കൊച്ചമ്പ്രാട്ടി: ഇരുപത്തിയേഴ്
കൊച്ചമ്പ്രാട്ടി: ഇരുപത്തിയേഴ് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | കൊച്ചമ്പ്രാട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല് |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 116 |
മറ്റന്നാൾ അത്തമാണ്. അതിനു മുമ്പുതന്നെ തിരുമേനിയുടെ അടുത്തു പോകണമെന്ന് പദ്മിനി തീർച്ചയാക്കിയിരുന്നു. രാവിലെ ബസ്സ് സ്റ്റോപ്പിലേയ്ക്കു പോകുന്ന വഴി തൃക്കാവിൽ കയറി തൊഴുതു.
തിരുമേനിയുമായി സംസാരിക്കേണ്ട കാര്യങ്ങൾ രാത്രി മുഴുവൻ ആലോചിച്ചതാണ്. ഒക്കെക്കഴിഞ്ഞിട്ടും ഇല്ലത്തെ പടിപ്പുര കടക്കുമ്പോൾ അവൾക്ക് പരിഭ്രമം തോ ന്നി. സർപ്പക്കോവിലിൽ അവൾ കൂറച്ചധികം സമയം തൊഴുതു പ്രാർത്ഥിച്ചുനിന്നു. സർപ്പങ്ങൾക്കും അവളുടെ മനസ്സിന് വേ ണ്ടത്ര ബലം കൊടുക്കുവാൻ കഴിഞ്ഞില്ല.
അവളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ തിരുമേനിയും അല്പം പരിഭ്രമിച്ചു.
‘എന്തു പറ്റീ മോളെ?’
പദ്മിനി ഉമ്മറത്തിട്ട കസേലയിലിരുന്നു.
‘ഒന്നുംല്ല്യ.’ അകത്തേയ്ക്കു നോക്കിക്കൊണ്ട് അവൾ തുടർന്നു. ‘ഒരു കാര്യം തിരുമേന്യോട് പറയാൻ വന്നതാ.’
‘പറഞ്ഞോളു, ഇവിടെള്ള രണ്ടുപേരും നല്ലവരാണ്. അനാവശ്യായിട്ട്ള്ള സംസാരൊന്നുംല്ല്യ. അവർക്കും നീ മോളടെ മാതിര്യാണ്.’
‘എനിയ്ക്കറിയാം,’ അവൾ ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു. ‘ന്നാലും...’
‘ന്നാ വരു.’ തിരുമേനി മുറ്റത്തേയ്ക്കിറങ്ങി. ‘നമുക്കൊന്ന് നടന്നുവരാം.’
എങ്ങിനെയാണ് തുടങ്ങേണ്ടത്? തിരുമേനിയുടെ പ്രതികരണം എന്തായിരിക്കും? കുറച്ചുനേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു.
‘തിരുമേനീ, ഞാൻ കല്യാണം കഴിക്കാൻ ആലോചിക്കുണു.’
‘ങാ, നല്ല കാര്യാണല്ലൊ. വല്ല ആലോചനീം വന്നിട്ട്ണ്ടോ?’
‘ആലോചന ഒന്നും ഇല്ല. ഞാൻ അറുമുഖനെ കല്യാണം കഴിച്ചാലോന്ന് ആലോചിക്ക്യാണ്.’
തിരുമേനി പെട്ടെന്ന് നിശ്ശബ്ദനായി. അറുമുഖന്റെ കാര്യം സംസാരിക്കാൻ വല്ലാത്ത തിടുക്കം കാണിച്ചുവോ എന്നവൾ ഭയപ്പെട്ടു. പക്ഷേ പെട്ടെന്ന് ആ കാര്യം പറഞ്ഞില്ലെങ്കിൽ താൻ പിന്നെ അതൊരിക്കലും അവതരിപ്പിക്കലുണ്ടാവില്ലെന്നവൾക്കു തോന്നി. തിരുമേനിയുടെ പശ്ചാത്തലം അവൾക്ക് നല്ലപോലെ അറിയാം. സർപ്പങ്ങളും പ്രതിഷ്ഠയുമുള്ള ഒരു പ്രാചീനമായ ഇല്ലമാണ്. ശുദ്ധാശുദ്ധങ്ങൾ ശ്രദ്ധിക്കുന്ന സ്ഥലമാണ്. അറുമുഖൻ വന്നപ്പോൾ ഉമ്മറത്തു കയറ്റിയിരുത്തി എന്നു പറഞ്ഞപ്പോൾ പദ്മിനിയ്ക്ക് അദ്ഭുതമാവുകയാണുണ്ടായത്. ആ ഒരു സംഭവമാണോ തിരുമേനിയോട് സംസാരിക്കാൻ തനിക്ക് ഇത്രയും ധൈര്യം തന്നത്?
‘എനിക്ക് കുട്ടിക്കാലം തൊട്ട് അറീണതാണ്. എന്നെ നല്ല സ്നേഹും ആണ്ന്ന് എനിക്കറിയാം. എന്നെ നല്ലോണം നോക്കുംന്ന് ഒറപ്പ്ണ്ട്. തിരുമേനിടെ സമ്മതംല്ല്യാതെ ഞാൻ ഒന്നും ചെയ്യ്ണ്ല്യ. തിരുമേനി സമ്മതം തന്ന് എന്നെ അനുഗ്രഹിക്കണം.’
‘അവനോട് സംസാരിച്ച്വോ?’
‘ആരോട് അറുമുഖനോടോ? ഇല്ല. അയാൾക്കറിയില്ല. ഞാനിതുവരെ അങ്ങിനെ ഒരു കാര്യം സംസാരിച്ചിട്ടില്ല.’
‘ന്നാ, സംസാരിക്കാൻ വരട്ടെ..’
തിരുമേനി കുറച്ചുനേരം ആലോചിച്ചുകൊണ്ട് നടന്നു. പറമ്പിൽ നിറയെ മരങ്ങളുടെ തണലിൽ നടക്കാൻ സുഖമുണ്ട്. ഒരു കൊച്ചുകാറ്റ് അവളുടെ മുഖത്തെ വിയർപ്പുതുള്ളികൾ ഒപ്പിയെടുത്തു.
‘ഞാൻ പറയാൻ പോണത് കുട്ടിയ്ക്ക് വിഷമമുണ്ടാക്കും. പക്ഷേ പറയാണ്ടിരിക്കാൻ പറ്റില്ല. കല്യാണം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. അപ്പൊ നല്ലോണം ആലോചിച്ചിട്ടേ ഒരു തീരുമാനമെടുക്കാൻ പാടൂ. ജാതീം മതോം ഒന്നും നോക്കാതെ കല്യാണം കഴിക്കണത് നല്ലതന്നെ. പക്ഷെ പിന്നെ അതു കഴിഞ്ഞാലുണ്ടാവണ ജീവിതം എങ്ങിനെയായിരിക്കും എന്നുകൂടി ആലോചിക്കണം. ഓരോ സമുദായത്തിനും ഓരോ മുഖമുദ്രയുണ്ട് — ജീവിതരീതി, പാരമ്പര്യം, പെരുമാറുന്ന സമൂഹം. സംസ്കാരം എന്നു ഞാൻ പറയില്ല. സംസ്കാരം ഒരു മതത്തിനോ ജാതിയ്ക്കോ ഉള്ളതല്ല. വ്യക്തികളെ ആശ്രയിച്ചിട്ടുള്ളതാണ്. സംസ്കാരമുള്ളവരും ഇല്ലാത്തവരും ഏതു സമുദായത്തിലും കാണും. പക്ഷെ ജീവിതരീതിയും പാരമ്പര്യവും ഒപ്പം പെരുമാറേണ്ടി വരുന്ന സമൂഹവും ജാതിയെയും മതത്തെയും ആശ്രയിച്ചിരിക്കും. അപ്പോൾ പെട്ടെന്നൊരു പെൺകുട്ടി മറ്റൊരു സമുദായത്തിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ ഈവക കാര്യങ്ങൾ പല പ്രശ്നങ്ങളുമുണ്ടാക്കും. നീ വളർന്നുവന്ന സമുദായം എന്തായാലും നിന്നെ പുറംതള്ളും. അതിനെയൊക്കെ മറികടക്കാനുള്ള മനക്കരുത്തൊന്നും നിനക്കുണ്ടെന്നു തോന്നുന്നില്ല. കാരണം നീ ലോകം കണ്ടിട്ടില്ല. നിനക്കത് താങ്ങാൻ പറ്റില്ല്യ. അപ്പൊ അവസാനംണ്ടാവ്വാ വല്യേ കഷ്ടായിരിക്കും. അല്ല, ഞാൻ പറേണത് കുട്ടിയ്ക്ക് മനസ്സിലാവ്ണ്ണ്ടല്ലൊ?’
പദ്മിനി കുറച്ചുനേരം ഒന്നും സംസാരിക്കാതെ തിരുമേനിയുടെ ഒപ്പം നടന്നു. കുട്ടിക്കാലത്ത് സന്ധ്യ കഴിഞ്ഞ നേരത്ത് ഭയത്തോടെ ചാത്തയുടെ പറമ്പിലേയ്ക്കു നോക്കുമ്പോൾ അവിടെ കുടിലിന്റെ മുറ്റത്ത് ആളിക്കത്തുന്ന തീയും പേടിപ്പിക്കുന്ന നിഴലുകളും കാറ്റിൽ കല്ലുമ്മക്കായ ചുടുമ്പോഴുണ്ടാവുന്ന ദുർഗന്ധവും അവളുടെ ഓർമ്മയിലെത്തി. ശരിയായിരിക്കാം; അത് മറ്റൊരു ജിവിതരീതിയാണ്.
അവൾ ആലോചിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്പുണ്ടായ ഒരു സംഭവം അവളുടെ മനസ്സിലേയ്ക്ക് തള്ളിവന്നു. സന്ധ്യയ്ക്ക് എന്തോ ആലോചിച്ച് ഉമ്മറത്തിരിക്കയായിരുന്നു. ഇരുട്ടിയതറിഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് അകത്തുപോയി നിലവിളക്കു കൊളുത്തി. മുറ്റത്തേയ്ക്കിറങ്ങുമ്പോഴാണ് കണ്ടത് ചാത്ത കൈകൂപ്പി നിൽക്കുന്നു. അവൾ വിളക്ക് കാണിക്കാനായി അയാളുടെ മുമ്പിൽ ഒരു നിമിഷം നിന്നു, പിന്നെ തുളസിത്തറയെ വലംവച്ചു തിരിവച്ചു അകത്തേയ്ക്കു പോയി. പോകുമ്പോൾ അവൾ പറഞ്ഞു.
‘ഇരിക്കൂ, ഞാനിപ്പൊ വരാം.’
അവൾ വിളക്ക് കോലായിൽ നിലത്തുവച്ച് അകത്തേയ്ക്കുപോയി റാന്തൽ കൊളുത്തിക്കൊണ്ടുവന്നു. ചാത്ത മുറ്റത്തു നിൽക്കുകയാണ്. അവൾ പറഞ്ഞു.
‘ഇങ്ങോട്ടു കയറിയിരിക്കു.’
‘വേണ്ട കൊച്ചമ്പ്രാട്ടി ഞാനീടെ നിന്നോളാം.’
‘എന്താ കയറി ഇരുന്നാൽ?’
‘ഒന്നുംണ്ടായിട്ടല്ല. അതൊര് സ്വപാവായിരിക്ക്യാണ്. ഈ തറവാടും ആയിട്ട് ഞങ്ങക്ക് ഇമ്മിണി കാലായിട്ട്ള്ള ബന്ധാ. കൊച്ചമ്പ്രാട്ടിയ്ക്ക് അതൊന്നും അറീണ്ടാവില്ല. ന്റെ അച്ഛൻ വല്ല്യേവല്ല്യമ്പ്രാന്റെ അടിമ്യായിരുന്നു. ജോലിയെട്ക്കണം. കൂലിയൊന്നുംല്ല്യ. രണ്ട്നേരം കഞ്ഞികിട്ടും. അവര്ടെ പടിക്കല്തന്നെ കെടക്കാൻ ഒരു കുടില് കെട്ടാൻ സമ്മതൂം തരും. നല്ലോണം ജോലിയെടുത്തില്ലെങ്കില് വല്യമ്പ്രാൻ കെട്ടിയിട്ട് തല്ലും, ചവിട്ടും. കുട്ട്യാമ്പൊ ഞാനതൊക്കെ കണ്ടിട്ട്ണ്ട്. ഞാൻ ഓടിപ്പോയി കുടീല് ഒരു മൂലേലിര്ന്ന് പേടിച്ച് കരയും. അങ്ങിന്യൊക്ക്യായിര്ന്ന് അന്നൊക്കെ. ബാഗം ചെയ്ത് വല്യമ്പ്രാട്ടിയ്ക്ക് ഈ വീടും പറമ്പും കിട്ട്യേപ്പൊ ന്റച്ഛനീം ഇങ്ങട്ട് പറഞ്ഞയച്ചു, പടിക്കല്ള്ള പറമ്പില് കുടിവെച്ചോളാൻ പറഞ്ഞു. കൊച്ചമ്പ്രാട്ടിടെ മുത്തച്ഛനും അത്ര ദയള്ള ആളൊന്നും ആയിര്ന്നില്ല. അച്ഛനെ തല്ലാറില്ല്യാന്നേള്ളൂ. അപ്പഴീക്കും ന്റച്ഛന് വയസ്സായി. പിന്നെ ഞാനാ ജോലിയൊക്കെ ചെയ്യാറ്. കൊച്ചമ്പ്രാട്ടിടെ അച്ഛൻ നല്ല ആളായിരുന്നു, പഷ്ഷേ പടച്ചമ്പ്രാൻ നേരത്തെ വിളിച്ചോണ്ടോയി.
‘അങ്ങന്യൊക്ക്യാ ഞങ്ങള് വളർ ന്നത്. ഒതുങ്ങി, പേടിച്ചോണ്ട്. ആ പേടീം ഓർമ്മീം ഒക്കെ ഞങ്ങടെ ഒപ്പംണ്ടാവും. അത് മാറാൻ ഇനീം കാലെടുക്കും. കൊച്ചമ്പ്രാട്ടി ഒന്നും വിജാരിക്കര്ത്ട്ടോ. ഞാൻ നാളെ വരാം. കടേന്ന് എന്തെങ്കിലും വാങ്ങാ ണ്ടോന്ന് ചോയ്ക്കാൻ വന്നതാ?’
‘ഇല്ല്യ. ഇന്നൊന്നും വേണ്ട.’ പദ് മിനി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
ചാത്ത പടിക്കലെത്തിയപ്പോൾ അവൾ ഇരുത്തിമേൽ കുഴഞ്ഞിരുന്നു. അവൾ കരയുകയായിരുന്നു. അച്ഛനെ തമ്പ്രാൻ കെട്ടിയിട്ട് അടിക്കുന്നതു കണ്ട് പേടിച്ചരണ്ട് കുടിലിന്റെ വെളിച്ചമില്ലാത്ത മൂലയിൽ ഒളിച്ചിരുന്നു കരയുന്ന ഒരു കുട്ടിയുടെ മുഖം അവൾ കണ്ടു.
‘ഞാൻ പറഞ്ഞതിനെപ്പറ്റി മോള് ആലോചിക്ക്ണ്ണ്ടോ?’
പദ്മിനി ഞെട്ടി. കുറച്ചുനേരമായി അവൾക്ക് സ്ഥലകാലബോധം നശിച്ചിരിക്കയായിരുന്നു. അവൾ തിരുമേനിയെ നോക്കി. ഒരു മാവിൻ ചുവട്ടിലെത്തിയപ്പോൾ അദ്ദേഹം നിന്നു.
ഒരിക്കൽ അറുമുഖൻ കല്യാണത്തെപ്പറ്റി പറയുകയുണ്ടായി. അമ്മ അമ്മയെപ്പോലെള്ള ഒരു പാവം പെണ്ണിനെ എനിക്കു വേണ്ടി കണ്ടുപിടിക്കും. ഞാനവളെ കല്യാണം കഴിച്ച് വലിയ ആഗ്രഹങ്ങളൊന്നുംല്യാതെ ന്റെ കൊച്ചു കുടിലില് താമസിക്കും. അതോർത്തപ്പോൾ അവൾ ആലോചിച്ചു. ശരിയാണ്, അറമുഖന് അവന്റെതായ ലോകമുണ്ട്, സ്വപ്നങ്ങളുണ്ട്. ഞാൻ എന്റെ വിധിയെ മറികടക്കാൻ അറുമുഖനെ ഒരു കരുവാക്കരുത്. അവന്റെ സന്തോഷവും സംതൃപ്തമായ ജീവിതവും നശിപ്പിക്കുകയെ താൻ അതുകൊണ്ട് ചെയ്യൂ.
പദ്മിനി പോയശേഷം തിരുമേനി കുറച്ചു നേരം കണ്ണടച്ചിരുന്നു. അദ്ദേഹം വി.ടി. ഭട്ടതിരിപ്പാടിനെഓർക്കുകയായിരുന്നു. വി.ടി. ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട്. ഇല്ലത്ത്, അച്ഛൻ നമ്പൂതിരി ഉറങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ തന്റെ രണ്ടൂമൂന്ന് ഈഴവ സ്നേഹിതന്മാരെ അകത്തു വിളിച്ചു ഊണു കൊടുത്ത കഥ. അന്തർജ്ജനങ്ങൾ വിളമ്പുകയായിരുന്നു. നിർഭാഗ്യവശാൽ അച്ഛൻ എഴുന്നേറ്റു വന്നു അവർ ഏതില്ലത്തുനിന്നു വന്ന നമ്പൂതിരിമാരാണെന്ന് അന്വേഷിച്ചു. അപ്പോഴേയ്ക്ക് അന്തർജ്ജനങ്ങളെല്ലാം ഭയന്ന് അകത്തേയ്ക്ക് ഓടിയൊളിച്ചു. ഏതെങ്കിലും നമ്പൂതിരിമാരാണെന്ന് നുണ പറയാനുള്ള പ്രേരണ മാറ്റിനിർത്തി അവസാനം സത്യം തുറന്നു പറഞ്ഞു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച വി.ടി.യെ എതിരേറ്റത് അച്ഛന്റെ സാന്ത്വന വചനങ്ങളായിരുന്നു. അറുപതിനുമേൽ വയസ്സായ സാത്വികനായ, യാഥാസ്തികനായ ഒരു നമ്പൂതിരിയ്ക്ക് മൂന്നു പതിറ്റാണ്ടുമുമ്പ് ഇങ്ങിനെ ഒരു തീരുമാനമെടുക്കാമെന്നുണ്ടെങ്കിൽ ഇന്ന് പുരോഗമനത്തിന്റെ കാറ്റ് വീശിയടിക്കുന്ന ഇക്കാലത്ത് ഒരു നായർ പെൺകുട്ടിയും പുലയയുവാവും തമ്മിലുള്ള വിവാഹം വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കേണ്ടതില്ല. പക്ഷെ കാര്യങ്ങൾ അങ്ങിനെയൊന്നുമല്ലെന്ന് തിരുമേനിയ്ക്കറിയാം.
അവൾക്ക് കാര്യം മനസ്സിലായെന്നാണ് പിന്നീടവളുടെ സംസാരത്തിൽ നിന്നു വരുന്നത്. തനിക്കൊരിക്കലും ഈ കാര്യത്തിൽ മനസ്സാക്ഷിക്കുത്തിന്റെ ആവശ്യമില്ല. അവൾ ഒന്നും ആലോചിക്കാതെ ഒരെടുത്തുചാട്ടത്തിന് മുതിർന്നതാണെന്നു സമ്മതിച്ചു. വിധിയിലുള്ള അമ്മയുടെ വിശ്വാസംമൂലമാണ് അവൾക്ക് ഇങ്ങിനെ ഒരു തീരുമാനമെടുക്കാൻ തോന്നിച്ചത്. അമ്മ ജീവിതകാലം മുഴുവൻ വിധിയിൽ വിശ്വസിച്ച് കഷ്ടപ്പെടുകയാണുണ്ടായത്. ആരുടെ മേലും പഴിചാരാതെ അവർ നിശ്ശബ്ദയായി അവരുടെ ജിവിതത്തെ സ്വീകരിച്ചു. അത് പദ്മിനിയ്ക്ക് സ്വീകാര്യമായിരുന്നില്ല. എല്ലാം വിധിയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് വേദന കടിച്ചുതിന്നുന്ന ഒരു ജീവിതം അവൾക്കു വേണ്ട. അതുകൊണ്ട് വിധിയെ മറികടന്ന് അവൾതന്നെ സ്വന്തം ജീവിതമുണ്ടാക്കാൻ ശ്രമിച്ചതാണ്.
‘വിധിയ്ക്കനുസരിച്ചേ നമ്മുടെയൊക്കെ ജീവിതം നീങ്ങൂ എന്നാണ് എന്റെ അനുഭവം.’ തിരുമേനി തുടർ ന്നു. ‘അപ്പോൾ നമുക്കു കിട്ടുന്ന ജീവി തം ആവുന്നത്ര ഭംഗിയായി, സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. മോൾക്ക് ഇപ്പോൾ ഇരുപത്തൊന്നു വയസ്സല്ലെ ആയിട്ടുള്ളു. നിരാശപ്പെടാതിരിക്കൂ. ജീവിതം മുഴുവൻ മുമ്പിൽ കെടക്ക്ണ്ണ്ട്. മോള്ടെ ജാതകൊന്ന് കൊണ്ടെത്തരു. അല്ലെങ്കിൽ വേണ്ട ഞാനവിടെ വന്നിട്ട് കുറിപ്പെടുത്തോളാം.’
വീട്ടിലെത്തി അടഞ്ഞുകിടക്കുന്ന വാതിൽ കണ്ടപ്പോഴാണ് അമ്മ ഇല്ലെന്ന ബോധം പദ്മിനിയ്ക്കുണ്ടായത്. തിരുമേനിയുടെ ഇല്ലപ്പറമ്പിൽ തിരുമേനിയുടെ ഒപ്പം നടക്കുമ്പോഴൊക്കെ അമ്മ കാത്തിരിക്കുന്നുണ്ടാവുമെന്ന ബോധം മനസ്സിലുണ്ടായിരുന്നു. വാതിൽ തുറക്കാനാവാതെ അവൾ ഉമ്മറത്തെ ഇരുത്തിമേൽ ഇരുന്നു. അമ്മ മരിച്ചതിൽ പ്പിന്നെ അമ്മയെ കാണണമെന്ന മോ ഹം ഇത്രയും കഠിനമായി ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് മനസ്സു നിറയെ അമ്മയാണ്. അവൾ മുറ്റത്തേയ്ക്കിറങ്ങി തെക്കേ പറമ്പിലേയ്ക്കു നടന്നു. പുളിമാവിനു താഴെയുള്ള മൺകൂനയ്ക്കു മീതെ നിറയെ പാഴ്ചെടികൾ വളർന്നു നിൽക്കുന്നു. അമ്മയുടെ ജീവിതവും അങ്ങിനെയായിരുന്നു. പാഴ്ചെടികൾ നിറയെ വളർന്നു പടർന്ന ഒരു ജീവിതം. അതിൽനിന്ന് അമ്മയ്ക്ക് രക്ഷപ്പെടാമായിരുന്നോ. ജീവിതത്തിൽ ആദ്യമായി അവൾ സ്വയം ചോദ്യം ചെയ്തു. ഇതുവരെ അവൾ സ്വന്തം മനസ്സു പറയുന്നതാണ് ശരി എന്ന പിടിവാശിയിലായിരുന്നു. അമ്മ എങ്ങിനെ രക്ഷപ്പെടുമായിരുന്നു എന്ന് അവൾ ആലോചിച്ചു. നമുക്കോരോരുത്തർക്കും ഓരോ ജീവിതം കിട്ടിയിട്ടുണ്ട്, അതു ഭംഗിയായി ജീവിച്ചു തീർക്കുക എന്ന് തിരുമേനി പറഞ്ഞതിന്റെ പൊരുൾ അവൾക്കിപ്പോഴെ മനസ്സിലായുള്ളു. പാവം അമ്മ. അവർക്കു കിട്ടിയ ജീവിതം ഭംഗിയായി ജീവിച്ചു തീർക്കാൻ വിഷമമുള്ളതായിപ്പോയി.
‘അമ്മേ,’ പദ്മിനി പതുക്കെ വിളിച്ചു, ‘അമ്മ പറഞ്ഞിരുന്നതാണ് ശരിന്ന് എനിക്കിപ്പോ തോന്നുണു. പക്ഷെ...?’
അവൾ തിരിച്ചു വീട്ടിലേയ്ക്കു നടന്നു. മുറ്റത്തെത്തിയപ്പോൾ അവൾ നിന്നു. അവിടെനിന്നു നോക്കിയാൽ വടക്കെ പറമ്പ് നന്നായി കാണാം. അവളുടെ ശ്രദ്ധ കാറ്റിൽ ആഞ്ഞുലയുന്ന കവുങ്ങിൻ തലപ്പുകൾ പിടിച്ചെടുത്തു. രണ്ടു വർഷങ്ങൾക്കുമുമ്പ് വാടിനിന്നിരുന്ന തലപ്പുകൾ പച്ചയണിഞ്ഞ് നിൽക്കുന്നു. ഒരുമാതിരി എല്ലാ കവുങ്ങുകളുടെയും തലപ്പുകളിൽ ചൊട്ടയിട്ടിരിക്കുന്നു. അവ വിരിയാറായിത്തുടങ്ങി. മറുഭാഗത്തുള്ള തെങ്ങിൻ തലപ്പുകളുടെയും ക്ഷീണം മാറി വരുന്നു. വെട്ടും കിളയും നനയും അവയെ തിരിച്ച് ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരികയാണ്.
അവൾ പടിഞ്ഞാറ്റയിൽ പോയി അദൃശ്യരായ ദേവതകളെ തൊഴുതു. ഞാൻ എനിക്കു കിട്ടിയ ജീവിതം കഴിയുന്നത്ര ഭംഗിയായി ജീവിച്ചുതീർക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനെനിക്ക് നിങ്ങളുടെയൊക്കെ തുണ വേണം. ഒരു കുളിർകാറ്റ് വാത്സല്യത്തോടെ തഴുകുന്നതായി അവൾക്ക് തോന്നി. ഈ അടച്ചിട്ട, ജനലുകൾകൂടി ഇല്ലാത്ത മുറിയിൽ കാറ്റോ? തന്റെ തോന്നലായിരിക്കണം. അവൾ കുറച്ചുനേരം കണ്ണടച്ചു നിന്നു.