close
Sayahna Sayahna
Search

വായനക്കാരൻ


റിൽക്കെ

റിൽക്കെ-13.06
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ബിബ്ളിയോത്തെക് നാഷണൽ[1] — പാരീസിലെ ദേശിയഗ്രന്ഥശാല.

ഞാൻ ഇവിടെ ഒരു കവിയെ വായിച്ചുകൊണ്ടിരിക്കുകയാണു്. മുറിയിൽ കുറേയധികം ആളുകളുണ്ടു്, എന്നാൽ ഞാനവരെ ശ്രദ്ധിക്കുന്നതേയില്ല; എല്ലാവരും പുസ്തകങ്ങൾക്കുള്ളിലാണു്. ചില നേരത്തവർ താളുകൾക്കിടയിലൂടെ നീങ്ങുന്നുണ്ടു്, ഉറക്കത്തിൽ ഒരു സ്വപ്നത്തിൽ നിന്നു മറ്റൊന്നിലേക്കു തിരിഞ്ഞുകിടക്കുന്നവരെപ്പോലെ. ആഹ, വായിക്കുന്നവർക്കിടയിൽ ഇങ്ങനെയിരിക്കുക എന്തു സുഖമുള്ള കാര്യമാണു്! എന്തുകൊണ്ടവർ എപ്പോഴും ഇങ്ങനെയാവുന്നില്ല? നിങ്ങൾ അയാൾക്കടുത്തു ചെന്നു് പതുക്കെ ഒന്നു തൊടുന്നു, അയാൾ അതറിയുന്നതേയില്ല. ഇനി, എഴുന്നേല്ക്കുമ്പോൾ നിങ്ങൾ അറിയാതെ അടുത്തിരിക്കുന്നയാളെ ഒന്നു മുട്ടുകയും നിങ്ങൾ അതിനു ക്ഷമാപണം പറയുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളുടെ ശബ്ദം കേട്ട ദിക്കിലേക്കു നോക്കി ഒന്നു തലയാട്ടുന്നതേയുള്ളു; അയാളുടെ മുഖം നിങ്ങളുടെ നേർക്കു തിരിഞ്ഞുവെന്നല്ലാതെ അയാൾ നിങ്ങളെ കാണുന്നില്ല, അയാളുടെ മുടിയാകട്ടെ, ഉറങ്ങിക്കിടക്കുന്നവരുടെ പോലെയുമാണു്. അതെ, ഞാൻ ഇവിടെയിരുന്നു് ഒരു കവിയെ വായിക്കുകയാണു്. എന്റെ ഭാഗ്യം നോക്കൂ. ഒരു മുന്നൂറു പേർ ഈ മുറിയിൽ വായിച്ചുകൊണ്ടിരിക്കുന്നുണ്ടാവും; എന്നാൽ അവർ ഓരോ ആൾക്കും ഒരു കവിയുണ്ടാവുക എന്നതു് അസാദ്ധ്യമായിരിക്കും. (അവർക്കെന്താണുള്ളതെന്നു് ദൈവത്തിനേ അറിയൂ.) മുന്നൂറു കവികൾ എങ്ങനെയുണ്ടാവാൻ. എന്നാൽ എന്റെ ഭാഗ്യം ഒന്നാലോചിച്ചുനോക്കൂ: എനിക്കു്, ഈ വായനക്കാരിൽ വച്ചേറ്റവും മുഷിഞ്ഞ, വിദേശിയും കൂടിയായ ഞാൻ: എനിക്കു് ഒരു കവിയുണ്ടു്… കവി എന്നാൽ എന്താണെന്നു നിങ്ങൾക്കറിയില്ല? — വെർലെയ്ൻ[2] — ഫ്രഞ്ചു് സിംബലിസ്റ്റ് കവി.}… ഇല്ല? ഒരോർമ്മയും വരുന്നില്ല? ഇല്ല. അയാളും നിങ്ങളറിയുന്ന മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവും നിങ്ങൾ കാണുന്നില്ല? നിങ്ങൾക്കങ്ങനെ വേർതിരിവൊന്നുമില്ല, അതെനിക്കറിയാം. പക്ഷേ ഞാൻ വായിക്കുന്നതു് വ്യത്യസ്തനായ ഒരു കവിയെയാണു്: പാരീസുകാരനല്ലാത്ത, തീർത്തും വ്യത്യസ്തനായ ഒരു കവി. മലകൾക്കിടയിൽ പ്രശാന്തമായ ഒരു വീട്ടിൽ കഴിയുന്നൊരാൾ. തെളിഞ്ഞ വായുവിൽ ഒരു മണിനാദം പോലെ മുഴങ്ങുന്ന ഒരു കവി.[3] എന്ന കവിയെയാണു്. തന്റെ ജനാലയെക്കുറിച്ചും പ്രിയതരവും ഏകാന്തവുമായ ഒരു വിദൂരതയെ ചിന്താമൂകമായി പ്രതിഫലിപ്പിക്കുന്ന ബുക്കലമാരകളുടെ ചില്ലുവാതിലുകളെക്കുറിച്ചുമെഴുതുന്ന കവി. ഇങ്ങനെയൊരു കവിയാവാനാണു് ഞാൻ ഇഷ്ടപ്പെടുക; എന്തെന്നാൽ അയാൾക്കു് പെൺകുട്ടികളെക്കുറിച്ചു് ഒരുപാടൊക്കെ അറിയാം; എനിക്കും പെൺകുട്ടികളെക്കുറിച്ചു് ഒരുപാടറിയാൻ ഇഷ്ടമാണു്. ഒരു നൂറു കൊല്ലം മുമ്പു ജീവിച്ചിരുന്ന പെൺകുട്ടികളെക്കുറിച്ചു് അയാൾക്കറിയാം; അവർ മരിച്ചുകഴിഞ്ഞതാണെന്നതു കാര്യമാക്കേണ്ട, അവരെക്കുറിച്ചെല്ലാം അയാൾക്കറിയാം. അതാണു പ്രധാനം. അവരുടെ പേരുകൾ, പഴയ മട്ടിലുള്ള ചുനിപ്പുകളോടെ നീണ്ട അക്ഷരങ്ങളിലെഴുതിയ സൗമ്യവും സുന്ദരവുമായ പേരുകൾ അയാൾ ഉച്ചരിക്കുന്നതു കേൾക്കണം; അതുപോലെ അവരുടെ മുതിർന്ന കൂട്ടുകാരികളുടെ മുതിർന്ന പേരുകളും; അവർക്കു വരാനിരിക്കുന്ന വിധിയുടെ, നൈരാശ്യത്തിന്റെ, മരണത്തിന്റെ വളരെ നേർത്തൊരു ധ്വനി നിങ്ങൾക്കതിൽ കേൾക്കാം. അയാളുടെ മഹാഗണിമേശയുടെ ഒരു വലിപ്പിൽ അവരെഴുതിയ നിറം മങ്ങിയ കത്തുകളും പിറന്നാളുകൾ കുറിച്ചിട്ട, വേനലവധിക്കാലത്തെ വിനോദയാത്രകളും പിറന്നാളുകളും കുറിച്ചിട്ട അവരുടെ ഡയറിത്താളുകളും നിങ്ങൾ കണ്ടുവെന്നു വരാം. അതല്ലെങ്കിൽ അയാളുടെ കിടപ്പുമുറിയുടെ പിന്നറ്റത്തെ ഒരു തടിയൻ അലമാരയുടെ ഒരറയിൽ അവർ വസന്തകാലത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടേക്കാം — ഈസ്റ്ററിനു് ആദ്യമായി ധരിച്ച വെളുത്ത ഉടുപ്പുകൾ, നേർത്ത പട്ടു കൊണ്ടുള്ള പുള്ളിയുടുപ്പുകൾ; വേനല്ക്കാലത്തേക്കുള്ളതാണെങ്കിലും അത്രയും കാത്തിരിക്കാൻ അവർക്കു ക്ഷമയുണ്ടായിരുന്നില്ല. എത്ര സുഖദമായ ഒരു സൗഭാഗ്യമാണതു് — ഒരു പഴയ തറവാടിന്റെ ഒച്ചയടങ്ങിയ മുറിയിൽ പ്രശാന്തവും നിഷ്പന്ദവുമായ വസ്തുക്കൾക്കിടയിലിരിക്കുക, വെളിയിൽ തെളിഞ്ഞ പച്ചപ്പു നിറഞ്ഞ ഉദ്യാനത്തിൽ കുരുവികൾ ഒരു ഗാനത്തിന്റെ ആദ്യസ്വരങ്ങൾ പരിശീലിക്കുന്നതും അകലെ ഗ്രാമത്തിലെ ഘടികാരത്തിൽ മണി മുഴങ്ങുന്നതും കേൾക്കുക. സായാഹ്നസൂര്യന്റെ ഊഷ്മളമായ ഒരു വെയില്ച്ചീളിൽ നോക്കിയിരിക്കുക, പൊയ്പ്പോയൊരു കാലത്തെ പെൺകുട്ടികളെക്കുറിച്ചൊരുപാടറിയുക, കവിയാവുക. ഞാനും അതുപോലൊരു കവിയായേനെ, എവിടെയെങ്കിലും, ലോകത്തെവിടെയെങ്കിലുമുള്ള, ആരും നോക്കാനില്ലാതെ അടച്ചിട്ടിരിക്കുന്ന അങ്ങനെയൊരു പഴയ വീട്ടിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർക്കുക. ഒരു മുറിയേ എനിക്കു വേണ്ടൂ (ധാരാളം വെളിച്ചം കിട്ടുന്ന മച്ചുമ്പുറത്തെ ഒരു മുറി); എന്റെ പഴയ വസ്തുക്കളുമായി, എന്റെ കുടുംബചിത്രങ്ങളുമായി, എന്റെ പുസ്തകങ്ങളുമായി ഞാൻ അവിടെ കഴിയുമായിരുന്നു. ഒരു ചാരുകസേരയും പൂക്കളും നായ്ക്കളും കല്പാതകൾക്കു പറ്റിയ ബലത്ത ഒരൂന്നുവടിയും എനിക്കുണ്ടാകുമായിരുന്നു. വേറെയൊന്നുമില്ല. ആനക്കൊമ്പിന്റെ നിറമുള്ള മഞ്ഞിച്ച തുകലു കൊണ്ടു പൊതിഞ്ഞ ഒരു ബുക്കു മാത്രം: അതിലാണു ഞാനെഴുതുക. എനിക്കെഴുതാൻ ഒരുപാടുണ്ടായേനെ, ഒരുപാടു ചിന്തകളും ഒരുപാടു മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളും എനിക്കുണ്ടായിരുന്നതാണല്ലോ.

പക്ഷേ ആ വഴിക്കല്ല ജീവിതം പോയതു്. അതെന്തുകൊണ്ടെന്നു് ദൈവത്തിനു മാത്രമറിയാം. എന്റെ പഴയ മേശയും കസേരയുമൊക്കെ ഞാനവ വിട്ടുപോന്ന കളപ്പുരയിൽ കിടന്നു ദ്രവിക്കുന്നു; എനിക്കു്, എന്റെ ദൈവമേ, എനിക്കു് തലയ്ക്കു മേൽ ഒരു കൂരയില്ല, മഴ എന്റെ കണ്ണുകളിൽത്തന്നെ വീഴുകയുമാണു്.

  1. Bibliotheque national de France
  2. Paul Verlaine (1844-96)
  3. റിൽക്കെ പരാമർശിക്കുന്നതു് ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പിറെനീസു് മലമ്പ്രദേശത്തുകാരനായ {\en Francis Jammes (1868-1938)