close
Sayahna Sayahna
Search

ടീച്ചറുടെ ഓലപ്പെര


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

Perilla-09.jpg

പാടൂർ സ്ക്കൂളിന്റെ ചരിത്രത്തിന് ഏകദേശം ജാനകി ടീച്ചറോളം പ്രായമുണ്ട്. അടുത്തല്ലെങ്കിലും ഒരുപാടകലേയുമല്ല. 1944-ലാണ് തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ജാനകി ടീച്ചർ പാടൂർ സ്ക്കൂളിലേക്ക് വരുന്നത്. അന്ന് പങ്ങി മാസ്റ്ററായിരുന്നു പ്രധാനധ്യാപകൻ. ടീച്ചറുടെ കുട്ടിക്കാലം ആരംഭിക്കുന്നതും ഇതേ സ്ക്കൂളിൽ തന്നെയായിരുന്നു. വേരൂറിയ ബാല്യകാലം സമ്മാനിച്ച തന്റെ ഓർമകൾ തങ്ങിനിൽക്കുന്ന ഇടം.

1905-ൽ ഒരു ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ, ടീച്ചറുടെ അധ്യാപന ദിവസങ്ങളായപ്പോഴേക്കും ഓട് കൊണ്ട് മേഞ്ഞ ഒന്നായി മാറിയിരുന്നു. പക്ഷെ തെക്ക് ഭാഗത്ത് അപ്പോഴും ഒരു കുഞ്ഞൻ ഓലപ്പെര ബാക്കിയുണ്ടായിരുന്നു. തുടക്കത്തിന്റെ അവശിഷ്ടങ്ങളാകാം അത്. അന്ന് ജാനകി ടീച്ചറും, അമ്മു ടീച്ചറുമായിരുന്നു പാടൂർ സ്ക്കൂളിലെ ആകെയുള്ള വനിതാ അധ്യാപകർ. അന്നങ്ങനെയായിരുന്നത്രേ.

കുട്ടിക്കാലത്ത്, വളരെ ചെറുതായിരിക്കുമ്പോൾ തന്നെ ടീച്ചറുടെ അമ്മ മരിച്ചു. അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. പിന്നെ അവരെ വളർത്തിയതും, വലുതാക്കിയതും, സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതും ഏളയമ്മമാരായിരുന്നു. തന്റെ ഒരിഷ്ടത്തിനും അനിഷ്ടം പറയാതെ, എല്ലാം അവർ നൽകി. ടീച്ചറുടെ ഓർമകളിൽ അവിടത്തെ അധ്യാപകരെല്ലാവരും ഒരുമിച്ച് ഒരു കൂട്ടുകുടുംബം പോലെയായിരുന്നു, തമ്മിൽ വിദ്വേഷമൊന്നും വച്ചുപുലർത്താതെ ഓരോ തലമുറയും പാടൂർ സ്ക്കൂളിൽ വിരിഞ്ഞുകൊണ്ടിരുന്നു.

പുറത്ത് ജാതിയുടെ ചിലമ്പ് കിലുങ്ങിക്കൊണ്ടിരുന്ന കാലമാണത്. എല്ലാ ജാതിയിലും, സമൂഹത്തിലുംപെട്ട കുട്ടികൾ സ്ക്കൂളിലേക്ക് വന്നു.

എന്നിരുന്നാലും നായാടി, ചെറുമൻ, പാണൻ, കൊല്ലൻ എന്നീ രീതിയിൽ അവർക്ക് പ്രത്യേകം ഇരിപ്പിടങ്ങളുണ്ടായിരുന്നു. പക്ഷെ വലിയവനെന്നോ ചെറിയവനെന്നോ സ്ക്കൂളിനകത്ത് ഉണ്ടായിരുന്നില്ല. വിശ്വാസങ്ങൾ അതിന്റേതായ അകലങ്ങളും, തൊട്ടുകൂടായ്മയും പാലിക്കുമ്പോഴും കുട്ടികളെല്ലാവരേയും തുല്യതയോടെ കണ്ടു. അവർ വളർന്നു.

അന്ന് ആദ്യമായി അധ്യാപനത്തിലേക്ക് വരുമ്പോൾ അഞ്ച് രൂപയായിരുന്നു ശമ്പളം. അന്നതിന് അത്യധികം മൂല്യമുണ്ടായിരുന്നു. ഇന്നത്തെ അഞ്ഞൂറു രൂപയ്ക്ക് തുല്യം.

പിന്നീട് സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്തതിന് ശേഷം ശമ്പളത്തിലും മറ്റും മാറ്റങ്ങൾ സംഭവിച്ചു. അണ, ഉറുപ്പിക, പൈ എന്നൊക്കെയായിരുന്നു അക്കാലത്തെ നാണ്യവ്യവസ്ഥ.

വർഷത്തിലൊരിക്കലെങ്കിലും ഇൻസ്പെക്ഷനായി മേലധികാരികൾ വരും. നിശ്ചിത കുട്ടികളില്ലെങ്കിൽ ഡിവിഷനുകൾ കുറയ്ക്കും. അതുകൊണ്ടുതന്നെ അവർ വരുന്ന നാളുകളിൽ വരാത്ത കുട്ടികളെ വീട്ടിൽ പോയി പിടിച്ചോണ്ടുവരലായിരുന്നത്രേ പണി. ടീച്ചർ ഒരൽപ്പം ചിരിയോടെ പറഞ്ഞു.

മുപ്പത്തഞ്ചു വർഷത്തോളം കാലം പാടൂർ സ്ക്കൂളിൽ ടീച്ചർ സേവനമനുഷ്ടിച്ചു. 1982-ലാണ് ടീച്ചർ സ്ക്കൂളിൽ നിന്ന് വിരമിക്കുന്നത്.

എന്നിട്ടും, ടീച്ചറിൽ പാടൂർ സ്ക്കൂളിന്റെ പഴയ കഥകൾ ഒരു കീറലുമില്ലാതെ ബാക്കി നിൽക്കുന്നു. പ്രായത്തിന്റേയോ, കാലത്തിന്റേയോ തിമിരമില്ലാതെ, ഇരുളില്ലാതെ…

ടീച്ചറിപ്പോഴും സന്തോഷവതിയാണ്.

ഒറ്റയ്ക്കാണ് ഇപ്പോഴും താമസം, സ്വന്തമായി പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു. ഓർമകൾ ഇപ്പോഴും അണകെട്ടി നിൽക്കുകയാണ്.

ഒരുപാട് പറയാനുണ്ട്.

അതുപോലെ സ്ക്കൂളിനും…

Template:SFN/Perlla