close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: പതിനാല്


കൊച്ചമ്പ്രാട്ടി: പതിനാല്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

ബാബുവാണ് ചോദിച്ചത്.

‘അമ്മേ, അച്ഛന്റെ സൂക്കട് മാറീല്ല്യേ?’

എന്താണ് പറയേണ്ടതെന്ന് വസുമതി ആലോചിച്ചു. എന്തു പറഞ്ഞാലും വിശ്വസിക്കുന്ന പ്രായം മൂന്നു പേരും പിന്നിട്ടിരുന്നു. എന്താണ് അസുഖം, അതു വരാൻ എന്താണ് കാരണം എന്നെല്ലാം അവർക്കറിയാം. പലപ്പോഴും പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോൾ രാത്രി വൈകിയെത്താറുള്ള അച്ഛന്റെ സ്ഥിതി അവർ നേരിട്ടു കണ്ടിട്ടുണ്ട്. അമ്മയും അച്ഛനുമായുള്ള വഴക്കിനും അവർ സാക്ഷിയാവാറുണ്ട്. അതോടെ അവർക്ക് അച്ഛനുമായി ഉണ്ടായിരുന്ന അല്പം അടുപ്പംകൂടി ഇല്ലാതായി.

ഭർത്താവിന്റെ അസുഖം കൂടിവരികയാണെന്ന് വസുമതി മനസ്സിലാക്കി. അദ്ദേഹം അധികകാലം ജീവിച്ചിരിക്കില്ലെന്നും അവൾ ഊഹിച്ചിരുന്നു. അതിനെപ്പറ്റി രാഘവേട്ടനോടവൾ സംസാരിച്ചു. പെങ്ങൾക്ക് ഭർത്താവിനോടുള്ള ബന്ധത്തിൽ വൈകാരികാംശങ്ങളൊന്നും ബാക്കിയില്ലെന്നയാൾക്കറിയാം. അതുകൊണ്ട് തുറന്നുള്ള സംസാരത്തിനു വിഷമമുണ്ടായില്ല.

‘ഞാൻ ഇന്നലെ വൈദ്യരെ കണ്ടിരുന്നു. അയാള് പറേണത് ഞ്ഞി വിജയൻ മേനോന്റെ കരളില് ഒന്നും ബാക്കിയില്ലാന്നാ.’

‘ഓരോന്ന് വരുത്തിത്തീർക്കണതിന് എന്താ ചെയ്യാ?’

‘ഒരു കാര്യം എന്തായാലും ഒടനെ ചെയ്യണം. ആ വീടും പറമ്പും ഭാഗം കഴിക്കാൻ പറയണം. അയാള്‌ടെ കാലം കഴിഞ്ഞാല് നെനക്കും മക്കൾക്കും ആ പറമ്പീന്ന് ഒന്നും കിട്ടില്ല. ഒക്കെ പോവ്വ പെങ്ങക്കായിരിക്കും. നെന്റെ മക്കൾക്ക് എന്തെങ്കിലും കിട്ട്വാച്ചാ കിട്ടിക്കോട്ടെ.’

വസുമതി ഒന്നും പറഞ്ഞില്ല.

‘ഞാനൊന്ന് പോയിനോക്കാം അയാള്‌ടെ അടുത്തേയ്ക്ക്. ശര്യാക്കാണെങ്കില് വേഗം ചെയ്യൂം വേണം.’

ജ്യേഷ്ഠൻ പോയ ശേഷം വസുമതി കുറേനേരം ആ ഇരുപ്പിൽത്തന്നെ ഇരുന്നു. അടുത്ത കൊല്ലം ബാബു കോളേജിൽ പോയാൽ പിന്നെ അവളും താഴെയുള്ള മക്കളും മാത്രമേ ഉണ്ടാവൂ. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ സതിയുടെ കല്യാണം കഴിയും. അരവിന്ദനും കോളേജിൽ പോകും. പഠിത്തത്തിന്റെ കാര്യമെല്ലാം അമ്മാവന്മാർ നോക്കിക്കൊള്ളുമെന്ന് വസുമതിയ്ക്ക് ഉറപ്പുണ്ട്. എല്ലാവരും പോയാൽ താനിവിടെ ഒറ്റയ്ക്കാവും. ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിനെപ്പറ്റി ഓർത്തപ്പോൾ ഒരു വിഷമം. അവൾക്ക് ഭയമൊന്നുമുണ്ടായിരുന്നില്ല. അവൾ ജനിച്ചുവളർന്നത് ആ തറവാട്ടിലാണ്. അവളുടെ കാരണവന്മാരെല്ലാം ജീവിച്ചു മരിച്ച സ്ഥലമാണത്. അവരെല്ലാം അവളെ രക്ഷിക്കാനുണ്ടാവുമെന്ന വിശ്വാസമുണ്ട്. മച്ചിനകത്തെ പരദേവതകളെല്ലാം അവളെ സംബന്ധിച്ചേടത്തോളം അസ്തിത്വമുള്ളവരാണ്. ഓരോ ദിവസവും തുടങ്ങുന്നത് അവരോടുള്ള പ്രാർത്ഥനയോടെയാണ്. അതുകൊണ്ട് ഒറ്റയ്ക്കാവുക എന്ന ഭയം അവൾക്കൊട്ടുമുണ്ടായിരുന്നില്ല. അവൾക്ക് നാല്പത്തിരണ്ടു വയസ്സായി. ഏകദേശം മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞതോടെ അവൾ ലൗകികസുഖങ്ങളിൽനിന്ന് അകന്നു തുടങ്ങിയിരുന്നു. ഭർത്താവ് വല്ലപ്പോഴും വിളിച്ചുണർത്തുമ്പോൾ മാത്രം ഉണരുന്നതായിരുന്നു അവളുടെ വികാരങ്ങൾ. പക്ഷേ കുടി തുടങ്ങിയതോടെ ഭർത്താവിന്റെ വിളിച്ചുണർത്തൽ ഇടയ്ക്കിടയ്ക്കായി. ആദ്യമൊന്നും പുതുതായി കിട്ടിയ ഉണർവ്വിന്റെ കാരണം മനസ്സിലായില്ലെങ്കിലും അവൾ അതാസ്വദിക്കുന്നുണ്ടായിരുന്നു. കാരണം കണ്ടുപിടിച്ചപ്പോൾ പക്ഷേ അതു ഭീകരമായ ഒരവസ്ഥയിലേയ്ക്ക് പെട്ടെന്ന് വഴുതിപ്പോകുകയാണുണ്ടായത്. അവൾ ധർമ്മസങ്കടത്തിലായി. കുടി തുടങ്ങിയതിൽപ്പിന്നെ ഭർത്താവിന്റെ സ്‌നേഹപ്രകടനങ്ങൾ അവളെ അളവറ്റു സുഖിപ്പിച്ചു. അകത്തു ചെന്നതിന്റെ അളവ് വല്ലാതെ കൂടുമ്പോൾ മാത്രമേ ഇതിനൊരപവാദമുണ്ടായുള്ളൂ. അതൊന്നും ശരിയല്ലെന്ന് അവൾക്കറിയാം. മുപ്പത്തഞ്ചാം വയസ്സിൽ ഉറങ്ങാൻ പോയ വികാരങ്ങളെ ഉണർത്തി തിരികെ കൊണ്ടു വന്ന ആൾ തന്നെ ഇപ്പോൾ സ്ഥലംവിട്ടിരിക്കയാണ്.

ജോലിക്കു വരുന്ന തങ്കം അടുത്ത കാലത്തായി അവളുടെ ഭർത്താവിനെപ്പറ്റി ധാരാളം പറയാൻ തുടങ്ങിയിട്ടുണ്ട്. മുമ്പും അപൂർവ്വമായി പറയാറുള്ളതാണ്. രാവിലെ കഞ്ഞി കുടിക്കുന്നതിനിടെ അവൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്നതോടെ അടുക്കളയുടെ വാതിൽക്കൽ ഒരു സ്റ്റൂളിട്ട് വസുമതി ഇരിക്കും. മറ്റുള്ളവരുടെ കഥകൾ കേൾക്കുന്നത് രസമാണ്, പ്രത്യേകിച്ച് അറിയുന്നവരുടെ. പറഞ്ഞു പറഞ്ഞ് അവൾ കെട്ടിയോൻ രാത്രി കുടിച്ചുവന്ന് അവളെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളിലെത്തുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വസുമതി അതെല്ലാം കേൾക്കും. പണ്ടൊന്നും അവ വസുമതിയെ ബാധിച്ചിരുന്നില്ല. ഇന്ന് ഭർത്താവ് ഒപ്പമില്ലെന്ന അവസ്ഥ വന്നപ്പോൾ അതവളുടെ ഞരമ്പുകളെ ചൂടുപിടിപ്പിച്ച് രാത്രികൾ അസ്വസ്ഥമാക്കുന്നു.

വിജയൻ മേനോൻ അളിയന്റെ വരവ് പ്രതീക്ഷിച്ചിരുന്നു. തനിയ്ക്ക് നേരിടേണ്ടിവരുന്ന ജീവിതപ്രശ്‌നങ്ങൾക്കിടയിൽ ഇങ്ങിനെ ഒരു അസുഖകരമായ സന്ദർശനവും കിടപ്പുണ്ടെന്നയാൾക്കറിയാമായിരുന്നു. അതിന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്നൂഹിച്ച് അതു നേരിടാനുള്ള തയ്യാറെടുപ്പും അയാൾ നടത്തിയിരുന്നു. രാഘവൻ നായർ വളരെ കാലത്തിനു ശേഷമാണ് ആ വീട്ടിൽ കാലു കുത്തുന്നത്. പടിപ്പുര കടന്ന ഉടനെ അയാൾക്കനുഭവപ്പെട്ടത് ആ പറമ്പിന്റെ ശോച്യാവസ്ഥയാണ്. കാലവർഷം തിമർത്തുപെയ്തു കടന്നു പോയിട്ടേയുള്ളു. എന്നിട്ടും ആ പറമ്പ് ഉണങ്ങിക്കിടക്കുന്നു. തെങ്ങിൻ തലപ്പുകൾ ഒഴിഞ്ഞു കിടന്നു, ഒരു നൂറു തേങ്ങയിലധികം ഇറങ്ങില്ലെന്നയാൾ കണക്കാക്കി. കവുങ്ങുകൾ ആരോഗ്യമില്ലാതെ കാറ്റത്താടി. ധാരാളം കുലകൾ ഉണ്ടാവേണ്ട ഈ കാലത്ത് അവിടവിടെ ശോഷിച്ച പൂങ്കുലകൾ വിരിയാൻ മടിച്ചുനിന്നു. ഒരു പത്തു വർഷമെങ്കിലും ഈ പറമ്പ് തീരെ ശ്രദ്ധിക്കാതെ കിടക്കുകയായിരിക്കണം.

സ്റ്റൂൾ നിരക്കുന്ന ശബ്ദം കേട്ടപ്പോൾ വിജയൻ മേനോൻ കണ്ണു തുറന്നു. അളിയനെ കണ്ടപ്പോൾ പെട്ടെന്ന് ഏഴുന്നേറ്റിരിക്കാൻ ശ്രമം നടത്തി, പിന്നെ അതു വേണ്ടെന്നുവച്ചു.

‘എങ്ങനെണ്ട്‌പ്പോ?’

അയാൾ മറുപടി പറഞ്ഞില്ല.

‘വൈദ്യര്‌ടെ മരുന്നൊക്കെ കഴിക്കിണില്ല്യേ?’

മറുപടി കിട്ടിയേ അടങ്ങു എന്ന വാശിയിലായിരിക്കും രാഘവൻ നായർ. അയാൾ മൂളി. വസുമതിയെപ്പറ്റി ചോദിക്കണമെന്നുണ്ട്. അയാൾ പക്ഷേ വാക്കുകൾ പുറത്തേയ്‌ക്കെടുത്തില്ല.

‘പെങ്ങള് എന്നും പറയും ഒന്ന് വന്ന് കാണണംന്ന്. അവളും നല്ല തെരക്കിലാണ്. കുട്ട്യോള്‌ടെ കാര്യംതന്നെ പിടിപ്പത്ണ്ട്. അത് കഴിഞ്ഞിട്ടെവിട്യാ നേരം? അപ്പൊ എന്നോട് പറയ്യേ ഒന്ന് അളിയനെ പോയി കാണണംന്ന്. മര്ന്ന് കഴിച്ചിട്ട് ഭേദംല്ല്യേ?’

വിജയൻ മേനോൻ ഒന്നും പറയുന്നില്ല. വളച്ചുകെട്ടലിന്റെ ആവശ്യമൊന്നുമില്ല, നേരിട്ട് കാര്യം പറഞ്ഞുകൂടെ? രാഘവൻ നായർ കാര്യത്തിലേയ്ക്കു കടക്കുകതന്നെ ചെയ്തു.

‘അപ്പൊ നമുക്കീ പറമ്പിന്റെ കാര്യൊക്കെ ഒന്ന് ശര്യാക്കി എടുക്കണ്ടെ?’

‘എന്തു കാര്യം?’

‘അല്ല, വേണ്ടത് അതാത് കാലത്തന്നെ ചെയ്ത് തീർക്ക്വല്ലെ നല്ലത്?’

‘രാഘവൻ നായര് മുഖവുര്യൊന്നുംല്ല്യാതെ കാര്യം പറയൂ.’

‘ഞാമ്പറയണത് ഭാഗത്തെപ്പറ്റിയാണ്. ഈ വീടും പറമ്പും നിങ്ങടെ തറവാട്ട് സ്വത്താണല്ലൊ. അത് രണ്ടുപേർക്കും കൂടീട്ട്ള്ളതാണ്.’

‘ഈ പറമ്പിന്റെ ആധാരം കൈയ്യില്ള്ള പോല്യാണല്ലൊ സംസാരിക്കണത്.’

രാഘവൻ നായരുടെ കാലിടറി. ഇത്ര പെട്ടെന്ന് ഇങ്ങിനെ ഒരു മറുപടി അയാൾ പ്രതീക്ഷിച്ചില്ല, അതും നിസ്സഹായനായി കിടക്കുന്ന ഒരു മനുഷ്യനിൽനിന്ന്. വാക്കുകൾ അയാളുടെ നാവിൻതുമ്പിൽനിന്ന് തെറിച്ചുപോയിരിക്കുന്നു. അവയെല്ലാം പെറുക്കിയെടുത്ത് അയാൾ പറഞ്ഞു.

‘അല്ല നമ്മളൊക്കെ ബന്ധുക്കളാണല്ലൊ. അപ്പൊ അന്യോന്യം കാര്യങ്ങളൊക്കെ അറിയാലോ. നല്ലോരു കാര്യല്ലെന്ന് കരുതി പറഞ്ഞതാണ്.’

‘ഞാൻ വീണപ്പൊ താങ്ങാൻ നിങ്ങളാരുംണ്ടായില്ല്യ. പത്തായപ്പൊരേല് മൂന്ന് മാസം വയ്യാണ്ടെ കെടന്നപ്പോ നോക്കാൻ നിങ്ങടെ പെങ്ങള് വന്നില്ലല്ലോ. അവള് ആകെ ഒരു ദെവസാ വന്നത്. അവള് വന്നു നിങ്ങളിരുന്ന മാതിരി ആ സ്റ്റൂളിൽ പത്തു മിനിറ്റ് നേരം ഇരുന്നു പോവൂം ചെയ്തു. ഞാൻ കഴിഞ്ഞാഴ്ച്യാ താഴേക്കെറങ്ങിവന്നത്. പത്തായപ്പെരേലായിരുന്നു. ഈ മൂന്ന് മാസോം പത്തായപ്പെരേടെ മോളിലിക്ക് മര്ന്ന് തരാനും കഞ്ഞിതരാനും നാലുനേരം കേറിയത് ഇതാ ഈ നിക്കണ വയ്യാത്ത സ്ത്രീയാണ്.

രാഘവൻ നായർ തിരിഞ്ഞുനോക്കി. വാതിൽക്കൽ പാറുവമ്മയും മകളും വന്നു നിന്നിരുന്നത് അയാൾ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അയാൾക്ക് കുറച്ചു ക്ഷീണമായി.

‘എനിക്ക് കക്കൂസിൽ പോയാൽ കഴുകാനുള്ള വെള്ളംകൂടി ആ പാവാണ് ഏറ്റിക്കൊണ്ടന്നിര്ന്നത്. ഇവിടെ വേറെ ജോലിക്കാരൊന്നുംല്ല്യ. അന്നൊന്നും തിരിഞ്ഞുനോക്കാത്ത ആൾക്കാര് ഇപ്പ ഭാഗം നടത്താൻ പറയുന്നത്...’

വിജയൻ മേനോൻ കിതച്ചിരുന്നു. കടുത്ത വയറു വേദനയും പുറപ്പെട്ടിട്ടുണ്ട്. അതും കടിച്ചുപിടിച്ച് അയാൾ കിടന്നു.

‘ഞാൻ നിങ്ങടെ മക്കൾക്ക് നല്ല ത് വന്നോട്ടെന്ന് വച്ച് പറഞ്ഞതാ.’

‘പിച്ചച്ചട്ടീന്ന് തട്ടിപ്പറിച്ചെടുക്കണ്ട ഗതികേടൊന്നും നിങ്ങടെ തറവാടിന് ഇതുവരെ വന്നിട്ടില്ലല്ലൊ.’

‘ശരി, സാരല്യ. ന്നാ ഞാൻ പോട്ടെ.’

രാഘവൻ നായർ എഴുന്നേറ്റു, വാതിൽക്കൽനിന്നു മാറിനിന്ന പാറുവമ്മയെ നോക്കി പോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി. അയാളുടെ അപ്രസന്നമായ മുഖം കണ്ടപ്പോൾ പദ്മിനി തലതിരിച്ചു.

‘ഏട്ടനെന്തിനാ ഇങ്ങന്യൊക്കെ അയാളോട് സംസാരിക്കാൻ പോയത്.’

‘പിന്നെങ്ങന്യാ സംസാരിക്കണ്ടത്?’

‘അല്ലാ, ഏടത്ത്യേമ്മയ്ക്ക് എ ന്താ വേണ്ടത്ച്ചാ കൊടുത്തോളു.’

‘എന്റെ ഭാഗം ആർക്കാണ് കൊടുക്കണ്ടത്ന്ന് ഞാൻ തീർച്ച്യാക്കിക്കൊള്ളാം. നീ പോയി എനിക്ക് കൊറച്ച് ചൂടുവെള്ളംണ്ടാക്കിക്കൊണ്ടരൂ. വല്ലാത്ത വയറുവേദന. പിന്നെ അറുമുഖനെ വിട്ട് വക്കീൽഗുമസ്തൻ രാമേട്ടന്യൊന്ന് വിളിപ്പിക്കണം. ഇന്ന്തന്നെ വരണംന്നും പറയൂ.’

താൻ ദിവസങ്ങളെണ്ണുകയാണെന്ന് വിജയൻ മേനോന് തോന്നി. ശരിയാണ്. മാസങ്ങൾകൂടിയില്ല. ദിവസങ്ങൾ. വൈദ്യരെക്കാൾ തന്റെ ദേഹത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അയാൾക്കു മനസ്സിലായിരുന്നു. ചിതലിന്റെ ഒരു സാമ്രാജ്യം അവിടെ വലുതായി വരികയാണ്. കരണ്ടുതിന്നുന്ന ശബ്ദം അയാൾക്കു കേൾക്കാം. കരൾ മാത്രമല്ല അതിനടുത്തുള്ള അവയവങ്ങളെല്ലാം ദ്രവിച്ചു തുടങ്ങിയത് അയാൾ അറിഞ്ഞു. കാതൽ പൂതലിച്ചു പോകുന്നതു നിസ്സഹായനായി നോക്കിനിൽക്കുന്ന ഒരു വൻവൃക്ഷത്തെപ്പോലെ അയാൾ നിസ്സംഗതയോടെ നിന്നു. പൂർണ്ണമാവാൻ ഇനി എത്ര അവയവങ്ങൾകൂടി ദ്രവിക്കണം ആവോ. അതിനിടയ്ക്ക് മനസ്സുകൂടി ദ്രവിച്ചുകിട്ടാൻ എന്താണ് വഴി?

പദ്മിനി വേലിക്കരുകിൽ പോയി അറുമുഖനെ വിളിച്ച് രാമേട്ടനോട് വരാനായി പറഞ്ഞയച്ചു. സ്‌കൂളിൽ പോകുന്ന വഴിയിലാണ് രാമേട്ടന്റെ വീട്. അവൻ പോയപ്പോൾ പദ്മിനി വേലിക്കരുകിൽ കുറച്ചുനേരം വെറുതെ നിന്നു. കാലടിയിൽ കിരുകിരുപ്പുണ്ടാക്കിയ ചപ്പുചവറുകൾ അവൾ വെറുതെ മാറ്റിനോക്കി. ഒരു പഴയ സ്വഭാവം. അവിടെയുണ്ടായിരുന്ന കൂറ്റൻ നെല്ലിമരം അമ്മാവൻ വെട്ടി വിറ്റിരുന്നു. കിണറ്റിന് നെല്ലിപ്പടിയുണ്ടാക്കാൻ നെല്ലിമരം ആവശ്യമാണ്. നല്ല വില കിട്ടിയിട്ടുണ്ടാവും. എല്ലാം പക്ഷേ കുട്ടപ്പന്റെ ചാരായക്കടയിൽ എത്തിയിട്ടുമുണ്ടാവും, അല്ലെങ്കിൽ ഭാര്യവീട്ടിൽ. അമ്മായിയും മക്കളും അപൂർവ്വമായേ വരാറുള്ളു. അവൾ ദൈവത്തിന് നന്ദി പറഞ്ഞു. വരുമ്പോഴാകട്ടെ അവർ ധരിച്ചിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അവളിൽ ഇല്ലായ്മ ഉളവാക്കിയ കടുത്ത അപകർഷതാബോധമുണർത്തി. അമ്മാവൻ കിടപ്പിലായതിനു ശേഷം അവർ ഒരിക്കലാണ് വന്നത്. കുട്ടികൾക്ക് അച്ഛന്റെ അടുത്തു നിൽക്കാൻ താല്പര്യമില്ലാത്തതുപോലെ ഉടനെ ഇറങ്ങിവന്നു. പിന്നെ പറമ്പിലൊക്കെ ഓടിക്കളിക്കുകയായിരുന്നു. അവൾ കരുതാറുണ്ട്. അമ്മാവന് അതുതന്നെ വേണം. അനുഭവിക്കട്ടെ.

ഇന്ന് പക്ഷേ അവളുടെ മനസ്സ് അലിയുകയാണ്. അവിടെ മരണം കാത്തുകിടക്കുന്ന ആ മനുഷ്യന്റെ ഉള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ആ മനസ്സ് പ്രക്ഷുബ്ധമാണ്. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ആ മനുഷ്യൻ ആഗ്രഹിക്കുന്നു. പ്രായശ്ചിത്തം ചെയ്തതുകൊണ്ട് സ്വന്തം മനസ്സിനെ കുറ്റവിമുക്തമാക്കാമെന്നല്ലാതെ, ആ തെറ്റുകൾ കാരണം മറ്റുള്ളവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് സമയം തിരിച്ചുവച്ച് മാറ്റമുണ്ടാവുന്നില്ല. സമയം പിറകോട്ട് പോകുന്നില്ല. അതെല്ലാം അനുഭവിച്ചു കഴിഞ്ഞ കാര്യങ്ങളാണ്. ഒഴിവാക്കാൻ പറ്റുമായിരുന്ന കഷ്ടപ്പാടുകൾ.

തന്നെ ജീവിതകാലം മുഴുവൻ ദ്രോഹിച്ച മനുഷ്യനുവേണ്ടി അമ്മ അടുക്കളയിൽ കഷായം കാച്ചുകയാണ്. ഒരു തരത്തിലുള്ള കാലുഷ്യവും അവരുടെ മനസ്സിലില്ല. അവർ വിധിയിൽ വിശ്വസിച്ചിരുന്നു. നമ്മുടെ കഷ്ടപ്പാടുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നവർ പറയാറുണ്ട്. മറ്റുള്ളവർ ഒരു നിമിത്തം മാത്രമായിരിക്കും. പദ്മിനിയ്ക്ക് പേടി തോന്നി. ഇതിനൊരവസാനമില്ലേ?

‘കൊച്ചമ്പ്രാട്ടി, രാമേട്ടൻ ഇപ്പൊ വരാംന്ന് പറഞ്ഞിട്ട്ണ്ട്.’ അറുമുഖൻ തിരിച്ചെത്തിയിരുന്നു. ‘തമ്പ്രാന് എങ്ങന്ണ്ട്?’

‘കൊറവൊന്നുംല്ല്യ. ഓരോ ദിവസം കഴിയുമ്പഴും മോശാവ്വാണ്.’

‘കരളൊന്നും ബാക്കിണ്ടാവില്ലാല്ലെ?’

‘പുത്യ പുസ്തകൊന്നും കിട്ടീല്ലെ?’

‘ഞാൻ ഇന്ന് പോണ്ണ്ട് കൊച്ചമ്പ്രാട്ടീ. കൊണ്ടെത്തരാം.’ പദ്മിനി വിഷയം മാറ്റുകയാണെന്ന് അറുമുഖന് മനസ്സിലായി. അവന് വിഷമമൊന്നുമുണ്ടായില്ല. എത്ര്യായാലും സ്വന്തം അമ്മാവനാണ്.

രാമേട്ടൻ വരമ്പിലൂടെ നടന്നുവരുന്നത് കണ്ടപ്പോൾ പദ്മിനി പറഞ്ഞു.

‘ഞാൻ പോട്ടെ അറുമുഖാ. രാമേട്ടൻ വര്ണ്ണ്ട്. അവിടെ എന്തെങ്കിലും ആവശ്യണ്ടാവും.’

രാമേട്ടൻ പോയപ്പോൾ പാറുവമ്മ പറഞ്ഞു.

‘ഏട്ടാ, അത് വേണ്ടീര്ന്നില്ല. ന്റെ മോക്ക് ആര്‌ടേം ശാപം കിട്ടണ്ട.’

‘നെന്റെ മോക്ക് ആര്‌ടേം ശാപം കിട്ടില്ല. എന്റെ ഭാര്യവീട്ടില് ധാരാളം സ്വത്ത്ണ്ട്. അവര്‌ടെ നെലൊന്നും പോയിട്ടില്ല. അരി വാങ്ങാൻ റേഷൻ കടേല് വരി നിൽക്ക്വൊന്നും വേണ്ട. നെന്റെ സ്ഥിതി അങ്ങന്യല്ല. ഈ നാലേക്കറീന്ന് ഷെയറ് കിട്ടീട്ടൊന്നും വേണ്ട വസുമതിയ്ക്കും കുട്ട്യോൾക്കും ജീവിക്കാൻ. അവൾക്കും കുട്ട്യോൾക്കും ഞാൻ നല്ലോണം കൊട്ത്തിട്ട്ണ്ട്. നാളെ രാമേട്ടൻ വിൽപത്രം എഴുതിക്കൊണ്ടുവരും. ഞാനത് ഒപ്പിടും. അത് സൂക്ഷിച്ചു വെച്ചോളു. എന്റെ ദിവസങ്ങള് എണ്ണിത്തൊടങ്ങീരിക്കുണു.

‘അങ്ങിന്യൊന്നും പറയണ്ട. നാളെ എന്താണ്ണ്ടാവ്വാന്ന് നമ്മടെ കയ്യിലൊന്നും അല്ല.’

ശരിയായിരിക്കാം. വിജയൻ മേനോൻ സ്വയം പറഞ്ഞു. പക്ഷേ ദൈവത്തിന്റെ കയ്യിലുള്ളത് കാണാൻ എനിക്ക് പറ്റുന്നുണ്ട്.