അമ്മ ഉണ്ടില്ലല്ലോ
ഗ്രന്ഥകർത്താവ് | കെ. എ. അഭിജിത്ത് |
---|---|
മൂലകൃതി | പേരില്ലാപുസ്തകം |
ചിത്രണം | കെ. എ. അഭിജിത്ത് |
കവര്‍ ചിത്രണം | കെ. എ. അഭിജിത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | അനുസ്മരണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2017 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 40 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ആടുകൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്; വീടും. കാറ്റിളകുന്നില്ല, പൂക്കൾ വിരിയുന്നില്ല, വെളിച്ചമില്ല, വിളക്കില്ല. വെള്ളച്ചിയച്ഛമ്മയുടെ വീടാണത്.
കോച്ചി എന്ന് അമ്മയുടെ പേര്, പഴനി എന്ന് അച്ഛനും. ഒറ്റമോളാണ്. എന്നാലും ആരാന്റെ വീട്ടിൽ വളർന്നു.
അമ്മയുടെ അനിയത്തിയുടെ വീട്ടിൽ കുട്ടിയെ നോക്കലാണ് പണി. തല്ലുകൊള്ളാത്ത ദിവസങ്ങളില്ല, കരയാത്ത ദിനങ്ങളില്ല. ഒറ്റമോളാണെങ്കിലും ഒരനിയത്തിയുണ്ടായിരുന്നു.
ഏഴാം വയസ്സിൽ അവൾ യാത്രയായി. പതിനെട്ടാം വയസ്സിൽ കല്ല്യാണം കഴിച്ച് ഇപ്പോ ഇവിടേക്കെത്തി. പക്ഷെ ദുരിതങ്ങൾ പിന്നാലേയുണ്ട്.
ബുദ്ധിവളർച്ചയില്ലാത്ത മകനോടൊപ്പം “മദർതെരേസ കഴുകി വൃത്തിയാക്കിയ രോഗം” ബാധിച്ച് അച്ഛനും ആ വിട്ടിലുണ്ട്. അതുകൊണ്ട്തന്നെ അച്ഛന്റെ കൈവിരലുകൾ മുറിച്ച് നീക്കപ്പെട്ടു.
ആട് മേച്ച് കുടുംബം പുലർത്താൻ ഈ അമ്പത്തഞ്ച്കാരി അച്ഛമ്മമാത്രം. പത്ത് മണിക്ക് മേയ്ക്കാൻ തുടങ്ങും.മൂന്നുമണിക്ക് കൊണ്ടുവരും. ജീവിതം എണ്ണുകയാണെങ്കിൽ ആ കറുത്ത കടലാസ്സുകളിൽ സന്തോഷം കണ്ടിരിക്കില്ല. അച്ഛമ്മ പറഞ്ഞത് “സന്തോഷം ഞങ്ങൾക്ക് ദൈവം തന്നിട്ടില്ല”. സങ്കടങ്ങൾ ഇഷ്ടംപോലെയുണ്ട്. ജിവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് മുന്നിൽ തിരിയണയാറായി ആ കുടുംബം.
ആരും അതുവഴി പോകാറില്ല, തിരിഞ്ഞു നോക്കാറുപോലുമില്ല. നോവിക്കാത്തവർ എന്നാലും നോവിക്കപ്പെട്ടവർ. അച്ഛമ്മയുടെ മോന് ഇരുപത്തിരണ്ടു വയസ്സായി. എന്റെ ഏട്ടനേക്കാൾ പ്രായമുണ്ട്. എന്നാലും തെളിഞ്ഞമനസ്സോടെയുള്ള ഒരു അമ്മക്ക് മകൻ. ദിവസവും ചികിത്സ. ഏതാശുപത്രിയിൽ പോകണമെന്ന് പറഞ്ഞാൽ അങ്ങോട്ട് പോകണം.
“കിണ്ണത്തിൽ ചോറുബാക്കിയുണ്ട്”, അച്ഛൻ ആ മകനോട് പറഞ്ഞു. “മോനെ പോയി ചോറുണ്ണ്”.
ഹൃദയത്തിൽ ദ്വാരമേന്തിയ, മറ്റുള്ളവർക്ക് ഹീനനായ മകൻ പറഞ്ഞു,
“അമ്മ ഉണ്ടില്ലല്ലോ… ”
വീടെപ്പോഴുമിരുട്ടാണ്. പണ്ട് പഞ്ചായത്ത് തന്ന വീടാണത്. മുപ്പത്തിരണ്ടുരൂപക്ക് കേറ്റിയ വീട്. ഒപ്പം നാലുചാക്കരിയും തന്നു. പണിക്കാർക്ക് കൂലിയായി അരിയാണ് കൊടുത്തത്. കൊടുക്കാൻ പണമില്ലായിരുന്നു.
ആശുപത്രിക്ക് പോകാൻ നിൽക്കുകയാണച്ഛമ്മ. തലവേദന മാറുന്നതേയില്ല. നിശ്ശബ്ദമായി അവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ.
പാലത്തിലൂടെ പുഴ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അച്ഛമ്മയുടെ കണ്ണുനീരും അങ്ങനെ തന്നെ…