close
Sayahna Sayahna
Search

കരിയിലകൾ ആരും കാണാറില്ല


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കുറച്ച് നാളുകൾക്കു ശേഷമായിരുന്നു നിശബ്ദതകൾ ഉറങ്ങിക്കിടക്കുന്ന മണ്ണിലേക്കൊന്ന് ഞാൻ ഇറങ്ങി ചെന്നത്. അത് പെണ്ണിടങ്ങളും ജീവിതവുമായിരുന്നു.

ആ മുത്ത്യേമ്മയുടെ പേരാണ് ചിന്ന.

ഓർമ്മയിലിപ്പോഴും എഴുപതിൽ കവിയാതെ എൺപത് വയസ്സുകാരിയായ മുത്ത്യേമ്മ… മുത്ത്യേമ്മക്ക് രണ്ട് മക്കളാണുള്ളത്.

അതിലൊരാളാണ് ഞാൻ കണ്ട ആ ജീവിതത്തിലെ ഒരു കണ്ണി. പേര് സ്വാമിനാഥൻ.

ചിന്ന മുത്ത്യേമ്മയുടെ മൂത്ത മോൻ.

വല്ല്യേച്ചന് നാൽപ്പത് വയസ്സായി കാണും. അതുകൊണ്ട്തന്നെ അച്ഛന്റെ കൂട്ടുകാരൻ കൂടിയാണ് വല്ല്യേച്ചൻ. ഞാൻ കണ്ട പെണ്ണിടങ്ങളിലെ ഓരോ ഇടങ്ങളിലും വേദനയാർന്ന ദുഖഃങ്ങൾ ആരും കാണാതെ, ആരും കാണാനാഗ്രഹിക്കാതെ ഒളിച്ചിരിപ്പുണ്ടാകും…

അതുപോലെ ഒന്ന് ഇവിടേയുമുണ്ട്.

അതിന്റെ കണ്ണാടിയാണ് സ്വാമിനാഥൻ വല്ല്യേച്ചൻ.

വല്ല്യേച്ചന് മാനസ്സികമായി കുറേയധികം പ്രശ്നങ്ങളുണ്ടത്രേ…

പെട്ടെന്നൊന്നും മനസ്സിലാകാത്തവണ്ണം അത് മനസ്സിന്റെ ആഴങ്ങളിലേക്ക് എപ്പേഴോ ഇറങ്ങിച്ചെന്നിരിക്കുന്നു. കണ്ടാൽ പ്രശ്നങ്ങളൊന്നും തോന്നില്ല. എന്നാൽ അവിടമെന്തോ ഉണ്ട്.

അതുകൊണ്ട് തന്നെയാണ് നാട്ടാര് വല്ല്യേച്ചനേം ഒരു രോഗിയാക്കിയത്.

കണ്ണുനീർ നനഞ്ഞ ചിന്ന അച്ഛമ്മയുടെ കണ്ണുകൾ പറ‍ഞ്ഞതും അതുതന്നെ…

തീരാദുഖഃങ്ങളുടെ കുടചൂടി നിൽക്കുന്ന തോരാമഴ എന്നവസാനിക്കുമെന്നോതി മുത്ത്യേമ്മയുടെ ചുണ്ടുകൾ അനങ്ങികൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഓരോ നിലക്കലിലും അതുതന്നെ മുഴങ്ങികൊണ്ടിരുന്നു. അച്ഛനും ഒരിക്കൽ അവിടമുണ്ടായിരുന്നു. പേര് ചീറുമ്പൻ.

Perilla-02.jpg

ജീവിക്കാനായി എല്ലാ തൊഴിലുകളേയും കൂട്ടുപിടിച്ചയാൾ. അദ്ദേഹത്തിന് രക്തസമ്മർദമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഗുളികകളോടും വെറുപ്പാണ്. അങ്ങനെയൊരിക്കൽ തെങ്ങ് കയറാൻ പോകുമ്പോഴാണ് ഈ സമ്മർദം തലക്കേറ്റത്. പിന്നെ വീടെത്തിയിട്ട് ഉച്ചത്തെ ചോറ് മാറ്റിവച്ച് ഒരു മയങ്ങൽ.

നിശബ്ദതക്കായി തീണ്ടുന്ന ശബ്ദത്തിന്റെ തുടക്കം പോലെ പിന്നെയദ്ദേഹം മിണ്ടിയിട്ടില്ല. പല ആശുപത്രികളും കേറിയിറങ്ങി.

പല മരുന്നുകൾ അദ്ദേഹത്തിന്റെ മേലിലും.

അങ്ങനെ പത്തൊമ്പത് വർഷം അറിയാതെ കടന്നു പോയി. അന്നൊക്കെ സ്വാമിനാഥൻ വല്ല്യേച്ചൻ ഭയങ്കര പുത്തിയായിരുന്നത്രേ…

അച്ഛനെ ആശുപത്രിയിലേക്കെത്തിക്കാൻ കാറു കൊണ്ടുവരാനും, പോകാനും അങ്ങനെ തിരക്കിലും എല്ലാം ചെയ്തു തീർക്കുന്ന തരത്തിൽ മിടുക്കനാണ് വല്ല്യേച്ചൻ മരുന്നുകൾ കയറിയിറങ്ങി മടുത്ത് അച്ഛനെ വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ നാലാം ദിവസമാണ് അച്ഛൻ അവസാനമായൊന്ന് ശ്വാസം വലിച്ചത്.

കാലം ഇനിയും തുടർന്നു.

അടുത്ത മൂന്നു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒരുനാൾ അപ്രതീക്ഷിതമായി വന്ന അത് വല്ല്യേച്ചനേം ആ നിശബ്ദതയുടെ പിടിയിലാക്കി. ഇന്ന് വല്ല്യേച്ചൻ ജോലിക്കു പോകുന്നില്ല. ആ ജീവനെ പുലർത്തുന്നത് എൺപതുകാരിയായ ചിന്ന മുത്തശ്ശി മാത്രമാണ്.

അയൽപക്കം സഹായിക്കാറില്ല.

എന്നാൽ മറുപക്കം കണ്ടാൽ അമ്പതോ നൂറോ വച്ചു നീട്ടും. മൂക്കുപൊടി വലിക്കുന്ന ശീലമുണ്ട് വല്ല്യേച്ചന്.

അതുകൊണ്ടാണത്രേ പല്ലുപോയതെന്നാ മുത്ത്യേമ്മയുടെ പറച്ചിൽ. മൂക്കുപൊടി മാത്രമല്ലേ, എനിക്ക് വേറൊരു ശീലമൊന്നുമില്ലല്ലോ എന്ന വല്ല്യേച്ചന്റെ മറുപടിയും.

വല്ല്യേച്ചന്റെ ഈ പ്രശ്നമൊന്ന് മാറികിട്ടാൻ ആ പത്തൊമ്പത് വർഷങ്ങൾപോലെ ഇന്നും ആശുപത്രികളെ സന്ദർശിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോൾ വിശ്വാസം അതിനെ തകർത്തെറിഞ്ഞാലോ എന്നു കരുതി ഹോമങ്ങളും…

Perilla-03.jpg

വല്ല്യേച്ചൻമാത്രമല്ല…

മകളും ഇങ്ങനെതന്നെ…

എന്നാലും പണിക്കു പോകുന്നുണ്ടെന്ന് മാത്രം…

കല്യാണമൊക്കെ കഴിച്ചയച്ചു.

എന്നാൽ ചെക്കന്റെ വീട്ടുകാർ സ്വർണവും വാങ്ങി കുറച്ച് ദിവസം കഴിഞ്ഞ് ഇങ്ങോട്ട് തന്നെ കൊണ്ടാക്കി…

ഇടക്കിടക്ക് പെണ്ണിനെ അങ്ങോട്ട് കൊണ്ടാക്കലാണ് പതിവ്.

ഇനി ശരിയാവില്ലെന്ന് കരുതിയ മകളും ഇപ്പോൾ ഇവിടെതന്നെ… വല്ല്യേച്ചനും മക്കളുണ്ട്.

അവർ കുറച്ച് ദൂരെയാണ്… എന്നാൽ അവരൊന്നും വല്ല്യേച്ചന് തണലൊന്നുമല്ലാട്ടോ… ആകെപ്പാടെ ഈ ചിന്ന എന്ന മുത്തശ്ശിയാൽ മാത്രം…

ഒരിക്കൽ ആ മുത്തശ്ശിയാലും കത്തിയണയും, ആ നേരത്ത് എന്റെ വേരിലിരുന്നുറങ്ങിയ മകനെ ആര് കാത്തുകൊള്ളുമെന്ന് പറഞ്ഞ് പറഞ്ഞ് കരഞ്ഞ് കരഞ്ഞ് ഓരോരോ കരിയിലകളായി വസന്തത്തിലും, ഗ്രീഷ്മത്തിലും, ശിശിരത്തിലും, ഹേമന്തത്തിലുമായി പൊഴിച്ചുകൊണ്ടിരിക്കുന്നു.

ഏതെങ്കിലും ഒരുണ്ണി വന്ന് കണ്ണനെ കാണാനായി ആ ദു:ഖങ്ങളൊക്കേയും നിറച്ച ഇലയൊന്ന് പെറുക്കി നടുവായി ആനന്ദത്താൽ കീറിനോക്കിയെങ്കിൽ… ഓ… അച്ഛമ്മയുടെ ദു:ഖം കുറച്ചെങ്കിലും അകന്നു പോയേനേ…

എന്നാൽ, ആ കരിയിലകൾ ആരും കാണാറില്ലല്ലോ…