close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: എട്ട്


കൊച്ചമ്പ്രാട്ടി: എട്ട്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

പഴ്‌സ് കീശയിലിട്ട് വിജയൻ മേനോൻ പുറത്തിറങ്ങി. ടോർച്ച് ഞെക്കിനോക്കി. മങ്ങിയേ കത്തുന്നുള്ളു. ബാറ്ററി മാറ്റേണ്ട സമയമായി. പോണവഴിയ്ക്ക് കൃഷ്ണന്റെ കടയില് കേറി ബാറ്ററിയും കുട്ടികൾക്ക് മിട്ടായിയും വാങ്ങണം. ഉമ്മറത്തുതന്നെ പെങ്ങൾ നിൽക്കുന്നുണ്ട്. നല്ല ശകുനമല്ല. താൻ പുറത്തു പോകാൻ തയ്യാറായി പത്തായപ്പുരയിൽനിന്ന് ഇറങ്ങിവരുമ്പോൾ പാറു ഉമ്മറത്ത് വന്നു നിൽക്കുന്നത് പണം ചോദിക്കാനാണ്. വിചാരിച്ച പോലെത്തന്നെ പാറു ചോദിച്ചു.

‘ഏട്ടൻ വീട്ടീ പോവ്വാണോ?’

‘അതെ.’

‘അപ്പൊ രാത്രി ഊണു കഴിക്കാൻ ണ്ടാവില്ല്യേ?’

‘ഇല്ല. എനിക്കൊരിടത്ത് പൂവാന്ണ്ട്. അതു കഴിഞ്ഞ് നേരെ വീട്ടീ പോവും. ഇന്ന് അവിട്യാണ് ഊണ്.’

‘കൊറച്ച് പൈസ തന്നിട്ട് പോവു. ഇവിടെ ഒരു സാധനും ഇല്ല്യ. പരിപ്പില്ല, ഉള്ളില്ല്യ, കടുകുതൊട്ട് എല്ലാം വാങ്ങണ്ട അവസ്ഥ്യാണ്.’

‘ഞാൻ എവിട്ന്നാണ് പണംണ്ടാക്കണ്ടത് പാറു? ഈരണ്ട് ദിവസം കൂടുമ്പൊ പണംട്ത്ത് തരാൻ ഞാൻ ഭാര്യവീട്ടീന്ന് എടുത്ത്‌കൊണ്ടരണ്ടി വരും.’

‘ഇവിടെ കാര്യങ്ങള് നടക്കണ്ടെ. മോള് ബ്ലൗസില്ലാത്യാണ് നടക്ക്ണത്. അവള് വയസ്സറിയിക്കണ്ട പ്രായായിത്തൊടങ്ങി. ഞാൻ എത്ര്യായി ഏട്ടനോട് പറയുണു രണ്ട് ബ്ലൗസ് തുന്നിച്ച് കൊണ്ടരണംന്ന്. ആ പാവം കുട്ട്യായതോണ്ട് ഒന്നും മിണ്ടിണില്ല. ഞാനിന്ന് പകല് മുഴുവൻ അവള്‌ടെ കീറ്യെ ബ്ലൗസുകള് തുന്നിണ്ടാക്ക്വായിരുന്നു. ചെലതൊന്നും തുന്ന്യാലും ശരിയാവാതെ ആയിരിക്കുണു. പണംല്ല്യാ പണല്ല്യാന്ന് പറയ്ണ്ണ്ട്. ഏട്ടൻ എടക്ക് നെല്ലെടുത്ത് വിക്കണത് കാണാണ്ടല്ലോ. പിന്നെ തേങ്ങ വിക്ക്ണ്‌ല്യേ, ആ പണൊക്കെ എവിട്യാ പോണത്?’

‘നീയെന്നോട് കണക്ക് ചോദിക്ക്യാണോ?’

‘കണക്ക് ചോദിക്ക്യല്ല. പക്ഷേ അറിയണല്ലൊ.’

കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് വിജയൻ മേനോന് മനസ്സിലായി. ശാന്തശീലയായ തന്റെ പെങ്ങൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അവളെ അധികം സംസാരിപ്പിക്കാതിരിക്കുന്നതാണ് ഭംഗി. അയാൾ പഴ്‌സു തുറന്ന് ഏതാനും നോട്ടുകൾ എടുത്ത് പെങ്ങൾക്കു കൊടുത്തു.

ഇതുകൊണ്ടൊന്നും ആവില്ലെന്ന മട്ടിൽ അവർ ആ നോട്ടുകൾ എണ്ണിനോക്കി.

‘പോണ വഴിക്ക് കണാരന്റെ കടേന്ന് രണ്ട് ബ്ലൗസിന്ള്ള തുണി വാങ്ങി തുന്നിക്കാൻ കൊടുക്കാൻ പറ്റ്വോ? കണാരന്റെ കടേല് തുന്നാൻ കൊടുക്കണ്ട. പൗലോസിന്റെ അടുത്ത് കൊടുത്താ മതി.’

വിജയൻ മേനോൻ അമർത്തി മൂളി. പടിക്കലേയ്ക്ക് നടക്കുമ്പോൾ അയാൾ ആലോചിച്ചു. കാര്യങ്ങൾ അത്ര ഗുണകരമായിട്ടല്ല പോകുന്നത്. നെല്ലും തേങ്ങയും വിറ്റ പണം. ശരിയാണ് അത് എവിടെയാണ് പോകുന്നതെന്നറിയാൻ പാറുവിന് അവകാശമുണ്ട്. അളിയൻ മരിച്ചതിൽപ്പിന്നെ താൻ അവളെ ഭീഷണിപ്പെടുത്തി നിലയ്ക്കു നിർത്തിയിരിക്കയാണ്. പദ്മിനിയും വലുതാകുകയാണ്. അവൾ ഏതു തരക്കാരിയാവുമെന്ന് അറിയില്ല. ഇപ്പോൾത്തന്നെ കണ്ടാൽ മിണ്ടുകകൂടിയില്ല. ഭാര്യവീട്ടിൽ താൻ കാര്യങ്ങളന്വേഷിക്കണ്ട, ശരി തന്നെ. പക്ഷേ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ഓരോതരത്തിലായി പണം ധാരാളം ചെലവാകുന്നുണ്ട്. വസുമതിയ്ക്ക് ഇടയ്ക്കിടയ്ക്ക് വസ്ത്രങ്ങൾ വാങ്ങണം. അതും കസവുകരയുള്ള മുണ്ടുതന്നെ വേണംതാനും. ഏട്ടന്മാരുടെ ഭാര്യമാർ എന്തു വാങ്ങിയാലും അവൾക്കും അതേപോലുള്ള വസ്ത്രങ്ങൾ വാങ്ങണമെന്ന് നിർബ്ബന്ധമാണ്. രണ്ട് ഏട്ടന്മാരുള്ളതുകൊണ്ട് ഇവിടെ ഇരട്ടിച്ചെലവാണ്. വാങ്ങിക്കൊടുത്തില്ലെങ്കിൽ പരിഭവമാണ്. അതവൾ പ്രകടമാക്കുകയും ചെയ്യും. കെട്ടിപ്പിടിക്കാൻകൂടി സമ്മതിക്കില്ല. മറിച്ച് ആ കാലങ്ങളിൽ അവൾ അവളുടെ നഗ്നമേനി പലവിധത്തിൽ കാണിച്ച് അയാളെ കലശലായി കമ്പം പിടിപ്പിക്കുകയും ചെ യ്യും. ഒറ്റമുണ്ടുടുത്ത് കിടപ്പറയിൽ നടക്കും. അവളുടെ ഭംഗിയുള്ള വലിയ ചന്തി മുടുന്ന തലമുടി ഇടയ്ക്കിടയ്ക്ക് കെട്ടിവയ്ക്കും, അടുത്ത നിമിഷത്തിൽ ഉതിർന്നു വീഴാൻ പാകത്തിൽ. തനിക്കുനേരെ ചെരിഞ്ഞു കിടക്കുമ്പോൾ മുലകളുടെ കനം കാരണം ബ്ലൗസിന്റെ കുടുക്കുകൾ വിട്ടുപോകുന്നത് അറിഞ്ഞില്ലെന്നമട്ടിൽ ഉറക്കം നടിച്ചു കിടക്കുന്നു. തൊടാൻപോയാൽ കൈ തട്ടി മാറ്റുന്നു. പിന്നെ പിറ്റേന്ന് ടൗണിൽ പോയി ഒന്നര ഇഞ്ചു വീതി കസവുകരയുള്ള മുണ്ടും അതിന്റെ ഒപ്പം ഇടാൻ കയ്യിൽ ഞൊറികളുള്ള ചുവപ്പു ബ്ലൗസും തുന്നിച്ചു കൊണ്ടുവന്നാലെ മുഖം പ്രസാദിക്കു. അന്നു രാത്രി കിടപ്പറയിൽ കുശാലാണ്. പിന്നെ കുറെ ദിവസത്തേയ്ക്ക് ഭാര്യവീട്ടിൽ തന്റെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇപ്പോൾ പുതിയ ആവശ്യങ്ങൾ വരേണ്ട സമയമായിരിക്കുന്നു. വിജയൻ മേനോൻ ശ്വാസം പിടിച്ച് നിൽക്കുകയാണ്. വിതി കൂടിയ വരമ്പിൽക്കൂടി നടക്കുമ്പോൾ ഇരുവശത്തുമുള്ള നെൽച്ചെടികളുടെ പച്ചപ്പിൽ സൂര്യന്റെ മഞ്ഞപ്രകാശം സ്വർണ്ണത്തിരമാലകളുണ്ടാക്കുന്നത് ശ്രദ്ധിച്ചു. കതിരുകൾ കനംവെച്ചു വരുന്നു. ഒന്നര മാസത്തിനുള്ളിൽ കൊയ്യാറാകും. പത്തായത്തിലെ നെല്ല് തീർന്നു തുടങ്ങി. ഒരിക്കൽക്കൂടി വിൽക്കാനുണ്ടാകും, അതു കഴിഞ്ഞാൽ ഒന്നര മാസത്തിനുള്ളിൽ അപ്പൂട്ടി പാട്ടം അളന്നില്ലെങ്കിൽ കഞ്ഞികുടി മുട്ടും. ഇപ്രാവശ്യം അവൻ എന്തൊക്കെ ഒഴിവുകഴിവുകളാണാവോ പറയാൻ പോണത്. കുട്ടപ്പന്റെ അടുത്ത് ഇന്നു പോവില്ലെന്നു കരുതിയതാണ്. അതിനുവേണ്ടി വളഞ്ഞ വഴി പിടിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ എത്തിയത് അയാളുടെ കുടിലിന്റെ മുമ്പിലാണ്. ചുറ്റും നോക്കി, ആരുമില്ല. ആൾക്കാർ എത്താൻ തുടങ്ങുന്നേയുള്ളു. ഒരു ഗ്ലാസ്സെങ്കിലും അകത്താക്കിയിട്ടു പോവാം. അയാൾ അകത്തു കടന്നു. ഒന്നു രണ്ടുപേർ ഇരിക്കുന്നുണ്ട്. അവരെ ശ്രദ്ധിക്കാതെ അകത്തെ മുറിയിൽ കയറി ഇരുന്നു. പുറത്തെ മുറിയിലാണ് സകല അലവലാതികളും ഇരിക്കുക. അക ത്തെ മുറി മാന്യന്മാർക്കുള്ളതാണ്.

കുട്ടപ്പൻ തോർത്തുമുണ്ട് തോളത്തിട്ട് ചിരിച്ചുകൊണ്ട് കുപ്പിയും ഗ്ലാസ്സുമായി എത്തി.

‘തൊട്ടുകൂട്ടാൻ എന്തെങ്കിലും കൊണ്ടരട്ടെ തമ്പ്രാനെ.’

‘എന്താള്ളത് കുട്ടപ്പാ?’

‘മത്തിണ്ട്, വെച്ചതും വറുത്തതും. നല്ല തൊടള്ള മീനാ. പിന്നെ നൂൽപ്പിട്ട് അടുപ്പത്ത് കേറ്റീട്ട്ണ്ട്. ഇപ്പൊ ആവും.’

‘ആദ്യം മീൻ വറുത്തത് കൊണ്ടാ. നൂൽ പ്പിട്ട് ആവുമ്പോ അതും മീൻകറീം കൂടി കൊണ്ടുവാ.’

‘ശരിമ്പ്രാനെ.’

ഒരു ഗ്ലാസ്സ് മാത്രം കുടിച്ച് ഇറങ്ങണമെന്നു കരുതിയാണ് കയറിയത്. ഒരു ഗ്ലാസ്സു കഴിഞ്ഞപ്പോഴേയ്ക്കു മത്തിക്കറിയും നൂൽപ്പിട്ടുമെത്തി. അപ്പോൾ രണ്ടാമത്തെ ഗ്ലാസ്സും നിറച്ചു.

അപ്പൂട്ടി വന്നത് തീരെ പ്രതീക്ഷിക്കാതെയാണ്. അയാളും ഉള്ളിൽവന്ന് ഇരുന്നപ്പോഴാണ് വിജയൻ മേനോനെ കണ്ടത്. മുമ്പിൽ ത്തന്നെ ഇരിക്കുന്നത് തന്റെ ജന്മിയാണെന്നറിഞ്ഞപ്പോൾ അയാൾ വല്ലാതായി. വേഗം മാടിക്കുത്തിയ മുണ്ട് അഴിച്ചിട്ട് അയാൾ എഴുന്നേറ്റു.

‘തമ്പ്രാൻ ഇരിക്കണത് ഞാൻ കണ്ടില്ല.’

‘അതിനെന്താ അപ്പൂട്ടീ, നീയ് ഇരിക്ക്.’ അല്പം ക്ഷീണമായെങ്കിലും വിജയൻ മേനോൻ അതു വിദഗ്ദമായി മറച്ചുവച്ചു. പോരാത്തതിന് അകത്തു ചെന്ന സാധനം ഒരു തരത്തിലുമുള്ള ജാതി വർഗ്ഗവിവേചനവും അയാളുടെ മനസ്സിൽ നിർത്താത്തവിധം സമത്വസുന്ദരമായിരുന്നു. എന്തായാലും അപ്പൂട്ടി യും കോങ്ക്രസ്സുകാരനാണല്ലൊ! താൻ ഖദറിടാത്ത കോൺഗ്രസ്സുകാരനാണെങ്കിൽ അപ്പൂ ട്ടി ഖദർ മാത്രം ധരിക്കുന്ന ആളാണ്. പാർട്ടിയിൽ നല്ല പിടിപാടുമുണ്ട്. ഇക്കാലത്ത് ജന്മി കുടിയാൻ ബന്ധങ്ങളെല്ലാം പിന്നീടല്ലെ വരുന്നുള്ളു. മുമ്പിൽ കിട്ടിയ ഗ്ലാസ്സ് ഒറ്റ ഇറക്കിനു മോന്തി അപ്പൂട്ടി എഴുന്നേറ്റു. ഫ്യൂഡൽ വ്യവസ്ഥിതി അയാളുടെ മനസ്സിനെ ഇപ്പോഴും വേട്ടയാടിയിരുന്നു. എഴുന്നേറ്റ് ചുറ്റും നോ ക്കി കുട്ടപ്പൻ അടുത്തില്ലെന്നു കണ്ടപ്പോൾ അയാൾ പറഞ്ഞു.

‘തമ്പ്രാൻ ഇവിടെ വന്നിരുന്ന് കുടിക്കണത് ശരിയല്ല. ഞാൻ സാധനം തമ്പ്രാന്റെ പത്തായപ്പെരേല് എത്തിച്ചു തരാം. ആൾക്കാര് കണ്ടാ മോശാ. ഇവിടെ എടയ്ക്ക് പോലീസ് റെയ്‌ഡൊക്കെള്ളതാ. ഒക്കെ ഒരു നാടകാണ്, ന്നാലും തമ്പ്രാൻ അതിലൊക്കെ പെട്ടാൽ ശരിയാവില്ല.’

വിജയൻ മേനോൻ ഒന്നും പറഞ്ഞില്ല. കാര്യം ശരിയായിരിക്കാം. ശരിതെറ്റുകളെല്ലാം നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. കുപ്പി കഴിഞ്ഞതോടെ നൂൽപിട്ടും മത്തിക്കറിയും കഴിഞ്ഞിരുന്നു. കുട്ടപ്പന്റെ ഭാര്യയുണ്ടാക്കുന്ന മീൻകറിയാണ്. ആളെ കണ്ടാൽ കാൽകാശിനു കൊള്ളില്ല. മെലിഞ്ഞുണങ്ങിയ ഒരു സാധനം. പക്ഷേ അവൾ മീൻ വെച്ചാൽ വിരല് കടിച്ചുപോകും.

പുറത്തുകടന്ന ഉടനെ അയാൾ മടിയിൽനിന്ന് മുറുക്കാന്റെ പൊതിയെടുത്തു തുറന്നു. നടക്കുമ്പോൾ അല്പം ആട്ടമുള്ളത് വീട്ടിലെത്തുമ്പോഴേയ്ക്ക് ശരിയാവും. വസുമതിയ്ക്ക് മണം പിടുത്തം കിട്ടാഞ്ഞാൽ രക്ഷപ്പെട്ടു. രണ്ടു വീട് അപ്പുറത്താണ് രമണിയുടെ വീട്. അവളെ കണ്ടിട്ട് കുറച്ചു ദിവസമായി. ഇന്ന് എന്തായാലും പോണ്ട, നേരെ വീട്ടിലേയ്ക്കുതന്നെ പോകാം.

‘തമ്പ്രാൻ കാണാത്ത മട്ടില് പോക്വാ?’

രമണി പടിക്കൽത്തന്നെയുണ്ടായിരുന്നു. മുളളുവേലിയുടെതന്നെ ഒരു കഷ്ണമാണ് അവളുടെ പടിവാതിൽ. അതിനു പിന്നിൽ നിന്നതുകൊണ്ടാണ് കാണാതിരുന്നത്. അവൾ വാതിൽ കുറച്ചു തുറന്നു. നല്ല കാഴ്ചയായിരുന്നു. ഇറക്കമില്ലാത്ത ഒരൊറ്റമുണ്ടും തീരെ വീതി കുറഞ്ഞ ബ്ലൗസുമാണ് അവൾ ഇട്ടിരുന്നത്. അതിന്റെ മുകളിലെ രണ്ടു കുടുക്കുകൾ വിട്ടിരുന്നു. അവളുടെ വയറ് മടക്കുകളൊന്നും വീഴാതെ നിരപ്പായി കിടക്കുന്നു. വിജയൻ മേനോൻ പിന്നിലേയ്ക്കു നോക്കി. ആരുമില്ല. അയാൾ അകത്തുകടന്നപ്പോൾ രമണി വാതിലടച്ചു കയർകൊണ്ട് കെട്ടിവച്ചു.

വീട്ടിനകത്തു കടന്ന് ഉമ്മറത്തേയ്ക്കുള്ള വാതിലടച്ച് കുറ്റിയിട്ട ശേഷം രമണി പറഞ്ഞു.

‘തമ്പ്രാന് ഇപ്പന്ന്യൊന്നും വേണ്ടന്നായിരിക്കുണു.’

‘എന്താ നീ അങ്ങനെ പറയണത്? ഞാൻ ഒരാഴ്ച മുമ്പല്ലെ വന്നത്?’

‘ന്നാലും നിയ്ക്കങ്ങനൊക്കെ തോന്ന്വാ.’

അവൾ കട്ടിലിൽ അടുത്തിരുന്ന് അയാളുടെ ഷർട്ടിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങി. വിജയൻ മേനോന്റെ കൈകളും തിരക്കിലായിരുന്നു. അഴിക്കാൻ അധികമൊന്നും വസ്ത്രങ്ങൾ അവളുടെ ദേഹത്തുണ്ടായിരുന്നില്ല എന്നത് ഒരു അസൗകര്യമാണോ എന്നയാൾക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. അവളുടെ കട്ടിൽ അനങ്ങുമ്പോൾ സാധാരണപടി കരകര ശബ്ദമുണ്ടാക്കി.

‘നീ നിന്റെ കട്ടില് എന്തെങ്കിലും ചെയ്യ്.’

‘അത് മാറ്റണം തമ്പ്രാ. കാശ് കൊറേ ആവും.’

‘എത്ര്യാവും?’

‘പുതുതൊന്ന് പണിയിപ്പിയ്ക്കാൻ പത്തമ്പതുറുപ്പികേങ്കിലും വേണം.’

‘ഞാൻ കൊറച്ച് തരാം. ബാക്കി നീ മറ്റുള്ളോരടെ അട്ത്ത്ന്നും വാങ്ങ്. ഇതില് കെടന്ന്ട്ട് ചെയ്യാൻ ഒരു സുഖൂംല്ല്യ.’

‘സാരല്ല്യമ്പ്രാ, അട്ത്താഴ്ച തമ്പ്രാൻ വരുമ്പളക്ക് ഞാൻ കട്ടില് മാറ്റാം.’

അവൾ അയാളെ സുഖിപ്പിക്കയാണ്. വാത്സ്യായനമുനിയുടെ ശാസ്ത്രത്തിൽ ബിരുദമെടുത്തപോലെയാണവൾ പെരുമാറുന്നത്. വസുമതിയ്ക്കും ദേവകിയ്ക്കും അറിയാത്ത പല അടവുകളും അവൾ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ അയാൾ അവൾക്കടിമപ്പെടുകയായിരുന്നു.

‘നീയെന്നെ കഷ്ടത്തിലാക്ക്വാണ് രമണി.’ അവളുടെ മാംസളത വാരിയെടുത്തുകൊണ്ട് വിജയൻ മേനോൻ പറഞ്ഞു. അവൾ ചിരിച്ചു. മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നതിൽ അവൾ ആനന്ദം കണ്ടെത്തുന്നു.

വരമ്പുകൾ അയാളെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. കാൽ വെയ്ക്കുമ്പോഴേയ്ക്ക് തെന്നി മാറുന്നു. ഇങ്ങിനെ പോയാൽ ശരിയാവില്ല. അയാൾ അടുത്തുകണ്ട ഒരു പടിപ്പുരയുടെ സിമന്റിട്ട പടിമേലിരുന്ന് എളിയിൽ തിരുകിയ പൊതി കെട്ടഴിച്ച് മുറുക്കാൻ തുടങ്ങി. ഒന്നു മുറുക്കിയാൽ കുറച്ചു ഭേദമാകും. അതു ശരിയല്ലെന്ന് നടക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി. വീണ്ടും പഴയമട്ടിൽത്തന്നെ. ഇനി കുറച്ചു ദൂരംകൂടിയെ ഉള്ളു. എങ്ങിനെയെങ്കിലും അവിടെ എത്തിക്കിട്ടിയാൽ മതി. വീട്ടിന്റെ പടിക്കലെത്തിയപ്പോഴാണ് കണ്ണിലാകെ ഇരുട്ടു പരക്കുന്ന പോലെ തോന്നിയത്. വയറ്റിൽനിന്ന് ഉരുണ്ടുകയറുന്ന മിശ്രിതം ഒരു വലിയ ഓക്കാനത്തോടെ പുറത്തേയ്ക്ക് തെറിച്ചു. അയാൾ പടിക്കു പുറത്ത് നിലത്ത് കുഴഞ്ഞു വീണു.

എത്രനേരം അവിടെ കിടന്നു എന്നറിയില്ല. അതിനിടയ്ക്ക് നേരിയ ബോധം വന്നപ്പോൾ ആരോ വീട്ടിൽനിന്ന് പടികടന്നു പുറത്തു കടക്കുന്നതു കണ്ടു. അളിയന്മാരിരൊളാവണം, ആരാണെന്ന് മനസ്സിലായില്ല. അയാൾ കുനിഞ്ഞ് തന്റെ മുഖത്ത് ടോർച്ചടിച്ചുനോക്കി, ഒരു കനത്ത മൂളലോടെ നടന്നകന്നു. വിജയൻ മേനോൻ കുറച്ചു നേരംകൂടി എഴുന്നേൽക്കാൻ കഴിയാതെ കിടന്നു. പിന്നെ എഴുന്നേറ്റു, സാവധാനത്തിൽ നടന്ന് ഉമ്മറത്തു കയറി വാതിൽക്കൽ മുട്ടി. ആരും വാതിൽ തുറക്കാത്തതുകൊണ്ട് വീണ്ടും മുട്ടി. വാതിൽ തുറന്നു, റാന്തൽ പിടിച്ചുകൊണ്ട് വസുമതി പ്രത്യക്ഷപ്പെട്ടു.

‘എന്താ ഈ കാണണത്?’ വസുമതി അയാളെ നോക്കി മൂക്കുപൊത്തി. അയാൾ അപ്പോഴാണ് സ്വന്തം വസ്ത്രത്തിൽ നോക്കുന്നത്. ഷർട്ടിലും മുണ്ടിലും ഛർദ്ദിയുടെയും മുറുക്കാന്റെയും പാടുകൾ.

‘കുടിച്ചിട്ട് ഇനി ഇവിടെ കേറിവരരുത്ന്ന് പറഞ്ഞിട്ടില്ലെ? പെങ്ങള്‌ടെ അടുത്തേയ്ക്ക് തന്നെ പോയാ മതി.’

കൊട്ടിയടയ്ക്കപ്പെട്ട വാതിലിനു മുമ്പിൽ അയാൾ കുറച്ചുനേരം കാത്തുനിന്നു. പിന്നെ കോലായയുടെ ഒരറ്റത്തുപോയി അവിടെ വീണുറക്കമായി.