സമ്മാനം
ഗ്രന്ഥകർത്താവ് | കെ. എ. അഭിജിത്ത് |
---|---|
മൂലകൃതി | പേരില്ലാപുസ്തകം |
ചിത്രണം | കെ. എ. അഭിജിത്ത് |
കവര്‍ ചിത്രണം | കെ. എ. അഭിജിത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | അനുസ്മരണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2017 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 40 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
1981-ലാണ് തന്റെ ഇരുപതാം വയസ്സിൽ പരിശീലനം കഴിഞ്ഞ്, പാടൂർ സ്ക്കൂളിലേക്ക് കേശവദാസ് മാസ്റ്റർ ചേരുന്നത്. അന്ന് മാഷിന് മൂന്നാം ക്ലാസ്സായിരുന്നു കിട്ടിയിരുന്നത്. ഇന്നത്തെ അപേക്ഷിച്ച് ആ കാലം പട്ടിണിയുടേതായിരുന്നു, ആ ദാരിദ്ര്യവും, വിശപ്പുമെല്ലാം അന്നത്തെ നിലത്തിലും, കുട്ടികളുടെ മുഖത്തിലും കാണിച്ചുതരുമായിരുന്നു. ഒരു വീട് നാലോ അഞ്ചോ മക്കളുടേതായിരുന്നു. മൂത്തകുട്ടികൾ തന്റെ കഞ്ഞനിയത്തിയനിയന്മാരെ നോക്കാനിരിക്കും. അവരുടെ പഠനം അതോടെ മുടങ്ങും. അങ്ങനെ അക്ഷരത്തിൽ നിന്ന് അവർ തനിയെ വകഞ്ഞുമാറ്റപ്പെടും.
അതുകൊണ്ടുതന്നെ ഒരേകുടുംബത്തിലെ ഒരേ സഹോദരന്മാരെ മാഷ് ഒരേ ക്ലാസ്സിലിരുത്തി പഠിപ്പിക്കുമായിരുന്നു. തൊണ്ണൂറ് വരെ കുട്ടികളുടെ എണ്ണം എത്തിയിരുന്ന കഥ മാഷ് ഓർമ്മയോടെ പറഞ്ഞു. കേശവദാസ് മാസ്റ്ററുടെ അച്ഛനുമമ്മയും, അധ്യാപകരായിരുന്നു. കൂട്ടത്തോടെ, ഒരുമിച്ചുള്ള കൂട്ടുകുടുംബത്തിലായിരുന്നു മാഷിന്റെ ജനനം. മാതാപിതാക്കൾക്ക് ജോലി ഉണ്ടായിരുന്നിട്ടും, പക്ഷേ അപ്പോഴും, അവിടെ കാലിയാകുന്ന കിണ്ണത്തിന്റെ മുറിവിൽ പട്ടിണിയുണ്ടായിരുന്നു. സ്ക്കൂളിൽ കുട്ടികൾക്ക് അന്ന് ഉപ്പുമാവായിരുന്നു ഉച്ചഭക്ഷണമായി കൊടുത്തിരുന്നത്. വിശക്കുന്ന മനസ്സുകൾ വീണ്ടും വീണ്ടും വരിയിൽ കേറി നിൽക്കും.
അച്ഛനും അമ്മയും, അധ്യാപകരായതുകൊണ്ടുതന്നെ, വല്ല്യേമ്മയായിരുന്നു മാഷെ കുട്ടിക്കാലം തൊട്ട് നോക്കിയത്. അതുകൊണ്ടുതന്നെ, മാഷിന് തന്റെ മാതാപിതാക്കളേക്കാൾ വല്ല്യേമ്മയോടാണ് കടപ്പാട്. പക്ഷേ, സമൂഹം എന്ന നിലയ്ക്ക് ആരോടും അത്യധികം പ്രതിപത്തിയൊന്നും മാഷ് കാണിച്ചിരുന്നില്ല. എല്ലാവരേയും, സ്ക്കൂളിലെ സമാന്തരമായ ബെഞ്ചുകളിലിരിക്കുന്നതിന്റെ തുല്യതയോടെ കണ്ടു. ജീവിതത്തിന് കൃത്യമായ ആകൃതിയില്ല, പക്ഷെ ചില ഇടങ്ങളിൽ കൃത്യമായ ആകൃതിയോടെ ചിലർ ജീവിച്ചുപോകുന്നു. കേശവദാസ് മാഷ് സ്വന്തം അമ്മയുടെകൂടെയും, അമ്മാവന്റെ കൂടേയും, അധ്യാപന ജീവിതം നിർവഹിച്ചിട്ടുണ്ട്. താൻ പഠിച്ചുപോയ, സ്വന്തം സ്ക്കൂളിൽ തന്നെ അടുത്ത തലമുറയെ ഉയർത്തുക എന്ന ജീവിതത്തിൽ നിർവഹിക്കപ്പെടാത്ത ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു.
ആ പൂർത്തീകരണമാണ് പാടൂർ സ്ക്കൂളിന്റെ പ്രധാന അധ്യാപകനിലേക്ക് വന്നതിനും, ഇന്ന് തനിക്ക് സ്വപ്നങ്ങൾ സമ്മാനിച്ച സ്ക്കൂളിനോട് വിടപറയേണ്ടിവരുന്നതിനും കാരണം. കുട്ടികളെന്നും കൂട്ടികളാണ്, നിഷ്കളങ്കമായ കാപട്യമില്ലാത്ത ലോകത്തെ സമ്മാനിക്കുന്നവർ. പുതുതലമുറയോട് മാഷിന് പറയാനുള്ളത് ഇത്രമാത്രം.
“നമ്മുടെ എ. പി. ജെ അബ്ദുൾകലാം പറഞ്ഞതുപോലെ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ ഊന്നൽ നൽകുക, തെറ്റുകൾക്കെതിരായി പ്രതികരിക്കുക.”