close
Sayahna Sayahna
Search

നീന്തി നീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങൾ


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജീവിതങ്ങൾ പലതരമുണ്ട്. നിറങ്ങളുള്ളവയും ഇല്ലാത്തവയും, കരിഞ്ഞതും, കരിയാത്തതും, വീണ്ടെടുക്കുന്നതും അല്ലാത്തതും. അങ്ങനെ അങ്ങനെ… എന്റെ വീടിന്റെ കുറച്ചു ദൂരം യാത്രചെയ്യേണ്ട സ്ഥലം ചുങ്കം. അവിടെ പട്ടണമായിരുന്നു. എന്റെ മനസ്സിലുള്ള പട്ടണം. ചൂറ്റും മിന്നുന്ന കടകളും… പിന്നെ, മിന്നാത്ത ഇരുട്ടിലണയുന്ന മനുഷ്യരും. അവിടേയും എന്റെ കഥാപാത്രങ്ങളുണ്ടായിരുന്നു.

കുടുംബം പുലർത്താൻ വഴിനീളെ കടലവിറ്റ് ഉന്തുവണ്ടിയുമായി ജീവിതം ഉന്തികഴിക്കാൻ പോലും കഷ്ടപ്പെടുന്ന ഒരാൾ. പേര് “ഉസ്മാൻ”. ജീവിതത്തിന്റെ നിശ്ശബ്ദതയിൽ നിശ്ശബ്ദമായ ഒരാൾ. ശബ്ദമുണ്ടെങ്കിലും നിശ്ശബ്ദതയുടെ ഇരുട്ട് അവിടെ പ്രകാശിച്ചിരുന്നു. വീടില്ല, എന്നാലും ഒരു വാടകവീട്ടിൽ. കുടുംബം വലുതാണ്. ഏഴു പെൺമക്കൾ. രണ്ട് ആണുങ്ങളും. ഭാര്യയുടെ പേര് സുർജഹാൻ. ആമിണികുട്ടി, ഖദീജ, ഉമ്മുസന്മാൻ, റുമല, ബദർനീസ, എന്നിവർ പെൺമക്കൾ. അഹമ്മദ്കോയ, മൗഹമ്മദ് കോയ എന്നിവർ ആൺമക്കൾ.

എന്നാലും ഏഴ് പെൺമക്കളേയും ഉസ്മ്മാൻ അച്ചാച്ഛൻ കെട്ടിച്ചയച്ചു. ആൺമക്കളാണെങ്കിൽ പെണ്ണ് കെട്ടി, കുട്ട്യോളും ആയി. കച്ചവടം അന്നും ഇന്നും ഇതുതന്നെയായിരുന്നു. എന്നാലും ഓരോ ഇടത്തായിരിക്കും ഉന്തുവണ്ടിയും, അച്ചാച്ഛനും കച്ചവടം നടത്തിയിരുന്നത്. കച്ചവടം വൈകുന്നേരം കഴിയും. അപ്പോൾ 500 മുതൽ 600 വരെ കാശ് കിട്ടും. എന്നാലും കുടുംബച്ചെലവ് ആ ആദായവും കവിഞ്ഞൊഴുകും.

അച്ചാച്ഛൻ പഠിച്ചിട്ടില്ല. പഠിക്കാൻ പറ്റിയിട്ടില്ല. അപ്പൊ പാടത്ത് പോയി പണിയെടുക്കും. ഭാര്യ ഒമ്പതാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. എന്നാലും അച്ചാച്ഛൻ തന്റെ മക്കളെ പഠിപ്പിച്ചു. തന്നലാവുന്നതുവരെ… ഒരാൾ പത്താം ക്ലാസു വരെ, ബാക്കിയെല്ലാവരും ഒമ്പതാം ക്ലാസ് വരെ.

Perilla-05.jpg

അച്ചാച്ഛന്റെ അച്ഛൻ മീരാസാഹിബ്, അമ്മ ബീപാത്തുമ്മ.

കടല വാങ്ങാൻ ദിവസവും ആളുകളുണ്ട്. ഞാനും ഇരുപത് രൂപക്ക് കടല വാങ്ങി. നല്ല രുചി.

ഇന്നലേയും വാങ്ങിയിരുന്നു. ആ കടലയൊക്കെ കരിഞ്ഞിരുന്നു. എന്നാലും അതിനുമുണ്ടായിരുന്നു രുചി. അതിനു കാരണം മണല് കിട്ടാത്തതാണത്രേ… ഇപ്പോ എല്ലാ മണലും ഊറ്റികൊണ്ടുപോകുകയല്ലേ… എന്തു ചെയ്യാനാ…

അച്ചാച്ഛനെ വിട്ട് ഞാൻ ദൂരേക്ക് പോയി. വീട്ടിലേക്കായിരുന്നു…

അപ്പോൾ കാറ്റ് നന്നായി ഊതി. ആ കാറ്റ് ഞങ്ങടെ എതിരെ ഒഴുകി. ആ കാറ്റ് ജീവിതങ്ങളെ അക്കരെയെത്തിക്കുകയായിരുന്നു. ആരും കാണാതെ വേഗത്തിൽ ഇരുട്ടിലേക്ക് പോകുന്ന ജീവിതങ്ങൾ.

ആ ഇരുട്ടുയാത്ര കുണ്ടും കുഴിയും നിറഞ്ഞ് ഒഴുകുന്നതായിരുന്നു. ആ കടലിലൂടെ തോണി തുഴഞ്ഞ് കുറേ നിസ്സഹായരായ മനുഷ്യർ. നീന്തിനീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങൾ.

എന്നാലും അവിടങ്ങളിലൂടെ സ്വപ്നമെന്ന കരിഞ്ഞ “ഇലകൾ” പെയ്തുകൊണ്ടേയിരുന്നു… ഇരുട്ടിൽ മറഞ്ഞ ആ സ്വപ്നങ്ങൾ എന്നാലും ആരും കണ്ടിരുന്നതേയില്ല…

കണ്ട കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു. കാണാത്ത കണ്ണുകൾ കാണരുതെന്നും.