close
Sayahna Sayahna
Search

കവിത ആസ്വദിക്കേണ്ടത് എങ്ങനെ?


കവിത ആസ്വദിക്കേണ്ടത് എങ്ങനെ?
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ʻഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് എന്റെ ഗുരുനാഥനില്‍ നിന്ന് ആദ്യമായി വള്ളത്തോളിന്റെ കോഴിʼ എന്ന മനോഹരമായ കാവ്യം കേട്ടതും അതു പഠിച്ചതും. അദ്ദേഹം അതിലെ ഒരു ശ്ലോകം ഈണത്തില്‍ ചൊല്ലി.

ʻʻകിഞ്ചനോണമിതമാം കഴുത്തൊടും
ചഞ്ചലാക്ഷി പുടവീക്ഷണത്തൊടും
തഞ്ചമായ്ക്കൃശപദങ്ങള്‍ വച്ചിതാ
സഞ്ചരിപ്പിതൊരു കോഴി മെല്ലവേˮ

അതു കേട്ടമാത്രയില്‍ ആ കോഴിയെ അകക്കണ്ണുകൊണ്ടു ഞാന്‍ കണ്ടു. അതെഴുതിയ കവിയെ കാണണമെന്ന് എനിക്ക് എന്തെന്നില്ലാത്ത ആഗ്രഹം തോന്നി. മഹാകവി കോട്ടയത്ത് ഒരു സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് ഞാന്‍ അവിടെയെത്തി. മഹാകവി ഊണു കഴിക്കുകയാണെന്നും അതു കഴിഞ്ഞതിനു ശേഷം കാണാമെന്നും ഒരാള്‍ പറഞ്ഞു. അദ്ദേഹത്തെ ഒന്നു കാണാനുള്ള അടക്കാനാവാത്ത കൊതിയോടെ ഞാനൊന്ന് എത്തിനോക്കി. അദ്ദേഹം കോഴിയിറച്ചിക്കറി കൂട്ടി ഊണു കഴിക്കുന്നത് ഞാന്‍ കണ്ടു. അമ്പരന്നുപോയ ഞാന്‍ ʻകോഴിʼ എന്ന കാവ്യത്തിലെ മറ്റൊരു ശ്ലോകം ഓര്‍മ്മിച്ചു:

ʻʻഭീമഘാതകര്‍ കഴുത്തറുക്കവേ
രാമരാമ കരുണാസ്വരത്തൊടും
കീഴ്മലച്ചു പിടയുന്ന കോഴിയെ
കാണ്മവര്‍ക്കു കരള്‍ പൊട്ടുകില്ലയോ?ˮ

caption
വള്ളത്തോള്‍

കരള്‍ പൊട്ടുമെങ്കില്‍ മഹാകവി എങ്ങനെ കോഴിയിറച്ചിക്കറി കൂട്ടുന്നു എന്ന് എനിക്ക് സംശയമുണ്ടായി. ഞാന്‍ അദ്ദേഹത്തെ കാണാതെ തിരിച്ചുപോന്നു. കവിയോടു തോന്നിയ വല്ലായ്മ വളരെക്കാലം എനിക്കുണ്ടായിരുന്നു. പ്രായം കൂടിയതിനു ശേഷം ഇറ്റലിയിലെ സാഹിത്യനിരൂപകനും തത്വചിന്തകനുമായിരുന്ന ക്രോചെ എഴുതിയ ഒരു പ്രബന്ധം ഞാന്‍ വായിക്കാനിടയായി. അതില്‍ അദ്ദേഹം അസന്ദിഗ്ദ്ധമായി എഴുതിയിട്ടുണ്ട്, കവി ആരല്ലയോ അതിന്റെ ആവിഷ്കാരമാണ് കവിതയെന്ന്. അപ്പോള്‍ ജീവിതത്തില്‍ ഭീരുവായ കവി ധൈര്യത്തെ പ്രകീര്‍ത്തിച്ചു കാവ്യമെഴുതും. ഹിംസയ്ക്കു മടിയില്ലാത്ത കവി അഹിംസയെ വാഴ്ത്തും. അധാര്‍മ്മികമായ ജീവിതം നയിക്കുന്ന കവി ധാര്‍മികത്വത്തെ പ്രശംസിച്ചു കാവ്യം രചിക്കും.

നിത്യജീവിതത്തില്‍ കവിക്ക് ഒരു സ്വത്വം (personality). കാവ്യജീവിതത്തില്‍ വേറൊരു സ്വത്വം. അതുകൊണ്ട് കവിയുടെ ദൈനംദിന ജീവിതം കണ്ടുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ അഭിപ്രായം രൂപവത്കരിക്കുന്നത് ശരിയാവില്ല.

കാലമേറെക്കഴിഞ്ഞു. ഞാന്‍ കാവ്യങ്ങള്‍ എഴുതിക്കൊണ്ട് മഹാകവിയെ കാണാന്‍ ചെന്നു. അദ്ദേഹം ദയാപൂര്‍വ്വം അതെല്ലാം വായിച്ചു നോക്കിയിട്ടു പറഞ്ഞു: ʻʻനിങ്ങള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ശൈലിയിലാണ് കവിതയെഴുതുന്നത്. അതു ശരിയല്ല. ചെറുശ്ശേരിയുടെ ʻകൃഷ്ണഗാഥʼ ഹൃദിസ്ഥമാക്കൂ. എന്നിട്ടു സ്വന്തം അനുഭവങ്ങള്‍ ആവിഷ്ക്കരിക്കാന്‍ നോക്കൂ.ˮ മഹാകവിയുടെ വാക്കുകള്‍ അംഗീകരിച്ചു ഞാന്‍ ʻകൃഷ്ണഗാഥʼ വായിച്ചു. കാണാപ്പാഠം പഠിച്ചു. എന്നിട്ടു കാവ്യം രചിച്ചു. അപ്പോള്‍ എന്റെ കാവ്യങ്ങളെല്ലാം കൃഷ്ണഗാഥയുടെ ശൈലിയില്‍ വാര്‍ന്നുവീണു. ഞാന്‍ ജന്മനാ കവിയല്ലെന്നു കണ്ട് കാവ്യരചന നിറുത്തി.

മനുഷ്യനായ വള്ളത്തോള്‍ ചിലര്‍ക്കു സ്വീകരണീയമല്ലാത്ത ഭക്ഷണം കഴിച്ചെന്നു വരും. പക്ഷേ സഹൃദയത്വമുള്ള ഏതു കേരളീയനും ആദരണീയനായ ദിവ്യ മഹാകവിയായിരുന്നു അദ്ദേഹം. ഈ കവിയുടെ ചില വരികള്‍ നോക്കുക.

ʻʻതാമരപ്പൂമാലപോലാം കൈ കങ്കണ-
സ്തോമം കിലുങ്ങുമാറൊന്നുയര്‍ത്തി
തൂവിരല്‍ ചെന്തളിര്‍ പൊന്മണിമോതിര
ശ്രീവിരിച്ചീടിന പാണിയാലേˮ

ഏകാന്തത്തിലിരുന്ന് ഇതൊന്ന് ഉറക്കെച്ചൊല്ലി നോക്കൂ. അസുലഭമായ ഒരനുഭൂതിയില്‍ നിങ്ങള്‍ ചെന്നുവീഴും. ഈ അനുഭൂതി കവി ജനിപ്പിക്കുന്നതെങ്ങനെ? നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകളേ അദ്ദേഹവും ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലും നമ്മള്‍ കവിതയുടെ –- കലയുടെ –- ഗന്ധര്‍വ്വലോകത്തേക്കു ചെല്ലുന്നു. വാക്കുകളെ വികാരത്തോടു ബന്ധപ്പെടുത്തിലയാത്മകമായി പ്രയോഗിക്കാന്‍ മഹാകവികള്‍ക്കേ കഴിയൂ. ആ ലയം നമ്മളെ സത്യത്തിന്റെ ലോകത്ത് എത്തിക്കുന്നു. വാക്കുകള്‍ക്ക് അവയുടേതായ രീതിയില്‍ വികാരത്തോടു ബന്ധമില്ല. പക്ഷേ കവിഹൃദയത്തിലെ വികാരത്തെ ആ വാക്കുകളുമായി ബന്ധിപ്പിച്ച് അദ്ദേഹം ആവിഷ്കരിക്കുമ്പോള്‍ നമ്മള്‍ക്ക് ആഹ്ലാദാനുഭൂതി ഉണ്ടാകുന്നു. വള്ളത്തോള്‍ എന്തെഴുതിയാലും ഈ അനുഭൂതി ജനിപ്പിക്കാന്‍ അതു പര്യാപ്തമായിരിക്കും. ശ്രീകൃഷ്ണന്റെ കാളിയമര്‍ദ്ദനം വര്‍ണ്ണിക്കുകയാണ് കവി. അപ്പോള്‍ അദ്ദേഹം പറയുന്നു:

ʻʻപീലിപ്പുരിക്കുഴല്‍ കെട്ടഴിഞ്ഞുണ്ണി തന്‍
തോളില്‍പ്പതിഞ്ഞതിന്‍ തുമ്പുകളില്‍
വെള്ളത്തിന്‍ തുള്ളികളൊട്ടൊട്ടുനിന്നാടി
വെള്ളിയലുക്കുകളെന്നപോലെ.ˮ

കണ്ണന്റെ തലമുടിനാരുകളുടെ അറ്റത്ത് വെള്ളത്തുള്ളികള്‍ നിന്നതും അതു വെള്ളിയലുക്കുകള്‍ പോലെ ശോഭിച്ചതും മഹാകവി കാണുന്നു. നമ്മളെ അതു കാണിച്ചുതരുന്നു. അതോടെ കണ്ണന്റെ സൗന്ദര്യം മുഴുവന്‍ നമ്മള്‍ ദര്‍ശിക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ നിസ്സാരമാണെന്നു തോന്നും. എന്നാല്‍ മഹാകവികള്‍ക്കു മാത്രമേ ഭാവനയിലൂടെ ഈ ദൃശ്യങ്ങല്‍ ദര്‍ശിക്കാനാവൂ എന്നതാണ് സത്യം.

വള്ളത്തോള്‍ എന്ന മനുഷ്യന്റെ സ്വത്വം ഒന്ന്; വള്ളത്തോള്‍ എന്ന കവിയുടെ സ്വത്വം വേറെ എന്നു ഞാന്‍ എഴുതിയല്ലോ. കവിയുടെ സ്വത്വം സൗന്ദര്യമായതുകൊണ്ടാണ് അദ്ദേഹത്തിന്റെ കവിതയ്ക്കും സൗന്ദര്യാതിശയം ഉണ്ടായത്. എം.എസ്. സുബ്ബലക്ഷ്മി പാടുമ്പോള്‍ ഗാനം മധുരതമമാകുന്നത് ആ ഗായികയുടെ മനസ്സ് സ്വാഭാവികമായി മാധുര്യം നിറഞ്ഞതായതുകൊണ്ടാണ്. ഇവിടെയും കലാകാരിയുടെ സ്വത്വത്തെയാണു ഞാന്‍ ഉദ്ദേശിക്കുന്നത്. സ്ത്രീയായ സുബ്ബലക്ഷ്മിയുടെ പെരുമാറ്റം എനിക്കും നിങ്ങള്‍ക്കും അറിഞ്ഞുകൂടാ. വാദത്തിനുവേണ്ടി അതു സ്വീകാര്യമല്ലെന്നു പറയട്ടെ. എന്നാലും അവരുടെ സംഗീതം ദിവ്യമാണെന്നതില്‍ സംശയമില്ല. നമ്മള്‍ കവിത വായിച്ചു വിലയിരുത്തണം. പാട്ടുകേട്ടു മൂല്യനിര്‍ണ്ണയം ചെയ്യണം. അതല്ലാതെ കവിയുടെയോ ഗായകന്റെയോ സ്വകാര്യ ജീവിതമെന്തെന്ന് അന്വേഷിക്കരുത്. ഭീരുവായ കവിക്കു ധൈര്യത്തെക്കുറിച്ചു ബോധം മാത്രമുണ്ടായിരുന്നാല്‍ മതി. ആ ബോധം കാവ്യരചനയില്‍ പ്രകടമാകും.