വൈശികം
വൈശികം | |
---|---|
ഗ്രന്ഥകർത്താവ് | സി അനൂപ് |
മൂലകൃതി | പ്രണയത്തിന്റെ അപനിർമ്മാണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥാസമാഹാരം |
ആദ്യപതിപ്പിന്റെ പ്രസാധകര് | സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം |
വര്‍ഷം |
2002 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 91 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നാം ഇപ്പോള്‍ നടക്കുന്നത് അപ്പൂപ്പന്കോവില് റോഡിലൂടെയാണ്. ശിവന് പറഞ്ഞതനുസരിച്ചാണെങ്കില്‍ ഈ വഴിയുടെ അവസാനമാണ് എലീനയുടെ വീട്. അവന് പറഞ്ഞ സമയമാകാന്‍ ഇനിയും ഇരുപത്തൊന്നു മിനിട്ടു ബാക്കിയാണ്. അതിനിടെ ചെയ്യാവുന്നതെന്തെന്നാണ് നാം ഇപ്പോള്‍ ആലോചിക്കേണ്ടത്. അടുത്ത വഴിയിലൂടെ നടന്നാല്‍ ഒരു ചാരായഷാപ്പുണ്ടെന്ന് അനുമാനിക്കാം. (ഇത് സാമാന്യയുക്തികൊണ്ട് ഞാന്‍ മനസ്സിലാക്കിയതാണ്. ആ വഴിയിലൂടെ വേച്ചുവേച്ച ചുവടുകളോടെ ഒരു വൃദ്ധന് നടന്നുവരുന്നതു കാണാം.)
സുല്‍ഫിക്കറിന് അപ്പോള്‍ ആ വഴി പോകാന്‍ അല്പവും താല്പര്യമുണ്ടായിരുന്നില്ല. അവന് അങ്ങനെയാണ്. ഒന്നു മനസ്സില്‍ കരുതിയാല്‍ അതു നടപ്പാകുംവരെ അവന് മറ്റൊന്നില്‍ ശ്രദ്ധിക്കാനാവില്ല. ഇപ്പോള്‍ അവന്റെ മനസ്സില്‍ എലീന എന്ന മുപ്പത്തൊന്നുകാരി മാത്രമേയുള്ളൂ. ശിവന് പറഞ്ഞ വശ്യസൗന്ദര്യമുറ്റ അവള് മാത്രമായിരുന്നു അവന്റെ ഗന്ധത്തിലും സ്പര്‍ശത്തിലുമെല്ലാം.
വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിലൂടെ മദ്യലഹരിയില്‍ വൃദ്ധന് ആരെയൊക്കെയോ ശപിച്ചും ശകാരിച്ചും ഞങ്ങളെ കടന്നു പോയി. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ വഴി വിജനമായി. ഞാനും സുല്‍ഫിക്കറും അല്പനേരം തര്‍ക്കിച്ച് വൃദ്ധന് നടന്നുവന്ന വഴിയുടെ തുടക്കത്തില്‍ നിന്നു. ഒടുവില്‍ എനിക്കൊപ്പം സുല്‍ഫിക്കറും നടന്നു.
ഷാപ്പുമുറികളിലൊക്കെയും അനിയന്ത്രിതമായ വാചാലത ഉയര്‍ന്നു കേള്‍ക്കാം. ഒരിരിപ്പിടമില്ലാതെ നിൽക്കെ കറുത്തുകുറിയ ഒരാള്‍ ഞങ്ങളെ ഒരിടുങ്ങിയ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. സുല്‍ഫിക്കര്‍ തീര്‍ത്തും നിശ്ശബ്ദനായിരുന്നു. അവന് പുറത്തേക്കു പോകാന്‍ തിടുക്കംകൂട്ടി. ഷാപ്പുവിട്ടിറങ്ങി നടക്കെ വേണ്ടിയിരുന്നില്ല, വേണ്ടിയിരുന്നില്ല എന്നു സുല്‍ഫിക്കര്‍ പതുക്കെ പറയുന്നുണ്ടായിരുന്നു. ഞാന്‍ തീപ്പെട്ടിയുരച്ച് വഴിയുറപ്പിക്കുമ്പോള് സുല്‍ഫിക്കര്‍ പതുക്കെ പറഞ്ഞു: “ഇപ്പോള്‍ അവള് ഉറങ്ങിയിട്ടുണ്ടാകും.”
ദൂരെനിന്നും ഒരു സൈക്കിള്‍ കടന്നുവരുന്നു. ആരോ രണ്ടുപേര്‍ എന്തൊക്കെയോ രഹസ്യംകണക്കെ സംസാരിക്കുന്നുണ്ട്. “നമുക്കവരോട് വഴി ചോദിച്ചാലോ?” ഞാന്‍ സുല്ഫിക്കറോടു ചോദിച്ചു. തെല്ലുഭയപ്പാടോടെ അവന് “വേണ്ട, വല്ല ജാരന്മാരുമാകും” എന്നുത്തരം പറഞ്ഞു. ശരിയാണ്. ജാരന്മാരാണെങ്കിലും അല്ലെങ്കിലും അവരോടു വഴി ചോദിക്കുന്നതു ശരിയല്ല. അങ്ങനെ ചെയ്യുന്നത് അപകടമാണ്. ഇത്തരം കാര്യങ്ങള്‍ മറ്റാരും അറിയാന്‍ പാടില്ല. നഗരത്തിലെ സുപ്രധാനമായ രണ്ടു വിദ്യാര്‍ത്ഥിസംഘടനകളുടെ നേതാക്കളാണ് ഞങ്ങള്‍. രണ്ടു സംഘടനകളിലാണെങ്കിലും ഞങ്ങള്‍ ഹോസ്റ്റലില്‍ ഒരേ മുറിയിലാണ്. ഞാനും സുല്‍ഫിക്കറും അതീവസൗഹൃദത്തിലുമാണ്. കുറ്റങ്ങളും കുറവുകളുമറിഞ്ഞ് തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ടേ കാര്യമുള്ളു എന്ന് പല രാത്രിസംഭാഷണങ്ങളിലും അവന് പറഞ്ഞിട്ടുള്ളത് ഞാനോര്‍ത്തു.
ശിവന് ഞങ്ങളുടെ പൊതുസുഹൃത്താണ്. മലയാളചെറുകഥയില്‍ ഗവേഷണംനടത്തുന്ന അവന് എലീനയെ സന്ദര്‍ശിച്ചിട്ടില്ല. പക്ഷേ, അവനൊപ്പം ഗവേഷണംനടത്തുന്ന ഒരാള്‍ എലീനയുടെ ഗന്ധമറിഞ്ഞിട്ടുണ്ട്. ഒരു രാത്രി വിദ്യാര്ത്ഥിസമ്മേളനത്തിനു പോസ്റ്റര്‍ തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് എന്നോടും സുല്ഫിക്കറിനോടും ശിവന് എലീനയെക്കുറിച്ച് പറഞ്ഞത്. അപ്പോള്‍ത്തന്നെ എന്റെ കണ്ണിലേക്ക് സുല്‍ഫിക്കര്‍ രൂക്ഷമായി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഇതുവരെ രഹസ്യമായി വല്ലപ്പോഴും മദ്യപിക്കാന്‍ പോകുകയേ ഉണ്ടായിരുന്നുള്ളു. ചോളബാറിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് ഞങ്ങള്‍ ഒരിക്കല്‍പ്പോലും രാഷ്ട്രീയകാര്യങ്ങള്‍ സംസാരിച്ചിരുന്നില്ല. പ്രണയം, സാഹിത്യം, സിനിമ, സംസ്കാരം—ഇവയെക്കൂറിച്ചൊക്കെ സുല്‍ഫിക്കര്‍ വാചാലനാകുന്നത് ചോളയുടെ തണുപ്പിലിരുന്നാണ്. ശിവന് എലീനയെക്കുറിച്ചു പറഞ്ഞതിന്റെ പിറ്റേന്ന് സുല്‍ഫിക്കര്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. ഒടുവില്‍ ലക്കുകെട്ട് തിരിച്ചുവന്ന് ഇടനാഴിയുടെ ഇരുട്ടും പിന്നിട്ട് മുന്നൂറ്റിപ്പത്തൊന്പതാം നമ്പര്‍ മുറി തുറക്കുമ്പോള്‍ സുല്‍ഫിക്കര്‍ ഒരാവേശത്തോടെ പറഞ്ഞു “നമുക്ക് നാളെ എന്തായാലും പോകാം.” മറുപടി പറയാതിരുന്നപ്പോള്‍ എനിക്കും സമ്മതമാണെന്ന് അവന് മനസ്സിലാക്കിയിട്ടുണ്ടാവണം.
നടന്നുനടന്ന് ശിവന് പറഞ്ഞതുപോലെയുള്ള വീടിനു മുന്നിലെത്തി. ഇറയത്ത് വെളിച്ചമുണ്ടായിരുന്നില്ല. അകമുറിയുടെ ജനല്ച്ചെരിവില് മെഴുകുതിരിവെളിച്ചത്തിലിരുന്ന് ഒരു കുട്ടി നഴ്സറി റൈംസ് താളബദ്ധമായി വായിക്കുന്നു.
“ഇതാവാനിടയില്ല.” ഞാന്‍ പറഞ്ഞു.
“നിനക്കെങ്ങനെ അറിയാം?” സുല്‍ഫിക്കര്‍ അക്ഷമനായി. അവന്റെ കാഴ്ച നാലുപാടും എലീനയുടെ വീടു തിരഞ്ഞു.
ഒരു വൃദ്ധ വാതില്‍ക്കലുണ്ടാകും, പ്രത്യേകിച്ച് സന്ധ്യയായാല്‍. അവരുടെ അനുവാദമാണ് ആദ്യം വേണ്ടത്. അമിതമായി തടിയുള്ളവരേയും തീരെ മെലിഞ്ഞവരേയും വികലാംഗരേയും വായ്നാറ്റമുള്ളവരേയും വൃത്തിഹീനമായി വസ്ത്രം ധരിച്ചവരേയുമൊക്കെ വൃദ്ധ അനുനയപൂര്‍വ്വം തിരിച്ചയയ്ക്കുമെന്നാണ് ശിവനില്‍നിന്നും അറിയാനായത്. വൃദ്ധയുടെ ചതുരമായ ഇടപെടലിന് മുന്നില്‍ ആരും തര്‍ക്കിക്കാറില്ല. എത്രയായാലും തിരിച്ചുപോകില്ലെന്ന് തോന്നുന്നതുവരെ വൃദ്ധതന്നെ ചില പൊടിക്കൈകള്‍ പ്രയാഗിച്ച് സംതൃപ്തരാക്കി തിരിച്ചയയ്ക്കും.
ഞാനും സുല്‍ഫിക്കറും അടുത്ത വീടിന്റെ മതില്തുറസ്സിലേക്കു ചെന്നു. അവിടെ ഞങ്ങള്‍ പ്രതീക്ഷിച്ച വൃദ്ധയെ കാണാനായില്ല. ക്ഷീണിതനായ ഒരാള്‍ കയറ്റുകട്ടിലില്‍ കിടന്ന് ശ്വാസമെടുക്കാന്‍ പണിപ്പെടുന്നു. അയാള്ക്കരികെ ഭാര്യയാകാം, ഒരു സ്ത്രീ സ്പൂണില്‍ കഞ്ഞി കോരി നാവിലേക്കു പകരുന്നു. അയാള്‍ അവയൊന്നാകെ പുറത്തേക്കു തുപ്പുന്നു. അവര്‍ വീണ്ടും സ്നേഹപൂര്‍വ്വം അയാളുടെ ചുണ്ടിലേക്ക് ഏതോ പാനീയം പകരുന്നു. സുല്‍ഫിക്കര്‍ ആ കാഴ്ച കണ്ട് നിശ്ശബ്ദനായിനിന്നു. “എടാ, ഇതല്ല വീട്. ഈ നേരത്ത് ശിവന് പറഞ്ഞ വൃദ്ധ മുറ്റത്തുണ്ടാവേണ്ടതല്ലേ?”
സുല്‍ഫിക്കര്‍ തീര്‍ത്തും അസ്വസ്ഥനായി കാണപ്പെട്ടു. അവന് അസഹിഷ്ണുതയോടെ പറഞ്ഞു. “നീ വെറുതെ നേരം കളഞ്ഞു. ശിവന് പറഞ്ഞ സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. നിന്റെയൊരു…”
ഞാന്‍ മറുപടി പറഞ്ഞില്ല.
സുര്ഫിക്കര് തുടര്‍ന്നു: നമുക്ക് ഉറപ്പായിട്ടും വഴി തെറ്റിയിരിക്കുന്നു. അപ്പൂപ്പന്കോവില് റോഡിലെ എലീനയുടെ വീട്ടിലേക്കുള്ള വഴി ഇതാവില്ല.”
“നമുക്കു നോക്കാം.” ഞാന്‍ ശുഭാപ്തിവിശ്വാസത്തോടെ പറഞ്ഞു.
സുല്‍ഫിക്കര്‍ ഒരു സിഗരറ്റെടുത്തു കൊളുത്തി.
“റബ്ബേ!” സുല്‍ഫിക്കറാണ് ആ കാഴ്ച ആദ്യം കണ്ടത്. വിമാനത്താവളത്തിലേക്കുള്ള വഴിയിലൂടെ ഒരു കാര്‍ ഞങ്ങള്‍ക്കെതിരെയുളള തിരിവു പിന്നിട്ടു വരുന്നു. ഞങ്ങള്‍ പെടുന്നനെ കണ്ട ഒരിടവഴിയിലൂടെ ഇരുട്ടിലേക്കു നടന്നുമാറി. ഇതിനിടെ സുല്‍ഫിക്കര്‍ രഹസ്യം പറയുംപോലെ പറഞ്ഞു: “ആ കാറില്‍ ഒരുപക്ഷെ, അവളാവും.”
ഞങ്ങള്‍ ഇപ്പോള്‍ ഇടവഴിയുടെ പകുതിയിലായിരിക്കുന്നു. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചം ഞങ്ങളേയും കടന്ന് അതിര്പ്പടര്പ്പിലൂടെ മിന്നിയൊഴിഞ്ഞു. കാര്‍ ഒരു ഇരുനിലവീടിന്റെ മുന്നില്‍ ചെന്നു നിന്നു. ഞങ്ങള്‍ തൊട്ടടുത്തു കണ്ട മരനിഴലിലേക്കു മാറി. കാര്‍ വീട്ടുമുഖത്തു നിന്നപ്പോള്‍ത്തന്നെ ഇരുട്ടു പടര്‍ന്നുനിന്ന അവിടമാകെ വെളിച്ചം നിറഞ്ഞു. മുന്‍വാതില്‍ തുറന്ന് വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്കു വന്നു. അവര്‍ വെളുത്ത വസ്ത്രം ധരിച്ചിരുന്നു. ഡോര്‍ തുറന്ന് വളകിലുക്കവും തീക്ഷ്ണഗന്ധവും വഹിച്ച് ഒരുവള്‍ പുറത്തിറങ്ങി. വെളിച്ചത്തില്‍ അവളുടെ വസ്ത്രധോരണി കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
“ഓ! പനിനീര്‍പ്പൂവിന്റെ സുഗന്ധം!” സുല്‍ഫിക്കര്‍ ഒരാവേശത്തോടെയാണ് അങ്ങനെ പറഞ്ഞത്.
പരസ്പരം യാത്രപറഞ്ഞശേഷം കാര്‍ റിവേഴ്സില്‍ പോകുമ്പോള്‍ സുല്‍ഫിക്കര്‍ അദ്ഭുതംകലര്ന്ന സ്വരത്തില്‍ പറഞ്ഞു
“അത് നമ്മള്ടെ അഗസ്റ്റിനല്ലേ?”
“ഏത് അഗസ്റ്റിന്?” ഞാന്‍ ചോദിച്ചു.
“സ്വര്‍ണ്ണം.” സുല്‍ഫിക്കര്‍ മറുപടി പറഞ്ഞു.
നഗരത്തിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരിയുടെ മകനാണ് അഗസ്റ്റിന്. ഞങ്ങളുടെ സുഹൃത്ത്. ഞങ്ങള്‍ക്കു മുന്നിലെത്തിയ അഗസ്റ്റിന്റെ കാറിനുള്ളില്‍നിന്നും അപ്പാഷെ ഇന്ത്യന്‍ കേള്‍ക്കാം. അഗസ്റ്റിന്റെ മുഖം മറച്ചുകൊണ്ട് ചില്ലുജാലകമുയര്ന്നു. കാര്‍ അതിവേഗം പുറംവഴിയിലേക്കു പോയി.
“ഇത് എലീനയുടെ വീടാവില്ല. വേറേതെങ്കിലും…” ഞാന്‍ പറഞ്ഞു മുഴുക്കുംമുമ്പ് സുല്‍ഫിക്കര്‍ ഗേറ്റിന്റെ ചെരിവിലുള്ള പേരു വായിക്കാന്‍ തുടങ്ങി. കറുത്ത പിന്നിറത്തിനു നടുവേ വെള്ള അക്ഷരം. ഇരുട്ടില്‍ സുല്‍ഫിക്കര്‍ അതു വായിച്ചെടുത്തു. എലീന. എം. എസ്സീ., ബീ. എഡ്. സോഷ്യല്‍ വര്‍ക്കര്‍. ഇനി സന്ദേഹത്തിനിടയില്ലല്ലോ എന്ന മട്ടില്‍ സുല്‍ഫിക്കര്‍ അകത്തേക്കു നടക്കാന്‍ തുടങ്ങി. അത്രനേരം തെല്ലും അസ്വസ്ഥത തോന്നാതിരുന്ന എന്നില്‍ എന്തെന്നില്ലാത്ത ഒരവസ്ഥ വന്നുനിറഞ്ഞു. തിരിച്ചുപോകാമെന്നു പറഞ്ഞാല്‍ സുല്‍ഫിക്കര്‍ വരില്ല. ലക്ഷ്യം സാധിക്കാതെ പോയാല്‍ അവനിന്ന് ഉറക്കമുണ്ടാവില്ല. ഈ ശനിക്കിറങ്ങിപ്പുറപ്പെടേണ്ടിയിരുന്നല്ലെന്ന് മനസ്ലില്‍ തൊന്നിയെങ്കിലും സുല്ഫിക്കറിനോടു ഞാനതു പറഞ്ഞില്ല.
വൃദ്ധ വീടിനു മുന്നിലെ മെഴുക്കുനിറമുള്ള കസേരയില്‍ വന്നിരുന്നു. അവര്‍ ആദ്യം ആകാശത്തേക്കും പിന്നെ ഭൂമിയിലേക്കും നോക്കി. കൈവിരലുകള്‍ ഞെരിച്ചു കോട്ടവായിട്ടു. വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് മുറുക്കാന്‍ തുടങ്ങുംമുമ്പ് അവര്‍ പുറംവാതിലിലേക്ക് അലക്ഷ്യമായി നോക്കി.
ഇവിടെനിന്നു നോക്കിയാല്‍ വൃദ്ധയ്ക്കു പിന്നില്‍ ജാലകങ്ങള്ക്കുകമേ നിഴലനക്കം കാണാം. അമര്‍ത്തിപ്പിടിച്ച സംസാരവും ചിരിയും കേള്‍ക്കാം. വൃദ്ധ കസേരയില്‍ ചാഞ്ഞുകിടന്ന് നാലുംകൂട്ടി മുറുക്കി ഇമ്പത്തില് പുറത്തേക്കു തുപ്പി. അവരുടെ കാതിലെ തോടയുടെ തിളക്കം വിശറിയുടെ താളത്തിനൊപ്പം ചലിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ വൃദ്ധയ്ക്കരികിലേക്കു നടന്നു. “നമ്മള് എങ്ങനെ തുടങ്ങും?” ഞാന്‍ സന്ദേഹത്തോടെ സുല്ഫിക്കറോടു ചോദിച്ചു.
“എന്റെകൂടെ വാ. ഒക്കെ ഞാന്‍ സംസാരിക്കം.” സുൽഫിക്കർ അല്പം സ്വരമുയർത്തി പറഞ്ഞു.
എനിക്ക് അവന്റെ വഴിയേ പോകുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അവന്റെ ഞരമ്പുകള്‍ക്ക് തീപിടിച്ചിരിക്കുകയാണ്.
കൈയെത്തി ഇരുമ്പുഗേറ്റിന്റെ അകക്കൊളുത്തെടുത്ത് ഞങ്ങള്‍ വീട്ടുമുറ്റത്തേക്കു കടന്നു. വൃദ്ധയ്ക്കരികെ ഞങ്ങള്‍ നിശ്ശബ്ദരായി നിന്നു. സുല്‍ഫിക്കര്‍ ചെറുകെ ചുമച്ചപ്പോള്‍ വൃദ്ധ പെട്ടെന്ന് എണീറ്റിരുന്നു. അവര്‍ വലിയ ടോര്‍ച്ചെടുത്ത് ഞങ്ങളുടെ മുഖത്തേക്കു തെളിച്ചു. ‘ഛെ!’ സുല്‍ഫിക്കർ പ്രതിഷേധിച്ചു. വൃദ്ധ എന്നെയും വിട്ടില്ല. അവര്‍ മുഖത്തേക്ക് ടോര്‍ച്ചു തെളിച്ചുകൊണ്ടു പറഞ്ഞത് എന്നെ വല്ലാതെ ജാള്യപ്പെടുത്തി:
“കൊച്ചുപയ്യന്.”
വൃദ്ധ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. സംഭ്രമം വിട്ടുമാറാതെയാണു് ഞാന്‍ അവര്‍ക്കരികെ ഇരുന്നത്. വൃദ്ധ സ്വരം താഴ്ത്തി അഭിമുഖമാരംഭിച്ചു:
“എവിടുന്നാ?” വൃദ്ധ ചോദിച്ചു.
“സിറ്റീന്ന്.” ഗൗരവത്തില്‍ത്തന്നെ ഞാന്‍ മറുപടി പറഞ്ഞു.
“അതല്ല ചോദിച്ചത്. നിങ്ങള്ടെ സ്വദേശം?”—വൃദ്ധ.
“അങ്ങ് മാവേലിക്കരെ.” ഞാന്‍ മറുപടി പറഞ്ഞു.
“രണ്ടുപേരും?”—വൃദ്ധ.
“അതെ”—ഞാന്‍.
“ഇവിടെന്തുചെയ്യുന്നു?” വൃദ്ധ ചോദ്യങ്ങളാവര്‍ത്തിച്ചു.
“മെഡിക്കല്‍ റപ്രസെന്റേറ്റിവ്സാ.” ഞാന്‍ ആദ്യമായി വൃദ്ധയോടു നുണ പറയാന്‍ തുടങ്ങി. ഇതുപോലുള്ള അവസരങ്ങളില്‍ സത്യം പറയുന്നത് നല്ലതല്ലെന്ന് പുറപ്പെടുമ്പോള്‍ത്തന്നെ സുല്‍ഫിക്കര്‍ എന്നെ ഓര്‍മ്മിപ്പിച്ചിരിന്നു.
“എത്ര വയസ്സായി?” വൃദ്ധ വിശദങ്ങളിലേക്കു കടന്നു.
“ഇരുപത്തഞ്ച്.” ഞാന്‍ പറഞ്ഞു.
“ബോംബേലു പോയിട്ടുണ്ടൊ?”—വൃദ്ധ.
“ഇല്ല, കേരളത്തിനു പുറത്ത് ഞങ്ങള്‍ പോയിട്ടില്ല.” സുല്ഫിക്കറാണു് മറുപടി പറഞ്ഞത്.
“ഇതിനുമുന്‍പ്?” വൃദ്ധ നേരിയ പുഞ്ചിരിയോടെയാണ് അതു ചോദിച്ചത്.
“ഇല്ലില്ല.” സംഭ്രമിക്കാതെ ഞാന്‍ പറഞ്ഞു.
“പേരു്?” വൃദ്ധ സുല്‍ഫിക്കറിന്റെ കണ്ണുകളിലേക്കു രൂക്ഷമായി നോക്കിയാണ് അങ്ങനെ ചോദിച്ചത്.
“സുല്‍ഫിക്കര്‍.” അവന് പറഞ്ഞു.
വൃദ്ധയുടെ മുഖം സന്ദേഹംകൊണ്ടു നിറയുന്നതുപോലെ എനിക്കു തോന്നി.
“ബോംബേല്…?”
ചോദ്യമവസാനിക്കുംമുൻപ് സുൽഫിക്കർ മറുപടി പറഞ്ഞു:
“ഇല്ല. ഞങ്ങൾ രണ്ടുപേരും…”
മറുപടി അവസാനിക്കുംമുൻപ് വൃദ്ധ അടുത്ത ചോദ്യത്തിലേക്കു കടന്നു.
ഒടുവിൽ സുൽഫിക്കറെ നോക്കി അവർ പറഞ്ഞു:
“നീ അവിടെ ചെന്നിരിക്ക്.” പിന്നെ എന്നെ നോക്കി വൃദ്ധ തുടർന്നു: “നീ എനിക്കൊപ്പം വരൂ.”
വൃദ്ധ എണീറ്റു നടന്നു. പിന്നാലെ ഞാനും. അതിനിടെ സുൽഫിക്കർ പോക്കറ്റിൽനിന്നും ശിവൻ പറഞ്ഞിരുന്ന രൂപ എണ്ണി വൃദ്ധയ്ക്കു നൽകി.
അകലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലൂടെ ഭാരം വഹിച്ചുകൊണ്ടുള്ള ലോറികൾ പാഞ്ഞുപോകുന്ന ശബ്ധ്ം ഇവിടെ കേൾക്കാം. വൃദ്ധ എന്നെയും കൂട്ടി നിരവധി വാതിലുകൾ പിന്നീട് ഒരു മുറിയിലേക്കു കടന്നു. ഒരു നിമിഷം അസ്വാഭിവികമായ ഒരു ശബ്ദമുയർത്തിയശേഷം അവർ പുറത്തേക്കു നടന്നു.
“സുൽഫിക്കർ?”
ഞാൻ, വൃദ്ധ പോയ വശത്തേക്കു തിരിഞ്ഞു ചോദിച്ചു.
അവർ തിരിഞ്ഞുനിന്നു. അവരുടെ മുഖത്ത് എന്തെന്നില്ലാത്ത കോപം വന്നുനിറഞ്ഞു. പരുഷമായി വൃദ്ധ പറഞ്ഞു: “നീ നിന്റെ കാര്യം നോക്ക്.”
മറുത്തൊന്നും പറയാതെ ഞാൻ നിൽക്കെ ഇളം നീല നൈറ്റ് ഗൗൺ ധരിച്ച ഒരു സ്ത്രീ വന്ന് വാതിലടച്ചു. അവൾ എനിക്കെതിരെ വന്നപ്പോൾ അല്പംമുന്നേ കാറിൽനിന്നിറങ്ങുന്ന സ്ത്രീയിൽനിന്ന് അനുഭവിച്ച ഗന്ധം മുറിയാകെ പടർന്നു.
അവൾ എന്റെ കൈവിരലുകളിൽ തൊട്ടു. പിന്നെ നിഷ്കളങ്കത തോന്നിക്കുന്ന ഭാവത്തിൽ എന്നെ ക്ഷണിച്ചു: “വരൂ.” അവൾ എനിക്കു മുൻപിൽ നടന്നു. ജനൽച്ചെരുവിലായിരുന്നു പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞ വിരിപ്പുള്ള കിടക്ക. അവള് കിടക്കയിലിരുന്നു. അവളുടെ സമൃദ്ധമായ മുടിയില്‍ തലോടിക്കിടക്കേ ജാവരിയൊച്ച ഞങ്ങളെ അലോസരപ്പെടുത്തി. അവള് ജാലകം പിടിച്ചടച്ചു. പിന്നെ അവളുടെ ചുണ്ടുകള്‍ എന്റെ നെഞ്ചിലൂടെ സഞ്ചരിക്കുന്നത് ഹൃദ്യതയോടെ ഞാനറിഞ്ഞു. എന്റെ കണ്ണുകള്‍ മയക്കം നിറഞ്ഞു. അവളുടെ സ്പര്ശോഷ്മാവില് എന്റെ ഞരമ്പുകള്‍ ഉണര്‍ന്നുവന്നു. അതിനിടെ ഞാന്‍ അവളോടു ചോദിച്ചു. “നിന്റെ പേര്?”
“എലീന.” അവള് ആസക്തമായി സ്വരത്തില്‍ പറഞ്ഞു.
പിന്നെന്തെങ്കിലും ചോദിക്കും മുമ്പപ് അവളുടെ ചുണ്ടുകള്‍ എന്റെ ചുണ്ടുകളിലേക്ക് വന്നുതൊട്ടു. അവളുടെ വിരലുകള്‍ അളവറ്റ വേഗതയില്‍ എന്റെ പിന്പുറമാകെ ക്ഷതമേല്പിക്കും പോലെ മുറുകി.
പുറത്തു മഴ പെയ്യുന്നു. കാറ്റും കൊള്ളിയാനും നിറഞ്ഞ രാത്രിയിലേക്ക് ഞാനാണ് ജാലകം ആദ്യം തുറന്നത്. അപ്പോള്‍ എനിക്കരികെ കിടന്ന് എലീന മയങ്ങിയിരുന്നു. ആകാശം നിറയെ ചിതറിയ ഒരു കൊള്ളിയാന്‍ എന്റെ കാഴ്ചയില്‍ നിറഞ്ഞു. എന്തെന്നില്ലാത്ത ഒരു കിതപ്പൊടെ ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റു. നിലക്കണ്ണാടിയുടെ മുന്നിലെത്തി. വസ്ത്രം വല്ലാതെ ചുളുങ്ങിയിരുന്നു. മുറിവിട്ടിറങ്ങി വൃദ്ധ കൂട്ടിക്കൊണ്ടുവന്ന വാതിലുകള്‍ ഒന്നൊന്നായി പിന്നിട്ട് ഞാന്‍ മുന്‍വാതിലിനും പുറത്തെത്തി. അകമുറികളിലെവിടെയോനിന്ന് സാന്ത്രമായ സംഗീതധാര.
പുറത്ത് ഇരുട്ടായിരുന്നു. ഞാന്‍ സ്വിച്ചില്‍ വിരലമര്‍ത്തി. സ്തോഭത്തോടെ സുല്‍ഫിക്കര്‍ പിടഞ്ഞെണീറ്റു. അവനു പിന്നാലെ എന്തോ പിറുപിറുത്തുകൊണ്ട് വൃദ്ധയും. സുല്‍ഫിക്കര്‍ നിശബ്ദനായി പുറംവാതിലിലേക്കു നടന്നു. അവനു പിന്നാലെ ഞാനും. അപ്പോഴും വൃദ്ധ എന്തോക്കെയാ പുലമ്പിക്കൊണ്ടിരുന്നു.
ഞങ്ങള്‍ നഗരത്തിലെത്തി. രക്തസാക്ഷിമണ്ഡപത്തിനരികെയുള്ള തട്ടുകടയ്ക്കടുത്തേക്ക് പരസ്പരം മിണ്ടാതെ. നടന്നു. “സമയമറിയാനൊരു വഴിയുമില്ലല്ലോ!” ഞാന്‍ പറഞ്ഞു.
സുല്‍ഫിക്കര്‍ യൂണിവേഴ്സിറ്റിക്കുമേലുള്ള ഘടികാരത്തിലേക്കു നോക്കിയിട്ടു പറഞ്ഞു. “ഒരു മണിയാകുന്നു.” അതു കേട്ടാണ് മയക്കത്തിലായിരുന്ന തട്ടുകടക്കാരന് ഞെട്ടിയെണീറ്റത്. അയാള്‍ ഞങ്ങളെ തുറിച്ചുനോക്കി. “എന്തുവേണം?” അയാള്‍ ചോദിച്ചു. “കട്ടന്‍.” സുല്‍ഫിക്കറാണ് മറുപടി പറഞ്ഞത്. “ഇല്ല.” അയാള്‍ ഉറക്കം കെടുത്തിയ അസംതൃപ്തിയോടെ പറഞ്ഞു. ഞങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു. “ദോശ വേണമെങ്കി തരാം.” “വേണ്ട.” ഞാനും സുല്‍ഫിക്കറും ഒരേപോലെയാണ് മറുപടി പറഞ്ഞത്.
ഞങ്ങള്‍ക്ക് വിശപ്പുതോന്നിയില്ല. പഷേ, എന്തെന്നില്ലാത്ത ദാഹം. ദാഹമായിരുന്നിരിക്കണം ഞങ്ങളെ ആ തട്ടുകടയ്ക്കടുത്തേക്കു നയിച്ചത്.
ഹോസ്റ്റലിലേക്കുള്ള വഴിക്കിടതുവശത്തായി എന്തൊക്കെയോ അതിവേഗത്തിലും അവ്യക്തതയിലും സംസാരിക്കുന്ന ഒരഭയാര്ത്ഥിക്കൂട്ടം. രാവേറിയിട്ടും അവര്‍ ഉറങ്ങിയിട്ടില്ല. ഇടയ്ക്ക് ചില കുട്ടികള്‍ മാത്രം ഏങ്കോണിച്ചും ചുരുണ്ടുമുറങ്ങുന്നു. അല്പമകലെ തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്നു ചീട്ടുകളിക്കുന്ന പുരരുഷന്മാര്.
ഞങ്ങള്‍ തെല്ലുനേരം അഭയാര്‍ത്ഥികളുടെ അച്ചടക്കരഹിതമായ രാത്രിയിലേക്കു നോക്കിനിന്നു. ഒറ്റപ്പെട്ട ഒരു മെല്ലിച്ച കുട്ടി രാത്രിവഴിയിലേക്കു നോക്കിയിരുന്നു. അവന്റെ ശോഷിച്ച ശരീരത്തിലുടെ വാഹനവെളിച്ചം പാളി കടന്നുപോയി. അതിനിടെ സുല്‍ഫിക്കര്‍ പതുക്കെ പറഞ്ഞു.: “അവിഹിതസന്തതിയാവും അവന്.” മറുപടിയൊന്നും പറയാതെ ഞാന്‍ ആ കുട്ടിയെത്തന്നെ നോക്കിനിന്നു. അവന് ക്ഷീണിതനായി കൊട്ടാവായിട്ടു. ഭയപ്പാടോടെ ഞാന്‍ ആ കാഴ്ച കണ്ടു. അവന്റെ പല്ലുകല്‍ കനലായ് മാറുന്നതായും നാവിന്തുമ്പില്നിന്നും തീ പടരുന്നതായും എനിക്കു തോന്നി. “വാ, പോകാം” ഞാന്‍ സുല്ഫിക്കറെ വിളിച്ചു. അവന് എനിക്കു പിന്നാലെ നടക്കുന്ന ശബ്ദം മാത്രമേ അപ്പോള്‍ കേള്‍ക്കാമായിരുന്നുള്ളൂ. ഇടയ്ക്ക് വിശുദ്ധയായ കന്യാമറിയത്തിന്റെ പ്രാര്ത്ഥനാലയിതമായ രൂപത്തിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കി.
ഹോസ്റ്റലിന്റെ ഇടനാഴിയില്‍ ഭീതിദമായ ഇരുട്ടായിരുന്നു. ഞങ്ങള്‍ പടവുകള്‍ കയറി ഇടനാഴിയിലെത്തി. മുന്നൂറ്റപ്പത്തൊന്പതാം നമ്പര്‍ മുറി തുറന്ന് അകത്തേക്കു കയറി. തൊട്ടടുത്ത മറികളെല്ലാം നിശ്ശബ്ദമായിരുന്നു. കറന്റില്ല. ഞാന്‍ മെഴുതിരി കൊളുത്തി ജനല്പ്പടിയിലി വച്ചു.
സുല്‍ഫിക്കര്‍ വസ്ത്രം മാറാതെ കിടക്കയില്‍ ചെന്നിരുന്നു. ഞാന്‍ മുഖം കഴുകി തിരിച്ചെത്തുമ്പോള്‍ അവന് കിടന്നു കഴിഞ്ഞിരുന്നു. മനസ്സ് അടങ്ങുന്ന ലക്ഷണമില്ല. ചുമരലമാരയില്‍നിന്നും ബൈബിളെടുത്ത് മെഴുതിരി വെളിച്ചത്തില്‍ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു. നടക്കുന്നില്ല. കാഴ്ച വാക്കുകളിലുറയ്ക്കുന്നില്ല. മെഴുതിരിയുമെടുത്ത് അല്പനേരം കണ്ണാടിയിലേക്കു നോക്കിനിന്നു. ആദ്യം വിശ്വാസം വന്നില്ല. എന്റെ കണ്ണുകള്‍ അഗാധതയില്‍നിന്നും എന്നെ മിഴിച്ചു നോക്കുകയായിരുന്നു. മുറിവിട്ടു പോകുമ്പോള്‍ കണ്ട മുഖമായിരുന്നില്ല കണ്ണാടിയില്‍.