close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്തിനാല്


കൊച്ചമ്പ്രാട്ടി: ഇരുപത്തിനാല്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

തിരിച്ചു വന്നപ്പോൾ വീടു തുറക്കുന്നതിനുമുമ്പ് പദ്മിനി പോയി നോക്കിയത് അവളുടെ പച്ചക്കറികൃഷിയായിരുന്നു. ഒന്നും പറ്റിയിട്ടില്ല. വേലി പൊളിഞ്ഞതുകൊണ്ട് വല്ല പശുക്കളും വന്നാൽ അതെല്ലാം വേരടക്കം നശിപ്പിക്കും. മനുഷ്യന്മാരാരും അങ്ങിനെ കയറിവരാറില്ല. തേങ്ങ കളവുപോകുന്നുണ്ടെന്നറിഞ്ഞപ്പോൾ ചാത്ത കാളിയുടെ വീട്ടിൽ പോയി ബഹളം കൂട്ടി. അതിനുശേഷം തേങ്ങയും മടലും പോയിട്ടില്ല. എല്ലാവർക്കും ചാത്തയെ പേടിയാണ്. ചാത്തയാണ് ഈ പറമ്പിലെ കാര്യങ്ങൾ അന്വേഷിക്കുന്നതെന്നറിയാവുന്നവർ പറമ്പിലേയ്ക്ക് അത്ര ധൈര്യപൂർവ്വം കടക്കില്ല. ദുർമന്ത്രവാദവും ഒടിമറിച്ചിലും ചാത്തോപാസനയുമുള്ളതുകൊണ്ട് ആൾക്കാർ അയാളുമായി ഒരു സംഘട്ടനത്തിന് പോകാറില്ല. ഒരു ഒടിയന്റെ കൈകൊണ്ട് കഴുത്തൊടിഞ്ഞു മരിക്കാൻ ആർക്കാണ് താല്പര്യം?

ആകാശം രാത്രിയ്ക്കുള്ള കോള് വട്ടംകൂട്ടുന്നുണ്ട്. കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നു. ആയ്‌ക്കോട്ടെ, ഇടി വരാഞ്ഞാമതി.

കല്യാണിയമ്മ നല്ല സ്ത്രീയാണ്. സ്‌നേഹമുള്ള, ഉള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരമ്മ. പദ്മിനി അടുക്കളയിൽ അവരെ സഹായിക്കാൻ ശ്രമിച്ചു. പക്ഷേ അവർ സമ്മതിച്ചില്ല. ‘മോള് അവിടെ ഒരുപാത്തിര്ന്ന് സംസാരിച്ചാ മതി. ജോല്യൊക്കെ ഞാൻ ചെയ്‌തോളാം.’ അവരുടെ സ്‌നേഹം വെറും പ്രകടനമല്ലെന്നവൾക്കു മനസ്സിലായി.

‘ന്റെ മോള് പന്ത്രണ്ടാം വയസ്സിലാ മരിച്ചത്. വെറും പന്യായിരുന്നു. അത് കഴിഞ്ഞിട്ട് നാലു കൊല്ലം കഴിഞ്ഞപ്പൊ അവള്‌ടെ അച്ഛനും മരിച്ചു. ഞാൻ ഒറ്റയ്ക്കായി. മോള് ജീവിച്ചിരിക്ക്ണ്‌ണ്ടെങ്കിൽ ഇപ്പ പത്ത്‌നാൽപ്പത് വയസ്സായിട്ട്ണ്ടാവും.’

‘ഒക്കെ വിധ്യാണ് മോളെ.’ കണ്ണിൽ നിറഞ്ഞ ജലം മേൽമുണ്ടിന്റെ അറ്റംകൊണ്ട് തുടച്ച് അവർ പറഞ്ഞു. പദ്മിനിയ്ക്ക് ന്റെ പേരക്കുട്ട്യാവാന്ള്ള പ്രായേള്ളു.’

വിധി അവരെ തിരുമേനിയുടെ അടുത്തെത്തിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുക എന്നതുമാത്രമാണ് അവരുടെ ജീവിതോദ്ദേശ്യം. തിരുമേനിയുടെ കാലം കഴിഞ്ഞാലോ? അവർതന്നെ ചോദിച്ച ആ ചോദ്യത്തിന് അവർതന്നെ മറുപടി നല്കി. വിധി എന്തെങ്കിലും കണ്ടുവച്ചിട്ടുണ്ടാവും.

വിധിയിൽ അമ്മയും വിശ്വസിച്ചിരുന്നു. എന്തു വിഷമവും അവർ സഹിച്ചിരുന്നത് അത് വിധി തനിക്കായി ഒരുക്കിവച്ചിട്ടുള്ളതാണെന്ന അറിവാണ്. എന്തിനാണ് അങ്ങിനെ ഒരു വിധി എന്നവർ ഒരിക്കലും ചോദ്യം ചെയ്തില്ല. വിധിയ്ക്കുമുമ്പിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് അവർക്കറിയുമായിരിക്കും.

വൈകുന്നേരം അറുമുഖൻ വരുമ്പോൾ കുറേശ്ശെ മഴ ചാറിയിരുന്നു.

തിരുമേനിയുടെ ഒപ്പമിരുന്നാണ് ഊണു കഴിച്ചതെന്നു പറഞ്ഞപ്പോൾ അറുമുഖൻ പറഞ്ഞു.

‘കൊച്ചമ്പ്രാട്ടിടെ ഭാഗ്യം. എത്ര വല്യേ മനുഷനാ.’

പെട്ടെന്നവൾക്കു വിഷമം തോന്നി. അറുമുഖന് സ്വന്തം നിലയെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മരണമറിയിക്കാൻ പോയപ്പോൾ തിരുമേനി അവനോട് ഉമ്മറത്തേയ്ക്കു കയറി ഇരിക്കാൻ പറഞ്ഞത് അവനെ അദ്ഭുതപ്പെടുത്തിയിരുന്നു. അതൊരു വലിയ കാര്യമായിട്ടാണ് അവൻ കരുതുന്നത്. സാധാരണ ഒരില്ലത്തു ചെന്നാൽ ഇപ്പോഴും പടിപ്പുറത്ത് നിൽക്കേണ്ട ഗതികേടാണെന്ന് അവനറിയാം. ഉമ്മറത്തു കയറിയിരിക്കാൻ പറഞ്ഞത് തിരുമേനിയുടെ വലിയ മനസ്സിനെയാണ് കാണിക്കുന്നതെന്ന് അവൻ പറഞ്ഞു. അറുമുഖൻ ഇപ്പോഴും ഈ വീട്ടിൽക്കൂടി ഉമ്മറത്തേയ്ക്കു കയറാറില്ല എന്നത് പദ്മിനിയ്ക്ക് ഓർമ്മ വന്നു. ഇവിടെ വിലങ്ങുകളൊന്നുമുണ്ടായിട്ടല്ല. അദൃശ്യമായ എന്തോ ഒന്ന് പക്ഷേ അവനെ വിലക്കിയിരുന്നു. പദ്മിനിയ്ക്ക് സ്വയം നിന്ദ അനുഭവപ്പെട്ടു.

‘ഇന്നും നല്ല മഴണ്ടാവുംന്നാ തോന്നണത്.’ പദ്മിനി പറഞ്ഞു.

‘ഇന്നും മഴ കിട്ട്വാണെങ്കിൽ നാളെ വെതയ്ക്കാൻ പോണം. വിഷൂന് മുമ്പ് വെത കഴിക്കണംന്നാ തമ്പ്രാൻ പറഞ്ഞിട്ട്ള്ളത്. ഇന്ന് ഭരണി അല്ലെ, തിരുവാതിര നല്ല ദെവസാണ്. അല്ലെങ്കിൽ വിഷു കഴിഞ്ഞ് വിശാഖം വരെ പോണം.’

അറുമുഖന്റെ നാട്ടറിവിൽ പദ്മിനിയ്ക്ക് അദ്ഭുതമായി. അവൻ വളർന്നു വലുതായിരിക്കുന്നു. ഒത്ത ശരീരം. കറുപ്പിനോടടുത്ത നിറമാണെങ്കിലും ചാത്തയുടെ അത്രതന്നെ കറുത്തിട്ടല്ല. അവൻ വളർന്നതിനോടൊപ്പം അവന്റെ അറിവും വളർന്നിരിക്കുന്നു. അതു പുസ്തകങ്ങളിൽനിന്നു ലഭിച്ച അറിവു മാത്രമല്ല.

‘വെത തൊടങ്ങ്യാൽ രണ്ട്മൂന്ന് ദെവസം നല്ല ജോല്യായിരിക്കും. രാത്രി വീട്ടിലെത്താൻ വൈകും, നേരത്തെ പോണ്ടി വരൂം ചെയ്യും. ഇവിടെ ഏതായാലും ഒരാഴ്ചയ്ക്ക് നന വേണ്ടി വരില്ല. അപ്പൊ അമ്മ്യോട് എടയ്ക്ക് വന്ന് അന്വേഷിക്കാൻ പറയാം. എന്തെങ്കിലും ആവശ്യണ്ടെങ്കിൽ അമ്മ്യോട് പറഞ്ഞാൽ മതി.’

മഴ കൂടുകയാണ്.

‘അറുമുഖൻ പൊയ്‌ക്കോളു. ഇനി മഴ നനഞ്ഞ് പോവാൻ എട്യാക്കണ്ട.’

‘ഏയ് അതൊന്നും ന്നെ ഏശില്ല. കടേന്ന് വല്ലതും വാങ്ങാന്‌ണ്ടോ? ഇനി രണ്ടുമൂന്നു ദെവസത്തേയ്ക്ക് സമയം കിട്ടില്ല.’

‘ഇല്ല. തല്ക്കാലം ഒന്നുംല്യ.’

അറുമുഖൻ പോയി. പദ്മിനി മുറ്റത്ത് മഴത്തുള്ളികൾ ശക്തിയാർജ്ജിച്ചു വരുന്നത് നോക്കി നിന്നു. പെട്ടെന്ന് ഒരു മിന്നലും അതിന്റെ പിന്നാലെ ചെകിടടയുന്ന ഇടിയും. അവൾ ചാടിയെഴുന്നേറ്റ് അകത്തേയ്‌ക്കോടി. ദൈവമേ ഇത് ആര് പറഞ്ഞിട്ടാണ് കൊടുത്തയച്ചിരിക്കണത്? അവൾ കട്ടിലിൽ കയറി ചൂളിയിരുന്നു. പുറത്ത് പെട്ടെന്ന് ഇരുട്ടി. വിളക്കു കൊളുത്തേണ്ട സമയമായി. ഈ ഇടിയും മിന്നലും നിന്നിട്ടേ ഞാനിവ്ട്ന്ന് എണീക്കു. അല്ലെങ്കിൽ ഇന്ന് മച്ചിലെ ഭഗവതി വിളക്കു കണ്ടില്ലെന്നേ വരു. ഒരു ശക്തിയായ കാറ്റിൽ ജനലുകൾ കൊട്ടിയടയപ്പെട്ടു. അതു നന്നായി. തുറന്ന ജനലിലൂടെ വന്ന മിന്നൽ അവളെ ഭയപ്പെടുത്തിയിരുന്നു. ഭഗവതിയുടെ ഇടപെടൽ കാരണമായിരിക്കണം കുറച്ചു കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. ഇടി ഒരു മുരൾച്ച മാത്രമായി മാറി. അവൾ എഴുന്നേറ്റ് നിലവിളക്കു കത്തിച്ചു. ഉമ്മറത്തെത്തിയപ്പോഴാണ് മനസ്സിലായത്. നല്ല കനത്ത മഴയായിരുന്നു. അന്തരീക്ഷം ആകെ തണുത്തു. ഇന്ന് ഉറങ്ങാൻ നല്ല സുഖമായിരിക്കും. റാന്തൽ കത്തിച്ചുകൊണ്ട് പദ്മിനി അടുക്കളയിലേയ്ക്കു കടന്നു.

ഉച്ചത്തേയ്ക്കുള്ള ചോറും കൂട്ടാനും ഉണ്ടാക്കിവച്ചിട്ടാണ് അവൾ പോയിരുന്നത്. അതങ്ങിനെത്തന്നെ ഇരിക്കുന്നുണ്ട്. ഭാഗ്യത്തിന് കേടുവന്നിട്ടില്ല. അവൾ നിലത്തിരുന്നുകൊണ്ട് ഊണു കഴിച്ചു. ഉച്ചയ്ക്ക് തിരുമേനിയുടെ വീട്ടിൽ കയ്പ്പക്ക മെഴുക്കുപുരട്ടിയുണ്ടായിരുന്നു. നല്ല സ്വാദ്. അവൾ കാര്യമായി അതു കൂട്ടിയാണ് ഊണു കഴിച്ചത്. എത്രയോ ദിവസമായി വെണ്ടക്ക സാമ്പാറും വഴുതിനങ്ങ മെഴുക്കുപുരട്ടിയും കഴിച്ച് അവൾക്ക് മടുത്തിരുന്നു. ചീര ഒരുമാതിരി ഉയരം വച്ചിട്ടുണ്ട്. നാളെ കുറച്ച് ചീര മുറിച്ചെടുക്കണം. നേരിയതായി അരിഞ്ഞ് കപ്പൽമുളക് വറവിട്ട് മെഴുക്കുപുരട്ടിയുണ്ടാക്കിയാൽ നല്ല സ്വാദുണ്ടാവും. ഊണു കഴിച്ച് വാതിലുകളടച്ച് അവൾ ഉറങ്ങാൻ കിടന്നു.

രാത്രി കനത്ത മഴ പെയ്തു. ഒപ്പം ഇടിയും മിന്നലും. ജനൽപ്പൊളിയുടെ വിള്ളലിലൂടെ മിന്നൽ കടന്നു വരുന്നതവൾ കാണുന്നുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ. എന്റെ കൈയ്യിലല്ലാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ചിട്ട് എന്തു കാര്യം. ഉമ്മറത്തുനിന്ന് നിലവിളക്ക് എടുത്തില്ലെന്ന് എപ്പോഴോ ഓർമ്മ വന്നു. സാരമില്ല. ഈ കാറ്റിൽ തിരി കെട്ടിട്ടുണ്ടാവും. കെട്ടുപോയ ഒരു വിളക്കും കാറ്റിൽ മഴവെള്ളമടിച്ച് നനഞ്ഞ വിജനമായ ഉമ്മറവും മനസ്സിൽ കിടന്നു കളിച്ചുകൊണ്ട് അവൾ ഉറക്കത്തിലേയ്ക്കു വഴുതി വീണു.

രാവിലെ എഴുന്നേറ്റപ്പോൾ അവൾക്ക് മോലാസകലം വേദന തോന്നി. ജനൽ തുറന്നിട്ടു. തണുത്ത കാറ്റ് ഉള്ളിലേയ്ക്കു കടന്ന് അവളെ കുളിരണിയിച്ചു. അവൾക്ക് വീണ്ടും കിടക്കാനാണ് തോന്നിയത്. മൂടിപ്പുതച്ചു കിടന്നപ്പോൾ സുഖം തോന്നി, അങ്ങിനെ ഉറക്കത്തിലാണ്ടു പോവുകയും ചെയ്തു. പിന്നെ എഴുന്നേറ്റപ്പോൾ നേരം എട്ടു മണിയായി. എന്താണങ്ങിനെ പറ്റാൻ? മേൽ വേദന അപ്പോഴുമുണ്ട്. ദേഹത്തിൽ നേരിയ ചൂട് അനുഭവപ്പെട്ടു. പനിക്കുന്നുണ്ടോ?

ഇന്ന് അടിച്ചു വാരാനൊന്നും വയ്യ. അടുപ്പു കൂട്ടി കഞ്ഞിപ്പാത്രം അടുപ്പത്തു കയറ്റി അവൾ ഉമ്മറത്തു വന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ നീലി നടന്നുവരുന്നതു കണ്ടു.

‘എന്താ കൊച്ചമ്പ്രാട്ടി എണീക്കാൻ വൈക്യാ. അട്യൻ ജന്‌ലിക്കൂടെ നോക്ക്യപ്പൊ നല്ലൊറക്കാ.’

‘മേല് വേദനണ്ട്.’

‘മഴ കാരണാ. ന്ന് അടിച്ചുവാരീട്ടില്ല്യല്ലെ? നീലി അടിച്ചുവാരട്ടാ?’

‘വേണ്ട നീലി. പറ്റ്വെങ്കിൽ അടുക്കളേല് പോയിട്ട് അരിക്കഞ്ഞി ഒന്ന് നോക്കാവ്വോ? അരി വെന്ത്ട്ട്ണ്ടാവും.’

‘ഞാൻ നോക്കണാ. അടുക്കളേല് കേറണ്ടെ?’

‘അതോണ്ടെന്താ? ഒന്ന് വേഗം നോക്കി വരു.’

പാവം നീലി. അവൾ വീടു ചുറ്റി പോയി അടുക്കളയിൽ കടന്ന് അതേ വഴിയ്ക്ക് തിരിച്ചുവന്നു.

‘വെന്തിരിക്ക്ണ്. വാങ്ങിവച്ചിട്ട്ണ്ട്.’

‘എന്താ നീലിയ്ക്ക് ഉമ്മറത്തുകൂടെ പോവ്വായിര്ന്നില്ലെ?’

നീലി ചിരിച്ചു.

‘ഞങ്ങള് അങ്ങനെ വീട്ടീ കടക്കൂലാ. ദേവകി തീയ്യത്തിയല്ലെ. ഓൾക്ക് കൊയപ്പല്യ. ഞങ്ങള് ചെറുമക്കളല്ലെ, അകത്ത് കടക്കാൻ പാടൂല.’

‘ഇനി തൊട്ട് കടന്നു നോക്കു എന്താ സംഭവിക്ക്യാന്ന് നോക്കാലോ.’

നീലി ഒന്നും പറയുന്നില്ല. പദ്മിനിയ്ക്ക് അമ്മയോട് ദേഷ്യം തോന്നി. അമ്മയ്ക്ക് ഇതൊക്കെ മാറ്റാമായിരുന്നു. പഴയ ആചാരങ്ങൾ, ചിട്ടകൾ. അതൊക്കെ അനുഷ്ഠിച്ചിട്ട് അമ്മയ്ക്ക് എന്തു ഗതിയാണുണ്ടായത്. സ്വന്തം ജീവിതത്തിൽനിന്നെങ്കിലും പഠിക്കേണ്ടതായിരുന്നു. അങ്ങിനെ ചെയ്തില്ല എന്നതായിരിക്കണം അമ്മയുടെ പരാജയം. ഭർത്താവു മരിച്ച ശേഷം ഏട്ടന്റെ ചൊൽപടിയ്ക്കു നിന്നു. ഏട്ടൻ പറഞ്ഞ ഏതെങ്കിലും കാര്യങ്ങൾ ശരിയല്ല എന്നു തോന്നിയാൽ അതിനെ എതിർക്കുകയെങ്കിലും ചെയ്യാമായിരുന്നു. മറിച്ച് എല്ലാ അവഗണനയും സഹിച്ച് അർഹതപ്പെട്ട ഒന്നും നേടാതെ, അനുഭവിക്കാതെ അവർ മരിച്ചുപോയി. സഹതാപം അർഹിക്കുന്ന ഒരു സ്ത്രീ. പക്ഷേ അവൾക്ക് ദേഷ്യമാണ് തോന്നിയത്.

നീലി പോയപ്പോൾ പദ്മിനി അകത്തു കടന്നു, കിടപ്പറയിൽ പോയി അമ്മയുടെ മുണ്ടിൻപെട്ടിയുടെ മുമ്പിലിരുന്നു. അമ്മയെപ്പറ്റി ഇത്രയും ആലോചിച്ചതിൽത്തന്നെ അവൾക്കു പശ്ചാത്താപം തോന്നി. പാവം. അമ്മയെ തലോടുന്നപോലെ അവൾ ആ പെട്ടി തലോടി. അമ്മ മരിച്ചശേഷം അവൾ അതു തുറക്കുകയുണ്ടായിട്ടില്ല. മരിച്ചുപോയാലും അമ്മയ്ക്ക് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമുണ്ട് എന്നവൾ കരുതി. അതിനു വലിയ അർത്ഥമില്ലെന്നും ഇനി അമ്മയുടെ എല്ലാം തനിക്കുള്ളതാണെന്നും അവൾ ഓർത്തു, സ്വകാര്യതയടക്കം. അമ്മയും അതായിരിക്കും ഉദ്ദേശിച്ചിട്ടുള്ളത്. പെട്ടിയുടെ മീതെ ഇട്ട തടുക്കുപുൽപായയ്ക്കു താഴെ നിന്ന് താക്കോലെടുത്ത് പെട്ടി തുറന്നു. പെട്ടിയ്ക്ക് ഒരു പ്രത്യേക മണമാണ്. അവളുടെ ചെറുപ്പത്തിൽ അമ്പലത്തിൽ പോവാനായി അമ്മ ഉടുത്തൊരുങ്ങി വരുമ്പോൾ ഈ മണമാണുണ്ടാവാറ്. കൈതപ്പൂവിന്റെ മണമാണോ?

പെട്ടിയിൽ അധികവും അമ്മയുടെ മുണ്ടുകളാണ്. കസവുമുണ്ടുകൾ. ഇതിൽ ഏതു മുണ്ടായിരിക്കും തിരുമേനി കൊടുത്തയച്ചത്? കല്യാണത്തിന്റെ തലേന്ന് അച്ഛൻ തിരുമേനി ഒരു കസവുമുണ്ടു കൊടുത്തയച്ചിരുന്നുവെന്നും അതാണ് കല്യാണത്തിന് ഉടുത്തതെന്നും അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പെട്ടിയുടെ അടിയിൽനിന്ന് അവൾക്ക് ആ സെറ്റുമുണ്ട് കിട്ടി. ഇപ്പോഴും തുടുത്ത കസവുള്ള ആ മുണ്ട് മറ്റൊരു മുണ്ടിനുള്ളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കയാണ്. ഒപ്പംതന്നെ അതിന്റെ ബ്ലൗസുമുണ്ട്. വലുപ്പം നോക്കുമ്പോൾ തന്റെ ബ്ലൗസിന്റെ വലുപ്പമുണ്ട്. അമ്മ തന്നെപ്പോലെ അത്യാവശ്യം തടിയുള്ള സ്ത്രീയായിരുന്നുവെന്നത് അവൾക്ക് അദ്ഭുതമുണ്ടാക്കി. അവൾക്ക് ഓർമ്മവച്ച കാലംതൊട്ട് അവർ മെലിഞ്ഞിട്ടായിരുന്നു. അതിനടുത്തായി ഒരു ചെറിയ പെട്ടി കിടക്കുന്നത് എടുത്തുനോക്കി. അതിൽ ഒരു നെക്ക്‌ലേസും പാലയ്ക്കാമോതിരവും. ഈ രണ്ട് ആഭരണങ്ങളും അമ്മ അണിയുന്നത് അവൾ കണ്ടിട്ടേ ഇല്ല. മകൾക്ക് കല്യാണദിവസം അണിയാനായി മാറ്റിവച്ചതായിരിക്കണം അവ. പാവം അമ്മ. പദ്മിനിയുടെ കണ്ണുകൾ നീരണിഞ്ഞു. അവൾ നെക്ക്‌ലേസ് എടുത്തു കഴുത്തിൽ വച്ചുനോക്കി. എഴുന്നേറ്റ് കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നല്ല ഭംഗിയുണ്ട്. അമ്മ നല്ല ഭംഗിയുള്ള സ്ത്രീയായിരുന്നു. മുകളിലെ കിടപ്പുമുറിയുടെ ചുമരിൽ അമ്മയുടെ വിവാഹഫോട്ടോ തൂങ്ങിക്കിടക്കുന്നുണ്ട്. നീളം കുറഞ്ഞ മീശയും കട്ടിയുള്ള പുരികവും ചുരുണ്ട മുടിയുമുള്ള ഭർത്താവിന്റെ ഇടത്തുവശത്ത് അവർ പൂച്ചെണ്ടും പിടിച്ച് അല്പം പരിഭ്രമത്തോടെ നിൽക്കുന്നു. ചുമരിൽത്തറച്ച രണ്ടാണികളിൽ ആ വലിയ ചിത്രം കുറച്ച് മുന്നോട്ടാഞ്ഞ് തൂങ്ങിക്കിടന്നു. അതിനുപിന്നിൽ ചന്ദനത്തിരിയുടെ ഒരു ഒഴിഞ്ഞ പാക്കറ്റ് കുറേക്കാലം കിടന്നിരുന്നത് അവൾക്ക് ഓർമ്മയുണ്ട്. പിന്നെ എത്രയോ കാലമായി ആ ഫോട്ടോ ശ്രദ്ധിക്കാറില്ല. താൻ അറിയുന്ന അമ്മയ്ക്ക് അങ്ങിനെ ഒരു രൂപം അവളുടെ ഓർമ്മയിൽ വരുന്നേയില്ല.

അവൾ എല്ലാം മടക്കി പെട്ടിയ്ക്കുള്ളിൽ വച്ച് പൂട്ടി. അമ്മയുടെ മണിയറ കാണണമെന്നവൾക്കു തോന്നി. ദേവകി പോയശേഷം ആരും മുകളിലേയ്ക്കു കയറാറില്ല. ദേവകിയുണ്ടായിരുന്നപ്പോൾ എല്ലാ വെള്ളിയാഴ്ചയും മുകളിലും അടിച്ചുവാരി തുടയ്ക്കാറുണ്ട്. പദ്മിനിയ്ക്ക് ആ മുറി ഇഷ്ടമായിരുന്നു. അവൾ ദേവകിയുടെ ഒപ്പം മുകളിലേയ്ക്കു പോകും. ‘ഇത് മോളടെ കല്യാണമുറ്യല്ലെ?’ ദേവ കി കളിയാക്കിക്കൊണ്ട് പറയും.

പദ്മിനി കോണിമുറി തുറന്നു. അഴികളുള്ള കൈവരി പിടിച്ചുകൊണ്ട് അവൾ കോണികയറി. കോണി കടന്നെത്തുന്നത് വിശാലമായൊരു തളത്തിലാണ്. ജനലുകളടച്ചതുകാരണം മുറിയ്ക്ക് അതിന്റെ വിശാലത തൽക്കാലം നഷ്ടപ്പെട്ടിരുന്നു. തളത്തിൽനിന്നാണ് കിടപ്പറയിലേയ്ക്കും അതിനപ്പുറത്തെ ചെറിയ മുറിയിലേയ്ക്കും വാതിൽ. കിടപ്പറയുടെ ജനലുകൾ തുറന്നിട്ട് അവൾ ആകെയൊന്ന് നോക്കി. കൊത്തുപണികളുള്ള വലിയ കട്ടിലിൽ കിടയ്ക്കവിരി കേടുകൂടാതെ കിടക്കുന്നു. കട്ടിലിനു തൊട്ടടുത്തായി മരത്തിന്റെ അലമാറ. ചുമരിൽ അമ്മയുടെ കല്യാണഫോട്ടോ. അമ്മ ഒരു നവവധുവായി അച്ഛനോടൊപ്പം കഴിഞ്ഞ മുറി. അവളും ആ മുറിയിൽ ആദ്യരാത്രി കഴിക്കണമെന്നു കരുതിയതായിരുന്നു. ഇനി അതൊക്കെ നടക്കുമോ? പെട്ടെന്നവൾക്ക് ആ മുറിയിൽനിന്ന് പോവാൻ തോന്നി. അവൾ ജനലുകൾ അടച്ചു.

താഴെ എത്തി കോണിമുറി പൂട്ടിയപ്പോൾ അവൾ ആലോചിച്ചു. കഞ്ഞികുടിച്ച് കുറച്ചുനേരം കിടക്കണം. കുറച്ചുനേരം മേൽവേദന മറന്നുപോയതായിരുന്നു. ചോറും കൂട്ടാനും മെഴുക്കുപുരട്ടിയും ഉണ്ടാക്കണം. അതു പിന്നെയാവാം.

കഞ്ഞി കുടിച്ചപ്പോൾ തീരെ വയ്യെന്നു തോന്നി. പാത്രങ്ങളെല്ലാം നിലത്തുതന്നെ വച്ച് അവൾ വന്നു കിടന്നു. ഇപ്പോൾ പനിയുണ്ട്. പുറത്ത് നല്ല വെയിലാണ്. എവിടെയോ ഒരു വണ്ടിന്റെ മൂളൽ കാതിൽ വന്നടിക്കുന്നു. ഒരു കിളിയുടെ ശബ്ദം. ജനലിനു തൊട്ടു പുറത്തുനിന്നാണ്. പിന്നെ അവ്യക്തമായ ഓരോ ശബ്ദങ്ങൾ. അതവൾക്കു വേർതിരിച്ചറിയാൻ കഴിയുന്നില്ല. പിന്നെ എന്താണുണ്ടായത്? ആരോ തന്നെ വിളിക്കുന്നുണ്ട്. കൊച്ചമ്പ്രാട്ട്യേ... കൊച്ചമ്പ്രാട്ട്യേ... പിന്നെ ഒന്നുമില്ല. വെറും ശൂന്യതമാത്രം.

നീലി വിളി നിർത്തി, ജനലിൽനിന്നു പോന്നു. കൊച്ചമ്പ്രാട്ടി ഉറങ്ങുകയായിരിക്കും. ഇപ്പൊ ബുദ്ധിമുട്ടിക്കണ്ട. കുറച്ചുനേരം ഉറങ്ങിയാൽ ഭേതാവും. അവൾ കുടിലിലേയ്ക്ക് തിരിച്ചുവന്നു. ഉച്ചയ്ക്ക് അവൾ തലേന്നു രാത്രിവച്ച മീൻകറിയുടെ ഒപ്പം ചോറുണ്ടു. ഒന്ന് തലചായ്ക്കാം, എന്നിട്ട് കൊച്ചമ്പ്രാട്ടിയുടെ അടുത്ത് പോകാം. കൊച്ചമ്പ്രാട്ടിയ്ക്ക് സൂക്കടൊന്നും വരാതിരുന്നാൽ മത്യായിര്ന്ന് ന്റെ ബകോതി. അവൾ വാതിലടച്ച് കിടന്നു.

നേരം ഇമ്മിണിയായീന്ന് തോന്നുണു. നീലി എഴുന്നേറ്റുകൊണ്ട് പുറത്തേയ്ക്കു നോക്കി. മഴക്കാറ് കാരണം സമയം എത്ര്യായീന്നറിയാൻ പാടില്ല. പദ്മിനിയുടെ ഓർമ്മ വന്നപ്പോൾ അവൾ പുറത്തേയ്ക്കിറങ്ങി. ഉമ്മറത്തെ വാതിൽ തുറന്നിട്ടൊന്നുമില്ല. ഇനി ഒറങ്ങ്വായിരിക്ക്യോ? അടുക്കളയുടെ വാതിലും അടച്ചിട്ടിരിക്കയാണ്. അവൾ പടിഞ്ഞാറെ മുറ്റത്തുകൂടി നടന്ന് ജനലിന്റെ അഴികൾക്കിടയിൽക്കൂടി നോക്കി. കൊച്ചമ്പ്രാട്ടി കട്ടിലിൽ കിടക്കുക തന്നെയാണ്. ഉച്ചയ്ക്കുമുമ്പ് കിടക്കുന്ന അതേ കിടപ്പ്. ന്റെ തേവരേ! അത് ഞീം എണീറ്റിട്ടില്ലേ? നീലി ഉറക്കെ വിളിച്ചു.

‘കൊച്ചമ്പ്രാട്ടീ...’

അനക്കമില്ല. അവൾ വിളി ആവർത്തിച്ചു. നാലഞ്ചു വട്ടം വിളിച്ചിട്ടും വിളി കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ നീലിയ്ക്ക് പേടിയായി. അവൾ അടുക്കളയുടെ വാതിലിലേയ്ക്ക് ഓടി. കുറച്ചുറക്കെ ഉന്തിയപ്പോൾ വാതിൽ തുറന്നു. ഒട്ടും മടിയ്ക്കാതെ അവൾ അകത്തേയ്‌ക്കോടി. ഇടനാഴികയിലേയ്ക്കു കടന്ന് വലത്തു വശത്തുള്ള വാതിലിലൂടെ അകത്തു കടന്നു. പദ്മിനി ബോധമില്ലാതെ കിടക്കുകയാണ്. അവൾ കുലുക്കി വിളിച്ചു. മറുപടിയൊന്നുമില്ല. ദേഹത്തിനു ചൂടു തോന്നി. നെറ്റിമേൽ കൈവച്ചു.

‘ന്റെ തേവരേ ഈ കുഞ്ഞിന്റെ മേത്ത് അട്പ്പിൻകല്ല്‌പോലെ ചൂട്ണ്ടല്ലാ.’

അവൾ ഒട്ടും സമയം പാഴാക്കാതെ പുറത്തു കടന്നു. അടുക്കളയുടെ വാതിൽ അമ്പിച്ച് ചാരി അവൾ പുറത്തേയ്‌ക്കോടി. ചാത്ത ജോലിയെടുക്കുന്നത് നെല്ലിപ്പാടത്തിലാണെന്നവൾക്കറിയാം. അധികം ദൂരമൊന്നുമില്ല. അവിടെ എത്തുന്നതുവരെ നീലി ഓടുകയായിരുന്നു. നീലി ഓടി വരുന്നതു കണ്ടപ്പോൾ ചാത്തയും അറുമുഖനും അടുത്തുചെന്നു.

‘കൊച്ചമ്പ്രാട്ടിയ്ക്ക് പന്യാ, പോതംല്യാതെ കെടക്ക്വാ.’ കിതപ്പിനിടയിൽ അവൾ പറഞ്ഞുതീർത്തു.

മറ്റു പണിക്കാരോട് കൈക്കോട്ട് കുടിയിലെത്തിക്കാൻ ആവശ്യപ്പെട്ട് ചാത്തയും അറുമുഖനും തിരിച്ചു. ‘ന്റെ മാളോരേ... ന്റെ കുഞ്ഞിന് എന്തുപറ്റി ആവോ?’ നീലി ഓട്ടത്തിനിടയിലും നിലവിളിച്ചുകൊണ്ടിരുന്നു.