close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്തിയഞ്ച്


കൊച്ചമ്പ്രാട്ടി: ഇരുപത്തിയഞ്ച്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

പദ്മിനി അപ്പോഴും ബോധമില്ലാതെ കിടക്കുകയായിരുന്നു. ചാത്ത നെറ്റിമേൽ കൈവച്ചു നോക്കി. തീപോലെ പൊള്ളുന്നു.

‘നമക്ക് കൊച്ചമ്പ്രാട്ടീനെ ഡോക്കട്ടറ്‌ടെ അട്ത്ത് കൊണ്ടോവാം?’ ചാത്ത പറഞ്ഞു.

‘എങ്ങിന്യാ കൊണ്ടോവ്വാ?’ അറുമുഖൻ ചോദിച്ചു. ഭാസ്‌കരൻ കൈമളിന്റട്ത്ത് മഞ്ചല്ണ്ട്. അതെട്ത്ത് കൊണ്ടന്നാലോ?’

‘ഇപ്പൊ അതിനൊന്നുംള്ള നേരല്ല്യ. നമ്ക്ക് എട്ത്ത് കൊണ്ടോവാം. നീ വാതിലടച്ച് കുറ്റിട്.’

ചാത്ത പദ്മിനിയെ രണ്ടുകൈകളിലും കോരിയെടുത്ത് പുറത്തു കടന്നു. അറുമുഖൻ വാതിലടച്ചു കുറ്റിയിട്ടു. അവർ ഒരു മാതിരി ഓടുകതന്നെയായിരുന്നു. മേനോൻ ഡോക്ടറുടെ ക്ലിനിക്കിലേയ്ക്കുള്ള എളുപ്പ വഴിയിലൂടെ അവർ മൂന്നുപേരും കുതിക്കുകയാണ്.

‘നിങ്ങള് വേഗം കൊണ്ടന്നത് നന്നായി. താമസിച്ചാൽ കൊഴപ്പായേനെ.’ ഡോക്ടർ കേശവമേനോൻ പറഞ്ഞു. ‘ഞാൻ ഇഞ്ചക്ഷൻ കൊടുത്തിട്ട്ണ്ട്. ശര്യാവും. ഇന്ന് രാത്രി ഇവിടെ കെടത്താം. നാളെ നോക്കീട്ട് വീട്ടീ കൊണ്ടോവാം.’

ചാത്ത തലയാട്ടി. ഒരു നഴ്‌സ് അവളുടെ നെറ്റിയിൽ തുണി നനച്ചിട്ടത് മാറ്റിക്കൊണ്ടിരുന്നു.

‘കുട്ടീടെ ആരുംല്ല്യെ വീട്ടില്.’

‘ആരുംല്യ.’ അറുമുഖൻ പറഞ്ഞു. ‘അമ്മണ്ടായിര്ന്നത് അട്ത്തന്നെ മരിച്ചു.’

‘അപ്പൊ ഇവള് ഒറ്റയ്ക്കാണോ താമസം?’

‘അതെ, സഹായത്തിന് ഞങ്ങളൊക്കെണ്ട്.’

‘ഈ സ്ത്രീ നിന്റെ അമ്മയല്ലെ? അവര് ഇന്ന് രാത്രി ഇവള്‌ടെ ഒപ്പം നിക്കട്ടെ.’

‘ഞങ്ങളൊക്കെ നിക്കാം.’

‘അപ്പൊ നിങ്ങക്ക് ഒറങ്ങൊന്നും വേണ്ടെ? ഇവിടെ എല്ലാരുംകൂടി നിക്കണ്ട ആവശ്യല്ല. അമ്മയ്ക്ക് രാത്രി കഴിക്കാന്ള്ള ഭക്ഷണം കൊണ്ടന്നു കൊടുക്കണം. ന്ന്ട്ട് വീട്ടീപ്പോയി നന്നായി ഒറങ്ങി നാളെ രാവിലെ വന്നാമതി. അല്ലെങ്കീ വരാന്തേല് കെടക്കണ്ടി വരും. മുറീല് സ്ത്രീ കളെ മാത്രെ നിർത്താൻ പാടു. നിങ്ങള് പേടിക്ക്യൊന്നും വേണ്ട. പനി കൂടീതോണ്ട്ണ്ടായ ബോധക്കെടാ. അര മണിക്കൂറിനുള്ളിൽ ബോധം വരും. അപ്പൊ കണ്ട് സംസാരിച്ചിട്ട് പോയാ മതി.’

അവർ പുറത്തു കാത്തുനിന്നു.

കണ്ടകുറുമ്പക്കാവിലെ ഭഗവതി മുമ്പിൽ നിൽക്കുകയാണെന്നാണ് പദ്മിനിയ്ക്ക് തോന്നിയത്. മൂടൽമഞ്ഞിന്നിടയിൽക്കൂടി ഭഗവതി തന്നെ ഉറ്റുനോക്കുന്നു. അവൾ കണ്ണുകൾ മുഴുവൻ തുറക്കാൻ ശ്രമം നടത്തി. കണ്ണുകൾ തുറക്കാത്തതിന്റെതല്ല, മുഴുവൻ കാണാത്തതിന്റെ പ്രശ്‌നമാണെന്നവൾക്കു മനസ്സിലായി. താൻ എവിടെയാണ്? പദ്മിനിയ്ക്ക് ബോധം കുറേക്കൂടി തെളിഞ്ഞു. അവൾ വിളിച്ചുനോക്കി.

‘അറുമുഖാ.’

‘എന്താ ന്റെ മോളെ?’ നീലിയാണ് വിളി കേട്ടത്. അപ്പോഴാണ് പദ്മിനി നീലിയെ കാണുന്നത്. അവൾ ചോദിച്ചു.

‘ഞാൻ എവിട്യാണ് നീലി?’

‘കൊച്ചമ്പ്രാട്ടിയ്ക്ക് പന്യാണ്. മേനോൻ ഡാക്കിട്ടറ്‌ടെ ചീക്കിലാണ്.’

തണുത്ത തുണികൊണ്ട് മുഖം തുടച്ചുകൊണ്ടിരുന്ന നഴ്‌സ് ചോദിച്ചു.

‘ആരാണ് അറുമുഖൻ?’

‘ന്റെ മോനാ?’

‘അവര് പൊറത്ത് നിക്ക്വല്ലെ. പോയി വിളിച്ചോളു.’

നീലി പുറത്തിറങ്ങി നോക്കി. വരാന്തയിലിട്ട വിളക്കിനു താഴെ അച്ഛനും മോനും നിൽക്കുന്നു.

അറുമുഖനെയും ചാത്തയെയും കണ്ടപ്പോൾ പദ്മിനിയ്ക്ക് അല്പം ആശ്വാസമായി.

‘പനി നല്ലോണം കൊറഞ്ഞിരിക്കുണു. ഇനി പേടിയ്ക്കാനൊന്നുംല്ല്യ.’ നഴ്‌സ് പറഞ്ഞു.

‘മോള് ഞങ്ങളെ പേടിപ്പിച്ചല്ലാ.’ ചാത്ത ചിരിച്ചുകൊണ്ട് പറഞ്ഞു.

‘അമ്മായിടെ വീട്ടീ പോയി പറയണോ?’ അറുമുഖൻ ചോദിച്ചു.

‘വേണ്ട അറുമുഖാ, എനിക്ക്‌പ്പൊ സുഖംണ്ട്. ഞി വീട്ടീപ്പോവാം. ഞാൻ എങ്ങന്യാ ഇവിടെ എത്തീത്.’

‘ബോധംല്ല്യാതെ കെടക്ക്ണ് കണ്ടപ്പൊ അമ്മ വന്ന് നോക്കി. അപ്പ നല്ല പനി. ഓടിവന്ന് ഞങ്ങളെ വിളിച്ചു. അച്ഛനാ കൊച്ചമ്പ്രാട്ടീനെ ഏറ്റിക്കൊണ്ടന്നത്.’

പദ്മിനി ചാത്തയെ നന്ദിയോടെ നോക്കി.

ഡോക്ടർ കേശവമേനോൻ അകത്തു കടന്നു. അവളുടെ അടുത്തുവന്നു കൈപിടിച്ചു നോക്കി.

‘ഇപ്പ പനി ഇല്ല.’ തിരിഞ്ഞ് ചാത്തയെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. ‘ഇപ്പ സമാധാനായില്ലേ? ഇനി വീട്ടീപ്പോയിട്ട് സുഖായി ഒറങ്ങീട്ട് നാളെ വന്നാമതി.’

‘ഞാൻ അമ്മയ്ക്ക് കഴിക്കാനുള്ളത് കൊണ്ടരാം. കൊച്ചമ്പ്രാട്ടിയ്ക്ക് കഴിക്കാനെന്താ വേണ്ടത്. കൊറച്ച് കഞ്ഞിണ്ടാക്കിക്കൊണ്ടരട്ടെ.’

‘അവൾക്ക് വേണ്ട ഭക്ഷണം ഇവിട്ന്ന് കൊടുക്കും.’ ഡോക്ടർ പറഞ്ഞു.

അവർ പോയപ്പോൾ പദ്മിനി ഒരു തളർച്ചയോടെ ഓർത്തു നോക്കി. എന്താണ് സംഭവിച്ചത്?

നീലി അവളെ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ഇപ്പ പനിയൊന്നും ഇല്ല.

‘ന്റെ ബകോതീ.’ നീലി ചാത്തയെ അന്വേഷിച്ച് ഓടുന്നതിനിടയിൽ ഭഗവതിയ്ക്ക് വഴിപാട് നേർന്നിരുന്നു.

‘ബകോതീടെ ഊറ്റം തന്ന്യാ കൊച്ചമ്പ്രാട്ടീനെ രഷ്ഷിച്ചത്. ഞാൻ വഴിവാട് നേർന്നിട്ട്ണ്ട്.’

പദ്മിനി ചിരിച്ചു.

‘നിക്ക് ബോധം വന്നപ്പൊ ഞാൻ ഭഗവതീടെ രൂപം കണ്ടു.’

‘ഞാമ്പറഞ്ഞില്ലെ. കണ്ടോറമ്പക്കാവിലെ ബകോത്യാണ് കൊച്ചമ്പ്രാട്ടീനെ രഷ്ഷിച്ചത്.’

അവൾക്കു കഴിക്കാനായി ഒരു പെൺകുട്ടി റൊട്ടിയും പാലും കൊണ്ടുവന്നു. റൊട്ടി അവൾക്കിഷ്ടമായിരുന്നു. പണ്ടെങ്ങാനോ ഒരിക്കൽ മാത്രമേ കഴിച്ചിട്ടുള്ളു. പാൽ എന്നത് കുറേക്കാലമായി വീട്ടിൽ കാണാൻ കിട്ടാത്ത വസ്തുവാണ്. അവൾ നീലിയെ നോക്കി.

‘കൊച്ചമ്പ്രാട്ടി കഴിച്ചോ. ന്റെ ചോറ് അറുമുഖൻ കൊണ്ടരും.’

പദ്മിനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്ന് അവൾ അപ്പോഴാണ് ഓർത്തത്. അവൾ റൊട്ടി പാലിൽ മുക്കി കഴിക്കാൻ തുടങ്ങി.

തങ്കം പറഞ്ഞിട്ടാണ് വസുമതി ഈ കാര്യം അറിയുന്നത്. അവൾക്കു വല്ലാത്ത ക്ഷീണമായി. താനിവിടെ ഉള്ളപ്പോൾ തന്നെ അറിയിക്കാതെ... തങ്കത്തിന്റെ ജോലി കഴിഞ്ഞപ്പോൾ അവൾ പുറപ്പെട്ടു. രാഘവേട്ടനോട് ഒന്ന് പറഞ്ഞിട്ടു പോകാമെന്നു കരുതി അങ്ങോട്ടു നടന്നു. രാഘവേട്ടൻ പാടത്തു പോയിരിക്കയാണ്. പദ്മിനിയുടെ അസുഖത്തെപ്പറ്റി ഏട്ടത്തിയമ്മയോട് പറഞ്ഞു, താൻ നഴ്‌സിങ്‌ഹോമിലേയ്ക്കു പോവുകയാണെന്നും.

‘ഞാൻ വരണോ?’ അവർ ചോദിച്ചു.

‘വേണ്ട, തങ്കത്തിനെ കൂട്ടി പോവാം.’

വസുമതിയുടെ മൂന്നു പ്രസവവും ഡോക്ടർ കേശവമേനോന്റെ ആശുപത്രിയിൽ വച്ചായിരുന്നു. അന്നൊക്കെ വീട്ടിൽവച്ചു തന്നെയായിരുന്നു പ്രസവം നടക്കാറ്. പക്ഷേ അവൾക്ക് ധൈര്യമില്ലാതിരുന്നതുകൊണ്ട് നഴ്‌സിങ്‌ഹോമിലേയ്ക്കു കൊണ്ടുപോയി. ആയിടയ്ക്ക് വയറ്റാട്ടി വീട്ടിൽവന്നു പേറെടുത്ത ഒന്നു രണ്ടു പ്രസവത്തിൽ കുട്ടി കഴിഞ്ഞ വിവരം അറിഞ്ഞിരുന്നു.

ഡോക്ടർ മുറിയിലുണ്ടായിരുന്നു.

‘എന്താ വസുമതിയമ്മേ, കുറേക്കാലായല്ലൊ കണ്ടിട്ട്. എന്താ വിശേഷം, അസുഖൊന്നുംല്ല്യല്ലോ?’

‘എന്റെ മരുമകള് പന്യായിട്ട് ഇവിടെ വന്നിട്ട്ണ്ട്. അവളെ കാണാൻ വന്നതാ. അവള് എവ്ട്യാ?’

‘ങാ, ആ കുട്ടി നിങ്ങടെ മരുമകളാണോ? എന്താ പേര്, പദ്മിനി?’

‘അതെ.’

‘ഇരിക്കു. ഇവരാരാണ്?’ തങ്കത്തിനെ നോക്കിക്കൊണ്ട് ഡോക്ടർ ചോദിച്ചു.

‘അവള് തങ്കം, ഞങ്ങടെ അവ്‌ടെ ജോലി എടുക്കണ സ്ത്രീയാണ്.’

‘അവർക്കും ഇരിക്കാം. ആ കുട്ടിയെ രാവിലെ ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടുപോയി. പനിയായിരുന്നു. പനി വിട്ടു. ഇനി വീട്ടിലിരുന്ന് വിശ്രമിച്ചാ മതീന്ന് ഞാൻ പറഞ്ഞു.’

‘ആരാ ആ കുട്ട്യേ കൊണ്ടന്നത്?’

‘ആ കുട്ടീടെ അയൽക്കാരാണ്. ഒരു കുടുംബം. ഭാര്യയും ഭർത്താവും മകനുംണ്ടായിരുന്നു.’

‘ചെറുമക്കളല്ലെ?’

ഡോക്ടർക്ക് അവരുടെ സംസാരത്തിന്റെ പോക്ക് തീരെ രുചിച്ചില്ല.

‘ജാതി ഞാൻ ചോദിച്ചില്ല. നോക്കൂ. ആ കുട്ടിയെ ബോധംല്ല്യാത്യാണ് ഇവിടെ കൊണ്ടന്നത്. നൂറ്റിനാല് ഡിഗ്രി പനി. അര മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ ആ കുട്ടിടെ തലച്ചോറ് പോയിക്കിട്ട്യേനെ. ശരിക്കും സമയത്താണ് അവരിവിടെ എത്തിയത്. ആ സമയത്ത് ആ കുട്ടിയെ രക്ഷിക്കാൻ നോക്ക്വാണോ വേണ്ടത് അതോ ആ കുട്ട്യേ കൊണ്ടന്നോര്‌ടെ ജാതി ചോദിക്ക്യാണോ?’

വസുമതി എഴുന്നേറ്റു, ഒപ്പം തങ്കവും.

പദ്മിനി ഉന്മേഷത്തിലായിരുന്നു. രാവിലെയായതിൽപ്പിന്നെ പനിച്ചിട്ടില്ല. മഞ്ചലിൽ തിരിച്ചുള്ള യാത്ര സുഖമായിരുന്നു. നീലി അടുക്കളയിൽ കഞ്ഞിയ്ക്കുള്ള പൊടിയരി അടുപ്പത്തിടാനും, ഇടയ്ക്ക് അതിളക്കാനും പോകും. അല്ലാത്ത സമയമെല്ലാം അവളുടെ അടുത്തിട്ട സ്റ്റൂളിൽ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. പൊടിയരി അറുമുഖൻ വാങ്ങിക്കൊണ്ടുവന്നതാണ്. പദ്മിനിയ്ക്ക് പച്ചമാങ്ങ കൂട്ടി നാളികേരച്ചമ്മന്തി വേണമെന്നു പറഞ്ഞപ്പോൾ അവൻ വീട്ടിലുള്ള മൂവാണ്ടന്റെ മാങ്ങ പൊട്ടിച്ചു കൊണ്ടുവന്നു. അങ്ങിനെ ഉച്ചഭക്ഷണം ഒരുത്സവമാക്കാമെന്ന അറിവിൽ രസിച്ചിരിക്കുമ്പോഴാണ് വസുമതിയും തങ്കവും കയറി വന്നത്. വസുമതിയെ കണ്ടപ്പോൾ നീലി സ്റ്റൂളിൽനിന്ന് ചാടിയെഴുന്നേറ്റു. വസുമതി തീരെ തൃപ്തിയില്ലാതെ നീലിയെ നോക്കി. അവർ നേരെ കട്ടിലിൽ കയറി ഇരുന്ന് പദ്മിനിയുടെ നെറ്റി തൊട്ടുനോക്കി.

‘ഇപ്പ പനില്ലല്ലോ?’

‘ഇന്ന് രാവിലെതൊട്ട് പനിച്ചിട്ടില്ല.’

‘അപ്പ എന്തേ പെട്ടെന്ന് പനിയ്ക്കാൻ?’

‘മഴ്യായിരിക്കും.’

പതുമഴയെപ്പറ്റിയുള്ള ഓർമ്മകൾ എപ്പോഴും പനിയുടെ അകമ്പടിയൊടെയാണ് പദ്മിനിയുടെ മനസ്സിലെത്താറ്. ഉമ്മറത്തെ ഇരുത്തിമേലിരുന്ന് മുറ്റത്തു വലിയ വെള്ളപ്പാച്ചിൽ സൃഷ്ടിച്ചുകൊണ്ട് പെയ്യുന്ന കനത്ത മഴ കാണാൻ പറ്റാതെ കിടയ്ക്കയിൽ മൂടിപ്പുതച്ചു കിടക്കുന്ന ദുഃഖിതയായ പെൺകുട്ടി അവളുടെ മനസ്സിലെ മായാത്ത ചിത്രമാണ്.

‘അപ്പ എന്തേ ന്നെ അറീയ്ക്കാതിരുന്നത്?’

‘അപ്പഴേയ്ക്ക് പനി വിട്ടു. പിന്നെ എന്തിനാ ബുദ്ധിമുട്ടിക്ക്ണ്ന്ന് വിചാരിച്ചു.’

‘അതല്ല ഞാൻ പറഞ്ഞത്. പനി വന്ന ഒടനെ ആരെയെങ്കിലും പറഞ്ഞയച്ച് എന്നെ അറീയ്ക്കായിര്ന്നില്ലേ? ഇപ്പെന്തായീ, കണ്ട ചെറുമക്കള് എടുത്ത് കൊണ്ടോവണ്ടി വന്നില്ലേ ആസ്പത്രീലേയ്ക്ക്?’

പദ്മിനി കുറച്ചുനേരം നിശ്ശബ്ദയായി. അവളുടെ മുഖം വാടിയിരുന്നു. പിന്നെ അവൾ സാവധാനത്തിൽ പറഞ്ഞു.

‘ചെറു—മക്കളായിരിക്കും അമ്മായി, പക്ഷേ അവർക്ക് വല്യൊരു മനസ്സ്ണ്ട്. അത് കാണാൻ പക്ഷേ കണ്ണ് വേണം.’

ആ മുറിയിലെ അന്തരീക്ഷം കനത്തു.

‘കൊച്ചമ്പ്രാട്ടി, അട്യേൻ അട്ക്കളേല് പോട്ടെ. കഞ്ഞി വാങ്ങാറായിട്ട്ണ്ടാവും.’

നീലി വിദഗ്ദമായി സ്ഥലം വിടുകയാണ്. അവൾക്ക് പേടി പിടിച്ചു. നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകർന്നുകിട്ടിയ ഭയം എന്ന വികാരം അവളെ ഓടാൻ നിർബ്ബന്ധിതയാക്കുകയാണ്. ആപത്തിൽനിന്ന് ഓടിരക്ഷപ്പെടാനുള്ള പ്രാകൃതവാസന അവളിൽ രൂഢമൂലമായിരുന്നു.

ഇത് തമ്പ്രാട്ടിയ്ക്ക് കിട്ടിയ രണ്ടാമത്തെ ചൊട്ടാണ്. തങ്കം ആലോചിച്ചു. ഡോക്ടറുടെ വാക്കുകൾ അവൾക്കിഷ്ടമായി. അതു കഴിഞ്ഞ് ഇപ്പോ ഇതാ മരുമകളുടെ അടുത്തുനിന്ന്... തമ്പ്രാട്ടിയ്ക്ക് അതു കിട്ടണം. വാക്കുകൾ നഷ്ടപ്പെട്ട് വസുമതി കുറച്ചുനേരം കിടയ്ക്കയിൽത്തന്നെ ഇരുന്നു. ഇനി എന്താണ് പറയേണ്ടത് എന്നാലോചിക്കുകയായിരുന്നു അവൾ. പുറത്ത് പെട്ടെന്ന് വെയിൽ മങ്ങി. ഉച്ചതിരിയുമ്പോഴേയ്ക്കും മഴ തുടങ്ങാനുള്ള തയ്യാറെടുപ്പാണ്. അവൾ പറഞ്ഞു.

‘ഞാൻ പോട്ടെ പദ്മിനി. ഇപ്പൊ എന്തെങ്കിലും ആവശ്യണ്ടോ? നീയ് ആസ്പത്രീലാന്നറിഞ്ഞപ്പൊ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞ് ഓടി വന്നതാ. അവിട്‌ത്തെ കാര്യൊന്നും ശര്യായിട്ടില്ല.’

‘ഇപ്പൊ ഒന്നും ആവശ്യല്യ അമ്മായി.’

‘ഞാന്നാ വൈന്നേരം വരാം. അപ്പൊ രാത്രി ഇവിടെ നിക്കാലോ.’

‘അതിന്റീം ആവശ്യല്ല്യ, ഞാൻ നീല്യോട് ഇവിടെ വന്ന് കെടക്കണംന്ന് പറഞ്ഞിട്ട്ണ്ട്.’

അവൾ നീലിയോട് പറഞ്ഞിട്ടൊന്നുമില്ല. ആവശ്യപ്പെടാതെത്തന്നെ നീലി വരുമെന്നവൾക്കറിയാം.

‘നോക്കട്ടെ.’ വസുമതി എഴുന്നേറ്റു. അവളുടെ മുഖം ആകെ കനത്തിരുന്നു. ‘എന്തായാലും ഇപ്പ പന്യൊന്നുംല്ല്യല്ലൊ.’ മരുമകളുടെ നെറ്റി തൊട്ട് പനിയില്ലെന്നു ബോധ്യം വരുത്തി, തന്റെ അളവില്ലാത്ത ഉൽക്കണ്ഠ ഒരിക്കൽക്കൂടി രേഖപ്പെടുത്തി വസുമതി പുറത്തേയ്ക്കിറങ്ങി. പുറത്ത് മഴ കനത്തു നിൽക്കുകയാണ്, എതു നിമിഷത്തിലും പെയ്യാമെന്ന മട്ടിൽ. അവൾ കുടയെടുത്തിട്ടുണ്ടായിരുന്നില്ല. മഴയ്ക്കു മുമ്പ് വീട്ടിലെത്താൻ അവൾ തിരക്കിട്ടു നടന്നു. ഒന്നും സംസാരിക്കാതെ തങ്കം പിന്നിലും.

തിരുമേനി വൈകുന്നേരം വന്നു. പദ്മിനി പറയാതെത്തന്നെ അറുമുഖൻ പോയി അറിയിച്ചിരുന്നു. അദ്ദേഹം വന്ന് സ്റ്റൂളിലിരുന്ന് അവളെ നോക്കി ചിരിച്ചു. തിരുമേനിയെ കണ്ടപ്പോൾ ഓടാൻ നിന്ന നീലിയോട് അദ്ദേഹം അതിന്റെ ആവശ്യമില്ലെന്ന മട്ടിൽ കൈകാണിച്ചു. പദ്മിനി എഴുന്നേൽക്കുകയാണ്.

‘എണീക്കണ്ട കുട്ടീ. അവിടെ കിടന്നോളു. ഇപ്പ പനിയില്ലല്ലോ?’ അദ്ദേഹം അവളുടെ നെറ്റിമേൽ തൊട്ടുനോക്കി. ‘ഇല്ല.’

‘മഴ കൊണ്ട്വോ?’

‘ഇല്ല, എനിക്ക് മഴക്കാലം തൊടങ്ങ്യാൽ ചെലപ്പൊ ഒരു പനി വരാറ്ണ്ട്.’

‘ഭക്ഷണൊന്നും ശര്യാവ്ണ്ണ്ടാവില്ല. ഒറ്റയ്ക്കാവുമ്പോ ഇങ്ങനെ ചെല പ്രശ്‌നങ്ങളൊക്കെണ്ടാവും. അട്ത്ത് തന്നെ ഇവരൊക്കെണ്ടായതൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിലോ?’

അദ്ദേഹം ചിന്താധീനനായി. എന്താണ് ചെയ്യാൻ കഴിയുക എന്നതിനെപ്പറ്റി അദ്ദേഹത്തിനും ധാരണയില്ല.

‘ദേഹം നന്നായി നോക്കണം.’ നീലിയുടെ നേരെ തിരിഞ്ഞ് അദ്ദേഹം ചോദിച്ചു. ‘ഇവര് അറുമുഖന്റെ അമ്മ്യല്ലേ?’

‘അതെമ്പ്രാ.’ നീലിയുടെ ശബ്ദത്തിൽ വിറ കലർന്നിരുന്നു.

‘കൊറച്ച് ദിവസം രാത്രി ഇവിടെ വന്ന് കെടക്കണം. മോളെ ഒറ്റയ്ക്കാക്കി പോവര്ത് കെട്ടോ?’

‘ഇല്ലമ്പ്രാ...’