close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: പതിനേഴ്


കൊച്ചമ്പ്രാട്ടി: പതിനേഴ്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

പാറുവമ്മ മുറ്റത്തേയ്ക്കിറങ്ങി. രാത്രി പെയ്ത മഴയിൽ പ്രകൃതി തണുത്തിരുന്നു. മുറ്റത്തെ മണൽ കഴുകി വൃത്തിയാക്കപ്പെട്ടു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവർ തണുത്ത മണലിൽ കാലമർത്തി നിന്നു. പദ്മിനിയുടെ അച്ഛൻ ഒരിക്കൽ അവിടെ നിന്നുകൊണ്ട് പറയുകയുണ്ടായി.

‘ന്റെ മോള്‌ടെ കല്യാണത്തിന് ഇവിടെ വല്യോരു പന്തൽ പൊങ്ങും.’ മൂന്നോ നാലോ വയസ്സുള്ള പദ്മിനി അന്ന് മുറ്റത്ത് ഓടിക്കളിക്കുകയായിരുന്നു. തന്റെ കല്യാണത്തിനാണ് മുമ്പ് അവിടെ പന്തൽ പൊങ്ങിയത്. മുറ്റം ചാണകം മെഴുകി ഉണക്കിയിരുന്നു. ഓലമേഞ്ഞ ഒരു വലിയ പന്തൽ അവിടെ ഉയർന്നുവന്നു. പടിപ്പുരതൊട്ട് കുരുത്തോല തോരണങ്ങൾ തൂക്കിയിട്ടിരുന്നു. മുളയുടെ തൂണുകൾ ഈന്തപ്പനയുടെ ഇലകൾകൊണ്ട് മറച്ച് അലങ്കരിച്ചു. പന്തലിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് രണ്ടു കുലച്ച വാഴകൾ വെട്ടിവച്ചിരുന്നു. രാത്രിയായിരുന്നു കല്യാണം. അന്നെ ല്ലാം കല്യാണങ്ങൾ രാത്രിയാണ് നടന്നിരുന്നത്. രാത്രി പന്തൽ പെട്രോമാക്‌സ്‌ന്റെ വെളിച്ചത്തിൽ തുടിച്ചുനിൽക്കും. വർണ്ണക്കടലാസ്സിന്റെ തോരണങ്ങൾ കാറ്റിൽ ഇളകിയാടും.

അന്നു രാവിലെ തിരുമേനിയുടെ കാര്യസ്ഥൻ ഒരു പൊതിയുമായി വന്നു. പൊതി അച്ഛനെ ഏൽപിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘അച്ഛൻ തിരുമേനി കൊടുത്തയച്ചതാണ്. മോക്ക് കല്യാണത്തിന് ഒരു സമ്മാനം.’

പൊതിയിൽ നല്ല വീതിയിൽ സ്വർണ്ണക്കരയുള്ള ഒരു സെറ്റ്മുണ്ട്.

‘തിരുമേനി കല്യാണത്തിന് വര്വണ്ടാവില്ലാന്ന് പറഞ്ഞു. അപ്പൊ ഇത് നേരത്തെ ഇങ്ങട്ട് എത്തിക്കാംന്ന് വച്ചു. അനുഗ്രഹംണ്ടാവുംന്ന് പ്രത്യേകം പറയാൻ ഏല്പിച്ചിട്ട്ണ്ട്.’

അവൾക്ക് കല്യാണത്തിനുടുക്കാൻ വാങ്ങിയതിനേക്കാൾ ഭംഗിയുള്ള മുണ്ട്. അവൾ കല്യാണത്തിന് ആ മുണ്ടാണുടുത്തത്. ആ മുണ്ട് അച്ഛന്റെ കയ്യിൽനിന്നു വാങ്ങി അകത്തുപോയി. അതും മടിയിൽവച്ച് അവൾ ഓരോന്നോർത്തു. മകൻ പറഞ്ഞതനുസരിച്ചായിരിക്കണം അച്ഛൻ നമ്പൂതിരി ആ സമ്മാനം കൊടുത്തയച്ചത്. പെട്ടെന്നവൾക്കു കരച്ചിൽ വന്നു.

ഇന്ന് പത്തിരുപത്തെട്ടു വർഷങ്ങൾക്കു ശേഷം അതിനെപ്പറ്റി ആലോചിക്കുമ്പോഴും ഉയർന്നു വരുന്നത് ഒരു തേങ്ങലാണ്. തിരുമേനിയെയായിരുന്നു കല്യാണം കഴിച്ചിരുന്നതെങ്കിൽ ഇങ്ങിനെയൊന്നുമാവുമായിരുന്നില്ല തന്റെ ജീവിതമെന്ന തോന്നൽ.

‘എന്താ അമ്മ ഇവിടെ പരബ്രഹ്മം കണ്ടുനിൽക്കണത്?’

പദ്മിനി ഉമ്മറത്തെ ഒതുക്കുകൾ ഇറങ്ങിവന്നു.

‘മുറ്റത്ത് നനവ്ണ്ട്‌ട്ടോ. ഇനി വൈന്നേരാമ്പളേയ്ക്ക് കാല് വേദന്യാന്ന് പറയാനാ.’

‘ഞാൻ പഴേ കാര്യങ്ങളൊക്കെ ഓർത്ത് നിന്നതാ.’

‘ന്നാ ഇങ്ങട്ട് കേറു.’

‘ഞാൻ പറമ്പില് വല്ല മടലും വീണ്ട്ട്‌ണ്ടോന്ന് നോക്കി വരാം.’

‘ന്നാ നടക്കൂ. ഞാനും വരാം.’

അവർ നടന്നു. മഴ പെയ്തതിന്റെ പിറ്റേന്ന് രാവിലെ പറമ്പിൽ നടക്കാൻ പദ്മിനിയ്ക്ക് ഇഷ്ടമായിരുന്നു. ചെടികളുടെ ഇലകളെല്ലാം കഴുകി വൃത്തിയാക്കപ്പെട്ടിട്ടുണ്ടാവും. ചേമ്പിലകളിൽ വെള്ളത്തുള്ളികൾ തങ്ങിനിൽക്കുന്നത് ഇളക്കുമ്പോൾ കിടന്നോടി കളിക്കും. ആ വെള്ളത്തുള്ളികൾക്ക് രസത്തിന്റെ നിറം എങ്ങിനെ കിട്ടുന്നുവെന്ന് അവൾക്ക് അറിയില്ല. അറുമുഖനോട് ചോദിച്ചാൽ അവൻ പറഞ്ഞു തരും. അവന്റെ അറിവ് സ്‌കൂൾ പുസ്തകങ്ങളിൽനിന്നും പുറത്തു ചാടി വിശാലമായ വായനയിൽ എത്തി നിൽക്കുകയാണ്. താൻ നോവലുകളും കഥകളും മാത്രം വായിക്കുമ്പോൾ അവൻ പല വിഷയങ്ങളിലുമുള്ള പുസ്തകം വായിച്ചു. അവനോട് അര മണിക്കുർ സംസാരിക്കുന്നത് ഒരു പുസ്തകം വായിക്കുന്നതിനു തുല്യമാണ്.

‘നമ്ക്ക് നാളെ ഒന്ന് പൊറത്ത് പോണം.’ പാറുവമ്മ പറഞ്ഞു.

‘പൊറത്ത് പോവ്വേ? എങ്ങട്ട്?’ പദ്മിനിയ്ക്ക് അദ്ഭുതമായി. അടുത്ത കാലത്തൊന്നും അമ്മ പുറത്തിറങ്ങിയിട്ടില്ല.

‘നമ്ക്ക് തിരുമേനിടെ വീടുവരെ ഒന്ന് പോണം?’

‘ഏത് തിരുമേനിടെ? പാമ്പുമനയ്ക്കലെ തിരുമേനിയോ? എന്തിനാമ്മേ?’

‘ഒരു കാര്യംണ്ട്.’

‘അമ്മയ്ക്ക് ഇത്രീം ദൂരം യാത്ര ചെയ്യാനൊക്കെ പറ്റ്വോ?’

‘പത്‌ക്കെ നടക്കാം. മെയ്ൻ റോഡ്‌വര്യല്ലെ നടക്കണ്ടൂ.’

അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അതവളുടെ സ്വഭാവമാണ്. കുത്തിച്ചോദിക്കാറില്ല. പക്ഷേ പിന്നീട് ആ വിഷയം അവൾ വീണ്ടും എടുത്തിടും, അവൾക്ക് അറിയേണ്ട കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കുകയും ചെയ്യും.

ഉച്ചയ്ക്ക് കഞ്ഞികുടി കഴിഞ്ഞാൽ പുറത്തേയ്ക്കുള്ള വാതിൽ അടച്ച് കുറ്റിയിടും. കുറച്ചുനേരം ഒന്ന് ചായാനാണ്. അപ്പോൾ പദ്മിനി വീണ്ടും ആ വിഷയം എടുത്തിട്ടു. ഒരുതരം അനുനയവും കൂടാതെ അവർ സാവധാനത്തിൽ പറയാൻ തുടങ്ങി. ഒരു ഇഷ്ടത്തിന്റെ കഥ. മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്ന അപൂർവ്വം കാര്യങ്ങളിൽ ഒന്നായ ആ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്ക് ആശ്വാസം തോന്നി.

‘ഇത് ഒരു നോവലിലെ കഥേക്കാൾ അദ്ഭുതായിത്തോന്നുണു.’ പദ്മിനി പറഞ്ഞു. ‘ഇങ്ങിനെ ഒരു ഇല്ലാത്ത ബന്ധൂംവച്ച് മോളെ താമസിക്കാൻ കൊണ്ടാക്ക്വാ?’

‘അദ്ദേഹം നിന്നെ ഒരു മോളെപ്പോലെ നോക്കും. അല്ലാതെ വഴ്യൊന്നും ഞാങ്കാണ്ണില്ല്യ. നെനക്ക് അമ്മായിടട്ത്ത് പോവാൻ ഇഷ്ടല്ലല്ലോ.’

‘അമ്മടെ കാലം കഴിഞ്ഞിട്ട് നോക്കാം അമ്മെ. ഇനി കാലം കൊറേണ്ട്. അതിനെടയ്ക്ക് എന്തൊക്കെ സംഭവിക്കാം. എന്റെ കല്യാണം കഴിയും. കാര്യങ്ങളൊക്കെ ശര്യാവും. അമ്മ സമാധാനിക്കൂ.’

‘എന്തായാലും നാളെ തിരുമേനിടെ അട്ത്ത് ഒന്ന് പോവ്വാം.’

‘ഇപ്പൊന്നും വേണ്ടമ്മെ. അല്ലെങ്കിലും അതൊന്നും ശര്യല്ല. ഏതെങ്കിലും കാലത്തെ ഒരു പരിചയൂം വച്ച് മോളെ താമസിപ്പിക്ക്യോന്ന് ചോദിക്കണതൊന്നും ശര്യല്ല. പോരാത്തതിന് എനിക്ക് അങ്ങനത്തെ ഒരു വീട്ടില് താമസിക്കാനൊന്നും ഇഷ്ടല്ല.’

പദ്മിനിയ്ക്ക് പക്ഷേ ആ ഇല്ലം കാണണമെന്നുണ്ടായിരുന്നു. അറുമുഖൻ പണ്ട് ആ ഇല്ലത്തെപ്പറ്റി പറഞ്ഞുതന്ന അദ്ഭുതകഥകൾ അവളുടെ മനസ്സിലുണ്ട്. ചാത്ത തോളത്തിട്ട് കൊണ്ടുപോയ അവൻ അന്ന് തിരിച്ചുവന്നത് താനെ നടന്നുകൊണ്ടായിരുന്നു. ഒരുറക്കത്തിൽനിന്ന് എണീറ്റപോലെ തോന്നി എന്നാണ് അവൻ പറഞ്ഞത്. എഴുന്നേറ്റു നോക്കുമ്പോൾ മനെടെ മുറ്റത്താണ്. മുമ്പിൽ തിരുമേനി ഒരു ഗ്ലാസ്സ് ചൂടുള്ള പാലും കൈയ്യിൽ പിടിച്ച് ഇരിക്കുന്നു. നല്ല ദാഹമുണ്ടായിരുന്നു. അതു വാങ്ങിക്കുടിച്ചതോടുകൂടി ആകെ ഉഷാറു തോന്നി. ചുറ്റും നോക്കിയപ്പോൾ അച്ഛൻ, അമ്മ, അയൽക്കാർ. അവന് പാമ്പിന്റെ കാര്യം ഓർമ്മവന്നു. പാമ്പ് ചത്തുവെന്ന് പിന്നീടറിഞ്ഞപ്പോൾ അവന് സങ്കടം തോന്നി. അതു വല്ലാത്തൊരു ശിക്ഷയായി എന്നവൻ പറയുന്നു. പക്ഷേ തന്നെ രക്ഷിക്കാൻ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ലെന്നവൻ മനസ്സിലാക്കി.

‘അന്ന് കൊച്ചമ്പ്രാട്ടി ന്നെ കണ്ടതോണ്ടാ ഞാൻ രക്ഷപ്പെട്ടത്. അല്ലെങ്കീ ഞാൻ അവിടെ കെടക്കണത് ആരും കാണൂല്ല്യായിരുന്നു. ഞാൻ ശത്തുപോയേനെ.’ അവൻ കളിയായി നാക്കു പുറത്തിട്ട് കഴുത്തു ചെരിച്ച് കണ്ണടച്ചുകൊണ്ട് പറഞ്ഞു.

പദ്മിനിയ്ക്ക് പക്ഷേ അവളുടെ ഉള്ളിലെ കുറ്റബോധം മാച്ചുകളയാൻ വർഷങ്ങൾക്കു ശേഷവും കഴിയുന്നില്ല. അവൾ കാരണമാണ് അറുമുഖനെ പാമ്പു കടിച്ചത്. അവന്റെ ശ്രദ്ധ പതറാൻ താനാണ് കാരണക്കാരി. അവനതിനെ പിടിക്കാൻ ഒരു നിമിഷം കൂടിയേ വേണ്ടിയിരുന്നുള്ളൂ. അപ്പോഴാണ് അവൾ ഉറക്കെ ശബ്ദമുണ്ടാക്കിയത്. അറുമുഖൻ പക്ഷേ അവളെ കുറ്റപ്പെടുത്തുന്നില്ല. അതവന്റെ വലുപ്പം കാണിക്കുന്നുവെന്നു മാത്രം.

‘മുറ്റത്തു നെറേ പാമ്പിന്റെ രൂപം കൊത്തിയ കല്ല്കളാണ്.’ അറുമുഖൻ പറയും. ‘പറമ്പിൽത്തന്നെ പാമ്പുകൾക്ക് വേണ്ടി അമ്പലുംണ്ട്.’ പാമ്പിൻകാവിൽ ആയിരക്കണക്കിന് സ്വർണ്ണനാഗങ്ങൾ വസിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. അന്നുതൊട്ട് അവന് തിരുമേനി ആരാധ്യനായി.

അതെല്ലാം ഓർമ്മ വന്നപ്പോൾ പദ്മിനി പറഞ്ഞു.

‘നമുക്ക് പിന്നൊരു ദിവസം പോകാം അമ്മേ. വെറ്‌തെ ആ ഇല്ലൊന്ന് കാണാൻ വേണ്ടി. അമ്മ കൊറേ ക്കാലം ജീവിച്ചിര്ന്നിട്ട് പേരക്കുട്ട്യോള്‌ടെ കല്യാണൊക്കെ കഴിഞ്ഞിട്ടേ പോകൂ. പേടിക്കണ്ട.’

പാറുവമ്മ ചിരിച്ചു. യാതൊരു കറയുമില്ലാത്ത ചിരി. പദ്മിനി ആ അപൂർവ്വ ദൃശ്യം നോക്കിനിന്നു.

ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുമെന്ന് പദ്മിനിയ്ക്ക് ഉറപ്പായി. വിധിയോട് തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ വിറകുപുരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കൈക്കോട്ടെടുത്ത് വൃത്തിയാക്കി. നിറയെ തുരുമ്പു പിടിച്ചതു മുഴുവൻ ഒരു കല്ലിന്റെ കഷ്ണമെടുത്ത് ഉരച്ച് കളഞ്ഞു. അവൾ ജീവിതത്തിൽ ആദ്യമായി ഒരു കൈക്കോട്ടു കൈയ്യിലെടുക്കുകയാണ്. അവൾ അതുകൊണ്ട് മണ്ണിൽ ആഞ്ഞുകൊത്തി. നനഞ്ഞ മണ്ണ് അവളുടെ അദ്ധ്വാനം കുറച്ച് എളുപ്പമുള്ളതാക്കി. ഒരു മണിക്കൂർ നേരത്തെ ജോലിക്കു ശേഷം വിയർത്തൊലിച്ചുകൊണ്ട് അവൾ കുളത്തിൽ പോയി തണുത്ത വെള്ളത്തിൽ മുഖവും കാലും കഴുകി വീട്ടിനുള്ളിൽ കയറി. ഇനി വേണ്ടത് കുറച്ചു വിത്തുകളാണ്. അറുമുഖനോടു പറഞ്ഞാൽ അവൻ വെണ്ടയുടെയും കൈപ്പയുടെയും മറ്റും വിത്തുകൾ കൊണ്ടുവന്നു തരും. അവൾ വേലിക്കൽ ചെന്ന് അറുമുഖനെ വിളിച്ചു.

അവൻ വന്ന് പദ്മിനി ചെയ്ത സാഹസം കുറച്ചുനേരം നോക്കി നിന്നു.

‘ഇതു മുഴുവൻ കൊച്ചമ്പ്രാട്ടി ചെയ്തതാണോ?’

‘അതെ.’

അവളുടെ, അഭിമാനം കൊണ്ട് വികസിച്ച മുഖത്തു നോക്കിയപ്പോൾ അവന് ചിരി വന്നു. തലയിൽ നിന്ന് വിയർപ്പൊഴുകി അവളുടെ മുഖത്തുകൂടി ചാലായി ഒഴുകുന്നു. പാവം നല്ലവണ്ണം അദ്ധ്വാനിച്ചിരിക്കുന്നു. ഒരു രണ്ടു വാഴ നടാനുള്ള സ്ഥലം മുഴുവൻ ആകെ കിളച്ചുമറിച്ച് കുണ്ടും കുഴിയുമാക്കിയിട്ടുണ്ട്. അവന് ആർത്തു ചിരിക്കാനാണ് തോന്നിയത്. അവന്റെ മുഖ ത്തു നോക്കിയപ്പോൾ താൻ ശരിയ്ക്കുതന്നെയല്ലെ എല്ലാം ചെയ്തിരിക്കുന്നതെന്ന് പദ്മിനിയ്ക്കു സംശയമായി. അതുവരെയുണ്ടായിട്ടുള്ള ആത്മവിശ്വാസം ചോർന്നു പോകുകയാണ്. അവൾ ചോദിച്ചു.

‘എന്തേ?’

അവൻ പറഞ്ഞു.

‘കൊച്ചമ്പ്രാട്ടി നല്ലോണം അദ്ധ്വാനിച്ചിട്ട്ണ്ടല്ലോ. ഈ കെളയ്ക്കണ പണ്യൊക്കെ ന്നെ ഏല്പിച്ചാ മത്യായിര്ന്നില്ലേ? നന്നായിട്ട്ണ്ട്. ഇങ്ങനെ ഇട്ടാൽ പോര മണ്ണ് ഒടയ്ക്കണം, നെരത്തണം, തടംണ്ടാക്കണം. അവൻ കൈക്കോട്ടെടുത്തു ജോലി ചെയ്യുന്നതിനു മുമ്പ് അതിന്റെ വായ്ത്തല നോക്കി. നിറയെ തുരുമ്പ്. തീരെ മൂർച്ചയില്ലാത്ത ഈ സാധനം കൊണ്ടാണോ പാവം ഇത്രയും കിളച്ചുണ്ടാക്കിയത്?

‘ഞാൻ പോയി എന്റെ കൈക്കോട്ടെടുത്ത് കൊണ്ടുവരാം. ഇതോണ്ട് എങ്ങിന്യാ ജോലിയെട്ക്ക്വാ?’

അറുമുഖൻ സ്വന്തം കൈക്കോട്ടെടുത്തു കൊണ്ടുവന്നു. അര മണിക്കൂറിനകം തൈകൾ നടാനുള്ള തടം തയ്യാറാക്കി.

‘ഞാൻ പോയി കൊറച്ച് വെണ്ടടേം വഴ്തിനടേം തൈയ്യ് എടുത്തോണ്ട് വരാം. അമ്മേടെ കൃഷീല്ണ്ട്.’

പാറുവമ്മ അടുക്കളയുടെ ജനലിലൂടെ നോക്കി നിന്നു. ഒരു കാലത്ത് അവർക്ക് പച്ചക്കറി കൃഷിചെയ്യാൻ ഇഷ്ടമായിരുന്നു. പറമ്പിൽ കുരുത്തോല പയറും വെണ്ടയും വഴുതിനയും വളർത്തിയിരുന്നു. പിന്നെ വിധി തുടർച്ചയായി തനിക്കെതിരായി വന്നപ്പോൾ അവർക്ക് അതിലുള്ള താല്പര്യം നശിക്കുകയാണുണ്ടായത്. ഇപ്പോൾ മോൾ എന്താണ് ചെയ്യുന്നതെന്ന് പോയി നോക്കണമെന്നുണ്ട്. അവൾ ചീത്ത പറയുമോ എന്ന ഭയം കാരണം അവർ മുറ്റത്തേയ്ക്കിറങ്ങിയില്ല.

അറുമുഖൻ അമ്മയുടെ കൃഷിയിൽനിന്ന് ചൂണ്ടാൻ പറ്റിയ വല്ലതും ഉണ്ടോ എന്നു നോക്കുകയായിരുന്നു. അകത്ത് എന്തോ ജോലിയെടുത്തുകൊണ്ടിരുന്ന നീലി പുറത്തേയ്ക്കു വന്നു.

‘എന്താ അറമുകാ നീ തപ്പണത്?’

‘ഞാൻ അമ്മേടെ ചെടികള് മോട്ടിക്ക്യാണ്.’

‘ആർക്കാ?’

‘കൊച്ചമ്പ്രാട്ടി അവിട്യൊക്കെ കെളച്ച് കുഴിച്ചിട്ട്ണ്ട്. ഞാമ്പോയി അതൊക്കെ ഒരു നെരപ്പാക്കീട്ട്ണ്ട്. പാവം പച്ചക്കറി നടാൻ പോവ്വാത്ര.’

നീലി പുറത്തു വന്നു, അവനെ മാറ്റിനിർത്തി സ്വന്തം തോട്ടത്തിലെ പച്ചക്കറിത്തൈകൾ ആകെയൊന്നു നോക്കി. പിന്നെ കുമ്പിട്ട് ഇടയിൽനിന്ന് ആരോഗ്യമുള്ള തൈകൾ മാത്രം തെരഞ്ഞ് പിഴുതെടുത്തു.

‘കൊച്ചമ്പ്രാട്ട്യോട് നല്ലോണം ചാരോം ചാണകോം ഇടാൻ പറേ. ന്നാ പെട്ടെന്ന് വല്താവും.’

‘അവിടെ ചാണകൊന്നും ഇല്ലമ്മേ. പശുല്ല്യാത്തോടത്ത് എന്ത് ചാണകാ.’

നീലി മനസ്സുകൊണ്ട് മുക്കത്തു വിരൽ വച്ചു. അവൾക്കറിയാഞ്ഞിട്ടല്ല. എതുകാലത്തും കറക്കുന്ന ഒരു പശുവെങ്കിലുമുണ്ടായിരുന്ന തറവാടായിരുന്നു.

‘നീ ഇബ്ട്ന്ന് ഒരു കൊട്ടേല് കൊണ്ടോയ്‌ക്കോ. ഞാമ്പരണാ?’

‘വേണ്ടമ്മേ, ഞാങ്കൊണ്ടോയ്‌ക്കോളാം.’

അറുമുഖൻ തൈകളും ഒരു കൊട്ടയിൽ ചാണകവുമെടുത്ത് പോയി. കൊട്ടയും തൈകളും നിലത്ത് വച്ച് അവൻ പദ്മിനിയുടെ മുമ്പിൽ നിന്നു.

‘കൊച്ചമ്പ്രാട്ടീ, വീട്ടില് വെറ്റിലേം അട ക്കേംണ്ടോ?’

‘അറുമുഖൻ എന്നുതൊട്ടാ മുറുക്ക് തൊടങ്ങീത്?’

‘മുറുക്കാനല്ല, ഒരു കാലുറുപ്പികേം വേണം. ഇതൊക്കെ പഠിപ്പിക്കണതിന് മുമ്പ് ദക്ഷിണ വെയ്ക്കണം.’

പദ്മിനിയുടെ പ്രതികരണം തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

ഓർമ്മകൾ വേദനയും കൊണ്ടാണ് എത്തുന്നത്. വേദന കൊണ്ടുവരാത്ത ഏതെങ്കിലും ഓർമ്മകൾ തനിക്കുണ്ടായിട്ടുണ്ടോ? സംശയമാണ്. അറുമുഖനിൽ നിന്ന് ഗുരുദക്ഷിണയെന്ന പേരിൽ ഒരു മുക്കാൽമേടിച്ചതും അമ്മ ആവശ്യപ്പെട്ട് അതു തിരിച്ചുകൊടുത്തതും അവൾ ക്കോർമ്മയുണ്ട്. ആ സംഭവം അറുമുഖൻ ഇപ്പോഴും ഓർത്തുവയ്ക്കുന്നുണ്ടെന്നത് അവളെ വേദനിപ്പിക്കുകയാണുണ്ടായത്. അവളുടെ കണ്ണിലുരുണ്ടുകൂടുന്ന ജലകണങ്ങൾ അദ്ഭുതത്തോടെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

‘കൊച്ചമ്പ്രാട്ടി എന്തിനാ കരേണത്?’

അവൾ ഒന്നും പറയാതെ അറുമുഖനെ നോക്കി. അവൻ വലുതായിരിക്കുന്നു. വെറും ഒരു ട്രൗസർ മാത്രമിട്ട് അവളുടെ ഒപ്പം കക്ക കളിച്ചിരുന്ന കുട്ടിയല്ല അവനിപ്പോൾ. മുഖത്ത് കുറേശ്ശെ താടിരോമങ്ങൾ മുളച്ചുവന്നിട്ടുണ്ട്. മീശയെന്നു പറയാൻ മാത്രമായില്ലെങ്കിലും മേൽച്ചുണ്ടിൽ കറുത്ത നിറം. ഷർട്ടും മുണ്ടുമാണ് വേഷം. ഷർട്ടിനുള്ളിൽ ഉറച്ച ദേഹം. അതുപോലെ താനും വലുതായിരിക്കുന്നുവെന്ന ഓർമ്മയിൽ അവൾ നിന്നു. അറുമുഖൻ പറഞ്ഞു.

‘കൊച്ചമ്പ്രാട്ടി കരേണ്ട.’