close
Sayahna Sayahna
Search

മയിൽപ്പീലികൾ


റിൽക്കെ

റിൽക്കെ-16
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

കുറേക്കാലം മുമ്പു് (അഞ്ചു കൊല്ലമെങ്കിലുമായിക്കാണും) മ്യൂണിച്ചു് നഗരത്തിൽ വച്ചു് ഞാനൊരു കൊച്ചുകവിത എഴുതിയിരുന്നു; ഒക്ടോബറിൽ അവിടെ ഒരു വ്യാപാരമേള നടക്കുകയായിരുന്നു. ഒരു മൈതാനമാകെ കടകൾ. മറ്റുള്ളവർ ചിരിച്ചും കളിയാക്കിയും നീണ്ട മയില്പീലികൾ കൊണ്ടു് അന്യോന്യം ഇക്കിളി കൂട്ടാൻ ശ്രമിച്ചും കൊണ്ടു നടക്കുമ്പോൾ ഞാൻ എന്റെ മയില്പീലിയും കൊണ്ടു് ഒറ്റയ്ക്കു നടന്നു; ആരെയെങ്കിലും ഇക്കിളി കൂട്ടാൻ അഭിമാനബോധം എന്റെ മയില്പീലിയെ അനുവദിച്ചില്ല. ഞാനതുമായി അങ്ങനെ നടക്കുന്തോറും അതിന്റെ ലോലമായ രൂപം എന്റെ ശ്രദ്ധ പിടിച്ചെടുക്കുകയായിരുന്നു, പീലിക്കണ്ണുമായെന്നെ നോക്കുന്ന ആ പീലിത്തലപ്പിന്റെ സൗന്ദര്യം ഇരുണ്ടതും നിഗൂഢവുമായി എനിക്കു തോന്നുകയായിരുന്നു. ഇതാദ്യമായിട്ടാണു് അങ്ങനെയൊരു തൂവൽ ഞാൻ കാണുന്നതെന്നപോലെയായിരുന്നു; ഞാനല്ലാതെ മറ്റാരും ശ്രദ്ധിക്കാതെ സൗന്ദര്യങ്ങളുടെ ഒരു മഹാനിധി അതിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നു് എനിക്കു തോന്നി. ആ തോന്നലിൽ നിന്നാണു് ആ കൊച്ചുകവിത പിറവിയെടുത്തതു്; ഞാൻ അന്നതു സമർപ്പിച്ചതു് എന്റെ പ്രിയപ്പെട്ട സ്നേഹിതനും മയില്പീലികളുടെ ആരാധകനുമായ ഒരു ചിത്രകാരനാണു്. വർണ്ണങ്ങളുമായി നമ്മുടേതിനേക്കാൾ വ്യത്യസ്തവും വളരെ ഗാഢവുമായ ബന്ധമുള്ള ഒരു ചിത്രകാരനു് മയില്പീലികൾ എന്താണർത്ഥമാക്കുന്നതെന്നു് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളു; എന്തൊക്കെ അയാൾ അതിൽ നിന്നു പഠിക്കില്ല, ആ വൈവിദ്ധ്യത്തിലെ ലയവും അത്രയും ചെറിയൊരിടത്തിലെ വർണ്ണങ്ങളുടെ ബാഹുല്യവും എന്തൊക്കെ അയാൾക്കു നല്കില്ല.

എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു പ്രധാനമെന്നറിയാമോ? ഞാൻ ഒരിക്കൽക്കൂടി കാണുകയായിരുന്നു, മിക്ക മനുഷ്യരും വസ്തുക്കൾ കൈയിലെടുക്കുന്നതു് അവ കൊണ്ടു് മൂഢമായതെന്തെങ്കിലും ചെയ്യാനാണെന്നു് (മയില്പീലികൾ കൊണ്ടു് അന്യോന്യം ഇക്കിളിപ്പെടുത്തുന്നതു പോലെ); അവർ ഓരോ വസ്തുവിനേയും സൂക്ഷ്മമായി നിരീക്ഷിക്കുകയോ അതുൾക്കൊള്ളുന്ന സൗന്ദര്യത്തെക്കുറിച്ചു് അതിനോടു ചോദിക്കുകയോ ചെയ്യുന്നില്ലെന്നു്. അതിനാൽ ലോകം എന്തുമാത്രം സുന്ദരമാണെന്നു് അവരൂഹിക്കുന്നില്ല; എത്രയും ചെറിയ വസ്തുക്കളിൽ പോലും, അതിനി ഒരു പൂവോ ഒരു കല്ലോ ഒരു മരത്തൊലിയോ ഒരു ബെർച്ചു് മരത്തിന്റെ ഇലയോ ആവട്ടെ, എന്തുമാത്രം ഔജ്ജ്വല്യമാണു് വെളിപ്പെടുന്നതെന്നു് അവരറിയുന്നുമില്ല. ലോകവ്യവഹാരങ്ങളിലും ഉത്കണ്ഠകളിലും പെട്ടുകിടക്കുന്ന മുതിർന്നവർക്കു്, ഒരായിരം ചെറിയ കാര്യങ്ങളിൽ ആകുലരായി നടക്കുന്ന അവർക്കു് ആ സമൃദ്ധികൾ കാണാനുള്ള കണ്ണുകൾ ക്രമേണ നഷ്ടപ്പെട്ടുപോവുകയാണു്; എന്നാൽ കുട്ടികൾ, ശ്രദ്ധാലുക്കളും നല്ലവരുമായ കുട്ടികൾ, എത്ര വേഗമാണതു കാണുന്നതും സർവാത്മനാ അതിനെ സ്നേഹിക്കുന്നതും. ശ്രദ്ധാലുക്കളും നല്ലവരുമായ ആ കുട്ടികളെപ്പോലെ സരളവും വിനീതവുമായ മനോഭാവമാണു് എല്ലാവർക്കുമുണ്ടായിരുന്നതെങ്കിൽ, ഉന്നതമായൊരു പർവ്വതമോ പകിട്ടേറിയ ഒരു കൊട്ടാരമോ കണ്ടാനന്ദിക്കാനുള്ള അതേ കഴിവു തന്നെ ഒരിലയോ ഒരു മയില്പീലിയോ ഒരു കിളിയുടെ ഉച്ചിപ്പൂവോ കാണുമ്പോഴും അവർക്കുണ്ടായിരുന്നെങ്കിൽ എത്ര വലിയൊരു സൗന്ദര്യത്തിനവർ അർഹരായേനെ. ചെറുതു് ചെറുതായതുകൊണ്ടു് ചെറുതാകുന്നില്ല, വലുതു് അതുകൊണ്ടുതന്നെ വലുതാകുന്നില്ലെന്നപോലെ. മഹത്തും സനാതനവുമായ ഒരു സൗന്ദര്യം ലോകമാകെ വ്യാപിച്ചുകിടക്കുന്നു; ചെറുതെന്നോ വലുതെന്നോ അതിനു ഭേദമില്ല; എന്തെന്നാൽ സുപ്രധാനവും പ്രാഥമികവുമായ കാര്യങ്ങളിൽ അങ്ങനെയൊരനീതി ലോകത്തു കാണുകയില്ല.

(1901 നവംബർ 12)