറച്ചുകൂടി കഞ്ഞി വെളമ്പട്ടെ?’

‘വേണ്ട.’

അയാൾ ഉമ്മറത്ത് തിണ്ണമേൽ വച്ച കിണ്ടിയിലെ വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ് ചാരുകസേലയിൽ പോയിരുന്ന് മുറുക്കാൻ ചെല്ലം തുറന്നു. അയാൾ മനസ്സിൽ കണക്കുകൂട്ടുകയാണ്. ഇപ്പോൾ കിടപ്പറ തുടച്ചുകഴിഞ്ഞിട്ടുണ്ടാവും. ഇനി മറ്റു രണ്ടു മുറികളും ഇടനാഴികയും കഴിയുമ്പോഴേയ്ക്ക് എത്തണം. പദ്മിനി കുളത്തിൽനിന്ന് കുളിച്ചു വരുന്നതു കണ്ടു. പാറു പറഞ്ഞത് ശരിയാണ്. അവൾക്ക് പതിനൊന്നിന്റെ വളർച്ചയല്ല ഉള്ളത്. അവൾ കുറച്ചുകാലമായി വീട്ടിൽ വെറും പാവാടമാത്രം ഇട്ടാണ് നടന്നിരുന്നത് എന്നയാൾ ഓർത്തു. ബ്ലൗസില്ലാത്തതുകൊണ്ടായിരുന്നു അത് എന്നറിഞ്ഞില്ല. അല്ലെങ്കിലും അത്ര പെട്ടെന്ന് വാങ്ങിക്കൊടുത്താൽ വിലയുണ്ടാവില്ല. ഇന്ന് എന്തായാലും രണ്ട് ബ്ലൗസും പാവാടയും തുന്നിക്കാൻ കൊടുക്കണം. മുറുക്കാൻ വായിലിട്ട് വിജയൻ മേനോൻ എഴുന്നേറ്റു.

പത്തായപ്പുരയുടെ കോണികൾ കയറുമ്പോൾ അയാൾ ആവേശംകൊണ്ട് കിതയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ ദേവകിയെ കിട്ടിയിട്ടേ ഉള്ളൂ. അതുകഴിഞ്ഞ് വൈകുന്നേരം രമണിയുമായി ചെലവിട്ടു. ഇപ്പോൾ വീണ്ടും ദേവകിയെ ഒറ്റയ്ക്ക് കാണുകയാണെന്നോർത്തപ്പോൾ എന്താണിങ്ങനെ ആവേശം? നാല്പതു വയസ്സായിട്ടും ഒരു ഇരുപതുകാരന്റെ ആവേശമോ? ദേവകി ഇടനാഴികയുടെ അറ്റത്ത് കുന്തിച്ചിരുന്ന് നിലം തുടയ്ക്കുകയാണ്. വിജയൻ മേനോൻ കോണികയറുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നറ്റുനിന്നു മുണ്ടിന്റെ തല എളിയിൽ തിരുകിയത് അഴിച്ചിട്ടു. അയാൾ അവളെ വിളിച്ചുകൊണ്ട് കിടപ്പറയിലേയ്ക്കു കടന്നു.

അവൾ വാതിലിന്റെ അടുത്ത് വന്നു നിന്നതേയുള്ളു.

‘അകത്തു വാ.’

‘ഇല്ല തമ്പ്രാ, ഇന്ന് പാടില്ല.’

‘ഊം?’

‘ഞാൻ പൊറത്തായിരിക്ക്യാണ്.’

അയാൾ നിരാശനായി. തുടക്കത്തിൽത്തന്നെ കല്ലുകടിച്ചു. അവൾ അവിടെത്തന്നെ നിൽക്കുകയാണ്. എന്തോ പറയാനുള്ളപോലെ.

‘എന്താ ദേവൂട്ടീ?’

അവൾ വാതിലിന്റെ കട്ട്‌ളയിൽ കൈവച്ച് തലതാഴ്ത്തി നിൽക്കുകയാണ്.

‘എന്താച്ചാ പറഞ്ഞോ ന്റെ ദേവൂട്ടി.’

അവൾ മുഖമുയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘മ്പ്രാന്റെ ഷർട്ടും മുണ്ടും തിരുമ്പീട്ട് വടക്കേ മുറീല് ഇട്ട്ട്ട്ണ്ട്. നെറയെ കറയായിട്ട്ണ്ട്. അമ്രാള് കാണണ്ടാച്ചിട്ടേ ഞാൻ മിറ്റത്ത് തോരെടാഞ്ഞ്. എന്തിനാ മ്പ്രാൻ ങ്ങനെ കുടിക്കണത്?’

ഭർത്താവ് കുടിക്കുമ്പോൾ തോന്നാതിരുന്ന എന്തോ വികാരം തമ്പ്രാൻ കുടിച്ചതു കണ്ടപ്പോൾ അവൾക്ക് തോന്നി. ഈ പരുവത്തിൽ മുണ്ടും ഷർട്ടുമാവണമെങ്കിൽ നല്ലവണ്ണം അകത്താക്കിയിട്ടുണ്ടാവണം.

‘അതിനെന്തിനാ നീയ് കരേണത്, മണ്ടി. ഇങ്ങട്ട് വാ.’

‘വേണ്ട, ഇന്ന് തൊടാൻ പാടില്ല.’

‘അതു സാരല്ല്യ.’

അയാൾ അവളുടെ കൈപിടിച്ച് അകത്തേയ്ക്ക് വലിച്ചു. അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് കരയുകയാണ്.

‘സാരല്ല്യ മണ്ടി, ഞാനിനി കുടിക്കിണ്ല്ല്യ, പോരെ.’

‘ന്റെ തലേല് കൈവച്ച് സത്യം ചെയ്യൂ.’

അയാൾ ദേവകിയുടെ തലയിൽ കൈവച്ച് പറഞ്ഞു. ‘സത്യം.’

‘അമ്രാള്‌ടെ വിചാരം ഇമ്പ്രാൻ കുടിക്കില്ല്യാന്നാണ്. കോങ്ക്രസ്സുകാരൊന്നും കുടിക്കില്ലാന്ന്. ഇനി എന്തായാലും മ്പ്രാൻ കുടിക്കണ്ട.’

‘ഇല്ല. ഞാനിന്ന് തട്ടാൻ ദാമോദരന്റെ അട്ത്ത് പോണ്ണ്ട്. അരഞ്ഞാൺ തയ്യാറായിട്ട്‌ണ്ടെങ്കില് വാങ്ങിക്കൊണ്ടരാം.’

‘ഇത്ര വേത്തില് ശര്യാവോ?’

‘അഞ്ച് ദെവസംന്നാ പറഞ്ഞത്. ചെലപ്പൊ നേർത്തെ ആയിട്ട്ണ്ടാവും. നോക്കട്ടെ.’

അയാൾ ദേവകിയെ മോചിപ്പിച്ചു. ഇനിയും അവളുടെ ദേഹത്തിന്റെ സ്പർശം ഏറ്റാൽ പിന്നെ ശരിയാവില്ല. അവൾക്കാണെങ്കിൽ പാടില്ലാത്ത ദിവസമാണുതാനും. അവൾ കണ്ണുകൾ തുടച്ച് മുറിക്കു പുറത്തു കടന്നു.

ഇന്ന് കുറേ ജോലിയുള്ള ദിവസമാണ്. തേങ്ങക്കാരൻ മൊയ്തീനെ കാണണം. തേങ്ങയുടെ പണം തരാമെന്നു പറഞ്ഞ ദിവസമാണ്. മുഴുവൻ തരുമെന്ന് തോന്നുന്നില്ല. അവനും ഇപ്പപ്പോഴായി പണം തരുന്ന കാര്യത്തിൽ പിന്നിലാണ്. എല്ലാം ഒന്നാണ് കാണിക്കുന്നത്. തന്റെ കഴിവില്ലായ്മ, ധൈര്യമില്ലായ്മ. അയാൾ മുണ്ടു മാറ്റി ഷർട്ടെടുത്തിട്ടു അലമാറിയിൽനിന്ന് വേഷ്ടിയെടുത്ത് ചുമലിലിട്ടു. ബാഗിൽ നെല്ലു വിറ്റ പണം കുറച്ചു ബാക്കിയുണ്ടായിരുന്നത് എടുത്ത് പഴ്‌സിലിട്ട് അലമാറി പൂട്ടി. കോണിയിറങ്ങുമ്പോൾ വടക്കെ മുറിയിൽ ദേവകി ബക്കറ്റിൽ നിലം തുടയ്ക്കുന്ന തുണി ഒലുമ്പുന്ന ശബ്ദം കേട്ടു. അങ്ങോട്ടു തിരിയാനുള്ള പ്രേരണ ഒഴിവാക്കി അയാൾ കോണിയിറങ്ങി.

ചാത്ത അവന്റെ കുടിലിന്റെ മുറ്റത്തുതന്നെ നിൽക്കുന്നുണ്ട്. ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. അയാൾ വരമ്പിന്മേൽ നിന്നുകൊണ്ട് വിളിച്ചു. ‘ചാത്തേ.’

ചാത്ത ഓടിവന്നു. തോളത്തിട്ട മുണ്ട് എടുത്ത് കക്ഷത്ത് തിരുകിവച്ച് തൊഴുതുനിന്നു. ‘എന്താമ്പ്രാ?’

‘തെക്കെ കണ്ടം കൊറച്ചൂടി കെളയ്ക്കാൻ ബാക്കിണ്ട്. അതു കഴിക്കണം, ഒപ്പം കവുങ്ങിന് തടം കൂട്ടി നനേം തൊടങ്ങണം. ഇന്ന്തന്നെ പണി തൊടങ്ങിക്കോ.’

‘നാളെ വരാം തമ്പ്രാ. ന്ന് ഭാസ്‌കരൻ തമ്പ്രാന്റോടെ ചെല്ലാംന്ന് ഏറ്റിട്ട്ണ്ട്. മോന്തിക്ക് പോയി കറമ്പനെ കണ്ട് വരാൻ പറേണം. ഇപ്പപ്പോയാ കാണില്ല, ഓൻ പണിക്ക് പോയിട്ട്ണ്ടാവും. ത്‌ലാം ഇടാൻ ഓനും വേണം.’

‘ന്നാ ഒരു കാര്യം ചെയ്യ് ആദ്യം രണ്ടുപേരും കൂടി കെള ബാക്കിള്ളത് തീർക്ക്. ന്ന്ട്ട് തുലാം വെക്കണ പണി ചെയ്താമതി.’

‘ശരിമ്പ്രാ...’

‘നാളെത്തന്നെ വരണംട്ടോ.’

‘അടിയൻ നാളെത്തന്നെ വരാംമ്പ്രാ...’

ചാത്ത തല കുമ്പിട്ടു നിൽക്കേ വിജയൻ മേനോൻ വരമ്പിലൂടെ നടന്നുനീങ്ങി. തിരുവാതിരക്കാറ്റ് അയാൾക്ക് ഉണർവ്വുണ്ടാക്കി. അവരുടെ പാടത്ത് ചെറുവരമ്പിലൊന്നിൽ കുമ്പിട്ട് നിന്ന് നെൽച്ചെടികൾ പരിശോധിക്കുന്ന അപ്പൂട്ടി വിജയൻ മേനോനെ കണ്ടപ്പോൾ വേഗം നടന്നുവന്നു.

‘പാടത്ത് നെറയെ ചായി വീണിരിക്കുണു.’ മേനോന്റെ പിന്നിലായി നടന്നുകൊണ്ടിരിക്കെ അയാൾ പറഞ്ഞു. ‘സാധാരണ ഇക്കാലത്ത് കിളികള് വരാറ്ണ്ട്. കൊറെ കതിരൊക്കെ വെട്ടിക്കൊണ്ടോവുംച്ചാലും ചായിശല്യത്തിന് ഒരറുതിണ്ടാവും. ഇക്കൊല്ലം കിളികളെ ഒന്നിനേം കാണാൻല്ല്യ. എവടെ പോയി ആവോ? കൊറെ ചായിപ്പൊടിയൊക്കെ വെതറീര്ന്ന് മിനിഞ്ഞാന്ന്. എങ്ങനെണ്ട്ന്ന് നോക്ക്വായിരുന്നു. വല്ലിച്ച കൊണൊന്നും കാണാൻല്ല്യ.’

‘എന്ന് തൊടങ്ങാറാവും കൊയ്ത്ത്, അപ്പൂട്ടീ?’

‘ഒരു മാസം പിടിക്കും തമ്പ്രാനെ. ഇനി കൊയ്ത്ത് തൊടങ്ങ്യാലാണ് ഓരോ പ്രശ്‌നങ്ങള്ണ്ടാവ്വാ. ഇക്കൊല്ലം കൂലി കൂട്ടുംന്നൊക്കെപ്പറഞ്ഞിരിക്ക്യാണ് ജോലിക്കാര്. അവര്‌ടെ പിന്നില് കമ്മ്യൂണിസ്റ്റ്കളുംണ്ട്. അവര് ഓരോന്ന് മൂട്ടിക്കൊട്ക്ക്വാണ്. യൂണിയൻണ്ടാക്കുംന്നൊക്കെ കേക്കാന്ണ്ട്. എവിടെ എത്തുംന്ന് കണ്ടറിയണം. നന്നായി ഈ തെരഞ്ഞെടുപ്പിന് അവർക്ക് കിട്ടാഞ്ഞത്. കൃഷിചെയ്യാൻ പണ്ടത്തെപ്പോലെ ഇമ്പല്ല്യാതായിരിക്കുണു.’

‘നെഹൃു ഭരിക്കണേടത്തോളം കാലം കമ്യൂണിസ്റ്റുകൾക്ക് രക്ഷല്ല്യ അപ്പൂട്ടി. ആ ഒരു ഒറപ്പിമ്മലല്ലെ ഞങ്ങളൊക്കെ ജീവിക്കണത്.’

‘റഷ്യേലൊക്കെ പാലും തേനും ഒഴുക്വാന്നല്ലെ ചോപ്പന്മാര് പറഞ്ഞ് നടക്കണത്.’

‘അതെയതെ അവിടൊന്നും ആൾക്കാർക്ക് നടക്കാൻ വയ്യാന്നായിട്ട്ണ്ടാവും, വഴുക്കി വീണിട്ട്.’

‘അപ്പൊ, തമ്പ്രാൻ ഏടെക്കാ?’

‘എനിക്കൊന്ന് ടൗണീപ്പോണം. മൊയ്തീനെ കാണണം. പിന്നീം കൊറച്ച് ജോലിണ്ട്.’

‘വൈന്നേരം വീട്ടീണ്ടാവ്വോ?’

‘ണ്ടാവും അപ്പൂട്ടി.’

‘ഞാന്നാ വൈന്നേരം എറങ്ങാം തമ്പ്രാ.’

അപ്പൂട്ടി ഇടത്തേയ്ക്കുള്ള വരമ്പിലൂടെ നടന്നകലുന്നത് വിജയൻ മേനോൻ നോക്കി. വൈകുന്നേരം വരാമെന്ന് പറഞ്ഞത് എന്തിനായിരിക്കാം? ഇന്നലെ പറഞ്ഞതുപോലെ കുപ്പി വീട്ടിലെത്തിക്കാനായിരിക്ക്വോ? ആരുടെയും കണ്ണിൽപ്പെടാതെ കുടിക്കാൻ പറ്റിയാൽ തരക്കേടൊന്നുമില്ല. ഇനി കുടിച്ചാൽ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് വിജയൻ മേനോന് അറിയാം. രാവിലെ ദേവകിയുടെ തലതൊട്ട് സത്യംചെയ്തതും ഓർമ്മയുണ്ട്. പക്ഷേ ഇടക്കൊന്ന് കുടിച്ചാൽ എന്താ തരക്കേട്. ആരും അറിയാൻ പോണില്ല്യ. കൂടിയാലെ കുഴപ്പമുള്ളൂ. കൂടാതെ നോക്കണമെന്നുമാത്രം.

ഭാഗ്യത്തിന് മൊയ്തീൻ വീട്ടിലുണ്ടായിരുന്നു. അയാളുടെ ഭാര്യ ആമിനുമ്മ പടിക്കൽ ആടിനെ കെട്ടുകയാണ്.

‘അങ്ങട്ട് ചെന്നോളീ, മൂപ്പര് ഓടെണ്ട്.’ അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഞമ്മള് മൊതലാളീന്റട്ത്ത് ബരാൻ നിക്ക്വായിരുന്നു.’ കണ്ട ഉടനെ മൊയ്തീൻ പറഞ്ഞു. ‘മുയോൻ തെകഞ്ഞിട്ട് ബന്നാ മത്യോന്ന് നെനച്ച്. അല്ലെങ്കി ബേണ്ട ആയെടത്തോളം കായി മൊയ്‌ലാളി കൊണ്ട്‌പൊയ്‌ക്കോ.’

അയാൾ വീതിയുള്ള അരപ്പട്ടയിൽനിന്ന് കുറച്ചു നോട്ടുകളെടുത്ത് എണ്ണി തിട്ടപ്പെടുത്തി വിജയൻ മേനോന് കൊടുത്തു.

‘മാർക്കറ്റീന്ന് കായി കിട്ടാൻ ബല്ലിച്ച പാടാ മൊയ്‌ലാളി. ഞമ്മള് കത്തീം പുടിച്ചിട്ടാ നടക്ക്ണത്. അതോണ്ട് എന്താ കൊണം. ഓന്റെ അരേല് അതിലും മുന്ത്യ കത്തിണ്ട്.’

‘കഴിയണതും വേഗം ബാക്കിള്ളതും തന്ന്തീർക്ക് മൊയ്തീനെ. വീട്ടില് കാര്യങ്ങളും നടക്കണ്ടെ?’

‘ഞമ്മളങ്ങട്ട് എത്തിക്കാംന്ന്. മൊയ്‌ലാളി ബെഷമിച്ച് ഇങ്ങട്ടൊന്നും നടന്ന് ബരണ്ട.’

എന്തായാലും ഇന്ന് അത്യാവശ്യം വാങ്ങേണ്ട കാര്യങ്ങൾക്ക് പണം തികയും. പദ്മിനിയ്ക്ക് രണ്ടു പാവാടയ്ക്കും ബ്ലൗസിനും തുണി വാങ്ങി പൗലോസിന്റെ തയ്യൽക്കടയിൽ തുന്നാൻ ഏല്പിക്കണം. കാര്യം ശരിയാണ്. അവൾ വളർന്നുവരുന്ന കുട്ടിയാണ്. എത്രയായാലും തന്റെ മരുമകൾ എന്ന പേരിലാണ് അവൾ അറിയപ്പെടുക. അടുത്തുതന്നെ തിരണ്ടുകല്യാണം നടത്തേണ്ടി വരും. ചുരുങ്ങിയ തോതിലെങ്കിലും ഒരു സദ്യ ഏർപ്പാടു ചെയ്യണം. ഒരു പെൺകുട്ടി തിരണ്ടാൽ ഈ വിളംബരം ആവശ്യമാണ്. ഇങ്ങിനെ ഒരു കുട്ടിയുണ്ടെന്ന് നാട്ടുകാർ അറിയണം. പിന്നെ സാവധാനത്തിൽ ആലോചനകളുമായി ആളുകളെത്തിക്കോളും. പതിനാറ് പതിനേഴ് വയസ്സിനുളളിൽ കല്യാണം കഴിച്ചുകൊടുത്തില്ലെങ്കിൽ നാണക്കേടാണ്.

പൗലോസിന്റെ തുന്നക്കടയുടെ അടുത്തുതന്നെയാണ് മൂപ്പന്റെ സ്വർണ്ണക്കട. അവിടെ കയറി വസുമതിയ്ക്ക് ഒരു വള നോക്കണം. കല്ലുവച്ച വള വേണംന്ന് കൊറച്ച് കാലായി പറയാൻ തുടങ്ങീട്ട്. ഇന്ന് അതുംകൊണ്ട് പോയാലെ രക്ഷയുള്ളു. എന്നാൽത്തന്നെ സ്വീകരണമെന്താവുമെന്ന് പറയാൻ വയ്യ. ദാമോദരൻ അരഞ്ഞാൺ തീർത്തിട്ടുണ്ടെങ്കിൽ അതും വാങ്ങണം. ദേവകിയെപ്പറ്റി ആലോചിക്കുമ്പോൾ അരയിൽനിന്ന് ഉയർന്നുവരുന്ന ജ്വാലകൾ മേലാസകലം പടരുന്നു. ഇനിയും മൂന്നു ദിവസമെങ്കിലും കാത്തിരിക്കണം. ചുറ്റും ഉയരുന്ന തീജ്വാലകുളുടെ കുളിർമയിൽ ഒരു സ്വപ്നത്തിലെന്നപോലെ വിജയൻ മേനോൻ നടന്നു.