close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: പതിനാറ്


കൊച്ചമ്പ്രാട്ടി: പതിനാറ്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

വീണ്ടും ഓർമ്മകൾ താളം തെറ്റുകയാണെന്ന് പാറുവമ്മയ്ക്ക് മനസ്സിലായി. മനസ്സിന്റെ ഏതൊക്കെയോ വഴികൾ തുറക്കാൻ പറ്റാത്ത വിധം അടയ്ക്കപ്പെട്ടിരിക്കയാണ്.

പദ്മിനി പറയുന്നു. ‘എന്താണമ്മ ഇങ്ങനെ. ആ കാര്യങ്ങളൊന്നും ഓർമ്മല്ല്യേ? അതൊക്കെ അട്ത്ത് നടന്നതല്ലെ?’

പാറുവമ്മ ആലോചിക്കാൻ ശ്രമിക്കുന്നു. ഏട്ടന്റെ മരണം ഓർമ്മയുണ്ട്. ഒരു മാസം തുടർച്ചയായി മരുന്നു കഴിക്കാൻ സമ്മതിച്ചില്ല.

നിർബ്ബന്ധിക്കുമ്പോൾ അദ്ദേഹം വേദന കടിച്ചുപിടിച്ചുകൊണ്ട് പറയുന്നു. ‘ഇത് മാറാത്ത രോഗാണ്, ചികിത്സയില്ല. ചികിത്സ മരണം മാത്രാണ്. എന്റെ വേദനീം കഷ്ടപ്പാടുകളും നീട്ടിക്കിട്ടീട്ട് ആർക്കാ ഗുണം?’

ഏട്ടൻ ഇങ്ങിനെയൊരു മാനസികാവസ്ഥയിലെത്തുമെന്ന് പാറുവമ്മ ഒരിക്കലും കരുതിയിരുന്നില്ല. ജീവിതത്തോട് വല്ലാത്ത ആസക്തിയുള്ള ഒരു മനുഷ്യൻ ഈ നിലയിൽ എത്തണമെങ്കിൽ? ഒരിക്കലെങ്കിലും വസുമതിയെയും മക്കളെയും കാണണമെന്നു പറയുകയുണ്ടായില്ല. എന്തോ ഒരു വാശിപോലെ. മരണത്തിന്റെ തലേന്നു രാത്രി കഞ്ഞി കൊടുക്കുവാൻ പാറുവമ്മ പോയി. കഞ്ഞി എന്നു പറഞ്ഞാൽ, അവസാന നാളുകളിൽ വെറും കഞ്ഞിവെള്ളം മാത്രമേ കുടിച്ചിരുന്നുള്ളു. അസുഖം കൂടുതലാണെന്നറിഞ്ഞപ്പോൾ ഒരിക്കൽ അപ്പൂട്ടി കാണാൻ വന്നു. പഴയ നാളുകളുടെ ഓർമ്മയിൽ അയാൾ കുറച്ചു പൊടിയരി കൊടുത്തയച്ചിരുന്നതുകൊണ്ട് ഏട്ടനുള്ള കഞ്ഞി മുടക്കാതെ കൊടുക്കാൻ പറ്റി. റേഷനരിയുടെ കഞ്ഞിവെള്ളം എങ്ങിനെയാണ് കുടിക്കുക?

മരണത്തിന്റെ തലേന്നു രാത്രി കഞ്ഞിവെള്ളം കൊണ്ടു കൊടുത്തപ്പോൾ ഏട്ടൻ പറഞ്ഞു.

‘പദ്മിനീനെ ഒന്ന് കാണണം.’

പദ്മിനി വന്നപ്പോൾ അയാൾ പറഞ്ഞു തുടങ്ങി.

‘മോളെ, അമ്മാവനോട് ക്ഷമിക്കണം. കൊറേ തെറ്റ്കള് പറ്റീട്ട്ണ്ട് അമ്മാവന്. ഒന്നും വേണംച്ചിട്ടല്ല. എന്താ പറേണ്ടത്ന്നറീല്ല്യ... ഞാൻ എന്റെ സുഖോം സൗകര്യും മാത്രം നോക്കി. അതിനെടേല് മോളടെ കാര്യം നോക്കാൻ പറ്റീല്ല്യ... പിന്നെ ഞാൻ വിചാരിച്ചേടത്തൊന്നും അല്ല കാര്യങ്ങള് നീങ്ങീത്. എല്ലാം ന്റെ കയ്യീന്ന് വഴുതിപ്പോയി. മോളോട് മര്യാദകേട് കാട്ടീത് ബോധത്തോടു കൂടീട്ടല്ല. ക്ഷമിക്കണം. എല്ലാറ്റിനുംള്ള ശിക്ഷ ഞാൻ അനുഭവിക്ക്ണ്ണ്ട്. എല്ലാ തെറ്റും തിരുത്തി നന്നായി ജീവിതം തുടങ്ങാംന്ന് വിചാരിച്ചപ്പോഴെയ്ക്ക് എന്റെ വെളക്കിലെ എണ്ണ വറ്റിക്കഴിഞ്ഞിരിക്കുണു. മോള് മാമയ്ക്ക് മാപ്പ് തരണം.’

പദ്മിനി ആലോചിക്കുകയായിരുന്നു. എന്താണ് പറയേണ്ടത്. എന്തുപറഞ്ഞാലാണ് സാന്ത്വനമാവുക?

‘അതൊന്നും സാരല്ല്യ ഏട്ടാ.’ പാറുവമ്മ പറഞ്ഞു. ‘കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ. അതൊക്കെ അവള് മറന്നിരിക്കുണു.’

‘എനിക്ക് വെഷമൊന്നുംല്ല്യ വിജയമ്മാമെ. ഞാനതൊക്കെ മറന്നിരിക്കുണു. മാമ വെഷമിക്ക്യൊന്നും വേണ്ട.’

‘ഞാൻ കാരണാ നെനക്ക് വന്ന മൂന്ന് നല്ല ആലോചനകള് അലസിപ്പോയത്. ഇങ്ങിന്യൊക്കെ ആവുംന്ന് ഞാൻ കരുതീര്ന്നില്ല. എന്റെ അറിവില്ല്യായ്‌മോണ്ട് പറ്റീതാണ്. മോളെനിക്ക് മാപ്പ് തരണം.’

പദ്മിനിയ്ക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. അവൾ ഉമ്മറത്ത് വന്നിരുന്നു. മേശപ്പുറത്ത് ഒരു വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. അതിന്റെ വെളിച്ചംകൂടി ഇല്ലായിരുന്നുവെങ്കിലെന്നവൾ ആശിച്ചു. അവൾക്ക് ഇരുട്ടത്ത് ഇരിക്കണം. അവൾ എഴുന്നേറ്റ് വിളക്ക് ഇടനാഴികയിലേയ്ക്കു മാറ്റിവച്ചു. തിരിച്ച് ഉമ്മറത്തു വന്ന് വീതിയുള്ള ഇരുത്തിയുടെ ഏറ്റവും തെക്കുവശത്തുള്ള തുണും ചാരിയിരുന്നു. മുതിർന്നതിനു ശേഷം അവൾക്ക് അമ്മാമനോടുള്ള ഭയം കുറേ കുറഞ്ഞിരുന്നു. അവൾ സ്വയം അമ്മാമന് മാപ്പു കൊടുത്തു. എല്ലാ മുറിവുകളും എന്നെങ്കിലും ഉണങ്ങണ്ടെ? അങ്ങിനെയിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്. അതാകട്ടെ മാപ്പു കൊടുക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അവൾ ആയിടയ്ക്ക് മുണ്ടും ബ്ലൗസും ഇടാൻ തുടങ്ങിയിരുന്നു. വൈകുന്നേരം മേൽ കഴുകിക്കഴിഞ്ഞാൽ അവൾ മുണ്ടാണുടുക്കുക. ആറു മണിയ്ക്ക് തുടങ്ങുന്ന നാമജപം ഏഴു മണിവരെ തുടരും. അമ്മ ഇപ്പോൾ നാമം ജപിക്കാനിരിക്കാറില്ല. അവർക്ക് എല്ലാറ്റിലും വിശ്വാസം നശിച്ചപോലെയുണ്ട്. ഒരുപക്ഷേ അവർ മനസ്സിൽ ഏപ്പോഴും ഈശ്വരനെ വിളിക്കുന്നുണ്ടാവും. അമ്മ ഈ ലോകത്തൊന്നുമല്ല എന്ന് പദ്മിനിയ്ക്ക് അറിയാം. പറയുന്നത് അങ്ങോട്ട് ഏശുന്നില്ല.

നാമജപം കഴിഞ്ഞാൽ പദ്മിനി കഞ്ഞിയ്ക്ക് ചമ്മന്തി അരയ്ക്കും. കഞ്ഞി അടുപ്പത്തുനിന്ന് വാങ്ങി ആവശ്യത്തിന് ഉപ്പിട്ട് ഇളക്കി വയ്ക്കും. എട്ടു മണിയായാൽ അമ്മാമൻ പത്തായപ്പുരയിൽനിന്ന് ഇറങ്ങിവരാറുണ്ട്. അടുത്ത കാലത്തായി എന്നുമൊന്നും ഭാര്യവീട്ടിൽ പോകാറില്ല. വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കും. ഒരു ദിവസം എട്ടരമണിയായിട്ടും അമ്മാമനെ കാണാതിരുന്നപ്പോൾ അവളോട് പോയി വിളിക്കാൻ പാറുവമ്മ ആവശ്യപ്പെട്ടു. കോ ണി കയറി മുകളിലെത്തിയപ്പോഴാണ് അവൾക്കു മനസ്സിലായത് അവിടെ വിളക്കു കത്തിച്ചിട്ടില്ല. ആകെ ഇരുട്ട്. അവൾക്കു പേടിയായി. അമ്മാമൻ ഉറങ്ങുകയാവുമെന്നാണവൾ കരുതിയത്. അവൾ മുറിയുടെ പുറത്തുനിന്ന് വിളിച്ചു.

‘വിജയമ്മാമേ...’

‘അകത്തു വാ.’

അമ്മാമന് എന്തോ സുഖമില്ലാതായി എന്നാണവൾ കരുതിയത്. വാക്കുകൾ വിഷമിച്ച് പുറത്തേയ്ക്കു വിടുന്നപോലെ. അവൾ അകത്തു കടന്നു. ഇപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ ഇരുട്ടിനോട് പഴകിത്തുടങ്ങിയിരുന്നു. അമ്മാമൻ കിടക്കുകയാണെന്നവൾ കണ്ടു. അവൾ കട്ടിലിന്നടുത്തു ചെന്നു. പെട്ടെന്ന് അമ്മാമൻ അവളുടെ കൈ പിടിച്ച് വലിച്ചു. അവൾ കിടയ്ക്കയിലേയ്ക്കു വീണു.

‘ദേവൂട്ടി, വാ.’ അമ്മാമൻ പറയുന്നുണ്ടായിരുന്നു.

പദ്മിനി ആകെ പേടിച്ചുപോയി. പെട്ടെന്നുള്ള പിടുത്തവും വലിക്കലും അവൾ തീരെ പ്രതീക്ഷിച്ചതല്ല. അമ്മാമന്റെ ശബ്ദ വും എന്തോ ഒരു മട്ടിലായിരുന്നു. അവൾ അമ്മാമന്റെ കൈ യ്യിൽനിന്ന് കുതറി എഴുന്നേറ്റ് ഒരു നിലവിളിയോടെ കോണിയിറങ്ങി ഓടി. മുറ്റം മുറിച്ചുകടക്കുമ്പോഴേയ്ക്കും അമ്മ ഉമ്മറത്തെത്തിയിരുന്നു.

‘എന്തു പറ്റീ മോളെ?’

മകൾ എന്തോ കണ്ടു പേടിച്ചു എന്നാണവർ കരുതിയത്. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കിതയ്ക്കുകയായിരുന്നു. അവർ ചോദ്യമാവർത്തിച്ചു. അവൾ ചോദിച്ചു.

‘ആരാണമ്മേ ദേവൂട്ടി?’

പാറുവമ്മയ്ക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങുകയായിരുന്നു. അവർ മോളെ അണച്ചുപിടിച്ചു.

‘പേടിക്കണ്ട മോളെ, സാരല്യ.’

‘വല്ലാത്ത നാറ്റും. എന്തിന്റെ നാറ്റാ അമ്മേ അത്?’

‘സാരല്യ മോളെ, ഇങ്ങട്ടു വരൂ.’

കുറച്ചു ദിവസങ്ങളായി ഏട്ടൻ രാത്രി കഞ്ഞി കുടിക്കാനായി എത്തിയാൽ ഉണ്ടാവാറുള്ള നാറ്റം എന്തിന്റേതാണെന്ന് അവർ ഊഹിച്ചിരുന്നു. കലങ്ങിയ കണ്ണുകളും ആ നാറ്റവും പാറുവമ്മയ്ക്ക് പരിചയമില്ലാത്ത ഒരു സ്വഭാവത്തെയാണ് സൂചിപ്പിച്ചത്. പിന്നെ ദേവൂട്ടി എന്ന വിളി. കഴിഞ്ഞ ആഴ്ചയാണ് അവർക്ക് ആ കാര്യത്തിൽ സംശയമുണ്ടായത്. ഒരു ദിവസം, തുണി തിരുമ്പി കഴിഞ്ഞാൽ പറമ്പിൽനിന്ന് മടൽ പെറുക്കിക്കൊണ്ടുവരണമെന്ന് ദേവകിയോട് ആവശ്യപ്പെട്ടിരുന്നു. തുണി തോരാനിട്ട് കുറേ നേരമായെങ്കിലും ദേവകിയെ കാണാനില്ല. ഇത്രയധികം മടൽ അവൾ പെറുക്കിക്കൊണ്ടു വരുമോ? അവർ വടക്കോറത്ത് മുറ്റത്തിറങ്ങി പറമ്പിലേയ്ക്കു നോക്കി. എവിടെയും കാണാനില്ല. അപ്പോഴാണ് കുളത്തിൽ നിന്ന് തിരുമ്പിയ തുണി ഇട്ടു കൊണ്ടുവരുന്ന ബക്കറ്റ് പത്തായപ്പുരയുടെ ഉമ്മറത്ത് കണ്ടത്. എന്തിനാണവൾ ഇപ്പോൾ പത്തായപ്പുരയുടെ ഉള്ളിലേയ്ക്ക് കയറിയത് എന്നറിയാൻ അവർ അന്വേഷിച്ചു ചെന്നു. താഴത്തെ മൂന്നു മുറികളിലും അവളെ കണ്ടില്ലെന്നു വന്നപ്പോൾ അവർ സാവധാനത്തിൽ കോണി കയറാൻ തുടങ്ങി. സ്വതവേ അവരുടെ നടത്തം ഭൂമിയെ വേദനിപ്പിക്കരുതേ എന്ന മട്ടിലായിരുന്നു. ഇന്ന് അവർ തീരെ ശബ്ദമുണ്ടാക്കാതെ കോണി കയറി. മുകളിൽ നടുവിലത്തെ മുറിയുടെ വാതിൽ ചാരിയിരുന്നു. ഉള്ളിൽനിന്ന് ഏട്ടന്റെയും ദേവകിയുടെയും സംസാരം കേട്ടു. അവർ ശബ്ദമുണ്ടാക്കാതെ തിരിച്ചു പോന്നു.

ആ സംഭവം ഓർത്തുകൊണ്ട് അവർ പറഞ്ഞു.

‘ഇനിതൊട്ട് അമ്മാമനെ ഞാൻ പോയി വിളിക്കാം. മോള് പോണ്ട.’

അന്ന് വിജയൻ മേനോൻ താഴേയ്ക്കിറങ്ങി വന്നില്ല. ആ ദിവസത്തിനുശേഷം പലപ്പോഴും അദ്ദേഹം രാത്രി കഞ്ഞികുടിക്കാൻ ഇറങ്ങിവരികയുണ്ടായില്ല.

ഉമ്മറത്തെ ഇരുട്ടത്തിരുന്ന് പദ്മിനി വിജയമ്മാമയുടെ ക്രമത്തിലുള്ള പതനത്തെപ്പറ്റി ആലോചിച്ചു. എന്തിനായിരുന്നു അത്?

ആ മാസം കഴിയാറായിരുന്നു. അടുത്ത മാസം മുതൽ ദേവകിയോട് വരേണ്ടെന്നു പറഞ്ഞു.

‘ഇവിടെപ്പൊ അത്രെ്യാന്നും പണില്ല്യ ദേവകി,’ പാറുവമ്മ പറഞ്ഞു. ‘പോരാത്തതിന് എല്ലാ മാസും ശമ്പളൂം തരണ്ടെ. ഇപ്പഴത്തെ നെല നോക്ക്യാല് ഞങ്ങക്ക് അതിന്ള്ള കഴിവൊന്നുംല്ല്യ. ഉള്ള ജോലിയൊക്കെ ഞാനും മോളുംകൂടി ചെയ്‌തോളാം.’

ആ വീട്ടിലെ സ്ഥിതി നല്ലവണ്ണം അറിയാവുന്നതുകൊണ്ട് ദേവകിയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. തമ്പ്രാന്റെ കാര്യത്തിൽ അവൾ തോറ്റിരിക്കയാണ്. ബോധമുള്ള ദിവസങ്ങൾ ചുരുക്കമായിരുന്നു. രാവിലെത്തന്നെ കുടി തുടങ്ങും. പത്തായപ്പുരയിൽ അടിച്ചുവാരാതെ ഒന്നുരണ്ടു ദിവസം നോക്കി. പക്ഷേ അങ്ങിനത്തെ ദിവസങ്ങളിൽ തമ്പ്രാൻ താഴെവന്ന് വിളിച്ചുകൊണ്ടുപോകും. പോയാൽ പിന്നെ അങ്ങിനെയൊന്നും വിടില്ല. തമ്പ്രാട്ടി അന്വേഷിക്കാതിരിക്കില്ല. അതു പറഞ്ഞാൽ ദേഷ്യം പിടിക്കും. പിന്നെ പരിഭവമാണ്. എന്നെ ആർക്കും വേണ്ടാതായി, ഞാൻ ഒന്നിനും കൊള്ളരുതാത്തോനാണ്, എന്നൊക്കെ പറയാൻ തുടങ്ങും. അതു കേൾക്കുമ്പോൾ വിഷമമാണ്. തമ്പ്രാനും ഭാര്യയും തമ്മിൽ അത്ര രസത്തിലല്ല എന്നവൾ മനസ്സിലാക്കിയിരുന്നു. ഭാര്യവീട്ടിലെ കാര്യങ്ങളൊന്നും തന്നോട് മുമ്പ് പറഞ്ഞിരുന്നില്ല. ഇപ്പോൾ അതാണ് കാര്യമായ സംസാരം. തന്റെ മനസ്സിൽ പാവം തോന്നലുണ്ടാക്കാനാണത് എന്നവൾക്കറിയാമെങ്കിലും പാവം തോന്നിപ്പോകുന്നു. തനിക്കുവേണ്ടി കുറേ ചെയ്ത മനുഷ്യനാണ്. തനിക്കും മോക്കും പണ്ടങ്ങൾ. ഓണത്തിനും വിഷുവിനും മുണ്ടും ബ്ലൗസിനു തുണിയും മോക്ക് ഉടുപ്പും വാങ്ങിത്തരാറുണ്ട്. എല്ലാം കഴിഞ്ഞ് അവൾക്ക് സ്വന്തമായി ഒരു വീടും പറമ്പും തന്ന ആളാണ്. ഇന്ന് ആ വീടില്ലായിരുന്നുവെങ്കിൽ എവിടെയാണ് താമസിക്കുക എന്നറിയില്ല. വല്ല പുറംപോക്കിലും കുടിലുകെട്ടി താമസിക്കേണ്ടി വരുമായിരുന്നു. പഴയ വീട് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അങ്ങിനെയുള്ള ഒരാൾ ഇങ്ങിനെ കൺമുമ്പിൽ നശിച്ചു പോകുമ്പോൾ സങ്കടപ്പെടുകയല്ലാതെ എന്തു ചെയ്യും?

ഉമ്മറത്ത് ഇരുട്ടിൽ കുറേ നേരം ഇരുന്നപ്പോൾ പദ്മിനിയ്ക്ക് ആശ്വാസമായി. അമ്മാമ അടുത്തുതന്നെ മരിക്കുമെന്നവൾക്കു തോന്നി. കുറച്ചു കാലമായി അവൾ അമ്മാമയെ കാണാറില്ല. ഇന്ന് കണ്ടപ്പോഴാണ് ഇത്ര മോശമാണ് സ്ഥിതിയെന്നു മനസ്സിലായത്. വെറും എല്ലും തോലുമായിരിക്കുന്നു. രാത്രി കിടക്കുമ്പോൾ അമ്മ ഒന്നും സംസാരിച്ചില്ല. സാധാരണ എന്തെങ്കിലും സംസാരിക്കാറുള്ളതാണ്. പിറ്റേന്ന് റേഷൻ വാങ്ങാൻ എങ്ങിനെയാണ് പണമുണ്ടാക്കുക എന്നതിനെപ്പറ്റിയോ, അറുമുഖനെ തേങ്ങക്കാരൻ മൊയ്തീന്റെ അടുത്ത് പണത്തിനുവേണ്ടി പറഞ്ഞയക്കുന്നതിനെപ്പറ്റിയോ സംസാരിക്കാറുള്ളതാണ്. ഇന്ന് അവർ നിശ്ശബ്ദയായിരിക്കുന്നു.

പദ്മിനിയും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല. ഒരിക്കൽ ഉറക്കത്തിൽനിന്നുണർന്നു നോക്കിയപ്പോൾ അമ്മ കിടക്കയിൽ എഴുന്നേറ്റിരിക്കുന്നതു കണ്ടു.

‘എന്താ അമ്മേ?’

‘ഒന്നുംല്ല്യ, മോള് ഒറങ്ങിക്കോ.’

രാവിലെ എഴുന്നേറ്റപ്പോഴാണ് മനസ്സിലായത് രാത്രി എപ്പോഴോ വിജയമ്മാമ മരിച്ചിരിക്കുന്നു. മരണത്തെപ്പറ്റി മാമയ്ക്ക് എന്തെങ്കിലും മുന്നറിവുണ്ടായിരുന്നോ? അതുപോലെ അമ്മയ്ക്കും? അവർ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ലെന്ന് പദ്മിനിയ്ക്ക് മനസ്സിലായി.

അതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റിയാണ് അമ്മയ്ക്ക് മറവിയുണ്ടായതെന്നു തോന്നുന്നു. അവൾ പറഞ്ഞതിനെപ്പറ്റി പാറുവമ്മ വീണ്ടും ആലോചിച്ചു. ഇല്ല അങ്ങിനെ പുതിയ രണ്ട് ആലോചനകൾ വന്നതായി ഓർമ്മയില്ല.

‘നന്നാവ്ണ്ണ്ട്. ഈ അമ്മേക്കൊണ്ട് ഞാൻ എന്താണ് ചെയ്യാൻ കണ്ടിരിക്കണത്? അമ്മേ രണ്ടും നല്ല ആലോചന്യായിരുന്നു. ഒന്ന് ഒരൊറ്റ മകനാണ്. അയാള് അമ്മെടെം ചെറ്യമ്മടെം ഒപ്പാ വന്നത്. ചെറ്യച്ഛനുംണ്ടായിരുന്നു ഒപ്പം. മറ്റെത് ഒരാണും പെണ്ണും മാത്രം. അയാള് അമ്മായിടൊപ്പാ വന്നത്. നമ്മടെ പണിക്കരമ്മാവനുംണ്ടായിരുന്നു കൂടെ. രണ്ടും നല്ല തറവാട്ടീന്നാ. പക്ഷേ രണ്ടു പേർക്കും ഇവ്ട്‌ത്തെ കാര്യങ്ങളൊന്നും ഇഷ്ടായില്ല. വീടിന്റെ കെടപ്പും ആകെ ചുറ്റുപാടും അവർക്ക് പിടിച്ചില്ല. പെണ്ണിനെ ബോധിച്ചൂന്നാ രണ്ടു കൂട്ടരും പറഞ്ഞത്. അങ്ങിന്യാണ് പണിക്കരമ്മാമ പറഞ്ഞത്. ജാതകോം ചേർന്നൂത്രെ.’

‘അതെന്തേ അങ്ങനെ?’

‘അമ്മേ ഇവിടെ വന്ന് കാണണോർക്ക് ഒറ്റ നോട്ടത്തില് മനസ്സിലാവും നമ്ക്ക് കഞ്ഞി കുടിക്ക്യാൻ വകയില്ല്യാന്ന്. അങ്ങനത്തെ വീട്ടില് അറിഞ്ഞോണ്ട് ആരെങ്കിലും കേറി വര്വോ അമ്മേ?’

അവസാനം പറഞ്ഞ വാക്യത്തിൽ ഒരു തേങ്ങലൊളിഞ്ഞു കിടന്നത് പാറുവമ്മയെ വേദനിപ്പിച്ചു. അവരെ സംബന്ധിച്ചേടത്തോളം പദ്മിനിയുടെ കല്യാണമായിരുന്നു അവസാനത്തെ തുരുമ്പ്. മകളുടെ കല്യാണം കഴിഞ്ഞാൽ കാര്യങ്ങൾ നല്ല ദിശയിലേയ്ക്കു തിരിയുമെന്നവർക്കുറപ്പുണ്ടായിരുന്നു. ആണൊരുത്തനുണ്ടെങ്കിൽ അവിടെ പലതും ചെയ്യാനുണ്ട്. എന്തോ ഭാഗ്യത്തിന് ഏട്ടന്ന് ആ നാലേക്കർ പറമ്പ് മുറിച്ചു വിൽക്കാനുള്ള സമയം കിട്ടിയില്ല. ബാക്കിയെല്ലാം പോയി. തെക്കേ വെട്ടുവഴിയിലുണ്ടായിരുന്ന വീടും പറമ്പും ദേവകിയ്ക്കു കൊടുത്തു. വിറ്റൂന്നാണ് പറഞ്ഞിരുന്നത്. കുറേ കടമുണ്ട് ആ പണം കൊണ്ട് അതൊക്കെ വീട്ടിയത്രെ. പാറുവമ്മ അതു മുഴുവൻ വിശ്വസിച്ചില്ല. കാരപ്പുറത്ത് വീട്ടിന്റെ അപ്പുറത്തുള്ള പതിനഞ്ച് സെന്റ് സ്ഥലവും വിറ്റു. ആർക്കെടുത്തു കൊടുത്തു ആവോ? ഇപ്പോൾ ഈ നാലേക്കർ മാത്രമുണ്ട്. ആ പറമ്പിൽ പൊന്നു വിളയിക്കാമെന്നവർക്കറിയാം. ഏട്ടനോടു പറയാൻ ധൈര്യമില്ലാതെ അവർ ആ പറമ്പിന്റെ പതനം നോക്കിനിൽക്കുക മാത്രം ചെയ്തു. നല്ലൊരു ചെറുപ്പക്കാരൻ വരുമെന്നും നാലോ അഞ്ചോ കൊല്ലത്തിനുള്ളിൽ അതൊരു പൂങ്കാവനമാക്കി മാറ്റുമെന്നും അവർ പ്രതീക്ഷിച്ചു.

‘ആരെങ്കിലും വരും മോളേ. പത്തായത്തിന്റെ ഉള്ളിലും തെങ്ങിന്റെ മണ്ടേലും നോക്കാത്ത വല്ല ചെറുപ്പക്കാരും വരും. അപ്പൊ മോള്‌ടെ ഭാഗ്യം തെളിയും. അതൊക്കെ കാണാൻ നെന്റെ അമ്മ ജീവിച്ചിരിക്ക്യോന്നറീല്യ.’

‘അമ്മ അങ്ങിനെ പോവ്വൊന്നും ഇല്ല. വേണ്ടാത്തത് പറയാണ്ടിരിക്കൂ.’

പദ്മിനി പക്ഷേ താൻ പറഞ്ഞതിൽ വിശ്വസിച്ചില്ല. അമ്മയുടെ ആരോഗ്യം അനുദിനം ക്ഷയിച്ചു വരുന്നത് അവൾ കാണുന്നുണ്ട്. ഇനി എത്ര കാലം ജീവിച്ചിരിക്കും എന്നു തന്നെ അവൾക്കറിയില്ല. ഒറ്റയ്ക്കുള്ള ജീവിതത്തെപ്പറ്റി അവൾ ആലോചിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. പൊള്ളയായ വാക്കുകൾ പറയാൻ അവൾ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഈ വക സംസാരം അവൾ നിരുത്സാഹപ്പെടുത്തി, ആ വാക്കുകൾ അമ്മയ്ക്ക് ആത്മവിശ്വാസം കൊടുക്കുമെങ്കിൽക്കൂടി.