കൊച്ചമ്പ്രാട്ടി: പതിനൊന്ന്
കൊച്ചമ്പ്രാട്ടി: പതിനൊന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | കൊച്ചമ്പ്രാട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 116 |
കാലം അവിടവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു മുള്ളുവേലിപോലെയാണെന്ന് പാറുവമ്മയ്ക്ക് തോന്നി. വേലിയുള്ളിടത്ത് ഇടതൂർന്ന വേലിതന്നെയാണ്. ഇടയ്ക്കുള്ള വിടവിലൂടെ ഓർമ്മകൾ പിടിവിട്ടുപോകുന്നു. കയറഴിച്ചുവിട്ട പശുക്കളെപ്പോലെ. എന്താണ് സംഭവിച്ചതെന്ന് അറിയുംമുമ്പെ പല കാര്യങ്ങളും നടന്നുകഴിയുന്നു. തിരിഞ്ഞുനോക്കുമ്പോഴാണ് മനസ്സിലാവുന്നത്, അഞ്ചോ എട്ടോ വർഷം കൈയ്യിൽനിന്ന് ചോർന്നുപോയി. മുമ്പിലുള്ള പൊട്ടിപ്പൊളിഞ്ഞ വേലി കണ്ടപ്പോൾ അവർ ഓർത്തു. കാലം മാത്രമല്ല അതിനോടൊപ്പം പല ഓർമ്മകളും മനസ്സിൽനിന്ന് രക്ഷപ്പെട്ടുപോയിരിക്കുന്നു. ഈ വേലി കെട്ടിയത് ഓർമ്മയുണ്ട്. ചാത്ത ഇപ്പുറത്തും കറമ്പൻ അപ്പുറത്തുമായി നിന്ന് വേലി കെട്ടി. മുള വെട്ടിയെടുത്ത മുള്ളു നിരത്തി മുള പൊളിച്ചുണ്ടാക്കിയ ചീന്തുകൾ ഇരുവശത്തും വിലങ്ങനെ വച്ച് വാരി കെട്ടുന്നു. ഓലമടലിന്റെ ഉൾഭാഗത്തുനിന്ന് ചീന്തിയെടുത്ത പാന്തത്തിന്റെ നാരുകൾകൊണ്ടാണ് കെട്ടുന്നത്. പതിനൊന്ന് മണിയ്ക്ക് ഒരു മൊന്തയിൽ കഞ്ഞിവെള്ളത്തിലുപ്പിട്ട് അതും രണ്ടു ഗ്ലാസ്സുമായി പാറുവമ്മ വേലിയ്ക്കൽ ചെല്ലും. ജോലിയിൽ ഒരു ഒഴിവു കിട്ടിയാലെ ചാത്ത കഞ്ഞിവെള്ളം കുടിയ്ക്കൂ. പാറുവമ്മ മൊന്ത നിലത്തുവച്ച് അവർ ജോലി ചെയ്യുന്നത് നോക്കിനിൽക്കും. കെട്ടിക്കഴിഞ്ഞ ഭാഗങ്ങൾ പരിശോധിക്കും. അത് ഏതു വർഷത്തിലായിരുന്നു? ഓർമ്മയില്ല. ആ വർഷത്തിലായിരുന്നു മോൾ വയസ്സറിയിച്ചത് എന്നുമാത്രം ഓർമ്മയിൽ നിൽക്കുന്നുണ്ട്. മോൾ വയസ്സറിയിച്ച കാര്യം ഓർക്കുമ്പോഴെല്ലാം പച്ചമുള ചീന്തുന്നതിന്റെ ശബ്ദവും മണവും വരുന്നു. രാവിലെയാണ് പദ്മിനി അടുക്കളയിലേയ്ക്ക് ഓടിവന്നത്.
‘അമ്മേ നോക്കു, എനിക്ക് ഇവിടെ ഒരു കുരുണ്ട്ന്നു തോന്നുണു. ചോര വരുണു.’
കാലിന്റെ ഒടിയിൽ ചൂണ്ടി അവൾ പറഞ്ഞപ്പോൾ അടുപ്പു ചാണകംകൊണ്ട് തേമ്പി വൃത്തിയാക്കുന്ന ദേവകി ചിരിക്കാൻ തുടങ്ങി. ദേവകിയെ അദ്ഭുതത്തോടെ നോക്കിനിൽക്കുന്ന മകളെ പാറുവമ്മ അണച്ചു പിടിച്ചു.
‘സാരംല്ല്യ, രണ്ടീസംകൊണ്ട് മാറും.’
അവർ തെക്കെ മുറിയിൽ കാവിയിട്ട നിലത്ത് കറുത്ത കമ്പിളി വിരിച്ചു അതിനുമീതെ അലക്കിയ മുണ്ടു വിരിച്ച് മകളെ ഇരുത്തി. മുമ്പിൽ നിലവിളക്കു കൊളുത്തി വച്ചു. നാലാം ദിവസം തെരണ്ടുകല്യാണം ഗംഭീരമായി ആഘോഷിച്ചപ്പോൾ പത്തായത്തിൽ നെല്ലും അറയകത്ത് അപ്പൂട്ടി കാഴ്ചവച്ച വെള്ളരിക്കയും ഇളവനും ചേനയുമുണ്ടായിരുന്നു. പിന്നെ ഒരു ദിവസം എല്ലാം അപ്രത്യക്ഷമായി. അതെങ്ങിനെയാണെന്ന് പാറുവമ്മയ്ക്ക് ഓർമ്മയില്ല. ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിൽ എലിക്കാട്ടത്തിന്റെയും അറയിൽ നരിച്ചീറുകളുടെയും മണം തങ്ങിനിന്നു. പത്തായപ്പുരയുടെ അറയകത്തു വച്ചിരുന്ന വലിയ ചരക്കുകളും ഓട്ടുരുളികളും കുറ്റൻ ചട്ടുകങ്ങളും എങ്ങിനെയോ അപ്രത്യക്ഷമായിരിക്കുന്നു. പത്തായപ്പുരയിൽ കേശവൻ വൈദ്യർ ഇടയ്ക്കു കയറിപ്പോയി. ഇറങ്ങിവന്ന് ഉമ്മറത്തിരുന്ന് പുതിയ കഷായത്തിന് കുറിപ്പടി തരികയോ ഇപ്പോഴുള്ള കഷായംതന്നെ തുടർന്ന് കൊടുക്കാൻ പറയുകയോ ചെയ്യും. എന്താണ് സംഭവിച്ചതെന്ന് ഓർക്കാൻ പാറുവമ്മ ശ്രമിച്ചു. അവിടെയെല്ലാം ഓർമ്മയുടെ വേലി കുറ്റിയടക്കം പോയിരിക്കുന്നു. ഇനി അതു കെട്ടലൊന്നുമുണ്ടാവില്ല.
‘എന്താ അമ്മ ഇവിടെ വന്നു നിൽക്കണത്?’
പദ്മിനി ചോദിച്ചു. അവൾ വന്നത് പാറുവമ്മ അറിഞ്ഞില്ല.
‘ഞാൻ കൊറേ നേരായി അമ്മേ അന്വേഷിച്ചു നടക്കുണു. ഇങ്ങനെ ഒറ്റയ്ക്ക് ഇവിട്യൊന്നും വന്ന് നിക്കര്ത്ന്ന് ഞാൻ അമ്മ്യോട് പറഞ്ഞിട്ടില്ലേ.’
പദ്മിനി അമ്മയുടെ കൈ പിടിച്ചു.
‘ഞാൻ നമ്മടെ വേലിടെ അവസ്ഥ നോക്ക്വായിരുന്നു മോളെ. കണ്ടില്ലെ പൊളിഞ്ഞിരിക്കണത്?’
‘സാരല്യ അമ്മെ, വേലി പൊളിയ മാത്രല്ലെണ്ടായിട്ടുളളു. വീട് പൊളിക്കാൻ തൊടങ്ങീട്ടില്ലല്ലൊ.’
പാറുവമ്മ മകളെ നോക്കി. അവൾ മേൽ കഴുകി ബ്ലൗസും മുണ്ടും മാറ്റി ഭസ്മം തൊട്ടിട്ടുണ്ട്. ഈയിടെയായി അവൾ പറയുന്നതൊന്നും പാറുവമ്മയ്ക്കു മനസ്സിലാവുന്നില്ല.
‘അമ്മേ വേലി തന്നത്താൻ പൊളിയണതല്ല. പൊളിക്കണതാണ്. കാളി പൊളിച്ചു കൊണ്ടോവണത് ഞാൻ കാണാറ്ണ്ട്. എല്ലാം അവള്‌ടെ അടുപ്പിലെത്ത്ണ്ണ്ട്. പറമ്പില് വീഴണ മടലും തേങ്ങേം വല്ലതും നമ്ക്ക് കിട്ട്ണ്‌ണ്ടോ ഇപ്പോ? എന്തെങ്കിലും പറയാൻ പറ്റ്വോ. വല്ലതും പറഞ്ഞാൽ പിന്നെ ഇവിടെ ജീവിക്കാൻ പറ്റില്ല.’
ഒന്നും മനസ്സിലാവാത്ത മട്ടിൽ നോക്കിനിൽക്കുന്ന അമ്മയെ അവൾ കൈ പിടിച്ച് നടത്തി. വടക്കെ അതിരിൽ പാമ്പിൻകാവ് ഇരുട്ടുപിടിച്ചു കിടന്നു. പാറുവമ്മ കുറച്ചുനേരം അതുംനോക്കി നിന്നു.
‘എത്ര കാലായി പൂജ ചെയ്തിട്ട്?’
‘അമ്മ ഇങ്ങട്ടു വരു. ചെയ്യാൻ പറ്റാത്തതിനെപ്പറ്റി പറഞ്ഞിട്ട് കാര്യല്യ. ചെയ്തതിനെപ്പറ്റി ഓർത്താ മതി.’
‘എന്താത്?’
നമ്മള് ഇന്നലെ രണ്ട് നേരം കഞ്ഞി കുടിച്ചു. ഇന്നും ഉച്ചയ്ക്ക് കുടിച്ചു, വൈന്നേരത്തേയ് ക്ക്ള്ളതുംണ്ടാവും. നാളെ എന്താ ചെയ്യാൻ പോണ്ന്നറിയില്ല. ആലോചിക്കാതിരിക്ക്യാ നല്ലത്.’
പദ്മിനി ആലോചിച്ചു. പാമ്പിൻകാവിൽ എല്ലാ കൊല്ലവും എമ്പ്രാന്തിരി വന്ന് പൂജ ചെയ്യാറുണ്ട്. രാവിലെത്തന്നെ അറുമുഖനോടു പറഞ്ഞ് കാവിന്റെ പടിഞ്ഞാറു വശം പുല്ലും പാഴ്‌ചെടികളും ചെത്തി വൃത്തിയാക്കിക്കും. ഒരു കൊല്ലത്തെ വളർച്ചയുള്ള കുറ്റിക്കാടുകൾ ഒരു മുറിയുടെ വലുപ്പത്തിൽ പിൻവാങ്ങും. ദേവകി അവിടം ചാണകം മെഴുകി വൃത്തിയാക്കും. വൈകുന്നേരമാകുമ്പോഴേയ്ക്ക് ചിത്രകൂടക്കല്ലിനു മുമ്പിലുള്ള സ്ഥലം ഉണങ്ങിയിട്ടുണ്ടാവും. അവിടെയാണ് കുറുപ്പ് കളം വരയ്ക്കുക. ഒരിക്കൽ അവിടെ സർപ്പത്തുള്ളലുണ്ടായിട്ടുള്ളത് പദ്മിനിയ്ക്ക് ഓർമ്മയുണ്ട്. നേരിയ ഓർമ്മ മാത്രമേയുള്ളു. വർഷങ്ങളെ ചവിട്ടിമെതിച്ച് കടന്നുപോയ ഋതുക്കൾ നാശപ്പെടുത്തുക കാരണം അവിടവിടെ ചായം അടർന്നുപോയ ചിത്രങ്ങൾ. തുള്ളുന്ന കൈകളിൽ കിടന്ന് വിറയ്ക്കുന്ന കവുങ്ങിൻ പൂക്കുലകൾ. മുടിയഴിച്ചിട്ടുലയുന്ന ഇളം ദേഹങ്ങൾ, ഉടുക്കിന്റെയും വായ്പ്പാട്ടിന്റെയും ശബ്ദലഹരിക്കിടയിൽ, നീങ്ങിനിരങ്ങി കളം മുഴുവൻ മായ്ക്കുന്നു. വെളിച്ചപ്പാടിന്റെ ‘ഹിയ്യ്യാ’ വിളികൾ. വെളിച്ചപ്പാടിന്റെ കല്പനകൾ കേൾക്കാനെന്നപോലെ പദ്മിനി ഒരു നിമിഷം നിന്നു.
‘അമ്മേ, അമ്മയ്ക്ക് കാവിലെ പൂജ ചെയ്തിരുന്നതൊക്കെ ഓർമ്മണ്ടോ?’
‘ണ്ട്.’ അവർ തലയാട്ടി. അതെല്ലാം കാലത്തിന്റെ പൊളിഞ്ഞിട്ടില്ലാത്ത വേലികൾക്കുള്ളിലെ സംഭവങ്ങളാണ്. അവിടെ വേലി ഉറപ്പുള്ളതാണ്, പച്ചപ്പടർപ്പുകളും പൂത്തുനിൽക്കുന്ന അരിപ്പൂച്ചെടികളും നിറഞ്ഞതാണ്.
‘അമ്മേ വരു.’ അവൾ അമ്മയുടെ കൈ പിടിച്ചു വലിച്ചു. ഇപ്പാൾ തൊട്ട് അങ്ങിനെയാണ്. എന്തെങ്കിലും പറഞ്ഞാൽ മതി, അതും ആലോചിച്ചുകൊണ്ട് അവിടെ ഒരു നില്പാണ്. സ്ഥലകാലങ്ങൾ അവരുടെ കൈയ്യിൽനിന്ന് വഴുതിപ്പോകും. കഴിഞ്ഞ കാലത്തിന്റെ ചിത്രങ്ങൾ പൊടിതട്ടാൻ ശ്രമം നടത്തും. പല ചിത്രങ്ങളും പൊടിപിടിച്ചതല്ല ശരിക്കും പൂതലിച്ചതാണ് എന്ന ബോധം വരുമ്പോൾ ആ ശ്രമം ഉപേക്ഷിക്കും.
‘അമ്മേ സൂക്ഷിച്ചു നടക്കു. തെങ്ങിന്റെ ചോട്ടീക്കൂടെ നടക്കണ്ട. തേങ്ങേം മടലും ഒക്കെ ഒണങ്ങി വീഴാറായി നിക്ക്ണ്ണ്ട്. ഇനി തെങ്ങ് കേറണോര്‌ടെ എഴുന്നള്ളത്ത് എന്നാണാവോ? അല്ലെങ്കിൽ വന്നിട്ട് നമുക്ക് എന്താ കാര്യം അല്ലെ? ഒക്കെ വിറ്റ് അഡ്വാൻസ് വാങ്ങീല്ലേ ആങ്ങള? എന്നാലും ഇത് ആരുടേം മണ്ടേല് വീഴാതെ കഴിക്കാലോ.’
കിടപ്പിലാവുന്നതിനുമുമ്പ് വിജയൻമാമ രണ്ടു കൊല്ലത്തേയ്ക്കുള്ള തേങ്ങ മുഴുവൻ വിറ്റ് അച്ചാരം വാങ്ങിയിരിക്കുന്നു. ഒരു ഏകാദശിയ്ക്ക് അമ്മയ്ക്ക് വേണ്ടി ഇളനീർ ഇടാൻ അറുമുഖനെ വിളിച്ചപ്പോഴാണ് വിജയൻമാമ പറയുന്നത്. ‘ഇളനീർ ഇടണ്ട. മൊയ്തീന് അതിന്റെ ഒക്കെ കണക്കുണ്ടാവും.’ അന്ന് അമ്മ വെള്ളംകൂടി കുടിയ്ക്കാതെ കിടന്നു.
തേങ്ങയ്ക്ക് വില കൂടുമ്പോൾ മാപ്പിള ആൾക്കാരുമായി വന്ന് തെങ്ങു കേറ്റിയ്ക്കുന്നു. അടർന്നു വീണ തേങ്ങകളുടെ കണക്കു പറയുന്നു. വീണ തേങ്ങകൾ ആരെങ്കിലും വന്ന് എടുത്തു കൊണ്ടുപോകുകയാണെന്നു പറയുന്നതൊന്നും അയാളിൽ ഏശുന്നില്ല. ‘ഞമ്മക്കതൊന്നും അറ്യണ്ട. അതൊക്കെ നോക്കണ്ടത് ഇങ്ങടെ ചൊമതല്യല്ലെ?’ ഇരുപത്തഞ്ചു തേങ്ങ വീട്ടാവശ്യത്തിന് തരുമെന്നായിരുന്നു കരാർ. ഏറ്റവും മോശം തേങ്ങയെ തരൂ. ആ തെരവിൽനിന്നുതന്നെ ഉണങ്ങി വീണുപോയ തേങ്ങയുടെ എണ്ണം തിട്ടപ്പെടുത്തി കുറയ്ക്കുകയും ചെയ്യും. അടയ്ക്കയും മുൻകൂറായി വിറ്റതുതന്നെയാണ്. ഇനി എന്തൊക്കെയാണാവോ മുൻകൂറായി വിറ്റിരിക്കുന്നത്.
പദ്മിനി തിരി തെറുത്തു നിലവിളക്കിലിട്ടു. വിളക്കിൽ എണ്ണ കുറച്ചു ബാക്കിയുണ്ട്. അത് രണ്ടു ദിവസത്തേയ്ക്കു കൂടി ഉപയോഗിക്കണം. മൂന്നാം ദിവസം എണ്ണ വാങ്ങിക്കാൻ ആരെങ്കിലും പണവുമായി വരുമെന്ന പ്രതീക്ഷയൊന്നുമില്ല. എണ്ണക്കാരൻ കാദർക്കാ ഇപ്പോൾ വരാറില്ല. വല്ലപ്പോഴും വരുമ്പോൾ ചിരിച്ചുകൊണ്ട് ചോദിക്കും. ‘കായിയൊന്നും ആയില്ലാ അല്ലെ?’ അയാൾ ചീത്ത വിളിച്ചിരുന്നെങ്കിൽ ഇത്ര വിഷമമുണ്ടാവില്ലായിരുന്നു. അയാൾക്ക് കൊടുക്കാനുള്ള പണത്തിന്റെ കണക്ക് നോട്ടുപുസ്തകത്തിലെ ഒഴിഞ്ഞ ഏടുകളിലൊന്നിൽ എഴുതിവച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ്സിന്റെ പകുതിവച്ച് പഠിത്തം നിർത്തിയപ്പോൾ എടുത്തുവച്ച കണക്കുനോട്ടുപുസ്തകത്തിൽ കൊടുക്കാനുള്ള പണത്തിന്റെ പട്ടികകൾ നിരന്നു. അതും കണക്കുതന്നെ. കണക്കുപുസ്തകത്തിന്റെ തലയിലെഴുതിയ വരയ്ക്കും മാറ്റമൊന്നുമില്ല.
‘അമ്മേ വെളക്ക് കൊളുത്താൻ പോവ്വാ. കാലും മുഖും കഴുകു.’
വിളക്കു കണ്ടശേഷം പാറുവമ്മ നാമം ജപിക്കാനിരുന്നു. അത് ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു പോകും. പണ്ടൊക്കെ പത്തുമിനുറ്റുകൊണ്ട് കഴിച്ചിരുന്നതാണ് നാമജപം. അവർക്കിപ്പോഴും ആശ ബാക്കിയുണ്ട് എന്നർത്ഥം. എന്നെങ്കിലും ദൈവം തന്റെയും മകളുടെയും കഷ്ടപ്പാടുകൾ കണ്ടു മനസ്സിലാക്കി അതു മാറ്റിത്തരുമെന്ന് അവർ വിശ്വസിച്ചു. സുഖദുഃഖങ്ങളുടെ ആകത്തുകയിൽ അവർ വിശ്വസിച്ചു. കണക്കു നോക്കുമ്പോൾ ഇപ്പോൾ നല്ല കാലം വരേണ്ട സമയമായിരിക്കുന്നു. അത്രയധികം ദുരിതം അനുഭവിച്ചു തീർത്തിട്ടുണ്ട്. നല്ല കാലം എങ്ങിനെ വരുമെന്നൊന്നും അവർക്കറിയില്ല. മകളുടെ കല്യാണം വഴിയായിരിക്കാം. അവർ പ്രാർത്ഥിക്കുന്നു. കണ്ണീർ ധാരയായി ഒഴുകുന്നു. പദ്മിനിയ്ക്ക് മുലകൊടുത്ത നാളുകളിൽ ചുരന്ന പാൽ കവിഞ്ഞൊഴുകി നനഞ്ഞ മാറിടം ഇപ്പോൾ അവൾക്കുവേണ്ടി പൊ ഴിക്കുന്ന കണ്ണീർ കൊണ്ട് കുതിരുന്നു.
പദ്മിനി ഉമ്മറത്തെ തിണ്ണയിൽ വലയം ചെയ്യുന്ന ഇരുട്ടിൽ പുറത്തേയ്ക്ക് നോക്കിയിരിക്കും. പടിപ്പുരയ്ക്ക് തെക്ക് അറുമുഖന്റെ വീട്ടിലും വടക്ക് കാളിയുടെ വീട്ടിലും അടുക്കളമുറ്റത്ത് അടുപ്പിൽ തീയാളിക്കത്തും. പകൽ നീലിയും കാളിയും വലിയ കുട്ടകളിൽ മരങ്ങളുടെ ചുവട്ടിൽനിന്ന് ചവർ അടിച്ചുകൂട്ടുന്നത് കാണാം. ആ ചവറാണ് അടുപ്പിൽ വലിയ കലത്തിനു താഴെ എരിയുന്നത്. അവൾക്ക് ഓർമ്മ വച്ച കാലം മുതൽ കാണുന്ന ദൃശ്യമാണ്. ഒരു മാറ്റവുമില്ല. ഇനി കുറച്ചു കഴിഞ്ഞാൽ വാഴയിലയിൽ മീൻ ചുടുന്നതിന്റെ മണം വരും. അടുപ്പ് രാത്രി വൈകുന്നതുവരെ അങ്ങിനെ ആളിക്കത്തിക്കൊണ്ടിരിക്കും. രാത്രി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് നിഴലുകൾ പോലെ കാണും. രാത്രി വൈകിയാൽ, എല്ലാവരും കൂടണയുമ്പോഴാണെന്നു തോന്നുന്നു, കാളിയുടെ വീട്ടിൽ നിന്ന് കേൾക്കുന്ന വഴക്ക് ആരുടെയെങ്കിലും നിലവിളിയിൽ അവസാനിക്കുന്നു. ഒരു മാറ്റവുമില്ല. അവരുടെ ജീവിതം നിശ്ചലമാണ്. സർക്കാർ മാറ്റമോ ഭൂപരിഷ്‌കരണങ്ങളോ അവരുടെ ജീവിതനിലവാരം ഉയർത്തിയിട്ടില്ല. മാറ്റം ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? അറുമുഖൻ പറയുന്നത് അവൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ്. വായ്പിട്ടുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നവൻ ചോദിക്കുന്നു. പത്രങ്ങളിൽ വരുന്ന വാർത്തകൾ അവൻ ചൂടോടെ കൊണ്ടുവന്നു തരുന്നു. പുറം ലോകവുമായി പദ്മിനിയ്ക്കുള്ള ഒരേയൊരു ബന്ധം അറുമുഖൻ കൊണ്ടുവരുന്ന വാർത്തകളാണ്.
‘കൊച്ചമ്പ്രാട്ടീ റഷ്യക്കാര് അമേരിക്കക്കാര്‌ടെ വിമാനം വെടിവച്ച് വീഴ്ത്തീന്ന്! ന്നിട്ട് അത് പറപ്പിക്കണ ആളില്ലേ അയാളെ റോക്കറ്റില് ഇരുത്തി താഴത്തേയ്ക്കിറക്കീത്രെ. നല്ല ഒയരത്തില് പോണ വിമാനാത്രെ. യൂടൂന്നാ അതിന്റെ പേര്. നമുക്കൊന്നും കാണാൻ പറ്റില്ല്യാന്ന്. അത്ര ഒയരത്തില് പോണ ആ വിമാനാ റഷ്യക്കാര് വീഴ്ത്തീത്.’
അറുമുഖൻ ഗ്രാമീണ വായനശാലയിൽ പോയി അന്നന്നത്തെ പത്രം വായിക്കുന്നു. അത്ര രാവിലെ വായനശാല തുറന്നിട്ടുണ്ടാവില്ല. പക്ഷേ മാതൃഭൂമിയും ദേശാഭിമാനിയും വരാന്തയിൽ കിടക്കുന്നത് അവനെടുത്തു വായിക്കും. ഒരേ വാർത്തതന്നെ രണ്ടു പത്രങ്ങൾ രണ്ടുവിധത്തിൽ പ്രസിദ്ധപ്പെടുത്തുന്നത് അവനിൽ കൗതുകമുണ്ടാക്കുന്നു. രണ്ടിന്റെയും ഇടയിലെവിടെയോ ആണ് സത്യം കിടക്കുന്നതെന്നവനു മനസ്സിലാവുന്നു. കണ്ണു തുറന്നിരിക്കയും തലച്ചോറ് പണയപ്പെടുത്താതിരിക്കയുമാണ് വേണ്ടത്. അതവന് ധാരാളം സംശയങ്ങളുണ്ടാക്കി. ആ സംശയങ്ങൾ അവൻ പദ്മിനിയോടു പറയും.
‘കൊച്ചമ്പ്രാട്ടീ ഒരു പത്രത്തില് പറേണത് അവര് റോക്കറ്റയച്ച് അതില് അയാളെ താഴത്തിറക്കീന്നാ. മറ്റേതില് പറേണത് റോക്കറ്റു കൊണ്ട് വിമാനം തകർന്നപ്പൊ അയാള് പാരച്യൂട്ടില് സ്വന്തം എറങ്ങ്യതാണ്ന്നാ, അപ്പൊ റഷ്യക്കാര് പിടിച്ച് ജേലിലിട്ടൂന്ന്. രണ്ടാമത്തതായീരിക്കും ശരീന്നാ നിക്ക് തോന്നണത്. ഓല് പറയണത് അങ്ങനെ എറക്കിക്കൊണ്ടരാൻ റഷ്യക്കാർക്ക് പറ്റുംന്നാ.’ കാളിയുടെ മക്കളെ ഉദ്ദേശിച്ചാണവൻ പറഞ്ഞത്.
മറ്റൊരിക്കൽ അവൻ പറയുകയുണ്ടായി. ‘കൊച്ചമ്പ്രാട്ടി, കാര്യൊക്കെ ശര്യന്നെ. കമ്യൂണിസ്റ്റ് പാർട്ടി പാവങ്ങള്‌ടെ പാർട്ട്യാണ്. പക്ഷേ അവര് ഭരിച്ചിട്ട് എന്തായി? പാവങ്ങളേക്കാൾ ഗുണണ്ടായത് ആർക്കാണ്. എടനെലക്കാർക്കല്ലെ. നിങ്ങടെ നെലൊക്കെ പോയി. ആ നെലൊക്കെ ആർക്കാ കിട്ടീത്? അപ്പൂട്ടിയ്ക്കും അപ്പൂട്ടീനെപ്പോലത്തോർക്കും. അവര് പാവങ്ങളായിരുന്നോ? ഇപ്പൊ നിങ്ങക്ക് പകരം അവര് ജന്മിമാരായി. അത്ര്യന്നെ. ഒരീസംകൊണ്ട് അവരൊക്കെ പാർട്ടീല് ചേർന്നു. ഞങ്ങടെ കൂലി കൂട്ടി, ശര്യാണ്, പക്ഷേ സാധനങ്ങള്‌ടെ വെലെം അതിന്റൊപ്പം കൂടീട്ട്ണ്ട്. മുമ്പെ വാങ്ങ്യ സാധനങ്ങളൊക്കത്തന്ന്യേ ഇപ്പഴും വാങ്ങാൻ പറ്റ്ണുള്ളൂ.’
പടിക്കൽ നിന്നുകൊണ്ട് അവൻ സംസാരിക്കും. അവൻ എഴുത്തും വായനയും പഠിക്കാൻ തുടങ്ങിയതിനു കാരണം താനാണെന്ന് അവൾ ഓർക്കും. ആറു കൊല്ലം തുടർച്ചയായി സ്‌കൂളിൽ പോയതും താൻ കാരണമാണ്. പക്ഷേ സ്വതന്ത്രമായി ചിന്തിക്കാനാക്കിയത് അവന്റെ സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. കാളിയുടെ മക്കളെപ്പറ്റി അവൻ പറയും.
‘അവര് പാർട്ടി പറയണതെന്താച്ചാൽ അപ്പടി വിശ്വസിക്കും. അതിനപ്പുറത്ത് ഒന്നുംല്ല്യ. എന്നോട് അധികം സംസാരിക്കാൻ വരാറില്ല.’
പത്തായപ്പുരയിൽനിന്ന് വിജയൻമാമയുടെ ശബ്ദം കേൾക്കുന്നു. അമ്മയെ വിളിക്കുകയാണ്. വിശന്നു തുടങ്ങിയിട്ടുണ്ടാവും. അമ്മ നാമം ചെല്ലൽ കഴിഞ്ഞെണീക്കുമ്പോളേയ്ക്ക് കഞ്ഞി ചൂടാക്കി വയ്ക്കാം. ചമ്മന്തി അരയ്ക്കാൻ നാളികേരമില്ല. ചുടാൻ പപ്പടവുമില്ല. അങ്ങിനെ കുടിയ്ക്കട്ടെ.