close
Sayahna Sayahna
Search

നീരു വന്ന രണ്ടു കാലുകൾ


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

Perilla-01.jpg

കുടിലിൽ ഇരുട്ടാണ്. അവിടേക്കെത്തിനോക്കിയപ്പോൾ നാലു തിളങ്ങുന്ന കണ്ണുകൾ അവിടെയാകെ തെളിഞ്ഞു. കണ്ണി അമ്മൂമ്മയും, കണ്ണനപ്പൂപ്പനുമായിരുന്നു അത്. കണ്ണിഅമ്മൂമ്മക്ക് അറുപതു കഴിഞ്ഞു. അപ്പൂപ്പന് എഴുപതും. കണ്ടാ തോന്നില്ല. “വറ്റാത്ത രണ്ടു നീരുറവകൾ”…

നാൽപ്പത്തിരണ്ടു വർഷമായി കല്ല്യാണം കഴിച്ചിട്ട്. പതിനെട്ടാം വയസ്സിലാ കല്ല്യാണം. സന്തോഷത്തോടെ ജീവിക്കുന്നു. പക്ഷേ, അപ്പൂപ്പൻ കിടപ്പിലാണ്. നീരു വന്ന രണ്ടു കാലുകൾ. പനിയുണ്ടായിരുന്നു, ഡോക്ടറെ കാണിച്ചു, മരുന്നും തന്നു. എന്നിട്ടും മാറുന്നില്ല. കുളിക്കാൻ ഇരിക്കുകയായിരുന്നു, മൂകമായി.

അമ്മൂമ്മക്ക്, പക്ഷേ, ഒന്നുമില്ല. അവരുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ കാണാം. അന്നുള്ളതിൽ വെച്ച് വലിയ വീട്. ഓട് വീട്. അതിനുള്ളിൽ നീലി, ചേറുമ്പൻ, മണി, മാധവി, ലീല, കാശു, പിന്നെ കണ്ണിഅമ്മൂമ്മയും. ജനിച്ച് ഓർമവരും മുമ്പേ അച്ഛനും അമ്മയും ഓർമയായി. മുത്തച്ചൻ മാത്രം.

കണ്ടനെന്ന് പേര്. കണ്ണിഅമ്മൂമ്മ പന്ത്രണ്ടാം വയസ്സിൽ തന്നെ പണിക്കിറങ്ങി. പഠിക്കാൻ സമയം കിട്ടിയിട്ടില്ല. അല്ല പഠിച്ചിട്ടില്ല. “ജീവിതമെന്ന വലിയപഠിപ്പ് മാത്രം”…

അന്നേറെ സന്തോഷമായിരുന്നു. സഹോദരങ്ങൾ നിറഞ്ഞ വീട്ടിൽ ഇപ്പോ ആരുമില്ല. കഷ്ടപ്പാടാ ഇപ്പോ. നാൽപ്പത്തിരണ്ട് വർഷം മുമ്പാ കല്ല്യാണം കഴിഞ്ഞത് ദിവസം ഇപ്പഴും നല്ല ഓർമയുണ്ട്. മേടമാസം 28. കല്ല്യാണങ്ങളുടെ രീതി എന്നു പറഞ്ഞാൽ, പെണ്ണിന്റെ വീട്ടിലേക്ക് ചെക്കന്റെ വീട്ടുകാർ അഞ്ചേകാൽ രൂപ കൊടുക്കണം. അച്ചനുമമ്മയും, പെണ്ണു ചോദിച്ചുപോണം. അതാണ് കല്ല്യാണം.

അച്ചാച്ചനാ അവരെ വളർത്തിയത്. കോരപ്പൻ നായരെന്ന ജന്മിയുടെ കാര്യസ്ഥനായിരുന്നു മുത്തച്ചൻ. അതുകൊണ്ടാണത്രേ വീട് ഓടായത്. അച്ചാച്ചന്റെ സ്വന്തമായ ഭൂമി ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ജന്മി തിരികേ വാങ്ങി.

Perilla-11.jpg

കണ്ണിയമ്മൂമ്മക്കും നാലു മക്കൾ. ഓമന, ദേവകി, കേശവൻ, സുന്ദരൻ എന്നിങ്ങനേയാണ് പേരുകൾ. പന്ത്രണ്ടാം വയസ്സിൽ ജോലിക്കിറങ്ങിയ മുത്ത്യേമ ഇപ്പഴും ജോലിക്കുപോകുന്നു. “ചോറുണ്ണണ്ടേ”…

അന്ന് കൂലി അണക്കണക്കായിരുന്നു. ആറു പൈസ ഒരണ. നെല്ലേ പക്ഷെ കൂലി കിട്ടുള്ളു. അണയ്ക്കാവശ്യം വരുമ്പോൾ നെല്ല് അണയാക്കണം. രാവിലെ ഏഴുതൊട്ട് വൈകുന്നേരം ആറുവരെ പണിയെടുക്കണം. എന്നിട്ട് കിട്ടുന്നത് രണ്ടു നാഴി നെല്ല്. പന്ത്രണ്ടുകാരിക്ക് രണ്ടുനാഴി. വലിയവർക്ക് നാലു നാഴി. അതാണന്നത്തെ കൂലി.

വീട്ടിലെത്തിയാൽ പച്ച നെല്ല് വറത്ത്, കുത്തി, അമ്മമ്മ കഞ്ഞി വെക്കും. എല്ലാ വീട്ടിലും ഉലക്കയും ഉരലുമുണ്ടാവും. ഉത്സവമെത്തിയാൽ കുറച്ചു കൂടുതൽ നെല്ലുകിട്ടും. ഓണത്തിന് ഓണക്കോടിയും. അന്നെന്തു കിട്ടിയാലും നല്ലതാ. മരണാനന്തര ചടങ്ങൊന്നും ഇപ്പോഴത്തെ പോലെയല്ല. ചെലവ് ജന്മിയുടേതാ. പതിനഞ്ചാം നാളിൽ അടിയന്തിരം. സംസ്കരണം പുഴയോരത്തും. പ്രാഥമിക കർമങ്ങൾക്ക് ഉമിക്കരി, വേപ്പിൻതണ്ട്. എല്ലാ കാലത്തും പുഴയിൽ വെള്ളമുണ്ടാകും; കുളി അവിടേയും.

കൃഷിയിനങ്ങളിൽ പ്രധാനം നെല്ലും, തെങ്ങും മാത്രം. പ്രത്യേകം പറയേണ്ടതൊന്നുണ്ട്. പണിയുമ്പോൾ പാട്ടു “പാടില്ല”. മിണ്ടാതെ പണിയണം. ജന്മി മുമ്പറത്തുണ്ടാകും. അന്ന് പാതി മാറു മറക്കാനെ അനുവാദമുണ്ടായിരുന്നുള്ളു. ഞാറ്റു വേല പ്രകാരമാണ് വിത്തെറിയൽ. കാലം മാറാതെ മഴ പെയ്യും. നല്ല വിളവ് കിട്ടും. വൃശ്ചികപൊണ്ടി, തവളക്കണ്ണൻ, വെള്ളമുണ്ടരി, തെരണ്ട, മസൂരി, കാഞ്ജന, ജോതി എന്നൊക്കെ പലപേരും നെല്ലിനുണ്ട്. പിന്നെ കൊയ്ത്തു കഴിഞ്ഞാൽ നിറയെ മീൻ കിട്ടും. ഇലയിൽ പൊതിഞ്ഞ് തീയിൽ ചുട്ടെടുക്കും. ആഹാ…

പണിക്ക് ആണുങ്ങൾക്ക് പാളത്തൊപ്പി, പട്ടക്കൊട പെണ്ണുങ്ങക്ക്. ഉത്സവമെന്നത് “പൊന്നും പൂവും കതിരും”. ഉത്സവത്തിനു മുമ്പാണുത്സവം. ഒരു കാര്യം മറന്നു. കുളിക്കുന്നത് പതയുന്നൊരു കായകൊണ്ടാ. പേരോർമയില്ല.

ആ… പറഞ്ഞാൽ തീരാത്ത എത്ര കഥകളാ. ഇതൊക്കെ കേൾക്കുമ്പം, നമ്മെളെത്ര ഭാഗ്യവാന്മാരാ… അമ്മൂമ്മക്കും, അപ്പൂപ്പനും വയസ്സായിട്ടും സനേഹത്തിനൊരു കുഴപ്പവുമില്ല. ഇണപിരിയാത്ത ബന്ധം. വാർദ്ധക്യകാലത്ത് തിളങ്ങുന്ന കണ്ണുകളോടെ നിൽക്കുന്നവർ കാലത്തിലും തിളങ്ങിയേക്കാം. കൂടുതൽ പ്രകാശത്തിൽ. ചിലപ്പോൾ തിളങ്ങാതേയും പോകാം.

ആ “തിരി കെടാതിരിക്കട്ടെ“…