കൊച്ചമ്പ്രാട്ടി: ഇരുപത്തിരണ്ട്
കൊച്ചമ്പ്രാട്ടി: ഇരുപത്തിരണ്ട് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | കൊച്ചമ്പ്രാട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല് |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 116 |
അമ്മ ഒരാഴ്ചയായി ഭക്ഷണം ചുരുക്കിയിരിക്കുന്നു. രണ്ടോ മൂന്നോ സ്പൂൺ കൊടുക്കുമ്പോഴേയ്ക്ക് മതിയെന്നു പറയും. പിന്നെ എന്തു പറഞ്ഞാലും കേൾക്കുന്നില്ലെന്ന മട്ടിൽ കണ്ണടച്ചു കിടക്കും.
‘ഇങ്ങിന്യായാൽ ശര്യാവ്വോ അമ്മേ’ എന്ന പദ്മിനിയുടെ പരാതി അവർ കേൾക്കുന്നില്ല. അല്ലെങ്കിലേ എല്ലും തോലുമായ ആ ശരീരം വീണ്ടും ചുരുങ്ങുകയാണ്. അമ്മ അടുത്തുതന്നെ മരിക്കുമെന്നും താൻ ഒറ്റപ്പെടുമെന്നുമുള്ള അറിവിൽ അവൾ പകച്ചുനിന്നു. ഞാൻ എന്താണ് പ്രതീക്ഷിക്കുന്നത്? ഒന്നുമില്ല. പിന്നെ ഈ ജീവിതത്തിനെന്താണ് അർ ത്ഥം? പ്രതീക്ഷകളില്ലാത്ത ഒരു ജീവിതത്തെപ്പററി അവൾക്ക് ആലോചിക്കാനേ വയ്യ. എന്നെങ്കിലും ഒരാൾ വന്ന് തന്നെ കല്യാണം കഴിക്കുമെന്ന് കരുതുന്നു ണ്ടോ? ഇല്ലെന്നു പറയാൻ അവൾക്കു ധൈര്യമില്ല. അവൾക്കിപ്പോഴും നല്ലൊരു ജീവിതത്തെപ്പറ്റി സ്വപ്നങ്ങളുണ്ട്. താൻ ഇതുവരെ ജീവിച്ചുപോന്ന ജീവിതമല്ല യഥാർത്ഥത്തിലെന്നും ഇതിനുമൊക്കെ അപ്പുറത്ത് മറ്റൊരു ജീവിതം അവളെ കാത്തിരിപ്പുണ്ടെന്നും അവൾ വിശ്വസിച്ചു. വിധിയുടെ ഒരു മലക്കംമറിച്ചിലിൽ അവൾ ആ ജീവിതത്തിലേയ്ക്ക് എത്തിപ്പെടുമെന്നും. ആ വിശ്വാസം അവളെ കൊണ്ടുനടത്തുകയാണ്. അതൊരു വൈരുദ്ധ്യമാണെന്ന് അവൾക്കറിയാം. ഒരു വശത്ത് സ്വന്തം ജീവിതം താൻതന്നെ ഉണ്ടാക്കേണ്ടതാണെന്നും വിധിയ്ക്ക് അതിലൊന്നും ചെയ്യാനില്ലെന്നും വിശ്വസിക്കുമ്പോൾത്തന്നെ അവൾ നല്ല ജിവിതവുമായി വരുന്ന വിധിയെയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്.
ജീവിതത്തെപ്പറ്റി സ്വപ്നങ്ങൾ എല്ലാവർക്കുമുണ്ടെന്ന് അവൾക്കറിയാം. വാഴത്തൈകൾ തഴച്ചുവളരുകയാണ്. രണ്ടു നേരവും നനയ്ക്കുന്നുണ്ട്. അവൾ ചോദിക്കുന്നു.
‘ഈ വാഴയുടെയെല്ലാം കുല മൂത്താൽ എന്താണ് ചെയ്യാൻ പോണത്?’
‘അപ്പഴേയ്ക്ക് ഓണക്കാലാവില്ലേ, നല്ല വെല കിട്ടും?’
‘ന്ന്ട്ട് കിട്ടണ പണൊക്കെ എന്താ ചെയ്യാ?’
അറുമുഖൻ കുറച്ചുനേരം ആലോചിച്ചു.
‘ന്റെ പങ്ക് ഞാൻ ബാങ്കിലിടും.’
‘അറുമുഖന് ബാങ്കില് അക്കൗണ്ടൗക്കെണ്ടോ?
‘ങും, എനിക്ക് കിട്ടണ കൂലിയൊക്കെ എടുത്തു വെയ്ക്കാനാണ് അച്ഛൻ പറേണത്?’
‘ന്നിട്ട്?’
‘കല്യാണാവുമ്പഴയ്ക്ക് വീടൊന്ന് നന്നാക്കണം. ഓടിടണം. കക്കൂസും കുളിമുറീംണ്ടാക്കണം.’
‘അറുമുഖൻ വല്ല പെങ്കുട്ട്യേളീം കണ്ടുവെച്ചിട്ട്ണ്ടോ ഇപ്പത്തന്നെ?’
‘ഏയ്. അതൊക്കെ അമ്മ നോക്കിക്കോളും.’ അറുമുഖൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞങ്ങൾ പുലയന്മാർക്ക് അത്ര വലിയ ആഗ്രഹങ്ങളൊന്നുംല്ല്യ. ആഗ്രഹങ്ങളൊന്നും പാടില്ലാന്നാണ് അനുഭവം പഠിപ്പിച്ചിട്ട്ള്ളത്. ന്റെ അമ്മ ഒരു പാവം സ്ത്രീയാണ്. നല്ല അമ്മ, സ്നേഹള്ള അമ്മ. ഒന്നോ രണ്ടാ കൊല്ലത്തിനുള്ളില് അവര് അവരെപ്പോലെ ഒരു പാവം പെണ്ണിനെ കൊണ്ടരും, എനിക്ക് വേണ്ടി. ഞാൻ അവളെ കെട്ടി വലിയ ആഗ്രഹങ്ങളൊന്നുംല്യാതെ ന്റെ കൊച്ചു കുടിലില് താമസിക്കും.’
അറുമുഖന്റെ മനസ്സിലും അവൻ കെട്ടാൻ പോകുന്ന പെൺകുട്ടിയെപ്പറ്റിയും അവളോടൊപ്പമുള്ള ജീവിതത്തെപ്പറ്റിയും സ്വപ്നങ്ങളുണ്ട്.
‘ഞാനീ വാഴ്യൊക്കെ എന്തു വിശ്വാസത്തിലാണ് ഇവിടെ വളർത്തണത്?’
‘എന്തേ?’
‘ഈ വാഴ്യൊക്കെ കൊലച്ച് വെട്ടാൻ പാകത്തിലാവുമ്പഴെക്ക് കൊച്ചമ്പ്രാട്ടിടെ കല്യാണം കഴിയും, വരണ തമ്പ്രാൻ ന്നെപ്പിടിച്ച് തൂക്കി എറിയൂം ചെയ്യും. ന്റെ അദ്ധ്വാനൊക്കെ വെള്ളത്തിലാവുംന്നാ തോന്നണത്?’
പദ്മിനി ചിരിച്ചു. വല്ലപ്പോഴും അറുമുഖന്റെ സംസാരം കേൾക്കുമ്പോൾ മാത്രമെ ചിരിക്കാൻ പറ്റുന്നുള്ളു. ചിരിയും, കരച്ചിൽപോലെ അവളുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. കുറച്ചു ദിവസമായി ഇടയ്ക്കിടയ്ക്ക് തിരുമേനിയുടെ ഓർമ്മ വരുന്നു. ഒന്ന് പോയി കാണണമെന്നുണ്ട്. അമ്മയെ ഈ നിലയിൽ വിട്ട് എങ്ങിനെയാണ് പോവുക? എല്ലാം കഴിഞ്ഞ് അമ്മയുടെ കാലം കഴിഞ്ഞാൽ തനിക്ക് തിരുമേനിയുടെ ഇല്ലത്തുതന്നെ പോയി താമസിക്കേണ്ടിവരുമോ? അവിടെ എത്ര കാലം? അതും കഴിഞ്ഞാലോ. അങ്ങിനെ ആലോചിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഒറ്റയ്ക്കാണെങ്കിൽ ഒറ്റയ്ക്ക്, ഈ വീട്ടിൽ ത്തന്നെ ജീവിക്കണം. അറുമുഖന്റെ സഹായം എത്ര കാലമുണ്ടാകുമെന്ന് അറിയില്ല.
തേങ്ങക്കാരൻ മൊയ്തീൻ വന്നു. പിന്നാലെ അറുമുഖനും. ഈ പടി കടന്ന് ആരെങ്കിലും വരികയാണെങ്കിൽ ഒന്നുകിൽ നീലി അല്ലെങ്കിൽ അറുമുഖൻ പിന്നാലെ അന്വേഷിച്ചു വരുന്നു.
‘തമ്പ്രാട്ടിടെ അസുഖം മാറീല്ലെ?’
‘ഇല്ല മൊയ്തീന്ക്കാ. അമ്മ കെടപ്പാ.’
മൊയ്തീന്റെ നോട്ടം തെങ്ങിൻതലപ്പുകളിലാണ്. അയാൾ പറമ്പിലെല്ലാം ചുറ്റിയടിച്ചു തിരിച്ചു വന്നു.
‘മോസാണല്ലൊ മോളെ. കൊറെക്കാലം നോക്കാത്തീന്റെ കേടൊക്കെ ഇപ്പ അറീണ്ണ്ട്.’
‘ഇക്കൊല്ലം മഴ തൊടങ്ങ്യാല് കട തൊറക്കണം. വളൊക്കെ ഇട്ടുകൊടുക്കണം. രണ്ടു കൊല്ലത്തിനുള്ളില് നേര്യാവും.’ പദ്മിനി പറഞ്ഞു.
‘ഇക്കൊല്ലം എങ്ങന്യാ? കരാറിന് കൊടുക്ക്ണാ?’
പദ്മിനി ഓർത്തത് ഒരു ഏകാദശി ദിവസം അമ്മ കരിക്കിടാൻ അറുമുഖനോട് ആവശ്യപ്പെട്ടപ്പോൾ അമ്മാമൻ പറഞ്ഞതാണ്. ‘മൊയ്തീന് കണക്ക്ണ്ടാവും...’ തെങ്ങ് പകുതി കയറിയ അറുമുഖനോട് ഇറങ്ങിവരാൻ പറഞ്ഞു. അന്ന് അമ്മ പച്ചവെള്ളം കുടിക്കാതെ കിടന്നത് ഓർമ്മ വന്നപ്പോൾ അവൾ പറഞ്ഞു.
‘ഇല്ല മൊയ്തീന്ക്കാ കരാറൊന്നും കൊട്ക്ക്ണ്ല്യ. അന്നന്നത്തെ വെലയ്ക്ക് തരാം. തെങ്ങ് കേറ്റിയാൽ അറിയിക്കാം.’
അയാൾ കുറച്ചു നിരാശനായി.
‘അങ്ങന്യാണെങ്കീ അങ്ങനെ. പത്തീസത്തിനുള്ളില് തെങ്ങ് കേറാനാവും. അറീച്ചാൽ മതി.’
മൊയ്തീൻ പോയി.
‘കൊച്ചമ്പ്രാട്ടി അങ്ങനെ പറഞ്ഞത് നന്നായി.’ അറുമുഖൻ പറഞ്ഞു. ‘മാപ്പള കൊറച്ച് സാമർത്ഥ്യക്കാരനാ.’
‘അയാളടെ കച്ചോടല്ലെ അറുമുഖാ. അയാള് ലാഭത്തിന് നടക്ക്വാണ്. നഷ്ടം വരാതെ നോക്കണ്ടത് നമ്മളല്ലെ.’
നന തുടങ്ങിയത് കവുങ്ങുകൾ അറിഞ്ഞെന്നു തോന്നുന്നു. അവയുടെ വാട്ടം തീർന്നു, ഇനി താമസിയാതെ അവ പൂക്കാനും കായ്ക്കാനും തുടങ്ങും. ഇനി വേണ്ടത് തെങ്ങുകൾക്കും നനയ്ക്കുകയാണ്. അതത്ര എളുപ്പമല്ല. അറുമുഖൻ പറയുന്നത് എങ്ങിനെയെങ്കിലും കറന്റെടുക്കണമെന്നാണ്. എന്നിട്ട് മോട്ടോർ വെയ്ക്കണം. ഇപ്പോൾ കിട്ടുന്നതിന്റെ മൂന്നിരട്ടി തേങ്ങ കിട്ടുമെന്നവൻ പറയുന്നു. എല്ലാറ്റിനും പണം വേണം. എണ്ണക്കാരൻ കാദര്ക്കായ്ക്ക് കുറച്ചുകൂടി പണം കൊടുക്കാനുണ്ട്. അതും കൊടുത്തു തീർക്കണം. പിന്നെ കടമൊന്നുമില്ല. ഇനി കടം വാങ്ങുകയുമില്ലെന്ന് തീർച്ചയാക്കിയിരിക്കുന്നു. അമ്മാമൻ മരിച്ച ശേഷം കടക്കാരുടെ ഒരു പ്രവാഹമായിരുന്നു. അതിനെപ്പറ്റിയൊന്നും ഞങ്ങൾക്കറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. കാദര്ക്കായുടെ കടംകൂടി കൊടുത്തു തീർത്തിട്ടു വേണം മോട്ടോറിനുള്ള കറന്റ് കണക്ഷനെങ്കിലും തരമാക്കാൻ. വീട്ടിനുള്ളിൽ തൽക്കാലം കറന്റില്ലെങ്കിലും കുഴപ്പമൊന്നുമില്ല. സഹകരണ ബാങ്ക്, പമ്പ് വാങ്ങാനുള്ള പണം വായ്പയായി തരുമെന്നു കേൾക്കുന്നു. നോക്കട്ടെ.
അമ്മയുടെ വാക്കുകൾ തീരെ അവ്യക്തമായിരിക്കുന്നു. എന്നാണതു തീരെ നിലയ്ക്കുക ആവോ. കഞ്ഞി കൊടുത്തപ്പോൾ ആകെ ഒരു സ്പൂൺ മാത്രമാണ് കുടിച്ചത്. അവർ എന്തോ പറയുകയായിരുന്നു. കുറെ പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് മനസ്സിലായത് അത് ‘തിരുമേനി’ എന്ന വാക്കായിരുന്നുവെന്ന്. അവർ വീണ്ടും പറഞ്ഞു. ‘പോണം.’
അമ്മ മകളെ സംബന്ധിക്കുന്ന കാര്യങ്ങൾ ഇപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു. അവരുടെ മനസ്സു നിറയെ മകളുടെ ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠയാണ്. പാവം. അമ്മയെക്കൊണ്ട് സംസാരിപ്പിക്കുന്നത് ക്രൂരതയാണ്. പലപ്പോഴും വാക്കുകൾ ഇന്നതായിരിക്കുമെന്ന് ഊഹിച്ചെടുക്കുകയാണ് അവൾ ചെയ്യുന്നത്. താൻ തിരുമേനിയുടെ അടുത്ത് പോണമെന്നായിരിക്കും അമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക. അവൾ പറഞ്ഞു.
‘ഞാൻ അമ്മടെ കാലം കഴിഞ്ഞാൽ തിരുമേനിടെ അട്ത്ത് പോണംന്നല്ലെ അമ്മ ഉദ്ദേശിച്ചത്?’
അവർ മൂളി.
‘ഞാൻ പോവാംട്ടോ അമ്മെ. അമ്മ സമാധാനായി കിടക്കു. അമ്മ അങ്ങനെ പെട്ടെന്നൊന്നും പോവില്ല. കുറച്ചുകൂടി കഞ്ഞി കുടിയ്ക്കു.’
അവർ കഞ്ഞി കുടിച്ചില്ല. കഷായം കുടിക്കുവാനും മടി കാണിക്കുന്നു. ദൈവമേ ഇനി എത്ര ദിവസം?
തിരുമേനി ചെയ്ത ഉപകാരത്തിന് നന്ദി പറയാനെങ്കിലും അവിടെ പോകേണ്ടതായിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം ക്ഷമിക്കാതിരിക്കില്ല.
രാത്രി കിടക്കാൻ നേരത്ത് അവൾ ശ്രദ്ധിച്ചു. അമ്മയ്ക്ക് എന്തോ അസ്വാസ്ഥ്യമുണ്ട്. അവൾ കട്ടിലിൽ അമ്മയുടെ അടുത്തിരുന്ന് അവരുടെ കൈ തടവിക്കൊണ്ട് ചോദിച്ചു.
‘എന്താ അമ്മേ ഉറങ്ങാൻ പറ്റ്ണില്യേ?’
‘ഞാൻ ഒറങ്ങിക്കോളാം.’ അവർ വളരെ വ്യക്തമായി പറഞ്ഞു. ‘മോള് കെടന്നോ.’ പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു. ‘മോള് തിരുമേനിടെ അട്ത്ത് പോയി താമസിക്കണം.’
പദ്മിനിയ്ക്ക് അദ്ഭുതമായി. അമ്മതന്നെയാണോ പറയുന്നത്? ഒന്നോരണ്ടോ വാക്കുകൾ അസ്പുടമായി ഉരുവിട്ടിരുന്ന അവർ വളരെ വ്യക്തമായി സംസാരിക്കുന്നു! അവൾക്ക് ഭയമായി. അവൾ തന്റെ ചെറിയ കട്ടിൽ അമ്മയുടെ കട്ടിലിനോട് ഒന്നുകൂടി അടുപ്പിച്ചിട്ടു. അവരുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
‘അമ്മ പേടിക്കണ്ട, ഞാൻ തിരുമേനിടെ അടുത്ത് പൊയ്ക്കോളാം. ഞാൻ ഇവിടെ ഒറ്റയ്ക്കാവില്ല, ന്നാൽ പ്പോരെ?’
അവർക്കു സമാധാനമായെന്നു തോന്നുന്നു. രാത്രി പിന്നെ പ്രശ്നമൊന്നുമുണ്ടായില്ല. അവരുടെ ശ്വാസം താളക്രമത്തിലായപ്പോൾ പദ്മിനി ഉറങ്ങി. പുലർച്ചെ അമ്മ വിളിക്കുന്നതു കേട്ടാണ് പദ്മിനി ഉണർന്നത്.
‘വെള്ളം.’
പദ്മിനി ഗ്ളാസ്സിൽ വെള്ളമെടുത്ത് കുറേശ്ശെ അവരുടെ വായിൽ ഒഴിച്ചു കൊടുത്തു. രണ്ടിറക്ക് കുടിച്ചശേഷം അവർ എന്തോ പറഞ്ഞു. അതെന്താണെന്ന് അവൾക്കു മനസ്സിലായില്ല. അവൾ ചോദിച്ചു.
‘എന്താമ്മേ?’
മറുപടിയുണ്ടായില്ല. അവരുടെ ശ്വാസം നിലച്ചിരുന്നു. പദ്മിനി അമ്മയുടെ കൈ പിടിച്ചു നോക്കി. നാഡി മിടിക്കുന്നില്ല. അമ്മയുടെ കൈപ്പത്തികളിൽ മുഖമമർത്തി അവൾ കുറേനേരം ഇരുന്നു. ആ കൈകൾ തണുത്തുവരികയാണ്. അവൾ എഴുന്നേറ്റു. അമ്മയുടെ പാതി തുറന്ന കണ്ണുകൾ അടച്ചുകൊണ്ട് അവൾ പറഞ്ഞു.
‘അമ്മ ഉറങ്ങിക്കോളു.’
അവൾ എഴുന്നേറ്റു. സമയം നാലര കഴിയുന്നേയുള്ളു. ഇത്ര നേരത്തെ ഒരാളെ എങ്ങിനെയാണ് വിളിച്ചുണർത്തുക. സാരമില്ല. അവൾ റാന്ത ൽ കത്തിച്ച് വേലിയ്ക്കലേയ്ക്കു നടന്നു. അറുമുഖന്റെ വീട് ഉറങ്ങുകയാണ്. ഉറങ്ങുന്ന ആളെ വിളിക്കണോ? ഒരു നിമിഷം സംശയിച്ചുനിന്ന ശേഷം അവൾ വിളിച്ചു.
‘അറുമുഖാ...’
രണ്ടാമത്തെ വിളിയിൽത്തന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. നീലി അടുക്കളവാതിലിലൂടെ പുറത്തുവന്നു. പദ്മിനി റാന്തൽ ഉയർ ത്തി അവളുടെ മുഖം കാണിച്ചുകൊടുത്തു.
‘എന്തേ കൊച്ചമ്പ്രാട്ട്യേ?’
‘അമ്മ മരിച്ചു.’
‘എന്റെ തൈവങ്ങളേ തമ്പ്രാട്ടി പോയല്ലാ...’ നീലി നെഞ്ഞത്തടിച്ചുകൊണ്ട് കരയാൻ തുടങ്ങി.
‘നീലി കരയേണ്ട.’ പദ്മിനി പറഞ്ഞു. ‘അറുമുഖനെ വിളിക്കു. എല്ലാ രേം അറീക്കണ്ടെ.’
നീലിയുടെ നിലവിളി കേട്ട് ചാ ത്ത യും അറുമുഖനും എഴുന്നേറ്റു വന്നു. അറുമുഖൻ ഷർട്ടിട്ട് പുറത്തിറങ്ങി, പിന്നാലെ ചാത്തയും. പടിക്കലെത്തിയപ്പോൾ ചാത്ത പറഞ്ഞു.
‘ഞാമ്പോയി അടുത്ത വീട്ടിലെ തമ്പ്രാക്കമ്മോരോടൊക്കെ പറഞ്ഞ് വരാം.’ അയാൾ അടുത്തുള്ള നായന്മാരുടെ വീടുകളിലെല്ലാം മരണമറിയിക്കാനായി പോയി.
‘അറുമുഖാ, ഇല്ലത്തു പോയി തിരുമേനിയെ അറിയിക്കാൻ പറ്റ്വോ?’ അവൾ ചോദിച്ചു.
‘ഞാൻ പോവാം, ഇവ്ടെ ആരെങ്കിലും വരട്ടെ.’
‘എങ്ങിന്യാ പോവ്വാ, ഈ നേരത്ത് ബസ്സ്ണ്ടാവോ?’
‘ബസ്സില്ലെങ്കില് നടന്ന് പോണം. അത്ര ദൂരൊന്നുംല്യല്ലോ. ആര്ടെങ്കിലും സൈക്കിള് കിട്ട്വോന്ന് നോക്കാം. വിജയൻ തമ്പ്രാന്റെ ഭാര്യവീട്ടിലും പറേണ്ടേ?’
‘വേണം. ആദ്യം അവിടെ പറഞ്ഞിട്ട് തിരുമേനിടെ അട്ത്ത് പോയാമതി.’
അറുമുഖൻ പോയി. നീലി അപ്പോഴും കരയുകയായിരുന്നു.
‘എന്തിനാ നീലി കരേണത്. സാരല്യ.’ നീലി കരച്ചിൽ നിർത്തി.
ആളുകൾ എത്ര ക്ഷണമാണ് എത്തിയതെന്ന് പദ്മിനി അദ്ഭുതപ്പെടുകയായിരുന്നു. അവർ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുകയാണ്. പുരുഷന്മാർ അമ്മയെ ഇറക്കി താഴെ കിടത്തി കോടി പുതപ്പിച്ചു. ചുറ്റും സ്ത്രീകൾ ചമ്രം പടിഞ്ഞിരുന്ന് രാമായണം വായിക്കുകയാണ്. അവൾ കണ്ണടച്ച് ചുമരും ചാരിയിരുന്നു. മറ്റാരുടെയോ അമ്മയുടെ മൃതദേഹത്തിനു മുമ്പിൽ ഇരിക്കുകയാണെന്ന തോന്നലോടെ. ആരെല്ലാമാണ് ചുറ്റും ഇരിക്കുന്നതെന്നുകൂടി അവൾ ശ്രദ്ധിച്ചില്ല. അതിനിടയ്ക്ക് അമ്മായി വന്ന് അടുത്തിരുന്നതവൾ അറിഞ്ഞു.
സമയം എത്രയായിട്ടുണ്ടാകും. പുറത്ത് വെയിൽ ശക്തിപ്പെട്ടിരുന്നു. പറമ്പിലെവിടെയോ മരത്തിന്റെ കൊമ്പു വെട്ടുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ആരോ പറഞ്ഞു.
‘തിരുമേനി.’
എല്ലാവരും എഴുന്നേറ്റു. പദ്മിനി ചാടിയെഴുന്നേറ്റു. തിരുമേനി വാതിൽ കടന്ന് അമ്മയുടെ മൃതദേഹം നോക്കിനിൽക്കുകയാണ്. അവൾ ഓടിപ്പോയി അദ്ദേഹത്തിന്റെ കാൽക്കൽ വീണു. പുലർച്ചമുതൽ അടക്കിപ്പിടിച്ച ദുഃഖമെല്ലാം ഒഴുകി തിരുമേനിയുടെ പാദങ്ങൾ നനച്ചു. തേങ്ങിക്കരയുന്ന ആ പെൺകുട്ടിയെ അദ്ദേഹം എഴുന്നേൽപ്പിച്ചു.
‘കരയണ്ട മോളെ, നീ ധൈര്യള്ള കുട്ടിയല്ലെ.’
അവൾ അദ്ദേഹത്തിന്റെ മാറിൽ മുഖമമർത്തി തേങ്ങുകയാണ്. തിരുമേനി തോളത്തിട്ട രണ്ടാംമുണ്ടിന്റെ തലപ്പുകൊണ്ട് അവളുടെ കണ്ണീർ തുടച്ചു.
‘മോള് കരയാതെ ഒരുഭാഗത്തിരിക്ക്, ഞാൻ കാര്യങ്ങളൊക്കെ എവിടെ എത്തീന്ന് നോക്കട്ടെ.’
സ്വന്തം കണ്ണിൽ പൊടിഞ്ഞ നീർക്കണം മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ച് അദ്ദേഹം പുറത്തു കടന്നു.
പദ്മിനിയ്ക്ക് ആശ്വാസമായി. താൻ ഏകയല്ല. തനിക്ക് എവിടെയോ ഒക്കെ അഭയമുണ്ട്. അവൾക്ക് അച്ഛനെ കണ്ട ഓർമ്മയില്ല. അച്ഛന്റെ ലാളന കിട്ടിയിട്ടുണ്ടാവാം, പക്ഷേ അതെല്ലാം അവൾ വളരെ കുട്ടിയായിരിക്കുമ്പോഴാണ്. അച്ഛനെപ്പറ്റി അമ്മ പറഞ്ഞുതന്ന കാര്യങ്ങളല്ലാതെ ഒന്നും അവൾക്കറിയില്ല. അവൾ ചോദിക്കാറുണ്ട്, എന്നെ അച്ഛൻ മടിയിലിരുത്തി കൊഞ്ചിക്കാറുണ്ടോ? അമ്മ പറയും ‘എന്താ ചെയ്യാതെ ഏതൊരച്ഛനും ചെയ്യണതല്ലെ അതൊക്കെ?’ ഇങ്ങിനെയൊക്കെയായാലും അച്ഛൻ എന്നത് വളരെ അയഥാർ ത്ഥ മായി, ഒരു സങ്കല്പം മാത്രമായി അവളുടെ മനസ്സിൽ ഒതുങ്ങിയിരിക്കയാണ്. ഇപ്പോൾ തിരുമേനിയെ കണ്ടതിനു ശേഷമാണ് ആ പിതൃസങ്കല്പത്തിന് മൂർത്തീഭാവമുണ്ടായിരിക്കുന്നത്.
തിരുമേനിയെ കണ്ടപ്പോൾ ആൾക്കാർ ഭവ്യതയോടെ ഒതുങ്ങിനിന്നു. പല നാട്ടുപ്രമാണിമാരെയും അദ്ദേഹത്തിനറിയാമായിരുന്നു.
‘ഞാൻ വിജയൻ മേനോന്റെ അളിയനാണ്.’ രാഘവൻ നായർ സ്വയം പരിചയപ്പെടുത്തി. ‘തിരുമേനി വന്നതിൽ വളരെ സന്തോഷം.’
തിരുമേനി അപ്പോൾത്തന്നെ പോകുന്നുവെന്നാണ് രാഘവൻ നായർ കരുതിയത്. തിരുമേനി പോയില്ല, എന്നുമാത്രമല്ല കാര്യങ്ങൾ അന്വേഷിക്കാനും തുടങ്ങി.
‘ഈ പറമ്പിൽത്തന്ന്യല്ലെ വെയ്ക്കണത്?’
‘അതെ, കാരണോന്മാരെയൊക്ക ദഹിപ്പിച്ചിട്ട്ള്ളത് ഇവിടെത്തന്നെയാണ്.’
തെക്കെ പറമ്പിൽ വിറകു കീറുന്നത് അപ്പോഴാണ് തിരുമേനി കണ്ടത്.
‘മാവ് വെട്ടിയോ, അതോ...’
‘ഇല്ല, ഒരു വല്യ കൊമ്പ് മാത്രം വെട്ടി. അത്ര്യല്ലെ വേണ്ടു.’
‘മതി.’
വടക്കെ മുറിയിൽ നിലത്തു കോടി പൊതിഞ്ഞ് കിടത്തിയ ആ ചെറിയ ദേഹം അദ്ദേഹത്തിന്റെ മനസ്സിൽ വന്നു. തന്റെ മാറിൽ വീണ് തേങ്ങിയ പാവം പെൺകിടാവിന്റെ മുഖവും. കണ്ണിൽ പൊടിഞ്ഞ ജലകണം മേൽമുണ്ടുകൊണ്ട് തുടച്ച് അദ്ദേഹം മനസ്സിൽ പറഞ്ഞു. സാരമില്ല മോളെ.
തെക്കെ പറമ്പിലേയ്ക്കു നടന്നുപോകുന്ന തിരുമേനിയുടെ പിന്നാലെ നടക്കുമ്പോൾ രാഘവൻനായർ ആലോചിച്ചു. തിരുമേനിയ്ക്ക് എങ്ങിനെയാണാവോ ഇവരെ പരിചയം.
‘നാളെത്തൊട്ട് മോള് ഒറ്റയ്ക്കാവില്ലേ? തിരുമേനി ചോദിച്ചു.
‘ഇല്ല, വസുമതി, എന്റെ പെങ്ങള് വന്ന് നിൽക്കും. അതു കഴിഞ്ഞാൽ എന്താ വേണ്ടത്ന്ന് തീർച്ച്യാക്കീട്ടില്ല. പദ്മിന്യോട് സംസാരിക്കണം. അവളെ അങ്ങട്ട് തറവാട്ടിലേയ്ക്ക് കൊണ്ടോവാം, അവൾക്കിഷ്ടമാണെങ്കിൽ. അപ്പൊ ഈ പറമ്പിന്റെ കാര്യം നോക്ക്വ എങ്ങിന്യാന്നാ.’
‘കൊറച്ച് ദിവസം കഴിയട്ടെ ഞാനവളോട് സംസാരിച്ചു നോക്കാം. ഇനി ഇല്ലത്ത് താമസിക്കാനാ അവൾക്കിഷ്ടംന്ന്ച്ചാ അങ്ങനെം ആവാം.’
‘ശരി തിരുമേനി.’
‘അതിനെടേല് പാർവ്വതീടെ മരണ സർട്ടിഫിക്കറ്റ് ഒന്ന് ശര്യാക്കിക്കൊടുക്കണം. പിന്നെ, വീടും പറമ്പും ഒക്കെ ആർക്കാ?’
‘അതൊക്കെ അവൾക്ക് തന്ന്യാ തിരുമേനി. വസുമതി ഒന്നും എടുക്ക്ണില്യ.’
‘ന്നാ, അതുംകൂടി രജിസ്റ്റ്രാഫീസില് പോയി ശര്യാക്കിക്കൊടുക്കണം. അമാന്തിക്കണ്ട.’
‘പെട്ടെന്ന് ചെയ്യാം തിരുമേനി.’ രാഘവൻ നായർ പറഞ്ഞു. തിരുമേനിയുടെ ഒരോ വാക്കും ഓരോ ആജ്ഞയാണ്. മറ്റൊരാളാണ് പറഞ്ഞിരുന്നതെങ്കിൽ താൻ തന്റെ കാര്യം നോക്കിയാൽ മതി എന്നു പറയാൻ തോന്നു ന്ന കാര്യങ്ങളാണ് തിരുമേനി ആജ്ഞയായി നല്കുന്നത്. അദ്ദേഹത്തിന്റെ ആജ്ഞാശക്തി അപാരമാണ്.
ആരെയും കാത്തുനിൽക്കാനില്ല. അതുകൊണ്ട് കാര്യങ്ങൾ വേഗം കഴിഞ്ഞു. പത്തുമണിയോടെ ചിത കത്തിയപ്പോൾ ആൾക്കാർ പിരിഞ്ഞു തുടങ്ങി.
തിരുമേനി അകത്തു ചെന്നു.
‘മോളെ, ഞാൻ ഇറങ്ങട്ടെ. മോള് വെഷമിക്ക്യൊന്നും വേണ്ടട്ടോ. ഈ തെരക്കൊക്കെ കഴിഞ്ഞാൽ സൗകര്യംപോലെ ഇല്ലത്തേയ്ക്കൊരു ദിവസം വരൂ.’
അവൾ തലയാട്ടി, വീണ്ടും അദ്ദേഹത്തെ നമസ്കരിച്ചു.