close
Sayahna Sayahna
Search

വറ്റ് മക്കൾക്ക് വെള്ളം അമ്മക്ക്


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വെള്ളച്ചിയമ്മൂമ്മയ്ക്ക് എൺപത്തൊമ്പതു വയസ്സായി. എന്നിട്ടും, തളരാത്ത മനസ്സും, കാൽകളും. ഞാനാങ്ങോട്ട് ചെല്ലുമ്പോൾ അച്ചമ്മ മുമ്പറത്തു തന്നെയുണ്ടായിരുന്നു. ചിരിച്ച്.

മൊടപ്പല്ലൂരിലാണ് വീട്, അച്ഛനമ്മമാരുടെ പേര് കുഞ്ഞൻ, മാങ്ങോടി എന്നിങ്ങനേയാണ്. സഹോദരനായി ഒരാൾ മാത്രം. പതിനാറാം വയസ്സിൽ തന്നെ കല്ല്യാണവും കഴിച്ചു. എല്ലാവരേയും പോലെ പഠിച്ചിട്ടില്ല. കുഞ്ഞിനെ നോക്കലാണ് പണി. പിന്നെ കല്ല്യാണം കഴിച്ചിട്ടാണ് കൃഷിപണിക്ക് പോയത്. ചെറിയ ഓട്ടുപെരയാണ്, മനസ്സിൽ വലിയ വീടുതന്നെ. അന്നത്തെ കഷ്ടപ്പാട് ആലോചിച്ചാൽ ഇന്ന് സുഖമാ…

കൃഷിപ്പണിയാണെന്ന് പറഞ്ഞു. സേതുമാഷാണത്രേ പണിക്ക് കൊണ്ടുപോകുക. പുലർകാലെ നാലുമണിക്കുതന്നെ പോകണം. അപ്പോഴൊന്നും ആരും എണീച്ചിട്ടുണ്ടാകില്ല.

അമ്മൂമ സങ്കടത്തോടെ ഒന്ന് പറഞ്ഞു. “ഇത്രയും പണിയെടുത്തിട്ട് പിന്നെ എന്തുകിട്ടി, ഒന്നും കിട്ടിയില്ല.”

അറുപതു വയസ്സുവരെ അച്ചനുമമ്മയും ജീവിച്ചു. നൂറു വർഷത്തെ ചരിത്രമല്ലേ അച്ചമ്മ; അതുകൊണ്ടു തന്നെ അച്ചമ്മക്ക് അമ്പലത്തിലേക്ക് കേറാൻ കഴിഞ്ഞിട്ടില്ല. 57-കൾക്ക് ശേഷമാണ് അമ്പലത്തിലേക്ക് കേറാൻ കഴിഞ്ഞത്. അന്നത്തെ വിവാഹത്തെ കുറിച്ച് പറയാം.

പെണ്ണ് കാണാൻ വരുന്നത് കാരണവർമാരാണ്. കല്ലാണം കഴിക്കുമ്പോഴായിരിക്കും ചെക്കൻ പെണ്ണിനെ കാണുകതന്നെ ചെയ്യുക. നടന്നാണ് പോകുക.

രാജാക്കൻമാർക്ക് പല്ലക്കായിരിക്കും. സ്ത്രീധനം അഞ്ച് ലക്ഷ്മീരൂപവും രണ്ടണയുടെ മാലയുമാണ്. ഇതെല്ലാം ചെക്കൻ പെണ്ണിന് കൊടുക്കണം. ലക്ഷ്മീരൂപം എന്നത് പരന്നിട്ടുള്ളതാണ്. പ്രസവത്തിന് പാത്രങ്ങൾ കൊടുക്കും. ഓട്ടുപാത്രങ്ങളായിരിക്കും.

Perilla-06.jpg

കിടന്നുറങ്ങുന്നത് നിലത്തുതന്നെയാണ്.

ആരെങ്കിലും മരിക്കുമ്പം പതിനഞ്ചാം ദിവസമാണ് പെല. വീട്ടുവളപ്പിലും, പുഴയിലും ആണ് സംസ്കരണം.

അമ്മൂമ ഇപ്പഴും വീട്ടുപണി ചെയ്യുന്നുണ്ട്, എന്പതൊന്പതാം വയസ്സിലും…

എണീക്കേണ്ട മുഷിപ്പു മാത്രമേയുള്ളു, പിന്നെ യന്ത്രമാ… വേറൊരു പ്രശ്നവുമില്ല. ഇന്ന് പനി വരുമ്പം പാരസെറ്റമോൾ കഴിക്കും. അന്നങ്ങനേയല്ല, മുരിങ്ങാത്തൊലി കഷായമാണ് ചികിത്സ. മേടത്തിൽ സ്ഥിരമായി വസൂരി വരുമത്രേ… അപ്പോ വിജനമായൊരു സ്ഥലത്ത് കെടത്തും.

അമ്മൂമ ഇപ്പോഴാണത്രേ ഒരു വാഹനം കാണുന്നതന്നേ… കോഴി കൂവുമ്പം ആണ് പാടത്തിറങ്ങുക; സമയം നിഴലാണ്.

മറ്റൊരു രീതിയുമുണ്ട്. രണ്ട് പാത്രം കമിഴ്ത്തി വെയ്ക്കും. അതിൽ ഒരു ഓട്ടയിടും. മണലിടും, അല്ലെങ്കിൽ വെള്ളം. അത് അരയാകുമ്പം അര നാഴിക, മുഴുവനാകുമ്പം ഒരു നാഴിക. അങ്ങനെയാണ് കണക്ക്.

അച്ചമ്മയുടെ മുടിയിപ്പഴും നെരച്ചിട്ടില്ല. രാവിലെ കഞ്ഞി, കൂട്ടാൻ ഒരു മെളക്. ഉച്ചക്ക് ഒന്നുമില്ല. അന്നേ… പണിക്ക് പോകുമ്പോൾ കുട്ടികളെ എവിടെയെങ്കിലും ഇട്ടിട്ടു പോകും. പക്ഷേ, കുട്ടികൾ അവിടെ കളിക്കുകയായിരിക്കും.

അന്ന് വിളക്കുണ്ടായിരുന്നു. വിളക്കല്ല കമ്പ്രാന്തിരി.

അമ്മൂമ്മയുടെ ഭർത്താവിന്റെ പേര് ചാമി എന്നാണ്. അതു മറന്നുപോയി. തവളക്കണ്ണൻ, വെളുത്തരികഴുമ, വലിയചമ്പാൻ, ചെറിയചമ്പാൻ, സ്വർണാലി, പൊറ്റമാടൻ… ഇതൊക്കെ അന്നത്തെ നെല്ലിനങ്ങൾ. പക്ഷേ, ഇതൊന്നും ഇപ്പോളില്ല. 120 ദിവസമെടുക്കും വിളവു കിട്ടാൻ. കന്നിയും മകരവുമാണ് ഇതിന്റെ കാലം. രണ്ട് പ്രാവശ്യമാണ് വിളവ്. കൊയ്തുപാട്ടിനെ കുറിച്ച് പറയാൻ ഒന്നുമുണ്ടാകില്ല. കാരണം കൊയ്തുപാട്ടേയില്ല. അതിന് അങ്ങ് പടിഞ്ഞാറോട്ട് പോകണം.

പണിത് കിട്ടുന്ന ചോറു കുറച്ചാണെങ്കിലും, അതിന്റെ രുചി ഒന്ന് വേറെതന്നേയാ…

വറ്റ് മക്കൾക്ക് വെള്ളം അമ്മക്ക്. വിശേഷ ദിവസത്തിൽ മാത്രമേ ചോറും, കൂട്ടാനും കിട്ടുള്ളു…

എന്തൊക്കെ പറഞ്ഞാലും അമ്മൂമ്മ നൂറു വർഷം തന്നേയാണ്. കലണ്ടറിലെണ്ണാത്ത കാലവും…