← റിൽക്കെ
റിൽക്കെ-02 |
---|
 |
ഗ്രന്ഥകർത്താവ് |
മറിയ റെയ്നർ റിൽക്കെ |
---|
മൂലകൃതി |
റിൽക്കെ |
---|
വിവര്ത്തകന് |
വി. രവികുമാർ |
---|
കവര് ചിത്രണം |
ഓഗസ്റ്റ് റോദാങ് |
---|
രാജ്യം |
ആസ്ട്രോ-ഹംഗറി |
---|
ഭാഷ |
ജർമ്മൻ |
---|
വിഭാഗം |
കവിത/ലേഖനം (പരിഭാഷ) |
---|
ആദ്യപതിപ്പിന്റെ പ്രസാധകര് |
ഐറിസ് ബുൿസ്, തൃശൂർ |
---|
വര്ഷം |
2017 |
---|
മാദ്ധ്യമം |
അച്ചടി |
---|
പുറങ്ങള് |
212 |
ഒരേയൊരു കവിതക്കായി

ഹാ, അത്ര ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ കവിതകൾ എത്ര തുച്ഛമായിപ്പോകുന്നു. ഒരായുസ്സു്, കഴിയുമെങ്കിൽ ദീർഘമായ ഒരായുസ്സു മുഴുവൻ കാത്തിരുന്നു് അർത്ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തു വരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ നേരത്തേ തന്നെ നിങ്ങൾക്കുള്ളതുമാണു്) — അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിരവധി നഗരങ്ങൾ നിങ്ങൾ കാണണം, നിരവധി മനുഷ്യരെ കാണണം, വസ്തുക്കൾ കാണണം, മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, പക്ഷികൾ പറക്കുന്നതറിയണം, പ്രഭാതത്തിൽ വിടരുമ്പോൾ ചെറുപൂക്കളുടെ ചേഷ്ടകളും നിങ്ങളറിയണം. പരിചയമില്ലാത്തിടങ്ങളിലെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം; പ്രതീക്ഷിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിച്ചിരുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരാഹ്ളാദവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (അതു് മറ്റാർക്കോ വേണ്ടിയുള്ളതായിരുന്നു—) നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; വളരെ വിചിത്രമായി തുടങ്ങി ഒടുവിൽ ഗഹനവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോയ ബാലാരിഷ്ടകൾ; ഒച്ചയനക്കമില്ലാതെ മുറികളിൽ ഒറ്റയ്ക്കടച്ചിരുന്ന നാളുകൾ; കടല്ക്കരയിലെ പുലരികൾ; തലയ്ക്കു മേൽ കൂടി പാഞ്ഞുപോവുകയും നക്ഷത്രങ്ങൾക്കൊപ്പം പറക്കുകയും ചെയ്ത യാത്രകളുടെ നാളുകൾ — ഇതൊക്കെയും ഓർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. പ്രണയനിർഭരമായ രാത്രികളുടെ (ഒന്നിനൊന്നവ വ്യത്യസ്തവുമായിരുന്നു) ഓർമ്മകൾ നിങ്ങൾക്കുണ്ടാവണം; പ്രസവവേദനയെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെ, പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന മെലിഞ്ഞുവിളറിയ സ്ത്രീകളെ നിങ്ങൾക്കോമ്മയുണ്ടായിരിക്കണം. മരിക്കാൻ കിടക്കുന്നവർക്കരികിലും നിങ്ങൾ പോയിരിക്കണം. തുറന്നിട്ട ജനാലയും ഒറ്റപ്പെട്ട ശബ്ദങ്ങളുമുള്ള മുറിയിൽ മരിച്ചുകിടക്കുന്നവർക്കൊപ്പം നിങ്ങളുണ്ടായിരിക്കണം; ഓർമ്മകൾ ഉണ്ടായതുകൊണ്ടുമായില്ല; അത്രയധികമാവുമ്പോൾ മറക്കാൻ നിങ്ങൾക്കു കഴിയണം; പിന്നൊരിക്കൽ അവ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനുള്ള വിപുലമായ സഹനശക്തിയും നിങ്ങൾ കാണിക്കണം. ഓർമ്മകൾക്കു മാത്രമായിട്ടൊരു പ്രാധാന്യവുമില്ല. അവ നമ്മുടെ ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിനു ശേഷം മാത്രമാണു്, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതായതിനു ശേഷം മാത്രമാണു് — അതിനു ശേഷം മാത്രമാണു് ഒരത്യപൂർവ്വമുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.
(മാൾറ്റെ ലൗറിഡ്സു് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ നിന്നു്)