കൊച്ചമ്പ്രാട്ടി: മൂന്ന്
കൊച്ചമ്പ്രാട്ടി: മൂന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | കൊച്ചമ്പ്രാട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല് |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 116 |
വിജയൻ മേനോൻ എഴുന്നേറ്റു, ജനലിലൂടെ പുറത്തേയ്ക്കു നോക്കി. നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. വസുമതി അഞ്ചു മണിയ്ക്കേ എഴുന്നേറ്റു പോയിട്ടുണ്ടാവും. അടുക്കള വൃത്തിയാക്കി തീ പൂട്ടി ചായുണ്ടാക്കുമ്പോഴേയ്ക്ക് അയാളും അടുക്കളയിലെത്താറുള്ളതാണ്. അടുക്കളയുടെ ജനലിനടുത്തിട്ട മേശക്കരികെ കസേലയിൽ ഇരുന്ന് അയാൾ ഭാര്യ ചായയുണ്ടാക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ഓരോന്ന് സംസാരിക്കും. അങ്ങിനെയാണ് പതിവ്.
അടുക്കളയുടെ വാതിൽക്കൽ നിന്നുകൊണ്ട് ഭാര്യ അടുപ്പിനു മുമ്പിൽ കുമ്പിട്ടിരുന്ന് ഇഡ്ഡലിത്തട്ടുകൾ പാത്രത്തിൽ ഇറക്കിവച്ച് അടയ്ക്കുന്നത് അയാൾ നോക്കിനിന്നു. അവളുടെ സമൃദ്ധമായ പിൻഭാഗം കുറച്ചുനേരം നോക്കിനിന്നപ്പോൾ അയാൾക്ക് തലേന്നു രാത്രിയിലെ കാര്യങ്ങൾ ഓർമ്മയിൽ വന്നു. പാഴായ ശ്രമങ്ങളും അതിനിടയിൽ എപ്പോഴോ മയങ്ങിപ്പോയതും. ഇപ്പോൾ വസുമതി തന്നെ കണ്ടാൽ ശരിയാവില്ല. പറമ്പിലൊക്കെ നടന്ന് അല്പം ധൈര്യം സംഭരിച്ചശേഷം മതി ചായകുടി. ഏതായാലും വേലു പറമ്പ് നനയ്ക്കാൻ എത്തിയിട്ടുണ്ട്. തേക്കുതുലാത്തിന്റെ കരകരശബ്ദം കേട്ടിരുന്നു. അയാൾ കാൽ പിന്നിലേയ്ക്കുതന്നെ വച്ചു.
‘ചായപ്പോ ആവും, ഇരുന്നോളു.’
വസുമതി തന്നെ കണ്ടിരിക്കുന്നു. അയാൾക്ക് കുറച്ചൊരു ജാള്യത തോ ന്നി. അയാൾ അടുക്കളയിലേയ്ക്കു കടന്ന് ജനലിന്നരികെ ഇട്ട കസേലയിലിരുന്നു. വസുമതി ഒഴിഞ്ഞ അടുപ്പിൽ ചായപ്പാത്രം വച്ചു.
‘എണീക്കാൻ വൈകി അല്ലെ?’
‘ങാ, വല്ലാത്ത ക്ഷീണം.’ വിജയൻ മേനോൻ സൂക്ഷിച്ചാണ് സംസാരിക്കുന്നത്. എങ്ങിനെയായാലും ഇന്നലെ രാത്രിയെപ്പറ്റി സംസാരം വരാതിരിക്കില്ല എന്നയാൾക്കറിയാം. പക്ഷേ താനായിട്ട് അതു തുടങ്ങണ്ട.
‘എങ്ങന്യാ ക്ഷീണംല്ല്യാണ്ടിരി ക്ക്യാ. അങ്ങനത്തെ സാധനല്ലെ അക ത്തു ചെന്നിരിക്കണത്?’
‘ഞാനേയ്...’
‘എന്നോടൊന്നും പറയണ്ട. എനിക്കൊക്കെ അറിയാം. ഇന്നലെ എവ്ട്ന്നാണ് കുടിക്കാൻ കിട്ടീത്?’
വിജയൻ മേനോൻ ഒന്നും പറയുന്നില്ല.
‘കണ്ട അവിടീം ഇവിടീം ഒക്കെ കേറി കുടിക്കാൻ നാണാവില്ലേ?’
താൻ കുട്ടപ്പന്റെ കുടിലിൽ കയറിയത് ആരോ കണ്ട് ഇവിടെ വന്ന് കൊളുത്തിയിരിക്കുന്നു. ഇന്നലെ പോയതായിരിക്കില്ല, ഏതെങ്കിലും ദിവസം. കുടി തുടങ്ങിയിട്ട് ഇപ്പോൾ നാലു മാസത്തിനു മേലായി. ഇതുവരെ വീട്ടിൽ അറിയിക്കാതെ കൊണ്ടുനടന്നു. ഒന്നു മുറുക്കിയാൽ മതി, അതിന്റെ മണമൊക്കെ പോകും. ഭർത്താവിന് മൂന്നു പെറ്റ തന്റെ ശരീരത്തോട് പെട്ടെന്ന് ആസക്തി കൂടിയതിന്റെ കാരണമറിയാതെ കുഴങ്ങിയെങ്കിലും അവിചാരിതമായി വീണുകിട്ടിയ രണ്ടാം മധുവിധു അവൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു.
വസുമതി ചായ ഗ്ലാസ്സിലാക്കി മേശപ്പുറത്തു വച്ചു, മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടച്ചശേഷം പറഞ്ഞു.
‘ഇനി തൊട്ട് കുടിക്ക്യാണെങ്കീ പിന്നെ ഇങ്ങട്ട് കേറി വരണ്ട. ഏതായാലും പകല് മുഴുവൻ പെങ്ങടെ അട്ത്താണ്. അവിട്ത്തെ കാര്യം നോക്ക്യാ മതീലോ. ഇവിട്ത്തെ കാര്യം എന്തായാലും വേണ്ടില്ല. കുടിച്ച് കഴിഞ്ഞാൽ അങ്ങോട്ടന്നെ പൊയ്ക്കോളു. ലഹരീം നാറ്റൊക്കെ മാറീട്ട് ഇവ്ടെ കേറിവന്നാമതി.’
വിജയൻ മേനോൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു. ഒന്നും പറയാതിരിക്കുന്നതാണ് ബുദ്ധി. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവൾ പറയുക ഏട്ടന്മാരുടെ കാര്യമാണ്.
‘ദാ, ചന്ദ്രേട്ടനോട് ഒരു വാക്ക് പറഞ്ഞാമതി. ഇതൊക്കെ നിന്നോളും.’
വലിയൊരു ഭീഷണിയാണത്. ‘ഇതൊക്കെ’ എന്നു പറയുന്നതിന്റെ വ്യാപ്തി അപാരമാണ്. പുതുതായി കണ്ടുപിടിച്ച ലഹരി മാത്രമാവില്ല നിൽക്കുന്നത്. എന്തുമാവാം. ചിലപ്പോൾ സംബന്ധം തന്നെ നിന്നെന്നു വരാം. അളിയന്മാരെ അയാൾ ഇഷ്ടപ്പെട്ടില്ല. അവരുമായി നേരിട്ടൊരു ഏറ്റുമുട്ടൽ കഴിയുന്നതും ഒഴിവാക്കുകയാണ് പതിവ്. അവർ തൊട്ടടുത്തു തന്നെയാണെങ്കിലും ഭാഗ്യത്തിന് വെവ്വേറെ വീടുകളിലാണ് താമസം. ആരെങ്കിലും ഒരാൾ രാവിലത്തെ ഭക്ഷണം കഴിഞ്ഞ് പെങ്ങളുടെ കാര്യമന്വേഷിക്കാൻ വരുമ്പോഴേയ്ക്ക് വിജയൻ മേനോൻ സ്വന്തം വീട്ടിലേയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടാകും. അവിടെ അയാൾ രാജാവാണ്, ഗർജ്ജിക്കുന്ന സിംഹം. പെങ്ങൾ നേരിട്ടുനിന്ന് അയാളോട് സംസാരിക്കുകപോലും പതിവില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് ഭക്ഷണസമയത്ത് പുറകിൽ നിന്ന് പറയുകയെ ഉള്ളൂ. സംബോധനമില്ലാതെ, അവകാശസൂചനകളൊന്നുമില്ലാതെ ആത്മഗതമെന്ന മട്ടിൽ ഒഴുക്കൻ ശൈലിയിൽ അത് തുടങ്ങും. അടുക്കളയിലേയ്ക്ക് വേണ്ട കാര്യങ്ങൾ, വീട്ടിലേയ്ക്ക് പൊതുവേ ആവശ്യമുള്ളവ, മകൾക്ക് സ്കൂളിലേയ്ക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ, അങ്ങിനെ ആവശ്യങ്ങളുടെ പട്ടിക നീളുമ്പോൾ ഒന്നും മിണ്ടാതെ വിജയൻ മേനോൻ കഞ്ഞി കുടിക്കും. ഒപ്പം ചുട്ട മുളകു കൂട്ടി അരച്ച നാളികേരച്ചമ്മന്തി ചൂണ്ടുവിരൽ കൊണ്ട് തോണ്ടി നക്കും. പെങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പതിരും നെല്ലും വേറിട്ടെടുക്കും. അടുക്കളയിലേയ്ക്കു വേണ്ട കാര്യങ്ങൾക്കുള്ള പണം കഞ്ഞികുടി കഴിഞ്ഞാൽ കോന്തലയിൽനിന്നെടുത്ത് മേശപ്പുറത്തുവയ്ക്കും. ബാക്കി ആവശ്യങ്ങളെല്ലാം പതിരായി തള്ളും.
ഏട്ടൻ എഴുന്നേറ്റു കൈകഴുകാൻ പോയാൽ പാറുവമ്മ പണമെടുത്ത് എണ്ണി നോക്കും. എവിടെയും എത്താത്ത ഒരു സംഖ്യ. അവർ ആ നോട്ടുകളും പിടിച്ച് എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു നിൽക്കുമ്പോൾ വിജയൻ മേനോൻ തോളിലിട്ട തോർത്തു കൊണ്ട് മുഖം തുടച്ച് അടുക്കളയിലേയ്ക്ക് വരും. പകച്ചുനിൽക്കുന്ന പെങ്ങളെ ഒന്ന് നോക്കിയശേഷം പറയും.
‘അടുക്കളേലേയ്ക്ക് അത്യാവശ്യള്ള കാര്യങ്ങള് വാങ്ങിക്കോളു. ഊണു മൊടക്കണ്ട. ബാക്കിയൊക്കെ അടുത്ത മാസം ആവാം. ഇപ്രാവശ്യം നാളികേരത്തിന് വെല കൊറവാ. ഇങ്ങിനെ പോയാൽ നാളികേരൊക്കെ വെട്ടി കൊപ്ര്യാക്കി വിൽക്കായിരിക്കും നല്ലത്ന്ന് തോന്നുണു. തിരൂര് നല്ല വെലകിട്ടുംന്നാ മൊയ്തീൻ പറേണത്.’
‘തിരൂരിലേയ്ക്കൊക്കെപ്പൊ ആരാ കൊണ്ടോവാ? അതിന്റെ ചെലവൊക്കെ നോക്കുമ്പോ വല്യേ വെത്യാസൊന്നും കാണില്ല്യ.’
‘അതൊക്കെ നമ്മടെ മൊയ്തീൻ കൊണ്ടോയ്ക്കോളും. അവന്റെ കൊപ്ര എന്തായാലും വണ്ടീല് കൊണ്ടോവ്ണ്ണ്ട്.’
പാറുവമ്മ വലിയ ഉറപ്പില്ലാതെ നിന്നു. പണത്തിനുള്ള ആവശ്യം ഇങ്ങിനെ വഴിമാറിപ്പോയതിൽ സന്തോഷിച്ച് വിജയൻ മേനോൻ പൂമുഖത്തേയ്ക്കു നടക്കും. തന്റെ ധനാഭ്യർത്ഥന ചീറ്റിപ്പോയതിന്റെ വ്യഥയോടെ പാറുവമ്മ നോട്ടുകളുമായി ഏട്ടൻ പോയ വഴിയെ നോക്കി നിൽക്കും. അതെല്ലാം തന്റെ വീട്ടിൽ നടക്കും. വിജയൻ മേനോൻ ഓർത്തു. ഇവിടെ ഭാര്യവീട്ടിൽ പക്ഷെ ഭരണം മറ്റാൾക്കാരുടെ കൈയ്യിലാണ്, താനൊരു പാവ മാത്രമാണ്. കുട്ടികളെ സൃഷ്ടിക്കുന്ന ഒരു യന്ത്രം. രാത്രി പാറു വിളമ്പിത്തന്ന ഭക്ഷണം കഴിച്ച് ടോർച്ചുമായി വയലുകളുടെ വീതി കുറഞ്ഞ വരമ്പിലൂടെ നടന്ന് ഭാര്യവീട്ടിലെത്തും. ഊണുകഴിഞ്ഞ് തനിക്കുവേണ്ടി കാത്തു നിൽക്കുന്ന കുട്ടികളെ അല്പനേരം താലോലിക്കുന്നു. താമസിയാതെ അവർ ഉറക്കമാകുമ്പോൾ വലിയ ഔപചാരികതകളൊന്നുമില്ലാതെ അയാളും കിടപ്പറ പ്രാപിക്കുന്നു.
ഇപ്പോൾ സമയം ഏഴു മണിയായിട്ടുണ്ടാവും. ഇനി വസുമതി തിരക്കിലാവും. ഇഡ്ഡലിപ്പാത്രം വാങ്ങിവച്ച ശേഷം കുട്ടികളെ എഴുന്നേൽപ്പിച്ച് കുളിപ്പിക്കാൻ കൊണ്ടുപോകും. ഒമ്പതു മണിയോടെ അവരെ സ്കൂളിൽ പറഞ്ഞയക്കണം. അയാൾ എഴുന്നേറ്റു.
‘ഞാൻ പോണു...’
‘എന്താത്ര നേർത്തെ?’ വസുമതി നാളികേരമുടച്ച് ചിരവയുമെടുത്ത് അടുക്കളയുടെ നടുവിൽ ഇരിക്കാനുള്ള ശ്രമത്തിലാണ്.
‘കൊറച്ച് ജോലിണ്ട്. ചാത്ത്യോട് വരാൻ പറഞ്ഞിട്ട്ണ്ട്. നന തൊടങ്ങണം. കവുങ്ങിന്റെ കടയൊക്കെ ഒണങ്ങി വരണ്ട് കെടക്ക്വാ. അവൻ വരുമ്പൊഴേയ്ക്ക് അവ്ടെ എത്തണം. ഇന്നലെ വരാൻ പറഞ്ഞതാ. അപ്പഴയ്ക്ക് ഓന്റെ ചെക്കനെ പാമ്പ് കടിച്ചു.’
‘ആരെ? അറുമുഖന്യോ?’
‘അത്യതെ, ഓനൊരു അറാംപെറപ്പാണ്. സകല ജന്തുക്കളിം പിടിച്ച് കൂട്ടിലാക്കലാ പണി. നല്ല ജാത്യാ കടിച്ചത്. കരിമൂർഖൻ. കഴിഞ്ഞൂന്ന് വിചാരിച്ചതാ. അപ്പത്തന്നെ കൃഷ്ണൻ നമ്പൂതിരിടെ അട്ത്ത് കൊണ്ടോയി. പാമ്പിനെ വരുത്തിക്കൊത്തി വെഷം എറക്കേ ചെയ്തത്.’
‘എന്റീശ്വരന്മാരേ...’
എല്ലാം താനാണ് ചെയ്തത് എന്ന ഭാവത്തിലാണ് വിജയൻ മേനോൻ സംസാരിച്ചത്. സ്വന്തം വീട്ടിൽ താൻ നല്ല തിരക്കിലാണെന്നു വരുത്താൻ അയാൾ ഭാര്യയുടെ അടുത്ത് എപ്പോഴും ശ്രമിച്ചിരുന്നു. അളിയന്മാരുടെ മുമ്പിൽ നിൽക്കുമ്പോഴുണ്ടാകുന്ന അപകർഷതാബോധം ഒരു പരിധിവരെ അയാൾ പരിഹരിച്ചിരുന്നത് താൻ സ്വന്തം വീട്ടിലെ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം ബഹുവർണ്ണങ്ങളിൽ ഭാര്യയ്ക്കു വരച്ചുകൊടുത്തിട്ടാണ്. ഭർത്താവിന്റെ സിംഹാസനം പക്ഷേ പൂതലിച്ചു തുടങ്ങിയ വൃക്ഷം പോലെ പൊള്ളയായിരിക്കുന്നുവെന്ന് വസുമതിയ്ക്കറിയില്ലല്ലോ.
അയാൾ പുറത്തേയ്ക്കിറങ്ങി. കുട്ടികൾ എഴുന്നേറ്റിട്ടില്ല. എഴുന്നേറ്റാൽത്തന്നെ സ്കൂളിൽ പോകേണ്ട വേവലാതിയിലായിരിക്കും. അച്ഛനെ കണ്ട ഭാവമേ ഉണ്ടാവില്ല. അവർക്ക് സ്കൂളിലേയ്ക്കാവശ്യമുള്ള സാധനങ്ങളെല്ലാം അമ്മയോട് ചോദിച്ചുവാങ്ങും. അച്ഛൻ അവരെ സംബന്ധിച്ചേടത്തോളം വല്ലപ്പോഴും രാത്രികളിൽ മിട്ടായി കൊണ്ടു വന്നു തരികയും അമ്മയുടെ ഒപ്പം കിടന്നുറങ്ങുകയും ചെയ്യുന്ന ഒരാൾ മാത്രമാണ്. വസുമതിയുടെ കയ്യിൽ തേങ്ങ വിറ്റതിന്റെ പണമുണ്ടാകും. ഏട്ടന്മാർ അതിൽ അവകാശമൊന്നും ഇതുവരെ കൊണ്ടുവന്നിട്ടില്ല. രണ്ടായിരം പറയുടെ നിലം മാത്രം അവർ നേരിട്ട് നടത്തുന്നു. ചിലവുകഴിച്ച് ബാക്കി സംഖ്യ നെല്ലായിട്ടും പണമായിട്ടും മൂന്നു പേരും പങ്കിടുന്നു. ഏട്ടന്മാർ രണ്ടുപേരും അനിയത്തിയോടുള്ള വാത്സല്യത്തിന്റെ കാര്യത്തിൽ മത്സരിക്കുന്നു. തന്റെ മക്കളുടെ ഭാഗ്യം!
രാഘവൻ നായർ നേരത്തേ വരമ്പിലെത്തിയിരുന്നു.
‘ങാ, വിജയൻ മേനോൻ പോവ്വായോ?’
‘കുറച്ചു തെരക്ക്ണ്ട്...’
‘ഇക്കൊല്ലം ചാഴിടെ ശല്യം നല്ലോണംണ്ട്.’ അളിയൻ പറഞ്ഞു. ‘വല്ല മരുന്നും തളിക്കണ്ടിവരുംന്നാ തോന്നണത്.’
‘അത്യതെ, നല്ല ശല്യാ... അവിടീം അതെ. പോട്ടെ കൊറച്ച് ധൃതിണ്ട്.’
‘ശരി. പാറുകുട്ട്യേമ്മക്ക് സുഖല്ലേ?’
‘ങാ, അങ്ങനെ പോണൂ... ന്നാ ശരി.’ വിജയൻ മേനോൻ നടന്നു. അയാൾ തിരിഞ്ഞുനോക്കിയില്ല. അളിയൻ തന്നെയും നോക്കി പിന്നിൽ നിൽക്കുന്നുണ്ടെന്ന അസുഖകരമായ അറിവിൽ അയാളുടെ നടത്തം വികലമായി. ഏട്ടനും അനുജനും നേരിട്ട് കൃഷി നടത്തുകയാണ്. തന്റെ മാതിരി പാട്ടത്തിനു കൊടുത്തിരിയ്ക്കയല്ല. ഉത്സാഹികളാണ്. തനിയ്ക്കതൊന്നും വയ്യാത്തതുകൊണ്ട് അപ്പൂട്ടിയാണ് പാട്ടത്തിനു കൃഷിയിറക്കുന്നത്. അവൻ കാലാകാലം അളന്നുതരുന്ന നെല്ലുകൊണ്ട് സംതൃപ്തനാവുന്നു. ഓരോ പ്രാവശ്യം നെല്ലളക്കാൻ വരുമ്പോഴും അവന്റെ പരാതികൾ കേൾക്കണം. അവൻ ഒരു സൗജന്യസേവനം ചെയ്യുന്ന പോലെയാണ് വരുത്തിത്തീർക്കുക.
‘ഇവിടെ തമ്പ്രാനും പെങ്ങളും മോളും ഇല്ലേന്ന് വിചാരിച്ചിട്ടാ ഞാൻ അളക്കാൻ കൊണ്ടരണത്. ശരിക്കു പറഞ്ഞാൽ തേവാന്ള്ള ചെലവും ഒക്കെ നോക്ക്യാ പുഞ്ചകൃഷി നഷ്ടാ. അടുത്ത കൊല്ലംതൊട്ട് പുഞ്ച്യന്നെ എറക്കണ്ടാന്ന് വിചാരിക്ക്യാണ്.’
അതൊരുതരം ഭീഷണിയാണ്. തന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതിരിക്കാനുള്ള വിദ്യ. തന്റെ അലസത അപ്പൂട്ടി മുതലെടുക്കുകയാണെന്നറിഞ്ഞിട്ടും അയാൾ നിസ്സഹായനായി നോക്കിനിന്നു. പാട്ടത്തിനു കൊടുക്കൽ എളുപ്പമായിരുന്നു. രണ്ടു തലമുറകളായി കൃഷി നടത്തുന്നത് അവരാണ്. അപ്പൂട്ടിയുടെ അച്ഛൻ നാരായണൻ അളക്കാൻ വന്നിരുന്നത് വിജയൻ മേനോന് ഓർമ്മയുണ്ട്. നാരായണൻ ഓഛാനിച്ചുകൊണ്ട് മുറ്റത്ത് നിൽക്കും. അച്ഛൻ മുറുക്കിക്കൊണ്ട് അളവുകാരൻ ശങ്കരൻ നായർ അളക്കുന്നതു നോക്കി ചാരുകസേലയിൽ ഇരിക്കും. പറ കൂമ്പിച്ചു നിറച്ച് വടിച്ചുവെന്ന് വരുത്താനായി കൈ മേലെ ഒന്നോടിച്ച് ശങ്കരൻനായർ അളക്കുമ്പോൾ നാരായണൻ നെഞ്ചത്തു കൈവച്ചുകൊണ്ട് പറയും.
‘തമ്പ്രാ, ഇങ്ങനെ അളന്നാ അടിയന് മൊതലാവില്ല.’
വായിലുള്ള മുറുക്കാൻ മുറ്റത്തേയ്ക്ക് തുപ്പിക്കൊണ്ട് അച്ഛൻ പറയും.
‘അങ്ങിനെ അളന്ന്ട്ട് മൊതലാവൂംച്ചാ നടത്ത്യാമതി നാരായണാ കൃഷി. അല്ലെങ്കീ ഒഴിഞ്ഞ് തന്നോ. കൃഷി നടത്താൻ വേറെ ആളെ കിട്ടാഞ്ഞിട്ടാണോ?’
മഴ കിട്ടിയില്ലെങ്കിലും, തോട്ടിൽ തേവാൻ വെള്ളമില്ലെങ്കിലും അളക്കേണ്ടത് കണിശമായി അളക്കുകതന്നെ വേണം. അതുപോലെ ഓണത്തിനും വിഷുവിനും കാഴ്ചയായി കൊണ്ടുവരേണ്ട നേന്ത്രക്കുലകളും പച്ചക്കറികളും ഒട്ടും കുറയാതെ അച്ഛൻ കണക്കു പറഞ്ഞ് വാങ്ങിവയ്ക്കും. തിരുവാതിരയ്ക്ക് ചെറുപഴത്തിന്റെ കുലകളും കാവത്തിൻ കിഴങ്ങും. അച്ഛൻ മരിച്ചതിൽപിന്നെ നാരായണൻ അധികകാലം ജീവിച്ചിരുന്നില്ല. പിന്നെ വന്നത് മകൻ അപ്പൂട്ടിയാണ്. ആദ്യമൊക്കെ കണക്കു പറഞ്ഞ് അളന്നിരുന്നു. പിന്നെപ്പിന്നെ അളവു കുറഞ്ഞും ആവലാതികൾ കൂടിയും വന്നു. താനാകട്ടെ ഒന്നും ചെയ്യാൻ കഴിവില്ലാതെ നിസ്സഹായനായി നോക്കിനിൽക്കയും.
അറ്റക്കടായ കടന്ന് മുറ്റത്തേയ്ക്കുള്ള നടപ്പാതയിലെത്തിയപ്പോൾ ഒരു നിശ്വാസത്തോടെ വിജയൻ മേനോൻ ആലോചിച്ചു. കാലം മാറി.
ദേവകി മുറ്റമടിക്കുകയാണ്. കുറ്റിച്ചുലുകൊണ്ട് കുമ്പിട്ടുനിന്ന് അവൾ അടിച്ചുവാരിക്കൊണ്ട് മുന്നേറുകയാണ്. ഒരു താളത്തിൽ, ചൂലിന്റെ ഓരോ ചലനത്തിലും നടപ്പാതയുടെ വീതി കാൽഭാഗം പിന്നിടുന്നു. അങ്ങിനെ നാലു വാരൽ കഴിഞ്ഞാൽ പിന്നെ ഇടത്തോട്ട്. വിജയൻ മേനോൻ ശബ്ദമുണ്ടാക്കാതെ ആ ദൃശ്യം കണ്ടുനിന്നു. ഓരോ അടിയിലും അവളുടെ പിൻഭാഗം കുലുങ്ങുന്ന ദൃശ്യം മോഹിപ്പിക്കുന്നതായിരുന്നു. ഓരോ ഭാഗം കഴിഞ്ഞ് അവൾ മറുഭാഗത്തേയ്ക്ക് തിരിയുമ്പോൾ കുമ്പിട്ടു നിൽക്കുക കാരണം അവളുടെ മുൻഭാഗത്തിന്റെ നിംനോന്നത നല്ലവണ്ണം പെരുപ്പിച്ചു കാണിച്ചു. തലേന്നു രാത്രിയിലെ ലഹരി അയാളെ വീണ്ടും ബാധിക്കുകയാണ്. ഒരു നാലു ചാൽ അടിച്ചുവാരിയശേഷമാണ് ദേവകി പിന്നിൽ നോക്കിനിൽക്കുന്ന ആളെ കാണുന്നത്. അവൾ അടിച്ചുവാരൽ നിർത്തി നിവർന്നുനിന്നു.
‘ഇമ്പ്രാൻ ഇമ്മിണി നേരായ്യ്യോ വന്നിട്ട്, എന്തേ വിളിക്കാഞ്ഞ്?’
അയാൾ ഉമ്മറത്തേയ്ക്കു നോക്കി. ഇല്ല, പാറുകുട്ടി അടുക്കളയിലാണ്. പദ്മിനി സ്കൂളിൽ പോകാനുള്ള തിരക്കിലായിരിക്കും.
‘ദേവൂട്ടി അടിച്ചുവാര്വല്ലെ, അത് നടക്കട്ടെന്ന് വച്ചു. അതിന്റെ എടേല് ബുദ്ധിമുട്ടിക്കണ്ടല്ലോ.’
അയാളുടെ കണ്ണുകൾ അവളുടെ മുൻഭാഗത്ത് പരതുകയായിരുന്നു. കുമ്പിട്ടുനിൽക്കുമ്പോഴുള്ള അതിശയോക്തിയില്ലെങ്കിലും അവളുടെ മാറിടം അപ്പോഴും നിറഞ്ഞുതന്നെയിരുന്നു.
‘ഇമ്പ്രാൻ പൊയ്ക്കോളീ.’ അവൾ ഒരരുകിലേയ്ക്ക് ഒതുങ്ങിനിന്നുകൊണ്ട് പറഞ്ഞു.
‘ദേവൂട്ടിടെ കുട്ടിയ്ക്ക്പ്പൊ എത്ര വയസ്സായി?’ അയാൾ പോകാൻ ഒരു ധൃതിയും കാണിച്ചില്ല.
‘അയിന് ഈ മീനത്തില് രണ്ട് തെകയും ഇമ്പ്രാ നെ.’
‘മൊലകുടിയൊക്കെ നിർത്തീലെ?’ അവളുടെ മാറിലേയ്ക്കു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
ആ നോട്ടത്തിന്റെ ചൂടിൽ അവൾ ലജ്ജയോടെ തലതാഴ്ത്തിക്കൊണ്ട് മുളി.
‘നിന്റെ പണിയൊക്കെ കഴിഞ്ഞാല് പത്തായപ്പെരേല്യ്ക്ക് വരണം. അവിട്യൊന്ന് വൃത്ത്യാക്കാന്ണ്ട്. നെറയെ മാറാല്യാണ്.’
‘വരാംമ്പ്രാനെ.’
‘പാറുകുട്ടിയോട് പറ്യൊന്നും വേണ്ട. അപ്പൊ വയ്ക്കും കോടാലി. പിന്നെ മതി, അല്ലെങ്കിൽ ഇനി ഏതായാലും എല്ലാടത്തും വൃത്തിയാക്കാറായിരിക്കുണു, അപ്പൊ ഒന്നിച്ച് ചെയ്യാം. അങ്ങിനെ തൊടങ്ങും. നീ ചൂലും എടുത്ത് വന്നാ മതി.’
ദേവകി ഒന്നും പറഞ്ഞില്ല. താഴോട്ടു നോക്കി നിൽക്കുന്ന ദേവകിയെ ഒന്നും കൂടി ഉഴിഞ്ഞു നോക്കി മനസ്സിൽ വരച്ച ചിത്രം നന്നായി തെളിയിച്ച് വിജയൻ മേനോൻ നടന്നു പോയി. ദേവകിയെ കടന്നു പോകുമ്പോൾ അയാൾ ഒന്നുകൂടി തിരിഞ്ഞു നോക്കി പറഞ്ഞു.
‘വരണംട്ടോ, മറക്കണ്ട.’
അയാളെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്ന ദേവകി തലയാട്ടി.
വിജയൻ മേനോൻ നടന്നു പോയിട്ടും ദേവകി കുറച്ചു നേരം അനങ്ങാതെ നിന്നു. ദേവൂട്ടിയെന്ന് അവളുടെ അച്ഛൻ മാത്രമേ വിളിക്കാറുള്ളു. അമ്മയും ഇവിട്ത്തെ അമ്രാളും ദേവകിയെന്നു തന്നെയാണ് വിളിക്കാറ്. ഭർത്താവ് ദേവിയെന്നും. ദേവൂട്ടിയെന്ന വിളിയിൽ വല്ലാത്തൊരടുപ്പമുണ്ട്. അത് മരിച്ചുപോയ അച്ഛനെ ഓർമ്മിപ്പിക്കുന്നു. കുടി വല്ലാതെ ഏറുന്നതിനുമുമ്പ് അച്ഛൻ വൈകുന്നേരം വന്നാൽ അവളെ മടിയിലിരുത്തി മിട്ടായി തരാറുണ്ട്. വിയർപ്പിന്റെയും കള്ളിന്റെയും മണവുമേറ്റ് അവൾ അച്ഛന്റെ മടിയിൽ ഇരിക്കും. അച്ഛൻ വരുമ്പോൾ കൊണ്ടു വന്ന മണിക്കടല മുമ്പിലുള്ളത് അവളും വാരിത്തിന്നും. കള്ളിന്റെയും വിയർപ്പിന്റെയും മണത്തിനിടയിൽ പകൽ മുഴുവൻ വയലിൽ ഉഴുതതിന്റെ ബാക്കിപത്രമായ ചെളിഗന്ധം അവൾ അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി ആസ്വദിക്കും. അവൾക്കാ മണം ഇഷ്ടമായിരുന്നു. പിന്നെ കുടി വല്ലാതെ കൂടിയപ്പോൾ എല്ലാം മാറിമറിഞ്ഞു. അച്ഛൻ വരുമ്പോഴേയ്ക്ക് അമ്മ അവളോട് കിടന്നുറങ്ങാൻ പറയും. മടിയിലിരുത്തലും അച്ഛന്റെ ലാളനയും അവൾക്ക് അന്യമായി, അതോടൊപ്പം അവളുടെ കുട്ടിക്കാലവും.