പസ്തർനക്കോ സ്റ്റാലിനോ?
പസ്തർനക്കോ സ്റ്റാലിനോ? | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | പനിനീര്‍പ്പൂവിന്റെ പരിമളം പോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസിദ്ധീകരണ വര്‍ഷം | 1997 |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | എച് അന്റ് സി പബ്ലിഷിംഗ് ഹൗസ് |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 72 (ആദ്യ പതിപ്പ്) |
← പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
ഫ്രഞ്ചെഴുത്തുകാരന്‍ ആനാതൊല്‍ ഫ്രാങ്സ് (Anatole France 1844–1924) എഴുതിയ “The Procurator of Judaea” എന്ന ചെറുകഥ വിശ്വവിഖ്യാതമാണ്. അതിലെ ഒരു കഥാപാത്രമായ ഈലീസസ് ലാമീയ യേശു ക്രിസ്തുവിനെ ശിക്ഷിച്ച പാന്‍ഷസ് പൈലറ്റിനെ തെക്കുപടിഞ്ഞാറന്‍ ഇറ്റലിയില്‍ വച്ചു കാണുന്നതായി പ്രസ്താവമുണ്ട്. രണ്ടുപേരും വൃദ്ധര്‍. ജുഡിയയിലെ ഭരണ കര്‍ത്താവായിരുന്ന കാലത്തു താന്‍ ജൂതന്മാരെ നേരിട്ടതും മറ്റും പൈലറ്റ് ലാമീയയോടു വിശദീകരിച്ചു. സ്ത്രീജിതനായ ലാമീയയ്ക്കു പൊടുന്നനെ ഓര്‍മ്മ വന്നതു ജറൂസലമിലെ ഒരു ജൂതനര്‍ത്തകിയെക്കുറിച്ചാണ്. അരക്കെട്ടു വളച്ച്, തല പിറകോട്ടാക്കി, സമൃദ്ധമായ തലമുടി ചലിപ്പിച്ചു നൃത്തം ചെയ്തു പ്രേക്ഷകരുടെ വൈഷയികാസക്തി വളര്‍ത്തിയ അവള്‍ കാലം കഴിഞ്ഞ് ഒരു ഗലീലിയന്റെ അനുചരസംഘത്തില്‍ ചേര്‍ന്നതായി ലാമീയയ്ക്ക് അറിയാം. മഹാത്ഭുതങ്ങള്‍ കാണിച്ച ആ ഗലീലിയന്റെ പേര് യേശുവെന്നായിരുന്നു. നസറത്തില്‍ നിന്നാണു യേശു വന്നത്. ഏതോ കുറ്റത്തിന് ആ മനുഷ്യന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു. കുറ്റമെന്താണെന്നു ലാമീയയ്ക്ക് അറിഞ്ഞുകൂടാ. “പാന്‍ഷസ് പൈലറ്റ്, താങ്കള്‍ക്ക് ആ മനുഷ്യനെക്കുറിച്ച് എന്തെങ്കിലും ഓര്‍മയുണ്ടോ?” എന്ന് അയാള്‍ ജുഡിയയിലെ ആ പഴയ ഭരണകര്‍ത്താവിനോടു ചോദിച്ചു. പൈലറ്റ് പുരികങ്ങള്‍ വക്രിപ്പിച്ചു. കൈ നെറ്റിയില്‍ വച്ച് ഓര്‍മ്മയുടെ അഗാധതയില്‍ നിന്ന് എന്തോ ചികഞ്ഞെടുക്കുന്ന മട്ടു കാണിച്ച് മന്ത്രിച്ചു: “യേശുവോ? നസറിത്തിലെ യേശുവോ? അയാളെ ഞാന്‍ ഓര്‍മ്മിക്കുന്നില്ല.”
വിപരീതാര്‍ത്ഥത്തിന്റെ രീതിയില്‍ ഫ്രാങ്സ് എഴുതിയ ഈ ചെറുകഥയില്‍ ഒരാശയം അര്‍ക്കദീപ്തിയോടെ പ്രത്യക്ഷമാകുന്നു. യേശു ക്രിസ്തുവിനെ ശിക്ഷിക്കുന്നതില്‍ പൈലറ്റ് പരാങ്മുഖനായിരുന്നെങ്കിലും അയാള്‍ ഇരുട്ടിന്റെ സന്തതിയാണ്. പൈലറ്റ് യേശുവിനെ ശിക്ഷിച്ചതുകൊണ്ടു മാത്രമാണു നമ്മള്‍ ഇന്ന് അയാളെ ഓര്‍മ്മിക്കുന്നത്. എന്നാല്‍ അയാളും സ്ത്രീജിതനായിരുന്ന ലാമീയയും മറന്നുപോയ ആ പാവനചരിതന്‍ — നസറിത്തിലെ യേശു — എല്ലാക്കാലവും സ്മരിക്കപ്പെടും. ആരാധിക്കപ്പെടും.
ലോകചരിത്രം നോക്കുക. പ്രകാശത്തിന്റെ സന്തതികളുണ്ട്; ഇരുട്ടിന്റെ സന്തതികളുമുണ്ട്. പ്രകാശത്തിന്റെ സന്തതികള്‍ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കും; ഇരുട്ടിന്റെ സന്തതികള്‍
ആ ചക്രവാളത്തെ സങ്കുചിതമാക്കി അന്ധകാരം അതിലേക്കു വ്യാപിപ്പിക്കും. അലിഗ്സാണ്ടര്‍ ചക്രവര്‍ത്തി ഗ്രീക്ക് സിറ്റി സ്റ്റെയ്റ്റ്സ്, ഏഷ്യാമൈനര്‍, ഈജിപ്റ്റ്, ഇന്ത്യ ഈ രാജ്യങ്ങളെ ആക്രമിച്ചു ചോരപ്പുഴകള്‍ ഒഴുക്കി. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന അരിസ്റ്റോട്ടല്‍ ന്യായം, സദാചാരശാസ്ത്രം, രാഷ്ട്രവ്യവഹാരം, ആധ്യാത്മികത, കവിത ഇവയെക്കുറിച്ചു നാനൂറോളം ഗ്രന്ഥങ്ങല്‍ രചിച്ചു മനുഷ്യന്റെ ചോരയൊഴുക്കാതിരിക്കൂ, അവനെ സ്നേഹിച്ച് ഐശ്വര്യാംശം നൽകൂ എന്ന് ഉദ്ബോധിപ്പിച്ചു. അലിഗ്സാണ്ടര്‍ ആ ഉദ്ബോധനങ്ങള്‍ക്കു ചെവി കൊടുത്തില്ല. നെപ്പോളിയന്റെയും ഗെറ്റേയുടെയും ചരമവര്‍ഷങ്ങള്‍ക്കു തമ്മില്‍ വലിയ അന്തരമില്ലെങ്കിലും (1821-ല്‍ നെപ്പോളിയന്‍ മരിച്ചു, 1832-ല്‍ ഗെറ്റെയും). ആ മഹാകവിയുടെ കൃതികള്‍ ആ മനുഷ്യഹന്താവിനു പരിചിതങ്ങളായിട്ടുണ്ടാവും. സാമ്രാജ്യദുര്‍മ്മോഹിയായ നെപ്പോളിയന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഗ്രസിച്ചു മാനവരക്തം കുടിക്കുമ്പോള്‍ ഗെറ്റേ സ്നേഹത്തെക്കുറിച്ചു പാടുകയായിരുന്നു.
Oh who shall whisper it to
me at what window one
day shall I see
the sweet creature who will
burn me and refresh me?
എന്നാണ് അദ്ദേഹം സ്നേഹത്തിന്റെ മഹനീയതയെ വാഴ്ത്തിയത്. ഹിറ്റ്‌ലര്‍ അപരാധം ചെയ്യാത്ത ജൂതന്മാരെ ജീവനോടെ തീയിലെറിഞ്ഞപ്പോള്‍ ഇംപീരിയലിസത്തിന്റെ അടിയേറ്റു പല്ലു കൊഴിഞ്ഞുപോയ ഒരര്‍ദ്ധനഗ്നനായ മഹാത്മാവ് ഇവിടെ നിന്നുകൊണ്ട് അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കൂ എന്നു സ്നേഹപൂര്‍വ്വം ഉപദേശിക്കുകയും അക്രമത്തിനെതിരെ ജീവനുപേക്ഷിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. അതേ സമയം ഭാരതത്തിലെ ഒരു മഹാകവി ‘ആ സ്വാതന്ത്ര്യ സ്വര്‍ഗത്തിലേക്ക് എന്റെ രാജ്യം ഉണരേണമേ’ എന്നു പ്രാര്‍ത്ഥിച്ചു. സ്റ്റാലിന്‍ ആയിരക്കണക്കിന്, ലക്ഷക്കണക്കിന്, കോടിക്കണക്കിന് നിരപരാധരെ വെടിവച്ചു കൊന്നപ്പോള്‍ പസ്തര്‍നക്ക് എന്ന മനുഷ്യസ്നേഹിയായ മഹാകവി രാത്രി സമയത്ത് ഒരു പാതവക്കത്തു വന്നു നില്‍ക്കുകയും വണ്ടിച്ചക്രങ്ങള്‍ ഉരുണ്ടു കണ്ണാടിപോലെയായ ആ പാതയില്‍ നക്ഷത്രങ്ങള്‍ പ്രതിഫലിക്കുന്നതുകണ്ട് ആഹ്ലാദിക്കുകയും ആ പാതയിലൂടെ മറുപുറത്തേക്ക് കടന്നു പ്രപഞ്ചത്തിലൂടെ നടന്നാലുണ്ടാവുന്ന അനുഭൂതിക്കു വിധേയനാവുകയും ചെയ്തു. അലിഗ്സാണ്ടറും നെപ്പോളിയനും ഹിറ്റ്‌ലറും സ്റ്റാലിനും ഇന്നു ചരിത്രത്തിന്റെ താളുകളില്‍ മാത്രം കിടക്കുന്നു. എന്നാല്‍ അരിസ്റ്റോട്ടലും ഗെറ്റേയും ഗാന്ധിജിയും പസ്തര്‍നക്കും ലോകമാകെ മയൂഖമാലകള്‍ പ്രസരിപ്പിച്ചുകൊണ്ടു വിരാജിക്കുന്നു. ഒരുകാലത്ത് അലിഗ്സാണ്ടറും മറ്റ് ആക്രമണകാരികളും ചരിത്രത്തില്‍ നിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടേക്കാം. അപ്പോഴും അരിസ്റ്റോട്ടലും മറ്റുള്ളവരും മനുഷ്യരാശിയെ അത്ഭുതങ്ങളിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു നിലനില്‍ക്കുന്നുണ്ടാവും.
കാളിദാസന്‍ ഏതു രാജാവിന്റെ സദസ്സിലുണ്ടായിരുന്നു? വിക്രമാദിത്യനോ? ആവോ! ഉറപ്പില്ല. പക്ഷേ, ‘മേഘസന്ദേശ’വും ‘രഘുവംശ’വും ‘ശാകുന്തള’വും കവിതയുടെ സ്വര്‍ഗ്ഗത്തിലേയ്ക്കു നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.
ധിഷണയും ഭാവനയും സൃഷ്ടിക്കുന്ന ലോകം ശാശ്വതം. ചോരക്കൊതി സൃഷ്ടിക്കുന്ന ലോകം ക്ഷണിക്കം, അധമം. സോക്രട്ടീസിനു മരണശിക്ഷ നല്‍കിയ പ്രാഡ്വിവാകന്മാരെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് അറിയാമോ? അവരുടെ പേരുകളെങ്കിലും ഓര്‍മ്മയുണ്ടോ? ഇല്ല. എനിക്കുമറിഞ്ഞുകൂടാ. എന്നാല്‍ വായനക്കാരും ഞാനും സോക്രട്ടീസിന്റെ ഉദ്ബോധനങ്ങല്‍ കേട്ട് ആ മഹാവ്യക്തിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നു. “ജീനിയസ്സിനെ തിരിച്ചറിയാന്‍ നിങ്ങള്‍ ജീനിയസ്സായിരിക്കേണ്ടതില്ല. അങ്ങനെ ആയിരിക്കണമെങ്കില്‍ ഐന്‍സ്റ്റൈനെ വൈറ്റ് ഹൗസിലേക്ക് ഒരിക്കലും ക്ഷണിക്കുമായിരുന്നില്ലല്ലോ” എന്നൊരു ചിന്തകന്‍ പറഞ്ഞതു നമ്മള്‍ ഓര്‍മ്മിക്കണം. പടിഞ്ഞാറന്‍ നാടുകള്‍ നമുക്ക് വിടാം.
“പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂര-
മുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍”
എന്ന കവിവാക്യം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഭാരത്തില്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് ജനതതിയെ കോരിത്തരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ വാക്യം ഭാരതീയരെ വികാരാതിരേകത്തിലേക്കു നയിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല അത് ഒരു തരത്തില്‍ മനസ്സിനു ജഡത നല്കുകയും ചെയ്യുന്നു. താമസിക്കാനുള്ള സ്ഥലം, ഭക്ഷണം, വസ്ത്രം ഇവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. അവയ്ക്കു സാഫല്യം ലഭിക്കാതെ ഭാരതീയര്‍ തെരുവില്‍ കിടക്കുകയും എച്ചില്‍ തിന്നുകയും കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുമ്പോള്‍ തൃപ്പതാകകള്‍ ദൂരദൂരമുയരണമെന്ന് അവന്‍ ആഗ്രഹിക്കുമോ? ഭാരതീയന്റെ ഈ അവസ്ഥയെക്കുറിച്ചുള്ള ഈ പ്രതിപാദനം അത്യുക്തിയുടെ സന്തതിയാണെന്നു ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവാം. അത്യുക്തി ഒട്ടുമില്ല. നൂറിനു തൊണ്ണൂറുപേരും ഇതിനെക്കാള്‍ ദയനീയമായ ജീവിതം നയിക്കുകയാണ്. അതിനാല്‍ കവിയുടെ ആശയുള്‍ക്കൊള്ളുന്ന വാക്യം ദുരര്‍ത്ഥപ്രതീതി ജനിപ്പിക്കുന്നു; അനര്‍ത്ഥമായിച്ചമയുന്നു. “സ്വതന്ത്രഭാരത നൂതനചരിതം സ്വന്തം ചോരയിലെഴുതുന്നോരേ, മര്‍ദ്ദിതജനതതി തന്നുടെ മുന്‍പില്‍ രക്തപതാക പറത്തുന്നോരേ” എന്ന സംബുദ്ധിയും ഇന്ന് അര്‍ത്ഥരഹിതമായി ഭവിച്ചിരിക്കുന്നു. എന്നാല്‍
പീലിപ്പുരികുഴല്‍കെട്ടഴിഞ്ഞുണ്ണിതന്‍
തോളില്‍പ്പതിഞ്ഞതിന്‍ തുമ്പുകളില്‍
വെള്ളത്തിന്‍ തുള്ളികളൊട്ടൊട്ടുനിന്നാടി
വെള്ളിയലുക്കുകളെന്നപോലെ
എന്ന കവിവചനം ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ പറഞ്ഞതുപോലെ കവിതയുടെ സ്വര്‍ഗ്ഗത്തേക്കു നമ്മളെ കൊണ്ടുചെല്ലുന്നു. കാളിയമര്‍ദ്ദനമാണ് കാവ്യത്തിന്റെ വിഷയം. ബ്രിട്ടീഷ് ഭരണത്തിന്റെ തൃശംസതയില്‍ ആഘാതമേല്പിക്കുന്ന ഭാരതീയ സ്വാതന്ത്ര്യാഭിനിവേശം ധ്വനിപ്പിക്കുന്ന ആ കാവ്യത്തിലെ ഈ വരികള്‍ രൂപശില്പത്തികവുകൊണ്ടും ഭാവശില്പത്തികവുകൊണ്ടും ചേതോഹരമായിരിക്കുന്നു. ഉണ്ണാനുമുടുക്കാനുമില്ലാതെ കഷ്ടപ്പെടുന്ന ഭാരതീയന്‍ പോരാ പോരാ എന്നാരംഭിക്കുന്ന വരികളെ പുച്ഛിക്കുമ്പോള്‍ പീലിപ്പുരികുഴല്‍ എന്നു തുടങ്ങുന്ന വരികളെ അംഗീകരിക്കുന്നു; രണ്ടിലെയും ആശയങ്ങള്‍ക്കു വലിയ വിഭിന്നത ഇല്ലാതിരുന്നിട്ടും. എന്തുകൊണ്ടാണിതു സംഭവിക്കുന്നത്? ഏതു കലാസൃഷ്ടിയിലും കാലികമായ അംശവും സൗന്ദര്യത്തിന്റെ അംശവുമുണ്ട്. സാമൂഹികാവസ്ഥകള്‍ പരിവര്‍ത്തനത്തിനു വിധേയമാകുമ്പോള്‍ കാലികമായ അംശം അപ്രസക്തമാവുന്നു. സൗന്ദര്യത്തിന്റെ അംശം നിലനില്ക്കുന്നു. ഭാരതീയ സ്വാതന്ത്ര്യസമരം തീക്ഷ്ണതമമായിരുന്നപ്പോള്‍ പോരാ പോരാ എന്ന വരി അവരുടെ “ആറിത്തണുത്ത ഞരമ്പുകളെ ചൂടുപിടിപ്പിച്ചു”. ദൂരദൂരം പതാകയുയര്‍ത്തുന്നതുകൊണ്ടാണ് ഇന്നത്തെ പട്ടിണിയെന്നു ഗ്രഹിക്കുമ്പോള്‍ ആ വരിയോടു സ്വാഭാവികമായി അമര്‍ഷമുണ്ടാകുന്നു. പീലിപ്പുരികുഴല്‍ എന്നാരംഭിക്കുന്ന വരികളില്‍ സൗന്ദര്യം ഘനീഭവിച്ചു കിടക്കുന്നതുകൊണ്ട് അതില്‍ പ്രച്ഛന്നമായിരിക്കുന്ന രാഷ്ട്രവ്യവഹാരം — ബ്രിട്ടീഷുഭരണകാലത്തെ രാഷ്ട്രവ്യവഹാരം — സഹൃദയന് ഉദ്വേഗജനകമാകുന്നില്ല. ഏതാണ്ട് അറുപതു വര്‍ഷം മുമ്പ്, സുന്ദരിയായ തരുണിയുടെ സ്പര്‍ശം പോലെ, റോസാദലത്തിന്റെ സ്പര്‍ശം പോലെ ആഹ്ലാദദായകമായിരുന്ന പോരാ പോരാ എന്ന കവിവാക്യം ഇന്ന് കാലില്‍ത്തറയ്ക്കുന്ന കുപ്പിച്ചില്ലു പോലെ, കൈയില്‍ ആഞ്ഞുകയറുന്ന കള്ളിമുള്ളു പോലെ പീഡാജനകമാകുന്നു. അനുവാചകന്റെ രാഷ്ട്രവ്യവഹാരപരമായ അഭിലാഷത്തെ ഉദ്ദീപിപ്പിക്കുന്ന ചിന്തയും വികാരവും ആ അഭിലാഷം കെട്ടടങ്ങുമ്പോള്‍ ഉമിക്കരി ചവച്ച പ്രതീതി ജനിപ്പിക്കുന്നു. സാന്മാര്‍ഗ്ഗികവും രാഷ്ട്രീയവും ആധ്യാത്മികവുമായ മാനദണ്ഡങ്ങള്‍കൊണ്ട് കലാസൃഷ്ടികളുടെ മൂല്യം നിര്‍ണ്ണയിക്കുന്നത് വിപത്തിനു കാരണമായിബ്ഭവിക്കുമെന്നാണ് ഇതു തെളിയിക്കുന്നത്. അതിനാല്‍ “നമ്മുടെ ആദ്ധ്യാത്മികതയെപ്പറ്റിയും സഹിഷ്ണുതയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ആരെങ്കിലും എവുതുന്നുണ്ടോ?” എന്ന ചോദ്യത്തില്‍ ആവേശമേറെയുണ്ടെങ്കിലും കലോല്‍പാദനത്തിന്റെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചോദ്യകര്‍ത്താവു വേണ്ടപോലെ ആലോചിച്ചതായി തെളിവുകളില്ല.
സാഹിത്യം എത്രപേരുടെ വിശപ്പുമാറ്റി? എന്ന സാര്‍ത്രിന്റെ ചോദ്യം ജപ്പാനിലെ ബുദ്ധമതചിന്തകന്‍ ഐക്കേഡ പരിഹാസപൂര്‍വ്വം റ്റോയിന്‍ബിയുടെ മുമ്പില്‍ വച്ചപ്പോള്‍ ഐക്കേഡയുടെ വിശ്വാസത്തിന് അനുരൂപമായി അദ്ദേഹം പറഞ്ഞു: പട്ടിണി കിടക്കുന്നവര്‍ക്കു വേണ്ടി സാഹിത്യത്തിന് എന്തുചെയ്യാന്‍ കഴിയും? ശാസ്ത്രീയഗവേഷണത്തിന് പട്ടിണി കിടക്കുന്നവര്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നു ചോദിച്ചാല്‍ സാഹിത്യത്തെ സംബന്ധിച്ച ആ ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിയും. പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരം കൊടുക്കുക എന്നത് ദൃഢതയാര്‍ന്ന ലക്ഷ്യമായി വരികയാണെങ്കില്‍, അഭിലഷണീയവും പ്രായോഗികവുമായ ഈ ലക്ഷ്യത്തില്‍ അതിന്റെ (ശാസ്ത്രീയ ഗവേഷണത്തിന്റെ) പ്രവര്‍ത്തനത്തെ ഒതുക്കിയാല്‍ അതിന് ഒന്നും പ്രവര്‍ത്തിക്കാനാവുകയില്ല... ശാസ്ത്രീയ ഗവേഷണം കണ്ടുപിടിത്തങ്ങളില്‍ ചെല്ലുന്നത് ഗവേഷണം അതിനു വേണ്ടി മാത്രം നടത്തുമ്പോഴാണ്. പ്രായോഗികലക്ഷ്യമില്ലാതെ ധിഷണാപരമായ ജിജ്ഞാസയെ ശമിപ്പിക്കുമ്പോള്‍ ശാസ്ത്രീയ ഗവേഷണം ജയിക്കുന്നു... ഈ സത്യം സാഹിത്യത്തിനും ചേരും. ഇത്രയും പറഞ്ഞിട്ട് റ്റോയിന്‍ബി റഷ്യന്‍ സാഹിത്യകാരനായ റ്റോള്‍സ്റ്റോയിയിലേക്കു തിരിയുന്നു. അദ്ദേഹത്തിന് മാനസാന്തരം വരുന്നതിനു മുമ്പ് ആവിര്‍ഭവിച്ച നോവലുകള്‍ (യുദ്ധവും സമാധാനവും, അന്നാ കരേനിന) സര്‍ഗ്ഗശക്തിയുടെ നിസ്തുലാവസ്ഥ പ്രദര്‍ശിപ്പിക്കുന്നു. മാനസാന്തരത്തിനു ശേഷം രചിച്ച കൃതികളാവട്ടെ പരാജയപ്പെടുകയും ചെയ്തു. അതിനാല്‍ മാര്‍ക്സിസ്റ്റ് സാഹിത്യം, ക്രൈസ്തവസാഹിത്യം ഇവയൊക്കെ അസാദ്ധ്യങ്ങളാണെന്നു ഐക്കേഡയ്ക്കും അഭിപ്രായമുണ്ട്. ഐക്കേഡ ചൂണ്ടിക്കാണിച്ച രണ്ടു സാഹിത്യങ്ങളോട് ഒരെണ്ണം കൂടി യോജിപ്പിക്കാന്‍ ഇതെഴുതുന്നയാളിനു കൌതുകമുണ്ട്. അത് അദ്ധ്യാത്മിക സാഹിത്യമത്രേ. എല്ലാം മായ; പരബ്രഹ്മമേ സത്യമായുള്ളു എന്ന ചിന്താഗതിയെ അവലംബിച്ചുകൊണ്ടു കാവ്യമോ മഹാകാവ്യമോ രചിച്ചാലും അതിനു പരിമിതസ്വഭാവം വരും. ഏകപക്ഷീയസ്വഭാവം വരും. ഉത്കൃഷ്ടമായ സാഹിത്യകൃതി അനുവാചകന് അനുധ്യാനത്തിന്റെ പ്രശാന്തതയരുളുന്നു. ഭാരതീയാലങ്കാരികന്‍ പറയുന്ന വിശ്രാന്തി നല്കുന്നു. പ്രായോഗിക ലക്ഷ്യത്തെ സാക്ഷാത്കരിച്ച കലാസൃഷ്ടിക്കു രൂപം നല്‌കുമ്പോള്‍ അത് പ്രശാന്തതയ്ക്കു പകരം വിശ്രാന്തിക്കു പകരം സവിശേഷമായ മാനസികാവസ്ഥ അനുവാചകന് ഉളവാക്കുന്നു. ആ അവസ്ഥയ്ക്കു കലയോടു ബന്ധമില്ല താനും.
നളിനങ്ങളരുത്തുനീന്തിയും
കുളിരേലുംകയമാര്‍ന്നുമുങ്ങിയും
പുളിനങ്ങളിലെന്നോടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോല്‍
എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിശ്രാന്തിയെവിടെ? ``മാററുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാററുമതുകളീ നിങ്ങളെത്താന്‍" എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സവിശേഷമായ മാനസികനില എവിടെ? അരോ പറഞ്ഞതു പോലെ നളിനങ്ങളറുത്തുനീന്തിയും എന്നു തുടങ്ങുന്ന ശ്ലോകം നമ്മള്‍ സ്വീകരിക്കുന്നു. മാററുവിന്‍ ചട്ടങ്ങളെ എന്നു തുടങ്ങുന്ന വരികളെ പ്രയോജനപ്പെടുത്തുന്നു. പ്രയോജനപ്പെടുത്തുമ്പോള്‍ വിശ്രാന്തിയില്ല. അതില്ലാത്തതുകൊണ്ടു കലയുടെ പ്രവര്‍ത്തനം നടക്കുന്നുമില്ല. പ്രയോജനപ്പെടുത്തല്‍ ജിവിതത്തെ സമ്പന്നമാക്കുന്നില്ല. സ്വീകരിക്കല്‍ അതനുഷ്ടിക്കുന്നു എന്നു ആ ചിന്തകന് അഭിപ്രായമുണ്ട്.
ലോകസാഹിത്യത്തിലെ അത്യുല്‍കൃഷ്ടങ്ങളായ മൂന്നോ നാലോ മാസ്റ്റര്‍പീസുകള്‍ എടുത്താല്‍ അവയില്‍ ഒന്നായിരിക്കും റ്റോള്‍സ്റ്റോയിയുടെ ``The Death of Ivan Ilich" എന്ന ചെറിയ നോവല്‍. അഹന്തയേറിയ ഒരുത്തനെ മരണം സമാക്രമിക്കുന്നതാണ് ഈ നോവലില്‍ നമ്മള്‍ കാണുന്നത്. ആദ്യം മരണത്തെ ആയാള്‍ അംഗീകരിക്കുന്നില്ല. ഒടുവില്‍ അംഗീകരിക്കുന്നുവെന്നു മാത്രമല്ല അതിന്റെ അന്തരാര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. കൊച്ചു നോവലിന്റെ അവസാനമിങ്ങനെ:
```തീര്‍ന്നു'. അദ്ദേഹത്തിന്റെ അടുത്തുനിന്ന ആരോ പറഞ്ഞു.
അദ്ദേഹം ആ വാക്കുകള്‍ കേട്ടു. തന്റെ ആത്മാവില്‍ അവ ആവര്‍ത്തിച്ചു.
തന്നോടായി അദ്ദേഹം പറഞ്ഞു: `മരണം അവസാനിച്ചു. അത് ഇനിയില്ല'.
ഒരു ശ്വാസം അദ്ദേഹം അകത്തേയ്ക്കു വലിച്ചു. ഒരു തേങ്ങലിനിടയില്‍ നിന്നു. നീണ്ടു നിവര്‍ന്നു. മരിക്കുകയും ചെയ്തു." കൃതി വായിച്ചു തീരുമ്പോള്‍ പഞ്ഞിക്കെട്ടില്‍ തീ പിടിച്ചാലെങ്ങനെ? അമ്മട്ടില്‍ മനസ്ലിലൊരനുഭൂതി. അത് നമ്മുടെ ജീവിതാവബോധത്തെ തീഷ്ണതമമാക്കുന്നു. അപ്പോഴുണ്ടാകുന്ന ചിത്തവികാസമാണ് സാഹിത്യത്തിന്റെ ധര്‍മ്മം. റ്റോള്‍സ്റ്റോയിയുടെ കഥ വായിച്ചിട്ട് തൊഴിലാളികളുടെ വിശപ്പു മാററാന്‍ അതു പ്രയോജനപ്പെടുന്നോ എന്നു ചോദിക്കുന്നതു ഒരു തരം ഭ്രാന്താണ്. പക്ഷേ നമ്മള്‍ ആ ഭ്രാന്തില്‍ പെട്ടിരിക്കുകയാണിപ്പോള്‍. അതൊരു മാസ് ഇന്‍സാനിററി --- ജനക്കൂട്ടത്തിനാകെയുള്ള ഭ്രാന്ത് --- ആയി മാറിയിട്ടുമുണ്ട്.
സാഹിത്യത്തിന്റെ ധര്മ്മമിതായതുകൊണ്ട് അതിലെ ആശയങ്ങളൊടു നമ്മള്‍ യോജിക്കണമെന്നില്ല ആസ്വാദനവേളയില്‍. എനിക്ക് ഉള്ളൂര്‍ പരമേശ്വരയ്യരുടെ കവിത ഇഷ്ടമില്ല. എന്നാല്‍ ഉള്ളൂര്ക്കവിതയെക്കുറിച്ച് പ്രശംസാപരമായി വിദ്യാര്‍ത്ഥിയെഴുതിയ ഉത്തരത്തിന് രൂപശില്പത്തികവ് കണ്ട് ഞാന്‍ പത്തില്‍ പത്തു മാര്‍ക്കും കൊടുത്തിട്ടുണ്ട്. വള്ളത്തോള്‍ എനിക്കഭിമതനായ കവിയാണ്. വിശേഷിച്ചും അദ്ദേഹത്തിന്റെ മഗ്ദലനമറിയം എന്ന കാവ്യം. മഗ്ദലനമറിയം ബി.എ. ക്ലാസ്സില്‍ പഠിപ്പിച്ചിട്ടുണ്ട് ഞാന്‍. അതിനെക്കുറിച്ച് വളരെ മോശമായ ഉത്തരം എഴുതിയ ഒരു `വിദ്യാര്‍ത്ഥിയെ' ഞാന്‍ കുററപ്പെടുത്തികയും ആ ഉത്തരത്തിനും കുറുകെ ഒരു വര വരച്ച് അതു തിരിച്ചു കൊടുക്കുകയും ചെയ്തു. ഈ ആശയം പരകീയമാണ്. അതിനാലാണ് മാര്‍ക്സിസ്റ്റല്ലാത്ത ഞാന്‍ മായകോവ്സ്കിയുടെയും പാവ്‌ലോ നെറുദയുടെയും യാനിസ് റീറ്റ്സോസിന്റെയും (ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി) കാവ്യങ്ങള്‍ വായിച്ചു രസിക്കുന്നത്. മഹാത്മാ ഗാന്ധിയെ അതിശയിച്ച വേറൊരു വ്യക്തി ഇല്ലെന്നു വിശ്വസിക്കുന്ന എനിക്ക് ഗാന്ധിജിയെക്കുറിച്ചെഴുതിയ ജുഗുപ്സാവഹങ്ങായ കാവ്യങ്ങളെ അമ്മട്ടില്‍ കാണാനെ കഴിയൂ. അനുവാചകനെ ഒരതീത മണ്ഡലത്തിലെത്തിച്ചു വിശ്രാന്തി നല്‍കുന്നതാണ് സാഹിത്യം. പ്രചാരണത്തിന് അതിനെ ഉപയോഗിക്കുമ്പോള്‍ അതിനും നമുക്കും നഷ്ടം സംഭവിക്കുന്നു. പണ്ട് പോളണ്ടില്‍ കല്‍ക്കരിക്കു ക്ഷാമമുണ്ടായപ്പോള്‍ കല്‍ക്കരിയുടെ ഉല്‍പ്പാദനത്തെ സഹായിക്കുന്ന മട്ടില്‍ കവിതകള്‍ എഴുതാന്‍ സര്‍ക്കാര്‍ കവികളോട് അജ്ഞാപിച്ചു. ഫലമോ? കല്‍ക്കരിയെക്കാള്‍ കറുത്ത കവിതകളുണ്ടായി. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇവിടത്തെ കവികള്‍ ആ ആക്രമണത്തെ നിന്ദിച്ചു കാവ്യങ്ങള്‍ രചിച്ചു. ചൈനയുടെ നൃശംസതയെക്കാള്‍ വലിയ നൃശംസതയായിരുന്നു അവരുടെ പ്രക്രിയ.