close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: രണ്ട്


കൊച്ചമ്പ്രാട്ടി: രണ്ട്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

ഇല്ലത്തെ പുമുഖത്ത് ചാരുകസേലയിൽ കിടക്കുകയായിരുന്ന കൃഷ്ണൻ നമ്പൂതിരി പെട്ടെന്ന് എഴുന്നേറ്റിരുന്നു. എന്തോ വരുന്നുണ്ട്. നിഴലുകൾ, അവ ദൂരെനിന്ന് തന്നെ അന്വേഷിച്ച് വരികയാണ്. അസാരം കാര്യായിട്ടുള്ളത് തന്ന്യാണ്. എന്റെ ഭഗവതീ എന്നെക്കൊണ്ട് ഇനിയും ഇതൊക്കെ ചെയ്യിക്കണോ. ചെയ്തിടത്തോളം പാപങ്ങളുടെ ഫലംതന്നെ ഏഴു തലമുറ അനുഭവിച്ചേ തീരു. ഇനിയും വേണോ? അല്ലെങ്കിൽ പോട്ടെ. പിതൃക്കൾക്കു കരുതിയ ശിക്ഷ സ്വീകരിക്കാൻ വിധിച്ച തലമുറകൾ ഏതായാലും കുറ്റിയറ്റു പോകയാണ്. കുറ്റവും ശിക്ഷയും ഞാൻ തന്നെ ഏൽക്കണം, ഏറ്റുവാങ്ങാം. മുമ്പിൽ മുറ്റത്ത് ചിത്രകൂടക്കല്ലിനുമപ്പുറത്ത് പടിപ്പുരവരെ കല്ലിൽ കൊത്തിയ സർപ്പങ്ങളാണ്. ഓരോ കൈക്രി യ ചെയ്തു കഴിഞ്ഞാലും പ്രായശ്ചിത്തമായി ഒരു സർപ്പത്തെ കുടിയിരുത്തുന്നു. മുറ്റത്തു മാത്രമല്ല പറമ്പിൽ അങ്ങിങ്ങായി അവ ചിതറിക്കിടക്കുകയാണ്. വർഷത്തിലൊരിക്കൽ പാലും പഴവും നേദിക്കുമ്പോൾ പ്രാർത്ഥിക്കുന്നു. എന്നോട് ക്ഷമിക്കണം. ഒരു മനുഷ്യജീവിതം വിലപിടിച്ചതാണ്. മാത്രമല്ല ആ ജീവിതത്തെ ആശ്രയിച്ച് ഒരു കുടുംബമാണ് കഴിയുന്നത്. നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുകയാണ്. ക്ഷമ, ക്ഷമ, ക്ഷമ.

അദ്ദേഹം കണ്ണടച്ചു ധ്യാനിച്ചു. നിഴലുകൾ രൂപങ്ങളായി മാറുകയാണ്. അവ കാറ്റിൽ ഓളം വെട്ടുന്ന പച്ചവയലുകൾക്കു മീതെ, ഇരുട്ട് മേലാപ്പിട്ട ഇടവഴികളിലൂടെ, പാറകൾ നിറഞ്ഞ പറമ്പുകളിലൂടെ അതിവേഗം അടുക്കുകയാണ്. അദ്ദേഹം ഞെട്ടിയുണർന്നു.

‘രാമാ...’

രാമൻ നായർ അകത്തുനിന്നു ഓടിവന്നു. തിരുമേനിയുടെ ശബ്ദത്തിലെ തിടു ക്കം അയാൾ ശ്രദ്ധിച്ചിരുന്നു.

‘എന്താണാവോ?’

‘ഒരു കൂട്ടര് വര്ണ്ണ്ട്.’ തിരുമേനി കണ്ണു തുറക്കാതെത്തന്നെ പറഞ്ഞു.

‘എവിട്ന്നാണാവോ?’

‘തെക്ക് പടിഞ്ഞാറ് നിന്നാണ്. കറുകത്തിരുത്തി ഭാഗത്ത്ന്നാവാനേ വഴീള്ളു. ചെറുമക്കളാണ്. കടിച്ചവൻ അല്പം ഉഗ്രൻ തന്ന്യാണ്. കരിമൂർഖൻ! മരുന്ന് അരച്ചോളു.’

‘അടിയൻ.’

‘മര്‌ന്നോണ്ട് കാര്യം നടക്കുംന്ന് തോന്ന്ണില്ല. നോക്കാം. എന്നെക്കൊണ്ട് പാപം ചെയ്യിക്കണംന്ന് ദൈവത്തിന് നിർബ്ബന്ധള്ളപോലെണ്ട് രാമാ.’

‘തിരുമേനി അങ്ങനൊന്നും പറേരുത്. ഒക്കെ ദൈവനിശ്ചയാണ്ന്ന് അവിടുന്ന് തന്ന്യല്ലെ പറയാറ്.’

‘അത്യെതെ, ഒക്കെ ദൈവനിശ്ചയം. എന്റെ നിയോഗായിരിക്കും ഇത്. എന്നെക്കൊണ്ട് മറ്റൊന്നിനും കഴിവ്ണ്ടാവില്ല്യായിരിക്കും. താൻ പോയി മരുന്നരയ്ക്കു. കഴിഞ്ഞ പ്രാവശ്യം അരച്ചത് ഇരിക്ക്ണ്ണ്ട്. ഓർമ്മല്ല്യേ, പുറത്തൂര്ന്ന് വന്നവര്‌ടെ കാര്യം? അതും കരിമൂർഖൻതന്ന്യായിരുന്നു. അലമാറീല് മോളില്‌ത്തെ തട്ടില് രണ്ടാമത്തെ കലത്തിലാണ്. അത് ഒന്നുംകൂടി മയായിക്കോട്ടെ.’

‘അടിയൻ.’

ഒരു നിമിഷാർദ്ധത്തെ അസ്വസ്ഥമായ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു. ‘ഒരു കുട്ടിയെയാണ് കൊണ്ടുവരണത്.’

കൃഷ്ണൻ നമ്പൂതിരി എഴുന്നേറ്റു.

‘ഞാനൊന്ന് ശുദ്ധായിട്ട് വരാം.’

രാമൻ നായർ അകത്തേയ്ക്കു പോയി. തിരുമേനിയുടെ ഒരു വാക്ക് അല്ലെങ്കിൽ തലകൊണ്ടൊരു സൂചന, ഇത്രയും മതി, ആ ആശ്രിതൻ അദ്ദേഹത്തിന്റെ ഇംഗിതം മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ അദ്ദേഹത്തിന് വേണ്ടതെല്ലാം ഒരുക്കുന്നു. തന്റെ നാല്പത്തിരണ്ടാം വയസ്സിൽ അന്തർജ്ജനം മരിച്ചശേഷം തിരുമേനി ബ്രഹ്മചര്യം അനുഷ്ഠിക്കുകയാണ്. തന്റെ അനവദ്യകർമ്മങ്ങളുടെ സാഫല്യങ്ങൾക്ക് ബ്രഹ്മചര്യം അനിവാര്യമാണെന്ന് അദ്ദേഹം കണ്ടു. അതുകൊണ്ട് മറ്റു ചിന്തകൾക്ക് അദ്ദേഹം മനസ്സിൽ ഇടം കൊടുത്തില്ല.

രാമൻ നായർ കല്യാണിയമ്മയോട് പറഞ്ഞു.

‘തിരുമേനി കുളിക്കാൻ പോവ്വാണ് കല്യാണ്യേമ്മേ. തോർത്തും മുണ്ടും ഒക്കെ കുളപ്പുരേല് കൊണ്ടുപോയി വയ്ക്കു. പാത്രത്തില് ചെറുപയറ് പൊടി തീരാറായിരിക്കുണു.’

തിരുമേനി കുളപ്പടവിലെത്തുമ്പോഴേയ്ക്ക് കുളിക്കാനുള്ളതെല്ലാം തയ്യാറാക്കിവച്ച് കല്യാണിയമ്മ അകത്തേ യ്ക്കു വലിഞ്ഞിട്ടുണ്ടാകും. അവർ സ്വയം വെളിപ്പെടുത്താതെ കാര്യങ്ങൾ ഭംഗിയായി നടത്തി. രാവിലെ തിരുമേനി എഴുന്നേറ്റു വരുമ്പോഴേയ്ക്ക് ചൂടുള്ള ചായ പൂമുഖത്തെത്തുന്നു. ഉമ്മറപ്പടി കടക്കുമ്പോൾ ഇരുത്തിയ്ക്കടുത്തിട്ട കയ്യുള്ള കസേലയുടെ വലത്തുവശത്തുള്ള സ്റ്റൂൾ ഒഴിഞ്ഞു കിടക്കുകയായിരിക്കും. പക്ഷേ ഇരുന്നുകഴിഞ്ഞ് നോക്കുമ്പോൾ അവിടെ ഓട്ടുമൊന്തയിൽ ചായയുണ്ടാവും തൊട്ടടുത്തുതന്നെ ഗ്ലാസ്സും. പ്രാതലിന്റെ സമയമായാൽ തിരുമേനി വിളിക്കുന്നു. ‘കല്യാണിയമ്മേ...’ ആ വിളി മതി. തളത്തിൽ എത്തുമ്പോഴേയ്ക്ക് മേശപ്പുറത്ത് പൊടിയരിക്കഞ്ഞിയും രണ്ടുതരം ചട്ടിണിയും വിളമ്പിക്കഴിയും. ഒന്ന് കപ്പൽമുളക് ചുട്ട് അരച്ച നാളികേരച്ചമ്മന്തിയായിരിക്കും. മറ്റേത് തരത്തിനൊത്ത് മാറും. പച്ചമാങ്ങയോ അല്ലെങ്കിൽ ഉപ്പുമാങ്ങ പച്ചമുളക് ചേർത്ത് ചതച്ചതോ. അവർ എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നു.

കുളത്തിലെ ഇളം ചൂടുള്ള വെള്ളം അദ്ദേഹത്തെ കനിവോടെ സ്വീകരിച്ചു. ഇനിയും എത്രനാൾ? അദ്ദേഹം സ്വയം ചോദിച്ചു. തന്റെ കാലം കഴിഞ്ഞാൽ താൻ ആർജ്ജിച്ച ഈ അറിവെല്ലാം നശിക്കുകയാണെന്നോർത്തപ്പോൾ വിഷമം തോന്നി. അസാമാന്യപ്രതിഭയുള്ള ഒരാൾക്കു മാത്രം സ്വായത്തമാക്കാൻ പറ്റുന്ന അറിവിന്റെ അമൂല്യ ശേഖരം ഏറ്റുവാങ്ങാൻ ആരും വന്നില്ല. സ്വന്തം മകൻപോലും അവന്റെ വഴി മറ്റൊന്നാണെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചു. അതായിരിക്കണം ദൈവനിശ്ചയം.

കുളത്തിനും മുറ്റത്തിനുമിടയിലാണ് അനന്തന്റെ പ്രതിഷ്ഠയുള്ള കോവിൽ. ശ്രീകോവിലിനു മുമ്പിൽ അദ്ദേഹം ധ്യാനിച്ചു നിന്നു. സർപ്പങ്ങളുടെ രാജാവേ എന്നോട് പൊറുക്കണം. അടച്ച കണ്ണുകൾക്കു മുമ്പിൽ വീണ്ടും രൂപങ്ങൾ. കറുത്ത മനുഷ്യരൂപങ്ങൾ. അവ വയലുകൾക്കു മീതെ ഒഴുകി വരികയാണ്. അവ അസാമാന്യ വേഗത്തിൽ തന്നോടടുക്കുകയാണ്. പാണ്ടിവയലും കടന്ന് കണ്ടകുറുമ്പക്കാവു ചുറ്റി ഓടിയെത്തുന്ന ആ ശരണാർത്ഥികളെ സ്വീകരിക്കാൻ കൃഷ്ണൻ നമ്പൂതിരിപ്പാട് പൂമുഖത്തേയ്ക്കു നടന്നു. കസേലയിലിരുന്ന് ഇരുത്തിമേൽ വച്ച ചെല്ലപ്പെട്ടി തുറന്നുകൊണ്ട് തിരുമേനി വിളിച്ചു.

‘രാമാ...’

‘എന്തോ.’

പച്ചമരുന്ന് പുരണ്ട കൈയ്യുമായി രാമൻ നായർ പുറത്തുവന്നു.

‘എന്തായീ?’

‘അരച്ചുകൊണ്ടിരിക്ക്യാണ് തിരുമേനി. ഇപ്പൊ ഒരുവിധം നന്നായി അരഞ്ഞിട്ട്ണ്ട്.’

‘എന്നാൽ വാങ്ങിവെച്ചോളൂ. അവര് എത്താറായി.’

‘ശരി, തിരുമേനി.’

രാമൻ നായർക്കറിയാം ചെയ്യാൻ പറ്റുമെന്ന് ഏകദേശം തീർച്ചയുണ്ടെങ്കിലേ അദ്ദേഹം അവരെ മുറ്റത്തേയ്ക്ക് കടത്തൂ. അല്ലെങ്കിൽ പറയും.

‘രാമാ, ആ വരണ കൂട്ടരോട് ഇങ്ങട്ട് കേറണ്ടാന്ന് പറഞ്ഞേയ്ക്ക്. അയാള്‌ടെ ചീട്ട് കീറിയിരിക്കുണു.’

വരുന്നവർക്ക് കൃഷ്ണൻ നമ്പൂതിരിയുടെ സിദ്ധികളെപ്പറ്റി അറിയാം. അവർ ഒന്നുകൂടി കെഞ്ചിനോക്കുന്നു. ‘തിരുമേനിയോട് ഒന്നു നോക്ക്വെങ്കിലും ചെയ്യാൻ പറയൂ.’

രാമൻ നായർ തന്റെ വിഷമാവസ്ഥ കഴിയുന്നത്ര പുറത്തു കാണിക്കാതെ പറയുന്നു.

‘കാര്യല്ലാന്നേയ്. പറ്റുംച്ചാല് തിരുമേനി ശ്രമിക്കാതിരിക്കില്ല. നിങ്ങള് വല്ല ആശുപത്രിയിലും പോയിനോക്കു. സമയം കളയണ്ട.’

വന്നവർക്ക് കാര്യം മനസ്സിലാവുന്നു. ആശുപത്രിയിൽ പോയിട്ടും കാര്യമില്ല എന്നവർക്കറിയാം. ഒരിക്കൽ തിരുമേനി പറഞ്ഞാൽ അതിനപ്പുറമൊന്നുമില്ല. അദ്ദേഹത്തിനു ലഭിക്കുന്ന അറിവ് അമാനുഷികമാണ്. ഒരു ശവശരീരം പടിപ്പുരപ്പുറത്തുനിന്ന് ഇല്ലത്തെ മുറ്റത്തേയ്‌ക്കെടുത്താൽ പിന്നീട് ശുദ്ധം വരുത്താനായി തിരുമേനിതന്നെ കഷ്ടപ്പെട്ട് പ്രത്യേക പൂജകൾ ചെയ്യണം. ശ്രമിച്ചു നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽ ചെയ്യുകതന്നെ. ഉറപ്പുള്ള കാര്യത്തിൽ എന്തിന് വൃഥാവ്യായാമം? അവർ പടിപ്പുരയിൽ ഇറക്കിവച്ച മഞ്ചൽ വീണ്ടുമെടുത്ത് പൊക്കുന്നു. തിരിഞ്ഞു നടക്കുമ്പോൾ മഞ്ചലേറ്റുന്നവർ മൂളുന്നില്ല.

കൃഷ്ണൻ നമ്പൂതിരി വെറ്റിലയെടുത്ത് ഞരമ്പുകളഞ്ഞു, ചുണ്ണാമ്പിന്റെ ഓട്ടുചെപ്പ് തുറന്ന് ചുണ്ണാമ്പ് നടുവിരലിലെടുത്തു വെറ്റിലയുടെ ഞെരടിയെടുത്ത ഞരമ്പുകൾക്കുമീതെ തേച്ചു. പടിപ്പുരയിൽ നിന്ന് ആൾക്കാരുടെ ശബ്ദം കേട്ടു. അദ്ദേഹം വിളിച്ചു.

‘രാമാ...’

രാമൻ നായർ അകത്തുനിന്ന് വന്ന് മുറ്റത്തേയ്ക്കിറങ്ങി. പടിപ്പുരയിൽ അക്ഷമരായി കാത്തുനിൽക്കുന്നവരെ മാടിവിളിച്ചു.

‘ഇങ്ങട്ട് കൊണ്ടരാം.’ പുറത്തു മടിച്ചുനിന്നിരുന്നവർ ഓടിക്കൊണ്ട് മുറ്റത്തേയ്ക്കിറങ്ങി.

‘ഇതാ, ഈ കല്ലൊന്നും തൊട്ട് തീണ്ടര്ത്.’ ചിത്രകൂടക്കല്ലുകൾ ചൂണ്ടിക്കാട്ടി രാമൻ നായർ പറഞ്ഞു. അവർ ഒരു ഭാഗത്തേയ്ക്ക് ഒതുങ്ങിനിന്നു.

‘തമ്പ്രാനേ, അടിയന്റെ ചെക്കനെ ലച്ചിക്കണം.’ നീലി അലമുറയിടാൻ തുടങ്ങി. ‘ഞങ്ങക്ക് ആകെള്ള ഒരു തര്യാണ്.’

കൃഷ്ണൻ നമ്പൂതിരി കൈ ഉയർത്തി. ആ ചലനത്തിൽ എന്തോ മാന്ത്രികതയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന എന്തോ ഒന്ന്. നീലി കരച്ചിൽ നിർത്തി. മുറ്റത്ത് ഒരു പുൽപ്പായ വിരിച്ച് രാമൻ നായർ പറഞ്ഞു.

‘കുട്ട്യെ അവിടെ തല കെഴക്ക് ഭാഗത്തേയ്ക്കാക്കി കെടത്തൂ. എന്നിട്ട് നിങ്ങളൊക്കെ ഒന്ന് മാറി നിൽക്കൂ.’

തിരുമേനി മുറുക്കാൻ വായിലിട്ട് ലക്ഷണങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ് കറുപ്പിനോടടുത്ത നിറം. ട്രൗസർ മാത്രമേ ധരിച്ചിട്ടുള്ളു. പത്തുപന്ത്രണ്ടു വയസ്സായിട്ടുണ്ടാകും. അവന്റെ വലത്തെ കൈ ദേഹത്തുനിന്ന് അല്പം വിട്ട് കിടക്കുന്നു. ഇടത്തെ കൈ അല്പം മടങ്ങി വയറിന്മേലും. കൈപ്പത്തിയുടെ പുറം ഭാഗത്ത് മുറിവു കാണാം. അല്പം നീരുമുണ്ട്. ഒറ്റ കൊത്തേ കൊത്തിയിട്ടുള്ളു. കാലിന്റെയും കൈയ്യിന്റെയും അടിഭാഗം കുറേശ്ശെ നീലിച്ചു തുടങ്ങിയിരുന്നു. ആകപ്പാടെ നിമിത്തങ്ങൾ അത്ര ആശാവഹമായിരുന്നില്ല. വിഷമമുള്ള ജോലിയാണ് മുമ്പിൽ കിടക്കുന്നത്.

രാമൻ നായർ മരുന്നിന്റെ കലവുമായി പുറത്തു വന്നു. തിരുമേനി എഴുന്നേറ്റ് മുണ്ട് മുറുക്കി ഒതുക്കുകളിറങ്ങി, നിവർന്നു കിടക്കുന്ന ബാലന്റെ മുമ്പിൽ കുനിഞ്ഞുനിന്ന് അവനെ പരിശോധിച്ചു. ഹൃദയത്തിന്റെ മിടിപ്പ് ശക്തി കുറഞ്ഞതാണ്. അവന്റെ ശരീരം പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. രാമൻ നായർ കൊടുത്ത കലവും കയ്യിൽ വച്ച് അദ്ദേഹം ധ്യാനിക്കാൻ തുടങ്ങി. മരുന്നെടുത്ത് ധ്യാനിച്ച് ആ ബാലന്റെ മുറിപ്പാടിലും നെറുകയിലും പുരട്ടി. കിണ്ടിയിൽനിന്ന് അല്പം വെള്ളമെടുത്ത് മരുന്ന് വലത്തെ കയ്യിന്റെ ഉള്ളംകയ്യിൽ വച്ച് ചാലിച്ച് അവന്റെ മൂക്കിലേയ്‌ക്കൊഴിച്ചു. അദ്ദേഹം കണ്ണടച്ച് ധ്യാനിച്ചുകൊണ്ട് നിവർന്നുനിന്നു. ഇല്ലത്തു കുടിയിരുത്തിയ പതിനായിരം നാഗങ്ങളോട് ആ ഇളം ജീവനെ രക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രജ്ഞയിൽ ഇല്ലപ്പറമ്പിലെ സ്വർണ്ണനാഗങ്ങൾ ഇഴഞ്ഞുവന്നു. ആ ബാലന്റെ കർമ്മഫലങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റാതെ അവ നിസ്സഹായരായി നിൽക്കുകയാണ്. തിരുമേനി തലയാട്ടി.

രാമൻ നായർ അകത്തുപോയി വാഴയിലയുടെ ചീളിൽ കറുപ്പും ചുവപ്പും വെള്ളയും മഞ്ഞയും പൊടികൾ കൊണ്ടുവന്നു കൊടുത്തു. എണ്ണയൊഴിച്ച് തിരിയിട്ട നിലവിളക്ക് മുമ്പിൽ വച്ചു. ഇരിക്കാനായി കൊണ്ടുവന്നു വച്ച പുൽപ്പായിൽ തിരുമേനി ചമ്രംപടിഞ്ഞിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് കളം വരക്കുകയായിരുന്നു അദ്ദേഹം. ഒരു ചതുരംഗപ്പലകയുടെ വലുപ്പമുള്ള ചതുരത്തിനുള്ളിൽ ഒരു സർപ്പം രൂപപ്പെട്ടുവന്നു. ഏഴു തിരിയുള്ള നിലവിളക്ക് കത്തിച്ചു, കൃഷ്ണൻ നമ്പൂതിരി ധ്യാനനിരതനായി. അന്തരീക്ഷത്തിൽ സംഘർഷം മുറ്റിനിന്നു. ചെറുമക്കൾ അസ്വസ്ഥരായി. തിരുമേനി ജന്മാന്തരങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. മുമ്പിൽ പാതി ചേതനയറ്റ് കിടക്കുന്ന ചെറുമച്ചെക്കന്റെ ജാതകഫലങ്ങൾ അദ്ദേഹത്തിന്റെ കൺമുമ്പിലൂടെ കടന്നുപോയി. ഇനിയും ജീവിതം ബാക്കിയാണെന്ന് കണ്ട് അദ്ദേഹം ധ്യാനം തുടർന്നു. ഇപ്പോൾ അവന്റെ ദേഹത്തിൽ വിഷം കയറ്റിയ സർപ്പം ദയയ്ക്കുവേണ്ടി കേഴുകയാണ്. ദയ ആരോടാണ് കാണിക്കേണ്ടത്? അദ്ദേഹം ഉഗ്രതപത്തിൽ ഉരുകി. സൂര്യൻ അദ്ദേഹത്തോട് ദയ കാണിച്ചില്ല.

അപ്പോഴാണ് പറമ്പിൽ ചപ്പിലകൾ അനങ്ങുന്ന ശബ്ദം കേട്ടുതുടങ്ങിയത്. അകലെനിന്ന് ഒരു ദീനരോദനംപോലെ പുറപ്പെട്ട ആ ശബ്ദം അടുത്തടുത്തു വരികയാണ്. തിരുമേനി കണ്ണുതുറന്നു.