close
Sayahna Sayahna
Search

മനുഷ്യസ്നേഹത്തിന്റെ നിറവും ഊഷ്മളതയും


മനുഷ്യസ്നേഹത്തിന്റെ നിറവും ഊഷ്മളതയും
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

റ്റോണി മോറിസണിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയിരിക്കുന്നു. അവരുടെ ’ദ ബ്ലൂഎസ്റ്റ് ഐ’ എന്ന നോവലിലെ ഒരു ഭാഗമെടുത്തു പറയട്ടെ. ചൊള്ളി എന്ന പേരുള്ള നീഗ്രോ ആണ്‍കുട്ടി ഡാന്‍ലിന്‍ എന്ന പേരുള്ള നീഗ്രോ പെണ്‍കുട്ടിയുമായി കുറ്റിക്കാട്ടില്‍ വൈഷയികാനുഭൂതി നേടിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ രണ്ടു വെള്ളക്കാര്‍ ആ വഴി വരാനിടയായി. അവര്‍ ചൊള്ളിയുടെ പിറകുവശത്തു ഫ്ളാഷ് ലൈറ്റ് പ്രകാശിപ്പിച്ചപ്പോള്‍ അവന്‍ പേടിച്ച് കൃത്യത്തില്‍ നിന്നു പിന്മാറി. ടോര്‍ച്ചിന്റെ പ്രകാശധാര അമ്മട്ടില്‍ത്തന്നെ നിന്നു. അവര്‍ അവനോടു പറഞ്ഞു: ‘Go on, go on and finish. And nigger, make it good’ (‘നടക്കട്ടെ, നടക്കട്ടെ. പൂര്‍ണ്ണമാക്കിക്കൊള്ളൂ, കാപ്പിരി, ഇതു നന്നായി നടത്തൂ...’).

നിസ്സഹായതയുടെ പരിപൂര്‍ണതയിലെത്തിയ നീഗ്രോ ആണ്‍കുട്ടി താന്‍ അനുഷ്ഠിച്ചുകൊണ്ടിരുന്ന കൃത്യം പേടിയോടുകൂടി തുടര്‍ന്നും നിര്‍വഹിച്ചു. നീഗ്രോ നിഷ്കളങ്കതയുടെ നേര്‍ക്കുള്ള ധവളവര്‍ഗത്തിന്റെ ക്രൂരതയെ സ്പഷ്ടമാക്കിത്തരാനാണു റ്റോണി മോറിസണ്‍ ആ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നത്. വെള്ളക്കാരുടെ നൃശംസതയെ തീക്ഷ്ണതയോടെ വിമര്‍ശിക്കുകയും സ്ത്രീസമത്വവാദത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹമുള്ള സാഹിത്യകാരിയായിട്ടാണു റ്റോണി മോറിസണെ സഹൃദയര്‍ കാണുന്നത്. അവരുടെ ആ മനുഷ്യ സ്നേഹപ്രകീര്‍ത്തനം തന്നെയാവാം അവര്‍ക്കു നോബല്‍ സമ്മാനം നേടിക്കൊടുത്തത്.

വായനക്കാരെ ക്ഷോഭിപ്പിക്കുകയും ആകുലാവസ്ഥയിലേക്ക് എറിയുകയും ചെയ്യുന്ന അസാധാരണമായ നോവലാണു ‘ദ ബ്ലൂഎസ്റ്റ് ഐ’. പെക്കോല എന്ന നീഗ്രോ പെണ്‍കുട്ടി വെള്ളക്കാരി പെണ്‍കുട്ടികളുടെ നീലനിറമാര്‍ന്ന കണ്ണുകള്‍ക്കുവേണ്ടി കൊതിക്കുന്നു. അടിമകളും അടിമകളുടെ ഉടമസ്ഥരായ വെള്ളക്കാരും തമ്മില്‍ സംഘട്ടനമുണ്ടാകുന്നു. ശിശുക്കള്‍ തൊട്ടു വൃദ്ധകള്‍ വരെയുള്ള നീഗ്രോ സ്ത്രീകള്‍ നോവലില്‍ ഗര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ ഗര്‍ജ്ജനമാകട്ടെ ധവളവര്‍ഗത്തോടുള്ള അമര്‍ഷത്തിന്റെ ഫലവും. എന്തിന് ഏറെപ്പറയുന്നു? ക്ലോഡിയ എന്നൊരു കൊച്ചു പെണ്‍കുട്ടിപോലും വെള്ളക്കാരിയുടെ രൂപത്തില്‍ നിര്‍മ്മിച്ച പാവയെ പിച്ചിച്ചീന്തുന്നു.

നോവലിലെ ഒരു കഥാപാത്രം പറയുന്നതു കേള്‍ക്കുക: “ഞാന്‍ വിത്തുകള്‍ എന്തുകൊണ്ട് ആഴത്തില്‍ നട്ടില്ല, നമ്മുടെ പറമ്പും നമ്മുടെ പട്ടണവുമായ ഭൂമിയുടെ തെറ്റു വന്നതെങ്ങനെ എന്നൊക്കെയാണു ഞാന്‍ സംസാരിക്കുന്നത്. ആ വര്‍ഷത്തില്‍ മേരി ഗോള്‍ഡ് പുഷ്പങ്ങള്‍ക്കു രാജ്യമാകെയുള്ള പറമ്പുകള്‍ എതിരായിരുന്നു എന്നും ഞാന്‍ വിചാരിക്കുന്നു. ചിലതരം പൂക്കള്‍ക്ക് ഈ മണ്ണു നല്ലതല്ല.” ആ പൂക്കള്‍ നീഗ്രോകളാണ് എന്നു ധ്വനിപ്പിക്കുകയാണു റ്റോണി മോറിസണ്‍. ധവളവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗീയ ചിന്ത കറുത്ത വര്‍ഗ്ഗത്തിന്റെ ഹിംസയില്‍ പര്യവസാനിക്കുന്നുവെന്ന സത്യം ഈ എഴുത്തുകാരിയെപ്പോലെ മറ്റാരും സുശക്തമായി സ്ഫുടീകരിച്ചിട്ടില്ല. ‘ദ ബ്ലുഎസ്റ്റ് ഐ’ എന്ന നോവല്‍ പോലെ ശക്തവും ഉജ്ജ്വലവുമാണ് അവരുടെ ‘സുല’ എന്ന നോവലെന്നു നിരൂപകര്‍ പറയുന്നു. എനിക്കതു വായിക്കാന്‍ കിട്ടിയിട്ടില്ല.

റ്റോണി മോറിസണ്‍

“റ്റോണി മോറിസണ്‍ എന്ന എഴുത്തുകാരിയുടെ ശബ്ദം, വര്‍ണ്ണത്തെയും മതവിശ്വാസത്തെയും അതിശയിച്ചിരിക്കുന്നു. അവര്‍ യുദ്ധാനന്തരകാലത്തെ നോവലിസ്റ്റുകളില്‍ ഔജ്ജ്വല്യമാര്‍ജ്ജിച്ചിരിക്കുന്നു. മഹത്ത്വമുള്ള നോവലിസ്റ്റ്. അവരുടെ കഥാപാത്രങ്ങള്‍ക്കു ഭയജനകങ്ങളായ ഭൂതകാലങ്ങളുണ്ട്. അവര്‍ അവ കണ്ടുപിടിക്കുന്നു. അല്ലെങ്കില്‍ അവയാല്‍ ‘ഹോണ്‍ട്’ ചെയ്യപ്പെടുന്നു. ആശയങ്ങളോടുകൂടി തുടങ്ങുകയല്ല അവര്‍. പിറ്റ്മാനെപ്പോലെ, ബെല്ലോയെപ്പോലെ അവര്‍ക്കു ശബ്ദമുണ്ട്, വാക്കുകളുണ്ട്” എന്ന് ഒരു വലിയ നിരൂപകന്‍ അവരെക്കുറിച്ചു പറഞ്ഞതാണിത്. ഈ ഹോണ്‍ടിങ് — പിടിവിടാപ്പിശാച് അല്ലെങ്കില്‍ അനവരതമായ അനുധാവനം — അവരുടെ ‘ബിലവ്ഡ്’ എന്ന നോവലിലെ പ്രധാനപ്പെട്ട വിഷയമാണ്. പ്രശസ്തയായ കനേഡിയന്‍ നോവലിസ്റ്റ് മാര്‍ഗററ്റ് അറ്റ്‌വുഡ് ‘ഒരു വലിയ വിജയം’ എന്നും ന്യൂസ്‌വീക്ക് വാരിക ‘ഒരു പ്രകൃഷ്ടകൃതി, ഉജ്ജ്വലം, അദ്ഭുതാവഹം’ എന്നും വാഴ്ത്തിയ ഈ നോവല്‍ ‘നീഗ്രോ അനുഭവത്തെ’ ശക്തമായി ആവിഷ്കരിക്കുന്നു.

സെതെ എന്ന സ്ത്രീയാണു പ്രധാനപ്പെട്ട കഥാപാത്രം. അടിമയായ അവല്‍ സിന്‍സിനറ്റി പട്ടണത്തിലെ 124 എന്ന വീട്ടില്‍ താമസിക്കുകയാണ്. പക്ഷേ ആ ഭവനം കഴുത്തറുത്തു കൊല്ലപ്പെട്ട കുഞ്ഞിനാല്‍ ‘ഹോണ്‍ട്’ ചെയ്യപ്പെടുന്നു. വെള്ളക്കാരന്റെ ക്രൂരമായ നിയമമാണ് ആ മൃഗീയമായ കൊലപാതകത്തിനു സെതെയെ പ്രേരിപ്പിച്ചത്. “സൈഡ് ബോര്‍‍ഡ് ഒരടി മുന്നോട്ടുവച്ചു” മരിച്ച അമ്മൂമ്മയാണ് അതിനെ തടയുന്നതെന്നു സെതെയുടെ മകള്‍ പറഞ്ഞു. അതു ശരിയല്ലെന്ന് അമ്മ. കുഞ്ഞു മരിച്ചപ്പോള്‍ അതിനു രണ്ടു വയസ്സു പോലുമായിരുന്നില്ലെന്നു സെതെ മകളെ അറിയിച്ചു. സെതെ അവളുടെ കൈ വിട്ടിട്ട് സൈഡ് ബോര്‍ഡ് ചുവരിനടുത്തേക്കു തള്ളി നീക്കി. വെളിയില്‍ ഒരു കുതിരസവാരിക്കാരന്‍ കുതിരയെ ചാട്ടകൊണ്ടടിച്ച് അതിവേഗം പായിച്ചു. 124 എന്ന ഭവനത്തിനടുത്തു വരുമ്പോള്‍ തദ്ദേശവാസികള്‍ അങ്ങനെയാണു ചെയ്തിരുന്നത്.

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഈ നോവലിലെ കഥ നടക്കുന്നത്. എത്രയെത്ര നീഗ്രോ അടിമകളെയാണു വെള്ളക്കാര്‍ തൂക്കിക്കൊന്നത്! ആ കൊലപാതകങ്ങളുടെ കഥകള്‍ നോവലിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു. മകളുടെ മരണം അമ്മയെ പിന്തുടരുന്നു. 124 എന്ന ഭവനത്തിന്റെ പിറകിലായി ഒരു പുഴയുണ്ട്. അവിടെ അവളുടെ കാല്‍പാടുകള്‍ വരികയും പോകുകയും ചെയ്യുന്നു; വരികയും പോകുകയും ചെയ്യുന്നു. അവ വളരെ പരിചിതങ്ങള്‍. കൊച്ചു കുട്ടിയോ പ്രായം കൂടിയവനോ കാലുകള്‍ അവയില്‍ വച്ചാല്‍ അവ തമ്മില്‍ ചേരും. അവിടെ നിന്ന് അവയെ എടുക്കൂ. ആ കാല്‍പാടുകല്‍ അപ്രത്യക്ഷങ്ങളാവും. ആരും അവിടെ നടന്നില്ല എന്ന മട്ടില്‍. കഴുത്തറക്കപ്പെട്ട കുഞ്ഞിന്റെ ചരിത്രം നീഗ്രോകളുടെ ചരിത്രമാണ്. അതു ഭൂതകാലത്തു നിന്നു പുനരാവിഷ്കരിക്കപ്പെട്ടാല്‍ അന്നത്തെ ധര്‍മ്മരോഷം ഇപ്പോഴുമുണ്ടാകും. അത് ആവിഷ്കരിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ ഒന്നും പറയാനുമില്ല. വെളുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഏതൊരുവന്റെയും പുറത്തു വീഴുന്ന ചാട്ടവാറടിയാണു റ്റോണി മോറിസന്റെ ‘ബിലവ്ഡ്’ എന്ന നോവല്‍. വീടുമാറണമെന്നു സെതെ പറഞ്ഞപ്പോള്‍ അവളുടെ അമ്മായിയമ്മ അറിയിച്ചതു നീഗ്രോയുടെ ദുഃഖം ആക്രമിക്കാത്ത ഒരു വീടും ആ രാജ്യത്തിനല്ല എന്നാണ് നീഗ്രോയുടെ ദുഃഖം ആക്രമിക്കാത്ത ഒരു വീടും ആ രാജ്യത്തില്ല എന്നാണ്.

മറ്റൊരു നീഗ്രോ കവയിത്രി എഴുതി:

“ഓരോ മൂന്നു മിനിറ്റിനകത്ത് ഒരു സ്ത്രീ പ്രഹരിക്കപ്പെടുന്നു
ഓരോ അഞ്ചു മിനിറ്റിനകത്ത് ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നു
ഓരോ പത്തുമിനിട്ടിനകത്ത് ഒരു പെണ്‍കുട്ടി ലൈംഗികേച്ഛയോടുകൂടി സമീപിക്കപ്പെടുന്നു
എന്നിട്ടും ഞാനിന്നും പാതയിലൂടെ ബസ്സില്‍ സഞ്ചരിച്ചു
ഞാനൊരു വൃദ്ധന്റെ അടുത്താണ് ഇരുന്നത്
അയാള്‍ വൃദ്ധയായ ഭാര്യയെ മൂന്നു മിനിറ്റിനു മുന്‍പ്
അല്ലെങ്കില്‍ മൂന്നു ദിവസത്തിനു മുന്‍പ്
അല്ലെങ്കില്‍ മുപ്പതു വര്‍ഷത്തിനു മുന്‍പ് പ്രഹരിച്ചിരിക്കാം.”

ഇതാണു കറുത്തവര്‍ഗ്ഗക്കാര്‍ക്കു ലഭിക്കുന്ന മര്‍ദ്ദനം. മുപ്പതു വര്‍ഷങ്ങളല്ല, മുന്നൂറു വര്‍ഷങ്ങളല്ല, മുന്നൂറു വര്‍ഷങ്ങളല്ല, അതിനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമകളായിപ്പോയ കറുത്ത വര്‍ഗ്ഗക്കാരെയാണു റ്റോണി മോറിസണ്‍ നോവലില്‍ ചിത്രീകരിക്കുന്നത്. കഴുത്തറക്കപ്പെട്ട കുഞ്ഞുങ്ങളും വെള്ളക്കാരാല്‍ നിഗ്രഹിക്കപ്പെട്ട നീഗ്രോകളും രക്തദാഹത്താല്‍ എരിപൊരി കൊള്ളുന്നത് ഈ നോവലില്‍ കാണാം.

തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനേക്കാള്‍ വലുതായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നു കാറല്‍ മാര്‍ക്സ് എഴുതിയിട്ടുണ്ട്. നീഗ്രോകളെ വെളുത്ത വര്‍ഗ്ഗക്കാര്‍ ചൂഷണം ചെയ്യുന്നത് അതിനേക്കാള്‍ വലിയ തോതിലാണെന്നു റ്റോണി മോറിസണ്‍ പരോക്ഷമായി അഭിപ്രായപ്പെടുന്നു. വെളുത്തവര്‍ഗ്ഗം ഫ്ളാഷ്‌ലൈറ്റ് തെളിച്ചു കറുത്തവര്‍ഗ്ഗക്കാരുടെ സ്വകാര്യപ്രവര്‍ത്തനങ്ങളെപ്പോലും തടയുന്നു. നീഗ്രോകള്‍ ലജ്ജകൊണ്ടു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലും വെള്ളക്കാര്‍ അവ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്നില്ല. ആ കുല്‍സിതപ്രകാശത്തിന്റെ പ്രഭവകേന്ദ്രങ്ങളെ സമാക്രമിക്കൂ എന്നാണു റ്റോണി മോറിസണ്‍ ആഹ്വാനം ചെയ്യുന്നത്. നോബല്‍ സമ്മാനം നല്‍കിയ കമ്മറ്റി അതു കേട്ടതുകൊണ്ടാവാം മറ്റുജ്ജ്വല പ്രതിഭാശാലികളില്‍ ഒരാള്‍ക്കു കിട്ടേണ്ട സമ്മാനം അവര്‍ക്കു നല്‍കിയത്.