close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഏഴ്


കൊച്ചമ്പ്രാട്ടി: ഏഴ്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

അച്ഛനും, പിന്നീട് ഭർത്താവുമുണ്ടായിരുന്നപ്പോൾ കാര്യങ്ങൾ ഇങ്ങിനെയൊന്നുമായിരുന്നില്ല. പുറത്ത് കൊടും ദാരിദ്ര്യം പാവപ്പെട്ടവരെ പട്ടിണിയിലാഴ്ത്തുമ്പോഴും വീട്ടിനുള്ളിൽ കാര്യങ്ങൾ ഭംഗിയായി നടന്നിരുന്നു. പാറുവമ്മ ഓർത്തു. ലക്ഷ്മി അന്ന് അഞ്ചാറു വയസ്സായ ദേവകിയെയും കൂട്ടിയാണ് പണിയ്ക്ക് വരാറ്. ദേവകിയെക്കൊണ്ട് ജോലിയെടുപ്പിക്കാനല്ല, അവൾക്ക് എന്തെങ്കിലും തിന്നാൻ കിട്ടിക്കോട്ടെ എന്നു വച്ചായിരുന്നു. ലക്ഷ്മി ജോലിയെടുക്കുമ്പോൾ ദേവകി വടക്കോറത്തിനും താഴെ ഇറക്കത്തിലുള്ള ഉരൽപ്പുരയുടെ ചാണകം തേച്ച നിലത്തിരുന്ന് കളിക്കും. ഉച്ചയ്ക്ക് അരി വാർത്തുകഴിഞ്ഞാൽ ആ കുത്തരിക്കഞ്ഞിവെള്ളം കലത്തിലാക്കി ലക്ഷ്മി വീട്ടിലേയ്ക്കു കൊണ്ടുപോകും. തലേന്നു രാത്രി ബാക്കിവന്ന ചോറും അവൾ കലത്തിലാക്കി കൊണ്ടുപോകും. അത് എന്നുമുണ്ടായെന്നു വരില്ല. ഈ ചോറ് കഞ്ഞിവെള്ളത്തിലിട്ടു തിളപ്പിച്ചായിരുന്നു അവൾ വീട്ടിൽ കഞ്ഞി വിളമ്പിയിരുന്നത്. ഒരു ദിവസം ഓർമ്മയില്ലാതെ അമ്മ കഞ്ഞിവെള്ളം പശുവിനുള്ള കാടിവെള്ളത്തിലൊഴിച്ചു. അതറിഞ്ഞപ്പോൾ ലക്ഷ്മിക്ക് വിഷമമായി. കാടിവെള്ളം നിറച്ച പാത്രത്തിൽ നോക്കി അവൾ കുറച്ചുനേരം നിന്നു. അവളുടെ വാടിയ മുഖം പാറുവമ്മയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ‘ഒരീസം പശുക്കളും നല്ല വെള്ളം കുടിക്കട്ടെ ലക്ഷ്മി,’ എന്ന് പറഞ്ഞതിന് ലക്ഷ്മി അന്ന് അമ്മയെ ശപിച്ചിട്ടുണ്ടാകും. വീട്ടിൽ അവളുടെ ഭർത്താവും സുഖമില്ലാത്ത അമ്മയും ഈ കഞ്ഞിവെള്ളം ആശ്രയിച്ചാണിരിക്കുന്നത്.

അമ്മയ്ക്ക് ആങ്ങളമാരില്ലാഞ്ഞതുകൊണ്ട് പാറുവമ്മയ്ക്ക് അമ്മാമന്മാരുടെ വക ദ്രോഹം സഹിക്കേണ്ടി വന്നില്ല. മുത്തച്ഛൻ നേരത്തെത്തന്നെ മൂന്നു മക്കൾക്കായി സ്വത്തുമുഴുവൻ ഭാഗിച്ചുവച്ചു. അമ്മയുടെ ചേച്ചി കല്യാണം കഴിഞ്ഞെങ്കിലും തറവാട്ടിൽത്തന്നെയായിരുന്നു താമസം. മുത്തച്ഛന്റെ ഏറ്റവും താഴെയുള്ള മകളുടെ കല്യാണം കഴിഞ്ഞിരുന്നില്ല. സുന്ദരിയാണെങ്കിലും അല്പം മുടന്തുണ്ടായിരുന്നതുകൊണ്ടാണ് കല്യാണമൊന്നും തരമാവാഞ്ഞത്. പാറുവിന് ചെറിയമ്മയെ ഇഷ്ടമായിരുന്നു. തറവാട്ടിൽ പോയാൽ അവരായിരുന്നു പാറുവിന്റെ കാര്യങ്ങളെല്ലാം നോക്കുക. കുളിപ്പിച്ചു കൊടുക്കും മുടി തോർത്തി വേറിടുത്ത ശേഷം പിന്നിയിട്ടു കൊടുക്കും. നാലുകെട്ടിൽ മിക്ക ദിവസങ്ങളിലും അർദ്ധരാത്രി ഒരു യക്ഷിയുടെ തേരോട്ടമുണ്ടെന്ന് പറഞ്ഞത് അവരാണ്. പണ്ടെങ്ങോ പത്തായപ്പുരയിൽവച്ചു മരിച്ച ചെറുപ്പക്കാരിയുടെ പ്രേതമാണതെന്ന് ചെറിയമ്മ പറഞ്ഞു. അതു ശരിയാണെന്ന് പാറുവിന്ന് അറിയാം. അവൾ ഒന്നുരണ്ടു തവണ അവിടെപ്പോയി താമസിച്ചപ്പോൾ കണ്ടിട്ടുള്ളതാണത്. ഒരിക്കൽ രാത്രി ഉണർന്ന് മൂത്രമൊഴിക്കാൻ പോയപ്പോഴാണ് കണ്ടത്. നടുമിറ്റത്തെ ഇരുട്ടിനെ അകറ്റാൻ മാത്രം പര്യാപ്തമായ നേരിയ നിലാവ് മുകളിലൂടെ താഴോട്ടിറങ്ങി വരുന്നുണ്ട്. പാറു ഷിമ്മീസ് പൊന്തിച്ച് ഷെഡ്ഡിയും താഴ്ത്തി നടുമിറ്റത്തിന്റെ അരികിൽ ഇരുന്നതാണ്. അപ്പോഴാണ് നിഴൽപോലെ ഒരു രൂപം, ദേഹമാസകലം വെളുത്ത തുണികൊണ്ടു മൂടി മറുവശത്തേയ്ക്ക് പോകുന്നത് കാണുന്നത്. അതെവിടുന്നാണ് വന്നതെന്നു മനസ്സിലായില്ല. ആ രൂപം നടക്കുകയായിരുന്നില്ല ഒഴുകുകയായിരുന്നുവെന്ന് പാറുവിന് തോന്നി. പാറു പേടിച്ച് ധൃതിയിൽ മൂത്രമൊഴിക്കൽ പാതിയ്ക്കു നിർത്തി ഷെഡ്ഡി വലിച്ചുകയറ്റി മുറിയിലേയ്ക്ക് ഓടിപ്പോയി തലയാസകലം മൂടിപ്പുതച്ചു കിടന്നു. പിറ്റേന്ന് ചെറിയമ്മയോട് പറഞ്ഞപ്പോഴാണ് യക്ഷിയുടെ തേരോട്ടത്തിന്റെ കഥ കേൾക്കുന്നത്. അവർ പാറുവിനെ ശാസിച്ചു. തേരോട്ടം കണ്ടാൽ അതിനെപ്പറ്റി ആരോടെങ്കിലും പറയുന്നത് യക്ഷിക്കിഷ്ടമല്ലെന്നും മനസ്സിൽ വയ്ക്കാനെ പാടൂ എന്നും അവർ പറഞ്ഞു.

പിന്നെ കുറെക്കാലം കഴിഞ്ഞ് കാര്യങ്ങളെപ്പറ്റി കുറച്ചൊരു പിടിപാടുണ്ടായപ്പോഴാണ് അവിടെ ജോലിക്കു നിന്നിരുന്ന ഭവാനിയുടെ കൊള്ളിച്ചുകൊണ്ടുള്ള സംസാരത്തിൽനിന്ന്, തന്റെ രാത്രികൾ ഭയപൂർണ്ണമാക്കിയിരുന്ന ആ തേരോട്ടത്തിന്റെ അർത്ഥം പാറുവിന് മനസ്സിലായുള്ളൂ. അപ്പോഴേയ്ക്ക് ചെറിയമ്മ മരിച്ചു. എങ്ങിനെയാണ് മരിച്ചതെന്ന് ആരും പറഞ്ഞില്ല. അങ്ങിനെയുള്ള കാര്യങ്ങളൊന്നും ആ വീട്ടിൽ സംസാരിച്ചിരുന്നില്ല. പിന്നെ മുത്തച്ഛൻ മരിച്ചു. അതിനുശേഷം തറവാട്ടിൽ ചുരുക്കമായേ പോകാറുള്ളു. തന്റെ കല്യാണം കഴിഞ്ഞ് താമസിയാതെ അമ്മയും അച്ഛനും മരിച്ചു. ഏട്ടന്റെ കല്യാണം കഴിഞ്ഞതോടെ താനും ഭർത്താവും ഒരു കൊച്ചുകുട്ടിയും മാത്രമായി ഈ വലിയ വീട്ടിൽ. കല്യാണം കഴിഞ്ഞശേഷം ഏട്ടൻ ഭാര്യവീട്ടിൽത്തന്നെയായിരുന്നു. പകൽ വല്ലപ്പോഴും തറവാട്ടിലേയ്ക്കു വരും കാര്യങ്ങൾ അന്വേഷിക്കും. ഇവിടെ അളിയൻ കാര്യങ്ങൾ ഭംഗിയായി നടത്തുന്നുണ്ടെന്നറിയാം. എങ്കിലും എല്ലാം വിട്ടു കൊടുക്കാൻ ഒരു ഭയം. ഭാഗം കഴിച്ചാലോ എന്നാലോചിച്ചതാണ്. അതുകഴിഞ്ഞാൽ ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കേണ്ടിവരും. ഭാര്യവീട്ടിൽ താമസിക്കാൻ വിജയേട്ടന് വിഷമമുണ്ടായിട്ടൊന്നുമല്ല, പക്ഷെ അളിയന്മാരെ ഭയന്ന് ജീവിക്കേണ്ടിവരുമെന്നു തോന്നിയപ്പോൾ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എന്തായാലും അതൊരു നല്ല കാലമായിരുന്നു. ഓണത്തിനും വിഷുവിനും പുതിയ വസ്ത്രങ്ങൾ. ഓണത്തിനു മുന്നോടിയായി ചാലിയൻ നാണു വീതിയുള്ള കരയുള്ള മുണ്ടുകൾ കൊണ്ടുവരും. ടൗണിലുള്ള തുണിപ്പീടികയിൽനിന്ന് പദ്മിനിക്ക് ഭംഗിയുള്ള കുഞ്ഞിയുടുപ്പുകളും തനിക്ക് ഒന്നരയ്ക്കായി ഒരു കുത്ത് മല്ല്മുണ്ടും വാങ്ങും. അളിയന് ഓണപ്പുടവ കൊടുക്കാനായി ഡബ്ൾ മുണ്ടും ഷർട്ടിന്റെ തുണിയും പ്രത്യേകം വാങ്ങും. ഏട്ടന്റെ വകയായി തനിക്കും പദ്മിനിക്കും വസ്ത്രങ്ങൾ വേറെയുണ്ടാവും. അപ്പൂട്ടി കാണിക്കയായി കൊണ്ടുവരുന്ന നേന്ത്ര ക്കുലകളും പച്ചക്കറികളും അറ കഴിഞ്ഞ് പടിഞ്ഞാറ്റയുടെ പകുതി നിലം അപഹരിക്കും. പടിഞ്ഞാറ്റയുടെ തട്ടിന്റെ വളമേൽ വെള്ളരിയ്ക്കയും കുമ്പളങ്ങയും തൂങ്ങി. കറവയുള്ള പശുക്കൾക്ക് കറവ വറ്റിയാൽ അപ്പൂട്ടി നോക്കാൻ കൊണ്ടുപോകും. പിന്നെ ചവിട്ടിച്ച് ചെനപ്പിടിച്ച് പെറ്റശേഷം കുട്ടിയുമായി കൊണ്ടു വരും. എപ്പോഴും കറവയുള്ള രണ്ടു പശുക്കൾ തൊഴുത്തിലുണ്ടാവാറുണ്ട്.

ഭർത്താവിന്റെ മരണം എല്ലാം മാറ്റി മറിച്ചു. നാലുമാസം അദ്ദേഹം സുഖമില്ലാതെ കിടന്നു. കടുത്ത ചുമയും നെഞ്ഞുവേദനയുമായിരുന്നു. വൈദ്യർ ആഴ്ചയിലൊരിക്കൽ വന്ന് കഷായത്തിനുള്ള കുറിപ്പ് എഴുതിക്കൊടുക്കും. ലക്ഷ്മി ആ മരുന്നുകൂട്ട് വാങ്ങിക്കൊണ്ടുവന്ന് ഉരലിലിട്ട് ഇടിക്കും. ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് നാഴിയാക്കി കുറുക്കി വയ്ക്കും. കഷായങ്ങൾക്കും മരുന്ന് നെയ്യുകൾക്കും ആ മനുഷ്യനെ രക്ഷിക്കാനായില്ല.

അറുമുഖൻ അടുക്കളയുടെ വാതിൽക്കൽ വന്ന് എത്തിനോക്കിയപ്പോൾ പാറുവമ്മ ചിന്തയുടെ ലോകത്തിൽനിന്ന് തിരിച്ചുവന്നു. അവർ അവനുള്ള കഞ്ഞി കുണ്ടൻ പാത്രത്തിൽ വിളമ്പി വടക്കോറത്ത് കൊണ്ടുപോയി വച്ചു. രാത്രിയിൽ ബാക്കിവന്ന സാമ്പാർ ഒരു പാത്രത്തിലാക്കി അതും ഒപ്പം വച്ചു. അറുമുഖൻ മുറ്റത്തേയ്ക്കിറങ്ങി പ്ലാവില പെറുക്കി കുമ്പിൾകോട്ടി.

ഈ ദേവകിയ്ക്ക് എന്താത്ര താമസം? അവൾ വന്നിട്ട് വേണം മെഴുക്കുപുരട്ടിയ്ക്കുള്ള കഷ്ണം നുറുക്കിയ്ക്കാൻ. മാറാലയുടെ കാര്യം ഇന്ന് പറയേണ്ടിയിരുന്നില്ല. ഇനി അതുംവച്ച് പോണവരെ സമയം കളയും. നാലു ദിവസായി പടിഞ്ഞാറെ പറമ്പിലെ വാഴ വെട്ടിയിട്ട്. അതിന്റെ ഉണ്ണിപ്പിണ്ടി എടുത്തുകൊണ്ടുവരാൻ പറയണം. രണ്ടു ദിവസം അതുകൊണ്ട് കഴിച്ചുകൂട്ടാം. വേറെ പച്ചക്കറിയൊന്നും അന്വേഷിക്കണ്ട. സാമ്പാറിന് നാലു വെണ്ടക്ക പറിക്കാറായിട്ടുണ്ട്. അതും എടുക്കാം.

ദേവകി പത്തായപ്പുരയിൽ മറ്റൊരു ലോകത്തായിരുന്നു. ഇങ്ങിനെ സുഖം അവൾ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. ഭർത്താവിന്റെ ഒപ്പം വെറുതെ കിടന്നുകൊടുക്കുക എന്നതിനപ്പുറമൊന്നും അവൾക്കറിയാമായിരുന്നില്ല. കല്യാണം കഴിഞ്ഞ് ആദ്യത്തെ എതാനും ദിവസങ്ങൾ മാത്രമേ ഇതൊരു രസകരമായ കാര്യമാണെന്ന് തോന്നിയിട്ടുള്ളൂ. അന്നെല്ലാം അവൾ രാത്രികൾക്കുവേണ്ടി കാത്തിരുന്നു. ഭർത്താവു വരുമ്പോഴേയ്ക്കുതന്നെ മുറിയിൽ ചാണകം മെഴുകിയ നിലത്ത് പായ വിരിച്ചു. അടപോലെയായിരുന്ന രണ്ടു തലയിണകൾ കല്യാണത്തിനുമുമ്പുതന്നെ വെയിലുകൊള്ളിച്ച് പതം വരുത്തിയിരുന്നു. മൺകൂജയിൽ വെള്ളം നിറച്ചതിനരികെ കുപ്പിഗ്ലാസ്സ് എടുത്തുവച്ചു. മുറിയ്ക്കു പുറത്ത് കോലായിൽ കലത്തിൽ വെള്ളവും മുക്കിയെടുക്കാൻ പാത്രവും തയ്യാറാക്കി. ഗോപാലൻ എട്ടുമണിയോടെ ജോലികഴിഞ്ഞ് എത്തും. ധൃതിയിൽ കുളിച്ചുവരും. വന്നാലുടൻ ചോറു വിളമ്പണം. വിളമ്പിക്കൊടുക്കുമ്പോൾ ഗോപാലൻ വൈകുന്നേരം വരുന്നവഴി തോട്ടുവക്കിലെ ചിന്നന്റെ കുടിയിൽനിന്ന് അകത്താക്കിയതിന്റെ മണം അവളുടെ മൂക്കിലെത്തും. അവൾ ഒന്നും പറയില്ല. എന്തെങ്കിലും പറയുന്നത് അയാൾക്കിഷ്ടമല്ല. ഊണു കഴിഞ്ഞാൽ ദേവകിയുടെയും അമ്മയുടെയും ഭക്ഷണം കഴിയുന്നതുവരെ ഗോപാലൻ മുറ്റത്ത് ഉലാത്തും. അവൾ ധൃതിയിൽ ഊണുകഴിച്ച് മറ്റു കാര്യങ്ങൾ അമ്മ യെ ഏല്പിച്ച് ഉമ്മറത്തേ യ്ക്കു പോകും. അവൾ തയ്യാറായി എന്നറിയിക്കാനാണ്. അയാ ൾ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് അകത്തേയ്ക്കു വരും. ആദ്യത്തെ രണ്ടു ദിവസത്തെ ഓർമ്മയിൽ അവൾ തന്നെ ബ്ലൗ സിന്റെ കുടു ക്കുകൾ അഴിക്കും. ധൃ തി കാരണം കുടുക്കുകൾ അഴിച്ചുമാറ്റാനുള്ള ക്ഷമയൊന്നും അയാൾ ക്കില്ല. ചിന്നന്റെ മേശക്കുമുമ്പിൽനിന്ന് എഴുന്നേറ്റാൽ അഴിച്ചു വിടു ന്ന ഭാവനയുടെ അന്ത്യമാണ്. ഇതുമാത്രമേ അയാൾക്കൊരു വിനോദമുള്ളു. വെട്ടുകല്ല് കാലുകൾക്കിടയിൽ താങ്ങിനിർത്തി കൽമഴുകൊണ്ട് ചെത്തി ആകൃതിപ്പെടുത്തുമ്പോൾ ദേവകിയുടെ ഭംഗിയുള്ള തുടകളെപ്പറ്റി അയാൾ ആലോചിക്കാറില്ല. കല്ലിനു പകരം ചെത്തിപ്പോവുക സ്വന്തം കാലാവും. ചിന്നന്റെ കുടിലിൽനിന്ന് തോട്ടുവക്കിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോൾ അയാൾ ദേവകിയെപ്പറ്റി ഓർക്കും. ഒപ്പം ജോലിയെടുക്കുന്ന സ്ത്രീകളെക്കാൾ ദേവകി എന്തുകൊണ്ടും സുന്ദരിയാണെന്ന അറിവിൽ സ്വകാര്യമായി സന്തോഷിക്കും. അകത്തുചെന്ന സാധനം ഈ ചിന്തയ്ക്ക് വളം വച്ചുകൊടുക്കുന്നതോടെ നടത്തം ധൃതിയിലാവുന്നു. കുളിയും ഊണും കഴിഞ്ഞ് ഭാര്യയെ കയ്യിൽ കിട്ടാൻ തിരക്കാവുന്നതുകൊണ്ട് ദേവകി അടുത്തു കിടന്നാൽ അവതരണമൊന്നും കൂടാതെ നേരെ വിഷയത്തിലേയ്ക്കു കടക്കും.

ദേവകി ബ്ലൗസിന്റെ കുടുക്കുകളിട്ട് മുണ്ടുടുത്ത് കിടക്കുമ്പോഴേയ്ക്കും ഗോപാലൻ ഉറക്കം തുടങ്ങിയിട്ടുണ്ടാവും. ആദ്യത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സ്വന്തം വികാരത്തള്ളിച്ച കുറഞ്ഞുവരുന്നത് ദേവകിയ്ക്ക് അനുഭവപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വികാരങ്ങൾ ഉണർന്നെഴുന്നേൽക്കുമ്പോഴേയ്ക്ക് ഭർത്താവ് നിർത്തിയിട്ടുണ്ടാവും. അങ്ങിനെയൊക്കെയായിരിക്കും കാര്യങ്ങൾ എന്നവൾ സമാധാനിച്ചു. അവൾ ജോലിയ്ക്കു പോകാതിരുന്നതുകൊണ്ട് തന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ, കാര്യങ്ങൾ ഒത്തുനോക്കാൻ പറ്റിയ കൂട്ടുകാരികളും അവൾക്കുണ്ടായിരുന്നില്ല. ഇന്ന് തമ്പ്രാൻ അവളുടെ ദീർഘനിദ്രയിലായിരുന്ന വികാരങ്ങളെ തൊട്ടുണർത്തിയപ്പോഴാണ് അവൾക്ക് ഒന്നൊത്തുനോക്കാനുള്ള അവസരം കിട്ടിയത്. അപ്പോഴാണ് ഭർത്താവിൽനിന്ന് ലഭിക്കുന്നതിലധികം താൻ അർഹിക്കുന്നില്ലേ എന്നവൾ ആലോചിച്ചത്. ഇന്ന് പക്ഷെ തമ്പ്രാന് കൊടുക്കുന്നതിലധികം തനിക്ക് ലഭിക്കുന്നു എന്ന തോന്നൽ കലശലായപ്പോൾ അവൾ പറഞ്ഞു.

‘മതി, ഇമ്പ്രാ.’

‘എന്തിനാ മതിയാക്കണത് ദേവൂട്ടീ?’

‘നിയ്ക്ക് അടുക്കളേല് ജോലിണ്ട് തമ്പ്രാ.’

‘നാളേം വരണം, ഞാണ്ടാവും ഇവ്‌ടെ.’

‘ശരിമ്പ്രാ...’

അവൾ എഴുന്നേറ്റു ഓവറയിൽപ്പോയി തിരിച്ചുവന്നു. തറ്റുടുത്ത് വരുന്ന ദേവകിയെ നോക്കിക്കൊണ്ട് വിജയൻ മേനോൻ കട്ടിലിൽ ചാരിയിരുന്നു. അവൾ നിലത്ത് വീണുകിടക്കുന്ന മുണ്ട് ധൃതിയിലെടുത്തുടുത്തു. ഓവറയിലേയ്ക്കു പോകുമ്പോൾ അതെടുക്കാൻ മറന്നിരുന്നു. മുറിയുടെ മൂലയിൽ ചാരിവച്ച ചൂലെടുത്ത് അവൾ പുറത്തു കടന്നു. ഇനി മാറാല തട്ടൽ പിന്നെയാവാം. അവൾ വേഗം ഇടനാഴിക അടിച്ചുവാരാൻ തുടങ്ങി.

പടിഞ്ഞാറെ പറമ്പിൽ പോയി വാഴയുടെ ഉണ്ണിപ്പിണ്ടി എടുക്കുമ്പാൾ അവളുടെ കൈകൾ മിനുസമുള്ള വാഴത്തടിമേൽ തട്ടി. അവൾ ആ തടിമേൽ കൈകൊണ്ട് തടവിനോക്കി. തമ്പ്രാന്റെ കൈകൾ, ആലസ്യത്തിൽ കിടക്കുന്ന അവളുടെ തുടമേൽ സ്‌നേഹപൂർവ്വം തലോടിയിരുന്നത് അവൾക്കോർമ്മ വന്നു. അവൾ സ്വയം സമാധാനിക്കാനെന്നപോലെ പറഞ്ഞു. ‘ഇങ്ങിനെയും ആയിക്കൂടെ?’

‘രണ്ടു ദിവസത്തേയ്ക്ക്ള്ളത് ഇവിടെ വെച്ചാമതി. ബാക്കി നീ കൊണ്ടോയ്‌ക്കോ ദേവകി.’ പാറുവമ്മ പറഞ്ഞു.

‘അവിടെ ഞാനും അമ്മേം മാത്രെ ഇതു തിന്നൂ അമ്രാളെ. കെട്ടിയോൻ മീനില്ലാതെ ഒരു ഉരുള ഇറക്കില്ല. എന്നും വേണം വെച്ചതോ വറുത്തതോ. വൈന്നേരായാൽ ഞാൻ തെക്കേ വെട്ട്വോഴീല് പോയി മീൻ വാങ്ങിക്കൊണ്ടരണം. മീൻകാരൻ മാപ്പള എന്ന്വൊന്നും ആ വഴിയ്ക്ക് വരൂല.’

‘നെന്റെ കെട്ടിയോന്റെ കുടി എങ്ങനെണ്ട് ദേവകീ?’

‘കുട്യൊക്കെ നല്ലോണംണ്ട്. വയസ്സാവുംതോറും കൂടിക്കൂടി വരുംന്നാ തോന്നണത്. ഇപ്പ കുടിക്കാത്ത ആണുങ്ങളെ കാണാൻ കിട്ടില്ല. സാതന്ത്ര്യം കിട്ട്യേപ്പൊഴാ കുടി കൂടീത്.’

‘കുടിക്കാൻള്ള സ്വാതന്ത്ര്യാ കിട്ടീത്ന്ന് വിചാരിച്ചിട്ട്ണ്ടാവും. ന്റെ ആങ്ങള അക്കാര്യത്തില് ഒഴിവാ. കുടി തൊടങ്ങീട്ടില്ല. ഇനി എന്നാ തൊടങ്ങ്വാ ആവോ. അതുംകൂട്യേ വേണ്ടു.’

ദേവകി മനസ്സിൽ ചിരിച്ചു. പാവം അമ്രാള്. കുടി മാത്രല്ല, എല്ലാം തൊടങ്ങീട്ട്ണ്ട്ന്ന് പറയ്യാ വേണ്ടീര്ന്നത്.

‘അല്ലാ, കോങ്ക്രസ്സുകാരനായേന്റെ ഗുണൊക്കെ കാണാതിരിക്കില്ല.’

ഇങ്ങിനെയും ശുദ്ധരായ മനുഷ്യർ ഉണ്ടാവുമല്ലൊ. ദേവകി ഉണ്ണിപ്പിണ്ടി വട്ടം നുറുക്കി നൂലു കളഞ്ഞ് അരിയാൻ തുടങ്ങി. അവൾ ആലോചിക്കുകയായിരുന്നു. കോങ്ക്രസ്സുകാരായാലും ശരി കമ്മ്യൂണിസ്റ്റ്കാരായാലും ശരി, കണക്കു തന്നെ. അവളുടെ ഭർത്താവ് കമ്യൂണിസ്റ്റ്കാരനാണ്. അതു പുറമെ പറയുന്നില്ലെന്നേയുള്ളൂ. പറഞ്ഞാൽ പോലീസിന്റെ നോട്ടപ്പുള്ളിയാവും. അവർ ഇടയ്ക്ക് അന്വേഷിച്ച് വീട്ടിൽ വരും. പലപ്പോഴും നല്ല ഉദ്ദേശ്യം വച്ചായിരിക്കില്ല വരുന്നത്. അയൽവക്കത്തെ പപ്പേട്ടൻ ഒളിവിലാണ്. അയാളെ അന്വേഷിച്ച് ഇടയ്ക്കിടയ്ക്ക് പോലീസുകാര് വരാറുണ്ട്. അയാളെ കിട്ടാഞ്ഞാൽ കെട്ട്യോളെ പിടിച്ച് കൊണ്ടോവും. എന്നിട്ട് എന്തൊക്കെയോ കഥകള് കേക്കാന്ണ്ട്. അതൊന്നും കേക്കാൻ കൊള്ളില്ല. പോലീസുകാര് വരമ്പിൽക്കൂടി നടന്നുവരുന്നതുകണ്ടാൽ അവൾ വീട്ടിനുള്ളിൽ ഒളിച്ചിരിക്കയാണ് പതിവ്. ആദ്യത്തെ ദിവസം പപ്പേട്ടനെ അന്വേഷിച്ചു വന്നപ്പോൾ എന്താന്നറിയാൻ ദേവകി വേലിക്കലേയ്ക്ക് പോയി നോക്കി. അന്നു മതിയായി. അവറ്റടെ ഒരു നോട്ടൂം, പച്ചച്ചിരീം കണ്ടപ്പോ മേത്ത്ന്ന് തുണി ഉരിഞ്ഞുപോണപോലെ തോന്നി. പിന്നെയാണ് അമ്മിണിച്ചേച്ചിയെ പിടിച്ചുകൊണ്ടുപോയ കഥയൊക്കെ കേക്കണത്. പിറ്റേന്ന് തിരിച്ചു കൊണ്ടാക്കി. പാവം ചേച്ചീടെ കോലം കാണ്വന്നെ വേണം. അതിൽ പ്പിന്നെ പോലീസുകാർ അന്വേഷിച്ചു വരുമ്പോൾ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിട്ടില്ല.

‘അമ്മേ ഇതാ ഇതൊക്കെ എവിട്യാ വെക്കണ്ടെ?’

നാലഞ്ചു ബ്ലൗസുകളുമായി പദ്മിനി അകത്തുനിന്നു വന്നു.

‘അവിടെ വെയ്ക്ക്.’ മേശ ചുണ്ടിക്കാട്ടി പാറുവമ്മ പറഞ്ഞു. ‘നീയാ നൂലും സൂചീം ഒന്നെടുത്തു കൊണ്ടാ മോളെ. കലണ്ടറിന്റെ പിന്നില് കുത്തിവെച്ചിട്ട്ണ്ട്.’

‘ഇതൊക്കെ കൊച്ചമ്പ്രാട്ടീടെ ബ്ലൗസല്ലേ?’

‘അതേന്റെ ദേവകി. എല്ലാം കീറിയിരിക്ക്യാണ്. ഇടാൻ കൊള്ളാതായി. കണ്ടില്ലെ ഒന്നുംല്ല്യാതെ നടക്കണത്. അവള് വലുതാവ്വാണ്. പുതീത് വാങ്ങാൻ പറഞ്ഞാ ന്റെ ആങ്ങള കേക്കണ്ടെ. എന്താ ചെയ്യാ. അതിന്റെയൊരു യോഗം അങ്ങിനെ.’

ദേവകി നിശ്ശബ്ദയായി. അവൾക്ക് വിഷമം തോന്നി. ഇവിടെ ഇത്രയും വലിയൊരു തറവാട്ടിലെ ഏക സന്തതി ഉടുതുണിയില്ലാതെ വിഷമിക്കുന്നു. ഇതെല്ലാം വാങ്ങിക്കൊടുക്കേണ്ട കാരണവരാകട്ടെ അടിച്ചുതളിക്കാരിയുടെ മകൾക്കുവേണ്ടി സ്വർണ്ണരഞ്ഞാണം ഉണ്ടാക്കിക്കുകയാണ്. ഈ വീടും പറമ്പും പാട്ടത്തിനു കൊടുത്ത നെൽവയലുമെല്ലാം അവർക്കുകൂടി അവകാശപ്പെട്ടതാണെന്നറിയാം. നാളികേരം വിറ്റ കാശുമാത്രം മതി അവർക്ക് സുഭിക്ഷമായി കഴിയാൻ. എന്നിട്ടാണ് സ്വന്തം മകൾക്ക് ഇടാൻ ബ്ലൗസില്ലാതെ ഈ പാവം സ്ത്രീ കഷ്ടപ്പെടുന്നത്. പദ്മിനിയുടെ മാറിലെ തുടുപ്പ് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.