close
Sayahna Sayahna
Search

നടത്തവും നൃത്തവും


നടത്തവും നൃത്തവും
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1994
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ചക്രവര്‍ത്തിക്ക് എതിരായി ഗൂഢാലോചന നടത്തിയതിനു വേണ്ടി കാരാഗൃഹത്തിലാക്കപ്പെട്ട ഒരു പ്രഭുകുമാരന്‍. ആ നാട്ടിലെ നിയമമനുസരിച്ചു ജഡ്ജിമാര്‍ കാരാഗൃഹത്തില്‍ വന്ന് അയാളോടു പറഞ്ഞു: ʻനിനക്കു വധശിക്ഷ വിധിച്ചിരിക്കുന്നു ഞങ്ങള്‍.ʼ തടവുകാരന്‍ ഈശ്വരനെ ധ്യാനിച്ച് തടവറയില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ അമ്മ അവിടെയെത്തി പറഞ്ഞു: ʻʻമോനേ ഞാനിന്നു ചക്രവര്‍ത്തിയുടെ കാല്ക്കല്‍ വീണു നിനക്കുവേണ്ടി മാപ്പ് അപേക്ഷിക്കും. നിന്നെ വധസ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍ ഞാന്‍ ബാല്‍ക്കണിയില്‍ വെള്ളവസ്ത്രം ധരിച്ചു നിന്നാല്‍ ചക്രവര്‍ത്തി നിനക്കു മാപ്പുതന്നതായി വിചാരിക്കണംˮ. ഇതു കേട്ടു മകന്‍ പറഞ്ഞു: ʻʻഅമ്മ കറുത്തവസ്ത്രം ധരിച്ചു നില്ക്കുകയാണെങ്കില്‍ എന്നെ തൂക്കിക്കൊല്ലുമെന്നു മനസ്സിലാക്കിക്കൊള്ളാം.ˮ തടവുകാരനെ വധസ്ഥലത്തേക്കു ഭടന്മാര്‍ കൊണ്ടുപോയി. അയാള്‍ ബാല്‍ക്കണിയിലേക്കുനോക്കിയപ്പോള്‍ അമ്മ വെള്ളവസ്ത്രം ധരിച്ചു നില്ക്കുന്നതു കണ്ടു. ʻʻഎന്നെ ഇപ്പോള്‍ മോചിപ്പിക്കും, എന്നെ ഇപ്പോള്‍ മോചിപ്പിക്കുംˮ എന്ന് അയാള്‍ അപ്പോഴും കരുതി. തടവുകാരന്‍ നിന്ന മരത്തട്ടിന്റെ താഴെയുള്ള സാക്ഷ വലിച്ചു. അയാള്‍ താഴ്ചയിലേക്കുപോയി, ശ്വാസം മുട്ടി പിടഞ്ഞു മരിക്കുകയും ചെയ്തു.

അമ്മ എന്തിന് അങ്ങനെ പ്രവര്‍ത്തിച്ചു? മകന്‍ ധീരനായി മരിച്ചുകൊള്ളട്ടെ എന്നു വിചാരിച്ചാണോ? അതോ സ്ത്രീസഹജമായ സൂത്രം പ്രയോഗിച്ചതാണോ അവര്‍? അറിഞ്ഞുകൂടാ. കഥാകാരന്‍ പറയുന്നു: ʻകെട്ടുകഥകള്‍ എഴുതുന്നവര്‍ അവ എഴുതിക്കൊണ്ടിരിക്കുന്നു. ചരിത്രം എഴുതുന്നവര്‍ ചരിത്രം എഴുതുന്നു. വാസ്തവികങ്ങളായ കഥകള്‍ എഴുതുന്നവര്‍ അമ്മട്ടില്‍ കഥകള്‍ രചിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഒന്നേ സുനിശ്ചിതമായുള്ളു, അതാണു മരണം.ʼ

caption
ദാനീലോ കീഷ്

യുഗോസ്ലാവ്യയിലെ വിഖ്യാതനായ സാഹിത്യകാരന്‍ ദാനീലോ കീഷ് എഴുതിയ ഒരു ചെറുകഥയുടെ ചുരുക്കമാണ് ഞാന്‍ മുകളില്‍ നല്കിയത്. ഇതു വായിക്കുമ്പോള്‍, ʻഒന്നേ സുനിശ്ചിതമായുള്ളു. അതാണു മരണംʼ എന്നു വായിക്കുമ്പോള്‍ നമ്മള്‍ ജീവിതമെന്താണ് എന്നു മനസ്സിലാക്കുന്നു. മരണമെന്താണെന്നു മനസ്സിലാക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള, മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിന് ആദരണീയമായ മാറ്റം വരികയും ചെയ്യുന്നു. ഇതാണ് സാഹിത്യത്തിന്റെ ശക്തി. ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ത്ഥമെന്തെന്നു നമ്മള്‍ മനസ്സിലാക്കുകയും ആ മനസ്സിലാക്കലിന് യോജിച്ച വിധത്തില്‍ ജീവിതത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതില്‍ കൂടുതലായി നമ്മള്‍ സാഹിത്യത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ പലരുടേയും ധാരണ അമ്മട്ടിലല്ല. സാഹിത്യകാരന്മാര്‍ തങ്ങളുടെ കൃതികള്‍കൊണ്ടു സമൂഹത്തില്‍ പരിവര്‍ത്തനം വരുത്തുന്നു എന്നാല്‍ അവരുടെ അഭിപ്രായം. ഉദാഹരണത്തിന് അമേരിക്കയിലെ അടിമക്കച്ചവടം അവസാനിപ്പിക്കുന്നതിനു ʻഅങ്കിള്‍ ടോംസ് ക്യാബിന്‍ʼ എന്ന നോവല്‍ സഹായിച്ചു എന്ന് അവര്‍ ചൂണ്ടിക്കാണിക്കും. അടിമക്കച്ചവടം അവസാനിപ്പിക്കുന്നതിന് ആ നോവല്‍ സഹായിച്ചില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ആ നോവലിനു സാഹിത്യഗുണം ഇല്ല. നോവലിനു പകരമായി കുറെ ലഘുരേഖകള്‍ വിതരണം ചെയ്താലും മതി. ഫലമുണ്ടാകും. ടോള്‍സ്റ്റോയിയാണല്ലോ ലോകം കണ്ട നോവലിസ്റ്റുകളില്‍ അദ്വിതീയന്‍. അദ്ദേഹത്തിന്റെ ʻയുദ്ധവും സമാധാനവുംʼ എന്ന നോവലിനെ അതിശയിച്ച വേറൊരു നോവല്‍ വിശ്വസാഹിത്യത്തില്‍ ഇല്ല. എങ്കിലും അത് ഒരു പരിവര്‍ത്തനവും വരുത്തിയില്ല. പരിവര്‍ത്തനം വരുത്തുക എന്ന കൃത്യമല്ല സാഹിത്യം അനുഷ്ഠിക്കുന്നത്.

caption
റൂസ്സോ

ഫ്രഞ്ച് വിപ്ലവമുണ്ടായത് റൂസ്സോയും വൊള്‍തേറും (Voltarie) എഴുതിയതുകൊണ്ടാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. അത് തെറ്റിദ്ധാരണയാണ്. ഫ്രഞ്ച് സമുദായം വിപ്ലവത്തിനു സന്നദ്ധമായിരിക്കുമ്പോള്‍ അതിലെ അംഗങ്ങളായ രണ്ടുപേര്‍... റൂസ്സോയും വൊള്‍തേറും അതിനെക്കുറിച്ച് എഴുതിയെന്നേയുള്ളൂ. അവര്‍ എഴുതിയില്ലെങ്കിലും വിപ്ലവം ഉണ്ടാകുമായിരുന്നു എന്നതാണു സത്യം. സാഹിത്യരചന നിസ്സംഗ പ്രവര്‍ത്തനമാണ്. അനുവാചകനെ രസിപ്പിച്ച് അവന്റെ ജീവിതാവബോധത്തെ തീക്ഷ്ണമാക്കുക എന്ന പ്രവര്‍ത്തനമേ അതിനുള്ളൂ. ടോള്‍സ്റ്റോയിയുടെ ʻയുദ്ധവും സമാധാനവുംʼ എന്ന നോവലില്‍ വിവരിച്ച് ഒരു സംഭവം ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വയ്ക്കട്ടെ. റഷ്യയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുന്നതിു മുന്‍പ് റഷ്യന്‍ ഭരണാധികാരി തന്റെ അംബാസഡറെ പരീക്ഷിക്കാന്‍ ശ്രമിച്ചു. സ്വര്‍ണ്ണനിര്‍മ്മിതമായ മൂക്കുപ്പൊടി ഡപ്പിയില്‍ നിന്നു നെപ്പോളിയന്‍ പൊടിയെടുത്തു വലിച്ചിട്ടു കൈലേസെടുത്തു മൂക്കു തുടച്ചു. എന്നിട്ട് അദ്ദേഹം കരുതിക്കൂട്ടി അതു താഴെയിട്ടു. താനറിയാതെ അതു വീണുപോയിയെന്നു നെപ്പോളിയന്റെ ഭാവം. അംബാസഡര്‍ അത് എടുത്തുകൊടുക്കുമോ എന്നു പരീക്ഷിക്കുകയായിരുന്നു നെപ്പോളിയന്‍. റഷ്യന്‍‍ അംബാസഡര്‍ക്കു ചക്രവര്‍ത്തിയുടെ മനസ്സിലിരിപ്പ് ഗ്രഹിക്കാന്‍ കഴിഞ്ഞു. അദ്ദേഹം അത് എടുത്തു കൊടുത്തില്ല. മാത്രമല്ല, സ്വന്തം കൈലേസ് കീശയില്‍ നിന്നെടുത്തു താഴെയിട്ടിട്ട് അതെടുത്തു തന്റെ കോട്ടിന്റെ കീശയില്‍ വയ്ക്കുകയും ചെയ്തു. നെപ്പോളിയന് അംബാസഡര്‍ ആരെന്നു മനസ്സിലായി. ഇത് ചരിത്രപരമായി ശരിയായിരിക്കണമെന്നില്ല. സാങ്കല്പിക സംഭവമായിക്കൊള്ളട്ടെ. എന്നാലും അത് മനുഷ്യസ്വഭാവത്തിന്റെ സവിശേഷതയിലേക്കു പ്രകാശം പ്രസരിപ്പിക്കുകയും നമ്മുടെ ജീവിതാവബോധത്തെ തീക്ഷ്ണതരമാക്കുകയും ചെയ്യുന്നു.

caption
വൊള്‍തേര്‍

ഒരു മുറിയുടെ അങ്ങേയറ്റത്ത് കസേര ഇട്ടിരിക്കുന്നുവെന്നിരിക്കട്ടെ. ആ കസേര നിങ്ങളില്‍ ആരെങ്കിലും ചെന്നെടുത്തു മാറ്റി വേറൊരു സ്ഥലത്തിട്ടാല്‍ അതു പ്രയോജനപരമായ കൃത്യം മാത്രമാണ്. കസേര ലക്ഷ്യം. നടത്തം അതിനുവേണ്ടിയുള്ള മാര്‍ഗ്ഗം. കസേര മാറ്റിയിടുമ്പോള്‍ നടത്തം എന്ന പ്രക്രിയയ്ക്കു പ്രാധാന്യമില്ലാതെയാകുന്നു. ലക്ഷ്യം മാര്‍ഗ്ഗത്തെ ഇല്ലാതാക്കുന്നു എന്നു പറയാം. പക്ഷേ ഒരുദ്ദേശ്യവുമില്ലാതെ നിങ്ങള്‍ നൃത്തം വച്ച് മുറിയുടെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്കു ചെന്നാല്‍ അതു നിസ്സംഗമായ പ്രവൃത്തിമാത്രമാണ്. ആ പ്രവൃത്തി രസപ്രദമാകുന്നു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ആ രസദായകത്വം മനസ്സിന് ഉന്നമനവും നല്കുന്നു. അതുകൊണ്ട് കലയും സാഹിത്യവും സമുദായത്തെ പരിവര്‍ത്തനം ചെയ്യാനുള്ളതാണ്, അത് മനുഷ്യന്റെ വിശപ്പു മാറ്റാനുള്ളതാണ് എന്നൊക്കെപ്പറയുന്നത് അര്‍ത്ഥരഹിതമാണെന്നു വരുന്നു. കാളിദാസന്റെ ʻമേഘസന്ദേശംʼ എന്ന അതിസുന്ദരമായ കാവ്യം ഏതു സമുദായത്തെ പരിവര്‍ത്തനം ചെയ്തു? അത് എത്രപേരുടെ വിശപ്പു മാറ്റി എന്ന് ആലോചിച്ചു നോക്കുക.