close
Sayahna Sayahna
Search

എന്റെ സ്ക്കൂൾ


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സ്ക്കൂൾ ജീവിതത്തോട് വിടപറയുമ്പോൾ ചില വസ്തുതകളേയും, വസ്തുക്കളേയും എല്ലാവർക്കും ഉപേക്ഷിക്കുന്നതുപോലെ എനിക്കും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

അതിലെ പ്രധാനിയായിരുന്നു ബോൾ പേനകൾ…

പക്ഷെ ആ വലിച്ചെറിയലുകൾ ഈ വ‍ർഷത്തെ സ്ക്കൂൾ പൂട്ടലോടുകൂടി അവസാനിക്കുന്നില്ലെന്ന് മാത്രം.

ഇനി രണ്ട് മാസം കഴിഞ്ഞ് വീണ്ടും സ്ക്കൂൾ തുറക്കും, ചീറി പെയ്യുന്ന മഴയോടൊപ്പം കമ്പോളത്തിൽ പുതിയ ബാഗുകളും, കുടകളും, ചെരുപ്പുകളും, യൂണിഫോമുകളും, ടിഫൻ ബോക്സുകളും, സ്കെയിലും, പെൻസിലും, നോട്ടുബുക്കുകളും, വാട്ടർ ബോട്ടിലുകളും എല്ലാം എത്തിയിട്ടുണ്ടാകും.

അതിനേക്കാൾ വേഗത്തിൽ വലിയൊരു കുത്തൊലിപ്പുപോലെ ജനങ്ങളും. പഴയ കമ്പോളങ്ങളിൽ പുതുതായെത്തുന്ന സ്ക്കൂൾ സാമഗ്രികളും, ഒരിക്കൽ പഴകിയതാകും, ദിനം പ്രതി വലിച്ചെറിയപ്പെടുന്ന ബോൾ പേനകളുടെ കൂട്ടത്തിൽ ഇത്തരം ദീർഘകാല ജീവിതചക്രമുള്ള പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളായി തീരും.

സ്ക്കൂൾ ഓർമകളിലും ഇന്ന് പ്ലാസ്റ്റിക്ക് ചടഞ്ഞുകൂടിയിരിക്കുകയാണ്.

ചോറ് കൊണ്ടുവന്നിരുന്ന സ്റ്റീൽ പാത്രങ്ങളും ടിഫൻ ബോക്സുകളെന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി.

ഏറിവന്ന ഉപഭോഗസംസ്കാരവും, എണ്ണത്തിൽ കൂടുന്ന കംമ്പോളങ്ങളും, സ്ക്കൂളുകളെ “വീണ്ടും ഉപയോഗിക്കുക” എന്നതിൽ നിന്നും അകറ്റിയിരിക്കുന്നു.

അതിലൊന്നുതന്നെയാണ് യൂണിഫോമും.

എനിക്ക് പത്താം ക്ലാസ്സിൽ മൂന്ന് യൂണിഫോം ഷർട്ടാണ് ഉണ്ടായിരുന്നത്. ഒന്ന് എട്ടാം ക്ലാസ്സിലേയും, പിന്നൊന്ന് ഒമ്പതിലേയും, പിന്നത്തേത് പത്തിലേയും.

എട്ടാം ക്ലാസ്സിലെ ആ വെളുത്ത യൂണിഫോം ഷർട്ട് ഇത്തിരി ചെറുതാകുകയും, നൂലിഴകൾ പിഞ്ഞിപ്പോകുകയും ചെയ്തിട്ടുണ്ടായിരുന്നു. മൂന്ന് ഷർട്ടാണെങ്കിലും ഒരേയൊരു പാന്റേ ഉണ്ടായിരുന്നുള്ളൂ…

Perilla-13.jpg

ആ പാന്റിന്റെ ഹൃദയവും കീറിയപ്പോഴാണ് പുതുതായി ഒരു പാന്റ് കിട്ടിയത്. അതുതന്നെയായിരുന്നു എന്റെ സ്ക്കൂൾ ജീവിതത്തിലേക്ക് ഇട്ടിരുന്നതും.

മനുഷ്യനെ കമ്പോളം നിയന്ത്രിക്കുമ്പോൾ നാമോരുരുത്തരും പുതിയ ഉത്പന്നങ്ങൾക്കായി തിരയുന്ന ഉപഭോക്താക്കളാകുന്നു… പരസ്യവാചകങ്ങൾ വിളിക്കുന്നതും, ആ ഉപഭോക്താക്കളെത്തന്നെ…

സമൂഹത്തിന്റെ പരിച്ഛേദം സ്ക്കൂളെന്ന നിലയ്ക്ക് സ്ക്കൂളിൽ തുടങ്ങുന്ന ഓരോ സംരംഭവും സമൂഹത്തിൻറെകൂടി നന്മയ്ക്കുള്ളതാകുന്നു. സ്ക്കൂളിന്റെ ഹൃദയത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ബോൾ പേനകൾക്ക് പകരം, പേപ്പർ പേനകളോ, മഷിപ്പേനകളോ ഉപയോഗിക്കാം.

പ്ലാസ്റ്റിക്ക് ബാഗുകൾക്കു പകരം തുണിയുത്പന്നങ്ങളുടെ ബാഗുകളും,

പ്ലാസ്റ്റിക്ക് ടിഫൻ ബോക്സിനു പകരം സ്റ്റീലിന്റെ ചോറ്റുപാത്രവും ഉപയോഗിക്കാവുന്നതേയുള്ളൂ…

കമ്പോളം സൃഷ്ടിക്കുന്ന തെറ്റുകൾക്ക് കമ്പോളത്തിൽ തന്നെ ഉത്തരവും ഉണ്ടെന്ന് പറയാം…

ഒരു കുട്ടിക്കും ഒരു സ്ക്കൂളിനും ഒരു രക്ഷിതാവിനുമായി, സമൂഹത്തിനായി ചെയ്യാവുന്നത് വലിയ കാര്യങ്ങളാണ്. അടുത്ത മഴപാറ്റലിൽ ഇനിയും നിറയാൻ പോകുന്നതും പ്ലാസ്റ്റിക്കുകളാണെന്ന ദുസ്വപ്നത്തെ മറക്കാൻ ശ്രമിക്കാം, മറവി മാത്രമല്ല,

പകരത്തിനായി ഭൂമിയുടെ കണ്ണിൽ വിളയുന്നതും, കായ്ക്കുന്നതുമായ ഉത്പന്നങ്ങളെ ഉപയോഗിക്കാം…

വരുമൊരു തലമുറയിൽ നിന്നും കടം വാങ്ങിയ ഈ ഭൂമി അവർക്കു തന്നെ തിരികെയേൽപ്പിക്കാം…