close
Sayahna Sayahna
Search

കിലോന് ഏഴ് ഉറുപ്പ്യ


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഒരിക്കൽ ഇന്ത്യയിൽ ഒരു വലിയ രോഗം വന്നു. അതിൽ കുറേ മനുഷ്യർ മരണപ്പെട്ടു, കുറേ പേർ ആ രോഗത്തിന്റെ കൈകളിൽ മരിക്കാതെ മരിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അതിൽ കുറേപേർ കാട്ടിലേക്ക് കയറിയത്, അവരവിടെ, എലിയേയും, മരങ്ങളുടെ വേരുകളേയും തിന്നു ജീവിച്ചു. അവരാണ് നായാടികൾ എന്നറിയപ്പെട്ടത്. ‍ഞങ്ങളുടെയിടത്തും അവർ കോളനികളായി കഴിഞ്ഞുകൂടുന്നു. പക്ഷേ, ഇന്ന് അവരുടെ ഗോത്രം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ ഇന്ത്യയുടെ അവകാശികളായ നായാടികളെന്ന ആ ഗോത്രം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്രിസ്തുമസ്സിന്റെ നക്ഷത്രത്തിൽ അത്താഴമുണ്ണാൻ സാധനങ്ങൾ വാങ്ങാനായി പോയ വഴിയിലായിരുന്നു, കയ്യിൽ ജീവിതത്തോളം ഭാരമുള്ള ഭാണ്ഡവും, കഷ്ടതകളുടെ കിണറിൽ നിറഞ്ഞ വലിയ കണ്ണുകളും, തലയിലൊരു കെട്ടും, തോർത്തുകൊണ്ടൊരു വസ്ത്രവുമായി ഇരുണ്ട ഒരു മനുഷ്യരൂപത്തെ കണ്ടത്. ആ അവകാശി ഇന്ന് തെരുവിലാണ്.

ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ ഗോത്രത്തിന്റെ കല്ലുമാലയിലെ ഒരു മുത്ത്, ശ്യാമള വല്ല്യേമ. യാത്രയുടെ വിശ്രമത്തിലാണവരിപ്പോൾ.

ഇനിയും നടക്കാനുണ്ട്. കണ്ടതും, വല്ല്യേമ നന്നായി ചിരിച്ചു. ഞങ്ങളുടെ വീട്ടിലേക്കൊക്കെ അന്ന് വരാറുണ്ടായിരുന്നു. കുറുന്തോട്ടിയും, കടുത്തുവയുമൊക്കെ വലിക്കാൻ. അവയൊക്കെ മരുന്നുകളാണ്. അതിലുപരി വല്ല്യേമ്മയുടെ ജീവിതത്തിലെ ഒരു നേരത്തിന്റെ മുറിവുണക്കുന്നവർ. ഒരു കിലോന് ഏഴ് ഉറുപ്പ്യ (രൂപ) കിട്ടും. കാട്ടിൽ നിന്നൊക്കെ വലിച്ചുകൊണ്ടുവരുമ്പോൾ കുറേ ഉണ്ടാകും. വല്ല്യേമ്മയുടെ അച്ഛന്റെ പേര് കൃഷ്ണൻ, അമ്മയുടെ പേര് അറിയില്ല.

Perilla-12.jpg

അച്ഛന് നാല് മക്കളാണ്, ഒരാൾ നാരായണൻകുട്ടി, ബാലൻ (ബാലൻ വല്ല്യേച്ചൻ ഇടയ്ക്ക് വീട്ടിൽ വരും, തേൻ തന്നിട്ടുപോവും. മദ്യം കഴിക്കാത്ത ചുരുക്കം നായാടികളിലൊന്നാണവർ) തങ്കമണി, രാധ. അതിൽ ഒരു ആങ്ങള മരിച്ചു, ഇനി മൂന്ന് പേരാണുള്ളത്, രണ്ട് പെൺമക്കളേയും കെട്ടികൊടുത്തു, പക്ഷെ ശ്യാമള വല്ല്യേമ്മയിന്നും ഒറ്റയ്ക്കാണ്, വീട്ടിൽ ആരുമില്ല, വീടുപോലുമില്ല. പക്ഷെ കൂടപ്പിറപ്പുകളൊക്കെ ഇടയ്ക്ക് കാണാൻ വരും. അവരും, ഇതുപോലെ മരുന്നു ശേഖരിച്ചും, നായാടിയുമാണ് ജീവിക്കുന്നത്. വല്ല്യേമ്മയ്ക്ക് തന്റെ വയസ്സറിയില്ല. അതിരാവിലെ എണീക്കും, പക്ഷെ സമയമറിയില്ല. മരുന്നുകൾ കിലോയ്ക്ക് വിൽക്കും, പക്ഷെ എത്ര ശേഖരിക്കുമെന്നറിയില്ല. വല്ല്യേമ്മയുടെ കണക്കുകൾ, കുറേ എന്ന കൂട്ടലും, നേരത്തേ എന്ന ഗുണിക്കലും, കുറച്ച് എന്ന കുറയ്ക്കലും, വൈകിയെന്ന ഹരിക്കലുമാണ്.

ശ്യാമള വല്ല്യേമ്മയ്ക്ക് സമയമായി.

ഇനിയും നടക്കാനുണ്ട്, ഒരോ വീട്ടിലും, തനിക്കുള്ള പങ്ക് കാത്തിരിക്കുകയാണ്, അങ്ങനെ വല്ല്യേമ്മയുടെ ഒരു ദിവസം കഴിഞ്ഞുപോകും. ഇടിഞ്ഞുപൊളിഞ്ഞ, വീടല്ലാത്ത വീടാണവരെ കാത്തിരിക്കാനുള്ളത്. എല്ലാവരും, ഭിക്ഷ നൽകി അവരെ പറഞ്ഞയക്കും. എന്നാലും എല്ലാവരുടേയും അമ്മായിയാണവർ. കാടിന്റെ മക്കളും, ഈ തെരുവിലെ ഭൂമിയുടെ അവകാശികളും.